(ഒന്നാം ഭാഗം)
ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിന്‍റെ വ്യോമദൃശ്യം. രാത്രിയുടെ ഇരുട്ടില്‍ തിളങ്ങുന്ന നഗരക്കാഴ്ച. ഈ പശ്ചാത്തലത്തില്‍ മുഴങ്ങികേള്‍ക്കുന്നത് കലാപാഹ്വാനത്തിനുള്ള വാക്കുകള്‍:
“കൊല്ലാനോ മരിക്കുവാനോ തയ്യാറാകുക. ഇതല്ലാതെ മറ്റൊരു മാര്‍ഗമില്ല. ഇവിടെ പൊലീസുണ്ട്, നേതാക്കളുണ്ട്, സൈന്യമുണ്ട്; ഓരോ ഹിന്ദുവും വംശശുദ്ധി വരുത്തുന്നതിനായി സ്വയം മാറണം; അവിശ്വാസികളുടെ തലയറുക്കാന്‍ നമുക്കിവിടെ വേണ്ടത്ര മഴുവുണ്ട്; ഹര്‍ഹര്‍ മഹാദേവ്, ഹര്‍ഹര്‍ മഹാദേവ്”.
സ്ക്രീനില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍റെ നിറഞ്ഞുനില്‍ക്കുന്ന ദൃശ്യം. അദ്ദേഹം സംസാരിക്കുകയാണ്.
“എന്‍റെ പേര് അലിഷാന്‍ ജാഫ്രി. ഞാനൊരു മാധ്യമ പ്രവര്‍ത്തകനാണ്. വെറുപ്പും വിദ്വേഷവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാണ് ഞാന്‍ സ്ഥിരമായി റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇന്ത്യ തീവ്രവാദ രാഷ്ട്രീയത്തിന്‍റെ പിടിയിലാണ്. മുസ്ലീങ്ങള്‍ക്കെതിരായ വംശഹത്യയ്ക്കുള്ള ആഹ്വാനം ഇവിടെ ന്യായീകരിക്കപ്പെടുന്നു, വര്‍ധിച്ചുവരുന്നു”.
ദൃശ്യത്തില്‍ അലിഷാന്‍ ജാഫ്രിയുടെ മുഖം തെളിഞ്ഞു നില്‍ക്കുന്നു. വീണ്ടും കേള്‍ക്കുന്ന ശബ്ദം: “ഈ രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കുന്നതിനുവേണ്ടി നമ്മള്‍ പൊരുതും, വേണ്ടി വന്നാല്‍ കൊന്നൊടുക്കും, നാമതിന് തയ്യാറാകണം, ഭാരത് മാതാ കീ ജയ്!”
വീണ്ടും അലിഷാന്‍ ജാഫ്രി സംസാരിക്കുന്നു: “ഇത് കലാപത്തിനുള്ള പ്രത്യക്ഷ ആഹ്വാനം തന്നെയാണ് – ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള കലാപം”.
ശബ്ദം:
“നാമെല്ലാവരും ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പഠിക്കണം. അവിശ്വാസികളെ മുഴുവന്‍ കൊന്നൊടുക്കണം”.
അലിഷാന്‍ ജാഫ്രിയുടെ വാക്കുകള്‍:
“ഈ രാജ്യത്തിന്‍റെ പ്രധാനമന്ത്രി ഇതിനെതിരെ പറയുമായിരിക്കും. പക്ഷേ അദ്ദേഹം ഒന്നും മിണ്ടുന്നില്ല”.
പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കാനെത്തുന്ന മോദിയുടെ വാഹനവ്യൂഹം; അന്തരീക്ഷത്തില്‍ അനുയായികളുടെ ആരവങ്ങള്‍; സത്യപ്രതിജ്ഞ ചെയ്യുന്ന മോദിയുടെ ചിത്രം തെളിയുന്നു. അന്തരീക്ഷത്തില്‍ ബിബിസി അവതാരകയുടെ ശബ്ദം; “ഇപ്പോഴദ്ദേഹം, നരേന്ദ്ര ദാമോദര്‍ ദാസ് മോദി, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ നേതാവാണ്”.
മോദി അധികാരമേല്‍ക്കുന്നതിന്‍റെ ആരവങ്ങള്‍. ഭാരത് മാതാ കീ ജയ് എന്ന മോദിയുടെ വാക്കുകള്‍ ഏറ്റുവിളിക്കുന്ന അനുയായികള്‍.
പൊടുന്നനെ പശ്ചാത്തലത്തില്‍ വെടിവെയ്പിന്‍റെയും കലാപത്തിന്‍റെയും ചിതറിയോടുന്ന ആള്‍ക്കൂട്ടത്തിന്‍റെയും ദൃശ്യങ്ങള്‍; അന്തരീക്ഷത്തില്‍ അവതാരകയുടെ ശബ്ദം:
“രാജ്യത്തിന് സമൃദ്ധിയുടേതായ പുതുയുഗം വാഗ്ദാനം ചെയ്താണ് മോദി അധികാരത്തില്‍ വരുന്നത്. എന്നാല്‍ അദ്ദേഹത്തിന്‍റെ ഭരണകാലം വര്‍ഗീയ കലാപങ്ങളാലാണ് അടയാളപ്പെടുത്തപ്പെടുന്നത്. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനമായി ഒട്ടേറെ ആളുകള്‍ കരുതുന്ന പുതിയ പൗരത്വ നിയമത്തോടുള്ള എതിര്‍പ്പും അക്രമാസക്തമായ പ്രതിഷേധങ്ങളുമാണ് രാജ്യത്ത് ഉയരുന്നത്. ഈ നിയമം മോദി വാഴ്ചയുടെ കടുത്ത മുസ്ലീം വിരോധമാണ് പ്രകടമാക്കുന്നത്. ഇന്ത്യയിലെ മുസ്ലീം സമൂഹവുമായുള്ള നരേന്ദ്രമോദിയുടെ മോശമായ ബന്ധത്തിന്‍റെ കഥ പറയുകയാണ് ഈ പരമ്പര”.
ഹിന്ദു വര്‍ഗീയവാദികളുടെ അഴിഞ്ഞാട്ടത്തിന്‍റെ ദൃശ്യം. ഒരു ആര്‍എസ്എസുകാരന്‍റെ കൊലവിളി:
“കൊല്ലവരെ, ഇത് ഞങ്ങളുടെ നാട്, ഹിന്ദുസ്ഥാന്‍ ഞങ്ങളുടേത്!”
അടുത്ത ദൃശ്യം ആര്‍എസ്എസിന്‍റെ റൂട്ടുമാര്‍ച്ച്. അവതാരകയുടെ ശബ്ദം:
“ബാലനായിരിക്കെത്തന്നെ മോദി ആര്‍എസ്എസില്‍ ചേര്‍ന്നു. അതിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ഇന്ത്യ ഹിന്ദുക്കളുടേതാണെന്ന് വിശ്വസിക്കുന്ന സംഘടനയാണ് ആര്‍എസ്എസ്. നൂറുകണക്കിനു മുസ്ലീങ്ങളുടെ വായടപ്പിക്കുന്നതിനേക്കാള്‍ എളുപ്പം അവരെ കൊന്നൊടുക്കലാണെന്ന് വിശ്വസിക്കുന്ന സംഘടനയാണ് ആര്‍എസ്എസ്”
“മുകളില്‍നിന്നുള്ള ഉത്തരവുപ്രകാരം മാത്രമാണ് എല്ലാ കാര്യങ്ങളും ആര്‍എസ്എസില്‍ സംഭവിക്കുന്നത്. മോദിയുടെ സ്വീകാര്യതയും ബഹുമാന്യതയുമെല്ലാം ഇതിനെ ആശ്രയിച്ചാണ്”.
സ്ക്രീനില്‍ മോദിയും ബിബിസി റിപ്പോര്‍ട്ടറും തമ്മില്‍ നടത്തിയ അഭിമുഖം.
റിപ്പോര്‍ട്ടര്‍: “മുഖ്യമന്ത്രിയെന്ന നിലയില്‍ അക്രമം ഒഴിവാക്കാന്‍ അങ്ങേയ്ക്ക് പലതും ചെയ്യാമായിരുന്നു. ഒരുപാടു മുസ്ലീങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു?”
മോദി: ” നിങ്ങളുടെ അഭിപ്രായത്തോട് എനിക്ക് യോജിക്കാനാവില്ല. യോജിക്കുന്നില്ല. എവിടെനിന്നാണ് നിങ്ങള്‍ക്കീ വിവരങ്ങള്‍ കിട്ടിയത്? ഏതോ ചവറ്റുകൊട്ടയില്‍നിന്ന് പെറുക്കിയെടുത്ത സാധനങ്ങള്‍കൊണ്ടാണ് നിങ്ങള്‍ എന്നെ ചോദ്യം ചെയ്യുന്നത്”. മോദി വാക്കുകള്‍ കടുപ്പിക്കുന്നു.
സ്ക്രീനില്‍, പ്രധാനമന്ത്രി മോദി അകമ്പടിയോടെ കടന്നുവരുന്നു. അവതാരകയുടെ ശബ്ദമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്:
“ഇന്ത്യയുടെ പരമോന്നത നീതിപീഠം ക്രിമിനല്‍ ഗൂഢാലോചനയെന്ന കുറ്റകൃത്യത്തില്‍നിന്ന് മോദിയെ ഒഴിവാക്കിക്കഴിഞ്ഞ വിവരം നമുക്കെല്ലാം അറിയാമല്ലോ”.
സ്ക്രീനില്‍ ഇപ്പോള്‍ തെളിയുന്നത് ബിജെപിയുടെ മുന്‍ എംപിയും നാഷണല്‍ എക്സിക്യൂട്ടീവ് അംഗവുമായ സ്വപന്‍ ദാസ് ഗുപ്ത ആണ്. അദ്ദേഹം പറയുന്നു: “നരേന്ദ്രമോദിയെ രാഷ്ട്രീയമായി തകര്‍ക്കുക എന്നതാണ് അജന്‍ഡയെന്ന് വളരെ വ്യക്തമാണ്. എല്ലാത്തിന്‍റെയും ഉത്തരവാദിത്വം മോദിയുടെ തലയില്‍വെക്കാന്‍ വളരെ നാളായി ശ്രമം നടക്കുകയാണ്”.
ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ ഇന്ത്യയിലെ ചെയര്‍മാനായ ആകാര്‍ പട്ടേല്‍ സംസാരിക്കുന്നു: “ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുമെന്നാണ് മോദി വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഇന്ത്യയിലെ ന്യൂനപക്ഷത്തിലെ മഹാഭൂരിപക്ഷം വരുന്നവരെ സംബന്ധിച്ചിടത്തോളം, ദശലക്ഷക്കണക്കിനു വരുന്ന ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം, ഇതര്‍ത്ഥമാക്കുന്നത് അങ്ങനെയല്ല”.
ദൃശ്യത്തില്‍ എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ അരുന്ധതി റോയ്. അവര്‍ സംസാരിക്കുകയാണ് : “ദശലക്ഷക്കണക്കിനു വരുന്ന മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം, മോദി ഭരണം ഈ രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കുകയാണ്”
കൈയുയര്‍ത്തി നിന്ന് ആരാധകരോട് സംസാരിക്കുന്ന പ്രധാനമന്ത്രി മോദിയുടെ ദൃശ്യം സ്ക്രീനില്‍ . ഹര്‍ഹര്‍ മഹാദേവ് എന്ന് മന്ത്രോച്ചാരണം നടത്തുന്ന മോദി.
കൈയുയര്‍ത്തിനില്‍ക്കുന്ന മോദിയുടെ ചിത്രത്തോടുകൂടിയ സ്ക്രീനില്‍ ഡോക്യുമെന്‍ററിയുടെ ടൈറ്റില്‍ തെളിഞ്ഞുവരുന്നു –
കചഉകഅ ഠവല ങീറശ ഝൗലശെേീി.
സ്ക്രീനില്‍ അക്ഷരങ്ങള്‍ തെളിഞ്ഞുവരുന്നു: ‘ഇന്ത്യയിലെ മുപ്പതിലേറെ ആളുകള്‍ പങ്കാളികളാകാനും അഭിപ്രായം പറയാനും തയ്യാറായില്ല. കാരണം തങ്ങളുടെ സുരക്ഷയെ സംബന്ധിച്ചുള്ള ഭയമാണ്. തങ്ങള്‍ക്കെന്തു സംഭവിക്കുമെന്നതിനെക്കുറിച്ചുള്ള ആശങ്കയാണ്’.
‘ഈ ഡോക്യുമെന്‍ററിയിലെ ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്‍റ് തയ്യാറായില്ല’.
ചെറുപ്പക്കാരനായ ഒരാള്‍ നടന്നുവരുന്ന ദൃശ്യം സ്ക്രീനില്‍. അയാള്‍ സംസാരിക്കുകയാണ്: “എന്‍റെ പേര് ഇമ്രാന്‍ ദാവൂദ്. ഞാനിപ്പോള്‍ താമസിക്കുന്നത് യോര്‍ക്ക് ഷെയറില്‍ (ഇംഗ്ലണ്ട്) നിന്നാണ്. എന്‍റെ മുത്തശ്ശനും മുത്തശ്ശിയും ഇന്ത്യയില്‍നിന്നു വന്നവരാണ്. എന്‍റെ പിതാവ് ഇന്ത്യയിലുള്ള ഞങ്ങളുടെ കുടുംബാംഗങ്ങളില്‍നിന്നുള്ള കലാപങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കേട്ട്, അവര്‍ക്കെന്താണ് സംഭവിക്കുന്നതെന്നറിഞ്ഞ് അസ്വസ്ഥനാവുകയായിരുന്നു. ഇന്ത്യയിലെന്താണ് നടക്കുന്നതെന്നറിയാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. അങ്ങനെ എന്‍റെ പതിനെട്ടാമത്തെ വയസ്സില്‍ ഇന്ത്യയിലേക്കൊരു യാത്ര നടത്താനുള്ള വലിയൊരു അവസരം എനിക്ക് ലഭിച്ചു. ഷക്കീല്‍, സെയ്ദ് ദാവൂദ് എന്ന രണ്ട് അമ്മാവന്മാരും എന്‍റെ കൂടെ ഉണ്ടായിരുന്നു. തൊട്ടയല്‍വാസിയായ മുഹമ്മദും ഒപ്പമുണ്ടായി. താജ്മഹല്‍ സന്ദര്‍ശിച്ച ശേഷമാണ് ഗുജറാത്തിലേക്ക് ഞങ്ങള്‍ പോയത് – ഒരു നീണ്ട യാത്ര”.
ഗുജറാത്ത് 2022
സ്ക്രീനില്‍ ഗുജറാത്തിലെ ഒരു ഗ്രാമം. അക്ഷരങ്ങള്‍ തെളിയുന്നു – ഗുജറാത്ത് സംസ്ഥാനം, 2002 ഫെബ്രുവരി 28.
ഇമ്രാന്‍ ദാവൂദ് തുടരുന്നു: “ഞങ്ങള്‍ ഗുജറാത്തില്‍ എത്തിയപ്പോള്‍ ഡ്രൈവര്‍ പറഞ്ഞ കാര്യങ്ങള്‍ ഞാനിന്നും ഓര്‍മിക്കുന്നു – ‘കുട്ടികളെ, നാമിപ്പോള്‍ വീട്ടിലെത്തിയിരിക്കുന്നു, നമ്മുടെ സ്വന്തം വീട്”.
അപ്പോള്‍ ഒരു റോഡുപരോധത്തില്‍ ഞങ്ങള്‍ അകപ്പെട്ടു. ഹിന്ദുത്വ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് അക്രമാസക്തമായ ഒരുകൂട്ടമാളുകള്‍ ഞങ്ങളെ തടഞ്ഞു. കാറിന്‍റെ ഗ്ലാസ്സില്‍ അറബി ഭാഷയില്‍ ഖുറാന്‍ വചനങ്ങളെഴുതുന്നത് ഒരു പതിവായിരുന്നു. ഈ കാറിലും അതുണ്ടായിരുന്നു. അതില്‍നിന്നുതന്നെ കാറുടമ മുസ്ലീം ആണെന്ന് അവര്‍ക്ക് വ്യക്തമായി. അതുകൊണ്ടുതന്നെ കാറും ഡ്രൈവറും ആക്രമിക്കപ്പെട്ടു. പെട്ടെന്നുതന്നെ അവര്‍ ആയുധങ്ങളുയര്‍ത്തി ആക്രോശിച്ചുകൊണ്ട് ഞങ്ങള്‍ക്കുനേരെ പാഞ്ഞുവന്നു. അപകടം മനസ്സിലാക്കിയ ഞങ്ങള്‍ കാറില്‍നിന്ന് പുറത്തിറങ്ങി പ്രാണരക്ഷാര്‍ത്ഥം ഓടി. ആദ്യം ആള്‍ക്കൂട്ടത്തിന്‍റെ പിടിയില്‍പ്പെട്ടത്, അക്രമത്തിനും പീഡനത്തിനുമിരയായത് ഡ്രൈവറായിരുന്നു. പിന്നീട് ഞാന്‍ കാണുന്നത് മുഹമ്മദ് ആള്‍ക്കൂട്ടത്തിന്‍റ കയ്യില്‍ പെടുന്നതും അദ്ദേഹത്തിന്‍റെ തലയിലും കയ്യിലുമെല്ലാം കത്തിവീശുന്നതുമാണ്. പിന്നീടവര്‍ അദ്ദേഹത്തിന്‍റെയും ഞങ്ങളുടെയും വസ്ത്രമഴിപ്പിക്കുകയും ഞങ്ങള്‍ സുന്നത്ത് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഞാനോര്‍ക്കുന്നത് അതിനകം ഞങ്ങള്‍ക്ക് കുത്തേറ്റു കഴിഞ്ഞിരുന്നു എന്നാണ്”.
