എൽ ഡിഎഫ് ഗവൺമെന്റിന്റെ പത്ത് വർഷക്കാലയളവിനിടയിൽ ലോകത്തിനുതന്നെ മാതൃകയായിത്തീർന്ന കേരളത്തിന്റെ ആരോഗ്യമേഖല യുഡിഎഫ് അധികാരത്തിലേറി മൂന്നു മാസം പിന്നിട്ടപ്പോഴേക്കും തകർച്ചയിലേക്ക് ചുവടുവയ്ക്കുകയാണ്. സർക്കാർ സംവിധാനങ്ങൾ തകർത്ത് പകരം സ്വകാര്യമേഖലയെ കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി തുടക്കത്തിൽ തന്നെ പ്രഖ്യാപിച്ചു. അതിനു തൊട്ടുപിന്നാലെ കോർപറേറ്റുകൾ കേരളത്തിലെ സ്വകാര്യ ആശുപത്രികൾ വിലയ്ക്കുവാങ്ങിയത് ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്. ചികിത്സാ പിഴവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഒറ്റപ്പെട്ട സംഭവങ്ങളെ എൽഡിഎഫിനെതിരെ തിരഞ്ഞെടുപ്പിൽ പ്രചരണായുധമാക്കിയ യുഡിഎഫ് അധികാരത്തിലെത്തി മൂന്നുമാസം പിന്നിടുമ്പോൾ അത്തരം നിരവധി സംഭവങ്ങളുണ്ടായി.
മഴക്കാലത്ത് പകർച്ചവ്യാധികൾ ഉണ്ടാവുക, പതിവുള്ളതാണല്ലോ. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് എല്ലാവർഷവും ചെയ്തുവന്ന മഴക്കാല പൂർവ ശുചീകരണം നടപ്പിലാക്കിയില്ല. ജൂൺ ആദ്യവാരംതന്നെ പകർച്ചവ്യാധികളുടെ ഘോഷയാത്രയായി. ഒരാഴ്ചയ്ക്കിടെ പകർച്ചവ്യാധി മൂലം 30 പേർ മരണപ്പെട്ടു. എലിപ്പനി, മഞ്ഞപ്പിത്തം, ഡെങ്കി എന്നിവ കൂടാതെ ഇൻഫ്ളുവൻസയും ചിക്കൻപോക്സും ബാധിച്ചും നിരവധിയാളുകൾ മരിച്ചു. ഒറ്റ ദിവസം തന്നെ 110 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. സ്ഥിതി ഇത്രയും ഗുരുതരമായിട്ടും ആശുപത്രിയിൽ പകർച്ചവ്യാധി ബാധിച്ചവർക്കായി പ്രത്യേക വാർഡുകളോ മറ്റു ചികിത്സാസംവിധാനങ്ങളോ ഒരുക്കിയില്ല.
ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്തില്ല എന്നായിരുന്നു ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ പ്രഖ്യാപനം. എന്നാലത് പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതര രോഗമുള്ളവരെപ്പോലും തികഞ്ഞ അവഗണനയോടെ നിലത്തുകിടത്തുന്ന കാഴ്ച നാം കണ്ടു. രോഗികളെ നിലത്തുകിടത്താതിരിക്കാൻ എന്തെങ്കിലും സംവിധാനമുണ്ടാക്കിയതായി ഇതുവരെ കണ്ടില്ല.
ചികിത്സാപിഴവും ചികിത്സാനിഷേധവും നിരന്തരം റിപ്പോർട്ടു ചെയ്യപ്പെടുന്നു. കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഒാക്സിജൻ സിലിണ്ടർ ലഭ്യമല്ലെന്നു പറഞ്ഞ് ചികിത്സ നിഷേധിച്ച രോഗി സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ മരിച്ചു. ഈ മൂന്നു മാസത്തിനിടെ ഇത്തരം സംഭവങ്ങൾ അനവധിയാണ്. യുഡിഎഫ് അധികാരത്തിലേറി 2 മാസം പിന്നിട്ടപ്പോൾ റിപ്പോർട്ടുചെയ്തത് ഇരുപതിലധികം ചികിത്സാപ്പിഴവുകൾ. മെഡിക്കൽ കോളേജുകൾ മുതൽ താലൂക്ക് ആശുപത്രികളിലടക്കം നിതേ-്യന വീഴ്ചകൾ സംഭവിക്കുന്ന വാർത്തകൾ വരുന്നു.
യുഡിഎഫ് അധികാരത്തിലേറിയ ശേഷം അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ് പല ആശുപത്രികളും. കളമശ്ശേരി ഗവ: മെഡിക്കൽ കോളേജിൽ ന്യൂറോ സർജൻമാരില്ലാത്തതിനാൽ ന്യൂറോ സർജറി വിഭാഗത്തിന്റെ പ്രവർത്തനം നിലച്ചു. 3 തസ്തികകളുള്ളതിൽ ഒരു ഡോക്ടറെപോലും നിയമിച്ചിട്ടില്ല. മലപ്പുറം തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ ഗെെനക്കോളജി വിഭാഗം ഡോക്ടർമാരില്ലാത്തതിനാൽ അടച്ചുപൂട്ടി. ജില്ലാ ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം ലഭ്യമാക്കുമെന്ന പ്രഖ്യാപനം കടലാസിലൊതുങ്ങി. ഒഴിവുകൾ നികത്താതെയും പുതിയ തസ്തികകൾ സൃഷ്ടിക്കാതെയുമാണ് ഈ പ്രഖ്യാപനം നടത്തിയത്.
ആരോഗ്യവകുപ്പിൽ 800 ലധികം ഡോക്ടർമാരുടെയും 300 ലധികം സ്പെഷ്യാലിറ്റി കേഡർമാരുടെയും ഒഴിവുണ്ടായിട്ടും നിയമനം നടത്താതെ നിലവിലുള്ളവരെത്തന്നെ പുനർവിന്യസിക്കാനാണ് നീക്കം നടത്തിയത്. എന്നിട്ട് അതും പാളി. ഒഴിവുകൾ നികത്താതെയുള്ള പുനർവിന്യാസം ഗ്രാമീണമേഖലയിലുൾപ്പെടെയുള്ള ആശുപത്രികൾ ചികിത്സ നിഷേധിക്കാനിടയാക്കി. അത്തരം നിരവധി സംഭവങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. l
| 24 മണിക്കൂറും സേവനം വേണം പക്ഷേ നിയമനങ്ങളില്ല
ജനറല്‍ ആശുപത്രികളില്‍ 24 മണിക്കൂറും സ്പെഷ്യാലിറ്റി സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പുമന്ത്രിയുടെ പ്രഖ്യാപനം വന്നു. എന്നാല്‍ സ്പെഷ്യാലിറ്റി കേഡറിലുള്‍പ്പെടെ നിലവില്‍ 800 ലധികം ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താതെ പദ്ധതി നടപ്പാക്കാനാവില്ല. മാത്രവുമല്ല പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും വേണം. എന്നാല്‍ നിലവിലുള്ള ഡോക്ടര്‍മാരെ പുനര്‍വിന്യസിക്കാനും വരുന്ന ഒഴിവുകളില്‍ എന്‍എച്ച്എം വഴി നിയമനം നടത്താനുമാണ് നീക്കം. ആരോഗ്യവകുപ്പില്‍ പിഎസ്-സി ശുപാര്‍ശ ചെയ്ത 408 ഒഴിവുകളില്‍ വെറും 134 പേര്‍ക്കാണ് നിയമനം നല്‍കിയത്. |



