Wednesday, March 4, 2026

ad

Homeകവര്‍സ്റ്റോറികേരള 
വികസനത്തിന് 
മുഖവുര

കേരള 
വികസനത്തിന് 
മുഖവുര

വികസന സാഹിത്യത്തിൽ കേരളത്തിന് സവിശേഷമായ സ്ഥാനമുണ്ട്. വളർച്ചയുടെ നേട്ടങ്ങൾ സ്വാഭാവികമായി കിനിഞ്ഞിറങ്ങുന്നതിനു കാത്തുനിൽക്കാതെ സാധാരണക്കാർക്ക് വിദ്യാഭ്യാസവും ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുന്നതിനുള്ള ഒരു വികസനതന്ത്രം കേരളം ആവിഷ്കരിച്ചു. താഴ്ന്ന വരുമാനകാലത്ത് ഉയർന്ന ക്ഷേമം നൽകിയ സംസ്ഥാനമെന്ന നിലയിലാണ് കേരളം ആദ്യം പ്രസിദ്ധി നേടിയത്. എന്നാൽ ഇന്ന് വരുമാനവും വേഗതയിൽ ഉയരുകയാണ്. കേരളത്തിന്റെ പ്രതിശീർഷ വരുമാനം അഖിലേന്ത്യാ ശരാശരിയുടെ 50 ശതമാനമെങ്കിലും ഉയർന്നതാണ്.

പുതിയ വെല്ലുവിളികൾ
കേരളം പുതിയ വെല്ലുവിളികൾ നേരിടുകയാണ്. സാമൂഹ്യക്ഷേമ മേഖലകളിലെ രണ്ടാംതലമുറ പ്രശ്നങ്ങളാണ് അവയിലൊന്ന്. അതിനു കേരളം കണ്ടെത്തിയ ഉത്തരം അധികാരവികേന്ദ്രീകരണമാണ്. രണ്ടാമത്തെ വെല്ലുവിളി അഭ്യസ്തവിദ്യരുടെ പ്രതീക്ഷകൾക്കനുസരിച്ചുള്ള തൊഴിലവസരങ്ങൾ ലഭ്യമാകുന്നില്ലായെന്നുള്ളതാണ്. ഇതിന് ഉത്തരം കേരളം കണ്ടത് വിജ്ഞാന സമ്പദ്ഘടനയിലാണ്.

ധനതന്ത്രം
ഇത്തരത്തിലുള്ള ഒരു ദ്വിമുഖ വികസനതന്ത്രത്തിന് അനുപേക്ഷണീയമായ ഒരു നയകാഴ്ചപ്പാടുണ്ട്. സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കും പരമ്പരാഗത വ്യവസായങ്ങൾക്കും മറ്റുംവേണ്ടി റവന്യു ചെലവുകൾ ഗണ്യമായി ഉയർത്തേണ്ടിവരും. വിജ്ഞാനസമ്പദ്ഘടനയിലേക്കുള്ള പരിവർത്തനത്തിനുവേണ്ടി പശ്ചാത്തലസൗകര്യങ്ങളിൽ വലിയ നിക്ഷേപം നടത്തണം. അതിനു മൂലധനച്ചെലവും വർദ്ധിച്ചതോതിൽ ഉണ്ടാകണം. ഇവ രണ്ടും ഒത്തുപോവുക പ്രയാസമാണ്.

ഇത് മറികടക്കാൻ കേരളം ബജറ്റിനു പുറത്ത് വായ്പയെടുത്ത് പശ്ചാത്തലസൗകര്യങ്ങൾ സൃഷ്ടിക്കുന്ന സമീപനം സ്വീകരിച്ചു. ഇത് വമ്പിച്ച വിജയമായി. അങ്ങനെ ക്ഷേമവും പശ്ചാത്തലസൗകര്യ സൃഷ്ടിയും ഒരുമിച്ചു പോകുന്ന ഈ വികസനനയത്തെ തകർക്കാൻ കേന്ദ്ര സർക്കാരും പ്രതിപക്ഷവും കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. ഈയൊരു ദശാസന്ധിയിലാണ് അഞ്ചാം കേരള പഠന കോൺഗ്രസ് ചേരുന്നത്.