ഭീകരമായ ആ അനുഭവമോര്‍ത്ത് ഇമ്രാന്‍ ദാവൂദ് വികാരവിക്ഷുബ്ധനാകുന്നു; അദ്ദേഹത്തിന്‍റെ കണ്ണു നിറയുന്നതും ശബ്ദമിടറുന്നതും സ്ക്രീനില്‍ നിറയുന്നു. അദ്ദേഹം കണ്ണുനീര്‍ തുടച്ചുകൊണ്ട് തുടരുന്നു:
“ഞങ്ങള്‍ ഒരു നിമിഷം ഇല്ലാതായതുപോലെ തോന്നി. എന്‍റെ അമ്മാവന്മാര്‍ക്ക് എന്തു സംഭവിച്ചുവെന്ന് എനിക്കറിയില്ല. ഇരുപത് വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ ദാരുണമായ ആ സംഭവം ഇന്നലെ നടന്നതുപോലെ ഇപ്പോഴും എന്‍റെ കണ്ണുകളിലുണ്ട്. അക്രമാസക്തമായ ഈ ആള്‍ക്കൂട്ടം സ്വതന്ത്രമായി അവിടെ വിഹരിക്കുകയായിരുന്നു. ആരും അവരെ നിയന്ത്രിക്കാനുണ്ടായിരുന്നില്ല. ആര്‍ക്കും നീതി ലഭിച്ചിരുന്നില്ല”
പശ്ചാത്തലത്തില്‍ ഗോധ്ര നഗരദൃശ്യം.
സ്ക്രീനില്‍ അക്ഷരങ്ങള്‍ തെളിയുന്നു, ‘ഗോധ്രാ ഒരു ദിവസം മുന്‍പ്’.
സ്ക്രീനില്‍ ഗോധ്ര റെയില്‍വെ സ്റ്റേഷന്‍; കത്തിക്കൊണ്ടിരിക്കുന്ന സബര്‍മതി എക്സ്പ്രസ്; കത്തിക്കൊണ്ടിരിക്കുന്ന എസ് 6 ബോഗിയിലേക്ക് നോക്കിനില്‍ക്കുന്ന ആളുകള്‍.
അവതാരകയുടെ ശബ്ദം:
“അയോധ്യയില്‍ കര്‍സേവയ്ക്കുപോയ ഹിന്ദുത്വവാദികളേയും കൊണ്ടുള്ള തീവണ്ടി (സബര്‍മതി എക്സ്പ്രസ്)യിലെ ആറാം നമ്പര്‍ ബോഗിക്കു തീപിടിച്ചതിനെത്തുടര്‍ന്ന് കൊല്ലപ്പെട്ടത് 57 പേര്‍; ആയിരക്കണക്കിന് കര്‍സേവകരാണ് ആ തീവണ്ടിയിലുണ്ടായിരുന്നത്. ഇന്ത്യ അന്നേവരെ കണ്ടിട്ടുള്ളതില്‍വെച്ചേറ്റവും ഭീകരമായ, ബോധപൂര്‍വമായ മതവിദ്വേഷത്തിനും കലാപത്തിനുമാണ് തുടര്‍ന്ന് സാക്ഷ്യംവഹിച്ചത്”.
2002ല്‍ ഗോധ്രയില്‍നിന്ന് ബിബിസി റിപ്പോര്‍ട്ടര്‍ സംസാരിക്കുന്നതാണ് തുടര്‍ന്നു കാണിക്കുന്നത്. അന്നത്തെ റിപ്പോര്‍ട്ടര്‍ ജില്‍ മക്ഗിവറിങ് തന്നെയാണ് ഇന്നത്തെ ഈ ഡോക്യുമെന്‍ററിയുടെ അവതാരകയും.
മക്ഗിവറിങ്: “വംശീയവിദ്വേഷം ആഴത്തില്‍ നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്ത് ഗോധ്രയില്‍ നിന്നുള്ള വാര്‍ത്ത കേള്‍ക്കുന്നതുതന്നെ അപകടകരമായിരിക്കും”. ജില്‍ മക്ഗിവറിങ് ഗോധ്രയില്‍ നില്‍ക്കുന്ന ദൃശ്യം തെളിയുന്നു. അവര്‍ തുടരുന്നു: “തീവണ്ടിക്കുള്ളില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ഒരു കൂട്ടം ഹിന്ദു തീര്‍ത്ഥാടകരും കര്‍സേവകരും ഉണ്ടായിരുന്നു. ആ ബോഗി ആരോ പുറത്തുനിന്ന് പൂട്ടിയിരുന്നു. ബോഗിക്കുള്ളില്‍ പെട്രോള്‍ ഒഴിക്കുകയും തീകൊളുത്തുകയും ചെയ്തു. ഒരുപാടാളുകള്‍ മരിച്ചു”.
ഒരു കൗമാരക്കാരന്‍ സ്ക്രീനില്‍ തെളിയുന്നു. അയാള്‍ റെയില്‍വേ പരിസരത്താണ് നില്‍ക്കുന്നത്. നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ അയാള്‍ വിവരിക്കുകയാണ്, “അച്ഛനെയും അമ്മയെയും കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. പോസ്റ്റ്മോര്‍ട്ടം നടന്നാല്‍ അതുവെച്ച് ആളെ തിരിച്ചറിയാമായിരുന്നു, അതും നടന്നില്ല. വസ്ത്രംവെച്ച് തിരിച്ചറിയാന്‍ കഴിഞ്ഞത് എനിക്ക് മാത്രമായിരുന്നു. എന്‍റെ സഹോദരനുപോലും അതിനു കഴിഞ്ഞിരുന്നില്ല”.
ഇതിനിടയില്‍ തീ അണയ്ക്കുന്നതിന്‍റെയും ശവശരീരങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ തെളിയുന്നു. തുടര്‍ന്ന് സ്ക്രീനില്‍ ബിജെപി മുന്‍ എംപിയും ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ സ്വപന്‍ ദാസ്ഗുപ്ത സംസാരിക്കുന്നതാണ് കാണുന്നത്. അയാള്‍ പറയുന്നു: “ഇത് ഭീകരമായ ഒരു ദൃശ്യം തന്നെയാണ്; ഗുജറാത്തില്‍ അങ്ങോളമിങ്ങോളമല്ല, വാസ്തവത്തില്‍ ഇന്ത്യയാകെയുള്ള ഹിന്ദുസമുദായത്തെ ഇത് രോഷാകുലരാക്കി. മുസ്ലീങ്ങള്‍ ഹിന്ദുക്കളെ ആക്രമിക്കുകയായിരുന്നു”.
ഇപ്പോള്‍ കേള്‍ക്കുന്നത് അവതാരകയുടെ ശബ്ദമാണ്: “ഒടുവിലത്തെ കണക്കുപ്രകാരം 59 പേരാണ് ആ തീപിടുത്തത്തില്‍ കൊല്ലപ്പെട്ടത്. തീപിടുത്തത്തിന്‍റെ കാരണത്തില്‍ തര്‍ക്കം ഉണ്ടാകാം. പക്ഷേ, മുസ്ലീങ്ങളാണ് ഇവിടെ കുറ്റാരോപിതരാക്കപ്പെട്ടത്”.
സ്ക്രീനില്‍ ജില്‍ മക്ഗിവറിങ്. അവര്‍ പറയുന്നു: “ഭൂരിപക്ഷ മതവിഭാഗമായ ഹിന്ദുക്കളും മുസ്ലീം ന്യൂനപക്ഷവും തമ്മില്‍ നിരന്തരം സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്ന ചരിത്രമുള്ള പ്രദേശമാണ് ഗുജറാത്ത്. വര്‍ഗീയ കലാപങ്ങളുടെ ചരിത്രവും ഗുജറാത്തിനുണ്ട്. സമുദായങ്ങള്‍ തമ്മില്‍ വളരെ ഹീനമായ ആക്രമങ്ങളാണ് ഇവിടെ നടക്കാറുള്ളത്. അത്തരം ഒരു സംസ്ഥാനത്ത് ഇതുപോലൊരു സംഭവത്തെക്കുറിച്ചുള്ള വാര്‍ത്ത” “ഹിന്ദുക്കള്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു” എന്ന വാര്‍ത്ത സ്വാഭാവികമായും ഹിന്ദുക്കള്‍ക്കിടയില്‍ രോഷം ജനിപ്പിക്കും.
സ്ക്രീനില്‍, കത്തിക്കരിഞ്ഞ സബര്‍മതി എക്സ്പ്രസ് സന്ദര്‍ശിക്കുന്ന അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അദ്വാനിയുടെയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെയും ദൃശ്യങ്ങള്‍.
മക്ഗിവറിങ് തുടരുന്നു : “നരേന്ദ്രമോദിയായിരുന്നു അന്ന് മുഖ്യമന്ത്രി. അദ്ദേഹം അന്നത്തെ ഉയര്‍ന്നുവരുന്ന ഒരു താരമായിരുന്നു. ദീര്‍ഘവീക്ഷണമുള്ള ഹിന്ദുപക്ഷപാതിയാണെന്ന് അഹങ്കരിച്ചിരുന്ന, അവര്‍ക്കിടയില്‍ വലിയ സ്വാധീനശക്തി ഉണ്ടായിരുന്ന ഒരാള്‍. കിട്ടുന്ന അവസരം നാടകീയമായി മുതലെടുക്കാന്‍ കഴിയുന്ന ഒരാള്‍”.
ആശുപത്രിയില്‍ കിടക്കുന്നവരെ സന്ദര്‍ശിക്കുന്ന മോദിയുടെ ചിത്രമാണ് സ്ക്രീനില്‍. ശേഷം 2002 ഫെബ്രുവരി 28ന് ദൂരദര്‍ശനില്‍ റിപ്പോര്‍ട്ട് ചെയ്ത മോദിയുടെ വാക്കുകള്‍ : “ഇന്നലെ ഗോധ്രയില്‍ തീവണ്ടി യാത്ര ചെയ്യുകയായിരുന്ന 58 ആളുകള്‍ നിഷ്കരുണം കൊലചെയ്യപ്പെട്ടു. ദുഷ്ടന്മാരായ ഒരു കൂട്ടം ആളുകളാണത് ചെയ്തത്. മാപ്പര്‍ഹിക്കാത്ത ഒരു കുറ്റകൃത്യം. കൊല്ലപ്പെട്ടവരുടെ ആളുകളുടെ വികാരം ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ കൊല്ലപ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. സമാധാനവും അച്ചടക്കവും നിലനിര്‍ത്തേണ്ടത് നമ്മുടെ ആവശ്യമാണ്”.
കത്തിക്കരിഞ്ഞ തീവണ്ടിയുടെ പശ്ചാത്തലത്തില്‍ തുടര്‍ന്ന് തെളിയുന്നത് മാധ്യമപ്രവര്‍ത്തകനും ചമൃലിറൃമ ങീറശ ഠവല ങമി, ഠവല ഠശാലെ എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവുമായ നിലഞ്ജന്‍ മുഖോപാധ്യായയാണ്. അദ്ദേഹം പറയുന്നു: “അന്ന് ഒരു വിദേശരാജ്യത്തിന്‍റെ പ്രതിനിധി എന്നെ ഫോണില്‍ വിളിച്ചിരുന്നു. ഒരു പാശ്ചാത്യ രാജ്യത്തിന്‍റെ നയതന്ത്രപ്രതിനിധിയായിരുന്നു അവര്‍. അവര്‍ ചോദിച്ചത് ഗോധ്രയില്‍ എന്താണ് നടന്നത് എന്നാണ്? സ്ഥിതിഗതികള്‍ വഷളാകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നും അവര്‍ ചോദിച്ചു. ഞാനൊരു വാക്കേ മറുപടിയായി പറഞ്ഞുള്ളൂ – ‘ഭീകരം’!”
അഹമ്മദാബാദ്
സ്ക്രീനില്‍ അഹമ്മദാബാദ് എന്ന അക്ഷരങ്ങള്‍ തെളിയുന്നു. അഹമ്മദാബാദ് നഗരത്തിന്‍റെ ദൃശ്യമാണ് കാണുന്നത്. ഹൈവേയ്ക്ക് ഇരുവശത്തുമായി കെട്ടിടങ്ങള്‍ കത്തുന്ന ദൃശ്യങ്ങള്‍. ആ അന്തരീക്ഷത്തില്‍ തീയും പുകയും നിറയുന്നു. മക്ഗിവറിങ്ങിന്‍റെ നേതൃത്വത്തിലുള്ള ബിബിസി റിപ്പോര്‍ട്ടിങ് സംഘം കാറില്‍ സഞ്ചരിക്കുന്ന ദൃശ്യം. അന്ന് താന്‍ കണ്ടതും റിപ്പോര്‍ട്ട് ചെയ്തതുമായ കാര്യങ്ങള്‍ 20 വര്‍ഷത്തിനുശേഷം ജില്‍ മക്ഗിവറിങ് ആവര്‍ത്തിക്കുന്നു:
“അതിനകം ഞങ്ങളുടെ പ്രൊഡ്യൂസര്‍ക്ക് വിവരങ്ങള്‍ ലഭിച്ചുതുടങ്ങിയിരുന്നു. അഹമ്മദാബാദിനടുത്ത് ഞങ്ങള്‍ എത്തിയപ്പോള്‍ വളരെയേറെ ഭീകരമായ, ജുഗുപ്സാവഹമായ ചിലതാണ് അവിടെ നടക്കുന്നതെന്ന് ഞങ്ങള്‍ക്ക് വ്യക്തമായി. ഹൈവേയിലൂടെ കാറോടിച്ചു പോകുന്ന ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് നഗരസിരാകേന്ദ്രത്തിലുയരുന്ന കറുത്ത കനത്ത പുക പടലങ്ങളാണ്. എമര്‍ജന്‍സി സര്‍വീസുകളൊന്നുംതന്നെ അവിടെയെങ്ങും ഉണ്ടായിരുന്നില്ല. പൊലീസിന്‍റെ പൊടിപോലുമുണ്ടായിരുന്നില്ല. അഹമ്മദാബാദ് നഗരമധ്യത്തില്‍ പ്രസിദ്ധമായ ഒരു സ്ക്വയര്‍ ഉണ്ടായിരുന്നു. ആ വലിയ പ്രദേശത്തുള്ള ആര്‍ച്ചില്‍ തീ ആളിപ്പടര്‍ന്നിരുന്നു. പ്രദേശത്തെ മുസ്ലീങ്ങളുടെ കടകളും മറ്റു കെട്ടിടങ്ങളുമെല്ലാം ആക്രമിക്കപ്പെട്ടിരിക്കുന്നു. ഹിന്ദുവായ ഒരു ബിസിനസുകാരന്‍ ട്രാവല്‍ ഏജന്‍റായ മറ്റൊരു ബിസിനസുകാരന്‍റെ മുഖത്തേക്ക് നോക്കിനില്‍ക്കുന്ന ദൃശ്യം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. സര്‍വവും നഷ്ടപ്പെട്ട അയാള്‍ കരയുകയാണ്; “എനിക്കെല്ലാം നഷ്ടപ്പെട്ടു” എന്ന് അയാള്‍ കരഞ്ഞുകൊണ്ട് പറയുന്നു”.
സ്ക്രീനില്‍ കാണുന്നത് കത്തിക്കരിഞ്ഞ് തകര്‍ന്നുകിടക്കുന്ന അഹമ്മദാബാദ് നഗരമധ്യത്തില്‍ നിന്നുകൊണ്ട് 20 വര്‍ഷം മുമ്പ് റിപ്പോര്‍ട്ട് ചെയ്യുന്ന ജില്‍ മക്ഗിവറിങ്ങിനെയാണ്. അന്നത്തെ വീഡിയോയില്‍ അവര്‍ പറയുന്നു. “സാധാരണഗതിയില്‍ തെരുവില്‍ ഒരിക്കലും സംഭവിക്കരുത് എന്ന് അധികൃതര്‍ കരുതുന്ന കാര്യങ്ങളാണ് ഇവിടെ ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസത്തെ കൊലപാതകങ്ങളുടെ ദുഃഖവും രോഷവും നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷം. ഈ പ്രദേശം ഒരു യുദ്ധക്കളമായി മാറിയിരിക്കുന്നു. കൊള്ളയും കൊള്ളിവയ്പും മതവിദ്വേഷവും അഴിഞ്ഞാടുകയാണ്. സമ്പൂര്‍ണ്ണമായ നിയമരാഹിത്യമാണ് ഇവിടെ കാണുന്നത്. ആര്‍ക്കും എന്തും ചെയ്യാമെന്ന അവസ്ഥ. അങ്ങുമിങ്ങുമെല്ലാം ഒറ്റപ്പെട്ടു കാണുന്ന പൊലീസുകാര്‍ ഇതൊന്നും കണ്ടതായിപോലും നടിക്കുന്നില്ല. വസ്തുവകകള്‍ക്ക് തീവയ്ക്കുന്നതിനെയോ കടകള്‍ കൊള്ളയടിക്കുന്നതിനെയോ തടയാന്‍ അവര്‍ ശ്രമിച്ചിരുന്നതായി പോലും എവിടെയും കണ്ടിരുന്നില്ല എന്ന് ഞാന്‍ ഓര്‍ക്കുന്നു.
“കൊള്ളയും കൊലയും നോക്കിക്കൊണ്ട് ഒന്നും ചെയ്യാതെ നിഷ്ക്രിയനായി നില്‍ക്കുന്ന ഒരു പൊലീസുകാരനെ നഗരത്തില്‍ ഒരിടത്ത് ഞാന്‍ കണ്ടു. തനിക്ക് ചുറ്റും നടക്കുന്നതെന്താണെന്ന് നോക്കിനില്‍ക്കുക മാത്രമാണ് അയാള്‍. അത് തടയാന്‍ ഒന്നും ചെയ്യുന്നില്ല. എന്നോടൊപ്പം ഉണ്ടായിരുന്ന ഒരു സുഹൃത്ത് തനിക്ക് ബന്ധമുണ്ടായിരുന്ന പൊലീസിലെ ഒരു ഉന്നതനുമായി ഫോണില്‍ ബന്ധപ്പെട്ടു. തടയാന്‍ ഒന്നും ചെയ്യരുതെന്നും ഗോധ്രയില്‍ സംഭവിച്ചതിന്‍റെ റിയാക്ഷന്‍ മാത്രമാണതെന്നും അത് അങ്ങനെതന്നെ നടന്നോട്ടെ എന്നുമാണ് പൊലീസുകാര്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദ്ദേശമെന്നുമുള്ള മറുപടിയാണ് എന്‍റെ സുഹൃത്തിന് ആ പൊലീസ് ഉന്നതനില്‍നിന്ന് ലഭിച്ചത്”.
ജില്‍ മക്ഗിവറിങ്ങിന്‍റെ റിപ്പോര്‍ട്ടിങ്ങിനിടെ സ്ക്രീനില്‍ തെളിഞ്ഞുകാണുന്നത് അക്രമത്തിനിരയായി കയ്യില്‍കിട്ടുന്നതുംകൊണ്ട് ഓടി രക്ഷപ്പെടുന്ന മനുഷ്യരുടെയും ഭ്രാന്തമായവിധം ആക്രമണം നടത്തുന്ന, കൊല്ലുകയും കൊള്ളയടിക്കുകയും തീവെക്കുകയും ചെയ്യുന്ന ജനക്കൂട്ടത്തിന്‍റെയും ഈ അക്രമപേക്കൂത്തുകള്‍ നിശ്ശബ്ദം നോക്കിനില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും ദൃശ്യങ്ങളാണ് – ഭീകരമായ ദൃശ്യങ്ങള്‍.
