Wednesday, May 13, 2026

ad

Homeകവര്‍സ്റ്റോറിപൊതുവിദ്യാഭ്യാസം

പൊതുവിദ്യാഭ്യാസം

പ്രസിദ്ധമായ കേരള മാതൃകയുടെ അടിസ്ഥാനശിലകളിലൊന്നാണ് നമ്മുടെ പൊതുവിദ്യാഭ്യാസം. സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പാക്കുന്ന, 1 മുതൽ +2 വരെയുള്ള വിദ്യാഭ്യാസം ഏതാണ്ടെല്ലാവരും പൂർത്തിയാക്കുന്ന സംസ്ഥാനമാണ് കേരളം. 80 ശതമാനത്തിലധികം കുട്ടികളും സംസ്ഥാന സർക്കാർ സിലബസ് പഠിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനവുമാണ് കേരളം.

മറ്റെല്ലാത്തിലുമെന്നപോലെതന്നെ, 1957ലെ ഇ എം എസ് സർക്കാർ അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലും അതിന്റെ ഭാഗമായി കൊണ്ടുവന്ന കേരള വിദ്യാഭ്യാസ ചട്ടങ്ങളുമാണ് നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ അടിത്തറയായി വർത്തിക്കുന്നത്. വിദ്യാഭ്യാസത്തെ പുരോഗമന സമൂഹത്തിന്റെ ചാലക ശക്തിയായി കണ്ടുകൊണ്ട് സ്കൂൾ വിദ്യാഭ്യാസ വ്യാപനത്തിനും എല്ലാ കുട്ടികൾക്കും സ്കൂൾ വിദ്യാഭ്യാസം പ്രാപ്യമാക്കുന്നതിനുംവേണ്ടി ഒട്ടനവധി പദ്ധതികൾ ആ സർക്കാർ നടപ്പാക്കി. 1957ൽ അപ്പർ പ്രൈമറി തലംവരെയും 1969ൽ ഹെെസ്കൂൾ തലംവരെയും സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം ഉറപ്പാക്കി. തുടർന്ന് പല തവണയായി അധികാരത്തിൽവന്ന ഇടതുപക്ഷ സർക്കാരുകൾ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനും പ്രാപ്യത സാർവത്രികമാക്കുന്നതിനുംവേണ്ട പദ്ധതികൾ ഓരോന്നായി നടപ്പാക്കി. കഴിഞ്ഞ നാല് പഠന കോൺഗ്രസുകളും അതിന് വഴികാട്ടിയായി.

2016നു മുൻപുവരെ ഇടതുപക്ഷവും വലതുപക്ഷവും മാറിമാറി അധികാരത്തിൽ വന്നുകൊണ്ടിരുന്ന കേരളത്തിൽ വലതുപക്ഷ സർക്കാർ അധികാരമുള്ളപ്പോഴെല്ലാം താറുമാറാക്കിയ പൊതുവിദ്യാഭ്യാസത്തെ കെെപിടിച്ചുയർത്തിയത് പലപ്പോഴും പഠന കോൺഗ്രസുകളിലെ നിർദ്ദേശങ്ങളായിരുന്നു. 1957ലെ വിദ്യാഭ്യാസ ബില്ലിനെ എതിർത്ത ചരിത്രമുള്ള വലതുപക്ഷം തുടർന്നിങ്ങോട്ട് പൊതുവിദ്യാഭ്യാസ മേഖലയിൽ നാളിതുവരെ കൊണ്ടുവന്ന എല്ലാ മുന്നേറ്റങ്ങളെയും എതിർത്തു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
2011–16 കാലത്തെ യുഡിഎഫ് ഭരണത്തിൽ സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന പൊതുസ്ഥിതിയുണ്ടായി. മലാപറമ്പ് എയുപി സ്കൂൾ അടക്കം 4 സർക്കാർ സ്കൂളുകൾ യുഡിഎഫ് സർക്കാർ നിർദാക്ഷിണ്യം അടച്ചുപൂട്ടി. 2016ൽ അധികാരത്തിലേറിയ എൽഡിഎഫ് ഈ സ്കൂളുകൾ ഏറ്റെടുത്തു. തികച്ചും സ്വപ്നതുല്യമായ മാറ്റങ്ങളാണ് കഴിഞ്ഞ പത്തുവർഷംകൊണ്ട് വിദ്യാഭ്യാസരംഗത്തെ ഭൗതിക സൗകര്യവികസനരംഗത്തുണ്ടായത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും വിദ്യാകിരണം പദ്ധതിയും ആരംഭിച്ചു. സ്മാർട്ട് ക്ലാസ് മുറികളും സാങ്കേതികവിദ്യാ സൗകര്യങ്ങളും റോബോട്ടിക് ലാബുകളുമെല്ലാം സ്കൂളുകളിലൊരുക്കി. സ്കൂളുകളെ നവീനമാക്കി. കാലാനുസൃതമായി വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിന് കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2023 വികസിപ്പിച്ചു; ജനകീയ മാതൃകയിൽ പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു. 2017–18 അക്കാദമിക് വർഷം മുതൽ 2025–26 വരെ 11 ലക്ഷത്തിലേറെ കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ എത്തിച്ചേർന്നു. കായികരംഗത്തും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലും സർഗാത്മകശേഷിയിലുമെല്ലാം തുല്യ ശ്രദ്ധ ചെലുത്തി. സമഗ്രവും നൂതനവുമായ മാറ്റമാണ് വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ 10 വർഷത്തിനകത്ത് ഉണ്ടായത്.

