തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കപ്പെടുന്ന വികസന സദസ്സുകള്‍ക്ക് തുടക്കമായിരിക്കുകയാണ്. കേരളമിന്നോളം ആര്‍ജ്ജിച്ച വികസന നേട്ടങ്ങളെ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനും ഭാവിവികസന പ്രക്രിയകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ഉദ്ദേശിച്ചുള്ളവയാണ് വികസന സദസ്സുകള്‍. പൊതുജനങ്ങള്‍ക്ക് ക്രിയാത്മകമായ വികസനാശയങ്ങള്‍ സര്‍ക്കാരിലേക്ക് എത്തിക്കാനും അവയ്ക്ക് പ്രായോഗിക രൂപം നല്‍കുന്നതിന് പൊതുജന പിന്തുണ ഉറപ്പാക്കാനുമാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത്.
ഒരു മാസം നീണ്ടുനില്‍ക്കുന്ന ഘട്ടത്തില്‍ സംസ്ഥാനമൊട്ടാകെയുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഈ നാടിന്റെ ഭാവി വികസനപാതയ്ക്ക് അടിത്തറ പാകും. വികേന്ദ്രീകൃത ആസൂത്രണത്തില്‍ രാജ്യത്തിനാകെ മാതൃകയായിത്തീര്‍ന്ന കേരള സംസ്ഥാനത്തിന്റെ മറ്റൊരു മാതൃകാപരമായ മുന്‍കൈയായി മാറും വികസന സദസ്സ്.
കേരളത്തിലെ ഇതുവരെയുള്ള വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്കു മുമ്പില്‍ ഇവിടെ അവതരിപ്പിക്കപ്പെടും. സംസ്ഥാനതലത്തിലുള്ള വികസന നേട്ടങ്ങള്‍ക്കു പുറമെ പ്രാദേശിക തലത്തിലുള്ള വികസന നേട്ടങ്ങളും അവതരിപ്പിക്കപ്പെടും. തുടര്‍ന്ന് ഏറ്റവും കൂടുതല്‍ സമയം വികസന സദസ്സുകള്‍ മാറ്റിവെക്കുന്നത് ചര്‍ച്ചകള്‍ക്കായിട്ടാണ്. ഇവയ്ക്കുമേലുള്ള ജനാഭിപ്രായം ആരായുകയാണ് പ്രധാന ഉദ്ദേശ്യം.
ജനങ്ങള്‍ മുമ്പോട്ടുവെക്കുന്ന ആവശ്യങ്ങള്‍ ക്രോഡീകരിച്ചുകൊണ്ട് അടുത്ത വര്‍ഷങ്ങളിലേക്കുള്ള പ്രാദേശികതല – സംസ്ഥാനതല വികസനത്തിന്റെ രൂപരേഖയുണ്ടാക്കണം. നവകേരളയാത്രയുടെ ഭാഗമായി അങ്ങോട്ടുചെന്ന് ജനങ്ങളെ കണ്ടതുപോലെ, എല്ലാ പഞ്ചായത്തിലുമുള്ള ജനങ്ങളിലേക്ക് വികസന സദസ്സ് എത്തുകയാണ്. ഇത് കേരളത്തില്‍ വലിയ ഒരു മാറ്റമുണ്ടാക്കും. ഒരുപക്ഷേ ഇന്ത്യയില്‍ തന്നെ, ആദ്യമായിട്ടായിരിക്കും ഇത്തരത്തില്‍ ജനങ്ങളെ അങ്ങോട്ടു ചെന്നു കേട്ടുകൊണ്ടുള്ള വികസനം ആസൂത്രണം ചെയ്യപ്പെടുന്നത്.
ഓരോ പ്രദേശത്തിന്റെയും ഭാവി വികസനം എങ്ങനെയാകണം എന്നത് വിഭാവനം ചെയ്യാനാണ് നാം ഇതിലൂടെ ശ്രമിക്കുന്നത്. പ്രാദേശികമായ വികസന വഴികള്‍ക്കായി ഒരു പൊതു പരിപ്രേക്ഷ്യം രൂപീകരിക്കാന്‍ കഴിയും എന്നാണ് കാണുന്നത്. ഇങ്ങനെ ഓരോ പ്രദേശത്തിന്റെയും വികസനത്തിലൂടെ സംസ്ഥാനത്തിന്റെ മൊത്തം വളര്‍ച്ചയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
1996 ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടപ്പാക്കിയ ജനകീയാസൂത്രണം ആ യാത്രയിലെ സുപ്രധാന നാഴികക്കല്ലായി മാറി. വികേന്ദ്രിതമായ ജനകീയ ഇടപെടലുകളുടെ ചരിത്രത്തിലെ തിളക്കമാര്‍ന്ന ഏടാണ് ജനകീയാസൂത്രണം. ഭരണനിര്‍വ്വഹണത്തിലും പദ്ധതി നടത്തിപ്പിലും വിപ്ലവകരമായ മാറ്റങ്ങളാണ് ജനകീയാസൂത്രണത്തിലൂടെ സാധ്യമായത്.