ഗുജറാത്ത് മുഖ്യമന്ത്രി മോദിയുടെ പത്രസമ്മേളനമാണ് ഇപ്പോള്‍ കാണുന്നത്. അയാള്‍ പറയുന്നു: “ഇന്നലെ വൈകുന്നേരത്തിനുശേഷം വലിയൊരു പരിധിവരെ അക്രമ സംഭവങ്ങള്‍ ഇല്ലാതായിരിക്കുന്നു. ഒരു ദിവസം പിന്നിട്ടിരിക്കുന്നു. ഗുജറാത്തിന്‍റെ സ്ഥിതി എത്രയും വേഗം സാധാരണ നിലയിലേക്ക് മാറും എന്നാണ് ഞാന്‍ വിചാരിക്കുന്നത്”.
ഒരു പത്രപ്രവര്‍ത്തകന്‍റെ ചോദ്യം: “ഈ അക്രമ സംഭവങ്ങള്‍ തടയാന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ താങ്കള്‍ വേണ്ടവിധം പ്രവര്‍ത്തിച്ചിട്ടുണ്ടോ?”
പിന്നീട് മുഴങ്ങിക്കേള്‍ക്കുന്നത് ആകാര്‍ പട്ടേലിന്‍റെ ശബ്ദമാണ്,
അദ്ദേഹം പറയുന്നു: “ഇക്കാലമത്രയും മോദിക്ക് നേരെ ഉയര്‍ന്ന, മോദി മറുപടി പറയാത്ത ഒരു ചോദ്യമാണിത്. ഇപ്പോഴും ആ ചോദ്യം മോദിയുടെ തലയ്ക്കു മുകളില്‍ നില്‍ക്കുന്നുണ്ട്”.
വീണ്ടും പത്രക്കാരോട് മറുപടി പറയുന്ന മോഡിയുടെ ചിത്രം.
ചോദ്യം : “കലാപവും അക്രമ സംഭവങ്ങളും തടയാന്‍ അങ്ങയുടെ നിയന്ത്രണത്തിലുള്ള പൊലീസ് വേണ്ടതുപോലെ പ്രവര്‍ത്തിച്ചോ”?
മോദി: “വേണ്ടതുപോലെ എന്നല്ല, പൊലീസ് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച രീതിയില്‍ തന്നെയാണ് പൊലീസിന്‍റെ അന്നത്തെ പ്രവര്‍ത്തനം. ആ മികച്ച പ്രവര്‍ത്തനം മൂലമാണ് 72 മണിക്കൂറിനുള്ളില്‍ അക്രമത്തെ അമര്‍ച്ച ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞത്.
പത്രപ്രവര്‍ത്തകന്‍റെ ഇടപെടല്‍: “അഞ്ഞൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടതിനെയാണോ താങ്കള്‍ മികച്ച പ്രവര്‍ത്തനമായി കാണുന്നത്?”.
ശബ്ദമുയര്‍ത്തി രോഷാകുലനായി മോദി: “അല്ല അല്ല അല്ല. സംഭവിച്ചതില്‍ ഞാന്‍ സന്തുഷ്ടനല്ല, ഞങ്ങള്‍ ചെയ്ത കാര്യങ്ങളില്‍ ഞാന്‍ സന്തുഷ്ടനാണ്”.
പത്രപ്രവര്‍ത്തകന്‍: “ഞാന്‍ സംസാരിച്ച ഓരോ ആളും പറഞ്ഞത് കലാപം അമര്‍ച്ച ചെയ്യാന്‍ പൊലീസ് ഒന്നുംതന്നെ ചെയ്തില്ല എന്നാണ്”
മോദി: “ഇതെല്ലാം വ്യാജപ്രചാരണം മാത്രമാണ്. ഇതിലൊന്നും സത്യമില്ല, എല്ലാം കള്ളം”
ബിബിസി റിപ്പോര്‍ട്ടറുടെ ശബ്ദമാണിപ്പോള്‍ കേള്‍ക്കുന്നത്:
“ചോദ്യങ്ങളുയരുന്ന മുറയ്ക്ക് മോദിയുടെ ഭാവം മാറുന്നു. ദേഷ്യംകൊണ്ട് അയാളുടെ മുഖം കറുക്കുന്നു. ഈ ഭാവമാറ്റം മോദിയുടെ ഭൂതകാലത്തിലേക്കാണ് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്.”
സ്ക്രീനില്‍ ആര്‍എസ്എസിന്‍റെ റൂട്ടുമാര്‍ച്ച്. സ്ക്രീനില്‍ തെളിഞ്ഞുവരുന്ന മുഖം ലണ്ടനിലെ കിങ്സ് കോളേജ് പ്രൊഫസറും ഏൗഷമൃമേ ഡിറലൃ ങീറശ എന്ന കൃതിയുടെ കര്‍ത്താവുമായ പ്രൊഫ. ക്രിസ്റ്റഫെ ജാഫ്രലോയുടേതാണ്. അദ്ദേഹം പറയുന്നു:
“ആര്‍എസ്എസ് എന്നാല്‍ രാഷ്ട്രീയ സ്വയം സേവക് സംഘ്. 1925 ലാണ് ആര്‍എസ്എസ് രൂപീകരിക്കപ്പെട്ടത്. ഹിന്ദു സമുദായത്തെ ഒന്നിപ്പിക്കുന്നതിനായാണ് അത് രൂപീകരിക്കപ്പെട്ടത്. എന്നാല്‍ ബോയ്സ് സ്കൗട്ടിന്‍റെ പ്രതിച്ഛായ കപടമാണ്. അച്ചടക്കം, രാജ്യസ്നേഹം, ചോദ്യം ചെയ്യാതെ അനുസരിക്കല്‍ എന്നീ തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണത്. ഇന്ത്യയിലെ മറ്റെല്ലാ വംശങ്ങള്‍ക്കുംമേല്‍ ഹിന്ദുക്കളുടെ മേധാവിത്വം സ്ഥാപിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്.
പശ്ചാത്തലത്തില്‍ ആര്‍എസ്എസിന്‍റെ റൂട്ട്മാര്‍ച്ചും ഗണഗാനവും.
പ്രൊഫസര്‍ തുടരുന്നു:
“1920 കളിലാണ് യൂറോപ്പില്‍ വംശമേധാവിത്വത്തിന്‍റെ ഈ ആശയം രൂപംകൊണ്ടത്. ഇറ്റലിയില്‍ ഫാസിസമായും ജര്‍മനിയില്‍ നാസിസമായും ഉയര്‍ന്നുവന്ന പ്രസ്ഥാനങ്ങള്‍ ഈ ആശയം ഉള്‍ക്കൊണ്ടതാണ്”.
സ്ക്രീനില്‍ നിലഞ്ജന്‍ മുഖോപാധ്യായ: “യൂറോപ്യന്‍ ഫാസിസ്റ്റുകള്‍ സൃഷ്ടിച്ച വംശമേധാവിത്വ സിദ്ധാന്തം തന്നെയാണ് ആര്‍എസ്എസിന്‍റെയും ആശയം”. ഒരു പൊതുശത്രുവിനെ സൃഷ്ടിക്കുന്നതും ഈ ആശയത്തിന്‍റെ ഭാഗമാണ്. ഇന്ത്യയില്‍ അവരുടെ ആ പൊതുശത്രു മുസ്ലീങ്ങളാണ്”.
ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍റിസ്റ്റും ബിജെപിയുടെ മുന്‍ യുവജനസംഘം ഘടന വൈസ്പ്രസിഡന്‍റുമായ ഡോ. സ്വദേശ് സിങ് ദൃശ്യത്തില്‍. അദ്ദേഹത്തിന്‍റെ വാക്കുകള്‍:
“ഇന്ന് ആര്‍എസ്എസ് മുസ്ലീം വിരുദ്ധരല്ല; എന്നാല്‍ അവര്‍ നിശ്ചയമായും ഹിന്ദുപക്ഷപാതികളാണ്. ഈ നാടിന്‍റെ മഹനീയ ഭൂതകാലത്തില്‍ അവര്‍ വിശ്വസിക്കുന്നു; രാഷ്ട്രത്തിന്‍റെ പുനര്‍നിര്‍മാണത്തിലും സാംസ്കാരിക മൂല്യങ്ങളിലും അവര്‍ വിശ്വസിക്കുന്നു; ഹിന്ദു മൂല്യങ്ങള്‍ എന്നാണ് ഇവ വിളിക്കപ്പെടുന്നത്. ആളുകള്‍ക്ക് ഇഷ്ടമുള്ള ആരാധനാരീതി സ്വീകരിക്കാം; പക്ഷേ അവര്‍ ഈ സാംസ്കാരികമൂല്യങ്ങളുടെ, ഹിന്ദു മൂല്യവ്യവസ്ഥയുടെ ഭാഗമാകണമെന്നു മാത്രമാണ് ആര്‍എസ്എസ് പറയുന്നത്”.
പ്രൊഫ. ക്രിസ്റ്റഫെ ജാഫ്രലോ വീണ്ടും സ്ക്രീനില്‍. അദ്ദേഹം തുടരുന്നു:
“എക്കാലത്തും ആര്‍എസ്എസ് ചെറിയ കുട്ടികളെയാണ് റിക്രൂട്ട് ചെയ്യുന്നത്; വളരെ ചെറിയ പ്രായത്തിലുള്ള ആളുകളെ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത്, തങ്ങളാരാണെന്ന് അവരെ ആ പ്രായത്തില്‍ തന്നെ പഠിപ്പിക്കുന്നതിനുവേണ്ടിയാണ്. മാനസികമായി ഈ കുട്ടികളെ സംഘത്തിന്‍റെ ഭാഗമാക്കാനാണിത്- ഒരുതരം മാനസികമായ കീഴ്പ്പെടുത്തല്‍. ഇതാണ് വളരെ വളരെ പ്രധാനപ്പെട്ട കാര്യം. അങ്ങനെ നരേന്ദ്രമോദിയും കുട്ടിക്കാലത്തുതന്നെ ആര്‍എസ്എസില്‍ ചേര്‍ന്നു.”
മോദിയുടെ കുട്ടിക്കാലത്തെ ചിത്രവും ആര്‍എസ്എസ് യൂണിഫോമിലുള്ള ചിത്രവും സ്ക്രീനില്‍.
പ്രൊഫ. ക്രിസ്റ്റഫെ തുടരുന്നു: “സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മോദി ആര്‍എസ്എസ് പ്രവര്‍ത്തനത്തില്‍ മുഴുകുന്നു.”
ഇടയ്ക്ക് നിലഞ്ജന്‍ മുഖോപാധ്യായ: “ആദ്യം ആര്‍എസ്എസിന്‍റെ യുവജന വിഭാഗത്തില്‍ പ്രവര്‍ത്തിച്ച മോദി തുടര്‍ന്ന് ചെറുപ്പത്തില്‍ തന്നെ ഉത്തരവാദിത്വമുള്ള ഓരോ പടിയും കടന്ന് പെട്ടെന്ന് ഉയര്‍ന്ന സ്ഥാനത്തെത്തി.”
സ്ക്രീനില്‍ കാണിക്കുന്ന ഗ്രൂപ്പ് ഫോട്ടോയില്‍ പ്രായമുള്ള മുന്‍നിര നേതാക്കള്‍ക്കൊപ്പം യുവാവായ മോദിയെയും കാണാം.
പ്രൊഫ. ക്രിസ്റ്റഫെയുടെ വാക്കുകള്‍: “മോദി ആര്‍എസ്എസ്സിന്‍റെതന്നെ ഉല്‍പന്നമാണ്. ആര്‍എസ്എസില്‍ നിന്നാണ് മോദി തന്‍റെ രാഷ്ട്രീയവും ജീവിതശൈലിയുമെല്ലാം ഉള്‍ക്കൊണ്ടത്.”
നിലഞ്ജന്‍ മുഖോപാധ്യായ:
“അങ്ങനെയാണ് മോദി ആര്‍എസ്എസ്സിന്‍റെ രാഷ്ട്രീയസംഘടനയായ ബിജെപിയിലേക്ക് നിയോഗിക്കപ്പെട്ടത്.”
സ്ക്രീനില്‍ ബിജെപി നേതൃത്വത്തിലെത്തിയ യുവാവായ മോദിയുടെ ചിത്രം.
വീണ്ടും 2002ലെ ഗുജറാത്തിന്‍റെ വ്യോമദൃശ്യം.
അക്രമത്തിന്‍റെ, തീ പടരുന്നതിന്‍റെയും പുകച്ചുരുളുകള്‍ ആകാശം മുട്ടെ ഉയരുന്നതിന്‍റെയും – ദൃശ്യങ്ങള്‍. ഗുജറാത്ത് 2002 എന്ന് തെളിയുന്നു.
ഡോക്യുമെന്‍ററിയുടെ അവതാരക:
“അക്രമത്തിന്‍റെ തീവ്രത കുറഞ്ഞതോടെ ചില ഇരകള്‍ക്കെന്തു പറ്റിയെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങി.
“പ്രധാനമായും മുസ്ലീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശത്ത് അക്രമാസക്തരായ ഹിന്ദുത്വസംഘങ്ങളില്‍ നിന്നും സ്വന്തം പ്രാണന്‍ രക്ഷിക്കാനായി നൂറിലേറെ ആളുകള്‍ ഒരു വീട്ടില്‍ അഭയം തേടി. ഇംതിയാസ് പഠാനും അദ്ദേഹത്തിന്‍റെ കുടുംബവും ഇക്കൂട്ടത്തിലുണ്ടായിരുന്നു. തകര്‍ക്കൂ, കൊല്ലൂ എന്നിങ്ങനെ കൊലവിളിയുമായി ആയുധങ്ങളുമേന്തി വന്ന ഭ്രാന്തമായ വലിയൊരു ജനക്കൂട്ടമാണ് ആ വീട് വളഞ്ഞത്.”
സ്ക്രീനില്‍ ഇംതിയാസ് പഠാന്‍ ഇപ്പോള്‍ കാടുപിടിച്ചു കിടക്കുന്ന ആള്‍പാര്‍പ്പില്ലാത്ത ആ വീട്ടുവളപ്പിലൂടെ നടക്കുന്ന ദൃശ്യം.
അദ്ദേഹത്തിന്‍റെ വാക്കുകള്‍;
“കൊലവിളി നടത്തുന്ന ആള്‍ക്കൂട്ടം കല്ലെറിയുന്നുമുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളുമെല്ലാം പേടിച്ചരണ്ട് വീട്ടിനുള്ളില്‍ നിലവിളിക്കുന്നുണ്ടായിരുന്നു.
“എന്താണ് ഇങ്ങനെ ആക്രമിക്കപ്പെടാന്‍ ഞങ്ങള്‍ ചെയ്ത തെറ്റ്? ഞങ്ങള്‍ മുസ്ലീങ്ങളാണെന്നതോ? മുസ്ലീങ്ങളായി പിറന്നു എന്നല്ലാതെ ഞങ്ങള്‍ ഇവരോട് എന്ത് കുറ്റമാണ് ചെയ്തത്? എന്തപരാധമാണ് ഞങ്ങള്‍ ചെയ്തത്”.
ഇംതിയാസ് ഗദ്ഗദകണ്ഠനാകുന്നു; കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു.
ബിബിസി അവതാരകയുടെ വാക്കുകള്‍:
“നൂറിലേറെപ്പേര്‍ അഭയം തേടിയെത്തിയ ആ വീട് കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ഇഹ്സാന്‍ ജാഫ്രിയുടേതായിരുന്നു”.
വീണ്ടും സ്ക്രീനില്‍ ഇംതിയാസ് പഠാന്‍. അദ്ദേഹം തുടരുന്നു:
“ഞങ്ങള്‍ കരുതിയത് ജാഫ്രി മുന്‍ എംപിയായിരുന്നതുകൊണ്ട് പൊലീസ് എത്തി ഞങ്ങളെ രക്ഷിക്കുമെന്നായിരുന്നു”.
ഭ്രാന്തെടുത്ത ജനക്കൂട്ടം അപ്പോഴും ആക്രോശിക്കുന്നുണ്ടായിരുന്നു: എവിടെ ജാഫ്രി? അയാളെ പിടിക്ക്! അയാളെ കൊല്ലും! അടുത്തുള്ള വീടുകള്‍ ഒന്നൊന്നായി അവര്‍ കത്തിക്കുകയായിരുന്നു.
ഇംതിയാസ് പഠാന്‍: “ഇവിടെ, ഞാനിപ്പോള്‍ നില്‍ക്കുന്ന സ്ഥലത്ത് വലിയൊരു മേശ കിടന്നിരുന്നു; ദാ ഇവിടെയായിരുന്നു അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍. ഇവിടെയായിരുന്നു ആ വീട്ടിലെ (ഗുല്‍ബര്‍ഗ് സൊസൈറ്റി) ലാന്‍ഡ് ലൈന്‍; അതിനടുത്തുതന്നെ വലിയൊരു ഡയറി; അതിലാണ് അദ്ദേഹം ടെലഫോണ്‍ നമ്പരുകള്‍ രേഖപ്പെടുത്തിയിരുന്നത്; ഇവിടെയിരുന്ന് അദ്ദേഹം പലരെയും ടെലഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരുന്നു. അദ്ദേഹം നിരവധി രാഷ്ട്രീയനേതാക്കളെ ഇവിടിരുന്ന് വിളിച്ചു; കോണ്‍ഗ്രസ് നേതാക്കളെ, പ്രാദേശികമായുള്ള അദ്ദേഹത്തിന്‍റെ പരിചയക്കാരെ, ബിജെപി നേതാക്കളെ, മന്ത്രിമാരെ, വലിയ പൊലീസ് ഓഫീസര്‍മാരെയെല്ലാം സഹായമഭ്യര്‍ഥിച്ച് അദ്ദേഹം വിളിച്ചുകൊണ്ടിരുന്നു: പക്ഷേ, ഒരിടത്തുനിന്നും സഹായമെത്തിയില്ല.”
