Wednesday, March 4, 2026

ad

Homeകവര്‍സ്റ്റോറിപുനരേകീകരണത്തിന്റെ
 50 വർഷവും 
ഇന്നത്തെ വിയറ്റ്നാമും

പുനരേകീകരണത്തിന്റെ
 50 വർഷവും 
ഇന്നത്തെ വിയറ്റ്നാമും

ആർ അരുൺകുമാർ

ക്ഷിണ വിയറ്റ്നാമിന്റെ മോചനത്തിന്റെയും ദേശീയ പുനരേകീകരണത്തിന്റെയും 50–ാം വാർഷികം ഏപ്രിൽ 30ന് വിയറ്റ്നാം ആഘോഷിച്ചു. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പരാജയവും 1975 ഏപ്രിൽ 30ന് വിയറ്റ്നാമിൽ നിന്നുള്ള അമേരിക്കയുടെ തോറ്റോടലും, സ്വാതന്ത്ര്യത്തിനും മോചനത്തിനും പുനരേകീകരണത്തിനും വേണ്ടിയുള്ള വിയറ്റ്നാമിന്റെ 30 വർഷം നീണ്ട ദൃഢനിശ്ചയത്തോടെയുള്ള പോരാട്ടത്തിന്റെ അന്ത്യം കുറിക്കലായിരുന്നു. ഒരു നൂറ്റാണ്ടിലേറെക്കാലം നീണ്ട കോളനിവാഴ്ചയുടെ അന്ത്യമാണ് അതോടെ അവിടെ കുറിക്കപ്പെട്ടത്; തുടർന്ന് ആ രാജ്യം ഒരു പുതുയുഗത്തിലേക്ക്– ദേശീയപരമാധികാരത്തിന്റെയും സോഷ്യലിസത്തിന്റെയും യുഗത്തിലേക്ക് കടക്കുകയായിരുന്നു.

സയ്-ഗോണിന്റെ പതനം, അമേരിക്കയെ സംബന്ധിച്ചിടത്തോളം കേവലമൊരു സെെനിക പരാജയം മാത്രമായിരുന്നില്ല; മറിച്ച് സാമ്രാജ്യത്വത്തിനെതിരായി കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ നടന്ന ദേശീയ വിമോചനസമരത്തിന്റെ ചരിത്രപരമായ വിജയം കൂടിയായിരുന്നു. ദക്ഷിണ വിയറ്റ്-നാമിലെ (റിപ്പബ്ലിക് ഓഫ് വിയറ്റ്-നാം) അമേരിക്കൻ പിന്തുണയുള്ള പാവ സർക്കാരിന്റെ അന്തിമപതനത്തെയാണ് അത് അടയാളപ്പെടുത്തിയത്. ഫ്യൂഡൽ– മുതലാളിത്ത ചൂഷണത്തിനും വിദേശാധിപത്യത്തിനുമെതിരെ വിയറ്റ്-നാമിലെ തൊഴിലാളിവർഗവും കർഷകജനസാമാന്യവും നടത്തിയ വിപ്ലവപോരാട്ടമായിരുന്നു വിയറ്റ്-നാം യുദ്ധം. സോഷ്യലിസ്റ്റ് ഭരണത്തിൻകീഴിൽ വിയറ്റ്-നാമിന്റെ ഏകീകരണം അമേരിക്കൻ സാമ്രാജ്യത്വത്തിനേറ്റ കനത്ത പ്രഹരമായിരുന്നു.