മേൽമദ്ധ്യ വരുമാന സമ്പദ്‌വ്യവസ്ഥ
മനുഷ്യവികസനത്തിലെ അപൂർവ നേട്ടങ്ങൾ കൈവരിക്കുകയും പ്രതിശീർഷ വരുമാനം ഗണ്യമായി ഉയർത്തുകയും ചെയ്ത ശേഷം, 2047-ഓടെ ഒരു പുരോഗമന മേൽമദ്ധ്യ വരുമാന സമ്പദ്‌വ്യവസ്ഥയായി മാറുകയെന്ന ലക്ഷ്യമാണ് കേരളം ഇപ്പോൾ മുന്നോട്ടുവയ്ക്കുന്നത്. ഇത്തരമൊരു പരിവർത്തനത്തിന് തടസം നിൽക്കുന്ന ഫെഡറൽ സംവിധാനത്തിലെ കേന്ദ്രീകരണ പ്രവണതകളെക്കുറിച്ചും കേന്ദ്ര സർക്കാരിന്റെ നിയോ ലിബറൽ നയങ്ങളെ കുറിച്ചും തിരിച്ചറിവുണ്ടായേ തീരൂ.

വികസനത്തിന്റെ സൂത്രവാക്യം
കേരളത്തിന്റെ മുന്നിലെ വെല്ലുവിളികൾ വലുതാണ്. പക്ഷേ അതിനുള്ള മറുപടി വ്യക്തമാണ്: ജനങ്ങൾ + പൊതു ഇടപെടൽ + സമത്വം + വിജ്ഞാനം. ഇത് ഒരു നയസൂത്രവാക്യമോ പ്രചാരണ മുദ്രാവാക്യമോ മാത്രമല്ല; കേരളത്തിന്റെ വികസനാനുഭവം ചുരുക്കിപ്പറയുന്ന ഒരു രാഷ്ട്രീയ–സാമ്പത്തിക ദർശനമാണ്. വികസനത്തിന്റെ കേന്ദ്രബിന്ദുവിൽ ജനങ്ങളെ ത്തന്നെ സ്ഥാപിക്കുന്നതിലൂടെ, വിപണിയുടെ അന്ധഗതിക്ക് വിട്ടുകൊടുക്കാതെ സമൂഹത്തിന്റെ കൂട്ടായ ഇച്ഛാശക്തിയെ പ്രവർത്തനപഥത്തിലെത്തിക്കുകയാണ് ഈ സമീപനം.

ലിംഗം, ജാതി, പ്രദേശം, കഴിവ് എന്നിവയുടെ പേരിൽ ആരും പുറന്തള്ളപ്പെടരുത്. വിജ്ഞാനം എല്ലാവർക്കും പ്രാപ്യമാവണം. അത് പൊതുവിദ്യാഭ്യാസം, ശാസ്ത്രബോധം, വിമർശനാത്മക ചിന്ത, സാങ്കേതിക നൈപുണി എന്നിവയിലൂടെ സമൂഹമൊട്ടാകെ പങ്കുവെക്കപ്പെടുന്ന ഒരു പൊതുസമ്പത്താവണം. വികസനം വെറും ജിഡിപി വർദ്ധനവായി ചുരുങ്ങാതെ, മനുഷ്യനെ കൂടുതൽ സ്വതന്ത്രവും സൃഷ്ടിപരവും സുരക്ഷിതവുമാക്കിത്തീർക്കുന്ന ഒരു വിമോചന പ്രക്രിയയായി മാറണം. ഇതാണ് കേരളത്തിന്റെ ഇടതുപക്ഷ ഭാവി. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 − thirteen =

Most Popular