Saturday, May 16, 2026

ad

Homeപ്രതികരണംഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നൽകാൻ 
എൽഡിഎഫ് സർക്കാർ 
പ്രതിജ്ഞാബദ്ധം

ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നൽകാൻ 
എൽഡിഎഫ് സർക്കാർ 
പ്രതിജ്ഞാബദ്ധം

പുതിയ ഒരു അധ്യയനവര്‍ഷത്തിന് തുടക്കമായിരിക്കുകയാണ്. പതിവുപോലെ ഉത്സവഛായയിലാണ് ഇക്കുറിയും നാം വിദ്യാലയവര്‍ഷത്തിന് ആരംഭം കുറിച്ചത്. പ്രവേശനോത്സവം എന്നത് അക്ഷരാര്‍ത്ഥത്തില്‍ ഉത്സവഛായയിലാവുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നാം കാണുന്നത്.

അദ്ധ്യയന വര്‍ഷം അവസാനിക്കുമ്പോള്‍ തന്നെ അടുത്ത അദ്ധ്യയനവര്‍ഷത്തേക്കുള്ള പുസ്തകങ്ങള്‍ കുട്ടികളുടെ കൈകളിലേക്ക് എത്തുന്നു. കുട്ടികള്‍ക്കെല്ലാം യൂണിഫോം ലഭിക്കുന്നു. ക്ലാസ്സ് മുറികള്‍ കൂടുതല്‍ മികവിലേക്കുയരുന്നു. ഇതൊക്കെ പോരേ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ഉത്സവസമാനമായ സന്തോഷം ലഭിക്കാന്‍? മതി എന്നു തോന്നാം. എന്നാല്‍ അതിനപ്പുറവും ചിലതുണ്ട്. പരസ്പരം സ്നേഹമുണ്ടാവുക, കരുതലുണ്ടാവുക തുടങ്ങിയവയാണവ.

അറിവ് നേടുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ലോകത്തിന്റെ പുരോഗതിയുടെ അടിസ്ഥാനം തന്നെ അറിവാണ്. പുതിയ കാര്യം അറിയുകയും മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ ലഭിക്കുന്ന സന്തോഷം അളവറ്റതാണ്. അറിവ് ആര്‍ജിച്ച് ആത്മവിശ്വാസത്തോടെ വളരുന്നതിന്റെ ആനന്ദമാണ് ആധുനിക കാലത്ത് വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ടത്. അതിലേക്കാണ് നമ്മുടെ കുരുന്നുകള്‍ ചുവടുവയ്ക്കുന്നത്. എന്നാല്‍ അവരുടെ വിദ്യാലയ ജീവിതം അറിവ് ലഭിക്കുന്നതിലേക്കു മാത്രമായി ചുരുങ്ങരുത്.

ഇവിടെ എന്താണ് അറിവ് എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഗണിത പാഠങ്ങളോ പൊതുവിജ്ഞാനമോ ശാസ്ത്രജ്ഞാനമോ ഭാഷാപ്രാവീണ്യമോ ആര്‍ജിക്കുന്നത് മാത്രമാണോ അറിവ്? പാഠപുസ്തകങ്ങളിലെ വിവരങ്ങള്‍ കുട്ടിയുടെ ചിന്താമണ്ഡലത്തില്‍ വിവേകത്തിന്റേയും വിമര്‍ശനാത്മക ചിന്തയുടേയും സ്ഫുരണങ്ങള്‍ സൃഷ്ടിക്കണം.

മുന്‍പൊക്കെ ‘എന്തിനാണ് പഠിക്കുന്നത്?’ എന്ന ചോദ്യമുയര്‍ന്നാല്‍ ഭൂരിഭാഗം കുട്ടികളും ജോലി കിട്ടാന്‍ എന്ന മറുപടിയാണ് പറഞ്ഞിരുന്നത്. എന്നാല്‍ പുതിയ കാലത്ത് ‘വര്‍ക്ക് ലൈഫ് ബാലന്‍സ്’ എന്ന ആശയത്തിന് കൂടുതല്‍ മേല്‍ക്കൈയുണ്ടാവുകയാണ്. ഈയൊരു ഘട്ടത്തില്‍ ജീവിതം കെട്ടിപ്പടുക്കുക എന്നതാവണം പഠനത്തിന്റെ ലക്ഷ്യം. അതിന് അറിവ് മാത്രം മതിയാവില്ല. വിവേകവും വിവേചന ബുദ്ധിയും സഹജീവിസ്നേഹവും വിമര്‍ശനാത്മക ബുദ്ധിയുമെല്ലാം കൈമുതലായിവേണം. ആ നിലയിലേക്ക് കുട്ടികളുടെ ചിന്താശേഷിയെ വളര്‍ത്താനുതകുംവിധം സര്‍ക്കാര്‍ നമ്മുടെ പൊതുവിദ്യാഭ്യാസ രംഗത്തെ മാറ്റിത്തീര്‍ക്കുകയാണ്.