ചരിത്ര പശ്ചാത്തലം
ഫ്രഞ്ച് കോളനി വാഴ്ചക്കാലത്താണ് (1887– 1954) കൊളോണിയൽ ആധിപത്യത്തിനെതിരായ വിയറ്റ്-നാമിന്റെ സമരം തുടങ്ങുന്നത്. തദ്ദേശീയ ഭൂപ്രഭുക്കളുടെ പിന്തുണയോടുകൂടി ഫ്രഞ്ചുകാർ കയറ്റുമതിക്കായി വിയറ്റ്-നാമിൽനിന്ന് റബറും അരിയും ധാതുക്കളും തട്ടിയെടുത്തു. അടിച്ചമർത്തപ്പെട്ട കർഷകജനസാമാന്യത്തെ ഹോ ചി മിൻ നേതൃത്വം നൽകിയ വിയറ്റ് മിഞ്ഞാണ് (Viet Minh–വിയറ്റ്-നാമിന്റെ സ്വാതന്ത്ര്യത്തിനായുള്ള സഖ്യം) സമരരംഗത്ത് അണിനിരത്തിയത്. ഇതിഹാസ നായകനായ ജനറൽ വോ എൻഗുയെൻ ഗ്യാപിന്റെ നേതൃത്വത്തിൽ ദിയെൻ ബിയെൻ -ഫൂവിൽ വിയറ്റ്- മിഞ്ഞ് സേന കെെവരിച്ച ഉജ്വലവിജയം ഫ്രഞ്ചുകാരുടെ പരാജയത്തിലാണ് കലാശിച്ചത്; അതോടെ ഫ്രഞ്ചുകാർക്ക് വിയറ്റ്-നാം വിട്ടുപോകേണ്ടതായിവന്നു.

വിയറ്റ് മിഞ്ഞിന്റെ വിജയത്തെ തുടർന്ന് കമ്യൂണിസ്റ്റു സേനയുടെ ഉയർന്നുവരവിലും ജനങ്ങൾക്കിടയിൽ അവർക്കുള്ള സ്വാധീനത്തിലും ഭയചകിതരായ അമേരിക്ക വൃത്തികെട്ട ഒരു കളികളിച്ചു; 17–ാം സമാന്തരരേഖയിൽ വച്ച് വിയറ്റ്-നാമിനെ രണ്ടായി വിഭജിച്ചു. ഈ വിഭജനം രണ്ട് രാജ്യങ്ങളെ സൃഷ്ടിച്ചു– കമ്യൂണിസ്റ്റ് ഭരണത്തിൻ കീഴിൽ ഡിആർവിയും (ഉത്തരവിയറ്റ്-നാം) അമേരിക്കയുടെ നിയന്ത്രണത്തിലുള്ള രാഷ്ട്രമെന്ന നിലയിൽ ആർവി എന്നും (ദക്ഷിണവിയറ്റ്-നാം). 1956ൽ രാജ്യത്തിന്റെ പുനരേകീകരണം നടപ്പാക്കുമെന്ന വാഗ്ദാനം അമേരിക്ക ലംഘിച്ചു; അതിനുപകരം നോ ദിൻ ദീ ജാന്റെ (Ngo Din Diem) നേതൃത്വത്തിൽ തങ്ങളുടെ പാവ ഗവൺമെന്റിനെ കുടിയിരുത്തി. ഈ ഗവൺമെന്റ് കർഷകരെ അടിച്ചമർത്തുകയും ഭൂപ്രഭുക്കൾക്കും ഫ്യൂഡൽ തേർവാഴ്ചയ്ക്കും ഒപ്പം നിൽക്കുകയും ചെയ്തു.

