Wednesday, September 30, 2026

ad

HomeUncategorisedഭരണപക്ഷ ആരോപണങ്ങൾ; വസ്‌തുതകൾ

ഭരണപക്ഷ ആരോപണങ്ങൾ; വസ്‌തുതകൾ

അവർ പറയുന്നു
സംസ്ഥാന വൈദ്യുതി 
ബോർഡ് കഴിഞ്ഞ 
പത്തുവർഷംകൊണ്ട് 
കടക്കെണിയിലായെന്നാണ് 
യുഡിഎഫ് വാദം. 
യുഡിഎഫ് പുറത്തിറക്കിയ 
ധവളപത്രവും 
ഇതേ വാദം തന്നെയാണ് 
മുന്നോട്ടുവെക്കുന്നത്. 
ഇത് എത്രത്തോളം 
ശരിയാണ്?

വസ്തുത 
അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പ്രകാരം സംസ്ഥാന വൈദ്യുതി ബോർഡ് സഞ്ചിത നഷ്ടമുള്ള ഒരു സ്ഥാപനമാണെന്നത് വസ്തുതയാണ്. എന്നാൽ ഓരോ വർഷവും നഷ്ടം കുറഞ്ഞുവരികയാണ്. ധവളപത്രത്തിൽ 2014–-15 കാലം മുതലുള്ള കണക്കാണ് നൽകിയിട്ടുള്ളത്. ഇതിൽ യുഡിഎഫ് ഭരണത്തിലുണ്ടായിരുന്ന രണ്ടുവർഷം, 2014-–15, 15-–16 വർഷങ്ങൾ, ഉണ്ടാക്കിയ ആകെ നഷ്ടം 1596.19 കോടി രൂപയാണ്. 2024-–25 വരെയുള്ള ഒമ്പതുവർഷത്തെ കണക്കേ ധവളപത്രത്തിലുള്ളൂ. 2025–-26ൽ കെഎസ്ഇബി ലാഭം ഉണ്ടാക്കിയ വർഷമായതിനാലായിരിക്കണം അത് ചേർക്കാതിരുന്നത്. അതൊഴിവാക്കിയാലും എൽഡിഎഫ് ഭരണത്തിലിരുന്ന ഒമ്പതുവർഷത്തെ ആകെ നഷ്ടം 4057.66 കോടി രൂപ മാത്രമാണ്. അതായത് യുഡിഎഫ് കാലത്തെ ശരാശരി വാർഷിക നഷ്ടം 793 കോടി രൂപയായിരുന്നത് എൽഡിഎഫ് കാലത്ത് 406 കോടിരൂപയായി കുറഞ്ഞു.

കെഎസ്ഇബിയുടെ റവന്യൂ വരുമാനം 2014–15-ൽ 10,413 കോടിയായിരുന്നത് 2024–25-ൽ 22,683 കോടി രൂപയായി.നഷ്ടം റവന്യൂ വരുമാനത്തിന്റെ അനുപാതത്തിലാണ് പരിശോധിക്കേണ്ടത്. ഇതനുസരിച്ച് യുഡിഎഫ് കാലത്ത് റവന്യൂവരുമാനത്തിന്റെ 7.32% നഷ്ടമാണ് കെഎസ്ഇബിക്ക് ഉണ്ടായതെങ്കിൽ നേരത്തെ പരിശോധിച്ച എൽഡിഎഫിന്റെ ഒമ്പതുവർഷത്തിൽ അത് 2.46% മാത്രമാണ്.

യഥാർത്ഥത്തിൽ ഒരു സ്ഥാപനത്തിന്റെ ലാഭനഷ്ടങ്ങൾ കണക്കാക്കുമ്പോൾ കണക്കുപുസ്തകത്തിലെ സംഖ്യകൾ അങ്ങനെതന്നെ എടുക്കുന്നതിൽ ഒരു പ്രശ്നമുണ്ട്. തേയ്മാനച്ചെലവ് അടക്കമുള്ള പണച്ചെലവില്ലാത്ത ചില തുകകൾ കൂടി ഉൾപ്പെടുത്തിയാണ് കണക്ക് തയ്യാറാക്കുക. ഇത്തരം പണച്ചെലവില്ലാത്ത ഇനങ്ങൾ ഒഴിവാക്കിയാൽ 2017 മുതൽ കെഎസ്ഇബി പ്രവർത്തനലാഭത്തിലാണ്.

