1965ലാണ് അഫ്ഗാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് അഫ്‌ഗാനിസ്ഥാന്‍ (പി ഡി പി എ) സ്ഥാപിക്കപ്പെട്ടത്. ജനങ്ങള്‍ക്കിടയില്‍ താമസംവിനാ സ്വീകാര്യത നേടാന്‍ അതിനു കഴിഞ്ഞു. 1978 ല്‍, അന്നത്തെ അഫ്ഗാന്‍ ഭരണാധികാരിയായിരുന്ന സര്‍ദാര്‍ മുഹമ്മദ് ദൗദ് ഖാനെ അഫ്ഗാന്‍ സൈന്യത്തിന്റെ സഹായത്തോടെ പുറത്താക്കിയാണ് പി ഡി പി എ അധികാരത്തിലെത്തിയത്. ദൗദ് ഖാന്റെ സമഗ്രാധിപത്യ ഭരണത്തിന്റെയും കമ്യൂണിസ്റ്റ് വേട്ടയുടെയും പരിണതഫലമായാണ് സൗര്‍ വിപ്ലവം എന്നും ഏപ്രില്‍ വിപ്ലവം എന്നും അറിയപ്പെടുന്ന ജനകീയ മുന്നേറ്റത്തിലൂടെ 1978 ഏപ്രില്‍ ഒടുവില്‍ പി ഡി പി എ ഭരണം പിടിച്ചെടുത്തത്. ഭൂപരിഷ്കരണം, സ്ത്രീശാക്തീകരണം, നിരക്ഷരതാ നിര്‍മാര്‍ജനം, മതവും ഭരണസ്ഥാപനങ്ങളും തമ്മിലുള്ള വിച്ഛേദം തുടങ്ങിയ പുരോഗമനപരവും ജനോന്മുഖവുമായ പരിപാടികള്‍ക്ക് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തുടക്കമിട്ടു. അഫ്ഗാനിസ്ഥാനിലെ ഫ്യൂഡല്‍ യുദ്ധപ്രഭുക്കള്‍ക്കും മതമൗലികവാദികള്‍ക്കും കടുത്ത അസ്വസ്ഥതയുളവാക്കുന്നതായിരുന്നു കമ്യൂണിസ്റ്റ്കാരുടെ ഭരണനടപടികള്‍. ഇത്തരം പ്രതിലോമ ശക്തികളെ ആളും അര്‍ത്ഥവും ആയുധവും നല്‍കി കമ്യൂണിസ്റ്റ് ഭരണത്തിനെതിരെ അമേരിക്കന്‍ സാമ്രാജ്യത്വം കളത്തിലിറക്കിയപ്പോള്‍ പി ഡി പി എ സര്‍ക്കാരിന്റെ സഹായാഭ്യര്‍ത്ഥന പ്രകാരമാണ് 1979 ഡിസംബറില്‍ സോവിയറ്റ് സൈന്യം അഫ്ഗാനിസ്ഥാനില്‍ എത്തുന്നത്.
അഫ്ഗാനിസ്ഥാനിലെ സൈനിക ഇടപെടലിനെ സോവിയറ്റ് യൂണിയന്‍ കണ്ടത്, തങ്ങളുടെ രാഷ്ട്രാതിര്‍ത്തിയില്‍ ശത്രുതയുള്ള ഒരു ഭരണവാഴ്ചയുടെ ആവിര്‍ഭാവത്തെ തടയുക എന്ന നിലയിലായിരുന്നു. എന്നാല്‍ കാര്‍ട്ടര്‍ ഭരണകൂടവും അതിന്റെ വിദേശകാര്യ വിദഗ്ധരും സോവിയറ്റ് യൂണിയന്റെ സ്പഷ്ടമായ ഭൗമരാഷ്ട്രീയ അതിക്രമമായാണ് അതിനെ വിലയിരുത്തിയത്. വിയറ്റ്നാം പരാജയം– വാട്ടര്‍ഗേറ്റ്, ഇറാന്‍ ബന്ദി പ്രതിസന്ധി എന്നിവയും സമ്പദ്-രംഗത്ത് വാഷിംഗ്ടണ്‍ നേരിട്ടിരുന്ന വ്യത്യസ്തമായ പ്രശ്നങ്ങളും കാരണം പരിക്ഷീണമായ അമേരിക്കയില്‍ നിന്ന് തന്ത്രപരമായ മേല്‍ക്കൈ പിടിച്ചടക്കാനാണ് സോവിയറ്റ് യൂണിയന്‍ ശ്രമിക്കുന്നതെന്ന ഭീതി അമേരിക്കന്‍ ഭരണകൂടത്തെ പിടിച്ചുലച്ചു. കൂടാതെ, മോസ്കോയുടെ ആത്യന്തികലക്ഷ്യം പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ ആധിപത്യം സ്ഥാപിക്കുകയും അവിടെനിന്ന് പാശ്ചാത്യലോകത്തേക്കുള്ള എണ്ണയൊഴുക്ക് തടസ്സപ്പെടുത്തുകയും ചെയ്യുകയാണെന്നും അമേരിക്കന്‍ ഭരണകൂടം കരുതി. കാര്‍ട്ടര്‍ അമേരിക്കയുടെ പ്രതിരോധ ചെലവ് അടുത്ത അഞ്ച് വര്‍ഷത്തേക്ക് 1.2 ലക്ഷം കോടി ഡോളറായി വര്‍ധിപ്പിച്ചു. സോവിയറ്റ് യൂണിയനെതിരെ ധാന്യനിരോധനവും കാര്‍ട്ടര്‍ ഏര്‍പ്പെടുത്തി. 