ഹോ ചി മിന്റെ നേതൃത്വത്തിൽ വിയറ്റ്- മിഞ്ഞ് (Viet Minh) രാജ്യത്തിന്റെ പുനരേകീകരണത്തിനായി പ്രവർത്തിച്ചു; മാത്രമല്ല, അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ സജീവമായ ഒത്താശയോടുകൂടി നടന്നിരുന്ന ഫ്യൂഡൽ– മുതലാളിത്ത മർദന വാഴ്ചയ്ക്ക് അറുതിവരുത്താനും ശ്രമിച്ചു. തങ്ങൾക്ക് ഒരേസമയം തന്ത്രപരമായ രണ്ട് കടമകൾ സമാന്തരമായി നടപ്പാക്കേണ്ടതുണ്ടെന്ന് ഹോ ചി മിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചു: ‘‘ഉത്തര വിയറ്റ്-നാമിൽ സോഷ്യലിസ്റ്റ് വിപ്ലവവും, ദൃഢനിശ്ചയത്തോടെ ആക്രമണകാരികളെ തുരത്തിയോടിച്ചുകൊണ്ട് ദക്ഷിണ വിയറ്റ്-നാമിൽ ജനകീയ, ദേശീയ ജനാധിപത്യ വിപ്ലവവും.’’ ഈ കടമകൾ നിറവേറ്റുന്നതിന് കർഷകജനസാമാന്യത്തെ സംഘടിപ്പിക്കേണ്ടത് അനിവാര്യമായി മാറി; കാരണം, വിയറ്റ്-നാമിലെ ഭൂമിയുടെ 50 ശതമാനത്തോളവും കെെയടക്കി വച്ചിരുന്നത് വെറും രണ്ട് ശതമാനം പേരാണ്; തങ്ങളുടെ ഉപജീവനത്തിനായി ഈ ഭൂമിയെ ആശ്രയിച്ചുകഴിയുന്ന കർഷകജനസാമാന്യത്തെ ഇവർ ചൂഷണം ചെയ്യുകയുമായിരുന്നു. ദേശീയ വിമോചന മുന്നണിക്ക് (NLF) രൂപം നൽകിയതിനൊപ്പം കമ്യൂണിസ്റ്റ് പാർട്ടി ദക്ഷിണ വിയറ്റ്-നാമിലെ ഭരണവർഗങ്ങൾക്കും സാമ്രാജ്യത്വചൂഷണത്തിനുമെതിരായ മുന്നേറ്റത്തിനും നേതൃത്വം നൽകി. ഫ്യൂഡലിസം അവസാനിപ്പിക്കൽ, കൃഷി ഭൂമി മണ്ണിൽ പണിയെടുക്കുന്ന കൃഷിക്കാരന് വിതരണം ചെയ്യൽ, രാജ്യത്തുനിന്ന് സാമ്രാജ്യത്വ ശക്തികളെ തുരത്തൽ എന്നീ മുദ്രാവാക്യങ്ങൾക്കുപിന്നിൽ കമ്യൂണിസ്റ്റു പാർട്ടിയും എൻഎൽഎഫും കർഷകജനതയെ അണിനിരത്തി.
ഗ്രാമപ്രദേശങ്ങളിൽ നടത്തിയ ഈ സമരങ്ങൾക്കുപുറമെ കമ്യൂണിസ്റ്റുകാർ പുതുതായി വളർന്നുകൊണ്ടിരുന്ന തൊഴിലാളിവർഗത്തെയും സംഘടിപ്പിച്ചു. അവർ സയ്-ഗോണിലെ തൊഴിലാളികളെയും അവർക്കു ചുറ്റും ഉയർന്നുവന്നുകൊണ്ടിരുന്ന ഇടത്തരം വർഗങ്ങളെയും സംഘടിപ്പിച്ചു. ഈ പരിശ്രമങ്ങളുടെ ഫലമായി നഗരപ്രദേശങ്ങളിൽപോലും ഗണ്യമായ പിന്തുണ നേടിയെടുക്കാൻ കമ്യൂണിസ്റ്റുകാർക്ക് കഴിഞ്ഞു; ഈ കാലഘട്ടം സാക്ഷ്യംവഹിച്ച വിവിധ സമരങ്ങളിൽ ഇത് പ്രതിഫലിച്ചു. 1968ലെ ടെറ്റ് പ്രത്യാക്രമണവും ഗ്രാമീണ സയ്-ഗോണിലെ ഇപ്പോൾ ലോകമാകെ അറിയപ്പെടുന്ന കു ചി തുരങ്കങ്ങൾ (Cu Chi Tunnels) കേന്ദ്രീകരിച്ചുനടന്ന ഗറില്ലാ പോരാട്ടങ്ങളും സാമ്രാജ്യത്വത്തിന്റെയും ഫ്യൂഡൽ പ്രഭുക്കളുടെയും നട്ടെല്ലുതകർത്തു.

