Saturday, November 7, 2026

ad

Homeവിശകലനംഡബ്കെ: കല, പ്രതിരോധം, 
അതിജീവനം

ഡബ്കെ: കല, പ്രതിരോധം, 
അതിജീവനം

‘ഞങ്ങളുടെ പാട്ടുകൾ മായ്ച്ചുകളഞ്ഞെന്നവർ കരുതുന്നു
പക്ഷേ ഞങ്ങളുടെ കാലടികൾ താളമോർമ്മിക്കുന്നു

ഓരോ ചുവടിലും ഞങ്ങൾ ഞങ്ങളുടെ മണ്ണിനെ വീണ്ടെടുക്കുന്നു. പോയകാലത്തെയാദരിക്കുന്നു ഓരോ കൈത്താളത്തിലും ഞങ്ങൾ

പലസ്തീൻ ജനതയുടെ അസ്ഥിരവും ദുരിതപൂർണവുമായ അഭയാർത്ഥി ജീവിതം ആരംഭിച്ചിട്ട് ഒരു നൂറ്റാണ്ട് പിന്നിടുന്നു. ഇത്ര ദീർഘകാലം സമാധാനത്തിന്റെ ഇടവേളകളില്ലാതെ യുദ്ധവും അവഹേളനവും ആട്ടിയോടിക്കലും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ജനത സമകാലീന ജീവിതപരിസരത്ത് മറ്റൊരിടത്തുമില്ല എന്നു തന്നെ പറയാം. രണ്ടാം ലോക യുദ്ധത്തോടെ സാമ്രാജ്യത്വത്തിന്റെ പട്ടാള അധിനിവേശം ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളിൽ നിന്നും പൊതുവിൽ പിൻവാങ്ങിയ കാലത്തും പലസ്തീനിൽ പട്ടാളത്തിന്റെ അടിച്ചമർത്തൽ നിരുപാധികം തുടർന്നു. നവകൊളോണിയലിസത്തിന്റെ കാലത്തും പലസ്തീൻ, സാമ്രാജ്യത്വത്തിന്റെ പട്ടാളനിയമങ്ങളിലും അടിച്ചമർത്തലുകളിലും കുരുങ്ങിക്കിടന്നു. ഓട്ടോമൻ സാമ്രാജ്യത്തിന്റെ അധീനമേഖലയായിരുന്ന പലസ്തീൻ 1917 ആയതോടെ ബ്രിട്ടീഷ് അധിനിവേശത്തിന് കീഴിലാവുകയും 1920 മുതൽ സംഘടിതവും ആസൂത്രിതവുമായ ജൂത കുടിയേറ്റത്തിന്റെ മണ്ണായി മാറുകയും ചെയ്തു. 1917 ലെ ‘ബാൽഫോർ പ്രഖ്യാപനം’ എന്നറിയപ്പെട്ട ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആർതർ ജയിംസ് ബാൽഫോറിന്റെ ‘പലസ്തീനിൽ യഹൂദർക്ക് ഒരു ദേശരാഷ്ട്രം സ്ഥാപിക്കേണ്ടതുണ്ട്’ എന്ന പ്രഖ്യാപനം ഇന്നേവരെ അറബ് ജനത അനുഭവിച്ച സകലവിധ ദുരിതങ്ങളുടെയും രാഷ്ട്രീയ കാരണത്തിലേക്കുള്ള സൂചനയാണ്. 1917 ജൂലൈ 18 നു അദ്ദേഹം തയ്യാറാക്കിയ മെമ്മോറാണ്ടത്തിൽ ‘പലസ്തീൻ യഹൂദ ജനതയുടെ ദേശീയ ഭവനമായി പുനഃസംഘടിപ്പിക്കണം’ എന്ന തത്വം അവതരിപ്പിച്ചു. പലസ്തീനിലെ ബ്രിട്ടീഷ് അധിനിവേശം പലസ്തീനിന്റെ മണ്ണിനെ ജൂത ദേശീയതക്ക് കൈമാറിയാണ് മടങ്ങിയത്. അന്നേവരെ അവിടെ ജീവിച്ച തദ്ദേശീയ ജനതയെ തുടച്ചുമാറ്റുന്ന പ്രക്രിയക്ക് 1920 മുതൽ ഇന്നുവരെ ലോകം സാക്ഷിയായി. പലസ്തീനിൽ ഇസ്രയേൽ എന്ന രാജ്യം സൃഷ്ടിക്കാൻ അറബ് ജനതയുടെ ഭൂമി മാത്രമല്ല, അറബ് ജനതയുടെ സംസ്കാരത്തെയും കൊള്ളയടിച്ചു. എന്നാൽ അസാമാന്യമായ ജീവിതാസക്തിയും അതിജീവന ശേഷിയും പ്രകടിപ്പിച്ച ജനതയാണ് അറബ് ജനത. പലസ്തീൻ ജനതയുടെ ആത്മത്വത്തിനുനേർക്കുള്ള അതിക്രമത്തെ ആ ജനത അവരുടെ ദേശീയ സംസ്കാരത്തെ നിർണ്ണയിച്ചുകൊണ്ടുതന്നെ പ്രതിരോധിക്കാനും ആരംഭിച്ചു. ‘ദേശീയ സംസ്കാരം നിർമ്മിക്കാനുള്ള പോരാട്ടം അതിന്റെ ആദ്യ ഘട്ടത്തിൽതന്നെ ദേശീയ വിമോചനപോരാട്ടമാണെന്നും, ജനകീയ പോരാട്ടത്തിൽ നിന്നും വേറിട്ടൊരു സാംസ്‌കാരിക നിർമ്മിതി സാധ്യമല്ലെ’ന്നും ഫ്രാൻസ് ഫാനൻ ‘ഓൺ നാഷണൽ കൾച്ചർ’ എന്ന ലേഖനത്തിൽ പറയുന്നുണ്ട്. ലോകത്തെവിടെയെല്ലാം ഒരു ജനത സാമ്രാജ്യത്വ അധിനിവേശത്തിന്റെ അടിച്ചമർത്തലിനു വിധേയരായിട്ടുണ്ടോ, അവിടെയെല്ലാം അടിച്ചമർത്തപ്പെട്ട ജനതയ്ക്കൊരു ദേശീയ സംസ്കാരം ഉരുത്തിരിഞ്ഞുവരികയും ചെയ്തിട്ടുണ്ട്. ഒരർത്ഥത്തിൽ ജൂതദേശീയതയും അതേനിലയിൽ ഉരുവംകൊണ്ടതാണ്. നാസി ജർമനിയുടെ കാലത്ത് ജൂത സമൂഹത്തിനു നേർക്കു നടന്ന കിരാതമായ വംശവെറിയുടെ തുടർച്ചയിലാണ് ഒരു ജൂത ജനസംസ്കാര ദേശീയത നിർണ്ണയിക്കാനുള്ള ബോധപൂർവ്വവും അബോധപൂർവവുമായ ശ്രമം ശക്തിപ്പെട്ടത്. ഒരു വശത്ത്- അധിനിവേശ ശക്തി ജൂത സാംസ്കാരിക ദേശീയതയും ജൂതരാഷ്ട്രവും നിർമ്മിക്കുകയും അതിന്റെ പ്രതിപ്രവർത്തനമെന്നോണം മറുവശത്തൊരു പലസ്തീനിയൻ പാരമ്പര്യ സാംസ്കാരിക സ്വത്വം ഉരുവം കൊള്ളുകയും ചെയ്തു. അടിച്ചമർത്തപ്പെടുന്ന ജനതയെ സംബന്ധിച്ച് കലയും സാഹിത്യവുമെല്ലാം അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും സാംസ്‌കാരിക പാഠമാണ്. പലസ്തീൻകാർക്ക് ജീവിതത്തിൽ നിന്നും വേറിട്ടൊരു കവിതയോ കഥയോ സംഗീതമോ ചിത്രകലയോ നൃത്തമോ ഇല്ല. ജനിച്ച മണ്ണിൽ ചോരയും കണ്ണീരും പൊടിയുന്ന ജീവിതത്തിൽ നിന്നും മുളച്ചു പൊന്തുന്ന പ്രതിരോധമാണ് പലസ്തീൻകാരുടെ കലയും സാഹിത്യവും. ചിത്രകല പലസ്തീനിലെ ചുമരുകളിൽ പ്രതിരോധഛായം പൂശി. തെരുവുകളും അഭയാർത്ഥി കേന്ദ്രങ്ങളും സംഗീതവും നൃത്തവുംകൊണ്ട് പലസ്തീൻകാരുടെ സാമൂഹ്യ ജീവിതത്തിലെ മുറിവുകളിൽ ഉപ്പുപുരട്ടി. കവിതകൾ ചുണ്ടുകളിൽനിന്നും അടർന്നു വീഴുന്ന പടപ്പാട്ടുകളായി. മഹ്-മ്മൂദ് ദർവീശിന്റെ കവിതകൾ ലബനീസ് സംഗീതജ്ഞൻ മാർസൽ ഖലിഫ് വേദികളിൽ പാടി. കല ഒരേസമയം ഒരു ജനതയുടെ മുറിവിലേക്കും അതേസമയം ഉള്ളിലെ കെടാത്ത കനലിലേക്കുമുള്ള വിശറിയായി മാറി. പലസ്തീനി സംഗീതവും നൃത്തവും പാരമ്പര്യത്തിന്റെ വേരുകളിൽ മുളപൊട്ടിയവയാണ്. പലസ്തീനിയൻ കലാസാംസ്കാരിക ഭൂപടത്തിൽ സവിശേഷപ്രാധാന്യമുള്ള ‘ഡബ്കെ’ സാമൂഹിക ജീവിതം എന്ന പരികല്പനയിൽ പ്രത്യാശാനിർഭരമായി നിലകൊള്ളുന്ന ഒന്നാണ്.

