Wednesday, March 4, 2026

ad

Homeകവര്‍സ്റ്റോറിപരമ്പരാഗത വ്യവസായങ്ങള്‍

പരമ്പരാഗത വ്യവസായങ്ങള്‍

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പരമ്പരാഗത വ്യവസായങ്ങൾ നിർണായക പങ്കുവഹിക്കുന്നുണ്ട്. കയർ, കശുവണ്ടി, കൈത്തറി, ഖാദി, കരകൗശലം തുടങ്ങിയ പരമ്പരാഗത വ്യവസായ മേഖലകൾ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഉപജീവന മാർഗമാണ്. അന്താരാഷ്ട്ര വിപണിയിൽ ഈ ഉൽപ്പന്നങ്ങൾക്ക് വൻ ഡിമാൻഡുണ്ടെങ്കിലും, അതിന്റെ ഗുണം തൊഴിലാളികളിലേക്ക് എത്താറില്ലെന്നത് കാലങ്ങളായുള്ള ഒരു വൈരുദ്ധ്യമാണ്.

കയർ
കയർ വ്യവസായത്തിൽ ഏതാണ്ട് ഒരു ലക്ഷം തൊഴിലാളികൾ ഇന്നു പണിയെടുക്കുന്നുണ്ട്. ആധുനികവൽക്കരണത്തിലൂടെ തിരിച്ചുവരവിന്റെ പാതയിലാണ്. പരമ്പരാഗത റാട്ടുകൾക്ക് പകരം ഇലക്ട്രോണിക് റാട്ടുകളും ഓട്ടോമാറ്റിക് സ്പിന്നിംഗ് മില്ലുകളും വന്നതോടെ 2016-ൽ ഏതാണ്ട് എണ്ണായിരം ടണ്ണിലൊതുങ്ങിയിരുന്ന ഉൽപ്പാദനം 2025 ആയപ്പോഴേക്കും ഇരുപത്തി ആറായിരം ടണ്ണിലധികമായി ഉയർന്നു. ആമസോൺ പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനവും, കയർ ഭൂവസ്ത്രങ്ങളുടെ വിപുലമായ ഉപയോഗവും ഈ മേഖലയ്ക്ക് ഉണർവ് നൽകിയിട്ടുണ്ട്.

കശുവണ്ടി
കശുവണ്ടി മേഖലയാകട്ടെ, തോട്ടണ്ടിയുടെ ലഭ്യതക്കുറവും ഇറക്കുമതി തീരുവയിലെ വർദ്ധനവും മൂലം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സ്വകാര്യ ഫാക്ടറികൾ പലതും പൂട്ടിപ്പോയപ്പോൾ, കാപ്പക്സ്, കശുവണ്ടി വികസന കോർപ്പറേഷൻ എന്നിവ വഴി സർക്കാർ നടത്തിയ ഇടപെടലുകൾ തൊഴിലാളികൾക്ക് ആശ്വാസമായി. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നു നേരിട്ട് തോട്ടണ്ടി ഇറക്കുമതി ചെയ്യാനും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളിലൂടെ വിപണി പിടിക്കാനും നാം നടത്തിയ നീക്കങ്ങളും ഒരു പരിധിവരെ ഗുണം ചെയ്തിട്ടുണ്ട്.

കൈത്തറി
സർക്കാർ നടപ്പിലാക്കിയ സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിയാണ് കൈത്തറി മേഖലയുടെ ഉയിർത്തെഴുന്നേൽപ്പിന് വഴിയൊരുക്കിയത്. ഇതിലൂടെ നെയ്ത്തുകാർക്ക് വർഷത്തിൽ ഭൂരിഭാഗം ദിവസവും തൊഴിൽ ഉറപ്പാക്കാൻ സാധിച്ചു. പവർലൂമുകളുടെ കടന്നുകയറ്റവും നൂലിന്റെ വിലക്കയറ്റവും ഭീഷണിയാകുമ്പോഴും, ‘ഹാന്റക്സ്’ പോലുള്ള സംവിധാനങ്ങളെ പുനരുജ്ജീവിപ്പിച്ചും നെയ്ത്തുകാർക്ക് ഇൻകം സപ്പോർട്ട് നൽകിയും ഈ മേഖലയെ സംരക്ഷിച്ചുനിർത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

കെട്ടിട നിർമ്മാണ രീതികളിലുണ്ടായ മാറ്റം മൺപാത്ര-–ഓടുവ്യവസായങ്ങളെയും, സിഗരറ്റിന്റെ പ്രചാരം ബീഡി വ്യവസായത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം, കൂടിയ ഉൽപ്പാദനച്ചെലവ്, അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരം എന്നിവയും പരമ്പരാഗത മേഖലകളെ പ്രതിസന്ധിയിലാക്കുന്നു.

പരിഹാരങ്ങൾ
പഴയ രീതികളിൽ നിന്നുമാറി, വിപണിക്ക് ആവശ്യമായ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുക എന്നതാണ് പ്രധാനം. മേച്ചിൽ ഓടുകൾക്കുപകരം അലങ്കാരവസ്തുക്കളിലേക്കും ഫ്ലോർ ടൈലുകളിലേക്കും മാറുന്നത് മൺപാത്രമേഖലയ്ക്ക് ഗുണം ചെയ്യും. ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കരകൗശല, മുള ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തണം. കള്ളുഷാപ്പുകൾ നവീകരിക്കുന്നതിനൊപ്പം നീര ഉൽപ്പാദനം പോലുള്ള പുതിയ വഴികൾ തേടേണ്ടതുണ്ട്. കൈത്തറി മേഖലയിലാവട്ടെ, സ്കൂൾ യൂണിഫോമുകൾക്കപ്പുറം വിപണിക്ക് വേണ്ട പ്രീമിയം ഫാഷൻ വസ്ത്രങ്ങൾ നെയ്തെടുക്കാനും ബ്രാൻഡിംഗിലൂടെ അവ വിപണനം ചെയ്യാനും കഴിയണം.

കശുവണ്ടി, കയർ ഉൾപ്പെടെയുള്ള മേഖലകളിൽ അസംസ്കൃത വസ്തുക്കൾ പ്രാദേശികമായി ലഭ്യമാക്കാനുള്ള നടപടികൾ അനിവാര്യമാണ്. കൂടാതെ യന്ത്രവൽക്കരണം, ഗുണനിലവാരം ഉറപ്പാക്കൽ, ഇടനിലക്കാരെ ഒഴിവാക്കി തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനം നൽകൽ എന്നിവയ്ക്കും മുൻഗണന നൽകണം. സർക്കാർ സഹായത്തോടെയുള്ള ആധുനികവൽക്കരണവും നൂതന രീതികളും ഈ മേഖലയുടെ ഉയിർത്തെഴുന്നേൽപ്പിന് അനിവാര്യമാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × three =

Most Popular