വൈദ്യുതി മേഖല നേരിടുന്ന പലവിധ പ്രശ്നങ്ങൾക്ക് പരിഹാരമായി നവഉദാരവൽക്കരണവാദികൾ നിർദ്ദേശിക്കുന്ന ഒറ്റമൂലി സ്വകാര്യവൽക്കരണമാണ്. വൈദ്യുതി വിതരണം പൊതുമേഖലമാത്രം ചെയ്യേണ്ടതല്ല, സ്വകാര്യ കമ്പനികളെക്കൂടി ഇതിന് ചുമതലപ്പെടുത്തണമെന്നും മത്സരം വന്നാലേ സേവനം കാര്യക്ഷമമാകൂ എന്നുമാണ് ഇവരുടെ വാദം. പൊതുമേഖല അങ്ങനെതന്നെ സ്വകാര്യവൽക്കരിക്കണം എന്നതിനു പകരം പൊതുമേഖല അവിടെ നിന്നോട്ടെ, സ്വകാര്യ മേഖലയ്-ക്കുകൂടി അവസരം കൊടുക്കുക, ആരെ തിരഞ്ഞെടുക്കണമെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ എന്നതാണ് പുതിയ സമീപനം. ഉപഭോക്താവിന് ചോയിസ് വേണം എന്നാണ് കേന്ദ്ര വൈദ്യുതി മന്ത്രി ഇടയ്-ക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നത്.
ഒരു സ്വകാര്യ കമ്പനി ഏതെങ്കിലും ഒരു ബിസിനസ് നടത്തുന്നത് എന്തിനാണ്? ജനങ്ങൾക്ക് സേവനം നൽകാനാണോ? ജനങ്ങൾക്ക് മെച്ചപ്പെട്ട ഉത്പന്നം എത്തിച്ചുകൊടുക്കാനാണോ? അവർ ചിലപ്പോൾ മെച്ചപ്പെട്ട സേവനം നൽകിയേക്കാം, മെച്ചപ്പെട്ട ഉത്പന്നം ലഭ്യമാക്കിയേക്കാം. പക്ഷേ അത് അവരുടെ ബിസിനസ് വർദ്ധിക്കണം, ലാഭം കൂടണം എന്ന താൽപര്യം കൊണ്ടുമാത്രമാണ്. അല്ലാതെ സേവനം നൽകുക എന്നതോ മെച്ചപ്പെട്ട ഉത്പന്നം നൽകുക എന്നതോ അല്ല സ്വകാര്യ ബിസിനസ്സിന്റെ ലക്ഷ്യം. അത് കേവലം ലാഭം മാത്രമാണ്. സേവനം നൽകിയാൽ/ഉൽപ്പന്നം ലഭ്യമാക്കിയാൽ ലാഭം കിട്ടുമെങ്കിൽ അവർ അത് ചെയ്യും. സേവനം/ ഉൽപ്പന്നം ലഭ്യമാക്കാതെതന്നെ ലാഭം കിട്ടുമെങ്കിലോ, അങ്ങനെയെങ്കിൽ അത് ലഭ്യമാക്കില്ല.
രാജ്യത്ത് വൈദ്യുതി ഉത്പാദന മേഖലയിൽ ഇപ്പോൾ 60%വും സ്വകാര്യ സ്ഥാപനങ്ങളാണ്. രാജ്യത്തെ വൈദ്യുതി ഉത്പാദന ശേഷി അഞ്ചേകാൽ ലക്ഷം മെഗാവാട്ടിന് മുകളിലാണ്. ഇതുവരെ ഉണ്ടായ പരമാവധി ആവശ്യകത 2.70 മെഗാവാട്ട് മാത്രമാണ്. പക്ഷേ നമ്മൾ വലിയ കമ്മി നേരിടുന്നു. കൽക്കരി നിലയങ്ങളിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ വരുന്ന ആകെ ചെലവ് യൂണിറ്റിന് മൂന്നോ നാലോ രൂപ മാത്രമാണ്. എന്നാൽ ആ വൈദ്യുതി 10 രൂപയ്-ക്കും അതിനുമുകളിലുമുള്ള നിരക്കിൽ വിൽക്കാൻ കഴിയുന്നത് രാജ്യത്ത് കമ്മി നിലനിൽക്കുന്നതു കൊണ്ടാണ്. അപ്പോൾ ഉൽപ്പാദനം നടത്തുന്നതല്ല, നടത്താതിരിക്കുന്നതാണ് ലാഭം. കമ്മി ഇല്ലാതാകുന്നതല്ല ലാഭം. അതാണ് ഇന്നത്തെ പ്രതിസന്ധിയുടെ യഥാർത്ഥ രാഷ്ട്രീയം.