ഓരോ തദ്ദേശ സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ വികസന ഭാഗധേയം നിര്‍ണ്ണയിക്കാനായുള്ള അധികാരം കൈമാറിയതിനാല്‍ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറി. 73, 74 ഭരണഘടനാ ഭേദഗതികളാണ് ഈ വലിയ മാറ്റത്തിന് അവസരം ഒരുക്കിയത്. പക്ഷേ ഈ ഭരണഘടനാ ഭേദഗതികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ കേരളത്തിലേതിനു സമാനമായ മാറ്റം കൊണ്ടുവന്നില്ല എന്നത് കാണണം. എന്തുകൊണ്ടാണത്? നിശ്ചയമായും അധികാരവികേന്ദ്രീകരണം കാര്യക്ഷമമായി നടപ്പാക്കിയതുകൊണ്ടാണ് നമുക്ക് അത്തരമൊരു മുന്നേറ്റം സാധ്യമായത്.
സംസ്ഥാന സര്‍ക്കാര്‍ ഒരു പദ്ധതി വിഭാവനം ചെയ്യുന്നു, സംസ്ഥാന സര്‍ക്കാര്‍ തന്നെ നടപ്പാക്കുന്നു എന്ന രീതിക്ക് മാറ്റം വന്നു. ഓരോ പദ്ധതിയും വിഭാവനം ചെയ്യുന്നതിലും പ്രാദേശിക തലത്തിലുള്ള പങ്കാളിത്തം ഉറപ്പാക്കി. അവ നടപ്പാക്കുന്നതിനായി സംസ്ഥാന പദ്ധതിവിഹിതത്തിന്റെ നല്ലൊരു പങ്ക് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കി. അതുകൊണ്ട് പ്രകടമായ മാറ്റങ്ങള്‍ തന്നെ നാട്ടിലുണ്ടായി.
നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെട്ടു. സ്‌കൂളുകള്‍ മെച്ചപ്പെട്ടു. പ്രാദേശിക റോഡുകള്‍ സഞ്ചാരയോഗ്യമായി. അങ്ങനെ ഒട്ടേറെ മുന്നേറ്റങ്ങളുണ്ടായി. എന്നാല്‍ അവയ്ക്ക് ഇടക്കാലത്ത് ഒരു ഗ്ലാനി സംഭവിച്ചു. നമ്മുടെ പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്ന നിലയിലേക്ക്, ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത നിലയിലേക്ക് ഒക്കെ എത്തിച്ചേരുന്ന നിലയുണ്ടായി.
വികേന്ദ്രീകൃത ഇടപെടലിലൂടെ നമ്മള്‍ കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതായിപ്പോവുകയാണോ എന്ന ആശങ്ക പൊതുസമൂഹത്തിലാകെ പടര്‍ന്നു. ആ ഒരു ഘട്ടത്തിലാണ് 2016 ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. നമ്മുടെ സ്‌കൂളുകളെ, ആരോഗ്യ കേന്ദ്രങ്ങളെ എന്നുവേണ്ട പ്രാദേശിക വികസനത്തെയാകെ പുനരുദ്ധാരണത്തിന്റെ പാതയിലേക്ക് നയിക്കാനുതകുന്ന ഇടപെടലുകളാണ് ആ സര്‍ക്കാരില്‍ നിന്നുമുണ്ടായത്.
സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വര്‍ദ്ധിപ്പിക്കാനുതകുന്ന ഇടപെടലുകളുണ്ടായി. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും എന്നുള്ള ധാരണ മാറ്റി, ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്മാര്‍ എന്ന ബോധ്യം ജനങ്ങളില്‍ സൃഷ്ടിച്ചു. ഒരു മന്ത്രിസഭ ഒന്നാകെ ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരുടെ പ്രശ്‌നങ്ങള്‍ കേട്ടു. താലൂക്കു തലത്തിലും തദ്ദേശ സ്ഥാപന തലത്തിലും അദാലത്തുകള്‍ സംഘടിപ്പിക്കപ്പെട്ടു. സേവനങ്ങള്‍ ലഭിക്കാന്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥയ്ക്ക് ഒരു പരിധിവരെ അറുതിവരുത്തിക്കൊണ്ട് ഓണ്‍ലൈന്‍ സേവന സംവിധാനങ്ങള്‍ നടപ്പാക്കി.
നല്‍കിയ വാഗ്ദാനങ്ങളില്‍ പാലിക്കപ്പെട്ടവ എത്ര, നടപ്പാക്കാനുള്ളവ എത്ര എന്ന് പൊതുജനങ്ങളെ അറിയിക്കുന്നതിനായി പ്രോഗ്രസ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. സര്‍ക്കാര്‍ ഒപ്പമുണ്ട് എന്നത് ഇന്ന് ഒരു ഭംഗി വാക്കല്ല, അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ഒപ്പമുണ്ട്. ആ ബോധ്യം ജനങ്ങളിലുണ്ടായപ്പോള്‍ അതിനെ തകര്‍ക്കാനും പരിഹസിക്കാനും തയ്യാറായവരുണ്ടായിരുന്നു. ഇത്തരത്തിലുള്ള വികസന സദസ്സുകളിലോ ചര്‍ച്ചകളിലോ അവര്‍ പങ്കെടുക്കില്ല എന്നു മാത്രമല്ല, പൊതുജനങ്ങളോട് പങ്കെടുക്കരുത് എന്ന് ആഹ്വാനം ചെയ്യുക കൂടി ചെയ്തു. എന്നിട്ട് പൊതുജനങ്ങള്‍ അതു ചെവിക്കൊണ്ടോ? ഇല്ല എന്നു തന്നെയാണ് വികസന സദസ്സിലെ വലിയ ജനപങ്കാളിത്തം വ്യക്തമാക്കുന്നത്.
ഒരു തരത്തിലുമുള്ള വിവേചനമോ കക്ഷിരാഷ്ട്രീയ പരിഗണനയോ ഇല്ലാതെയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാനം ഫണ്ട് കൈമാറുന്നത്. അതുകൊണ്ടാണ് കേരളമൊട്ടാകെ സമഗ്രമായ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എല്ലാവര്‍ക്കും ഭൂമി, എല്ലാവര്‍ക്കും വീട്, വൈദ്യുതി, കുടിവെള്ളം, മാലിന്യമുക്ത പരിസരം, വിദ്യാഭ്യാസം, ആരോഗ്യം, സാന്ത്വന ചികിത്സ തുടങ്ങിയ മഹത്തായ ലക്ഷ്യങ്ങളിലേക്ക് കേരളം പുരോഗമിക്കുന്നതിന്റെ ഒരു പ്രധാന കാരണം സംസ്ഥാന സര്‍ക്കാരിന്റെ സര്‍വ്വതലസ്പര്‍ശിയായ വികസനവും ക്ഷേമവും എന്ന കാഴ്ചപ്പാടാണ്. അതിന്റെ എത്രയോ ദൃഷ്ടാന്തങ്ങള്‍ ഈ നാട്ടിലെമ്പാടും കാണാനാകും.
മാറുന്ന കാലത്തിനനുസരിച്ച് നാടിനെ മുന്നോട്ടു നയിക്കാനുള്ള വികസന രൂപരേഖ തയ്യാറാക്കുക എന്നതാണ് ജനകീയ വികസന ചര്‍ച്ചയുടെ ലക്ഷ്യം. ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ വിപ്ലവകരമായ മാറ്റങ്ങളും ആഗോള സമ്പദ്ഘടനയിലും ലോകവ്യാപാരത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന ചലനങ്ങളും മനസ്സിലാക്കിക്കൊണ്ടുവേണം ഇനിയുള്ള കാലത്ത് നയരൂപീകരണം നടത്തേണ്ടത്. അത്തരത്തില്‍ നയരൂപീകരണം നടത്തുമ്പോള്‍ ഒരാള്‍ പോലും അതിന്റെ ഗുണഭോക്താക്കളുടെ നിരയില്‍ നിന്നു പിന്തള്ളപ്പെട്ടു പോകുന്നില്ല എന്ന് ഉറപ്പുവരുത്തുകയും വേണം.