ഇംതിയാസ് ഇത് പറയുമ്പോള്‍ ഇഹ്സാന്‍ ജാഫ്രിയുടെ ചിത്രം വീണ്ടും സ്ക്രീനില്‍. ഇംതിയാസ് പഠാന്‍ തുടരുന്നു:
“ഒടുവില്‍ അദ്ദേഹം നരേന്ദ്രമോദിയെ തന്നെ വിളിച്ചു. ഇതിനിടയ്ക്ക് അദ്ദേഹം ഒരു മന്ത്രിയെ വിളിച്ചു. അവിടെയും പ്രതികരണം ആശാവഹമായിരുന്നില്ല എന്ന് ജാഫ്രി സാബിന്‍റെ മുഖം മങ്ങുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായി. പിന്നീടാണ് അറ്റകൈയായി മോദിയെ, മുഖ്യമന്ത്രിയെ തന്നെ അദ്ദേഹം വിളിച്ചത്. മോദി വളരെ പരുഷമായാണ് സംസാരിച്ചതെന്ന് ജാഫ്രി സാബിന്‍റെ മുഖഭാവം വ്യക്തമാക്കി. ഒരിടത്തുനിന്നും ഒരു സഹായവും ലഭിക്കില്ലെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ആ അവസരത്തില്‍ ഞാന്‍ എന്നോടുതന്നെ പറഞ്ഞു- “എല്ലാം തീര്‍ന്നു, ഇതാ അവസാനമെത്തി.’
“ഈ ഘട്ടത്തില്‍ ജാഫ്രി സാബ് പുറത്തേക്കിറങ്ങി. അടുക്കളയുടെ ഭാഗത്തുവന്ന് ഭ്രാന്തെടുത്ത് കൊലവിളി നടത്തിയിരുന്ന ആ ജനക്കൂട്ടത്തിനോട് വിളിച്ചുപറഞ്ഞു, ‘എന്നെ കൊല്ലുന്നതുകൊണ്ട് നിങ്ങള്‍ തൃപ്തരാകുമെങ്കില്‍ ഞാന്‍ പുറത്തേക്കുവരാം. ഈ പാവപ്പെട്ട കുട്ടികളെയും സ്ത്രീകളെയും മറ്റാളുകളെയുമെല്ലാം വെറുതെ വിടൂ’.
“ഞങ്ങള്‍ അദ്ദേഹത്തോട്, ജാഫ്രി സാബിനോട് പുറത്തുപോകരുതെന്ന് കേണപേക്ഷിച്ചു; പക്ഷേ അദ്ദേഹം അതൊന്നും ചെവിക്കൊണ്ടില്ല. ആള്‍ക്കൂട്ടം അദ്ദേഹത്തെ പിടികൂടി, കഴുത്തില്‍തന്നെ പിടിച്ചുഞെരിച്ചു; അദ്ദേഹത്തെ തലയറുത്ത് കശാപ്പ് ചെയ്തു.”
അവതാരകയുടെ ശബ്ദം: “പിന്നീട് അധികൃതര്‍ പ്രതികരിച്ചത്, മിസ്റ്റര്‍ ജാഫ്രി ആള്‍ക്കൂട്ടത്തെ പ്രകോപിപ്പിച്ചതാണ്, തന്‍റെ തോക്കില്‍നിന്നും അദ്ദേഹം അവര്‍ക്കു നേരെ വെടിവച്ചതുകൊണ്ടാണ് അദ്ദേഹത്തെ അവര്‍ ആക്രമിച്ചത് എന്നാണ്. ഇംതിയാസും കുടുംബവും മറ്റും വീടിന്‍റെ അപ്പ്സ്റ്റെയേഴ്സിലേക്ക് പോയി. അക്രമം അവസാനിപ്പിച്ച് ജനക്കൂട്ടം പിരിഞ്ഞുപോയപ്പോഴാണ് ഒടുവില്‍ പൊലീസെത്തിയത്. കുറച്ചുപേര്‍ അവിടെ പേടിച്ചരണ്ട് പതുങ്ങിയിരിക്കുന്നതാണ് അപ്പോള്‍ പൊലീസ് കണ്ടത്.”
ആ കെട്ടിടത്തിന്‍റെ ടെറസില്‍നിന്ന് അകലേക്ക് നോക്കുന്ന ഇംതിയാസിന്‍റെ ദൃശ്യം. അന്നത്തെ സംഭവങ്ങള്‍ ഓര്‍ത്തുകൊണ്ട് ഭീകരമായ അവസ്ഥ ഓര്‍ത്തുകൊണ്ട് തുടര്‍ന്ന് കാര്യങ്ങള്‍ വിശദീകരിക്കുന്ന ഇംതിയാസിന്‍റെ ദുഃഖം ഘനീഭവിച്ച മുഖം സ്ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നു. അദ്ദേഹം തുടരുന്നു:
“അവര്‍ 69 പേരെ കൊന്നു. ചിതറിക്കിടന്നിരുന്ന ശവശരീരങ്ങളില്‍ എന്‍റെ അമ്മയുടേതുണ്ടായിരുന്നു, അമ്മാവന്‍റേതുമുണ്ടായിരുന്നു (ഇംതിയാസിന്‍റെ മാതാവിന്‍റെ ചിത്രം സ്ക്രീനില്‍). എന്‍റെ കുടുംബത്തിലെ പത്തുപേരെയാണ് അവര്‍ കൊന്നൊടുക്കിയത്.
“ഞാന്‍ കരുതുന്നത് ഈ സംഭവങ്ങളുടെയെല്ലാം ഒരേയൊരുത്തരവാദി നരേന്ദ്രമോദിയാണെന്നാണ്. മോദി വിചാരിച്ചിരുന്നെങ്കില്‍ ഇതൊന്നും തന്നെ സംഭവിക്കുമായിരുന്നില്ല.”
വീണ്ടും അവതാരകയുടെ ശബ്ദം; പൊലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യം.
“ഒരുന്നത പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തുമ്പോള്‍ ഇരകളുടെ ശവശരീരങ്ങള്‍ അപ്പോഴും അവിടെ ചിതറിക്കിടപ്പുണ്ടായിരുന്നു.”
ശവശരീരങ്ങളുടെയും തളംകെട്ടി നില്‍ക്കുന്ന ചോരയുടെയും ദൃശ്യങ്ങള്‍ സ്ക്രീനില്‍. ഒരു പൊലീസ് ഓഫീസറുടെ വാക്കുകള്‍:
“പൊലീസിന് അഹമ്മദാബാദില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാമായിരുന്നുവെന്നാണ് ആരോപണം. കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നു. അതിനുള്ള സാധ്യതയുമുണ്ടായിരുന്നു. ഇതിലും നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നുവെന്ന് എനിക്കുറപ്പാണ്. എന്‍റെ കഴിവുകേടായാണ് പറയപ്പെടുന്നത്. കൂടൂതലൊന്നും പറയാനില്ല!”
വീണ്ടും അവതാരകയുടെ ശബ്ദം. “കൊലപാതകങ്ങള്‍ നീണ്ട കാലത്തെ നിയമയുദ്ധത്തിന് ഇടയാക്കി. പൊലീസിന്‍റെ ഇടപെടല്‍ സംബന്ധിച്ചും കലാപത്തില്‍ മോദി വഹിച്ച പങ്കിനെക്കുറിച്ചുമെല്ലാം ഗുരുതരമായ ആരോപണങ്ങളുയര്‍ന്നു എന്നാണതിനര്‍ഥം. മോദിയും ജാഫ്രിയും തമ്മില്‍ നടന്നതായി പറയപ്പെടുന്ന ഫോണ്‍വിളിയെക്കുറിച്ച് 2009ല്‍ ഇംതിയാസ് കോടതിയില്‍ തെളിവ് നല്‍കി. ഇങ്ങനെയൊരു ഫോണ്‍ വിളി നടന്നിട്ടില്ലായെന്ന് പറഞ്ഞ് മോദി സംഭവത്തെ പാടെ നിഷേധിച്ചു; പിന്നീട് മറ്റു തെളിവുകളൊന്നും ലഭിച്ചുമില്ല. ഇംതിയാസ് അതിനുശേഷം മോദിയുടെ പാര്‍ടിക്കെതിരെ, ബിജെപിക്കെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു.”
ലണ്ടന്‍ നഗരത്തിന്‍റെ ദൃശ്യം സ്ക്രീനില്‍ – ലണ്ടന്‍ എന്ന് അക്ഷരങ്ങള്‍ തെളിയുന്നു. അവതാരക തുടരുന്നു:
“ബ്രിട്ടനില്‍, ഗുജറാത്തിലെ സംഭവവികാസങ്ങളില്‍ ഗവണ്‍മെന്‍റ് ആശങ്കയിലായി.”
സ്ക്രീനില്‍ 2001-2006ലെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക് സ്ട്രായുടെ ദൃശ്യം.
ജാക് സ്ട്രായുടെ വാക്കുകള്‍:
“അതെന്നെ വല്ലാതെ വിഷമിപ്പിച്ചു. ഞങ്ങള്‍ക്ക് നല്ല ബന്ധമുള്ള ശരിക്കും പ്രധാനപ്പെട്ട ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യയില്‍നടന്ന ആ സംഭവത്തെക്കുറിച്ച് ഞാന്‍ അതീവ താല്‍പര്യത്തോടെ ശ്രദ്ധിച്ചു, അന്വേഷിച്ചു. വളരെ ജാഗ്രതയോടെ, ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നായിരുന്നു അത്. ഞങ്ങള്‍ ചെയ്തത് അതിനെക്കുറിച്ച് ഒരന്വേഷണം നടത്തലായിരുന്നു. എന്താണവിടെ നടന്നത് എന്നതിനെക്കുറിച്ച് പഠിക്കുന്നതിനായി ഒരു സംഘത്തെ ഗുജറാത്തിലേക്കയച്ചു”.
വീണ്ടും ബിബിസി അവതാരക: “അവര്‍ അന്വേഷിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് നയതന്ത്ര സന്ദേശമായി ലണ്ടനിലേക്ക് (വിദേശകാര്യ വകുപ്പിന്) അയച്ചു. പ്രസിദ്ധീകരിക്കരുതെന്ന് അടയാളപ്പെടുത്തിയാണ് അതയച്ചത് (സ്ക്രീനില്‍ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് കാണാം). വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതിനെക്കാള്‍ വളരെ വലിയതോതിലുള്ള അക്രമങ്ങളാണ് ഗുജറാത്തില്‍ നടന്നത്. മുസ്ലീം സ്ത്രീകള്‍ വ്യാപകമായി ബലാത്സംഗം ചെയ്യപ്പെട്ടു; രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു അക്രമങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്. ലക്ഷ്യം ഹിന്ദുമേഖലകളില്‍നിന്നും മുസ്ലീങ്ങളെ തുടച്ചുനീക്കലായിരുന്നു; കലാപം സംഘടിപ്പിക്കപ്പെട്ടതിലും അതിനായി നടത്തിയ കാംപെയ്നിലും വംശഹത്യയുടെ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു എന്നെല്ലാമാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്”.
(ഈ റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം അന്യത്ര പ്രസിദ്ധീകരിച്ചിട്ടുണ്ട്)
ഒരു ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധി നടന്നു വരുന്നതിന്‍റെ ദൃശ്യം.
അവതാരകയുടെ വാക്കുകള്‍:
“ഈ വരുന്ന സീനിയര്‍ ഡിപ്ലോമാറ്റ് ഗുജറാത്ത് വംശഹത്യയെക്കുറിച്ച് അന്വേഷിച്ച ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധിസംഘത്തിലൊരാളാണ്. ഇതാദ്യമായി അദ്ദേഹം പരസ്യമായി ബ്രിട്ടീഷ് അന്വേഷണത്തില്‍ കണ്ടതെന്തെന്ന് ബിബിസിയോട് വെളിപ്പെടുത്തുകയാണ്, അദ്ദേഹം അജ്ഞാതനായിരിക്കാനാണ് താല്‍പര്യപ്പെടുന്നത്”.
മുന്‍ ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥന്‍റെ വാക്കുകള്‍: “ചുരുങ്ങിയത് 2000 പേരെങ്കിലും ഈ കലാപത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്; അതില്‍ മഹാഭൂരിപക്ഷവും മുസ്ലീങ്ങളാണ്; ഞങ്ങള്‍ അതിനെ വംശഹത്യ എന്നു തന്നെയാണ് റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചത്. വളരെ ബോധപൂര്‍വം ആസൂത്രണം ചെയ്ത് നടപ്പാക്കിയതും രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയുള്ളതുമായിരുന്നു ആ കലാപം. മുസ്ലീം സമുദായത്തെ ആക്രമിക്കലായിരുന്നു കലാപത്തിന്‍റെ ലക്ഷ്യം. തീവ്ര ഹിന്ദുത്വ ദേശീയവാദ സംഘടനയായ വിശ്വഹിന്ദുപരിഷത്താണ് (വിഎച്ച്പി) അക്രമങ്ങള്‍ സംഘടിപ്പിച്ചത്; ആര്‍എസ്എസിന്‍റെ പരിവാറില്‍ ഉള്ള സംഘടനയാണ് വിഎച്ച്പി”.
പശ്ചാത്തലത്തില്‍ അന്വേഷണ റിപ്പോര്‍ട്ട്.
വീണ്ടും ബിബിസി അവതാരകയുടെڈവാക്കുകള്‍: “വിഎച്ച്പിക്കും അവരുടെ അനുബന്ധസംഘടനകള്‍ക്കും സംസ്ഥാന സര്‍ക്കാരിന്‍റെ പിന്തുണയില്ലാതെ ശിക്ഷാഭയം കൂടാതെ ഇത്ര വ്യാപകമായി നാശനഷ്ടങ്ങളുണ്ടാക്കാന്‍ കഴിയുമായിരുന്നില്ല. നരേന്ദ്ര മോദിയാണ് ഈ കലാപത്തിന്‍റെ നേരിട്ടുള്ള ഉത്തരവാദി. റിപ്പോര്‍ട്ടില്‍ അസാധാരണമായ ഒരവകാശവാദവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതായത് അന്വേഷണത്തില്‍ ബന്ധപ്പെട്ട വിശ്വസനീയമായ പല സോഴ്സുകളും പറഞ്ഞത്, നരേന്ദ്രമോദി ഫെബ്രുവരി 27ന് സീനിയര്‍ പൊലീസ് ഓഫീസര്‍മാരുടെ യോഗം വിളിച്ചിരുന്നൂവെന്നും പിറ്റേന്ന് നടക്കാന്‍ പോകുന്ന കലാപത്തില്‍ പൊലീസ് ഇടപെടാന്‍ പാടില്ലെന്ന് ഉത്തരവ് നല്‍കിയിരുന്നുവെന്നുമാണ്; പൊലീസ് കോണ്ടാക്ടുകള്‍ യോഗം നടന്ന വിവരം നിഷേധിക്കുന്നു. എന്നാല്‍ വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ തന്നെയാണ് ഞങ്ങള്‍ക്കു ലഭിച്ചത്. കലാപകാരികളെ പൊലീസ് തടയരുതെന്ന് മോദി കൃത്യമായ നിര്‍ദ്ദേശം നല്‍കിയിരുന്നു. മോദിക്കു നേരിട്ടുള്ള ബന്ധം ഇതിലെന്താണെന്നത് സംബന്ധിച്ച് വ്യത്യസ്തമായ റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഞങ്ങള്‍ക്കു വ്യക്തമായത് ശിക്ഷാഭയം കൂടാതെ അക്രമങ്ങള്‍ നടത്താനുള്ള ഒരന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരുന്നു എന്നും അത്തരമൊരു അന്തരീക്ഷം സൃഷ്ടിച്ചത് നിസ്സംശയമായും മോദിയാണെന്നുമാണ്. മോദി അധികാരത്തില്‍ തുടരുന്നിടത്തോളം കാലം സാധാരണനില പുനഃസ്ഥാപിക്കല്‍ അസാധ്യമാണ്”.
സ്ക്രീനില്‍ മോദിക്കു സ്വീകരണം നല്‍കുന്ന ദൃശ്യം.
സംസാരിക്കുന്നത് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക് സ്ട്രാ:
“പൊലീസിനെ തടഞ്ഞുനിര്‍ത്തുന്നതില്‍ മുഖ്യമന്ത്രി മോദി വളരെ സജീവമായി ഇടപെട്ടിരുന്നു എന്നത് ഗുരുതരവും ഞെട്ടിപ്പിക്കുന്നതുമായ വിവരമാണ്. തീവ്രവാദികള്‍ക്ക് വളരെ വ്യക്തമായും ഒത്താശ ചെയ്യുന്നതായിരുന്നു മോദിയുടെ ഈ സമീപനം. പൊലീസിനെ തടഞ്ഞുനിര്‍ത്തിയത് രാഷ്ട്രീയ ഇടപെടലിലൂടെയാണെന്ന് വളരെ വ്യക്തമാണ്. തങ്ങളുടെ ജോലി നിര്‍വഹിക്കുന്നതില്‍നിന്നാണ് പൊലീസിനെ ഭരണാധികാരികള്‍ തടഞ്ഞുനിര്‍ത്തിയത്. സമൂഹത്തിന് സുരക്ഷയൊരുക്കലാണ് പൊലീസിന്‍റെ ജോലി. അതില്‍നിന്നാണ് പൊലീസ് പിന്തിരിപ്പിക്കപ്പെട്ടത്. ഇതിന്‍റെ പേരില്‍ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാന്‍ ഞങ്ങള്‍ തയ്യാറായില്ല. എന്നാല്‍ മോദിയുടെ പ്രശസ്തിയില്‍ ഇതൊരു കറുത്ത പാടു തന്നെയാണ്”.
ഒരു പോസ്റ്റര്‍ സ്ക്രീനില്‍ കാണാം –
മോദിയുടെ സമാധാന നിയമങ്ങള്‍:
ډ ഒരു മുസ്ലീമിന്‍റെ ജീവന് യാതൊരു വിലയുമില്ല;
ډ അവരെ ചുട്ടുകൊല്ലുക, ബലാത്സംഗം ചെയ്യുക, കൊല്ലുക
ډ പൊലീസ് നിങ്ങളോടൊപ്പം തന്നെ
ഗുജറാത്ത് ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍റെ ജനകീയ സമാധാന മാര്‍ച്ചിന്‍റെ ദൃശ്യമാണ് കാണുന്നത്. റാലി അവസാനത്തോടടുക്കുമ്പോള്‍ മുഖ്യമന്ത്രി മോദിയും പരിവാരങ്ങളും റാലിയുടെ മുന്‍നിരയില്‍ പ്രത്യക്ഷപ്പെടുന്നതായി കാണാം.