കെഎസ്ഇബിയുടെ കടബാദ്ധ്യതയാണ് തെറ്റിദ്ധരിപ്പിക്കുന്ന മറ്റൊരു കണക്ക്. യുഡിഎഫ് വക്താക്കൾ പലവേദികളിലും പറയുന്നത് 2016 മാർച്ചിൽ കെഎസ്ഇബിയുടെ ആകെ കടം ആയിരം കോടിയോളം മാത്രമായിരുന്നുവെന്നും 2026 ആയപ്പോഴേക്കും അത് 40,000 കോടി കടന്നു എന്നുമാണ്. വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത കണക്കാണത്. 2015–-16 വർഷത്തെ വാർഷിക ഭരണ റിപ്പോർട്ടിന്റെ പേജ് 15ൽ 2016 മാർച്ച് 31ൽ കെഎസ്ഇബിയുടെ കടം എത്രയെന്ന് കൃത്യമായി നൽകിയിട്ടുണ്ട്. അത് 6056.48 കോടി രൂപയാണ് (1000 കോടിയല്ല.) 2026 മാർച്ച് 31ന്റെ കണക്കുകൾ പ്രകാരം കെഎസ്ഇബിയുടെ കടം 11,771.69 കോടി രൂപയാണ്. (രണ്ടു രേഖകളും കെഎസ്ഇബിയുടെ വെബ്സൈറ്റിൽ ഈ കുറിപ്പ് തയ്യാറാക്കുമ്പോൾ ലഭ്യമാണ്.) അതായത് പത്തു വർഷം കൊണ്ട് കെഎസ്ഇബിയുടെ കടത്തിലുണ്ടായ വർദ്ധനവ് ആകെ 5715.21 കോടി രൂപ മാത്രമാണ്. കെഎസ്ഇബിയുടെ റവന്യൂവിന്റെ ശതമാനത്തിൽ കണക്കാക്കിയാൽ 2016 മാർച്ചിൽ കെഎസ്ഇബിക്ക് റവന്യൂ വരുമാനത്തിന്റെ 55% കടം ഉണ്ടായിരുന്നത് 51% ആയി കുറയുകയാണ് ചെയ്തത്.

കെഎസ്ഇബി കഴിഞ്ഞ പത്തുകൊല്ലം കൊണ്ട് നടത്തിയ മൂലധന നിക്ഷേപം ഏകദേശം 17,000 കോടി രൂപയോളം വരും. എന്നാൽ ആകെ കടത്തിൽ ഉണ്ടായ വർദ്ധനവ് കേവലം 5715 കോടി രൂപ മാത്രം. അതായത് 11,200 കോടിയിലധികം കോടി രൂപയുടെ മൂലധന നിക്ഷേപം സ്വന്തം വരുമാനത്തിൽ നിന്ന് കണ്ടെത്താൻ കെഎസ്ഇബിക്ക് കഴിഞ്ഞിട്ടുണ്ട്.

ഇനി പറയൂ, യുഡിഎഫ് പ്രചരിപ്പുന്നതുപോലെ എൽഡിഎഫ് കാലത്ത് കെഎസ്ഇബി സാമ്പത്തികമായി തകർന്നോ അതോ വളർന്നോ? എന്ന് ആർക്കും പരിശോധിക്കാവുന്ന രേഖകൾ ലഭ്യമായിരിക്കെ മുഖ്യമന്ത്രിയടക്കമുള്ളവർ ഇങ്ങനെ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് എന്തിന്? എന്തു കള്ളം പ്രചരിപ്പിച്ചാലും ഈ സ്ഥാപനത്തെ ഏതെങ്കിലും സ്വകാര്യ കമ്പനിക്ക് വിറ്റ് ലാഭം പങ്കുവെക്കാമെന്ന് ഇവർ കരുതുന്നെങ്കിൽ അത് നടക്കാൻ പോകുന്നില്ല. l