മാനവികതയുടെയും സ്നേഹത്തിന്റെയും മതനിരപേക്ഷ ചിന്തയുടെയും ജനാധിപത്യ ബോധത്തിന്റെയും പ്രകാശത്തിലേക്കാണ് കുട്ടി വളരേണ്ടത്. വിദ്യാഭ്യാസം അതിനു വേണ്ടിയുള്ളതാണ്. അറിവ് മാത്രമുണ്ടായാല്‍ പോര. തിരിച്ചറിവു കൂടി ഉണ്ടാകണം. അറിവുണ്ടാവുകയും തിരിച്ചറിവ് ഉണ്ടാകാതെ പോവുകയും ചെയ്യുന്നു എന്നതാണ് സത്യത്തില്‍ നമ്മുടെ പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ദോഷങ്ങളിലൊന്ന്.

ഔചിത്യബോധം, വിവേകം, വകതിരിവ്, കാര്യകാരണബന്ധ പരിശോധന, അറിവിന്റെ സാമൂഹിക വിനിയോഗത്തിനുള്ള ശേഷി തുടങ്ങിയവയൊക്കെക്കൂടി ഉണ്ടാകുമ്പോള്‍ മാത്രമേ അറിവ് സാഫല്യത്തിലെത്തൂ. ഇവയുടെ അഭാവത്തില്‍ ചില ഘട്ടങ്ങളിലെങ്കിലും അറിവ് അറിവില്ലായ്മയുടെ ഫലം ചെയ്യും.

ഈ ചിന്ത വിദ്യാഭ്യാസ പദ്ധതികളില്‍ ഉള്‍ച്ചേര്‍ക്കുകയെന്നത് വളരെ പ്രധാനമാണ്. അറിവിനെ ജീവിതവുമായി ബന്ധിപ്പിക്കണം; സമൂഹവുമായി ബന്ധിപ്പിക്കണം. അതാകട്ടെ അറിവുള്ളവരായി മാത്രമല്ല, അറിവ് ജീവിതത്തില്‍ പ്രയോഗിക്കാന്‍ സാമര്‍ത്ഥ്യമുള്ളവരായി കൂടി കുട്ടികളെ മാറ്റും. ആ വഴിക്കുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ കേരളത്തില്‍ നടത്തുന്നത്. ഉന്നതമായ അക്കാദമിക്ക് നിലവാരമാണ് നമ്മള്‍ ലക്ഷ്യംവെക്കുന്നത്. അതിന്റെ ഭാഗമായാണ് സ്കൂള്‍ തുറന്ന ആദ്യത്തെ രണ്ടാഴ്ച, ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും പൊതുവായ കാര്യങ്ങള്‍ കുട്ടികളുമായി പങ്കിടണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.

കാലവര്‍ഷം പകര്‍ച്ചവ്യാധികളുടെ കൂടി കാലമാണ്. ഈ കാലത്ത് ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുട്ടികള്‍ അറിയേണ്ടതുണ്ട്. നാം കൂട്ടായി അഭിമുഖീകരിക്കുന്ന മയക്കുമരുന്ന് / ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങള്‍, റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, സ്കൂള്‍ വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍, വ്യക്തിശുചിത്വവും പരിസരശുചിത്വവും, ഹരിതക്യാമ്പസും എല്ലാം കുട്ടിയുടെ അറിവിന്റെയും ധാരണയുടെയും ഭാഗമാക്കുകയാണ്. അതോടൊപ്പം ആരോഗ്യം, വ്യായാമം, കായികക്ഷമത, ആഹാരശീലം, ഇവയെല്ലാം കുട്ടികളുടെ പരിഗണനാവിഷയങ്ങളാക്കി മാറ്റുകയാണ്.