അമേരിക്കയ്ക്കെതിരായ പോരാട്ടത്തിൽ വിയറ്റ്-നാം ജനതയ്ക്കു ലഭിച്ച സാർവദേശീയ പിന്തുണയും ഐക്യദാർഢ്യവും അമേരിക്കയുടെ പരാജയത്തിൽ പ്രധാനപ്പെട്ട ഒരു പങ്കുവഹിച്ചു. അമേരിക്കയിൽ തന്നെയുള്ള പുരോഗമനവാദികളായ ഒട്ടേറെയാളുകൾ തങ്ങളുടെ ഗവൺമെന്റിനെ തള്ളിപ്പറയുകയും വിയറ്റ്-നാം ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. നമ്മുടെ രാജ്യത്തുൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിൽ ഉയർന്നുവന്ന ഐക്യദാർഢ്യപ്രസ്ഥാനം പൊരുതുന്ന വിയറ്റ്-നാം ജനതയുടെ ആത്മവിശ്വാസത്തെ ബലപ്പെടുത്തി.

ഇവിടെ നാം ഓർമിക്കേണ്ട ഒരു കാര്യം വിയറ്റ്-നാം ജനതയുടെ പോരാട്ടത്തിന് സോവിയറ്റ് യൂണിയന്റെയും ചെെനയുടെയും നേതൃത്വത്തിൽ സോഷ്യലിസ്റ്റ് രാജ്യങ്ങൾ നൽകിയ സഹായമാണ്. ഈ ഘടകങ്ങളെല്ലാംതന്നെ ആത്യന്തികമായി അമേരിക്കൻ സാമ്രാജ്യത്വത്തെ പരാജയപ്പെടുത്തി; അതിനൊപ്പംതന്നെ അമേരിക്കയുടെ പിന്തുണയെ ആശ്രയിച്ചുനിന്ന ദക്ഷിണ വിയറ്റ്-നാമിലെ പാവ ഗവൺമെന്റും തകർന്നു. അവശേഷിച്ച പട്ടാളക്കാരെ തിരികെ കൊണ്ടുപോകാൻ സയ്-ഗോണിലെ അമേരിക്കൻ എംബസിയുടെ മുകളിൽ പറന്നിറങ്ങിയ ഹെലികോപ്-റ്ററുകളുടെ ചിത്രം സയ്-ഗോണിന്റെ പതനത്തെ ശക്തമായി പ്രതിഫലിപ്പിക്കുന്നതായിരുന്നു.

സോഷ്യലിസ്റ്റ് വിയറ്റ്നാം
വിയറ്റ്-നാം പുനരേകരിക്കപ്പെട്ടത് കമ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലാണ്. ദൗർഭാഗ്യവശാൽ, ജനങ്ങളിൽ അളവറ്റ വിശ്വാസമുണ്ടായിരുന്ന ഹോ ചി മിന് ആ സംഭവത്തിന് സാക്ഷ്യംവഹിക്കാൻ കഴിഞ്ഞില്ല: ‘‘പോരാട്ടം എത്രത്തോളം ബുദ്ധിമുട്ടുള്ളതോ ക്ലേശപൂർണമോ ആയിരുന്നാലും നമ്മുടെ ജനങ്ങൾ വിജയിക്കുക തന്നെ ചെയ്യും. നമ്മുടെ പിതൃഭൂമി നിശ്ചയമായും പുനരേകീകരിക്കപ്പെടുകതന്നെ ചെയ്യും. വടക്കും തെക്കുമായി കഴിയുന്ന ഒരേ നാട്ടുകാർ ഒരു മേൽക്കൂരയ്ക്കുകീഴിൽ നിശ്ചയമായും പുനരേകീകരിക്കപ്പെടും.’’