അവർ പറയുന്നു
2024-25 സാമ്പത്തിക 
വർഷത്തെ വൈദ്യുതി ബോർഡിന്റെ 
സഞ്ചിത നഷ്ടം 38,648.17 കോടിരൂപയും 
ഋണഅറ്റമൂല്യം 35,149.12 കോടി രൂപയുമാണെന്ന് സംസ്ഥാന സർക്കാർ 
പുറത്തിറക്കിയ ധവളപത്രം പറയുന്നു. ഇതിന്റെ വസ്തുത എന്താണ്? 
കെഎസ്ഇബി 
കരകയറാൻ പറ്റാത്ത 
ബാദ്ധ്യതയുള്ള 
സ്ഥാപനമാണോ?

വസ്തുത
കെ
എസ്ഇബിയുടെ അറ്റമൂല്യം (Networth) അഥവാ ആസ്തികളിൽ നിന്നും ബാധ്യതകൾ ഒഴിവാക്കിയാൽ ഉണ്ടാകുന്ന മിച്ചം നെഗറ്റീവാണെന്നാണ്, അഥവാ ബാധ്യതകൾ ആസ്തിയേക്കാൾ വളരെ ഉയർന്നതാണെന്നാണ്, ധവളപത്രം പറയുന്നത്.. വലിയ ഋണ അറ്റമൂല്യവും സഞ്ചിത നഷ്ടവുമുള്ള സ്ഥാപനം എന്ന നിലയിൽ കെഎസ്ഇബി സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെത്തന്നെ പ്രതിസന്ധിയിലാക്കുന്നുവെന്നും ധവളപത്രം ആരോപിക്കുന്നു.

ധവളപത്രത്തിലെ പട്ടിക 5.12ലാണ് ഈ കണക്കുകൾ കൊടുത്തിട്ടുള്ളത്. ഈ കണക്കുകൾ പ്രകാരം 2024–-25 സാമ്പത്തിക വർഷത്തിൽ 35,149.12 കോടി രൂപയുടെ ഋണഅറ്റമൂല്യമാണ് കെഎസ്ഇബിക്കുള്ളത്. ആ വർഷത്തെ സഞ്ചിത നഷ്ടം 38,648.17 കോടി രൂപയാണെന്നത് ശരിയാണ്. 2019–-20ൽ കെഎസ്ഇബിയുടെ ഋണ അറ്റമൂല്യം 10,605.59 കോടി രൂപയായിരുന്നുവെന്നും ഇതേ പട്ടിക ചൂണ്ടിക്കാണിക്കുന്നു. പിന്നീടുള്ള വർഷങ്ങളിൽ 15,470.95, 30,223.28, 31,907.49, 34,044.32, 35,149.12 എന്നിങ്ങനെ ഋണ അറ്റമൂല്യം വളർന്നു. അതായത് 2020–-21ൽ 5000 കോടി രൂപ, 21-–22ൽ 15,000 കോടി രൂപ എന്നിങ്ങനെ വലിയ വർദ്ധനവാണ് കെഎസ്ഇബിയുടെ ബാധ്യതയിൽ ഉണ്ടായത്. ആറുവർഷം കൊണ്ട് കെഎസ്ഇബിയുടെ ആസ്തിക്കുപരിയായ ബാധ്യത 25,000 കോടി രൂപയിലേറേ വർദ്ധിച്ചു. ഇതാണ് ധവള പത്രം നൽകുന്ന കണക്ക്. ഇത് ആരെയും ഞെട്ടിക്കുന്നതാണ്. എന്നാൽ ഇതേ റിപ്പോർട്ടിലെ പട്ടിക 5.11ലെ അവസാന വരിയായി ഇതേ കാലയളവിൽ ഉണ്ടായിട്ടുള്ള ലാഭം/നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത് യഥാക്രമം -290, -269.55, -475.08, 97.66, -991.78, 212.45, 95.23 എന്നിങ്ങനെയാണ്. ഓരോ വർഷവും ഉണ്ടായിട്ടുള്ളതായി ധവളപത്രം ചൂണ്ടിക്കാട്ടുന്ന അധിക ബാധ്യതയും സ്ഥാപനത്തിന്റെ ലാഭ നഷ്ടങ്ങളുമായി യാതൊരു ബന്ധവുമില്ല എന്ന് ഇതിൽ നിന്ന് വ്യക്തമാണ്. അപ്പോൾ എവിടെ നിന്നാണ് ഈ ബാദ്ധ്യതയും സഞ്ചിത നഷ്ടവുമൊക്കെ വരുന്നത് ? അത് വൈദ്യുതി ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നുവരുത്താൻ ധവളപത്രം സ്വീകരിച്ച ഒരു സൂത്രത്തിന്റെ ഭാഗമാണ്.

