ഓണക്കാലത്ത് വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയർന്നപ്പോൾ വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്ന ജനദ്രോഹ നയമാണ് കെെക്കൊണ്ടത്.
കഴിഞ്ഞ പത്തുവർഷത്തെ അനുഭവങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ സാഹചര്യമാണ് ഇന്നുള്ളത്. അരി, പച്ചക്കറി, വെളിച്ചെണ്ണ, പഞ്ചസാര തുടങ്ങിയവയ്ക്ക് ദിനംപ്രതി വില കുതിച്ചുയരുന്നു. അരിക്ക് കിലോയ്ക്ക് 15 രൂപയിലേറെയാണ് വർദ്ധിച്ചത്. ഓണത്തിന് ഏറ്റവുമധികം ഉപയോഗിക്കുന്ന ഏത്തൻ, പൂവൻ തുടങ്ങിയ പഴങ്ങൾക്ക് 100 മുതൽ 150 രൂപ വരെ കടന്നു. കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്ത് വിപണി ഇടപെടലിന് പ്രത്യേക സംവിധാനങ്ങളുണ്ടായിരുന്നു. 2016 മുതൽ 13 നിത്യോപയോഗ സാധനങ്ങൾക്ക് സപ്ലൈകോയിൽ വില വർദ്ധിപ്പിച്ചിരുന്നില്ല. വെളിച്ചെണ്ണയ്ക്കും മുളകിനും ഇരട്ടി സബ്സിഡി നൽകി, പൊതുവിപണിയേക്കാൾ പകുതി വിലക്കുറവിൽ അന്ന് സാധനങ്ങൾ ലഭ്യമാക്കിയിരുന്നു. എന്നാൽ ഇന്ന് സപ്ലൈകോയിൽ സാധനങ്ങളില്ല എന്നുമാത്രമല്ല, ഉള്ളവയ്ക്ക് തീവിലയുമാണ്.
കഴിഞ്ഞവർഷം വരെ റേഷൻ കടകൾ വഴി നീല, വെള്ള കാർഡ് ഉടമകൾക്ക് പത്തു രൂപ 90 പൈസക്ക് ഓണക്കാലത്ത് നല്ല നിലവാരമുള്ള 10 കിലോ അരി നൽകിയിരുന്നു. ഇപ്പോൾ അതിന്റെ വില 26 രൂപയാണ്. കിലോയ്ക്ക് 15 ൽ അധികം രൂപയുടെ വർദ്ധനവ്. കൂടാതെ എല്ലാ കാർഡ് ഉടമകൾക്കും സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി 26 രൂപയ്ക്ക് 20 കിലോ അരി വരെ വാങ്ങാൻ കഴിയുമായിരുന്നു. ആ പദ്ധതിയും ഇപ്പോൾ നിലച്ച മട്ടാണ്. അളവ് വെട്ടിക്കുറച്ചതിന് പുറമെ വിതരണം ചെയ്തത് തീരെ ഗുണനിലവാരമില്ലാത്ത അരിയുമാണ്. മുൻഗണനാ വിഭാഗങ്ങൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും നൽകിവന്നിരുന്ന സൗജന്യ ഓണക്കിറ്റ് വിതരണം അവതാളത്തിലായി. ആറുലക്ഷത്തിലേറെ കിറ്റുകൾ നൽകേണ്ട സ്ഥാനത്ത് നൽകിയത് അരലക്ഷത്തിൽ പരം മാത്രം.
ഹോര്‍ട്ടികോര്‍പ് വഴിയുള്ള പച്ചക്കറി സംഭരണവും വിതരണവും നിലച്ചതോടെ വില പിടിച്ചുനിർത്താൻ യാതൊരു സംവിധാനവുമില്ലാതായി. കുട്ടികൾക്ക് നൽകുന്ന 5 കിലോ സൗജന്യ അരി നാലാക്കി കുറച്ചു. അതുതന്നെ ഓണാവധിക്ക് സ്കൂളുകൾ അടച്ചിട്ടും വിതരണം ചെയ്തുമില്ല.
2018ലെ പ്രളയകാലത്തും കോവിഡ് മഹാമാരി കാലത്തെ പ്രതിസന്ധി സമയത്തും ഓണക്കിറ്റ് മുടങ്ങിയിട്ടില്ല. സംസ്ഥാനത്തെ പൊതുവിതരണ സംവിധാനത്തെ ലോകത്തിനു തന്നെ മാതൃകയായ സാമൂഹിക സുരക്ഷാ സംവിധാനമാക്കി മാറ്റുകയായിരുന്നു എൽഡിഎഫ് സർക്കാർ. ഓണക്കാലത്ത് ആരും പട്ടിണി കിടക്കാതിരിക്കാൻ എൽഡിഎഫ് സർക്കാർ കാണിച്ച കരുതലിന്റെ തുടർച്ചയായിരുന്നു 2021–-22 കാലത്തെ വിപുലമായ ഓണക്കിറ്റ് വിതരണം.
2022ൽ റേഷൻ കടകൾ വഴി വിതരണം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ 68 ലക്ഷം കുടുംബങ്ങൾക്ക് കിറ്റ് നൽകിയിരുന്നു. 2025ലും മഞ്ഞ കാർഡ് കുടുംബങ്ങൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമായി 6,32,910 ഓണക്കിറ്റുകളാണ് എൽഡിഎഫ് സർക്കാർ വിതരണം ചെയ്തത്.എന്നാൽ 2026ൽ യുഡിഎഫ് ഭരണത്തിൽ 6,09,305 പേർക്ക് 16 ഇന കിറ്റ് നൽകുമെന്ന് പ്രഖ്യാപിച്ച സർക്കാർ അത് ജനങ്ങളിലെത്തിക്കുന്നതിൽ വൻ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്.
സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ മാത്രമാണ്. കച്ചവടം 200 കോടി പിന്നിട്ടു, 300 കോടിയിലേക്ക് പോകുന്നു തുടങ്ങി സോഷ്യൽ മീഡിയ കാർഡുകൾ സർക്കാർ തന്നെ പ്രചരിപ്പിച്ചു. യാഥാർത്ഥ്യം എന്താണ് ? കഴിഞ്ഞവർഷം ഓണ സീസണിൽ സപ്ലൈകോയുടെ കച്ചവടം 387 കോടിയായിരുന്നു. 57 ലക്ഷം ആളുകൾ സപ്ലൈകോയിൽ നിന്നും സാധനങ്ങൾ വാങ്ങി. എന്നാല്‍ ഇപ്പോള്‍ ഭൂരിഭാഗം സപ്ലൈകോ ഔട്ട്ലെറ്റുകളിലും സാധനങ്ങൾ സ്റ്റോക്കില്ല എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നാടാകെ വിലക്കയറ്റത്തിൽ പൊറുതിമുട്ടുമ്പോഴും സർക്കാർ പകച്ചു നിൽക്കുകയാണ്.
യാഥാർത്ഥ്യം ഇതായിരിക്കിലും, മുഖ്യമന്ത്രി പറയുന്നത് എല്ലാ ഇടപെടലുകളും സർക്കാർ നടത്തി എന്നാണ്. കേരളത്തിന്റെ പൊതുവിതരണ രംഗത്ത് കാര്യക്ഷമമായ യാതൊരു ഇടപെടലും നടത്താതെ, ജനങ്ങളുടെ ജീവിതം ഇത്രയും ദുസ്സഹമാക്കിയതിനുശേഷവും ഇങ്ങനെയൊക്കെയാണ് പറയുന്നത്. l