അവതാരക: “യൂറോപ്യന്‍ യൂണിയനും ഇതേ സമയംതന്നെ ഈ വിഷയത്തെക്കുറിച്ച് ഒരന്വേഷണം നടത്തി. അതിലെ കണ്ടെത്തല്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ കലാപത്തില്‍ സജീവമായി പങ്കെടുത്തിരുന്നു എന്നാണ്. കലാപം തടയാന്‍ പൊലീസ് ഇടപെടരുതെന്ന് ഉന്നത പൊലീസ് ഓഫീസര്‍മാര്‍ക്ക് കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിരുന്നതായും ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതായാണ് അറിയുന്നത്.
സ്വപന്‍ ദാസ് ഗുപ്തയെയാണ് ഇപ്പോള്‍ സ്ക്രീനില്‍ കാണുന്നത്. അദ്ദേഹം പറയുന്നു : “ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നതുപോലെ പൂര്‍ണമായും ഏകപക്ഷീയമായ ഒന്നായിരുന്നു കലാപം എന്ന നിഗമനത്തിലെത്താനാവില്ല. ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്ന് കലാപം തടയാന്‍ കാര്യമായി ഒന്നും ചെയ്തില്ല എന്ന നിഗമനത്തിലുമെത്താനാവില്ല. ആള്‍ക്കൂട്ടം മുസ്ലീങ്ങള്‍ക്കുനേരെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് ബോധപൂര്‍വമായി നടത്തിയ ഒരാക്രമണമാണിതെന്നതും എന്‍റെ അഭിപ്രായത്തില്‍, തികച്ചും അതിശയോക്തിയാണ്”.
ഇപ്പോള്‍ സ്ക്രീനില്‍ ഡോ. സ്വദേശ് സിംഗിനെയാണ് കാണുന്നത്. അദ്ദേഹം പറയുന്നു: “മുഖ്യമന്ത്രി മോദി കലാപം തടയാന്‍ തന്‍റെ സര്‍വ്വ കഴിവും പ്രയോഗിച്ചിട്ടുണ്ട്. മൂന്നു ദിവസത്തിനുള്ളില്‍ പൊലീസിന് കലാപം തടയാന്‍ കഴിഞ്ഞതുതന്നെ മോദിയുടെ ഇടപെടലിന്‍റെ തെളിവാണ്”.
സെന്‍റ് ആന്‍ഡ്രൂസ് സര്‍വകലാശാലയിലെ ഇന്ത്യന്‍ രാഷ്ട്രീയകാര്യ വിദഗ്ദ്ധന്‍ ഡോ. ക്രിസ് ഒഗ്ഡെന്‍ സംസാരിക്കുന്നു: “ബിജെപി നേതൃത്വത്തിന് അദ്ദേഹം രാജിക്കത്ത് നല്‍കുക പോലുമുണ്ടായി. ബിജെപി അത് നിരസിക്കുകയായിരുന്നു”.
സ്വപന്‍ ദാസ് ഗുപ്ത: “ഇത്തരമൊരു ദശാസന്ധിയില്‍ രാഷ്ട്രീയമായി നിങ്ങളൊരു രാജിക്കത്ത് നല്‍കുകയും അത് നിരസിക്കപ്പെടുകയും ചെയ്യുന്നു എന്നതിനര്‍ത്ഥം രാജിനാടകം അതോടെ അവസാനിച്ചു എന്നാണ്”.
ഗുജറാത്തിലെ ഒരു നഗരക്കാഴ്ച. ഒരു ജെസ്യൂട്ട് പുരോഹിതന്‍ തെരുവീഥിയിലൂടെ നടന്നുവരുന്നു. ഫാ. സെഡ്രിക് പ്രകാശ് എന്ന നാമധാരിയായ ആ പുരോഹിതന്‍ സംസാരിക്കുന്നു: “എന്‍റെ പേര് സെഡ്രിക് പ്രകാശ്. ഞാനൊരു ജെസ്യൂട്ട് പുരോഹിതനാണ്. നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള മനുഷ്യാവകാശ സംരക്ഷണമാണ് എന്‍റെ പശ്ചാത്തലം”.
അവതാരക: “ഗുജറാത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മൂന്ന് റിട്ടയേര്‍ഡ് ജഡ്ജിമാരുടെ നേതൃത്വത്തില്‍ ഒരു സിറ്റിസണ്‍സ് ട്രിബ്യൂണലിന് നേതൃത്വം നല്‍കി. കലാപത്തെക്കുറിച്ചന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ഈ സമിതിയെ സഹായിച്ചത് ഫാ. സെഡ്രിക്കാണ്”.
ഫാ. സെഡ്രിക്: “ഗവണ്‍മെന്‍റിലുള്ള ആളുകളോടും ഞങ്ങള്‍ പറഞ്ഞത്, സിറ്റിസണ്‍സ് ട്രിബ്യൂണലിനുമുമ്പാകെ സത്യസന്ധമായി കാര്യങ്ങള്‍ വെളിപ്പെടുത്തണമെന്നാണ്. എന്നാല്‍, അത് അത്ര എളുപ്പമായിരുന്നില്ല. അവരാകെ ഭയചകിതരായിരുന്നു. അവരുടെ ജോലി തന്നെ അപകടപ്പെടാന്‍ സാധ്യതയുണ്ടായിരുന്നു. അതായിരുന്നു അവരുടെ ഭയത്തിന്‍റെ കാരണം”.
ഫാ. സെഡ്രിക്കും കൂട്ടരും ഡല്‍ഹിയിലേക്ക്. വിമാനം പറന്നുയരുന്ന ദൃശ്യം സ്ക്രീനില്‍.
അദ്ദേഹം തുടരുന്നു: “ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ എന്‍റെ അടുത്ത സീറ്റിലിരുന്നത് ഗുജറാത്ത് ഗവണ്‍മെന്‍റിലെ ഒരു മന്ത്രിയായിരുന്നു. ബിജെപിക്കാരനായ അദ്ദേഹം തന്‍റെ ഐഡന്‍റിറ്റി ആദ്യം വെളിപ്പെടുത്തിയില്ല. നിരവധി വര്‍ഷങ്ങളായി അദ്ദേഹമായിരുന്നു ആഭ്യന്തര വകുപ്പിന്‍റെ ചുമതലക്കാരന്‍, ഹരേന്‍ പാണ്ഡ്യ. അദ്ദേഹം ഈയടുത്തയിടെ, സംസ്ഥാന മുഖ്യമന്ത്രിയായി മോദി അധികാരമേറ്റതിനെത്തുടര്‍ന്ന് ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെച്ചു”.
സ്ക്രീനില്‍ ഹരേന്‍ പാണ്ഡ്യയുടെ ദൃശ്യം തെളിഞ്ഞുനില്‍ക്കുന്നു.
ഫാ. സെഡ്രിക് തുടരുകയാണ്: സിറ്റിസണ്‍സ് കൗണ്‍സിലിനോട് കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണെങ്കില്‍ അദ്ദേഹത്തിന്‍റെ ഐഡന്‍റിറ്റി മറച്ചുവെച്ച് അദ്ദേഹത്തെ സംരക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമവും നടത്തുമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അറിയാവുന്ന എല്ലാ കാര്യങ്ങളും നിശ്ചയമായും പറയാന്‍ തയ്യാറാവണമെന്ന് അദ്ദേഹത്തോടാവശ്യപ്പെട്ടു. തനിക്ക് ഒട്ടേറെ കാര്യങ്ങള്‍ അറിയാമെന്ന് അദ്ദേഹം തുടക്കത്തില്‍ തന്നെ പറഞ്ഞു. ട്രിബ്യൂണല്‍ അന്വേഷിക്കുന്ന വിഷയത്തിലെ കാര്യങ്ങള്‍ പറഞ്ഞുതരാന്‍ പറ്റിയ ഏറ്റവും പ്രധാന ആള്‍തന്നെയായിരുന്നു അദ്ദേഹം”.
നടന്നുനീങ്ങുന്ന ഫാ. സെഡ്രിക്കിന്‍റെ ദൃശ്യം സ്ക്രീനില്‍.
അവതാരകയുടെ വാക്കുകള്‍:
“പൊലീസിനു നല്‍കിയ നിര്‍ദ്ദേശങ്ങളുള്‍പ്പെടെ കലാപത്തില്‍ മോദി വഹിച്ച പങ്കിനെക്കുറിച്ചാണ് ട്രിബ്യൂണല്‍ അന്വേഷിച്ചത്”.
ഫാ. സെഡ്രിക്: “ഫെബ്രുവരി 27ന് എന്താണുണ്ടായത് എന്നതിനെക്കുറിച്ച് വിശദീകരിക്കാന്‍ അങ്ങനെയാണ് അദ്ദേഹം എന്‍റെ ഓഫീസിലെത്തിയത്. വളരെ വ്യക്തമായി കലാപത്തിന് ഉത്തരവാദി മോദിയാണെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു”.
ഹരേന്‍ പാണ്ഡ്യയുടെ ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രം സ്ക്രീനില്‍ നിറഞ്ഞുകാണുന്നു.
അവതാരകയുടെ ശബ്ദമാണ് കേള്‍ക്കുന്നത്: “അദ്ദേഹം 27-ാം തീയതി രാത്രി താന്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്ന മോദി വിളിച്ചുചേര്‍ത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ട്രിബ്യൂണലിന് കൈമാറി”.
രൂക്ഷമായ മുഖഭാവത്തോടെയുള്ള മോദിയുടെ ചിത്രം സ്ക്രീനില്‍ തെളിയുന്നു.
അവതാരക: “ഗോധ്രയിലെന്തു സംഭവിച്ചു എന്നത് സംബന്ധിച്ച് ഗവണ്‍മെന്‍റിനുള്ളില്‍നിന്നുള്ള ആദ്യത്തെ കൃത്യമായ സൂചനയായിരുന്നു ഇത്”.
ഫാ. സെഡ്രിക്: ആ യോഗത്തില്‍ പങ്കെടുത്തിരുന്ന ആളെന്ന നിലയില്‍ കലാപത്തിന്‍റെ ഉത്തരവാദിത്വം തനിക്കുമുണ്ടെന്ന് ഹരേന്‍ പാണ്ഡ്യ കരുതി. ആ നിലയില്‍ താനും നിയമത്തിനുമുന്നില്‍ വരേണ്ടതുണ്ട് എന്നദ്ദേഹം വിശ്വസിച്ചിരുന്നു”.
സ്ക്രീനില്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് ഹര്‍ദോഷ് സിംഗ് ബാല്‍. അദ്ദേഹം പറയുന്നു: “നിയമം നടപ്പാക്കേണ്ട ഏജന്‍സികള്‍ ഒന്നും ചെയ്യരുതെന്നും മുസ്ലീം വിഭാഗത്തെ ആക്രമിക്കാന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്നുമുള്ള തീരുമാനം സംസ്ഥാന മുഖ്യമന്ത്രി തന്നെയാണ് എടുത്തത് എന്ന സൂചനയാണ് ഹരേന്‍ പാണ്ഡ്യ നല്‍കിയത്”.
അവതാരക : “തന്‍റെ പേര് പുറത്തുവരാതിരിക്കണമെന്ന് ഹരേന്‍ പാണ്ഡ്യ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ട്രിബ്യൂണലിന് മൊഴി കൊടുത്ത വിവരം ചോര്‍ന്ന് പത്രങ്ങള്‍ക്കു കിട്ടി. തുടര്‍ന്ന് മോദി ഗവണ്‍മെന്‍റില്‍നിന്നും പാണ്ഡ്യ രാജിവെച്ചു. എന്തു വിലകൊടുത്തും സമാധാനം സ്ഥാപിക്കാനും മതമൈത്രി നിലനിര്‍ത്താനും താന്‍ ശക്തമായ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും അല്ലാതുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും മോദി മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. അപ്പോള്‍ പാണ്ഡ്യ നുണ പറയുകയായിരുന്നോ”?
സ്ക്രീനില്‍ സ്വപന്‍ ദാസ്ഗുപ്ത: “നടന്നതായി പറയപ്പെടുന്ന യോഗത്തില്‍ ഞാനുണ്ടായിരുന്നില്ല. അതുകൊണ്ട് കൃത്യമായി എനിക്കറിയില്ല. എന്നാല്‍ ഒരു മുഖ്യമന്ത്രി ആളുകള്‍ക്ക് അക്രമം നടത്താനുള്ള ബ്ലാങ്ക് ചെക്ക് നല്‍കുമോ? എനിക്ക് വിശ്വസിക്കാനാവുന്നില്ല”.
കാറില്‍ കയറുന്ന പാണ്ഡ്യയുടെ ചിത്രം സ്ക്രീനില്‍
അവതാരക : “കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ സുപ്രീംകോടതി പാണ്ഡ്യയുടെ അവകാശവാദം വ്യാജമാണെന്ന് പറഞ്ഞു. ഔദ്യോഗിക അന്വേഷണത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു സുപ്രീംകോടതിയുടെ ഈ കണ്ടെത്തല്‍. ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നത്, ഫെബ്രുവരി 27ന്‍റെ യോഗത്തില്‍ പാണ്ഡ്യ ഉണ്ടായിരുന്നില്ല എന്നാണ്. അദ്ദേഹം ആ യോഗത്തില്‍ പങ്കെടുത്തിരുന്നു എന്നതിന്‍റെ ഒരു തെളിവും ലഭിച്ചിട്ടില്ലായെന്നും പങ്കെടുത്ത മറ്റു പലരും ഹരേന്‍ പാണ്ഡ്യയുടെ സാന്നിധ്യം നിഷേധിക്കുകയായിരുന്നു എന്നും അദ്ദേഹത്തിന്‍റെ കൈവശമുള്ള സര്‍ക്കാര്‍ മൊബൈല്‍ യോഗം നടന്ന സമയത്ത് വളരെ അകലെ ഒരിടത്തായിരുന്നു എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ ചില ആളുകള്‍ ഈ അന്വേഷണത്തിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്തു. മിക്ക രാഷ്ട്രീയക്കാരും ഇതുപോലുള്ള ആരോപണങ്ങളോട് മുഖംതിരിക്കുകയാണ് പതിവ്. കാരണം ഇത് വളരെ വിനാശകരമായ ആരോപണങ്ങളാണ്. ഈ വിമര്‍ശനങ്ങളുടെ നടുവില്‍നില്‍ക്കവെ മോദി അപ്രതീക്ഷിതമായി ഗുജറാത്തില്‍ ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു”.
തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളുടെയും മോദി പ്രസംഗിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ സ്ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നു.
ഡോ. ക്രിസ് ഒഗ്ഡെന്‍ സംസാരിക്കുകയാണ്: “ഈ തിരഞ്ഞെടുപ്പ് നരേന്ദ്ര മോദി എന്ന ഒറ്റ വ്യക്തിയില്‍ കേന്ദ്രീകരിച്ചുള്ളതായിരുന്നു. തന്‍റെ അനുയായികളോട് അദ്ദേഹം തീവ്ര ഹിന്ദു ദേശീയതയാണ് പ്രസംഗിച്ചത്. മുസ്ലീം തീവ്രവാദികളില്‍നിന്ന് ഹിന്ദുക്കള്‍ക്ക് പ്രതീക്ഷയും സുരക്ഷയുമാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. ഇത് അമേരിക്കയിലെ സെപ്തംബര്‍ 11 സംഭവങ്ങളെ ഓര്‍മിപ്പിക്കുന്നതായിരുന്നു, പല വിധത്തിലും ലോകത്തുടനീളം മുസ്ലീങ്ങള്‍ക്കെതിരായ നടപടികളെ ന്യായീകരിക്കുന്നതുമായിരുന്നു. ഇതാണ് ഗുജറാത്തില്‍ ബിജെപി ചെയ്തതിനെ ചുരുങ്ങിയ പക്ഷം ശ്രദ്ധേയമാക്കുന്നത്”.
പശ്ചാത്തലത്തില്‍ സംഘപരിവാറിന്‍റെ ബൈക്ക് റാലി.
സ്ക്രീനില്‍ നിലഞ്ജന്‍ മുഖോപാധ്യായ: “ഹിന്ദു രക്തസാക്ഷിത്വം ശക്തമായ വികാരം സൃഷ്ടിച്ചിരിക്കുന്നു എന്നു മോദിക്ക് ബോധ്യമായി. ജനങ്ങളുടെ ആ ദുഃഖത്തെ തിരഞ്ഞെടുപ്പായുധമാക്കാന്‍ അദ്ദേഹം തീരുമാനിച്ചു”.
മോദിയുടെ തിരഞ്ഞെടുപ്പ് പ്രസംഗമാണ് ഇപ്പോള്‍ സ്ക്രീനില്‍ കാണുന്നത്. അദ്ദേഹത്തിന്‍റെ വാക്കുകള്‍: “ഗോധ്രയില്‍ നിരപരാധികളായ 60 ഹിന്ദു തീര്‍ത്ഥാടകരെയാണ് അവര്‍ ജീവനോടെ ചുട്ടെരിച്ചത്. നിങ്ങള്‍ക്കത് ഓര്‍മയില്ലേ? വാര്‍ത്തകള്‍ നിങ്ങള്‍ കേട്ടില്ലേ? പറയൂ, ഉറക്കെ പറയൂ!”
ആള്‍ക്കൂട്ടം : “ഉണ്ട്, ഉണ്ട്” (ആര്‍പ്പുവിളിയോടെ)
മോദി വീണ്ടും: “അതിനുശേഷം ഗ്രാമങ്ങളില്‍ നിങ്ങള്‍ ആരുടെയെങ്കിലും കടകള്‍ക്ക് തീയിട്ടോ?
ആള്‍ക്കൂട്ടം : ഇല്ല, ഇല്ല!
മോദി: നിങ്ങളാരെയെങ്കിലും കുത്തിക്കൊന്നോ? ആരുടെയെങ്കിലും തലയറുത്തോ?
ആള്‍ക്കൂട്ടം: ഇല്ല, ഇല്ലേയില്ല!
മോദി: നിങ്ങളാരുടെയെങ്കിലും അമ്മയെയോ സഹോദരിമാരെയോ ബലാത്സംഗം ചെയ്തോ!
ആള്‍ക്കൂട്ടം : ഇല്ല!
മോദി: എന്നാല്‍ ഗുജറാത്തിന്‍റെ ശത്രുക്കള്‍ ഇങ്ങനെയെല്ലാം പറഞ്ഞു നടക്കുന്നു. ഇവിടുത്തെ ഗ്രാമങ്ങളെല്ലാം കത്തിയെരിയുകയാണ് എന്നവര്‍ പറയുന്നു. അവര്‍ ഗുജറാത്തിനെയും ഗുജറാത്തികളെയും ആക്ഷേപിക്കുന്നു.
