ആഗസ്ത് 15ന്റെ പ്രസംഗത്തിലാണ് മോദി രാജ്യത്ത് ജിഎസ്ടി പരിഷ്-കാരം പ്രഖ്യാപിച്ചത്. നിയമാനുസൃതം ജിഎസ്ടി നിരക്ക് പരിഷ്കരിക്കാനുള്ള അധികാരം ജിഎസ്ടി കൗൺസിലിനാണ്. ജിഎസ്ടി സംവിധാനം തന്നെ ഫെഡറൽ ഘടനയിൽ സംസ്ഥാനങ്ങൾക്ക് നികുതി ചുമത്താനുള്ള അവകാശം കവർന്നെടുക്കലായിരുന്നു. എന്നാൽ, സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യമുള്ള ജിഎസ്ടി കൗൺസിലിനാണ് തീരുമാനമെടുക്കാനുള്ള അധികാരം എന്ന വാദമുയർത്തിയായിരുന്നു അതിനെ നേരിട്ടത്. മാത്രമല്ല, ജിഎസ്ടി നടപ്പാക്കിയതുമൂലം വരുമാന നഷ്ടമുണ്ടാകുന്ന സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന വ്യവസ്ഥയും ഉണ്ടായിരുന്നു. എന്നാൽ 5 വർഷം കഴിഞ്ഞപ്പോൾ നഷ്ടപരിഹാരം ഇല്ലാതായി. ഇപ്പോൾ ജിഎസ്ടി കൗൺസിൽ ചർച്ച ചെയ്ത് തീരുമാനിക്കേണ്ട നികുതി നിരക്ക് പരിഷ്-കാരം, പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലൂടെ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുകയാണുണ്ടായത്.
ഇപ്പോഴത്തെ ഏകപക്ഷീയമായ പരിഷ്–കാരം സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ തകർക്കുന്നതാണ്. എന്നാൽ നഷ്ടം നികത്തുന്നതിന് നഷ്ടപരിഹരം അനുവദിക്കാനും കേന്ദ്ര സർക്കാർ തയ്യാറല്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പിന്തുണയോടെ മോദിയുടെ പരിഷ്കാര നിർദേശങ്ങൾക്ക് ജിഎസ്ടി കൗൺസിലിന്റെ അംഗീകാരം നേടുകയാണുണ്ടായത്. ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ സാമൂഹ്യക്ഷേമ പദ്ധതികളോ സേവനമേഖലയിൽ സൗജന്യമോ ഒന്നും കാര്യമായിട്ടില്ലാത്തതുകൊണ്ട് ജിഎസ്ടി പരിഷ്-കാരത്തിന്റെ ഫലമായി വരുമാനത്തിലുണ്ടാകുന്ന നഷ്ടം അവയെ വലിയ തോതിൽ ബാധിക്കില്ല. അതുകൊണ്ടുതന്നെയാണ് മോദിയുടെ നിർദേശം കണ്ണുമടച്ച് അംഗീകരിക്കാൻ അവ തയ്യാറായത്. ഈ പശ്ചാത്തലത്തിൽ ഈ ലക്കം ചിന്തയുടെ കവർ സ്റ്റോറി ജിഎസ്ടി പരിഷ്-കാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. കെ എൻ ബാലഗോപാൽ, ഡോ. ടി എം തോമസ് ഐസക്, എൽ അനിതകുമാരി എന്നിവരാണ് ലേഖനങ്ങൾ എഴുതുന്നത്.
പുതിയ ജിഎസ്ടി പരിഷ്-കാരത്തിലൂടെ വില കുറയുമെന്നും അത് തങ്ങൾക്ക് ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുനേടാൻ സഹായകമാകുമെന്നുമുള്ള കണക്കുകൂട്ടലാണ് മോദിക്കും ബിജെപിക്കുമുള്ളത്. സാധാരണക്കാരുടെ നിത്യോപയോഗസാധനങ്ങളിൽ ചിലതിന്റെ വില കുറയുമെന്നത് ശരി തന്നെയാണ്. അത് സ്വാഗതാർഹവുമാണ്. എന്നാൽ സമ്പന്നർ ഉപയോഗിക്കുന്ന ആഡംബര വസ്തുക്കൾക്കാണ് ഏറെയും നികുതി കുറയുന്നത്. അവയുടെ വില കുറയുന്നത് സാധാരണക്കാരുടെ ജീവിതത്തിൽ തെല്ലും ആശ്വാസം നൽകില്ല.
എന്നാൽ, കേരളത്തെ സംബന്ധിച്ചിടത്തോളം നികുതി നിരക്കിലെ ഈ പരിഷ്-കാരം സംസ്ഥാന ഖജനാവിലേക്കുള്ള വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കും. അത് സാധാരണക്കാർക്ക് ലഭ്യമാകുന്ന ക്ഷേമ നടപടികളിലും സേവന പ്രവർത്തനങ്ങളിലും പ്രതിഫലിക്കാനുള്ള സാധ്യതയുണ്ട്. അത്തരത്തിൽ ക്ഷേമ നടപടികളിൽ കുറവുണ്ടായാൽ അത് കേരളത്തിലെ സാധാരണക്കാരുടെ ജീവിതത്തിൽ പ്രതികൂലമായ ഫലമുണ്ടാക്കും. ആ നിലയിൽ സംസ്ഥാനത്തിന്റെ ധനസ്ഥിതിയിലുണ്ടാകുന്ന പ്രതികൂലമായ ഏതുമാറ്റവും സാധാരണക്കാരുടെ ജീവിതത്തെയായിരിക്കും ദോഷകരമായി ബാധിക്കുന്നത്. l



