2004ൽ ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മർദം മൂലം നടപ്പാക്കിയ പദ്ധതിയാണ് മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പ് പദ്ധതി. 2009 മുതൽ ഈ പദ്ധതിയെ അട്ടിമറിക്കാൻ ഭരണപക്ഷ പാർട്ടികൾ ശ്രമം തുടങ്ങിയിരുന്നു. ഓരോ ബജറ്റിലും തൊഴിലുറപ്പ് പദ്ധതിക്കുള്ള വകയിരുത്തൽ കുറച്ചുകൊണ്ടുവന്നത് അതിനുതെളിവാണ്.
2014ൽ മോദി സർക്കാർ അധികാരമേറ്റതോടെ മറ്റെല്ലാ തൊഴിലാളിവിരുദ്ധ – ജനവിരുദ്ധ നയങ്ങൾക്കൊപ്പം തൊഴിലുറപ്പ് പദ്ധതിക്ക് അന്ത്യംകുറിക്കാനുള്ള ആസൂത്രിത പദ്ധതികളും ആരംഭിച്ചു. 2025 ഡിസംബറിൽ വിബി–ജി ആർഎഎം(ജി) എന്ന പേരിൽ പുതിയ ഒരു ബിൽ പാസ്സാക്കി തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിച്ചിരിക്കുകയാണ്. പത്തുലക്ഷത്തോളം കുടുംബങ്ങൾക്ക് ഓരോ വർഷവും 100 തൊഴിൽദിനങ്ങൾ വീതം നൽകിയിരുന്ന പദ്ധതിയാണിത്. ഏറ്റവും പാവപ്പെട്ടവരും അരികുവത്കരിക്കപ്പെട്ടവരും സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവരുമായ ജനവിഭാഗങ്ങളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. മൊത്തം തൊഴിലാളികളിൽ 50 ശതമാനം സ്ത്രീകളാണ്. 40 ശതമാനത്തോളം പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരാണ്.
തൊഴിലുറപ്പ് പദ്ധതിയുടെ 90 ശതമാനം ചെലവും കേന്ദ്ര സർക്കാർ ആയിരുന്നു വഹിച്ചിരുന്നത്. അതാണ് ഇപ്പോൾ 40 ശതമാനം സംസ്ഥാനങ്ങളുടെ തലയിൽ മോദി സർക്കാർ കെട്ടിവച്ചത്. എന്നിട്ടും നയപ്രഖ്യാപന പ്രസംഗത്തിലോ ബജറ്റിലോ എതിർക്കാൻ പോലും യുഡിഎഫ് സർക്കാർ തയ്യാറായില്ല.
ഈ പദ്ധതി പ്രാവർത്തികമാക്കാൻ സംസ്ഥാന വിഹിതമായി 2,090.96 കോടി രൂപ ആവശ്യമായി വരും. എന്നാൽ സംസ്ഥാന സർക്കാർ നീക്കിവച്ചതാകട്ടെ 668 കോടി രൂപ മാത്രമാണ്. തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നിലപാടിന്റെ വഴികളിലാണ് യുഡിഎഫ് സർക്കാരും നീങ്ങുന്നത്.
കേരളത്തിൽ 19.28 ലക്ഷം കുടുംബങ്ങളിലായി 22.73 ലക്ഷം തൊഴിലാളികളാണ് തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കൾ. അവരിൽ 88 ശതമാനവും സ്ത്രീകളാണ്. പട്ടികവിഭാഗങ്ങൾക്ക് തൊഴിലുറപ്പ് പദ്ധതിയിൽ 100 അധികദിനങ്ങൾ ഉറപ്പാക്കുന്ന ഏകസംസ്ഥാനം കേരളമായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി ഉറപ്പാക്കിയ ഏകസംസ്ഥാനവും കേരളമാണ്. രണ്ടും എൽഡിഎഫ് സർക്കാരിന്റെ തിളക്കമാർന്ന നേട്ടങ്ങളാണ്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന ചൊല്ലിനെ അന്വർഥമാക്കുന്ന തരത്തിലാണ് കേന്ദ്ര -–സംസ്ഥാന സർക്കാരുകൾ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്നത്. l