ഇതു മനസ്സിലാകണമെങ്കിൽ ചില വസ്തുതകൾ വിശദമായി മനസ്സിലാക്കേണ്ടതുണ്ട്. ഇലക്ട്രിസിറ്റി ആക്ട് 2003 പ്രകാരം കെഎസ്ഇബി ഒരു കമ്പനിയായി മാറുന്നത് 2013ലാണ്. അതിന്റെ ഭാഗമായി ജീവനക്കാരുടെ പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും പ്രത്യേകം രൂപീകരിച്ച മാസ്റ്റർ ട്രസ്റ്റിൽ നിന്നാണ് കൊടുക്കേണ്ടത്. വരുന്ന 40 വർഷത്തേക്ക് ഇങ്ങനെ കൊടുക്കേണ്ടിവരുന്ന തുക എത്രയായിരിക്കുമെന്ന് അക്ച്യൂറിയൽ വാലുവേഷന്റെ അടിസ്ഥാനത്തിൽ കണക്കാക്കി ആ തുക മാസ്റ്റർ ട്രസ്റ്റിൽ നിന്നും കെഎസ്ഇബി കടം വാങ്ങിയതാണെന്ന് കണക്കെഴുതിവെച്ച് ഓരോ വർഷവും ഇതിലേക്ക് കെഎസ്ഇബി നൽകുന്ന തുക കൊണ്ടാണ് പെൻഷൻ കൊടുക്കുന്നത്. യഥാർത്ഥത്തിൽ ഓരോ വർഷവും കൊടുക്കേണ്ട പെൻഷൻ അതതുവർഷത്തെ റവന്യൂ വരവിൽ നിന്നും കെഎസ്ഇബി തന്നെ കൊടുക്കും. ഈ തുക ഓരോ വർഷത്തേയും മാസ്റ്റർ ട്രസ്റ്റിലേക്കുള്ള കടം തിരിച്ചടവ് എന്ന് എഴുതിയും വെക്കും. അത്ര തന്നെ. അതായത് കമ്പനി ആക്കുന്നതിനുമുമ്പ് പെൻഷൻ എന്ന പേരിൽ നടത്തിക്കൊണ്ടിരുന്ന ചെലവ് കമ്പനി ആയതിനുശേഷം മാസ്റ്റർ ട്രസ്റ്റിലേക്കുള്ള തിരിച്ചടവ് ആയി മാറിയെന്ന് സാരം.

2024 മാർച്ച് 31ലെ കണക്കനുസരിച്ച് ഇങ്ങനെ വരുന്ന 40 വർഷത്തേക്ക് പെൻഷൻ കൊടുക്കാൻ വേണ്ടിവരുന്ന ബാധ്യതയായി തിട്ടപ്പെടുത്തിയിട്ടുള്ളത് ആകെ 34,195 കോടി രൂപയാണ്. ഇതാണ് ഋണ അറ്റമൂല്യമായും സഞ്ചിത നഷ്ടമായുമൊക്കെ ധവളപത്രത്തിൽ സ്ഥാനംപിടിച്ചിട്ടുള്ളത്.