ഡബ്കെ: പിറവിയും 
പിറവിയുടെ കലയും
പശ്ചിമേഷ്യയിലെ ഇന്നത്തെ പലസ്തീൻ, ജോർദാൻ, സിറിയ, ലബനൻ, ഇസ്രയേൽ എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടിരുന്ന ‘ലവാന്റെ’ എന്ന ഭൂപ്രദേശത്തെ തദ്ദേശ ജനവിഭാഗത്തിനിടയിൽ നിലനിന്നിരുന്ന നൃത്തകലയാണ് ഡബ്കെ. അമർത്തിചവിട്ടുക (stamping of feet) എന്നർത്ഥം വരുന്ന ഡബാക്ക എന്ന അറബി വാക്കിൽ നിന്നാണ് ഡബ്കെ എന്ന വാക്ക് പിറവികൊണ്ടത്. ഋതുക്കൾ മാറി ഭൂമിയുണർന്നു ജീവന്റെ പുതിയ നാമ്പുകൾ സംരക്ഷിക്കാൻവേണ്ടി ദുഷ്ടാത്മാക്കളെ അകറ്റാനുള്ള, മണ്ണിനെ ആദരിക്കുന്ന ആചാരപരമായ നൃത്തമാണ് ഡബ്കെ. പുതിയ മുളകളുടെ, പുതിയ പിറവിയുടെ പ്രത്യാശയാണ് ഡബ്കെയിലൂടെ പുരാതന സമൂഹം പ്രകടിപ്പിച്ചത്. പ്രകൃതിയുടെ സമൃദ്ധിയിലുള്ള ആഘോഷവും സമൃദ്ധമായ വിളവിനായുള്ള പ്രാർത്ഥനയും. അതേസമയം വീടിന്റെ മേൽക്കൂര ഉറപ്പുറ്റതാക്കാൻ മണ്ണുകുഴച്ചു സംഘം ചേർന്ന് ചവിട്ടിപ്പാടിയിരുന്നതിന്റെ ഓർമ്മയും ഡബ്കെ പങ്കുവെക്കുന്നുണ്ട്. നർത്തകരെയും കാഴ്ചക്കാരെയും ഒന്നാക്കി മാറ്റുന്ന ഡബ്കെയുടെ സംഗീതം സാമൂഹ്യമായ പങ്കുവെക്കലിന്റെയും പങ്കാളിത്തത്തിന്റെയും ദർശനം ഉള്ളടങ്ങിയ ഒന്നാണ്. ആദ്യ കാലത്ത് കാർഷിക–സാംസ്കാരിക –ജീവിതത്തിൽ ഉള്ളടങ്ങിയ നൃത്താവിഷ്കാരം എന്ന നിലയിൽ ഗ്രാമീണ ജനതയുടെ ജീവിതപരിസരത്ത് നില നിന്നിരുന്ന ഡബ്‌കെ, കാർഷിക ജീവിതത്തിൽ വന്ന മാറ്റങ്ങളുടെ ഭാഗമായി സാംസ്കാരിക ജീവിതത്തിൽ നിന്നും പിൻവാങ്ങിത്തുടങ്ങിയിരുന്നു. പിന്നീട് സംഘടിതമായി തൊഴിലെടുത്തിരുന്ന സ്ഥലങ്ങളിൽ മനുഷ്യർ ഡബ്‌കെ ഗാനങ്ങൾ പാടുകയും നൃത്തം ചെയ്യുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലംവരെ മനുഷ്യർ ഒന്നിച്ചുണ്ടാവുന്ന തൊഴിലിടം, വിവാഹം, ഉത്സവങ്ങൾ എന്നിവയിലെല്ലാം ഡബ്കെയുടെ സാന്നിധ്യമുണ്ട്. മാറുന്ന സാമൂഹ്യ സന്ദർഭങ്ങളിലെല്ലാം മനുഷ്യജീവിതത്തിൽ ഒരു കല നടത്തുന്ന സാംസ്ക‌ാരിക ഇടപെടലുകൾ ഡബ്‌കെയുടെ ചരിത്ര രേഖയിൽ ദർശിക്കാം. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ ജൂതസമൂഹം പലസ്തീനിലെ ജൂതരാഷ്ട്ര രൂപീകരണത്തിന്റെ ഭാഗമായി ഒരു ജൂത സാംസ്‌കാരിക ദേശീയത നിർമ്മിച്ചു. ആചാരം, കല, പാരമ്പര്യം, ചരിത്രം എന്നിവയെല്ലാം ഉൾച്ചേർന്ന ഒരു കല്പിത ജൂത സാംസ്കാരിക സ്വത്വത്തെ ചരിത്രത്തിൽ നിർമ്മിച്ചെടുക്കാൻ ശ്രമിച്ചതിന്റെ ഭാഗമായി അറബ് ജനതയുടെ മണ്ണിനോടൊപ്പം ഡബ്‌കെയും കവർന്നെടുത്തിരുന്നു. അങ്ങനെ ഇസ്രയേലിലെ ജൂത സമൂഹത്തിനിടയിലും ഒരു ഡബ്കെ പ്രചരിക്കപ്പെട്ടു.

