മോദി ഭരണത്തിന്റെ സൃഷ്ടിയാണ് ഗോദി മീഡിയ. മോദിയുടെ കൈപ്പിടിയിൽ ഒതുങ്ങാത്ത മീഡിയ ഇപ്പോൾ സോഷ്യൽമീഡിയയാണ്. അത് വരുതിയിലാക്കുവാനാണ് ഐടി നിയമത്തിൽ ഭേദഗതി വരുത്തിയത്. അതുപ്രകാരം സർക്കാർ നിർണയിക്കുന്ന ഉദ്യോഗസ്ഥർ വഴി ആവശ്യപ്പെട്ട പോസ്റ്റുകൾ പ്ലാറ്റ് ഫോമിൽ നിന്ന് നീക്കംചെയ്യാൻ ബന്ധപ്പെട്ട പ്ലാറ്റ്ഫോം അധികൃതർക്ക് ബാധ്യതയുണ്ട്. അല്ലാത്തപക്ഷം പ്ലാറ്റ് ഫോമും പോസ്റ്റ് ചെയ്ത ആൾക്കെതിരെ എടുക്കുന്ന കേസിൽ പ്രതിയാകും. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ മോദിക്ക് വഴങ്ങിയിരിക്കുക യാണ്.
സാമൂഹ്യമാധ്യമങ്ങൾ വഴി സംഘടിപ്പിക്കപ്പെട്ട രണ്ട് പ്രധാന സമരങ്ങളാണ് വടക്കേ ഇന്ത്യയിലെ തൊഴിലാളി സമര വേലിയേറ്റവും, ജന്തർമന്തർ സമരവും. രണ്ടിന്റെയും റീലുകളും വീഡിയോകളും ന്യൂസ് കാർഡുകളും കേന്ദ്ര സർക്കാർ ഇടപെട്ട് ഏതാണ്ട് പൂർണമായും നീക്കിക്കഴിഞ്ഞു. കേരളത്തിൽ മെറ്റ ചില പോസ്റ്റുകൾ നീക്കം ചെയ്തതും ഇതിന്റെ തുടർച്ചയാണ്.
കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ തിരഞ്ഞെടുപ്പുകാലത്തെന്നപോലെ ഇപ്പോഴും വി ഡി സതീശനൊപ്പമാണ്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ സർക്കാരിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നുവരുന്നു. എന്നാൽ അവയെ തത്സമയം തന്നെ ഒതുക്കുവാനാണ് വിഡി സതീശന്റെ ശ്രമം. ഇതിനെ വിമർശിച്ചുകൊണ്ടുള്ള പ്രതിപക്ഷനേതാവിന്റെ പ്രസ്താവനകൾപോലും നീക്കുകയാണ്.
“ഞാൻ പറഞ്ഞാൽ മെറ്റ കേൾക്കുമോ? വാർത്തകൾ കണ്ടപ്പോൾ ഞാൻ ഒരു ഭയങ്കര സംഭവം തന്നെയെന്ന് എനിക്ക് തന്നെ തോന്നി. എന്റെ ഓഫീസ് പറഞ്ഞാൽ Meta വാർത്ത Remove ചെയ്യുമോ?, വിഷയത്തിൽ മാധ്യമങ്ങൾ പരാതി നൽകിയാൽ അതിനൊപ്പം ഞാൻ നിൽക്കാം” എന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത്. എന്നാൽ ഇതിന് കടക വിരുദ്ധമായാണ് അദ്ദേഹം പ്രവർത്തിച്ചതെന്ന് മെറ്റതന്നെ സാക്ഷ്യപ്പെടുത്തുന്നു.
മെറ്റ നീക്കം ചെയ്ത കെെരളിയുടെ കാർഡുകളൊന്നും തന്നെ വ്യാജ നിർമിത ദൃശ്യങ്ങളല്ല, വ്യക്തിപരമായതോ അംഗീകരിക്കാനാവാത്തതോ ആയ അധിക്ഷേപങ്ങളും അല്ല; രാഷ്ട്രീയ വിമർശനങ്ങളാണ് എന്നൊക്കെ തുടർന്ന് മെറ്റ തന്നെ വിശദീകരിക്കുന്നു. എന്നിട്ടും എന്തുകൊണ്ട് അവ നീക്കം ചെയ്തു?
ഈ ചിത്രങ്ങളൊന്നും മെറ്റയുടെ കമ്യൂണിറ്റി സ്റ്റാൻഡേർഡ്സിന് വിരുദ്ധമല്ല.
ചിത്രങ്ങളോ ഉള്ളടക്കമോ മെറ്റയുടെ ആഗോള നിയമങ്ങളുടെ നേരിട്ടുള്ള ലംഘനം കൊണ്ടല്ല, മറിച്ച് പ്രാദേശിക അധികാരികളിൽ നിന്നുള്ള നിയമപരമായ അഭ്യർത്ഥന കാരണം ഇന്ത്യയിൽ ജിയോ-ബ്ലോക്ക് (geo-blocked) ചെയ്യപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ്.
മുഖ്യമന്ത്രി സതീശൻ നേരിട്ട് ആവശ്യപ്പെട്ടുകാണില്ല, അദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതുകൊണ്ടാണ് ഇത് നീക്കംചെയ്തത്. ബിജെപി ഉണ്ടാക്കിയ നിയമത്തെ ഉപയോഗിച്ച് മെറ്റയ്ക്ക് സർക്കാർ നൽകിയ നിർദേശമനുസരിച്ചാണ് മെറ്റ പോസ്റ്റുകൾ പിൻവലിച്ചത് എന്ന് വ്യക്തം.
യുഡിഎഫ് സർക്കാരിന്റെ ഈ നടപടി ജനാധിപത്യ വിരുദ്ധവും പൗരാവകാശങ്ങളുടെ ധ്വംസനവുമാണ്; അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കലുമാണ്. l