സ്ക്രീനില്‍ മുഖത്തോടുമുഖം നോക്കുന്ന മോദിയുടെ സുരക്ഷാ ഭടന്മാരുടെ ദൃശ്യം.
മോദി തുടരുന്നു: ഞാന്‍ നിങ്ങളുടെ മുന്നില്‍ ഈ തീര്‍ത്ഥാടനവുമായെത്തിയത് ഇതെല്ലാം നുണയാണെന്ന് തെളിയിക്കാനാണ്.
(ആവേശത്തോടെ കൈയടിക്കുകയും ‘ഭാരത്മാതാ കി ജയ്” എന്ന് ആര്‍ത്തുവിളിക്കുകയും ചെയ്യുന്ന ആള്‍ക്കൂട്ടം. മോദി തന്‍റെ പ്രസംഗം അവസാനിപ്പിക്കുന്നു)
ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് ഹര്‍ദോഷ് സിങ് ബാല്‍ ആണിപ്പോള്‍ സ്ക്രീനില്‍.
അദ്ദേഹം പറയുന്നു:”മുസ്ലീങ്ങള്‍ക്കെതിരായ ഈ അക്രമവും കലാപവുമാണ് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നരേന്ദ്രമോദി പ്രചരണായുധമാക്കിയത്. ഇതാണ് മോദി ജനങ്ങള്‍ക്കായി നല്‍കിയത്. മുസ്ലീങ്ങള്‍ക്കെതിരായ കലാപവും അതിനോടുള്ള മോദിയുടെ പ്രതികരണവുമാണ് നരേന്ദ്രമോദിയുടെ വ്യക്തിത്വത്തെ കൂടുതല്‍ ഇരുണ്ടതാക്കി മാറ്റിയത്”.
മോദിയുമായി മക്ഗിവറിങ് അക്കാലത്തു നടത്തിയ അഭിമുഖത്തിന്‍റെ ദൃശ്യമാണിപ്പോള്‍ കാണുന്നത്. ആഹ്ലാദവദനനായി ചിരിച്ച് അഭിമുഖത്തിനിരിക്കുന്ന മോദിയെ ഇവിടെ കാണാം. പിന്നീട് അഭിമുഖം മുന്നോട്ടുപോകുന്നതിനനുസരിച്ച് തനിക്ക് ഹിതമല്ലാത്തതു കേള്‍ക്കുമ്പോള്‍ വലിഞ്ഞുമുറുകിയ മുഖവുമായി മാധ്യമപ്രവര്‍ത്തകയോട് തട്ടിക്കയറുന്നതും കാണാം.
ഇവിടെ ഡോക്യുമെന്‍ററിക്കായുള്ള തന്‍റെ വിവരണത്തിന്‍റെ ഭാഗമായി മക്ഗിവറിങ് ഇങ്ങനെ പറയുന്നുണ്ട് : “നരേന്ദ്രമോദി മാധ്യമങ്ങളോട് സൗഹൃദപരമായി ഇടപെടുന്നയാളാണെന്ന് ഭാവിക്കുന്നതേയില്ല. ഞാന്‍ പറയുന്നത് നിങ്ങള്‍ കേട്ടാല്‍ മാത്രം മതി, പരമാവധി അതെ എന്നു മാത്രം തിരിച്ചു പറഞ്ഞാല്‍ മതി. ഇതാണ് മോദിയുടെ ഭാവം. അഭിമുഖത്തിനായി മോദിയുടെ മുന്നില്‍ ഞങ്ങളിരുന്നത് എന്തെങ്കിലും ചെറിയൊരു സ്കൂപ്പെങ്കിലും കിട്ടുമോ എന്ന പ്രതീക്ഷയിലായിരുന്നു. ആകര്‍ഷണീയവും ശക്തവും ശാന്തവുമായ വ്യക്തിത്വത്തിനുടമയായി ഞങ്ങള്‍ക്കു മുന്നില്‍ മോദി ഇരുന്നു”.
ഇരുപതുവര്‍ഷംമുമ്പുള്ള ആ അഭിമുഖത്തിന്‍റെ ഭാഗമാണ് ഇപ്പോള്‍ കാണിക്കുന്നത്.
മക്ഗിവറിങ്: “നമുക്കിനി തിരഞ്ഞെടുപ്പ് കാര്യങ്ങളിലേക്ക് കടക്കാം. സംസ്ഥാനമാകെ കുഴപ്പത്തിലാണെന്ന് കാണുന്നു. ഞങ്ങള്‍ കാണുന്നത് എവിടെയും അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതാണ്; ജനങ്ങള്‍ ഭീതിയില്‍ കഴിയുന്നതാണ്. ക്രമസമാധാനനിലയിലെ ഈ തകര്‍ച്ചയ്ക്ക് എന്താണ് കാരണം?”
മോദി: (കണ്ണുരുട്ടിക്കൊണ്ട്) നിങ്ങള്‍ പറയുന്നതിനോട് എനിക്ക് യോജിക്കാനാവില്ല. നിങ്ങളുടെ വിശകലനത്തോടും ഞാന്‍ യോജിക്കുന്നില്ല. നിങ്ങള്‍ പറയുന്ന കാര്യങ്ങളോടും എനിക്ക് യോജിക്കാനാവില്ല. നിങ്ങളീ പറയുന്ന കാര്യങ്ങളെല്ലാം തന്നെ തികച്ചും തെറ്റിദ്ധാരണാജനകമായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. എവിടുന്നാണ് നിങ്ങളീ ചപ്പുചവറുകളെല്ലാം പെറുക്കിയെടുത്തത്? ഏത് ചവറ്റുകൂനയില്‍നിന്നാണ് നിങ്ങള്‍ക്കിതെല്ലാം കിട്ടിയത് എന്ന് എനിക്കറിയില്ല”.
മക്ഗിവറിങ് : “ചിലയാളുകള്‍ താങ്കളുടെ ഗവണ്‍മെന്‍റിനെക്കുറിച്ച് മുസ്ലീങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ തടയാന്‍ വേണ്ട കാര്യങ്ങളൊന്നും ചെയ്തില്ല എന്നാരോപിക്കുന്നുണ്ട്. ഇപ്പോള്‍ പോലും മുസ്ലീങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ല എന്ന ആരോപണം ഉണ്ട്”
മോദി: “ഇവയെല്ലാം തന്നെ വ്യാജപ്രചരണങ്ങളാണ്; ഞങ്ങളുടെ എതിരാളികള്‍ നടത്തുന്ന വ്യാജപ്രചരണങ്ങള്‍. നിങ്ങളും ഈ വ്യാജപ്രചരണത്തില്‍ കുടുങ്ങിയിരിക്കുകയാണ്”.
മക്ഗിവറിങ് : “ഞാനീ റിപ്പോര്‍ട്ടു ചെയ്യുന്ന വിവരങ്ങള്‍ വ്യാജപ്രചരണമാകുന്നതെങ്ങനെയെന്ന് താങ്കള്‍ക്കൊന്ന് വിശദീകരിക്കാമോ? ഞാന്‍ റിപ്പോര്‍ട്ടു ചെയ്യുന്ന കാര്യങ്ങളെല്ലാംതന്നെ എന്‍റെ കണ്ണുകള്‍കൊണ്ട് ഞാന്‍ നേരിട്ടുകണ്ടതാണ്. സംഭവം നടക്കുന്ന സമയത്തും പിന്നീടും”.
മോദി: “അതെല്ലാംതന്നെ എതിരാളികള്‍ പറഞ്ഞുപരത്തുന്നതാണ്”.
മക്ഗിവറിങ് : “ഇതിനകം പ്രസിദ്ധീകരിച്ചിട്ടുള്ള സ്വതന്ത്രമായ റിപ്പോര്‍ട്ടുകള്‍ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ടല്ലോ”.
മോദി (രോഷാകുലനായി കൈചൂണ്ടിക്കൊണ്ട് പ്രതികരിക്കുന്നു): “ഒരു ഗവണ്‍മെന്‍റിന്‍റെയും ആഭ്യന്തര കാര്യങ്ങളില്‍ തലയിടാന്‍ നിങ്ങള്‍ക്കെന്നല്ല, ഒരാള്‍ക്കും അവകാശമില്ല. നിങ്ങളങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് തീര്‍ത്തും തെറ്റാണ്”.
മക്ഗിവറിങ്: “ഞാന്‍ ഇതൊരു മനുഷ്യാവകാശ പ്രശ്നമെന്ന നിലയ്ക്കും പൊതുവിവരമെന്ന നിലയ്ക്കുമാണ് പറയുന്നത്”.
മോദി (ഭീഷണിയുടെ സ്വരത്തില്‍): “മനുഷ്യാവകാശങ്ങളെക്കുറിച്ച് ഞങ്ങളെ പഠിപ്പിക്കാന്‍ വരണ്ട. എന്താണ് മനുഷ്യാവകാശമെന്ന് ബ്രിട്ടീഷുകാരായ നിങ്ങളേക്കാള്‍ നന്നായി ഞങ്ങള്‍ക്കറിയാം. അതുകൊണ്ട് മനുഷ്യാവകാശത്തെക്കുറിച്ചുള്ള പ്രഭാഷണമൊന്നും ഇങ്ങോട്ടെടുക്കണ്ട”.
മക്ഗിവറിങ്: “കഴിഞ്ഞ മാസം നടന്ന കാര്യങ്ങളിലേക്ക് താങ്കളൊന്ന് തിരിഞ്ഞുനോക്കിയാല്‍ മാത്രം മതി. വളരെ ദുരിതം നിറഞ്ഞൊരു കാലഘട്ടത്തില്‍ ഈ സംസ്ഥാനത്തെ നയിച്ച നേതാവെന്ന നിലയില്‍ ഇവിടെ നടന്ന എന്തെങ്കിലും കാര്യത്തെക്കുറിച്ച് താങ്കള്‍ ചിന്തിച്ചിട്ടുണ്ടോ.? വ്യത്യസ്തമായി താങ്കളെന്തെങ്കിലും ചെയ്തുവെന്ന് പറയാമോ?”
മോദി: “ശരിയാണ്, വ്യത്യസ്തമായൊരു മേഖലയുണ്ട്. മാധ്യമങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വളരെ വളരെ നന്നായി എനിക്കറിയാം?”
ബിജെപി അനുകൂലികള്‍ തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തില്‍. ഭ്രാന്തമായ ആഹ്ലാദപ്രകടനവും ആരവങ്ങളും. ആ ജനക്കൂട്ടത്തില്‍ സുരക്ഷാഭടന്മാര്‍ക്കൊപ്പം ഈ തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ ശില്‍പ്പിയായ മോദിയും.
സ്ക്രീനില്‍ നിലഞ്ജന്‍ മുഖോപാധ്യായ സംസാരിക്കുന്നു. “മോദി എത്രമാത്രം ആക്രമിക്കപ്പെടുന്നുവോ അത്രമാത്രം അദ്ദേഹം ശക്തനായി മാറുന്നു. ലളിത യുക്തികൊണ്ടാണ് അദ്ദേഹം ഇത് നേടിയെടുക്കുന്നത്. താന്‍ ആക്രമിക്കപ്പെടുന്നത് ഹിന്ദുക്കളുടെ അവകാശത്തിനുവേണ്ടി നിലനില്‍ക്കുന്നതുകൊണ്ടാണ് എന്നദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തുന്നു”.
സ്ക്രീനില്‍ പ്രൊഫ. ക്രിസ്റ്റഫര്‍ ജാഫ്രലോ. അദ്ദേഹം പറയുന്നു:
“നിങ്ങളെത്രത്തോളം ചേരിതിരിവുണ്ടാക്കുന്നുവോ അത്രത്തോളം നിങ്ങള്‍ക്ക് വോട്ട് ലഭിക്കും; ഭൂരിപക്ഷത്തിന്‍റെ പിന്തുണയും ലഭിക്കും.”
സ്ക്രീനില്‍ മാര്‍ച്ച് 2003 എന്ന് തെളിയുന്നു.
ഫാ. സെഡ്രിക് കാറില്‍ സഞ്ചരിക്കുന്ന ദൃശ്യം. അദ്ദേഹം പറയുന്നു: “ഞാന്‍ കാറിലേക്ക് പ്രവേശിച്ചയുടന്‍ എന്‍റെ സുഹൃത്തായ മാധ്യമപ്രവര്‍ത്തകയില്‍ നിന്നൊരു ഫോണ്‍വിളി. അവളെന്നോട് ചോദിച്ചത് ഹരേന്‍ പാണ്ഡ്യക്ക് എന്താണ് സംഭവിച്ചതെന്ന് താങ്കള്‍ക്കറിയാമോ എന്നാണ്; അവള്‍ പറഞ്ഞത് അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു എന്നാണ്”.
ഹരേന്‍ പാണ്ഡ്യയെ കാറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ദൃശ്യങ്ങള്‍.
ഹര്‍ദോഷ് സിങ് ബാല്‍: “ഒരു കാറിനുള്ളില്‍ സംശയകരമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. വെടിയുണ്ട തുളച്ചുകയറിയ ഭാഗത്ത് ചോരപ്പാടുകളൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തെ കണ്ടെത്തിയ സ്ഥലത്തോ ചുറ്റുപാടുമോ ചോരയുടെ പാടുകളൊന്നുംതന്നെ ഉണ്ടായിരുന്നില്ല. തെളിവുകള്‍ വ്യക്തമാക്കുന്നത് മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയശേഷം മൃതശരീരം അവിടെ കൊണ്ടുവന്ന് ആ കാറില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ്”.
പൊലീസുകാര്‍ കാറും പരിസരവും പരിശോധിക്കുന്നതിന്‍റെ ദൃശ്യം.
പ്രൊഫ. ക്രിസ്റ്റഫര്‍ ജാഫ്രലോ: “ഹരേന്‍ പാണ്ഡ്യയുടെ മരണം ഇപ്പോഴും ദുരൂഹതയാണ്. എന്‍റെ അറിവനുസരിച്ച് ശരിയായൊരു അന്വേഷണംപോലും ഇതേവരെ നടന്നിട്ടില്ല”.
നിലഞ്ജന്‍ മുഖോപാധ്യായ:
“ഹരേന്‍ പാണ്ഡ്യയുടെ കൊലപാതകം ഇപ്പോഴും ഉത്തരം കണ്ടെത്തിയിട്ടില്ലാത്ത പ്രഹേളികയായി തുടരുന്നു”.
അവതാരക: “ഈ കൊലപാതകവുമായി ബന്ധപ്പെട്ട് 12 ആളുകളെ പിടികൂടി ജയിലിലടച്ചു. എന്നാല്‍ ഹരേന്‍ പാണ്ഡ്യ കൊലപാതക കേസിലെ എല്ലാ കുറ്റാരോപിതരെയും കുറ്റവിമുക്തരാക്കിയ കോടതി അന്വേഷണം ശരിയായ ദിശയിലല്ല നടന്നതെന്ന് പൊലീസിനെ കുറ്റപ്പെടുത്തുകയും ചെയ്തു. ഹരേന്‍ പാണ്ഡ്യ ഗുജറാത്തിലെ മുന്‍ ആഭ്യന്തരമന്ത്രിയായിരുന്നു എന്നുള്ള കാര്യം കൂടി നിങ്ങളോര്‍ക്കണം”.
2019ലെ സുപ്രീംകോടതി വിധി റിപ്പോര്‍ട്ടു ചെയ്യുന്ന ഒരു ഹിന്ദി ചാനല്‍ ദൃശ്യങ്ങള്‍ സ്ക്രീനില്‍. വിചാരണ കോടതിവിധി സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു.
അവതാരക തുടരുന്നു: “നരേന്ദ്രമോദിയുടെ സ്വന്തം പാര്‍ടിക്കാര്‍തന്നെ ഹരേന്‍ പാണ്ഡ്യയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു”.
ബിജെപി മുന്‍ എംപിയും നരേന്ദ്രമോദിയുടെ വിമര്‍ശകനുമായ ഡോ. സുബ്രഹ്മണ്യ സ്വാമിയാണ് സ്ക്രീനില്‍. അദ്ദേഹം പറയുന്നു: “എനിക്ക് ഹരേന്‍ പാണ്ഡ്യയെ വ്യക്തിപരമായി നേരിട്ടറിയാം. അദ്ദേഹത്തിന്‍റെ കൊലപാതകം വലിയൊരു ദുരന്തമായിരുന്നു; ദുരൂഹമാണത്. സാഹചര്യങ്ങളില്‍നിന്ന് എനിക്ക് മനസ്സിലാകുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ പ്രയാസമുള്ളതാണ്. ആരാണത് ചെയ്തതെന്ന് എനിക്കറിയണം. കൊലയാളി ആരായിരുന്നാലും അയാള്‍ക്ക് അദ്ദേഹത്തോടുള്ള വ്യക്തിപരമായ പകവീട്ടലായിരുന്നില്ല അത്. അതുപോലെതന്നെ, അത് നന്നായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. ശരിയായവിധം അന്വേഷണം നടന്നതായി ഞാന്‍ കരുതുന്നില്ല”.
സൊപന്‍ ദാസ് ഗുപ്ത പറയുന്നു: “ഹരേന്‍ പാണ്ഡ്യയെ കൊല്ലാന്‍ തക്കംപാര്‍ത്തുകഴിഞ്ഞിരുന്ന ഏതോ ഭീകരവാദികളാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. അന്വേഷണം സമഗ്രമായിരുന്നു. അന്വേഷണത്തിന്‍റെ ഓരോ ഘട്ടവും ഇന്ത്യന്‍ ജുഡീഷ്യല്‍ പ്രക്രിയയ്ക്ക് വിധേയമായിരുന്നു. സുപ്രീംകോടതി വിധിയിലാണ് അതവസാനിച്ചത്. അതിവിടെ അവസാനിപ്പിക്കാം ഇനിയുമത് പറഞ്ഞു നടക്കേണ്ട കാര്യമില്ല”.
സ്ക്രീനില്‍ യോര്‍ക്ക്ഷെയര്‍, ആഗസ്ത് 2003 എന്ന് കാണാം.
അവതാരക: “യോര്‍ക്ക്ഷെയറില്‍ താമസിക്കുന്ന ദാവൂദ് കുടുംബത്തിന് ഗുജറാത്തിലെ പൊലീസ് സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; സെയ്ദിനെയും ഷക്കീലിനെയും മുഹമ്മദിനെയും കൊലപ്പെടുത്തിയ ആളുകളെ ഗുജറാത്ത് പൊലീസ് പിടികൂടുമെന്ന വിശ്വാസം തന്നെ അവര്‍ക്കില്ലാതായി”.