കേന്ദ്രം സ്വീകരിക്കുന്ന അവഗണനാപരമായ നിലപാടാണ് നമ്മുടെ വികസനപാതയില്‍ തടസ്സം സൃഷ്ടിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനും പ്രാദേശിക സര്‍ക്കാരുകള്‍ക്കും ലഭിക്കുന്ന നികുതി വിഹിതം തുടര്‍ച്ചയായി വെട്ടിക്കുറയ്ക്കുന്നത് അവഗണനയുടെ ഒരു വശം മാത്രമാണ്. കേന്ദ്രനികുതി വരുമാനത്തില്‍ നിന്നും കേരളത്തിന് കിട്ടുന്ന വിഹിതം പത്താം ധനകമ്മീഷന്റെ കാലത്ത് 3.88 ശതമാനമായിരുന്നത് ഇപ്പോള്‍ 1.93 ആയി കുറഞ്ഞു.
കേന്ദ്രത്തില്‍ നിന്നും കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കിട്ടുന്ന നികുതിവിഹിതം പന്ത്രണ്ടാം ധനകമ്മീഷന്റെ കാലത്തുണ്ടായിരുന്ന 4.54 ശതമാനത്തില്‍ നിന്നും ഇപ്പോള്‍ 2.68 ശതമാനമായിരിക്കുന്നു. കേരളത്തോടുള്ള ഈ അവഗണനയെ നാം കൂട്ടായി തുറന്നു കാണിക്കേണ്ടതുണ്ട്. ഇതിന് ഭരണപക്ഷ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ പൊതുപ്രവര്‍ത്തകരും മാധ്യമങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും ഒറ്റക്കെട്ടായി രംഗത്തു വരണം. ഈ അവഗണനയ്ക്കു മുന്നില്‍ മുട്ടുകുത്തുന്നവരല്ല നാം എന്ന സന്ദേശം നല്‍കാന്‍ സാധിക്കണം. എല്ലാ അവഗണനകളെയും അതിജീവിച്ചു മുന്നേറാന്‍ നമുക്ക് കഴിയുന്നുണ്ട്. കേന്ദ്ര നിലപാട് എന്തുതന്നെയായാലും ജനങ്ങളുടെ ക്ഷേമത്തിന്റെയും നാടിന്റെ വികസനത്തിന്റെയും കാര്യങ്ങളില്‍ മുമ്പോട്ടുതന്നെ പോകാം എന്ന ആത്മവിശ്വാസം സംസ്ഥാന സര്‍ക്കാരിനുണ്ട്.
വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന ജീവിത സാഹചര്യങ്ങള്‍ എല്ലാ കേരളീയര്‍ക്കും ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധമാണ് ഈ സര്‍ക്കാര്‍. കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളിലായി നടപ്പിലാക്കിവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഇതിനുള്ള ദൃഷ്ടാന്തമാണ്. ലോകോത്തര നിലവാരമുള്ള പൊതുജനാരോഗ്യ സംവിധാനങ്ങളും പൊതുവിദ്യാഭ്യാസ രംഗവും നൂതന പശ്ചാത്തല സൗകര്യങ്ങളും മേന്മയേറിയ ക്ഷേമ പദ്ധതികളും എല്ലാമുള്ള ഒരു നവകേരളം നമുക്ക് സൃഷ്ടിക്കേണ്ടതുണ്ട്.
മതനിരപേക്ഷതയുടെയും സമാധാനത്തിന്റെയും നാടായാണ് നമ്മള്‍ അറിയപ്പെടുന്നത്. ഭേദചിന്തകള്‍ക്കതീതമായി നിലനില്‍ക്കുന്ന ഈ സാമൂഹിക ഐക്യത്തെ ശിഥിലീകരിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തിക്കൊണ്ട് ഒരുമിച്ച് നമുക്ക് മുന്നേറാം. ആ സാമൂഹിക ഐക്യത്തില്‍ ഊന്നിനിന്നുകൊണ്ട് വികസനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് നമുക്ക് ചുവടുവെക്കാം. അതിനുള്ള വഴികള്‍ അന്വേഷിക്കുന്ന വേദിയാകും വികസന സദസ്സ്. l



