കേരളത്തിന്റെ വടക്കൻ ജില്ലകളിലെ വൈദ്യുതി ലഭ്യതയിൽ വലിയ മുന്നേറ്റത്തിന് കാരണമാകുന്നൊരു പദ്ധതിയാണ് ഉഡുപ്പി – -കാസർകോട് 400 കെ.വി. ലൈനും കാസർകോട് 400 കെ.വി. സബ്സ്റ്റേഷനും. ഇതോടൊപ്പം കാസർകോടുനിന്ന് വയനാട്ടിലേക്കുള്ള 400 കെ.വി. ലൈൻ കൂടി പൂർത്തിയാകുന്നതോടെ കേരളത്തിന്റെ തെക്കു–വടക്ക് 400 കെ വി ശൃംഖലയിൽ ബന്ധിക്കപ്പെടുകയും വൈദ്യുതി പ്രസരണം സുഗമമാകുകയും ചെയ്യും. കാസർകോട് ജില്ലയിലെ കരിന്തളത്താണ് കാസർകോട് 400 കെ വി സബ്‌സ്റ്റേഷൻ നിർമാണം നടക്കുന്നത്. ഇതിന്റെ നിർമാണം 2023ൽത്തന്നെ ഏറെക്കുറെ പൂർത്തിയായതായിരുന്നു. പക്ഷേ ലൈൻ നിർമാണം പൂർത്തിയാകാഞ്ഞതിനാൽ കമ്മീഷൻ ചെയ്യാൻ കഴിഞ്ഞില്ല. ഇപ്പോൾ ഉഡുപ്പി-കാസർകോട് ലൈൻ പൂർത്തിയായിവരുകയാണ്. കാസർകോടുനിന്ന് വയനാട്ടിലേക്കുള്ള 400 കെ.വി. ലൈൻ നിർമ്മാണം ഇപ്പോഴും എങ്ങുമെത്താത്ത സ്ഥിതിയിലാണ്.
നേരത്തെ ഇടമൺ – കൊച്ചി പവർ ഹൈവേക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മണ്ഡലത്തിൽ ഉണ്ടായ തടസ്സം പോലെ ഈ ലൈനിൽ തടസ്സം സൃഷ്ടിച്ചത് പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങളിൽ ആണ്. ലൈൻ നിർമാണഘട്ടത്തിൽ പേരാവൂർ എംഎൽഎയായിരുന്ന സണ്ണി ജോസഫിന്റെയും ഇരിക്കൂർ എംഎൽഎ സജീവ് ജോസഫിന്റെയും ഭാഗത്തുനിന്ന് നിരന്തരം തടസ്സപ്പെടുത്തലുകളുമുണ്ടായി. മലയോര ഭൂവുടമകളെ ഇളക്കിവിട്ട് പ്രക്ഷോഭം നിലനിർത്തി. നഷ്ടപരിഹാരചർച്ചകൾ മുന്നോട്ടുപോയില്ല. ഇതിന്റെ തുടർച്ചയായി കർണാടകത്തിലെ ഭൂവുടമകളെയും പദ്ധതിക്കെതിരാക്കിയതോടെ ഉഡുപ്പി ലൈനും മന്ദഗതിയിലായി. പദ്ധതിതന്നെ ഉപേക്ഷിക്കപ്പെടുന്ന സ്ഥിതി സൃഷ്ടിക്കാനാണ് ശ്രമമുണ്ടായത്. എന്നാൽ അന്നത്തെ എൽഡിഎഫ് സർക്കാരിന്റെ സമയോചിതമായ ഇടപെടലുകൾ കൊണ്ട് ഉഡുപ്പി –-കാസർകോട് ലൈൻ നിർമാണത്തിലെ തടസ്സങ്ങൾ തീർക്കാൻ കഴിഞ്ഞു. അങ്ങനെയാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്.
എതിർപ്പുണ്ടായിട്ടും എൽഡിഎഫ് സർക്കാർ ട്രാൻസ്‌ഗ്രിഡ് 2.0-ന് കീഴിൽ പദ്ധതി മുന്നോട്ടുകൊണ്ടുപോയി. മന്ത്രിസഭാ ഉപസമിതി നിയോഗിച്ച് 2025 ജൂലൈയിൽ നഷ്ടപരിഹാരം തീരുമാനിച്ചു. വയനാട്-–കാസർകോട് ലൈനിലെ തടസ്സങ്ങൾ ഇനിയും പൂർണമായി നീങ്ങിയിട്ടില്ല. ഈ ബന്ധം പൂർത്തിയായാലേ ശേഷി പൂർണമായി ഉപയോഗിക്കാനും അധിക ട്രാൻസ്‌മിഷൻ ചാർജ് ഒഴിവാക്കാനും കഴിയൂ. വൈദ്യുതി മന്ത്രിയായശേഷവും സണ്ണി ജോസഫ് ഈ ലൈൻ വേഗത്തിലാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നില്ല. l