വിജ്ഞാനസമൂഹത്തിലേക്ക്
ഇനിയുമേറെ നാം മുന്നോട്ടുപോകേണ്ടതുണ്ട്. വിജ്ഞാനസമൂഹത്തിലേക്കുള്ള പരിവർത്തനമാണ് അതിൽ ഏറ്റവും പ്രധാനം. അതുപോലെ ആർജിക്കുന്ന അറിവിനെ പ്രയോജനപ്പെടുത്താനുള്ള കഴിവും കുട്ടികളിൽ വികസിപ്പിക്കണം. അതിന് പഠനരീതിയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തണം.പ്രീ സ്കൂൾ വിദ്യാഭ്യാസത്തെ ശാസ്ത്രീയമാക്കിത്തീർക്കേണ്ടതുണ്ട്. അധ്യാപകരുടെ പ്രൊഫഷണൽ വികാസം അനിവാര്യമായും സാധ്യമാക്കേണ്ടതുണ്ട്.

ഭിന്നശേഷിക്കാരായ കുട്ടികൾ, ഗോത്ര – തീരദേശ മേഖലയിലെ കുട്ടികൾ എന്നിങ്ങനെ എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ടുള്ള പൊതുവിദ്യാഭ്യാസ വ്യാപനത്തിന് ഇനിയും കൂടുതൽ പദ്ധതികളും ജാഗ്രതയും ആവശ്യമാണ്. ഗുണമേന്മാ വിദ്യാഭ്യാസം സാധ്യമാക്കുന്നതിന് കൂടുതൽ പദ്ധതികൾ ആവശ്യമാണ്. എ പ്ലസിൽ കുരുങ്ങിക്കിടക്കുന്ന ശരാശരി ചിന്തയിൽനിന്നും സമൂഹത്തെ പരിവർത്തിപ്പിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം കുട്ടികൾ ദുർബലരാക്കപ്പെടുകയും മാനസിക സമ്മർദ്ദത്തിലകപ്പെടുകയും ചെയ്യും. മികച്ച മൂല്യങ്ങളും അതിജീവനശേഷിയുമുള്ള ഒരു ഭാവി തലമുറയെ വാർത്തെടുക്കുന്നതിന് പൊതുവിദ്യാഭ്യാസരംഗത്ത് കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കണം.

ഭരണഘടനയുടെ ഫെഡറൽ സത്തയെ ചോദ്യം ചെയ്യുകയും വിദ്യാഭ്യാസത്തെ കമ്പോളവൽകരിക്കുകയും വർഗീയവൽകരിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നയങ്ങളെ ചെറുക്കേണ്ടതുണ്ട്. ദേശീയ വിദ്യാഭ്യാസ നയം 2020നെതിരായ ചെറുത്തുനിൽപ്പ് ഉയരണം. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ഇത്തരം പോരാട്ടങ്ങളും അനിവാര്യമാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 − 3 =

Most Popular