വിയറ്റ്നാം പുനരേകീകരിക്കപ്പെട്ടതിന്റെ 50–ാം വർഷമാണ് 2025. ഈ ലക്കം ചിന്തയുടെ കവർസ്റ്റോറി കെെകാര്യം ചെയ്യുന്നത് ഈ വിഷയമാണ്. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം ആർ അരുൺകുമാർ, വിജയ് പ്രഷാദ്, ആർ രാംകുമാർ, ദീപക് ജോൺസൺ, ജി വിജയ കുമാർ, ആര്യ ജിനദേവൻ എന്നിവർ എഴുതുന്നു.
ഒരു നൂറ്റാണ്ടിലേറെക്കാലം നീണ്ട ക്രൂരമായ സാമ്രാജ്യത്വാധിനിവേശവും യുദ്ധങ്ങളും തകർത്ത വിയറ്റ്നാമാണ് പുനരേകീകരണത്തിന്റെ 50 വർഷം പിന്നിടുമ്പോൾ ലോകത്തെ 26–ാമത് സാമ്പത്തികശക്തിയായി വളർന്നത്. ഇന്നത്തെ വിയറ്റ്നാമും ലാവോസും കമ്പോഡിയയും ഉൾപ്പെടുന്ന ദായ് നാം സാമ്രാജ്യത്തെ കാൽനൂറ്റാണ്ടിലേറെ നീണ്ടുനിന്ന യുദ്ധത്തിനൊടുവിലാണ് ഫ്രഞ്ച് അധിനിവേശ സേനയ്ക്ക് 1885ൽ കീഴടക്കാനായത്. അതിൽനിന്നു തന്നെ മനസ്സിലാക്കാം അധിനിവേശ ശക്തികളുടെ കടന്നുവരവിനുമുൻപ് ആ രാജ്യം സാമ്പത്തികമായും സാംസ്കാരികമായും സെെനികമായും എത്രത്തോളം ഔന്നത്യം പുലർത്തിയിരുന്നുവെന്ന്.
ആറ് പതിറ്റാണ്ടിലേറെ നീണ്ട ഫ്രഞ്ച് സാമ്രാജ്യത്വാധിനിവേശവും ഇടയ്ക്ക് രണ്ടാം ലോക യുദ്ധകാലത്ത് ഹ്രസ്വകാലം ജാപ്പനീസ് അധിനിവേശവും രണ്ടു പതിറ്റാണ്ടിലേറെക്കാലത്തെ അമേരിക്കൻ സാമ്രാജ്യത്വാധിനിവേശവും ഭീകരമായ ആക്രമണങ്ങളും വിയറ്റ്നാമിനെയും അവിടത്തെ ജനങ്ങളെയും പാടെ തകർത്ത് തരിപ്പണമാക്കിയിരുന്നു. അമേരിക്ക നടത്തിയ നിരന്തരമായ ബോംബാക്രമണം വിയറ്റ്നാമിലെ കൃഷിയിടങ്ങളെയും വനങ്ങളെയുമാകെ നശിപ്പിച്ച് മരുഭൂമിപോലെ ആക്കിയിരുന്നു. ജനങ്ങളാകട്ടെ ദാരിദ്ര്യത്തിലും പട്ടിണിയിലുമായിരുന്നു. എന്നിട്ടും ദരിദ്രരായ ആ ജനതയുടെ ഇച്ഛാശക്തിക്കും പോരാട്ട വീര്യത്തിനും മുന്നിൽ ലോകത്തിലെ ഏറ്റവും വലിയ സെെനിക ശക്തിയെന്ന് അഹങ്കരിച്ചിരുന്ന അമേരിക്കയ്ക്ക് അടിയറവ് പറയേണ്ടതായി വന്നു; തോറ്റോടേണ്ടതായി വന്നു. അതിന് ആ ജനതയ്ക്ക് നേതൃത്വം കൊടുത്തത് ഹോചിമിനും ജനറൽ ഗ്യാപും മറ്റും നയിച്ച കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു.
അതേ നിശ്ചയദാർഢ്യത്തോടെ തന്നെയാണ് രാജ്യത്ത് സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനുള്ള പോരാട്ടത്തിലും വിയറ്റ്നാമീസ് ജനതയും വിയറ്റ്നാമീസ് കമ്യൂണിസ്റ്റു പാർട്ടിയും ഏർപ്പെട്ടത്. ആദ്യ ദശകത്തിൽ ഏറെ മുന്നോട്ടേയ്ക്കുള്ള കുതിച്ചുചാട്ടത്തിന് കഴിഞ്ഞില്ല. മാത്രമല്ല, ഏതാനും വർഷങ്ങൾക്കകം ഉൽപ്പാദന മുരടിപ്പും ക്ഷാമവും പ്രതിസന്ധിക്കിടയാക്കി. പ്രശ്നമെന്തെന്ന് കണ്ട കമ്യൂണിസ്റ്റു പാർട്ടി അതിവേഗം അത് പരിഹരിക്കാനുള്ള നടപടികൾ കെെക്കൊണ്ടു. കാർഷിക മേഖലയിലുൾപ്പെടെ ഒട്ടേറെ തിരുത്തൽ നടപടികൾ സ്വീകരിച്ചു. 1986ൽ ദോയ് മോയ് നയം (നവീകരിക്കൽ നയം) നടപ്പാക്കുന്നതിന് കമ്യൂണിസ്റ്റു പാർട്ടി തീരുമാനിച്ചു.
കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ഈ നയമാണ് വിയറ്റ്നാം പിന്തുടരുന്നത്. ഈ കാലഘട്ടത്തിലാണ് വിയറ്റ്നാം സമ്പദ്ഘടനയിൽ വലിയ മുന്നേറ്റമുണ്ടായിക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക വളർച്ച ഉണ്ടായതു മാത്രമല്ല, ദാരിദ്ര്യനിർമാർജനത്തിൽ, വിദ്യാഭ്യാസ – ആരോഗ്യ രംഗങ്ങളിലെല്ലാം വിയറ്റ്നാം വലിയ തോതിൽ മുന്നോട്ടുപോയി. 2025 ജനുവരിയിലെ സ്ഥിതിവിവരക്കണക്കുപ്രകാരം വിയറ്റ്നാമിൽ ദരിദ്രരുടെ നിരക്ക് ഒരു ശതമാനത്തിലും താഴെയാണ്. വരുമാന അന്തരവും തുലോം കുറവാണ്. 2045 ആകുമ്പോൾ വിയറ്റ്നാം ആധുനികവും വികസിതവുമായ സോഷ്യലിസ്റ്റ് സമൂഹമായി മാറുമെന്നാണ് വിയറ്റ്നാം കമ്യൂണിസ്റ്റു പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. l