രാജ്യത്തിന്റെ പുനരേകീകരണത്തിനു ശേഷമാണ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്-നാം രൂപീകരിക്കപ്പെട്ടത്. നൂറ്റാണ്ടുകളോളം പിന്നാക്കാവസ്ഥയുടെയും അടിച്ചമർത്തലിന്റെയും കെടുതികൾ അനുഭവിച്ച രാജ്യത്തെ നയിക്കുകയെന്ന പ്രയാസപൂർണമായ കടമയാണ് കമ്യൂണിസ്റ്റു പാർട്ടിക്ക് ഏറ്റെടുക്കേണ്ടതായി വന്നത്. വിയറ്റ്-നാമിനുമേൽ അമേരിക്ക സാമ്പത്തിക ഉപരോധം അടിച്ചേൽപ്പിച്ചു; 1994 വരെ അത് നീണ്ടുനിന്നു; രാജ്യത്തിന്റെ പിന്നോക്കാവസ്ഥ തരണംചെയ്യുന്നതിന് അന്താരാഷ്ട്ര സഹായവും പിന്തുണയും നേടിയെടുക്കുന്നതിനുള്ള നീക്കങ്ങളെയെല്ലാം അട്ടിമറിക്കാനും അമേരിക്ക ശ്രമിച്ചു. പ്രയാസങ്ങൾ നിറഞ്ഞ ഈ കാലത്ത് സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ചേരി വിയറ്റ്-നാമിനെ സഹായിച്ചു.

ഹോ അമ്മാവ (ജനങ്ങൾ ഹോ ചി മിനെ സ്നേഹപൂർവം വിളിച്ചിരുന്നത് അങ്ങനെയാണ്) ന്റെ അന്ത്യാഭിലാഷത്തിൽ പ്രകടിപ്പിച്ചത്, ഏകീകൃതവും സമ്പൽസമൃദ്ധവുമായ ഒരു രാഷ്ട്രമായി വിയറ്റ്-നാമിനെ കാണണമെന്നുള്ള അദമ്യമായ മോഹമാണ്: ‘‘നമ്മുടെ പാർട്ടിയും ജനങ്ങളുമൊന്നാകെ ഒറ്റക്കെട്ടായി നിൽക്കുകയും, സമാധാനപൂർണവും ഏകീകൃതവും സ്വതന്ത്രവും ജനാധിപത്യപരവും സമ്പൽ സമൃദ്ധവുമായ ഒരു വിയറ്റ്-നാം കെട്ടിപ്പടുക്കുന്നതിന് ശ്രമിക്കുകയും വേണമെന്നതാണ് ആത്യന്തികമായുള്ള എന്റെ മോഹം; അത്തരമൊരു വിയറ്റ്-നാം ലോകവിപ്ലവ പ്രസ്ഥാനത്തിന് വിലപ്പെട്ട സംഭാവനകൾ നൽകുകയും വേണം.’’

പുനരേകീകരണത്തിന്റെ 50 വർഷം കഴിഞ്ഞപ്പോൾ, ദരിദ്ര്യത്തിലും പിന്നാക്കാവസ്ഥയിലുമായിരുന്ന, യുദ്ധം മൂലം തകർക്കപ്പെട്ട, സാമ്പത്തിക ഉപരോധത്തിനും തടഞ്ഞുവയ്ക്കലിനും വിധേയമായ വിയറ്റ്-നാം ഇന്ന് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നായി ഉയരുകയാണ്. കമ്യൂണിസ്റ്റു പാർട്ടി ഓഫ് വിയറ്റ്-നാമിന്റെ ഭരണത്തിൻകീഴിൽ വിയറ്റ്-നാം സഞ്ചരിച്ച ദൂരമെത്രയെന്ന് ചുരുക്കം ചില സ്ഥിതിവിവരക്കണക്കുകൾ തന്നെ നമ്മെ ബോധ്യപ്പെടുത്തുന്നു. 1993ൽ വിയറ്റ്-നാമിലെ ജനങ്ങളിലെ 58 ശതമാനം പേർ ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. 2024 ആയപ്പോൾ ഈ സംഖ്യ വെറും 1.93 ശതമാനമായിതാഴ്‍ന്നു. ഇന്ന്, ലോകത്തിലെ ഏറ്റവും മുൻപന്തിയിലുള്ള 15 വികസ്വര രാജ്യങ്ങളിലൊന്നായി വിയറ്റ്-നാം മാറിയിരിക്കുന്നു.