വൈദ്യുതി വിതരണ മേഖലയിൽ സ്വകാര്യവൽക്കരണം നടന്നാൽ എന്താണ് സംഭവിക്കുക. ഇപ്പോൾ വൈദ്യുതി വിതരണം ചെയ്യുന്നത് പല വിഭാഗങ്ങൾക്കും പല വിലയ്-ക്കാണ്. കൃഷിക്ക് കുറഞ്ഞ നിരക്കാണ്. വ്യവസായങ്ങൾക്കും നിരക്ക് കുറവാണ്. കുറഞ്ഞ ഉപഭോഗമുള്ള വീടുകൾക്കും സൗജന്യ നിരക്കുണ്ട്. എന്നാൽ ഉപഭോഗം വർദ്ധിക്കുമ്പോൾ നിരക്കും കൂടുന്നു. വലിയ ആഡംബര ഉപഭോഗത്തിന് വലിയ നിരക്കാണ്. ഇവിടെ ചോയിസ് ആയി സ്വകാര്യ കമ്പനി കൂടി വന്നാൽ എന്താണ് സംഭവിക്കുക? വലിയ വില കൊടുക്കുന്ന ആഡംബര ഉപഭോക്താക്കൾക്ക് സ്വകാര്യ മേഖല ചില സൗജന്യങ്ങൾ നൽകും. എന്നാലും അവർക്ക് ലാഭമാണ്. കൃഷിക്കും വ്യവസായത്തിനും സാധാരണ വീട്ടുകാർക്കുമൊക്കെ കുറഞ്ഞ നിരക്കിൽ വൈദ്യുതി കൊടുക്കുന്നത് സ്വകാര്യകമ്പനികൾക്ക് നഷ്ടമായിരിക്കും. അപ്പോൾ അവർക്ക് വൈദ്യുതി കൊടുക്കാൻ ഈ കമ്പനികൾ താൽപര്യപ്പെടില്ല. അതായത് ചോയിസ് ഉപഭോക്താക്കൾക്കല്ല, കമ്പനികൾക്കാണ്. ആർക്ക് വൈദ്യുതി വിൽക്കണം എന്ന് അവർ തീരുമാനിക്കും. കമ്പനികൾ വൈദ്യുതി വിൽക്കാൻ തയ്യാറാകാത്തവർ പൊതുമേഖലയെത്തന്നെ ആശ്രയിക്കേണ്ടി വരും. എന്നാൽ ഈ നഷ്ടം വരുത്തുന്ന ഉപഭോക്താക്കളെമാത്രം വെച്ച് പൊതുമേഖല എങ്ങനെ മൽസരിക്കും? ഒന്നുകിൽ ഇവരുടേയും ചാർജ് കൂട്ടുക, അല്ലെങ്കിൽ തകരുക, അതുമാത്രമാണ് പൊതുമേഖലയുടെ വിധി.
ക്രോസ് സബ്സിഡി ഇല്ലാതാക്കും, വൈദ്യുതി ആഡംബര വസ്തുവാകും, ഗ്രാമീണ വൈദ്യുതീകരണം നിലയ്-ക്കും എന്നതൊക്കെ ഈ ലാഭതാൽപ്പര്യം സൃഷ്ടിക്കുന്ന പ്രതിസന്ധിയാണ്. അതായത് വൈദ്യുതി സാമൂഹ്യ വികസനത്തിന്റെ അടിസ്ഥാനസൗകര്യമാണ് എന്നതാണ് കാഴ്ചപ്പാടെങ്കിൽ സ്വകാര്യവൽക്കരണം അംഗീകരിക്കാനാകില്ല. വൈദ്യുതി വിൽക്കാനുള്ള ചരക്ക് മാത്രമാണെങ്കിൽ സ്വകാര്യവൽക്കരണത്തെ സ്വാഗതം ചെയ്യാം. നമുക്ക് ഒന്നാമത്തേതാണ് സ്വീകാര്യം, അതുകൊണ്ട് സ്വകാര്യവൽക്കരണം നമുക്ക് പരിഹാരമേയല്ല. l