കൊള്ളയടിക്കപ്പെട്ട 
കലയും ജീവിതവും
ഇരുപതാം നൂറ്റാണ്ടിൽ ജൂത സമൂഹത്തിനെതിരായി നടന്ന കൊടിയ പീഡനങ്ങൾ സയണിസം എന്ന രാഷ്ട്രീയ സാംസ്കാരിക പദ്ധതിയിലേക്കാണ് വഴി തെളിച്ചത്. സയണിസത്തിന്റെ ജൂത സ്വത്വത്തെ സ്വയം നിർണ്ണയിക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് കണ്ടത്. യൂറോപ്യൻ ജൂത ജീവിതത്തിലെ മുറിപ്പാടുകളോടൊപ്പം സാംസ്കാരിക ജീവിതത്തെയും മായ്ച്ചുകളയാൻ അവർ ആഗ്രഹിച്ചു. ‘ഇസ്രായേലി യുവാക്കൾ ജർമൻ നൃത്തങ്ങളും പാട്ടുകളും മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് എനിക്ക് ആരോചകമായി തോന്നി’ എന്ന് ആദ്യകാല ഇസ്രയേലി നൃത്ത സംവിധായിക റിവ്‌ക സ്റ്റർമാന്റെ പ്രസ്താവന ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്. പശ്ചിമേഷ്യയിലെ ജൂത സെറ്റിൽമെന്റുകളിൽ നിന്നും ഒരു ജൂത ദേശീയത പിറവിയെടുത്തു. അതിൽ ഡബ്കെ എന്ന നൃത്ത രൂപത്തെക്കൂടി ഉൾചേർത്തു എന്ന് വേണം പറയാൻ. ‘ജൂതസമൂഹം ഇപ്പോൾ അറബ് ആട്ടിടയൻമാരുടെ നൃത്തമായ ഡബ്‌കെ ആരംഭിച്ചിട്ടുണ്ട്. ലളിതമായ ഓട്ടവും ചുവടുകളുമായി, അരവെട്ടിച്ചു ഇരുകാലുകളിൽ ചവിട്ടിയുള്ള ഡബ്‌കെ. അറബ് ആട്ടിടയൻമാരുടെ നൃത്തം, നമ്മുടെ കുടിയേറ്റ മേഖലയിലെ യുവാക്കൾ അത്യാവേശത്തോടെ ഡബ്കെയുടെ ചുവടുവെക്കുന്നു. എനിക്കത് കണ്ടപ്പോൾ ഒരുപക്ഷെ മറന്നുപോയ ഭൂതകാലത്തിൽ സുപരിചിതമായ ഒന്നിനെ അവർ വീണ്ടെടുക്കുന്നതായി തോന്നി’ എന്ന ഇസ്രയേലി നൃത്ത സംവിധായിക വേര ഗോൾഡ്‌മാന്റെ നിരീക്ഷണം വിരൽചൂണ്ടുന്നത് ഡബ്കെ യുടെ ഇസ്രയേലി കടംകൊള്ളലിലേക്കാണ്. 1930കളിൽ ജൂത സമൂഹത്തിനിടയിൽ ഡബ്കെ നൃത്തം പരിശീലിപ്പിക്കുകയും വേദികളിൽ അവതരിപ്പിക്കപ്പെടുകയും ചെയ്തു. 1930 ൽ ടെൽ അവീവ് മുൻസിപ്പാലിറ്റി ഇസ്രയേലിന്റെ ഏറ്റവും ആധികാരിക നൃത്തം കണ്ടെത്താൻ മത്സരം സംഘടിപ്പിക്കുകയും, ഇതിൽ തദ്ദേശീയ ഗ്രാമീണ സമൂഹത്തിലെ ഡബ്-കെയുടെ പഠനം നടത്തിയ യാർഥേന കോഹന്റെ നൃത്തം ജൂത തനത് നൃത്തം എന്ന നിലയിൽ പരിഗണിക്കപ്പെടുകയും ചെയ്തു. 1944 മുതൽ ഡാല്യ ഉത്സവങ്ങളിൽ നാടോടി നൃത്തങ്ങളാൽ പ്രചോദിതമായി അവതരിപ്പിക്കപ്പെട്ട നൃത്തങ്ങളെക്കുറിച്ചും പലസ്തീൻ ഡാൻസസ്, ഡാൻസസ് ഓഫ് പലസ്തീൻ എന്നിങ്ങനെയുള്ള പുസ്തകങ്ങളിലൂടെ ജൂത സംസ്കാരത്തെ നിർമ്മിച്ചെടുക്കാൻ ശ്രമിച്ചതിനെക്കുറിച്ചും നിക്കോളാസ് റോവിന്റെ ‘ഡാൻസ് ആൻഡ് പൊളിറ്റിക്കൽ ക്രെഡിബിലിറ്റി: ആൻ അപ്രോപ്രിയേഷൻ ഓഫ് ഡബ്കെ ബൈ സയണിസം, പാൻ അറബിസം, ആൻഡ് പലസ്തീനിയൻ നാഷണലിസം’ എന്ന ലേഖനത്തിൽ പറഞ്ഞുവെക്കുന്നുണ്ട്.