ഇനിയും കൂടുതൽ വികാസത്തിലേയ്ക്കും പുരോഗതിയിലേക്കും അഭിവൃദ്ധിയിലേക്കുമുള്ള പാതയിലൂടെ രാജ്യത്തെ മുന്നോട്ടുനയിക്കാനുള്ള ദൃഢനിശ്ചയത്തിലാണ് വിയറ്റ്-നാം കമ്യൂണിസ്റ്റ് പാർട്ടി. വിയറ്റ്-നാം കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി തോ ലാമിന്റെ (To Lam) വാക്കുകളിൽ: ‘‘ഇന്നത്തേതിനെക്കാൾ പത്തിരട്ടി മെച്ചപ്പെട്ട നിലയിൽ വിയറ്റ്-നാമിനെ കെട്ടിപ്പടുക്കാനുള്ള അഭിലാഷം സാക്ഷാത്-കരിക്കണമെന്നുണ്ടെങ്കിൽ, നാം എല്ലാ ഉൽപ്പാദനശക്തികളെയും മോചിപ്പിക്കുകയും എല്ലാ വിഭവങ്ങളെയും കെട്ടഴിച്ചുവിടുകയും സാമൂഹിക-–സാമ്പത്തിക വികസനത്തെ ശക്തമായി പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ സാധ്യതകളെയും ശക്തികളെയും പ്രചോദിപ്പിക്കുകയും വേണം. 2025ൽ, ചുരുങ്ങിയത് 8 ശതമാനം സാമ്പത്തികവളർച്ച കെെവരിക്കാനും 2026–2030 കാലത്ത് ഇരട്ട അക്കത്തിൽ വളർച്ച നേടാനുമാണ് നാം ശ്രമിക്കുന്നത് ; 2030 ഒാടുകൂടി ഉയർന്ന ഇടത്തരം വരുമാനമുള്ളതും ആധുനിക വ്യവസായത്തോടുകൂടിയതുമായ വികസ്വര രാജ്യമായി വിയറ്റ്-നാമിനെ മാറ്റുകയെന്ന തന്ത്രപ്രധാന ലക്ഷ്യം വിജയകരമായി നടപ്പാക്കുന്നതിനുള്ള ദൃഢനിശ്ചയമാണ് പാർട്ടിക്കുള്ളത്; 2045 ആകുമ്പോൾ ഉയർന്ന വരുമാനത്തോടുകൂടിയ വികസിതവും സോഷ്യലിസ്റ്റ് ദിശയോടുകൂടിയതുമായ രാജ്യമായി വിയറ്റ്നാമിനെ മാറ്റുകയും വേണം.’’