1980 ജൂലായ് – ആഗസ്ത് മാസങ്ങളില്‍ നടന്ന മോസ്കോ ഒളിംപിക്സ് അമേരിക്കന്‍ ചേരി ബഹിഷ്കരിച്ചു. ‘കാര്‍ട്ടര്‍ സിദ്ധാന്തം’ എന്നറിയപ്പെട്ട സൈനിക പ്രമാണമനുസരിച്ച്, പേര്‍ഷ്യന്‍ ഗള്‍ഫിന്റെ നിയന്ത്രണം ഏത് ബാഹ്യശക്തി ആര്‍ജിക്കാന്‍ ശ്രമിച്ചാലും വേണ്ടിവന്നാല്‍ സൈനിക ബലപ്രയോഗത്തിനുപോലും മടിക്കില്ലെന്നും ഉറപ്പിച്ചു പറഞ്ഞു. അമേരിക്കന്‍ നയതന്ത്രജ്ഞനും ചരിത്രകാരനുമായ ജോര്‍ജ് എഫ്. കെന്നന്‍ എഴുതിയത് ‘‘രണ്ടാം ലോകയുദ്ധത്തിനുശേഷം ചിന്തയുടെയും വ്യവഹാരത്തിന്റെയും ദൂരവ്യാപകമായ സൈനികവൽക്കരണം അമേരിക്കന്‍ തലസ്ഥാനത്ത് ഇങ്ങനെ ഉണ്ടായിട്ടില്ല’’ എന്നാണ്. (Robert J. Mac Mohan, The Cold War, Oxford, 2021, pp, 140–-141).
അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് സാന്നിധ്യം പാകിസ്ഥാന് ശീതയുദ്ധ രാഷ്ട്രീയത്തില്‍ കേന്ദ്രസ്ഥാനം ലഭിക്കാന്‍ ഇടയാക്കി. ടി.വി. പോള്‍ എഴുതുന്നു. ‘‘ഭൂമിശാസ്ത്രപരമായി കേന്ദ്രസ്ഥാനത്ത് സ്ഥിതിചെയ്യുന്നു എന്നതിനു പുറമെ, സോവിയറ്റ് വിരുദ്ധശക്തികളുടെ പിന്തുണ ഏകോപിപ്പിക്കാനുള്ള പാകിസ്ഥാന്റെ സമ്മതവും, മുജാഹിദീന്റെ നേതൃത്വത്തിലുള്ള സൈന്യങ്ങളും കൂടിയായപ്പോള്‍ പാകിസ്ഥാന് ഭൗമതന്ത്രപരമായ പ്രാധാന്യം കൈവന്നു. കാര്‍ട്ടര്‍ ഭരണകൂടം തുടക്കത്തില്‍ പാകിസ്ഥാന്- രണ്ടു വര്‍ഷത്തേക്ക് 44 കോടി ഡോളറിന്റെ സഹായധനം അനുവദിച്ചത് ‘പിച്ചക്കാശ്’ എന്നു പറഞ്ഞ് ജനറല്‍ സിയ ഉല്‍ ഹഖ് പുച്ഛിച്ചു. 1981 ല്‍ റൊണാള്‍ഡ് റീഗന്‍ അത് എട്ടുമടങ്ങായി വര്‍ധിപ്പിച്ചു; 420 കോടി ഡോളറിന്റെ സഹായം. 1987 ല്‍ 174 കോടി ഡോളര്‍ സൈനികച്ചെലവിനുള്ള വായ്പയായും 228 കോടി ഡോളർ ഗ്രാന്റായും പുതുക്കി നല്‍കി. ഏറ്റവും കൂടുതല്‍ അമേരിക്കന്‍ സഹായം ലഭിക്കുന്ന രാജ്യങ്ങളില്‍ ഇസ്രയേലും ഈജിപ്-തും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്തായി പാകിസ്ഥാന്‍. ഈ കാലയളവില്‍ സൗദി രാജകുടുംബത്തിന്റെ സംരക്ഷണത്തിന് പതിനായിരം അംഗങ്ങളുള്ള സേനാവിഭാഗത്തെ നല്‍കിയതിന് സൗദി അറേബ്യയില്‍ നിന്ന് 120 കോടി ഡോളറും കിട്ടി. സോവിയറ്റ് യൂണിയനെതിരായ യുദ്ധത്തിലെ മുന്‍നിര രാജ്യമായി പാകിസ്ഥാനെ പ്രതിഷ്ഠിക്കുന്നതില്‍ അമേരിക്ക പ്രധാന പങ്കുവഹിച്ചു. മുജാഹിദീനുകളും ഒസാമ ബിന്‍ലാദനും ഉള്‍പ്പെടെയുള്ള ഇസ്ലാമിക മൗലികവാദികളുടെ സജീവസഖ്യത്തെ ഉപയോഗിച്ചാണ് യുദ്ധം ചെയ്തത്. അഫ്ഗാന്‍ യുദ്ധത്തിനുശേഷം അവശേഷിച്ച ഒരു വലിയ സംഘം മുജാഹിദീനുകള്‍ കാശ്മീരിലേക്ക് തിരിഞ്ഞു.’’ (ടി.വി. പോള്‍, യുദ്ധരാഷ്ട്രം, പുറം, 148).