ധവളപത്രം മുന്നോട്ടുവെക്കുന്ന കണക്കുകൾക്കൊക്കെ ഒരേ ഒരു ലക്ഷ്യമാണുള്ളത്. കെ.എസ്.ഇ.ബി. അടക്കമുള്ള പൊതുമേഖലാസ്ഥാപനങ്ങൾ വലിയ ബാധ്യതയാണെന്ന് സ്ഥാപിക്കുക, അതുപറഞ്ഞ് സ്വകാര്യവൽക്കരണത്തിന് കളമൊരുക്കുക. പക്ഷേ ഇത് കേരളമാണ്, ആ പരിപ്പ് ഇവിടെ വേവുമെന്ന് തോന്നുന്നില്ല. l

ചില പ്രതികരണങ്ങൾ
എന്റെ പേര് ചിൻമയ. ഞാൻ 9–ാം ക്ലാസിൽ പഠിക്കുന്നു. ഇപ്പോ നമ്മുടെ നാട്ടില് കൂടെക്കൂടെ കറണ്ടുപോകും. ഇത് ഒരുപാട് പ്രശ്നമുണ്ടാക്കുന്നുണ്ട്. രാത്രി പഠിക്കാനിരിക്കുമ്പോഴാവും കറണ്ടുപോവുക. അപ്പൊപ്പിന്നെ വെട്ടം കിട്ടാനായി മണ്ണെണ്ണ വിളക്കോ മെഴുകുതിരിയോ എടുത്തുകൊണ്ടു വരും. അതു കത്തിച്ചുവയ്ക്കുമ്പോ അതിൽനിന്നും വരുന്ന പുക എനിക്ക് ഒത്തിരി പ്രശ്നമുണ്ടാക്കുന്നുണ്ട്. എനിക്കാണെങ്കിൽ അലർജിയുണ്ട്.എല്ലാം കഴിഞ്ഞ് ഉറങ്ങാൻ കിടക്കുമ്പോഴായിരിക്കും പിന്നെയും കറണ്ടുപോകുന്നത്. ഇപ്പോ നല്ല ചൂടായതുകൊണ്ട് ഉറങ്ങിവരുമ്പോഴേക്കും ഒരു നേരമാവും; പിന്നെ രാവിലെ ഉണരാൻ താമസിക്കും. സ്കൂളിൽ പോയാൽ ഉറക്ക ക്ഷീണം കാരണം നന്നായി കോൺസൻട്രേറ്റ് ചെയ്യാനും ഒന്നും പഠിക്കാനും പറ്റത്തില്ല. ട്യൂഷൻ ക്ലാസ് രാത്രിയായതുകൊണ്ട് കറണ്ടു പോകുമ്പോ വെെ ഫെെ കട്ടാകുന്നതുകൊണ്ട് ക്ലാസ് ശരിക്കും കണ്ടിന്യൂ ചെയ്യാൻ പറ്റില്ല. പിന്നെ നെറ്റൊക്കെ എക്സ്ട്രാ ചാർജ് ചെയ്തിട്ടായിരിക്കും ക്ലാസ് കണ്ടിന്യൂ ചെയ്യുന്നത്. ഇത് ഇരട്ടി ചെലവാണ്.ചിൻമയ
പ്ലസ് ടു വിദ്യാർഥി

സ്ഥിരമായിട്ടുള്ള കറണ്ടുപോക്ക് വല്ലാത്ത ബുദ്ധിമുട്ടാണ്. ഒരു ഹൃദോഗിയാണ് ഞാൻ. ജോലിക്ക് പോയിട്ട് വീട്ടിൽ വന്ന് തളർന്നുകിടക്കുന്ന സമയത്ത് രാത്രി 11 മണിക്ക് കറണ്ടുപോകുന്നു. നിറയെ ഗുളിക കഴിക്കുന്നതുകൊണ്ട് ശരീരത്തിന്റെ ചൂട് അസഹ്യമാണ്. അതിന്റെ കൂടെ കറണ്ടും കൂടിപോയാൽ ഉറങ്ങാനേ കഴിയില്ല. ഒരുപാട് സങ്കടകരമാണിത്. അതുകൊണ്ട് എത്രയും വേഗം ഈ കറണ്ടുപോക്കിന് പരിഹാരം കാണണം.
സലീന