ഈ ലക്ഷ്യങ്ങൾ കെെവരിക്കുന്നതിന്റെ പേരിൽ ഹോ ചി മിൻ നിർദേശിച്ച പാതയിൽനിന്ന് ഒരിക്കലും വ്യതിചലിക്കില്ലെന്നും പാർട്ടി പ്രസ്താവിക്കുന്നു. അഴിമതിയും അസമത്വവും അസമമായ വികസനവും നിർമാർജനം ചെയ്യുന്നതിനാണ് പാർട്ടി ലക്ഷ്യമിടുന്നത്. അടുത്തകാലത്തായി, ബ്യൂറോക്രസിയെ തകർക്കുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനും പാർട്ടി ചില തീരുമാനങ്ങൾ കെെക്കൊണ്ടു. പ്രവിശ്യകളുടെ എണ്ണം 63ൽ നിന്ന് 30 ആയി കുറച്ചു; ജില്ലാതല ഭരണസംവിധാനം തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ കാലതാമസം വരുത്തുന്നതായി കണ്ടതുകൊണ്ട് ജില്ലാതല ഗവൺമെന്റ് വേണ്ടെന്ന് തീരുമാനിച്ചു. ജനകീയ ഭരണസംവിധാനത്തിന്റെ താഴെ തലത്തിലുള്ള യൂണിറ്റുകൾ ജനങ്ങൾക്ക് കൂടുതൽ സമീപിക്കാൻ കഴിയുന്നവയാക്കി. മുൻപ് ഒരു കമ്യൂണിൽ 10,000 ആളുകൾ ഉൾക്കൊള്ളുന്നതായിരുന്നു; ഇപ്പോൾ ഒരു കമ്യൂണിലെ ആളുകളുടെ എണ്ണം, 2500 എന്ന നിലയിലേക്ക് കുറച്ചിരിക്കുകയാണ്.

ജനങ്ങൾക്ക് നേട്ടമുണ്ടാക്കുന്നതിന് കൂടുതൽ പണം ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് ഉദ്ദേശിച്ചുള്ളതാണ് നടപടികളെല്ലാം തന്നെ – എല്ലാ കുട്ടികൾക്കും 12–ാം സ്റ്റാൻഡേർഡുവരെ സൗജന്യ വിദ്യാഭ്യാസം ലഭ്യമാകുന്നുവെന്നും എല്ലാ പൗരർക്കും സൗജന്യ ആരോഗ്യപരിരക്ഷ നൽകുന്നുവെന്നും ഉറപ്പാക്കുകയാണ് ലക്ഷ്യം. ഹോ ചി മിൻ പ്രസ്താവിച്ചതുപോലെ, ‘‘ജനങ്ങളുടെ ജീവിതം നിരന്തരം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയെന്ന ലക്ഷ്യത്തോടെ, സമ്പദ്ഘടനയെയും സംസ്കാരത്തെയും വികസിപ്പിക്കുന്നതിന് പാർട്ടിക്ക് മികച്ച ഒരു പദ്ധതി ഉണ്ടായിരിക്കണം.’’ മാറുന്ന കാലത്തിനനുസരിച്ച് ജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള പദ്ധതികൾക്ക് പാർട്ടി രൂപംനൽകുകയാണ്.

‘‘ജനങ്ങളാണ് ആണിക്കല്ല്’’ എന്ന തത്വത്തെ ആധാരമാക്കി വിയറ്റ്-നാം കമ്യൂണിസ്റ്റ് പാർട്ടി എല്ലാവർക്കും നേട്ടമുണ്ടാക്കുന്നതിനുള്ള വികസനത്തിന്റെയും നവീകരണത്തിന്റെയും പാതയിലൂടെയാണ് നീങ്ങുന്നത്. 2021–2025 കാലത്തേക്കുള്ള സാമൂഹിക, സാമ്പത്തിക വികസനത്തിനായുള്ള പഞ്ചവത്സര പദ്ധതി വിജയകരമായി പൂർത്തിയാക്കുകയെന്ന ലക്ഷ്യമാണ് അവർക്കുള്ളത്; 2026ൽ വരാൻപോകുന്ന പതിനാലാം പാർട്ടി കോൺഗ്രസിന് സജ്ജമാവുകയുമാണ് അവർ. ഈ ചരിത്ര മുഹൂർത്തത്തിൽ, വിയറ്റ്-നാം കമ്യൂണിസ്റ്റ് പാർട്ടിക്കും വിയറ്റ്-നാം ജനതയ്ക്കും സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനുള്ള അവരുടെ യത്നത്തിനും നമുക്ക് വിജയം ആശംസിക്കാം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × one =

Most Popular