1980 നവംബറില്‍ നടന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഹോളിവുഡ് നടനും കാലിഫോര്‍ണിയ ഗവര്‍ണറുമായിരുന്ന റൊണാള്‍ഡ് റീഗന്‍ വൈറ്റ്ഹൗസിലെത്തി. രണ്ടാം ലോകയുദ്ധത്തിനുശേഷം അമേരിക്കയില്‍ അധികാരത്തില്‍ വന്ന ഏറ്റവും യാഥാസ്ഥിതികനായ പ്രസിഡന്റായിരുന്നു റീഗന്‍. മജ്ജയിലും മാംസത്തിലും കമ്യൂണിസ്റ്റ് വിരുദ്ധത അലിഞ്ഞുചേര്‍ന്നിരുന്ന റീഗന്‍, സോവിയറ്റ് യൂണിയനെ ഒതുക്കാന്‍ ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് വിരുദ്ധശക്തികളെ അകമഴിഞ്ഞ് പിന്തുണയ്ക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യണമെന്ന പക്ഷക്കാരനായിരുന്നു. 1982 ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ റീഗന്‍ നടത്തിയ പ്രസംഗത്തില്‍ ‘‘മാര്‍ക്സിസം–ലെനിനിസത്തിന് ചരിത്രത്തിന്റെ ചാരക്കൂമ്പാരമാണ് വിധിച്ചിട്ടുള്ള’’തെന്ന് പ്രസ്താവിച്ചു. 1983 ല്‍ ഫ്ളോറിഡയിലെ ഓര്‍ലാന്‍ഡോയില്‍ നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇവാഞ്ചലിക്കല്‍സ് സംഘടിപ്പിച്ച സമ്മേളനത്തില്‍, ‘സോവിയറ്റ് യൂണിയന്‍ ആധുനികലോകത്തിലെ തിന്മയുടെയും ദുഷ്ടതയുടെയും കേന്ദ്രബിന്ദു’വാണെന്ന് പ്രഖ്യാപിച്ചു. ‘തിന്മയുടെ സാമ്രാജ്യ’ത്തിനും കമ്യൂണിസത്തിനുമെതിരായ പോരാട്ടം ശരിയും തെറ്റും തമ്മിലും ഉത്തമവും ദുഷിച്ചതും തമ്മിലും പ്രകാശത്തിന്റെ ശക്തികളും അന്ധകാരത്തിന്റെ ശക്തികളും തമ്മിലുമുള്ള യുദ്ധമാണെന്നും ആ സുവിശേഷ സമ്മേളനത്തില്‍ റീഗന്‍ അടിവരയിട്ടു പറഞ്ഞു. റീഗന്‍ പ്രമാണം എന്നറിയപ്പെട്ട ഭൗമതന്ത്രമനുസരിച്ച് അഫ്ഗാനിസ്ഥാനിലും അംഗോളയിലും നിക്കരാഗ്വയിലും കമ്പോഡിയയിലുമുള്ള, സോവിയറ്റ് പിന്തുണയും ചായ്-വുമുള്ള ഭരണകൂടങ്ങളെ അവിടങ്ങളിലെ കമ്യൂണിസ്റ്റു വിരുദ്ധശക്തികളെ രംഗത്തിറക്കി അട്ടിമറിക്കാന്‍ പദ്ധതിയിട്ടു. ‘അഫ്ഗാനിസ്ഥാന്‍ മുതല്‍ നിക്കരാഗ്വ വരെയുള്ള’ സോവിയറ്റ് പിന്തുണയുള്ള സര്‍ക്കാരുകളെ പിഴുതെറിയണമെന്നായിരുന്നു റീഗന്‍ മുന്നോട്ടുവെച്ച ഭൗമരാഷ്ട്രീയ അനുശാസനം.
സോവിയറ്റ് പിന്തുണയുള്ള ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്‍ ഭരണകൂടത്തിനെതിരെ പോരാടാന്‍ 1979 ല്‍ തന്നെ യഥാര്‍ത്ഥത്തില്‍ നിലവില്‍ വന്ന ‘പെഷവാര്‍ സെവന്‍’ എന്നറിയപ്പെട്ട യൂണിറ്റി ഓഫ് അഫ്ഗാനിസ്ഥാന്‍ മുജാഹിദീന്‍ എന്ന സപ്ത മുജാഹിദീന്‍ പാര്‍ട്ടികളെ റീഗന്‍ ഭരണകൂടം പണവും പടക്കോപ്പും ചാര്‍ത്തി പരിരംഭണം ചെയ്തു. സപ്ത പെഷവാര്‍ സഖ്യത്തില്‍ രണ്ടു വിഭാഗങ്ങളുണ്ടായിരുന്നു. രാഷ്ട്രീയ ഇസ്ലാമിന്റെ പതാകവാഹകരായ ഹെസ്ബ്–ഇ–ഇസ്ലാമി ഖാലിസ്, ഹെസ്ബ്–ഇ–ഇസ്ലാമി ഗുല്‍ബുദ്ദീന്‍ (ഹെക്മത്യാര്‍), ജാമിഅത്ത്–ഇ–ഇസ്ലാമി (റബ്ബാനി), ഇത്തിഹാദ്–ഇ–ഇസ്ലാമി സയ്യാഫ്, പരമ്പരാഗതവാദികളായ മഹാസ്–ഇ–മില്ലി (ഗൈലാനി) അഫ്ഗാന്‍ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് (മൊജാദ്ദീദി), റവല്യൂഷണറി ഇസ്ലാമിക് മൂവ്മെന്റ് (മുഹമ്മദി) എന്നിവയായിരുന്നു അവ.
