എൽ ഡി എഫ് സർക്കാർ അഞ്ച് ലക്ഷത്തിലേറെ കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച ലൈഫ് മിഷൻ പദ്ധതി പിരിച്ചുവിടുമെന്ന് യുഡി എഫ് അധികാരമേറ്റ ഉടൻതന്നെ തദ്ദേശ വകുപ്പുമന്ത്രി പ്രഖ്യാപിച്ചു. ലൈഫ് പദ്ധതി അവസാനിപ്പിച്ച് പകരം ആരംഭിക്കുന്ന തദ്ദേശഭരണസ്ഥാപനങ്ങൾക്കുമാത്രം ചുമതലയുള്ള പുതിയ ഭവനപദ്ധതി മുൻഗണനാക്രമത്തിൽ വീടിനായി കാത്തിരിക്കുന്ന രണ്ടുലക്ഷം കുടുംബങ്ങളുടെ പ്രതീക്ഷകളില്ലാതാക്കും. പുതിയ തീരുമാനപ്രകാരം ഗുണഭോക്താക്കളെ നിശ്ചയിക്കലും ധനസഹായം നൽകലുമെല്ലാം വരുമാനം കുറഞ്ഞ തദ്ദേശഭരണസ്ഥാപനങ്ങൾക്കാകുമ്പോൾ അത് നടപ്പാക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകും. നേരത്തെ ലൈഫിൽ കേന്ദ്രവിഹിതം കഴിഞ്ഞുള്ള തുക പൂർണമായും സംസ്ഥാന സർക്കാരും തദ്ദേശസ്ഥാപനങ്ങളുമാണ് വഹിച്ചത്. എന്നാൽ കേന്ദ്രത്തിന്റെ പുതിയ കരാർ പ്രകാരം ഒരുലക്ഷം രൂപ ഗുണഭോക്താവ് മുടക്കണം. കേന്ദ്രവിഹിതമായ എഴുപത്തിരണ്ടായിരം രൂപയും ചേർത്ത് സംസ്ഥാനസർക്കാർ നാലുലക്ഷം രൂപയാണ് മുൻപ് നൽകിയിരുന്നത്. പി.എം.എ.വൈ പദ്ധതിയിൽ കേന്ദ്രത്തിന്റെ ലോഗോ പതിക്കണമെന്ന തീട്ടൂരം ശിരസാവഹിച്ച യു.ഡി.എഫ് സർക്കാർ വീടെന്ന സ്വപ്നം സഫലമായിക്കാണാൻ കാത്തിരിക്കുന്ന പാവങ്ങൾക്ക് ഒരുലക്ഷം രൂപകൂടി മുടക്കിയാലേ വീട് ലഭിക്കൂ എന്ന സ്ഥിതിയിലെത്തിച്ചിരിക്കുന്നു. 2017 മെയ് മാസത്തിൽ ആരംഭിച്ച ലൈഫ് പദ്ധതിക്ക് കീഴിൽ 2026 മാർച്ച് വരെ 6,08,962 വീടുകൾ അനുവദിച്ചു. 2026 മാർച്ച് വരെ 5,00,962 വീടുകൾ പൂർത്തീകരിച്ചു. എൽഡിഎഫ് കാലത്ത് ആകെ 21,077.72 കോടി രൂപ ചെലവഴിച്ചു. ഭവന നിർമാണത്തിന് രാജ്യത്ത് ഏറ്റവും കൂടുതൽ തുക ചെലവഴിച്ച സംസ്ഥാനം കേരളമാണ്. ആ പദ്ധതിയാണ് യുഡിഎഫ് തകർക്കുന്നത്. l