വീട്ടമ്മ

 

അവർ പറയുന്നു
കേരളം സ്മാർട്ട് 
മീറ്ററുകൾ 
സ്ഥാപിക്കാഞ്ഞതാണ് വൈദ്യുതി 
ആസൂത്രണത്തിൽ 
പിഴവ് വന്നതിനും 
ഇപ്പോഴത്തെ പ്രതിസന്ധികൾക്കും കാരണം. 
വൈദ്യുതി 
ബോർഡിലെ
ഇടതുസംഘടനകൾ 
സ്മാർട്ട് മീറ്റർ 
അടക്കമുള്ള 
ആധുനിക 
സാങ്കേതിക
വിദ്യകൾക്ക് 
എതിരാണ്.

വസ്തുത
സ്മാ
ർട്ട് മീറ്ററുകൾ ഓരോ ഉപഭോക്താവിന്റേയും അതതുസമയത്തെ വൈദ്യുതി ഉപഭോഗം മീറ്ററിന് സമീപം പോകാതെ തന്നെ അറിയാനും വൈദ്യുതി ബന്ധം വിഛേദിക്കുന്നതടക്കമുള്ള കാര്യങ്ങൾ വിദൂരമായിത്തന്നെ നിർവഹിക്കാൻ കഴിയുന്നതുമായ ഉപകരണമാണ്. അതുകൊണ്ടുതന്നെ വൈദ്യുതി ഉപയോഗവും മറ്റും നിരന്തരമായി മൊബൈലിലും മറ്റും കിട്ടുന്നതിനും ഉപഭോക്താവിന്റെ വൈദ്യുതി ആസൂത്രണത്തിന് സഹായിക്കുകയും ചെയ്യും. എന്നാൽ സംസ്ഥാനത്തിന്റെ വൈദ്യുതി ആസൂത്രണത്തിൽ ഇങ്ങനെ ഓരോ ഉപഭോക്താവിന്റെയും വൈദ്യുതി ഉപഭോഗം അറിഞ്ഞിട്ട് ഒരു കാര്യവുമില്ല. സംസ്ഥാനത്തിന്റെ മൊത്തം ഉപഭോഗം, പ്രധാനപ്പെട്ട ശൃംഖലകളിലേയും സബ്സ്റ്റേഷനുകളിലേയും ഉപഭോഗം എന്നിവയാണ് സംസ്ഥാനത്തിന്റെ വൈദ്യുതി ആസൂത്രണത്തിന് ആവശ്യമായിട്ടുള്ളത്. അത് കൃത്യമായി കിട്ടുന്നതിന് നിലവിൽ സംവിധാനമുണ്ട്. കളമശ്ശേരിയിലെ ലോഡ് ഡെസ്-പാച്ച് സെന്ററിലും തിരുവനന്തപുരത്തെ വൈദ്യുതി ഭവനിലും ഈ വിവരങ്ങൾ നിരന്തരമായി അപ്ഡേറ്റ് ചെയ്ത് ലഭ്യമാകുന്നുമുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിന്റെ വൈദ്യുതി ആസൂത്രണത്തിൽ മീറ്റർ ഡാറ്റ ഇല്ല എന്ന പരിമിതി നിലവിലില്ല.

