Sunday, September 20, 2026

ad

Homeകവര്‍സ്റ്റോറികടപ്പേടി പരത്തിയവര്‍ അധികാരത്തിലെത്തിയപ്പോള്‍

കടപ്പേടി പരത്തിയവര്‍ അധികാരത്തിലെത്തിയപ്പോള്‍

രഘുനാഥന്‍ എം

‘‘അക്ഷരാർഥത്തിൽ കടക്കെണിയിലാണ് സംസ്ഥാനം. എല്ലാ ഡിപ്പാർട്ട്മെന്റും കടത്തിലാണ്. കേരളത്തിലെ പല സ്ഥാപനങ്ങളും തകർന്നു തുടങ്ങി…. കടം കയറി ആത്മഹത്യയുടെ വക്കിൽ എത്തിനിൽക്കുന്ന ഒരു കുടുംബത്തിന്റെ സ്ഥിതിയാണ് സ്റ്റേറ്റിന്റെ സ്ഥിതി. അവിടെനിന്ന് തിരിച്ചുകൊണ്ടുവരും’’, പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്നപ്പോഴത്തെ വി.ഡി. സതീശന്റെ വാക്കുകളാണിത്. അന്ന് അതിനു തെളിവായി ചൂണ്ടിക്കാണിച്ചത് കടം–-ജി എസ് ഡി പി അനുപാതം 37 ശതമാനമാണെന്നായിരുന്നു. എന്നാല്‍ സിഎജി യുടെ കണക്കു പ്രകാരം 2025-–26 ല്‍ ഇത് 33.6 ശതമാനം മാത്രമാണ്.

ജൂലൈ വരെയുള്ള സിഎജി കണക്കുകളില്‍ നടപ്പു സാമ്പത്തിക വർഷം ജൂലൈ വരെ സംസ്ഥാനത്തിന്റെ വായ്പ 26,461.75 കോടി രൂപയാണ്. ഇത് ജി എസ് ഡി പി യുടെ 37.4 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇതേ കാലയളവിലെ കടം 21,206 കോടി രൂപയായിരുന്നു. അത് ജി എസ് ഡി പി യുടെ 34.77 ശതമാനമായിരുന്നു. ഇപ്പോൾ കടം കഴിഞ്ഞ കൊല്ലത്തേക്കാൾ 2.63 ശതമാനം വര്‍ധിച്ചിരിക്കുന്നു. 2026 ഡിസംബര്‍ വരേയ്ക്കു സംസ്ഥാനത്തിന് കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന തുക 32,464 കോടി രൂപയാണ്. ഇതുവരെ എടുത്ത കടം 32,262 കോടിയാണ്. ഇനി അനുവദനീയമായതില്‍ 202 കോടി രൂപ മാത്രമേ അവശേഷിക്കുന്നുള്ളൂ. കടം ഇല്ലാതെ ഖജനാവ് നിറയ്ക്കും എന്ന സതീശന്റെ വീരവാദം പൊളിഞ്ഞു.

നാലുമാസത്തേക്ക് എന്തുചെയ്യും?
മുഖ്യമന്ത്രിയുടെ ആദ്യ ദില്ലി സന്ദർശനത്തിൽ കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടത് സംസ്ഥാനത്തിന്റെ വായ്പാ പരിധി ജി.ഡി.പി യുടെ 3 ശതമാനം എന്നതില്‍ നിന്നും 4 ശതമാനമായി ഉയർത്തണം എന്നായിരുന്നു. അതായത് ഏകദേശം 15,000 കോടി രൂപ പ്രതിവര്‍ഷം അധികമായി കടമെടുക്കാന്‍ അനുവദിക്കണമെന്ന്. കടമെടുക്കുന്നതു കൂടാതെ ആഗസ്ത് 15 മുതൽ സെപ്തംബർ 30 വരെ പലിശ നിരക്കുയര്‍ത്തി ട്രഷറിയില്‍ പ്രത്യേക നിക്ഷേപ സമാഹരണവും ആരംഭിച്ചു. അതുവഴി പുതിയ നിക്ഷേപങ്ങൾക്ക് 7.75 ശതമാനവും (പഴയ നിരക്ക് 7.5) മുതിർന്നവർക്ക് 8 ശതമാനവും പലിശ ലഭിക്കും. ട്രഷറിയിലെ നിക്ഷേപം സംസ്ഥാനത്തിന്റെ കടമായിക്കണ്ട് വായ്പാ പരിധി കേന്ദ്രസര്‍ക്കാര്‍ കുറയ്ക്കും എന്നതിനാല്‍ ഈ നീക്കം ദോഷഫലമേ ചെയ്യുകയുള്ളൂ. ●

പൂവില്‍ നിന്നു തേന്‍ കുടിക്കുംപോലെ…

‘പൂമ്പാറ്റ പൂവില്‍ നിന്നും തേന്‍ കുടിക്കുന്നതുപോലെ നികുതി പിരിച്ചെടുക്കും’ എന്നായിരുന്നു മുഖ്യമന്ത്രി വാദിച്ചത്. സ്വര്‍ണക്കച്ചവടത്തില്‍ നിന്നും ഇപ്പോള്‍ കിട്ടുന്നതിലും 15,000 കോടി രൂപയെങ്കിലും അധികമായി കിട്ടുമെന്നും നികുതി കുടിശ്ശിക 25,000 കോടി രൂപ ഉണ്ടെന്നും അത് പിരിച്ചെടുക്കുന്നതിൽ എൽഡിഎഫ് സർക്കാർ പരാജയപ്പെട്ടെന്നും സതീശൻ ആക്ഷേപിച്ചിരുന്നു. എന്നാൽ അവ പരിഹരിക്കാൻ യാതൊരു നടപടിയും യുഡിഎഫിന്റെ ബജറ്റിലില്ല.
2026 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ തനതു നികുതി വരുമാനത്തില്‍ 2015-–16 നെ അപേക്ഷിച്ച് രണ്ടിരട്ടിയിലധികവും നികുതിയേതര വരുമാനത്തില്‍ മൂന്നിരട്ടിയിലധികവും വളര്‍ച്ച കൈവരിച്ചിരുന്നു. കൂടാതെ കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നികുതി വരുമാന ഘടനയില്‍ വരുത്തിയ മാറ്റങ്ങള്‍ വഴിയും സംസ്ഥാനത്തിന് നഷ്ടമുണ്ടായി. എങ്കിലും നികുതി വരുമാനം സംസ്ഥാനത്ത് എല്‍ഡിഎഫ് ഭരണകാലത്ത് വര്‍ധിക്കുകയാണുണ്ടായത്. നികുതി പിരിക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കാര്യക്ഷമതയില്ലെന്നതും വസ്തുതാവിരുദ്ധമാണ്. എല്‍ഡിഎഫ് സര്‍ക്കാർ കാര്യക്ഷമമായി ഇടപെട്ടതിന്റെ ഫലമാണ് യുഡിഎഫ് അധികാരത്തിലേറിയതിന്റെ ആദ്യമാസങ്ങളിലുണ്ടായ നികുതി വരുമാനത്തിലെ വര്‍ധനവ്. ●

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eight + sixteen =

Most Popular