1984 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റൊണാള്‍ഡ് റീഗന്‍ പ്രചാരണത്തിനുപയോഗിച്ച ടെലിവിഷൻ പരസ്യം പ്രസിദ്ധമായിരുന്നു. സോവിയറ്റു വിരുദ്ധത പ്രഘോഷിക്കുന്നതും അഫ്ഗാന്‍ മുജാഹിദീനുകളെ വികാരവിജൃംഭിതരാക്കുന്നതുമായിരുന്നു ആ പരസ്യം. ‘ഒരു കാട്ടില്‍ നിന്ന് തവിട്ടുനിറമുള്ള, ഭീഷണിപ്പെടുത്തുന്ന വലിയ കരടി വരുന്നു. അപ്പോള്‍ ആഖ്യാതാവ് സഗൗരവം വിശദീകരിക്കുന്നു: കാട്ടില്‍ ഒരു കരടിയുണ്ട്. ചിലര്‍ക്ക് അതിനെ നിഷ്പ്രയാസം കാണാന്‍ സാധിക്കും. മറ്റു ചിലര്‍ക്ക് കരടിയെ കാണാനേ കഴിയില്ല. വേറെ ചിലര്‍ പറയുന്നു, അത് ഇണക്കമുള്ളതും വശപ്പെടുത്താനും പറ്റുന്ന കരടിയാണെന്ന്. ഇനിയും ചിലര്‍ പറയുന്നു, അത് ദുഷ്ടത നിറഞ്ഞതും ആപല്‍ക്കാരിയുമാണെന്ന്. ആര്‍ക്കും കരടിയുടെ പ്രകൃതത്തെക്കുറിച്ച് ഒരുറപ്പുമില്ലാതിരിക്കെ, കരടിയെപ്പോലെ നമ്മളും ശക്തിയുള്ളതായിരിക്കണ്ടേ ?’ (റോബര്‍ട്ട് ജെ. മക്മോഹന്‍, ദ കോള്‍ഡ് വാര്‍, പുറം, 154). 1980 കളിലുടനീളം ജമാഅത്തെ ഇസ്ലാമിയുടെ കേരളത്തിലെ ഔദ്യോഗിക ജിഹ്വയായ ‘പ്രബോധനം’ വാരിക സോവിയറ്റ് യൂണിയനെ വിശേഷിപ്പിച്ചിരുന്നത് ‘സോവിയറ്റ് ചെങ്കരടി’ എന്നായിരുന്നുവെന്നത് ഇതോടൊപ്പം ചേര്‍ത്തുവായിക്കാം.
ഐഎസ്ഐയും സിഐഎയും ആസൂത്രണം ചെയ്തതനുസരിച്ച് അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനും അഫ്ഗാന്‍ മുജാഹിദീന്‍ നേതാക്കളും വൈറ്റ്ഹൗസിലെ ഓവല്‍ ഓഫീസില്‍ 1983 ഫെബ്രുവരി 2 ന് കൂടിക്കാഴ്ച നടത്തിയിരുന്നു. സോവിയറ്റു വിരുദ്ധ ജിഹാദിനായി സിഐഎ ആവിഷ്കരിച്ച ‘ഓപ്പറേഷന്‍ സൈക്ലോണി’നെപ്പറ്റി ചര്‍ച്ച ചെയ്യാനായിരുന്നു ആ സമാഗമം. ഇസ്ലാമിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള മുജാഹിദീന്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്കുശേഷം വൈറ്റ്ഹൗസ് പുല്‍ത്തകിടിയില്‍ അഫ്ഗാന്‍ പ്രതിനിധികളെ റീഗന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത് ഇപ്രകാരമായിരുന്നു. ‘ഈ മാന്യന്മാര്‍ അമേരിക്കയുടെ സ്ഥാപകപിതാക്കളുടെ സന്മാര്‍ഗസമന്മാരാണ്’. അഫ്-ഗാനിസ്ഥാനിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനും സോവിയറ്റ് സൈന്യത്തിനുമെതിരെ ജിഹാദ് പ്രഖ്യാപിച്ച ‘ഇസ്ലാമിന്റെ പോരാളി’കളെയാണ് (മുജാഹിദീനുകള്‍) റീഗന്‍ അമേരിക്കയുടെ സ്ഥാപകപിതാക്കള്‍ക്ക് സമന്മാരായി ചിത്രീകരിച്ചത്.