നമ്മുടെ സമൂഹത്തില്‍ പൊതുവിദ്യാലയങ്ങള്‍ക്ക് സവിശേഷമായ പങ്കാണുള്ളത്. മതനിരപേക്ഷവീക്ഷണവും ജനാധിപത്യബോധവും മുമ്പത്തേക്കാള്‍ ഏറെ നമ്മുടെ രാജ്യത്തിന് ആവശ്യമായ സന്ദര്‍ഭമാണിത്. ഈ മൂല്യങ്ങള്‍ സിലബസിനൊപ്പം കുട്ടികളുടെ മനസ്സിലേക്കു പകര്‍ന്നുകൊടുക്കുന്ന പൊതുഇടങ്ങളാണ് ഇവിടുത്തെ പൊതുവിദ്യാലയങ്ങള്‍. ഈ തിരിച്ചറിവ് ഇടയ്ക്കൊരിക്കല്‍ കേരള സമുഹത്തിന് കൈമോശം വന്നു. പൊതുവിദ്യാലയങ്ങള്‍ സാമ്പത്തികമായി ലാഭകരമല്ല എന്നു പറഞ്ഞ് അടച്ചുപൂട്ടാനാണ് അന്നു യുഡിഎഫ് സർക്കാർ തീരുമാനിച്ചത്. സാമ്പത്തിക ലാഭമാണോ അവിടെ കണക്കുകൂട്ടേണ്ടത്? മതനിരപേക്ഷ വീക്ഷണവും ജനാധിപത്യബോധവും മാനുഷികമൂല്യങ്ങളും കോടിക്കണക്കിന് രൂപയുടെ ലാഭത്തെക്കാള്‍ എത്രയോ വിലമതിക്കുന്നതാണ്. ആ കാഴ്ചപ്പാടോടെയാണ് പൊതുവിദ്യാഭ്യാസ രംഗത്തെ സര്‍ക്കാര്‍ കാണുന്നത്.

ഏറ്റവും കൂടുതല്‍ ഊന്നല്‍ കൊടുക്കേണ്ട നാലു മേഖലകളില്‍ ഒന്നായി പൊതുവിദ്യാഭ്യാസത്തെ എൽഡിഎഫ് സര്‍ക്കാര്‍ പരിഗണിച്ചു. പ്രത്യേക മിഷന്‍ അതിനായി രൂപീകരിച്ചു. ജനകീയമായ ഒരു മഹാസംരംഭം കൂടിയായി അതിനെ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞതുകൊണ്ടുകൂടിയാണ് തകര്‍ച്ചയിലായിരുന്ന ഈ മേഖലയില്‍ ഇപ്പോള്‍ പുതുവസന്തത്തിന്റെ ഉത്സാഹമുണ്ടായത്. കുട്ടികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനായി നിരവധി കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ഭൗതിക സൗകര്യ വികസനത്തില്‍ മുമ്പൊരിക്കലുമില്ലാത്ത വിധത്തിലുള്ള മുന്നേറ്റമാണ് കഴിഞ്ഞ 9 വര്‍ഷമായി ഉണ്ടായിട്ടുള്ളത്. കിഫ്ബിയുടെ ധനസഹായത്തോടെ 973 വിദ്യാലയങ്ങള്‍ക്ക് ഭൗതിക സൗകര്യ വികസനം ആസൂത്രണം ചെയ്തിട്ടുണ്ട്. അതില്‍ 750 സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം ആരംഭിക്കുകയും 539 എണ്ണം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവ കൂടാതെ പ്ലാന്‍ ഫണ്ട്, തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഫണ്ട്, ജനപ്രതിനിധികളുടെ ആസ്തി വികസന ഫണ്ട് തുടങ്ങിയവയെല്ലാം വിനിയോഗിച്ച് നാട്ടിലെ പൊതുവിദ്യാലയങ്ങളിലെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. 5,000 കോടിയിലധികം രൂപ ഈ ഇനത്തില്‍ സര്‍ക്കാര്‍ വിനിയോഗിച്ചിട്ടുണ്ട്.

ഭൗതിക സൗകര്യ വികസന കാര്യങ്ങളിലുള്ള മുന്നേറ്റം കൊണ്ടുമാത്രം തൃപ്തരാകാന്‍ നമുക്ക് കഴിയില്ല. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്. എന്നതാണ് നമ്മുടെ നിലപാട്. മികവ് എന്നാല്‍ അക്കാദമിക മികവാണ്. അക്കാദമിക മികവിന്റെ കാര്യത്തില്‍ കുറേക്കൂടി മുന്നേറാന്‍ നമുക്ക് കഴിയണം. അതിന്റെ ഭാഗമായാണ് ഈ വര്‍ഷം ‘സമഗ്ര ഗുണമേന്മാവര്‍ഷ’മായി പരിഗണിക്കുന്നത്. സമഗ്ര ഗുണമേന്മാ പദ്ധതിയുടെ ഭാഗമായി നിരവധി മാറ്റങ്ങള്‍ വിദ്യാഭ്യാസരംഗത്ത് വിഭാവനം ചെയ്യുന്നു. അതില്‍ ഏറ്റവും പ്രധാനം അക്കാദമിക പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക എന്നതാണ്. എല്ലാ വിഭാഗം കുട്ടികളെയും പരിഗണിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ക്ലാസ് മുറികളില്‍ നടപ്പാക്കുന്നത്. അത്തരം പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയിലെത്താന്‍ പൊതുസമൂഹത്തിന്റെ പങ്കാളിത്തം വളരെ പ്രധാനമാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three + ten =

Most Popular