സയണിസ്റ്റ് സാംസ്കാരിക രാഷ്ട്രീയത്തെ, മനുഷ്യ സമൂഹത്തിന്റെ നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിൽ നട്ടുപിടിപ്പിക്കാൻ നടത്തിയ ശ്രമങ്ങളെ മുൻനിർത്തിയാണ് ഡബ്കെയുടെ സയണിസ്റ്റ് സംസ്കൃതീകരണത്തെ മനസ്സിലാക്കേണ്ടത്. ബൈബിൾ പരോപദേശകഥകളുടെ ആഖ്യായികളായി ഡബ്‌കെയെ പരിവർത്തനം ചെയ്തു. ഇസ്രയേലിന്റെ അധിനിവേശ സംസ്കാരത്തിന്റെ അധികാര ശരീരത്തിൽ പലജനതകൾ പങ്ക് വച്ച പാരമ്പര്യത്തെ ഒഴുക്കിവിട്ടു. ബൈബിൾ കഥകൾ മാത്രമല്ല, തദ്ദേശീയരെ കൊന്നുതള്ളിയതിന്റെ, പലായനം ചെയ്യിപ്പിച്ചതിന്റെ ഹുങ്കാർന്ന അധിനിവേശത്തിന്റെ വീര കഥകൾ ഡബ്‌കെയുടെ പാട്ടുകളായി. 1949 ൽ ആദ്യ ഇസ്രയേൽ സ്വാതന്ത്ര്യ ദിനത്തിൽ നൂറുകണക്കിന് സൈനികർ ഒരുമിച്ച് ചുവടുവച്ച പാട്ട് ‘ഉറപ്പായും, അവർ തോറ്റുപോകും’ (yes they will lose) എന്നതാണ്. റിവ്ക സ്റ്റിർമാന്റെ തദ്ദേശീയ ജനതയെ അക്രമങ്ങളിലൂടെ കീഴടക്കിയതിന്റെ മഹത്വം പാടിയ ഡബ്കെകളിൽ ഒന്നാണ് ‘ഉറപ്പായും അവർ തോറ്റുപോകും’ എന്നത്.