ഫ്രഞ്ച് രാഷ്ട്രമീമാംസകനും അറബ്മേഖലാ വിജ്ഞാനീയ വിദഗ്ധനുമായ ഗില്ലെസ് കെപല്‍ ‘ദ ഒറിജിന്‍സ് ആന്‍ഡ് ഡെവലപ്മെന്റ് ഓഫ് ദ ജിഹാദിസ്റ്റിക് മൂവ്മെന്റ് : ഫ്രം ആന്റികമ്യൂണിസം ടു ടെററിസം’ എന്ന പ്രബന്ധത്തില്‍ മുന്നോട്ടു വെക്കുന്ന നിരീക്ഷണങ്ങളുടെ രത്നച്ചുരുക്കം ഇതോടൊപ്പം ചേര്‍ത്തു വായിക്കാം : 2001 സെപ്തംബര്‍ 11 നു നടന്ന ഭീകരവാദ നിഷ്ഠുരത 1980കളിലെ റാഡിക്കല്‍ ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ പരമകോടി ആയിരുന്നു. എണ്‍പതുകളിലാണ് അമേരിക്കയുടെയും പാകിസ്ഥാന്റെയും എണ്ണസമൃദ്ധമായ അറേബ്യന്‍ ഉപദ്വീപിലെ രാഷ്ട്രങ്ങളുടെയും രക്ഷാകര്‍തൃത്വത്തില്‍ അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് ചെമ്പടയെ നേരിടാന്‍ ജിഹാദിസ്റ്റുകള്‍ ഒന്നിച്ചുചേര്‍ന്നത്. ഈജിപ്ത്, അള്‍ജീരിയ, സൗദി അറേബ്യ, തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് മാത്രമല്ല, യൂറോപ്യന്‍ നഗരപരിസരങ്ങളില്‍ നിന്നും ഈ അന്താരാഷ്ട്ര ഇസ്ലാമിസ്റ്റ് ജിഹാദിസ്റ്റ് സംഘത്തിലേക്ക് തീവ്രവാദികള്‍ എത്തിച്ചേര്‍ന്നു. സോവിയറ്റ് യൂണിയന്റെ ‘നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകാര്‍’ക്കെതിരെ ജിഹാദിന്റെ കേന്ദ്രീകരണം. ‘അമേരിക്കന്‍ ചെകുത്താനെ’തിരെ ഇസ്ലാമിക ലോകത്തെ പൊരുതാന്‍ പ്രേരിപ്പിച്ച ഇറാനിലെ ഖൊമൈനിസ്റ്റ് സൈറണ്‍ അപ്പോള്‍ ബധിരകര്‍ണങ്ങളിലാണ് പതിച്ചത്. അമേരിക്കയ്ക്കും അറബ് മേഖലയിലെ യാഥാസ്ഥിതിക രാജവാഴ്ചകള്‍ക്കുമുണ്ടായിരുന്ന രണ്ട് ഉദ്ദേശ്യങ്ങള്‍ ഈ ജിഹാദുവഴി സാക്ഷാത്കരിക്കപ്പെട്ടു. 1989 ഫെബ്രുവരി 15ന് സോവിയറ്റ് സേന അഫ്ഗാനിസ്ഥാനില്‍ നിന്ന് പൂര്‍ണ്ണമായും പിന്മാറി; ബര്‍ലിന്‍ മതില്‍ തകര്‍ന്നു. ഏറെ വൈകാതെ കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാജ്യങ്ങളും നിഷ്-ക്രമണം ചെയ്തു. തെക്കന്‍ ലബനനൊഴിച്ച് മുസ്ലിം ലോകത്ത് ഒരിടത്തും ‘ഇസ്ലാമിക വിപ്ലവം’ കയറ്റുമതി ചെയ്യാന്‍ ഇറാന് സാധിച്ചതുമില്ല. പാശ്ചാത്യ രാഷ്ട്രങ്ങളുടെയും എണ്ണസമ്പന്നമായ അറബ് രാജ്യങ്ങളുടെയും കക്ഷിയായി പ്രവര്‍ത്തിച്ച സദ്ദാം ഹുസൈന്റെ ഇറാഖുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഇറാന് ഒപ്പുവെക്കേണ്ടിയും വന്നു. അതോടെ ബാഗ്ദാദില്‍ സഹോദര സമാനമായ ഒരു ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിക്കുക എന്ന സ്വപ്നം ഇറാന്‍ വെടിഞ്ഞു.
വാഷിങ്ടന്റെ ദൃഷ്ടിയില്‍ അഫ്ഗാന്‍ ജിഹാദ് ഒരു ഇരട്ട വിജയമായിരുന്നു. അവിടെ അമേരിക്കൻ സൈന്യം നേരിട്ടിറങ്ങിയില്ല. ഒരൊറ്റ അമേരിക്കൻ സൈനികനും കൊല്ലപ്പെട്ടില്ല. ഒരൊറ്റ യുദ്ധ തടവുകാരനും ഉണ്ടായില്ല. ഒരൊറ്റ അമേരിക്കന്‍ സൈനികന്റെ അമ്മയും യുദ്ധ പ്രതികൂലികളും അമേരിക്കയിലെ ഭരണനിര്‍വഹണവകുപ്പിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയില്ല. അമേരിക്കയ്ക്ക് വിയറ്റ്നാമില്‍ സംഭവിച്ചതിന് കടകവിരുദ്ധമായ കാര്യമാണ് അഫ്ഗാനിസ്ഥാനില്‍ അനുഭവവേദ്യമായത്. അഫ്ഗാനിസ്ഥാനിലെ ‘യോദ്ധാക്ക’ളില്‍ മിക്കവരും താടി വളര്‍ത്തിയ വിദേശികളായിരുന്നു. അവരുടെ ജിഹാദ് സോവിയറ്റ് യൂണിയന്‍ എന്ന ‘തിന്മയുടെ സാമ്രാജ്യ’ത്തിനെതിരെയായിരുന്നു. അവരെ അമേരിക്ക ‘സ്വാതന്ത്ര്യ സമര പോരാളികള്‍’ എന്ന് വിശേഷിപ്പിച്ചു! അഫ്ഗാന്‍ ജിഹാദിനു വേണ്ടിയുള്ള റിക്രൂട്ട്മെന്റിന് അമേരിക്കയില്‍ അമേരിക്കൻ ഭരണകൂടം തന്നെ ഓഫീസുകള്‍ തുറന്നു. ഇവ സംഭാവനകള്‍ പിരിക്കുന്നതിലും അമേരിക്കന്‍ ക്യാമ്പസുകളില്‍ നിന്ന് മുസ്ലിം വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിലും കര്‍മനിരതമായി. മധ്യപൂര്‍വേഷ്യയില്‍ നിന്ന് ഇസ്ലാമിസ്റ്റ് പ്രഘോഷകര്‍ക്കായി അമേരിക്കൻ ഭരണകൂടം മതപ്രഭാഷണ പര്യടനങ്ങള്‍ സംഘടിപ്പിച്ചു. നികുതിദായകരായ അമേരിക്കക്കാര്‍ക്കും കാര്യമായ ഭാരമുണ്ടായില്ല. കാരണം,, ജിഹാദിനുള്ള ചെലവിന്റെ പകുതിയിലധികവും കൊടുത്തത് ഗള്‍ഫ് അറബ് ഭരണകൂടങ്ങളായിരുന്നു.
