കേരളത്തിൽ ഇപ്പോൾ രാത്രികാല ലോഡ് ഷെഡ്ഡിങ് പതിവായിരിക്കുന്നു. ഈ സ്ഥിതിക്ക് എന്നു പരിഹാരം ഉണ്ടാകുമെന്ന് പറയാൻ കഴിയില്ല എന്നാണ് ഇതുസംബന്ധിച്ച് വൈദ്യുതി മന്ത്രി നൽകിയ പ്രതികരണം. രാജ്യം എൽനിനോയിലൂടെ കടന്നുപോകുന്നുവെന്നും രാജ്യമാകെ പ്രതിസന്ധി നിലനിൽക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഉപയോഗം കുറയ്-ക്കുകയും ഇസ്തിരിയിടൽ പോലുള്ള ആവശ്യങ്ങളെല്ലാം പകലിലേക്ക് മാറ്റുകയും ചെയ്തുകൊണ്ട് ജനങ്ങൾ സഹകരിക്കണമെന്നാണ് മന്ത്രി പറയുന്നത്. എന്നാൽ ഈ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനസർക്കാർ എന്തു നടപടി സ്വീകരിച്ചുവെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്.
ഉദ്യോഗസ്ഥതലത്തിൽ പവർ എക്-സ്-ചേഞ്ചിൽ നിന്നും കണ്ടിജൻസി കമ്പോളത്തിൽ നിന്നും വൈദ്യുതി വാങ്ങാൻ നടത്തുന്ന ശ്രമങ്ങൾക്കപ്പുറം രാഷ്ട്രീയ നേതൃത്വം എന്തിടപെടലാണ് ഇക്കാര്യത്തിൽ നടത്തുന്നത്?
️എൽനിനോ ഇതാദ്യമല്ല
കേരളം ഇതാദ്യമായല്ല ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത്. 2023-ൽ ഇതിലും രൂക്ഷമായ പ്രതിസന്ധി നാം നേരിട്ടതാണ്. അന്നും കടുത്ത എൽനിനോ പ്രതിഭാസമാണ് നാം നേരിട്ടത്. ജൂണിലും ജൂലൈയിലും മഴ ഉണ്ടായില്ല. ആഗസ്തിലാണ് കുറച്ചെങ്കിലും മഴ പെയ്തത്. രാജ്യമാകെ വൈദ്യുതി പ്രതിസന്ധിയുണ്ടായി. എന്നാൽ കേരളം പവർക്കട്ടോ ലോഡ് ഷെഡ്ഡിങ്ങോ ഇല്ലാതെ തന്നെ അക്കാലവും പിന്നിട്ടു. എൽഡിഎഫ് സർക്കാരിന്റെ ഫലപ്രദമായ ഇടപെടലും പ്രതിസന്ധി പരിഹാര നടപടികളുമാണ് അക്കാലത്ത് ഉണ്ടായത്. 2017-ലും ഇതേ സാഹചര്യം ഉണ്ടായി. എന്നാൽ അപ്പോഴും കേരളം വൈദ്യുതി നിയന്ത്രണങ്ങളില്ലാതെ മുന്നോട്ടുപോയി.
ദേശീയ വൈദ്യുതിക്കമ്പോളത്തിൽ നിന്നും വൈദ്യുതി വാങ്ങുക എന്ന ഏക പരിഹാരത്തിനപ്പുറം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ വൈദ്യുതി നില പഠിക്കുകയും ഏതെങ്കിലും സമയങ്ങളിൽ വൈദ്യുതി മിച്ചമുള്ള സംസ്ഥാനങ്ങളുണ്ടോ എന്ന് കണ്ടെത്തുകയും അത്തരം സംസ്ഥാനങ്ങളിൽ നിന്നും ഉഭയകക്ഷി ചർച്ചകളിലൂടെ വൈദ്യുതി ലഭ്യമാക്കുകയും ചെയ്യുക എന്ന സമീപനമാണ് നാം സ്വീകരിച്ചത്.
ഇപ്പോഴത്തെ പ്രതിസന്ധിക്ക് എൽഡിഎഫിനെ പഴിക്കേണ്ട
ഇക്കഴിഞ്ഞ ഏപ്രിൽ അവസാന ദിവസങ്ങളിൽ നാം നേരിട്ട പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നും മുൻ സർക്കാരിന്റെ ആസൂത്രണപ്പിഴവാണ് ഇതിന്റെയും കാരണമെന്നും യുഡിഎഫ് പ്രചരിപ്പിക്കുന്നുണ്ട്. ഇത് തികച്ചും വസ്തുതാവിരുദ്ധമാണ്.