അമേരിക്കൻ ഐക്യനാടുകളിൽ ഇസ്രായേലി നാടോടി സംഘങ്ങൾ ശൂന്യതയിൽനിന്നും സൃഷ്ടിച്ച ജൂത ദേശീയ സംസ്കാരത്തിന്റെ വ്യാജ വേരുകളുമായി സഞ്ചരിച്ചു. “നമുക്ക് വേറെ വഴിയില്ല. നമുക്ക് നൃത്തങ്ങൾ സൃഷ്ടിക്കേണ്ടി വന്നു, അതാണ് സംഭവിച്ചത്, 1944-ൽ തുടങ്ങിയാണ്, ലോകത്താകമാനമുള്ള നാടോടി സംസ്കാരത്തിന്റെ വികസന നിയമങ്ങൾക്ക് എതിരായാണ് ഇത് നടന്നത്. നാടോടിനൃത്തങ്ങൾ പ്രത്യേക ലക്ഷ്യത്തോടെ, കൃത്രിമമായി സൃഷ്ടിക്കാൻ സാധിക്കുമോ? നൂറുകണക്കിന് വർഷമെടുത്തുള്ള ഒരു പ്രക്രിയയെ ഏതാനും വർഷത്തിനുള്ളിൽ അതിവേഗം സൃഷ്ടിക്കാമോ? അതിന് അത്ഭുതം സംഭവിക്കണം’ എന്ന് ഇസ്രായേലി നാടോടി നൃത്തത്തിന്റെ സൃഷ്ടിയെക്കുറിച്ച് ഇസ്രയേലി നൃത്ത സംവിധായിക ഗുരിത് ഗാട്ട്‌മാൻ. പലകാല ജീവിതങ്ങളിൽ നിന്നും പകർന്നുകിട്ടിയ സംസ്കാരവും ദേശവുമൊഴികെ പലസ്തീൻകാർക്ക് മറ്റൊന്നുമുണ്ടായിരുന്നില്ല. പലസ്തീനിൽ കുടിയേറിയ ജൂതസമൂഹത്തിന് പക്ഷേ അവ രണ്ടും കൈവശം ഉണ്ടായിരുന്നില്ല, എന്നാൽ അധിനിവേശത്തിന്റെ അധികാരഗർവുണ്ടായിരുന്നു. സമ്പത്തും ആയുധങ്ങളുമുണ്ടായിരുന്നു. യൂറോപ്പിന്റെ ദുരിതകാലം ജൂതരെ യൂറോ കേന്ദ്രിത സാംസ്കാരിക സ്വത്വത്തെ തിരസ്കരിക്കാനും ഒരു ‘തനത്’ ജൂത സംസ്കാരത്തെ കണ്ടെത്താനും പ്രചോദിപ്പിച്ചു. പലകാരണങ്ങളാൽ അതു ചെന്നെത്തിയത് പലസ്തീനിലെ അറബ് ജനതയുടെ ജീവിതത്തിലേക്കാണ്. അവരുടെ ഭൂമി മാത്രമല്ല, സാംസ്കാരിക ജീവിതത്തെയും കൂടി കവർന്നെടുത്താണ് ഇസ്രയേൽ എന്ന രാജ്യം അതിർത്തികെട്ടിയത്.

ഡബ്കെ: കീഴടങ്ങാത്ത 
ജനതയുടെ കല
പലസ്തീൻ എന്ന ആധുനിക രാഷ്ട്ര സങ്കൽപ്പം രൂപംകൊള്ളുന്നതിനും മുൻപേ പലസ്തീൻകാർ എന്ന് ഇന്ന് വിശേഷിപ്പിക്കുന്ന ജനതയും അവരുടെ ദേശവും പശ്ചിമേഷ്യയുടെ ഭൂപ്രകൃതിയിലുണ്ട്. എന്നാൽ ഇസ്രായേൽ എന്ന ദേശരാഷ്ട്ര സങ്കൽപ്പനം അതിർത്തികെട്ടും വരെ ഇന്നത്തെ, ഇസ്രയേലികൾ എന്ന് വിളിക്കപ്പെടുന്ന ജനസാമാന്യം മധ്യേഷ്യയിൽ ഉണ്ടായിരുന്നില്ല. സംഘടിത കുടിയേറ്റത്തിന്റെയും അതിർത്തികെട്ടലിന്റെയും ഇരകളാണ് പലസ്തീൻ ജനസമൂഹം. ‘ജനതയില്ലാത്ത ഭൂമി ഭൂമിയില്ലാത്ത ജനതക്ക്’ എന്ന സയണിസ്റ്റ് മുദ്രാവാക്യമുയർന്നതിന്റെ സാമൂഹ്യ പശ്ചാത്തലം ഇസ്രയേലിന്റെ ചരിത്രത്തിലേക്ക് മൗലികമായ ചോദ്യങ്ങൾ കൊരുത്തു വെക്കുന്നുണ്ട്. അറബ് ജനതയെ തുടച്ചു മാറ്റിക്കൊണ്ടല്ലാതെ ജനതയില്ലാത്ത ഭൂമി എന്ന് പലസ്തീനെ അഭിസംബോധന ചെയ്യുക സാധ്യമല്ല.

“പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അറബിയിൽ വന്ന ഒരു കുറിപ്പ് എഡ്വേഡ് സൈദ് ‘ദ ക്വസ്റ്റ്യൻ ഓഫ് പലസ്തീൻ’ എന്ന കൃതിയിൽ പരാമർശിക്കുന്നുണ്ട്. ‘‘പലസ്തീൻ എന്നത് സിറിയയിലെ ഏറ്റവും പടിഞ്ഞാറുള്ള പ്രവിശ്യയാണ്. അതിന്റെ ദൂരം റഫ മുതൽ അൽ ലജ്ജുൻ വരെയാണ്. അങ്ങോളമിങ്ങോളം സഞ്ചരിക്കാൻ ഒരു കുതിരസവാരിക്കാരന് രണ്ട് ദിവസമെടുക്കും. യഫ മുതൽ റിഹാ, സുഗർ, ലോത്തിന്റെ അനുചരർ താമസിച്ച ദേശം, അൽ ജിബാൽ, ആശ് ശരാഹ് എന്നിങ്ങനെയാണതിന്റെ വിസ്തീർണം. പലസ്തീൻ, കൃത്രിമ ജലസേചനം ആവശ്യമില്ലാത്ത മഞ്ഞിലും മഴയിലും നനയുന്ന മണ്ണ്, നമ്പ്ലസിൽ മാത്രമേ ജലസേചനം ആവശ്യമുള്ളൂ.’’ പലസ്തീൻ എന്നത് ആധുനിക ദേശ രാഷ്ട്ര സങ്കൽപ്പം രൂപപ്പെടുംമുന്നേ ഒരു സാംസ്കാരിക ദേശമായി നിലനിന്നിരുന്ന ഭൂപ്രദേശമായിരുന്നു എന്നതിന് ഇത്തരം സാക്ഷ്യങ്ങൾ അനവധിയുണ്ട്.

