അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ 49 ശതമാനം ഓഹരി മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് വിൽക്കുന്നതിന് കേരള സര്‍ക്കാര്‍ മൗനാനുവാദം നൽകിയിരിക്കുകയാണ്. കരാര്‍ പ്രകാരം അതോറിറ്റിയായ കേരള സർക്കാരിന്റെ അനുമതിയോടുകൂടി മാത്രമേ ഓഹരി വിൽക്കാനോ, കരാർ വ്യവസ്ഥയിൽ മാറ്റംവരുന്ന രീതിയിൽ ഉടമസ്ഥതയിൽ വ്യതിയാനം സൃഷ്ടിക്കാനോ സാധിക്കൂ. 25 ശതമാനത്തിൽ കൂടുതൽ ഓഹരി വിൽക്കുന്നത് ഉടമസ്ഥാവകാശത്തിലുള്ള മാറ്റമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇത് അദാനി പോലുള്ള കമ്പനികളുമായി മിഷൻ സമുദ്രയുടെ ഭാഗമായി ഉണ്ടാകാൻ പോകുന്ന ഡീലുകളുടെ ഉത്തമ മാതൃകയാണ്. മുഖ്യമന്ത്രിയുടെ മംഗലാപുരം സന്ദർശനം ഇതുമായി ബന്ധപ്പെട്ട് ആയിരുന്നുവോ എന്നത് ന്യായമായ സംശയമാണ്.

അദാനിയുടെ 2,500 കോടി രൂപ മുതൽമുടക്കിന് 5 വര്‍ഷംകൊണ്ട് 10 മടങ്ങ് മൂല്യം വർദ്ധിച്ചെങ്കിൽ, അത് ശരിവെക്കുന്നത് ഉമ്മൻചാണ്ടി സർക്കാർ അദാനിക്ക് കടല്‍ക്കൊള്ളയ്ക്ക് അവസരംനല്‍കി എന്നതുതന്നെയാണ്. ലാന്റ് ലോഡ് മോഡലിൽ തുറമുഖം സംസ്ഥാന സര്‍ക്കാരിന്റെ ചെലവിൽ പണിത് നടത്തിപ്പിന് ലാഭം പങ്കുവെയ്ക്കുന്നതിന്റെ അടിസ്ഥാനത്തിൽ ടെൻഡർ വഴി ഒരു കമ്പനിയെ തിരഞ്ഞെടുക്കാനാണ് ഇടതുപക്ഷം നിര്‍ദേശിച്ചത്. ഇതിനു പകരം 70 ശതമാനം പണവും ഭൂമിയും സംസ്ഥാനം നല്‍കി, പണിയുന്നതിനും നടത്തുന്നതിനും 30 വര്‍ഷത്തേക്ക് സംസ്ഥാനത്തിന് ലാഭവിഹിതം ഒന്നുംതരാതെ അദാനിക്ക് തുറമുഖം വിട്ടുകൊടുക്കുന്ന കരാറാണ് ഉമ്മൻചാണ്ടി ഉണ്ടാക്കിയത്. ഇടതുപക്ഷം ഈ ഉടമ്പടിയെ നിശിതമായിട്ട് വിമർശിച്ചു. സി & എജിയും അത് ശരിവച്ചു.
മിഷൻ സമുദ്ര സംബന്ധിച്ച യുഡിഎഫ് ബജറ്റിലെ നിർദ്ദേങ്ങൾ ഉയർത്തിയിരിക്കുന്ന ആശങ്കകളെ ശരിവയ്ക്കുന്നതാണ് അദാനിയുടെ വിഴിഞ്ഞം ഓഹരി കൈമാറ്റം. വിഴിഞ്ഞം പോർട്ടിന്റെ ഉടമയായ കേരള സർക്കാരിനോട് ചർച്ച ചെയ്യാതെ ഇത്തരമൊരു നടപടിക്ക് അദാനി കമ്പനി തയ്യാറായതിന്റെ പശ്ചാത്തലം പുതിയ ബജറ്റ് നിർദ്ദേശമാണ്. ഇത് കേരളത്തിലെ വിഭവങ്ങളെയും വികസന സാധ്യതകളെയും കൊള്ളയടിക്കുന്നതിന് ഇടയാക്കുമെന്നതിന് ഉത്തമ ഉദാഹരണമാണ്, 2,500 കോടി രൂപ മുതൽ മുടക്കിയ അദാനി കമ്പനിയുടെ പകുതിയിൽ താഴെ ഓഹരികൾ 13,000 കോടി രൂപയ്ക്ക് വിറ്റ് കാശാക്കുന്ന അനുഭവം. ഈ ഡീലിലൂടെ പണം പോകുന്നത് അദാനിയുടെ പോക്കറ്റിലേക്കാണ്. ഇതാണ് ഡീലിന്റെ വലുപ്പം. കേരളത്തിന്റെ തുറമുഖങ്ങളും തീരപ്രദേശങ്ങളും ഇത്തരത്തിൽ കുത്തകകൾക്കും വിദേശ കമ്പനികൾക്കും കൈമാറുന്നതിനുള്ള നീക്കമല്ല മിഷൻ സമുദ്രയിലൂടെ നടത്തുന്നതെന്ന് മുഖ്യമന്ത്രി സതീശന് എങ്ങനെ പറയാനാകും? l