സ്ക്രീനില്‍ സെയ്ദിന്‍റെയും ഷക്കീലിന്‍റെയും മുഹമ്മദിന്‍റെയും ചിത്രങ്ങള്‍ തെളിയുന്നു.
ഇമ്രാന്‍റെ അമ്മാവന്‍ യൂസഫ് ദാവൂദ്: “ഇന്ത്യയിലെ പൊലീസ് എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് ഗൗരവതരമായ ചില സംശയങ്ങള്‍ ഉയരുന്നു; ഒരു വശത്ത് അവര്‍ പറയുന്നത്, തങ്ങള്‍ സാധ്യമായതെല്ലാം ചെയ്യുന്നുവെന്നാണ്; എന്നാല്‍ മറുവശത്ത് നാം കാണുന്നത് ഈ അന്വേഷണങ്ങളില്‍നിന്ന് ഒരു ഫലവും ഉണ്ടാകുന്നില്ല എന്നാണ്. ഇന്ത്യന്‍ പൊലീസില്‍ ഞങ്ങള്‍ക്ക് ഒരു വിശ്വാസവുമില്ല. പ്രാഥമികാന്വേഷണം പോലും അവര്‍ ഇതേവരെ നടത്തിയിട്ടില്ല. കുറ്റകൃത്യം നടന്ന സ്ഥലത്ത് അവര്‍ ഇതേവരെ പോയിട്ടുപോലുമില്ല. കുടുംബാംഗങ്ങള്‍ കുറ്റകൃത്യം നടന്ന സ്ഥലത്തുപോയി. അവര്‍ അവിടെ ഭീകരമായ ഒരു കണ്ടെത്തല്‍ നടത്തി. കൊല്ലപ്പെട്ടവരുടെ കത്തിക്കരിഞ്ഞ ഭൗതികാവശിഷ്ടങ്ങള്‍ അവിടെ ഉണ്ടായിരുന്നു; എല്ലുകളും പല്ലുകളും അവിടെ അവര്‍ കണ്ടെത്തി; എല്ലാവരും സൂചിപ്പിക്കുന്നതുപോലെ അവിടെ കണ്ട അവശിഷ്ടങ്ങള്‍ സെയ്ദിന്‍റെയും ഷക്കീലിന്‍റെയും തന്നെയാണെന്ന് തോന്നുന്നു. പൊലീസ് ഞങ്ങള്‍ക്കുമുന്നില്‍ ഒരു മറ തീര്‍ക്കുകയാണെന്നാണ് തോന്നുന്നത്; സത്യം കണ്ടെത്താന്‍ ഞങ്ങളെ സഹായിക്കുന്ന കാര്യത്തില്‍ അവര്‍ വിമുഖരാണ്”.
അവതാരക: “ഒരു സംഭവവികാസമുണ്ടായി ഇതിനിടയില്‍, അപ്രതീക്ഷിതമായി”.
ഇമ്രാന്‍ ദാവൂദ് : “വിവാദകഥാപാത്രമായ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി ലണ്ടനില്‍ ഞങ്ങള്‍ക്കു മുന്നിലെത്തി. വര്‍ഗീയലഹളയില്‍ 2000 ത്തോളം ആളുകളെങ്കിലും കൊല്ലപ്പെട്ടു. കുടുംബത്തെയും ഇരകളെയും സംബന്ധിച്ചിടത്തോളം അദ്ദേഹത്തെ ഇവിടെ ബ്രിട്ടനില്‍ അറസ്റ്റുചെയ്യിക്കാനുള്ള നല്ലൊരവസരമാണിത് എന്നാണ് ഞാന്‍ ചിന്തിച്ചത്”.
ഇമ്രാന്‍ഖാന്‍, ദാവൂദ് കുടുംബത്തിന്‍റെ അഭിഭാഷകന്‍: “കുടുംബം കോടതിയില്‍ പോവുകയും നരേന്ദ്രമോദിയെ പ്രോസിക്യൂട്ട് ചെയ്യുകയും ചെയ്യുകയെന്നതായിരുന്നു ആശയം. നൂറുകണക്കിനു പേജുകള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ ഞങ്ങളുടെ കൈവശമുണ്ടായിരുന്നു. ഗുജറാത്തില്‍ നടന്നത് കൂട്ടക്കശാപ്പാണ്, വംശഹത്യയാണ് എന്ന് വ്യക്തമാക്കുന്നവയായിരുന്നു ആ റിപ്പോര്‍ട്ടുകളെല്ലാം; ഏറ്റവും പ്രധാനമായത് സംസ്ഥാന സര്‍ക്കാരിന്‍റെ പങ്ക് അതിലുണ്ടായിരുന്നുവെന്നതാണ്; സംഭവ പരമ്പരകളുടെ മൊത്തം കടിഞ്ഞാണും മുഖ്യമന്ത്രിയുടെ കൈവശമായിരുന്നുവെന്നതാണ്. കുറ്റകൃത്യം നടന്നത് ഇന്ത്യയിലാണെങ്കിലും, ഇവിടെ ഈ രാജ്യത്ത്, ബ്രിട്ടനില്‍വച്ച് അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയും”.
അവതാരക: “ഒരു ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി പറഞ്ഞത് ഞങ്ങളുടെ പദ്ധതിയെക്കുറിച്ചുള്ള വാര്‍ത്ത ചോരുകയും അതറിഞ്ഞ് പരിഭ്രാന്തിയിലായ നരേന്ദ്രമോദി അടുത്ത വിമാനത്തില്‍തന്നെ ബ്രിട്ടന്‍ വിടാന്‍ വാശിപിടിക്കുകയും ചെയ്തുവെന്നാണ്”.
ഇമ്രാന്‍ഖാന്‍: “ഞാന്‍ കോടതിയില്‍ വാദിച്ചത് നരേന്ദ്രമോദിയെ അറസ്റ്റ് ചെയ്യണമെന്നാണ്. ജഡ്ജി പറഞ്ഞത്, മി.ഖാന്‍ താങ്കള്‍ എന്‍റെ മുന്നില്‍ അവതരിപ്പിച്ചിട്ടുള്ള കാര്യങ്ങളെല്ലാം എനിക്ക് കാണാനാവുന്നതാണ്. പക്ഷേ എനിക്ക് വേണ്ടത് സാക്ഷിമൊഴികളാണ്; മോദിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ വേണ്ട തെളിവുകളുമാണ്. ആരെങ്കിലും എവിടെയെങ്കിലും വച്ച് വംശഹത്യക്ക് നേതൃത്വം നല്‍കിയിരിക്കാം; ഇങ്ങനെ സംഭവിക്കുന്നത് അനുവദിക്കാതിരിക്കാന്‍ ഒരുത്തരവ് ഉണ്ട് എന്നാണ് ജഡ്ജി പറഞ്ഞത്. ഇതിനകംതന്നെ ഒട്ടേറെ തെളിവുകള്‍ വെളിച്ചത്തു വന്നിരുന്നെങ്കിലും കേസിന്‍റെ മെറിറ്റ്, ജഡ്ജിയെ അപ്പോള്‍ ബോധ്യപ്പെടുത്താന്‍വേണ്ട കാര്യങ്ങള്‍, ഇപ്പോള്‍ നമുക്കറിയാവുന്ന പല വിവരങ്ങളും അന്ന് ജഡ്ജിയുടെ മുന്നിലവതരിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കാന്‍ ജഡ്ജി തയ്യാറാകാത്തത് ഞങ്ങളെ നിരാശപ്പെടുത്തി. എന്നാല്‍ കൃത്യമായ ഉത്തരം ലഭിക്കുന്നതിനും നീതി ലഭിക്കുന്നതിനും അധികൃതരെ മറുപടി പറയാന്‍ ബാധ്യസ്ഥരാക്കുന്നതിനും വലിയൊരു കാംപെയ്ന്‍ ആവശ്യമാണെന്ന് ഈ സംഭവം ഞങ്ങളെ ബോധ്യപ്പെടുത്തി”.
അവതാരക: “ഗുജറാത്ത് വംശഹത്യയുടെ പേരില്‍ നരേന്ദ്രമോദിക്കെതിരെ പല പാശ്ചാത്യഗവണ്‍മെന്‍റുകളും നടപടിയെടുക്കാന്‍ തുടങ്ങിയിരുന്നു. ബ്രിട്ടന്‍ നരേന്ദ്രമോദിക്കെതിരെ നയതന്ത്ര ബഹിഷ്കരണം പ്രഖ്യാപിച്ചു; ഫലത്തില്‍ഗ ഇത് യാത്രാവിലക്ക് തന്നെയായിരുന്നു. മോദിക്കെതിരെ കൃത്യമായി ഒരു യാത്രാവിലക്കും പ്രഖ്യാപിക്കുകയുണ്ടായി”.
ഒരു മുന്‍ നയതന്ത്ര പ്രതിനിധി: “കൂടുതല്‍ ശക്തമായ നടപടികളെടുക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു; എന്നാല്‍ നമുക്ക് കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്യാന്‍ കഴിയുമോയെന്ന് ഞാന്‍ ആശങ്കപ്പെട്ടിരുന്നു”.
അവതാരക: “2005ല്‍ അമേരിക്കന്‍ ഗവണ്‍മെന്‍റ് മോദിക്ക് നല്‍കിയ വിസ ഔദ്യോഗികമായി റദ്ദ് ചെയ്തു; മതസ്വാതന്ത്ര്യം തടയുന്നതിന് ഉത്തരവാദികളായ അധികൃതര്‍ക്കെതിരെ നടപടിയെടുക്കാനുള്ള നിയമപ്രകാരമായിരുന്നു വിസ റദ്ദ് ചെയ്തത്. മോദിയെ അമേരിക്കയില്‍ കടക്കുന്നതില്‍ നിന്ന് വിലക്കി; ബ്രിട്ടനില്‍ പ്രവേശനം നിഷേധിച്ചു; അന്താരാഷ്ട്രവേദികളില്‍ മോദി സമൂഹഭ്രഷ്ടനാക്കപ്പെട്ടു”.
ഗുജറാത്ത് 2007 എന്ന അക്ഷരങ്ങള്‍ സ്ക്രീനില്‍ തെളിയുന്നു,
മോദിക്ക് വരവേല്‍പ്പ് നല്‍കുന്ന ഗുജറാത്തുകാരുടെ ദൃശ്യങ്ങള്‍ സ്ക്രീനില്‍.
അവതാരക: “2007ല്‍ ഒരു റിപ്പോര്‍ട്ടര്‍ (തെഹല്‍ക) ഹിന്ദു തീവ്രവാദിയായി വേഷം മാറി ഗുജറാത്തിലേക്ക് പോയി, കലാപകാലത്ത് അവിടെ എന്തെല്ലാം നടന്നുവെന്നറിയാനായിരുന്നു അത്. അദ്ദേഹം കൊലയാളികളില്‍ ഒരാളെ ഒളിക്യാമറയില്‍ ചിത്രീകരിച്ചു. അയാള്‍ കലാപത്തില്‍ വഹിച്ച പങ്കിനെക്കുറിച്ച് തുറന്നുപറഞ്ഞു. ബാബു ബജ്റംഗി എന്നായിരുന്നു അയാളുടെ പേര്. ഇയാള്‍ ഒരാള്‍ക്കൂട്ടത്തെ നയിച്ച് അക്രമങ്ങള്‍ നടത്തിയിരുന്നു. നൂറോളം പേരെ ഈ സംഘം കൊലപ്പെടുത്തി”.
റിപ്പോര്‍ട്ടര്‍ : ഒളിക്യാമറയില്‍ പകര്‍ത്തിയ ബജ്റംഗിയുമായുള്ള സംഭാഷണം സ്ക്രീനില്‍. ബജ്റംഗിയുടെ വാക്കുകള്‍:
“ഒരു ഗര്‍ഭിണിയെ വയറുകീറി ഭ്രൂണം പുറത്തെടുത്തു. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അവരെ ഒന്ന് ബോധ്യപ്പെടുത്തണമായിരുന്നു.ഞങ്ങളെ കൊന്നാല്‍ നിങ്ങള്‍ക്ക് ഇതായിരിക്കും അനുഭവം. ഇതെല്ലാം ഇന്നും ഞാന്‍ പറയും. ഇവിടെ തടിച്ചുകൊഴുക്കാന്‍ ഞാനവരെ അനുവദിക്കില്ല. കുട്ടികളെയും സ്ത്രീകളെയും പുരുഷന്മാരെയുമെല്ലാം ഞങ്ങള്‍ കൊന്നു. അതെ, എല്ലാത്തിനെയും! കൊല്ലുക, തലയറുക്കുക, ചുട്ടെരിക്കുക!”.
“മുസ്ലീങ്ങളെ കൊന്നപ്പോള്‍ എന്താണ് നിങ്ങള്‍ക്ക് തോന്നിയത്?”
ബജ്റംഗി: “ഞാന്‍ ശരിക്കും അതാസ്വദിച്ചു. ഞങ്ങള്‍ അവരെ കൊന്നു, ശാന്തമായി വീട്ടിലെത്തി. സ്വസ്ഥതയോടെ നന്നായി ഉറങ്ങി”
അവതാരക: “ബാബു ബജ്റംഗി റിപ്പോര്‍ട്ടറുമായുള്ള സംസാരത്തിനിടെ, അസാധാരണമായ ഒരു വെളിപ്പെടുത്തല്‍ നടത്തി. അതായത് കൂട്ടക്കൊലകള്‍ നടന്ന് മാസങ്ങള്‍ക്കുശേഷം അയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ജഡ്ജിയെ സ്ഥലംമാറ്റിക്കൊണ്ട് തനിക്ക് ജയില്‍മോചനം ലഭിക്കാന്‍ മോദി സഹായിച്ചുവെന്നാണ് ബാബു ബജ്റംഗി റിപ്പോര്‍ട്ടറോട് പറഞ്ഞത്.
സ്ക്രീനില്‍ തലപ്പാവണിഞ്ഞ് ഇരുമുഷ്ടികളും ചുരുട്ടി മൈക്കിനുമുന്നില്‍നിന്ന് അനുയായികളോട് പ്രസംഗിക്കുന്ന മോദിയുടെ ദൃശ്യം.
ബജ്റംഗിയുടെ വെളിപ്പെടുത്തല്‍:
“നരേന്ദ്രഭായി എനിക്കൊരു സന്ദേശമയച്ചു; അതിന്‍റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു:
“കാത്തിരിക്കുക, ഞാന്‍ എന്തെങ്കിലും ചെയ്യാം, സമയം ഇപ്പോള്‍ തന്നെ വൈകി”.
“സ്ഥലം മാറിവന്ന ജഡ്ജിക്ക് മോദി ഒരു സന്ദേശമയച്ചതോടെ കേസ് ഫയല്‍ തുറന്നു നോക്കുകപോലും ചെയ്യാതെ ഞങ്ങളെയെല്ലാം വിട്ടയച്ചു”.
വീണ്ടും അവതാരക: “പിന്നീട് 2012ല്‍ ഇതിനെക്കുറിച്ച് തര്‍ക്കമുയര്‍ന്നപ്പോള്‍ ബജ്റംഗി ഇതെല്ലാം മാറ്റിപ്പറഞ്ഞു, പ്രത്യേകിച്ചും മോദി ജാമ്യം നല്‍കാന്‍ കേസില്‍ ഇടപെട്ട കാര്യം, റിപ്പോര്‍ട്ടറോട് താന്‍ പറഞ്ഞത് സാങ്കല്‍പികമായ ഒരു കഥയാണെന്ന് ബജ്റംഗി തിരുത്തി. റിപ്പോര്‍ട്ടര്‍ റിക്കാര്‍ഡ് ചെയ്ത കാര്യങ്ങളൊന്നും ശരിയല്ലെന്നും താഴെ തലത്തിലുള്ള തന്നത്താന്‍ പൊക്കിപ്പറയുന്ന പ്രവര്‍ത്തകരുടെ വാക്കുകളാണ് അതിലുള്ളതെന്നും അവയെല്ലാം അതിശയോക്തിയാണെന്നുമാണ് മോദി പിന്നീട് പ്രതികരിച്ചത്. 2012ല്‍ ബജ്റംഗിയെ വീണ്ടും കൊലപാതകക്കേസില്‍ ജയിലിലടച്ചു”.
പ്രാദേശിക ബിജെപി നേതാവായ ഹരേഷ് ഭട്ടുമായി നടത്തിയ അഭിമുഖം സ്ക്രീനില്‍.
ജേണലിസ്റ്റ് : പറയൂ, ഗോധ്ര സംഭവമുണ്ടായ ദിവസം മോദിയുടെ പ്രതികരണമെന്തായിരുന്നു?
ഹരേഷ് ഭട്ട്: “അത് അനുകൂലമായിരുന്നു. പക്ഷേ ഞാന്‍ അതിനെക്കുറിച്ച് ഒന്നും പറയില്ല. അദ്ദേഹം ചെയ്തതൊന്നും ഇതിനുമുന്‍പൊരു മുഖ്യമന്ത്രിയും ചെയ്തിട്ടില്ല എന്നും ഞാന്‍ കരുതുന്നു”.
ജേണലിസ്റ്റ്: “ഒരിടത്തും ഞാന്‍ ഇതിനെക്കുറിച്ച് താങ്കളെ ഉദ്ധരിച്ച് ഒരു കാര്യവും പറയില്ല”.
ഹരേഷ് ഭട്ട്: “അദ്ദേഹം ഞങ്ങള്‍ക്ക് മൂന്നു ദിവസം തന്നു. ‘നിങ്ങള്‍ക്കിഷ്ടമുള്ളതെല്ലാം അതിനകത്ത് ചെയ്യുക. മൂന്ന് ദിവസത്തിനുശേഷം, ഞാനെല്ലാം അവസാനിപ്പിക്കും’. അദ്ദേഹമിത് പരസ്യമായിത്തന്നെയാണ് പറഞ്ഞത്. മൂന്ന് ദിവസത്തിനുശേഷം എല്ലാം നിര്‍ത്താന്‍ അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ എല്ലാം അവസാനിപ്പിക്കുകയും ചെയ്തു”.
അവതാരക: “ഹരേഷ് ഭട്ട് പിന്നീട് ഈ പറഞ്ഞതെല്ലാം നിഷേധിച്ചു. താനൊരു കഥ ചമച്ചതായിരുന്നു എന്ന് ഭട്ട് പറഞ്ഞു”.