കർഷകരും ആട്ടിടയാരുമായ അറബി സംസാരിച്ചിരുന്ന ഒരു ജനവിഭാഗം നൂറ്റാണ്ടുകളായി ജീവിച്ച ദേശമാണ് പലസ്തീൻ. കർഷകരും ആട്ടിടയന്മാരും ചുവട് വച്ചിരുന്ന ഡബ്കെ എന്ന നാടോടി നൃത്തം കാലാന്തരത്തിൽ മൃതശരീരങ്ങൾക്കും തകർന്ന വീടുകൾക്കും നടുവിൽ, അഭയാർത്ഥി ക്യാമ്പുകളുടെ ദുരിത ജീവിതത്തിന് നടുവിൽ, കണ്ണീരിനെ തുടച്ചു കളയുന്ന ധ്യാനാത്മകചലനമായി മാറിയതിന്റെ രാഷ്ട്രീയ സംസ്കാരിക നടവഴികളിന്നു തെളിഞ്ഞു നിൽക്കുന്നുണ്ട്. പലസ്തീനിയൻ സാംസ്കാരിക പ്രതിരോധത്തിലെ കാതലായ ആശയമാണ് സുമൂദ്(sumud). പോരാട്ടമല്ല, പക്ഷേ പിൻവാങ്ങലുമില്ല എന്നതാണ് സുമൂദിന്റെ ഉൾക്കാമ്പ്. അധിനിവേശക്കാർ വീടുകൾ തകർത്താലും, മണ്ണുവിട്ടുപോകാതിരിക്കുക എന്നതാണ് പിൻവാങ്ങാത്ത പ്രതിരോധത്തിന്റെ ആപ്തവാക്യം.സുമോദ് എന്നാൽ മണ്ണിൽ ഉറച്ചുനിൽക്കുക എന്നർത്ഥം. ഡബ്‌കെ സുമൂദിന്റെ പാരമ്പര്യ ശാരീരിക ആഖ്യാനമാണ്. നാടോടി കലകളെപ്പോഴും പ്രാദേശിക ജനതയുടെ ജീവിതത്തിൽ വേരുറപ്പിച്ചവയാണ്. ഡബ്കെ അറബ് തദ്ദേശീയ ജനതയുടെ പാരമ്പര്യത്തിൽ നങ്കൂരമിട്ട ഒരു കല മാത്രമല്ല, പലകാലം പല നിലയിൽ പലസ്തീനികളുടെ സാംസ്കാരിക രാഷ്ട്രീയ വ്യവഹാരങ്ങളുടെ ഉരകല്ലിൽ രാകിമിനുക്കിയ ഒന്നു കൂടിയാണ്. ആദ്യകാലങ്ങളിൽ ഗ്രാമീണ ജനതയുടെ ആഘോഷങ്ങളിലും തൊഴിലിടത്തിലും ചുവടുവച്ചിരുന്ന ഒരു നൃത്തം കാലത്തിന്റെ മറവികളിൽ മുങ്ങി പോകാനുള്ള സാധ്യതകളെ നിഷേധിച്ചുകൊണ്ടാണ് രാഷ്ട്രീയമുഖരിതമായ ഒരു ജീവിതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടത്. പലസ്തീൻകാരുടെ ആത്മത്വത്തിനു നേർക്കുള്ള അധിനിവേശത്തിന്റെ കാലത്ത് അവരുടെ മണ്ണും ജീവിതവും സംരക്ഷിക്കാൻ നടത്തിയ പ്രതിരോധ കഥയിൽ ഡബ്കെയുടെ കാലടികൾ തെളിഞ്ഞുനിൽക്കുന്നുണ്ട്.