കഴിഞ്ഞ ഏപ്രിൽ അവസാനം നാം പ്രതീക്ഷിച്ച വൈദ്യുതി പരമാവധി 5700 മെഗാവാട്ട് മാത്രമായിരുന്നു. പക്ഷേ പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പാചകവാതക പ്രതിസന്ധിയുണ്ടായത് ആളുകൾ ഇൻഡക്ഷൻ കുക്കറിലേക്കും മറ്റും മാറുന്നതിനും അതുവഴി വൈദ്യുതി ഉപയോഗം വർദ്ധിക്കുന്നതിനും കാരണമായി.
എന്നിട്ടും 6100 മെഗാവാട്ട് വരെയുള്ള വൈദ്യുതി ഡിമാൻഡ് പ്രയാസം കൂടാതെ നിറവേറ്റാൻ നമുക്കു കഴിഞ്ഞു. എന്നാൽ ചില സന്ദർഭങ്ങളിൽ 6100 മെഗാവാട്ടിന് മുകളിൽ ഉപയോഗം പോയപ്പോൾ ഓട്ടോമാറ്റിക്ക് ആയി ലൈനുകൾ ഓഫാക്കപ്പെട്ടു. എന്നാൽ അന്ന് എന്തൊരു ബഹളമായിരുന്നു?
ഏതാനും ദിവസത്തിനുള്ളിൽ ഈ പ്രശ്നം വിവിധ ഇടപെടലുകളിലൂടെ പരിഹരിക്കാൻ നമുക്ക് കഴിഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ നേതൃത്വത്തിന് നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിന് പ്രയാസമുണ്ടായെങ്കിലും പ്രതിസന്ധി പരിഹരിച്ചു പോകാൻ അതൊന്നും തടസ്സമായില്ല.
ഇപ്പോൾ നമ്മളുടെ ഡിമാൻഡ് 4800-–4900 മെഗാവാട്ട് മാത്രമാണ്. അതിലാണ് 400–600 മെഗാവാട്ട് ലോഡ് ഷെഡ്ഡിംഗ് വേണ്ടിവരുന്നത്. ഏപ്രിലിൽ 6100 മെഗാവാട്ട് വരെ നാം പ്രതിസന്ധി കൂടാതെ നിറവേറ്റിയിരുന്നു. ഇപ്പോൾ ഒരു ദിവസം ആകെ വേണ്ട വൈദ്യുതി 85–-86 മില്യൺ യൂണിറ്റാണ്.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നമ്മുടെ പ്രതിദിന ആവശ്യകത 115–116 മില്യൺ യൂണിറ്റായിരുന്നു. എന്നിട്ടും വലിയ പ്രശ്നമില്ലാതെ മുന്നോട്ടുപോകാൻ നമുക്ക് കഴിഞ്ഞു.
കഴിഞ്ഞ വേനൽക്കാലത്ത് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് സ്വാപ്പ് കരാർ വഴി മഴക്കാലത്തുണ്ടാകുന്ന അധിക ഉത്പാദനത്തിൽ നിന്ന് തിരിച്ചുകൊടുക്കാമെന്ന് പറഞ്ഞ് വാങ്ങിയ വൈദ്യുതി കൊടുക്കേണ്ടി വരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമാക്കിയതെന്ന ഒരു വാദം കൂടി ഉയർന്നു കേൾക്കുന്നുണ്ട്.
ഇങ്ങനെ കൊടുക്കേണ്ടി വരുന്ന വൈദ്യുതി കേവലം 7 മില്യൺ യൂണിറ്റ് മാത്രമാണ്. അതുകൂടി കൂട്ടിയാലും കഴിഞ്ഞ വേനലിൽ നമുക്ക് നിറവേറ്റേണ്ടി വന്ന 115-–116 മില്യൺ യൂണിറ്റിനേക്കാൾ 20-–25 മില്യൺ യൂണിറ്റ് കുറവാണ് ഇപ്പോഴത്തെ പ്രതിദിന വൈദ്യുതി ഊർജാവശ്യകത.
ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താൽ ഇപ്പോഴുണ്ടായിട്ടുള്ള പ്രതിസന്ധി മുമ്പൊരിക്കലുമുണ്ടാകാത്തതും സമാനതകളില്ലാത്തതുമാണെന്ന വാദം നിലനിൽക്കുന്നില്ല. യഥാർത്ഥത്തിൽ പ്രതിസന്ധികൾ തരണംചെയ്യാനുള്ള യാതൊരു ശ്രമവും സർക്കാരിൽ നിന്നുണ്ടാകുന്നില്ല എന്നതാണ് ഇപ്പോൾ കേരളം നേരിടുന്ന പ്രശ്നം.
ദീർഘകാലകരാർ റദ്ദാക്കിയതും കാരണമല്ല
കഴിഞ്ഞ യുഡിഎഫ് സർക്കാർ 2015-ൽ ഒപ്പിട്ട 765 മെഗാവാട്ടിന്റെ ദീർഘകാല വൈദ്യുതി വാങ്ങൽ കരാറിൽ 465 മെഗാവാട്ട് 2023-ൽ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയിരുന്നു.
ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായതെന്നാണ് ചാനൽ ചർച്ചകളിലും മറ്റും യുഡിഎഫ് പക്ഷത്തുനിന്ന് സംസാരിക്കുന്നവർ ഉയർത്തുന്ന ഒരു വാദം.
എന്നാൽ ഈ കരാർ റദ്ദാക്കിയതും ഇപ്പോഴത്തെ പ്രതിസന്ധിയുമായി യാതൊരു ബന്ധവുമില്ല. അഥവാ ഈ കരാർ റദ്ദാക്കപ്പെട്ടില്ലായെങ്കിലും ഇപ്പോഴത്തെ പ്രതിസന്ധിയിൽ മാറ്റമൊന്നുമുണ്ടാകുമായിരുന്നില്ല.
ഈ കരാർ റദ്ദാക്കപ്പെടുന്നത് 2023ലാണ്.
എന്നാൽ അതിനുശേഷമുള്ള മൂന്നു വർഷവും പ്രതിസന്ധിയൊന്നും കൂടാതെ കേരളം മുന്നോട്ടുപോയി. ഇപ്പോൾ ആ കരാർ നിലവിലുണ്ടായിരുന്നെങ്കിൽ അതനുസരിച്ചുള്ള ക്രമീകരണങ്ങളാവും ഈ ജൂൺ, ജൂലൈ മാസങ്ങളിലേക്ക് കെ എസ് ഇ ബി സ്വീകരിച്ചിട്ടുണ്ടാകുക. ഇപ്പോഴുണ്ടായ അധിക ഡിമാൻഡ് അപ്പോഴും പ്രശ്നമായിത്തന്നെ തുടരുമായിരുന്നു.
കരാർ റദ്ദാക്കിയത് കേരളത്തിന് പൊതുവിൽ ഗുണമോ ദോഷമോ എന്നത് വേറെ വിഷയമാണ്, അല്ലാതെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമോ പരിഹാരമോ അല്ല.
വൈദ്യുതിക്കരാറുകൾ വയ്ക്കുന്നതിന് റഗുലേറ്ററി കമ്മീഷന്റെ അനുമതി അനിവാര്യമാണ്. എന്നാൽ 2015-ൽ ദീർഘകാലക്കരാർ ഒപ്പിട്ടത് കമ്മീഷന്റെ അനുമതിയോടെയല്ല.
ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നപ്പോൾ കേരളത്തിന് വൈദ്യുതി കിട്ടുന്ന ഒരു കരാർ വേണ്ടെന്നുവെക്കാൻ തീരുമാനിച്ചില്ല. എന്നാൽ ടെണ്ടർ നടപടികൾ ക്രമപ്രകാരമല്ല എന്ന നിലപാടാണ് റഗുലേറ്ററി കമ്മീഷൻ ഇക്കാര്യത്തിൽ സ്വീകരിച്ചത്.
കരാറിന് അംഗീകാരം നൽകണമെന്ന കെ എസ് ഇ ബി യുടെ ആവശ്യത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി തീരുമാനമുണ്ടാകുന്നതുവരെ കരാർ പ്രകാരമുള്ള വൈദ്യുതി കേരളം വാങ്ങി.
ഇങ്ങനെ നീണ്ടുപോയ കരാർ റദ്ദുചെയ്യാൻ തീരുമാനമുണ്ടായത് 2022-ലാണ്.
എങ്കിലും സംസ്ഥാനത്തിന്റെ പൊതുതാൽപര്യം പരിഗണിച്ച് കരാർ പുന:സ്ഥാപിക്കാൻ കമ്മീഷന് സർക്കാർ നയപരമായ നിർദ്ദേശം നൽകി. ഇതനുസരിച്ച് കമ്മീഷൻ കരാർ പുന:സ്ഥാപിച്ചെങ്കിലും കമ്പനികൾ അപ്പലേറ്റ് ട്രിബ്യൂണലിൽ അപ്പീൽ നൽകി. ട്രിബ്യൂണൽ കരാർ റദ്ദുചെയ്ത നടപടി ശരിവെച്ചു.
കെ എസ് ഇ ബി യും സർക്കാരും ഇതിനെതിരെ സുപ്രീംകോടതിൽ അപ്പീൽ നൽകുകയും കേസ് തുടരുകയുമാണ്. ഇതാണ് എൽ ഡി എഫ് ദീർഘകാലക്കരാർ റദ്ദാക്കിയെന്ന് മാധ്യമങ്ങളും യു ഡി എഫും പ്രചരിപ്പിക്കുന്നത്. എൽ ഡി എഫ് സർക്കാർ ഒരു കരാറും റദ്ദാക്കിയിട്ടില്ല. യാതൊരു അവധാനതയുമില്ലാതെ കരാർ വെച്ച് അത് റദ്ദാകുന്ന സ്ഥിതി സൃഷ്ടിച്ചത് 2011-–16 കാലത്തെ യുഡിഎഫ് സർക്കാരാണ്. l