കേരളത്തിൽ സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് ഏതെങ്കിലും സംഘടനകൾ എതിരു നിന്നിട്ടില്ല. എന്നാൽ മീറ്ററിങ് പൂർണമായും സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുകയും ബില്ലിങ് അടക്കമുള്ള എല്ലാ നടപടികളും അവരുടെ നിയന്ത്രണത്തിലാക്കുകയും ചെയ്യുന്ന ടോട്ടക്സ് രീതിയിലുള്ള സ്മാർട്ട് മീറ്ററിങ്ങനെ സംഘടനകൾ എതിർക്കുകയും കെഎസ്ഇബി തന്നെ നേരിട്ട് സ്മാർട്ട് മീറ്റർ വെക്കുന്ന ബദൽ നടപ്പാക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായി മൂന്നുലക്ഷം മീറ്റർ വെച്ചുകഴിഞ്ഞു. അമ്പതു ലക്ഷം മീറ്ററിന്റെ ടെണ്ടർ പൂർത്തിയായി. രാജ്യത്ത് കിട്ടിയ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇതിൽ ക്വാട്ട് ചെയ്യപ്പെട്ടത്.

ടോട്ടക്സ് രീതിയിൽ സ്മാർട്ട് മീറ്റർ വെച്ച് മീറ്റർകമ്പനികൾ ജനങ്ങളെ കൊള്ളയടിക്കുന്ന സാഹചര്യം ഉണ്ടായതിനെത്തുടർന്ന് രാജ്യവ്യാപകമായി വലിയ പ്രക്ഷോഭങ്ങൾ നടക്കുകയാണ്. ഉത്തർപ്രദേശിൽ സ്മാർട്ട് മീറ്റർ അഴിച്ചുമാറ്റി അതുമായി മാർച്ച് നടത്തുന്ന സ്ത്രീകളുടെ പ്രക്ഷോഭം രാജ്യവ്യാപക ശ്രദ്ധനേടുകയുണ്ടായി. ബീഹാറിൽ സ്മാർട്ട് മീറ്റർ സ്ഥാപിച്ചതിന്റെ ഭാഗമായി മാത്രം വൈദ്യുതി നിരക്ക് മൂന്നും നാലും ഇരട്ടിയായി കൂടി എന്നതു ചൂണ്ടിക്കാട്ടി ജനങ്ങൾ തെരുവിലാണ്. ബംഗാളിലും വലിയ പ്രക്ഷോഭം നടക്കുന്നു. ആസാമിൽ ജനകീയ പ്രതിഷേധത്തെത്തുടർന്ന് സ്മാർട്ട് മീറ്റർ വെച്ചിടങ്ങളിൽ നിന്ന് അത് അഴിച്ചുമാറ്റേണ്ട സ്ഥിതിയുണ്ടായി. ഇങ്ങനെ രാജ്യവ്യാപകമായി ടോട്ടക്സ് രീതിയിലുള്ള സ്മാർട്ട് മീറ്റർ വ്യാപനത്തിനെതിരെ ജനങ്ങളുടെ എതിർപ്പ് ഉയർന്നുവരുകയാണ്. ആ ഘട്ടത്തിലാണ് ചെലവ് കുറച്ച് ജനങ്ങൾക്ക് അധിക ഭാരം വരാത്ത രൂപത്തിൽ കേരളം സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിൽ മാതൃക കാട്ടുന്നത്.l

ചില പ്രതികരണങ്ങൾ
ഇപ്പോൾ വണ്ടി പകൽ ഓടിക്കാൻ പറ്റുന്നില്ല. നല്ല ഓട്ടമുള്ളപ്പോഴും വണ്ടി ഓടിക്കാൻ കഴിയാത്ത സ്ഥിതിയാണ്. വണ്ടിക്ക് ചാർജില്ല. രാത്രിയിൽ രണ്ടും മൂന്നും പ്രാവശ്യം കറണ്ടുപോകുന്നതുകൊണ്ട് ഫുൾ ചാർജ് ചെയ്യാൻ പറ്റുന്നില്ല. അതുകാരണം ചാർജ് നിക്കില്ല. പകൽ ഓട്ടം മുടങ്ങും. ആകെയുള്ളൊരു വരുമാന മാർഗമാണ്. അതുകൊണ്ട് ഈ കറണ്ടുകട്ടിന് എത്രയും വേഗം പരിഹാരം കാണണം.

കൃഷ്ണൻകുട്ടി
ഓട്ടോ ഡ്രൈവർ, മുട്ടത്തറ

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nine − 2 =

Most Popular