1948ലെ നക്ബ മൂന്നര ലക്ഷം മനുഷ്യരെ അഭയാർത്ഥികളാക്കി മാറ്റി. ജോർദാൻ ഉൾപ്പെടുന്ന സമീപ നാടുകളിലേക്ക് പലായനം ചെയ്ത മനുഷ്യർ ജന്മദേശത്തെ സ്വപ്നം കണ്ടു, എന്നെങ്കിലും പോയ നാടും വീടും തിരിച്ചുകിട്ടും എന്ന് പ്രത്യാശിച്ചു. അഭയാർത്ഥി ജീവിതകാലം അവർക്കുമുന്നിൽ അവരുടെ സാംസ്കാരിക പാരമ്പര്യത്തെ നിവർത്തി വച്ചു. അവർ സ്വയം ഒരു രാഷ്ട്രീയ ജനതയായി പരിണമിച്ചു. നക്‌ബയുടെ പൊള്ളുന്ന വേദനയിൽ നിന്നും ഒരു ചരിത്രബോധം ഉയർന്നു വന്നു. ഡബ്‌കെ പലസ്തീൻകാരുടെ സാംസ്കാരിക ജീവിതത്തിന്റെ പ്രതിനിധാനമായി നിലകൊണ്ടു. വിവാഹം ഉൾപ്പെടെയുള്ള സാമൂഹ്യസന്ദർഭങ്ങളിൽ ഡബ്കെ, ആട്ടിയോടിക്കപ്പെട്ട പലസ്തീൻകാരുടെ രാഷ്ട്രീയ ശരീരമായി വർത്തിച്ചു. ‘1948 ലെ ഇസ്രായേൽ സൃഷ്ടിക്ക് ശേഷം മൂന്നിലൊന്ന് പലസ്തീൻകാർ കുടിയിറക്കപ്പെട്ടു. ഡബ്കെ ഒരു രാഷ്ട്രീയശബ്ദമായി മാറി. പലസ്തീനിയൻ പാരമ്പര്യം സർവനാശത്തിന്റെ ഭീഷണിയിലായതോടെ, ഞങ്ങളുടെ ചരിത്രം ഈ മണ്ണിൽ ആണ്ടിറങ്ങിയവയാണെന്നും, ഞങ്ങളി മണ്ണിന്റെ ഉടമകളാണെന്നും, ഞങ്ങളീ മണ്ണിനെ സ്നേഹിക്കുന്നുവെന്നും, ഈ മണ്ണിലേക്ക് മടങ്ങാനുള്ള ഞങ്ങളുടെ അവകാശത്തെ ഒരു നാളും മറക്കില്ലെന്നുമുള്ള ഞങ്ങളുടെ പ്രതിരോധ വാഞ്ജ പ്രകടിപ്പിക്കുന്ന ഒന്നായി ഡബ്കെ മാറി’ എന്ന് ഷാദ് അബൂസലാമ ഹവിയ്യ പറയുന്നു; യുകെയിലെ സ്ത്രീകളുടെ നൃത്ത സംഘത്തിന്റെ രൂപീകൃതരിൽ ഒരാളാണ് ഷാദ് അബൂസലാമ.

1979 ൽ രൂപീകൃതമായ എൽ ഫാനോൺ (el fanoun) നൃത്ത സംഘം അതിജീവനകലയുടെ പ്രതിരോധ സേനയായി മാറി. നൃത്ത സംഘങ്ങൾ ലോകത്തിന്റെ പലകോണുകളിൽ പലസ്തീനിലെ അതിജീവനത്തിന്റെ പ്രതിനിധാനമായി. കെട്ടുകഥകളിലൂടെ പലസ്തീനിയൻ സംസ്കാരത്തെ മായ്ച്ചുകളയാനുള്ള സയണിസത്തിന്റെ ശ്രമങ്ങളെ എൽ ഫാനോൺ, കൾച്ചറൽ ഹബ്, ജബൽ എൽ സൈൻ (അർജന്റീന്യൻ ഡബ്‌കെ സംഘം) പോലെയുള്ള നൃത്ത സംഘങ്ങൾ ചുവടുവച്ച് ചെറുത്തുനിന്നു. അഭയാർത്ഥി ക്യാമ്പുകളിലും, തെരുവിലും വേദികളിലും സ്വകാര്യപരിപാടികളിലുമെല്ലാം തോറ്റുപോയ മനുഷ്യരോട് ഐക്യപ്പെട്ടുകൊണ്ട് ഡബ്കെ സാന്നിധ്യമുറപ്പിച്ചു. പലസ്തിനെ ഭൂപടത്തിൽ നിന്നും മായ്ച്ചുകളയുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്.

‘ഞങ്ങൾ ജീവിച്ചിരിപ്പുണ്ടെന്നും, ഞങ്ങൾക്കൊരു മനോഹരമായ ചരിത്രവും സംസ്കാരവുമുണ്ടെന്നും ലോകത്തെ ഓർമ്മിപ്പിക്കേണ്ടതുണ്ട്. ഇസ്രയേൽ ഞങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ചാലും ഞങ്ങൾ മാഞ്ഞു പോകില്ല’ എന്നും ഷാദ് അബൂസലാമ ഓർമിപ്പിക്കുന്നു. പലസ്തീനിലെ ജനതയെ മാത്രമല്ല അവരുടെ സംസ്കാരത്തിന്റെ നേരിയ ഓർമ്മ പോലും അവശേഷിക്കാതിരിക്കണം എന്നത് സയണിസത്തിന്റെ രാഷ്ട്രീയ പദ്ധതിയാണ്. അതുകൊണ്ടുതന്നെ പലസ്തീനിയൻ സാംസ്കാരിക അടയാളങ്ങളെല്ലാം ഇസ്രയേലി ഭരണകൂടത്തിന് അസഹ്യമായിരുന്നു. 1960 മുതൽ റാമല്ല നൈറ്റ് ഫെസ്റ്റിവലുകളിൽ ഡബ്കെയുടെ ചുവടുകൾ താളം വച്ചു. വെസ്റ്റ് ബാങ്കിൽ കർഫ്യൂ പ്രഖ്യാപിച്ചതും റാമല്ല നൈറ്റ്സ് ഫെസ്റ്റിവൽ നിരോധിച്ചതുമെല്ലാം പലസ്തീനിയൻ സാംസ്കാരിക അടയാളങ്ങളോട് ഇസ്രയേൽ പുലർത്തിയ അസഹിഷ്ണുതയുടെ സൂചനയാണ്. 1970കളിലെ രാഷ്ട്രീയ റാലികളിൽ ഡബ്കെ അനുഭൂതിയുടെ രാഷ്ട്രീയ വ്യവഹാരമായി. അതുകൊണ്ടുതന്നെ ഡബ്കെ ഇസ്രയേലി പട്ടാളത്തിന്റെ കർശനമായ സെൻസറിങ്ങിന് വിധേയമായി. ‘ഡബ്‌കെ മാർച്ച്’ നിരോധിക്കപ്പെട്ടു. ഡബ്കെ, കാണുന്നവരെ ആനന്ദിപ്പിക്കാനുള്ള കല എന്നതിൽ നിന്നും വ്യതിരിക്തമായി കൂട്ടായ അതിജീവനത്തിന്റെ രാഷ്ട്രീയ വ്യവഹാരം എന്ന മട്ടിലേക്ക് പുനരാവിഷ്കരിക്കപ്പെട്ടു.