എന്നാല്‍, ഈ അമേരിക്കൻ വിജയാരവം ഒരു ഭയങ്കരമായ സന്ദിഗ്ധത വഹിച്ചിരുന്നു. അമേരിക്കന്‍ നേതൃത്വം കരുതിയത്, ഈ ജിഹാദിനെ ഉപായങ്ങളാല്‍ തരപ്പെടുത്താനും കൈകാര്യം ചെയ്യാനും പറ്റുമെന്നാണ്. ജിഹാദികളെ നിയന്ത്രിക്കാനാകുമെന്നും അവര്‍ വ്യാമോഹിച്ചു. ‘സോവിയറ്റ് ആപത്ത്’ അപ്രത്യക്ഷമായതോടെ കൈകഴുകി ഒഴിഞ്ഞുമാറാമെന്നും നിനച്ചു. എന്നാല്‍ 1989 വരെ ‘സ്വാതന്ത്ര്യസമരപ്പോരാളി’കളായി വൈറ്റ് ഹൗസ് പ്രകീര്‍ത്തിച്ചിരുന്ന ജിഹാദികളെ അമേരിക്കന്‍ മാധ്യമങ്ങള്‍ മയക്കുമരുന്നു വ്യാപാരികളായി ചിത്രീകരിക്കാന്‍ തുടങ്ങി. ലക്ഷ്യ പൂര്‍ത്തീകരണത്തോടെ വാഷിങ്ടണ്‍ ജിഹാദിനുള്ള സബ്സിഡി അവസാനിപ്പിച്ചു. പക്ഷേ,അപ്പോഴേക്കും പണ്ടോരയുടെ പെട്ടി തുറക്കപ്പെട്ടുകഴിഞ്ഞിരുന്നു. 2001 സെപ്തംബറില്‍ അമേരിക്ക അനുഭവിച്ച നടുക്കവും ഭയപ്പാടും വേദനയും1980 കളില്‍ ആ രാഷ്ട്രം പിന്തുടര്‍ന്ന നയങ്ങളുടെ അനന്തരഫലമാണ്. സോവിയറ്റ് സൈന്യത്തിനെതിരെ നടന്ന ജിഹാദില്‍ ഒരൊറ്റ അമേരിക്കക്കാരനും കൊല്ലപ്പെട്ടില്ല എന്നത് ശരിതന്നെ. എന്നാല്‍, ലോകവ്യാപാര സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിലും പെന്റഗണിലും നടന്ന ഭീകരാക്രമണങ്ങള്‍ക്ക് അതിന്റെ വില അമേരിക്ക നല്‍കേണ്ടി വന്നു. (Political Islam: A Critical Reader, Edited by Frederic Volpi, Routledge, 2011, pp.255–256)
‘ഇസ്ലാമിക ഭൂപ്രദേശ’മായ അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് സേനയ്ക്കെതിരെയുള്ള ജിഹാദിന് വാഷിങ്ടണ്‍ ആശ്രയിച്ചതും സഹായിച്ചതും പ്രധാനമായും മൂന്ന് ഇസ്ലാമിസ്റ്റ് സ്വരൂപങ്ങളെയാണ്. ഇവയ്ക്കെല്ലാമുള്ള പൊതുപ്രകൃതം, കലര്‍പ്പില്ലാത്ത കമ്യൂണിസ്റ്റു വിരുദ്ധതയും ശരീഅത്ത് നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു ഇസ്ലാമിക രാഷ്ട്രം/വ്യവസ്ഥ സാക്ഷാത്കരിക്കാനുള്ള പദ്ധതിയുമായിരുന്നു. ‘സോവിയറ്റ് നാസ്തികര്‍’ക്കെതിരെയുള്ള ജിഹാദിലെ ആദ്യഗണം, സൗദി അറേബ്യയിലെ മതാധികാരിവര്‍ഗത്തെ പ്രതിനിധാനം ചെയ്യുന്ന സലഫി അല്ലെങ്കില്‍ വഹാബി വിഭാഗമായ കടുത്ത യാഥാസ്ഥിതിക ധാരയായിരുന്നു. ഈ വിഭാഗത്തെ നയിച്ചിരുന്ന ഉലമയ്ക്ക് (മതപണ്ഡിതര്‍) ഈജിപ്തില്‍ 1920കളുടെ ഒടുവില്‍ സ്ഥാപിക്കപ്പെടുകയും മറ്റു പല മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളിലേക്ക് ശാഖകള്‍ പടര്‍ത്തുകയും ചെയ്ത, അറബ് മധ്യവര്‍ഗത്തില്‍ വേരുകളുള്ള മുസ്ലിം ബ്രദര്‍ഹുഡുമായി ബന്ധമുണ്ടായിരുന്നു. അഫ്ഗാന്‍ ജിഹാദിന് വാഷിങ്ടന്റെ മമത പിടിച്ചുപറ്റിയ മറ്റൊരു ഇസ്ലാമിസ്റ്റ് പാര്‍ട്ടിയാണ് ജമാഅത്തെ ഇസ്ലാമി. മുസ്ലിം ബ്രദര്‍ഹുഡിന്റെ സമതുല്യ, സമസ്വഭാവ സംഘടനയായാണ് പാകിസ്ഥാനിലും ഇന്ത്യ ഉപഭൂഖണ്ഡത്തിലും ജമാഅത്തെ ഇസ്ലാമി കണക്കാക്കപ്പെടുന്നത്. ഇറാനിയന്‍ വിപ്ലവം പ്രക്ഷേപിച്ച അമേരിക്കാവിരുദ്ധതയ്ക്കു പകരവും ഇതര മാര്‍ഗവുമായി വാഷിങ്ടണ്‍ ഇക്കൂട്ടരെ ഉപയോഗിച്ചു. മുസ്ലിം ലോകത്തെ റാഡിക്കല്‍ ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കുള്ള സേഫ്റ്റി വാല്‍വായി അഫ്ഗാന്‍ ജിഹാദ് മാറി. ഇത് ഇസ്ലാമിസ്റ്റ് ഭീഷണിയില്‍ നിന്ന് അറബ് രാജവാഴ്ചകളെയും അറബ് സമഗ്രാധിപത്യ ഭരണകൂടങ്ങളെയും അക്കാലത്ത് വിമുക്തമാക്കി.
1979 ഡിസംബറില്‍ കാബൂളില്‍ സോവിയറ്റ് സൈന്യമെത്തിയത് ഇസ്ലാമിസ്റ്റ് ആക്രമണോത്സുകതയുടെ തരംഗത്തെ അഭൂതപൂര്‍വമായി കെട്ടഴിച്ചുവിട്ടു. പാകിസ്ഥാനിലെയും മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെയും ഇസ്ലാമിസ്റ്റ് ദാനധര്‍മ്മ സ്ഥാപനങ്ങളും സംഘടനകളും അഫ്ഗാന്‍ ജിഹാദിനുവേണ്ടി ‘അറബ് പോരാളി’കളെ റിക്രൂട്ട് ചെയ്യാന്‍ തുടങ്ങി. തുടര്‍ന്ന് ആയിരക്കണക്കിന് യുവ ‘സന്നദ്ധ സേവകര്‍’ അഫ്ഗാനിസ്ഥാനും പാകിസ്ഥാനുമിടയിലുള്ള അതിര്‍ത്തി പ്രദേശങ്ങളിലേക്ക് പ്രവഹിച്ചു. ഐഎസ്ഐയും സിഐഎയും നടത്തിയിരുന്ന തീവ്രവാദ പരിശീലന കേന്ദ്രങ്ങളില്‍ എത്തിയിരുന്നവര്‍ പലതരക്കാരായിരുന്നു. പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും മുജാഹിദീന്‍ തീവ്രവാദികള്‍ക്കു പുറമെ ‘അറബ് അഫ്ഗാനികള്‍’ എന്നറിയപ്പെട്ട ആയിരക്കണക്കിന് വിദേശ തീവ്രവാദികളും അവരില്‍പ്പെടുന്നു. ചിലര്‍ തീവ്രവാദ പരിശീലന കേന്ദ്രങ്ങളില്‍ അല്പകാലം ചെലവഴിച്ചപ്പോള്‍ മറ്റു ചിലര്‍ ജിഹാദ് കാലയളവിലുടനീളം ദൃഢനിശ്ചയത്തോടെ നിലകൊണ്ടു. ഇക്കൂട്ടത്തില്‍ പ്രമുഖരായ രണ്ടുപേരാണ് ഉസാമ ബിന്‍ ലാദനും അയാളുടെ മാര്‍ഗദര്‍ശിയായ ഷെയ്ഖ് അബ്ദുല്ല അസമും.
1989 ഫെബ്രുവരി 24 ന് പെഷവാറില്‍ വെച്ച് അബ്ദുല്ല അസം വധിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ അല്‍–ഖ്വയ്ദയുടെ സ്ഥാപക നേതാവാകേണ്ടിയിരുന്ന തീവ്രവാദിയാണ് അസമെന്ന് പല നിരീക്ഷകരും രേഖപ്പെടുത്തിയിട്ടുണ്ട്. കാബൂളില്‍ നിന്നുള്ള സോവിയറ്റ് സേനയുടെ പിന്മാറ്റത്തെത്തുടര്‍ന്ന് അഫ്ഗാന്‍ മുജാഹിദീനിലെ വ്യത്യസ്ത വിഭാഗങ്ങള്‍ അധികാരലബ്ധിക്കുവേണ്ടി രക്തരൂഷിതമായി സംഘര്‍ഷത്തിലേര്‍പ്പെട്ട സമയത്താണ് അസം കൊല്ലപ്പെടുന്നത്. പലസ്തീനിലെ ജനിന്‍ സ്വദേശിയായ അസമിനെ സംബന്ധിച്ചിടത്തോളം അഫ്ഗാന്‍ ജിഹാദ് ഒരു നീണ്ട പ്രക്രിയയുടെ തുടക്കം മാത്രമായിരുന്നു. അഫ്ഗാന്‍ ജിഹാദില്‍ ‘ട്രോഫി’ നേടിയ ശേഷം അവിശ്വാസികള്‍ അധിനിവേശം ചെയ്ത എല്ലാ ഭൂപ്രദേശങ്ങളിലും ജിഹാദ് പടര്‍ത്തണമെന്നായിരുന്നു അസമിന്റെ ലക്ഷ്യം. ഫിലിപ്പീന്‍സിലെ മിന്‍ഡാനോ മുതല്‍ സോവിയറ്റ് മധ്യേഷ്യന്‍ റിപ്പബ്ലിക്കുകളും ആന്‍ഡലൂസിയയും വരെയുള്ള ഭൂഭാഗങ്ങള്‍ ജിഹാദിലൂടെ തിരിച്ചുപിടിക്കണമെന്നായിരുന്നു അസം വാദിച്ചിരുന്നത്. കാബൂള്‍ വീണതിനുശേഷം ജറുസലേം പിടിച്ചടക്കി പലസ്തീനില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാനും അസം ആഗ്രഹിച്ചു. (Political Islam, A Critical Reader, p. 259.)അബ്ദുല്ല അസം ജിഹാദികളുടെ രക്തസാക്ഷി ചരിത്രം (martyrologies) ലഘുലേഖാ രൂപത്തില്‍ അച്ചടിച്ചു വിതരണം ചെയ്യുന്നതിലും ശുഷ്‌കാന്തി പുലര്‍ത്തിയിരുന്നു. ജിഹാദികള്‍ക്ക് ഇസ്ലാമിനോട് ഉണ്ടായിരുന്ന സമര്‍പ്പണവും അവരുടെ ധീരശൂര കൃത്യങ്ങളും വിവരിച്ചു മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കാനായിരുന്നു ഈ രക്തസാക്ഷി ചരിതങ്ങള്‍.
മഹമൂദ് മംദാനി ‘നല്ല മുസ്ലിം, ചീത്ത മുസ്ലിം’ എന്ന ഗ്രന്ഥത്തില്‍ ഈ വിഷയത്തിൽ എഴുതുന്നു:‘‘സിഐഎ യുടെ രക്ഷാധികാരിത്വത്തില്‍ അസം ലോകം മുഴുവന്‍ സഞ്ചരിച്ചു. സൗദിയിലെ ടെലിവിഷനിലും അമേരിക്കയിലെ റാലികളിലും അദ്ദേഹം പങ്കെടുത്തു. വിശുദ്ധയുദ്ധത്തിന്റെ വീരമൂര്‍ത്തീകരണമായി തോന്നിയ ഒരു സിഐഎ ആസ്തിയായ ഉസാമ ബിന്‍ ലാദന്‍ എണ്‍പതുകളുടെ ആദ്യത്തിലും മധ്യത്തിലും അമേരിക്കയില്‍ തലങ്ങും വിലങ്ങും സഞ്ചരിക്കുകയും വിശുദ്ധയുദ്ധത്തിനു പ്രകടമായി അഫ്ഗാനിസ്ഥാനിലേക്ക് ആളുകളെ ചേര്‍ക്കുകയും ചെയ്തു. അഫ്ഗാന്‍ ജിഹാദിന് പിന്തുണ നല്‍കുന്നതിന് രൂപവത്കരിക്കപ്പെട്ട ‘ഹര്‍കത്തുല്‍ അന്‍സാറി’ന്റെ നേതാവ് ലാദനായിരുന്നു എന്നും അതിന് ഫണ്ട് ലഭിച്ചിരുന്നത് അമേരിക്കയില്‍ നിന്നായിരുന്നുവെന്നും മംദാനി വെളിപ്പെടുത്തുന്നുണ്ട്. ഇതില്‍ നിന്നൊക്കെ വ്യക്തമാകുന്നത്, സാമ്രാജ്യത്വത്തിന്റെ ആഗോളതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ചട്ടുകങ്ങളായി മാറുകയാണ്, അന്തിമവിശകലനത്തില്‍, ഇസ്ലാമിസ്റ്റുകള്‍ ചെയ്യുന്നത് എന്ന ത്രേ’’. (ഹമീദ് ചേന്നമംഗലൂര്‍, ദൈവത്തിന്റെ രാഷ്ട്രീയം, പുറം, 162–163.)
ഇസ്ലാമിസം അഥവാ രാഷ്ട്രീയ ഇസ്ലാം സാമ്രാജ്യത്വവിരുദ്ധമാണെന്ന വൃഥാസ്ഥൂലവാദം കുറച്ചുകാലമായി ഇസ്ലാമിസ്റ്റുകളും ഈ അവകാശവാദത്തെ ചരിത്രനിരപേക്ഷമായി തൊണ്ടതൊടാതെ വിഴുങ്ങുന്ന ചില പുരോഗമനവാദികളും ഉയര്‍ത്താറുണ്ട്. ഇസ്ലാമിസവും ബ്രിട്ടീഷ്, അമേരിക്കന്‍ സാമ്രാജ്യത്വങ്ങളും തമ്മിലുള്ള പരസ്പരസഹായചരിത്രവും പരസ്പരപോഷക പൂര്‍വകാലവും അനാഛാദനം ചെയ്താല്‍ അങ്ങേയറ്റം വിതണ്ഡവാദമാണിതെന്ന് വ്യക്തമാവും. l