ഔഡ്, തബല, മിജ്വിസ് എന്നീ ഉപകരണങ്ങളുടെ അകമ്പടിയിൽ ചടുലമായ വരികളിലും താളത്തിലും ചുവടുകൾ വച്ചാണ് ഡബ്‌കെ അരങ്ങേറുന്നത്. ദൽ ഊന, അൽ ജഫ്ര, അൽ ദഹിയ, സരീഫ് ഇൽ ടൂൾ എന്നിവയാണ് ഡബ്കെ ഗാനശൈലികൾ. വരികളിലെ കഥകളിൽ മാറ്റം വരാമെങ്കിലും രീതി ഒന്നു തന്നെയാണ്. നർത്തകർ വൃത്തരൂപത്തിൽ തോളോടുതോൾ ചേർന്ന്- ദ്രുത താളത്തിൽ മണ്ണിൽ അമർത്തി ചവിട്ടി നടനമാടുന്നു. മണ്ണിൽ എല്ലാവരും തുല്യരെന്നും, മനുഷ്യർ പരസ്പരം ചേർന്നു നിൽക്കുന്നവരെന്നും ഡബ്‌കെയുടെ ഘടന പ്രഖ്യാപിക്കുന്നുണ്ട്. നഷ്ടങ്ങളുടെ വലിയ കണക്കുപുസ്തകം മടക്കി വച്ച് ഞങ്ങൾ ഞങ്ങളുടെ മണ്ണിലേക്ക് തിരിച്ചുവരുമെന്നും, ദേശമില്ലെങ്കിലും പലസ്തീൻകാർ, പരസ്പരം കോർത്തു വച്ച ചങ്ങലയാണെന്നും ഡബ്കെയുടെ ചലനവും പ്രയോഗരീതിയും ഓർമ്മിപ്പിക്കുന്നു. മണ്ണിൽ അമർത്തി ചവിട്ടുന്നതിലൂടെ ‘ജനതയില്ലാത്ത ഭൂമിയെന്ന ഇസ്രയേലി കെട്ടുകഥക്കു മുന്നിൽ ഞങ്ങളുടെ മണ്ണ് എന്ന് പലസ്തീപലസ്തീൻകാർ ആത്മവിശ്വാസത്തോടെ അടിവരയിടുകയാണ്. നമുക്കൊരു മണ്ണുണ്ടെന്നും, എന്നെങ്കിലും നമ്മൾ ആ നാട്ടിലേക്ക് തിരികെ പോകുമെന്നുമെല്ലാം ചുവടുകളിൽ കോർത്ത വരികൾ വച്ച് എല്ലാം നഷ്ടപ്പെട്ട മനുഷ്യർക്ക് ധൈര്യം പകരുകയാണ് ഡബ്ക. പലസ്തീൻകാർക്ക് കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലം അസ്ഥിരതയുടെയും പലായനത്തിന്റെയും, അഭയാർത്ഥിത്വത്തിന്റെയും, വെടിയേറ്റ് തുളവീണ മൃതശരീരങ്ങളുടെയും, തകർന്ന കെട്ടിടങ്ങളുടെയും ഓർമകളുടെ വലിയ കാൻവാസാണ്.

അൻപത്തിഅയ്യായിരം മനുഷ്യർ കൊല്ലപ്പെട്ട, പതിനാറായിരത്തിൽ അധികം കുഞ്ഞുങ്ങൾ കൊല്ലപ്പെട്ട, എണ്ണമറ്റ മനുഷ്യർക്ക് പരിക്കേറ്റ, ബഹുഭൂരിപക്ഷവും അഭയാർത്ഥികളായ ഈ വംശഹത്യാകാലത്തും പലസ്തീൻകാർ അതിജീവനത്തിന്റെ ഒടുവിലത്തെ തുരുത്ത് തേടുകയാണ്. എല്ലാം നഷ്ടപ്പെട്ട ജനതക്ക് മുന്നിൽ, തകർന്ന വീടുകൾക്കും, പൊടി പടർന്ന തെരുവുകൾക്കും, വയറെരിയുന്ന അഭയാർത്ഥി ക്യാമ്പുകൾക്കും നടുവിൽ അവർ ഡബ്കെ നൃത്തമാടുന്നു. ചടുലമായ ചുവടുകളിലും കനൽപോലെയെരിയുന്ന വരികളിലും അവർ ഒരു സങ്കടക്കടൽ ഒഴുക്കിക്കളയുകയാണ്, തിരിച്ചുവരുമെന്ന് പ്രഖ്യാപിക്കുകയാണ്. പരസ്പരം തോളോട് ചേർന്നു നിന്ന് മണ്ണിൽ അമർത്തി ചവിട്ടി നമ്മൾ ഒരു തോറ്റ ജനതയല്ല എന്നവർ ഉറപ്പിച്ചു പറയുകയാണ്. ഉറ്റവരുടെ രക്തം അവരെ ചുട്ടുപൊള്ളിക്കുമ്പോഴും ജീവനവശേഷിക്കുന്നവർ അതിജീവനത്തിന്റെ പ്രതിരോധത്തിന്റെ ചൂട്ടുകെട്ടുകയാണ്, ചുവടുവെക്കുകയാണ്.

‘‘ഉന്നതിയിലേക്ക് ശിരസ്സുയർത്തുക നിങ്ങൾ, നമ്മളീ മണ്ണിന്റെ ജനത’’ എന്നവർ പാടിയാടുകയാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen − 12 =

Most Popular