ഇപ്പോള്‍ സ്ക്രീനില്‍ സൊപന്‍ ദാസ്ഗുപ്തയാണ്. അയാള്‍ പറയുന്നു: “താഴെ തലങ്ങളിലുള്ള ഈ പ്രവര്‍ത്തകര്‍ തങ്ങളുടെ മേന്മയും പ്രാധാന്യവും ഉയര്‍ത്തിപ്പിടിക്കാന്‍വേണ്ടി അതിശയോക്തി നിറഞ്ഞ ചില കഥകള്‍ പറഞ്ഞതാണിതെല്ലാം”.
അവതാരക: “എന്നാല്‍ കലാപത്തെക്കുറിച്ച് പുതിയൊരു അന്വേഷണം നടത്താനുള്ള സമ്മര്‍ദ്ദം ശക്തിപ്പെടുകയായിരുന്നു”.
ഗുജറാത്തിന്‍റെ ആകാശത്തിലൂടെ ഒരു ഹെലികോപ്റ്റര്‍ വട്ടമിട്ട് പറക്കുന്ന ദൃശ്യം. അക്ഷരങ്ങള്‍ തെളിയുന്നു.
ഗുജറാത്ത്, 2011
‘വൈബ്രന്‍റ് ഗുജറാത്ത്’ എന്ന ഗുജറാത്ത് ഗവണ്‍മെന്‍റിന്‍റെ പരിപാടിക്ക് പതാകയുയര്‍ത്തുന്ന മോദിയുടെ ദൃശ്യം.
അവതാരക : 2011 ആരംഭത്തോടെ, കഴിഞ്ഞ 10 വര്‍ഷത്തോളം നീണ്ടുനിന്ന വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ലാതിരിക്കെത്തന്നെ ചിലരെല്ലാം മോദിയെ കൂടുതല്‍ ഉയര്‍ന്ന തലത്തിലേക്കുയര്‍ത്താന്‍, ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാക്കുന്ന കാര്യം ചിന്തിക്കാന്‍ തുടങ്ങി”.
ക്രിസ്റ്റഫെ ജാഫ്രലോ: “വളരെ നേരത്തേതന്നെ നരേന്ദ്ര മോദി താനൊരു ദേശീയ നേതാവാണെന്ന നിലയില്‍ ചിന്തിക്കുകയും ദേശീയ രാഷ്ട്രീയത്തില്‍ ഇടപെടാനാരംഭിക്കുകയും ചെയ്തു”.
പത്രക്കാരോട് പ്രതികരിക്കുന്ന നരേന്ദ്രമോദിയുടെ ദൃശ്യം സ്ക്രീനില്‍.
മോദി : “ഞാന്‍ ഭാരതപുത്രനാണ്. ഭാരതത്തിന്‍റെ അഭിമാനവുമായും പ്രശസ്തിയുമായും ഞാന്‍ ബന്ധപ്പെട്ടിരിക്കുന്നു”.
സ്ക്രീനില്‍ ഹര്‍ദോഷ് സിങ് ബാല്‍. അദ്ദേഹം സംസാരിക്കുന്നു: “ദേശീയ രംഗത്തേക്ക് കടന്നുവരാന്‍ കഴിയുന്ന ഒരു പ്രവര്‍ത്തന പന്ഥാവില്‍ മോദി എത്തിയിരിക്കുന്നു എന്ന് അതിനകം തന്നെ വ്യക്തമായി”.
കലാപത്തിന്‍റെ ദൃശ്യം; ഭ്രാന്തമായ അക്രമമഴിച്ചുവിടുന്ന കലാപകാരികള്‍.
അവതാരക: “എന്നാല്‍ മോദിക്ക് തടസ്സമായി ഒരു പ്രശ്നം ഉയര്‍ന്നുവന്നു. ഇന്ത്യയുടെ സുപ്രീംകോടതി ഗുജറാത്ത് കലാപത്തെക്കുറിച്ച് സമഗ്രവും വ്യാപകവുമായൊരു അന്വേഷണത്തിന് ഉത്തരവിട്ടു. അതിനായി ഒരു പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചു. മുന്‍ എംപി ഇഹ്സാന്‍ ജാഫ്രിയുടെ കുടുംബത്തെ കൂട്ടക്കൊല ചെയ്തത് സംബന്ധിച്ച് ഉയര്‍ന്നുവന്ന ആരോപണം മോദിക്കെതിരായി ഉന്നയിക്കപ്പെട്ടിരുന്നു. മോദി നടത്തിയ ഈ ഗൂഢാലോചനയാണ് സംസ്ഥാനത്തെ അരാജകത്വത്തിലേക്കും അക്രമത്തിലേക്കും തള്ളിവിട്ടത് എന്ന ആരോപണത്തെക്കുറിച്ചും അന്വേഷിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ഭൂതകാലത്തിന്‍റെ പ്രേതങ്ങള്‍ മോദിയെ വിടാതെ പിന്തുടരുന്നു. ഗുജറാത്തിലെ കലാപവുമായി ബന്ധപ്പെട്ടുനടന്ന കൂട്ടക്കൊലപാതകങ്ങളില്‍ അദ്ദേഹത്തിന്‍റെ ഗവണ്‍മെന്‍റ് വഹിച്ച പങ്കിനെക്കുറിച്ച് മോദിയെ 9 മണിക്കൂറോളം എസ്ഐടി 2010ല്‍ ചോദ്യം ചെയ്തു. മോദിയുടെ പ്രതിച്ഛായയില്‍ പതിച്ച കറുത്ത പാടായി അത് അവശേഷിക്കുന്നു”.
ഹര്‍ദോഷ് സിങ് ബാല്‍ : “പ്രത്യേക അന്വേഷക സംഘത്തിന് നല്‍കപ്പെട്ട നിര്‍ദ്ദേശം ക്രിമിനല്‍ ഗൂഢാലോചന നടന്നോ ഇല്ലയോ എന്ന് പരിശോധിക്കുന്നതുള്‍പ്പെടെയുള്ള സമഗ്രമായ അന്വേഷണം നടത്താനാണ്. ഈ ഗൂഢാലോചന തെളിയിക്കാന്‍ ശക്തമായ തെളിവുകളുടെ ആവശ്യമുണ്ട്”.
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി, അധികാരത്തിലുള്ളൊരു മുഖ്യമന്ത്രി തന്‍റെ ഗവണ്‍മെന്‍റ് ഗോധ്ര സംഭവത്തിനുശേഷം ഗുജറാത്തില്‍ നടന്ന സംഭവങ്ങളില്‍ നടത്തിയ ക്രിമിനല്‍ ഗൂഢാലോചന സംബന്ധിച്ച് ചോദ്യം ചെയ്യാനിരുന്നുകൊടുക്കേണ്ടിവന്നത് മോദിക്കാണ് എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ടു ചെയ്യുന്ന പഴയ ദൃശ്യം സ്ക്രീനില്‍.
നിലഞ്ജന്‍ മുഖോപാധ്യായ സംസാരിക്കുന്നു: “തീര്‍ച്ചയായും ഈ അന്വേഷണം മോദിയെ ആശങ്കപ്പെടുത്തി. പ്രത്യേകിച്ചും, അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ഭാവിക്ക് വലിയ വെല്ലുവിളിയായി മാറാനിടയുള്ള ആരോപണങ്ങളെ സംബന്ധിച്ച അന്വേഷണം”.
സ്ക്രീനില്‍ മുന്‍ ഗുജറാത്ത് പൊലീസ് ഇന്‍റലിജന്‍സ് മേധാവിയായ ആര്‍ ബി ശ്രീകുമാറിന്‍റെ ചിത്രം. അവതാരകയുടെ വാക്കുകളാണ് കേള്‍ക്കുന്നത്,
അവര്‍ പറയുന്നു: “ഒരു പ്രധാന സാക്ഷിയായ ആര്‍ ബി ശ്രീകുമാര്‍ എസ്ഐടിക്കുമുന്നില്‍ മൊഴി കൊടുക്കുന്നു എന്നതുതന്നെ മോദിയുടെ രാഷ്ട്രീയ ഭാവിയെ സംബന്ധിച്ച് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഗോധ്ര സംഭവത്തിന്‍റെ അന്നു രാത്രി തങ്ങളുടെ രോഷം തീര്‍ക്കാന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്ന് പൊലീസുദ്യോഗസ്ഥര്‍ക്ക് മോദി നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് ഗുജറാത്ത് പൊലീസ് മേധാവി തന്നോട് പറഞ്ഞതായാണ് ആര്‍ ബി ശ്രീകുമാര്‍ അവകാശപ്പെട്ടത്. എന്നാല്‍ പൊലീസ് മേധാവി അത് നിഷേധിച്ചു”.
ഹര്‍ദോഷ് സിങ് ബാല്‍: “ശ്രീകുമാറിന്‍റെ സാക്ഷിമൊഴി ഒഴിവാക്കിയാല്‍ മോദിക്കെതിരായ കേസ് ദുര്‍ബലമാകുമായിരുന്നു. ആ അര്‍ത്ഥത്തില്‍ ശ്രീകുമാര്‍ ഈ കേസിലെ കേന്ദ്ര കഥാപാത്രമാകുന്നു”.
സ്ക്രീനില്‍ സഞ്ജീവ് ഭട്ടിന്‍റെ ദൃശ്യം. ഗുജറാത്ത് പൊലീസിലെ സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു സഞ്ജീവ് ഭട്ട്.
അവതാരക: “മോദിക്കെതിരെ മൊഴി കൊടുത്ത മറ്റൊരു സീനിയര്‍ പൊലീസ് ഓഫീസറാണ് സഞ്ജീവ് ഭട്ട്”.
എന്‍ഡിടിവിയിലെ വാര്‍ത്തയില്‍ റിപ്പോര്‍ട്ടര്‍: “അദ്ദേഹം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്, ഗോധ്ര സംഭവം നടന്ന രാത്രിയില്‍ മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട യോഗത്തില്‍ താനും സന്നിഹിതനായിരുന്നു എന്നാണ്”.
പത്രങ്ങളോട് സംസാരിക്കുന്ന സഞ്ജീവ് ഭട്ടിന്‍റെ ദൃശ്യം സ്ക്രീനില്‍. അദ്ദേഹം പറയുന്നു:
“ഞാന്‍ പറഞ്ഞതെല്ലാം സത്യമാണ്. എനിക്കറിയാവുന്ന സത്യമെല്ലാം രാജ്യത്തെ ഉന്നതനീതിപീഠത്തിനുമുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്”.
സഞ്ജീവ് ഭട്ടിന്‍റെ മകള്‍ ഡോ. ആകാശി ഭട്ട് സ്ക്രീനില്‍.
അവര്‍ പറയുന്നു:
“എസ്ഐടിക്കുമുന്നില്‍ വെളിപ്പെടുത്തുന്നതിനുമുമ്പ് എന്‍റെ പിതാവ് പ്രസ്താവിച്ചത്, കണ്‍ട്രോള്‍ റൂമില്‍നിന്ന് തന്നെ ബന്ധപ്പെട്ടിരുന്നു എന്നും മുഖ്യമന്ത്രിയുടെ വസതിയില്‍വെച്ച് ഒരു അനൗദ്യോഗിക യോഗം ചേരുകയാണെന്നും അതില്‍ അദ്ദേഹത്തിന്‍റെ സാന്നിധ്യമുണ്ടാവണമെന്നും അറിയിച്ചതായാണ്. ഹിന്ദുക്കള്‍ക്കിടയില്‍ വലിയ വൈകാരികത നിലനില്‍ക്കുകയാണെന്നും അവരുടെ രോഷം പ്രകടിപ്പിക്കാന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്നും പറഞ്ഞാണ് നരേന്ദ്ര മോദി യോഗം അവസാനിപ്പിച്ചത്”.
അവതാരക: “മോദിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ വേണ്ടത്ര തെളിവുകളുണ്ടെന്ന് സുപ്രീംകോടതിയില്‍ സ്വതന്ത്ര ഉപദേഷ്ടാവ് വാദിച്ചു”.
ഹര്‍ദോഷ് സിങ് ബാല്‍ : “പ്രമുഖനായ ഒരഭിഭാഷകനാണ് സുപ്രീംകോടതിയില്‍ ഇത് പറഞ്ഞത്. എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് അദ്ദേഹം തന്‍റേതായ നിഗമനങ്ങളിലെത്തിച്ചേര്‍ന്നിരുന്നു. ആ നിഗമനങ്ങള്‍ പരിഗണിക്കപ്പെടേണ്ടതാണെന്ന് ഞാന്‍ കരുതുന്നു”.
സ്ക്രീനില്‍ എന്‍ഡിടിവി വാര്‍ത്ത : മോദിക്ക് ആശ്വാസം നല്‍കുന്ന നിലപാടില്‍ സുപ്രീംകോടതി. സുപ്രീംകോടതി കലാപത്തെക്കുറിച്ചന്വേഷിക്കാന്‍ ഒരു പാനലിനെ നിയോഗിച്ചു. കലാപകാരികള്‍ക്ക് യഥേഷ്ടം വിഹരിക്കാന്‍ അവസരമൊരുക്കണമെന്ന് മുഖ്യമന്ത്രി മോദി നിര്‍ദ്ദേശം നല്‍കിയെന്ന ആരോപണം തെളിയിക്കാന്‍ പരാതിക്കാരിയായ സാക്കിയ ജാഫ്രിക്ക് കഴിഞ്ഞില്ലായെന്നും സുപ്രീംകോടതി.
അവതാരക: “മൂന്നുവര്‍ഷത്തിനുശേഷം എസ്ഐടി മോദിക്കെതിരായ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. ആര്‍ ബി ശ്രീകുമാറിന്‍റെ മൊഴി കേട്ടുകേള്‍വിയെ അടിസ്ഥാനപ്പെടുത്തിയാണെന്നും സഞ്ജീവ് ഭട്ടിന്‍റെ വിവരണം വിശ്വസനീയമല്ലെന്നും എസ്ഐടി സുപ്രീംകോടതിയെ അറിയിച്ചു. മോദി അങ്ങനെ നിര്‍ദ്ദേശം കൊടുത്തതായി തെളിയിക്കാനും കഴിഞ്ഞിട്ടില്ല”.
ഹര്‍ദോഷ് സിങ് ബാല്‍: “മോദിക്കെതിരെ തെളിവില്ലെന്നു മാത്രമേ എസ്ഐടി പറഞ്ഞിട്ടുള്ളൂ, അതിനാല്‍ ഇനിയെന്ത് എന്ന പ്രശ്നം മോദിയുടെ മുന്നിലുണ്ട് എന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്”.
അവതാരക: അതുകൊണ്ട് ഇതു സംബന്ധിച്ച ചര്‍ച്ച ഈ വിധിയോടെ അവസാനിക്കുന്നില്ല.
ക്രിസ്റ്റഫെ ജാഫ്രലോ (സ്ക്രീനില്‍): “ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് പല പല കാരണങ്ങളാല്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അവര്‍ പ്രധാനമായും ആശ്രയിച്ചത് ഗുജറാത്ത് പൊലീസിനെ തന്നെയാണ്”.
ഹര്‍ദോഷ് സിങ് ബാല്‍ : “ഗുജറാത്ത് പൊലീസ് സേനയുടെ നിലപാടില്‍നിന്നാണ് ഈ അന്വേഷണത്തിന്‍റെ ഭൂരിഭാഗവും നടത്തിയത്”.
ക്രിസ്റ്റഫെ ജാഫ്രലോ: “എസ്ഐടി റിപ്പോര്‍ട്ട് യഥാര്‍ത്ഥത്തില്‍ വളരെയധികം ഉപരിപ്ലവമാണ്. ഈ വംശഹത്യ നടന്നതെങ്ങനെയെന്ന് അത് വിശദീകരിക്കുന്നതേയില്ല.നിശ്ചയമായും ഈ നിര്‍ദ്ദേശം പൊലീസിന് നല്‍കിയ ഉന്നത നേതാക്കളുടെ പങ്ക് എസ്ഐടി ചുരുക്കിക്കാണുകയാണ്”.
ഹര്‍ദോഷ് സിങ് ബാല്‍: “നിയമത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നതായി സ്ഥാപിക്കാന്‍ അത്ര എളുപ്പമല്ല. അതുകൊണ്ടായിരിക്കണം ക്രിമിനല്‍ ഗൂഢാലോചനകളൊന്നും നടന്നില്ല എന്ന നിഗമനത്തില്‍ എസ്ഐടി എത്തിയത്. 2002 ലെ കലാപത്തെക്കുറിച്ചുള്ള ഇപ്പോഴും നിലനില്‍ക്കുന്ന പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി കണ്ടെത്തുവാന്‍ എസ്ഐടി ശ്രമിച്ചിട്ടില്ല എന്നത് പോരായ്മ തന്നെയാണ്”.
സ്ക്രീനില്‍ സൊപന്‍ ദാസ് ഗുപ്ത: “ശരിയാണ്, ചില ആളുകള്‍ ഒരു പ്രത്യേക യോഗം ചേര്‍ന്നതായി പറയുമ്പോള്‍ മറ്റു ചിലര്‍ പറയുന്നത് നരേന്ദ്ര മോദിയെ രാഷ്ട്രീയമായി നശിപ്പിക്കുകയെന്നതാണ് അത്തരക്കാരുടെ അജന്‍ഡ എന്നാണ്. അവരുടെ അജന്‍ഡ വ്യക്തമായും രാഷ്ട്രീയം തന്നെയാണ്. മുസ്ലീം ഇരകളോട് അവര്‍ക്കെന്തെങ്കിലും പ്രതിബദ്ധതയുള്ളതായി ഞാന്‍ കരുതുന്നില്ല. ഇക്കൂട്ടത്തില്‍ ചില മാധ്യമ പ്രവര്‍ത്തകരുണ്ട്, ചില എന്‍ജിഒകളുമുണ്ട്. എസ്ഐടിയുടെ കണ്ടെത്തലുകള്‍ ആത്യന്തികമായി മോദിയെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ് എന്നാണ് ഞാന്‍ കരുതുന്നത്”.
ഡോ. സ്വദേശ് ഗുപ്ത: “എസ്ഐടി നരേന്ദ്രമോദിക്ക് നല്‍കിയത് ക്ലീന്‍ ചിറ്റ് തന്നെയാണ്. നമ്മുടെ സ്ഥാപനങ്ങളിലും നമ്മുടെ സംവിധാനങ്ങളിലും നമുക്ക് വിശ്വാസമുണ്ടായേ പറ്റൂ. എവിടെയെങ്കിലുമൊരിടത്ത് നമ്മള്‍ ഫുള്‍സ്റ്റോപ്പിടണം. എന്നിട്ട് മുന്നോട്ടുപോകണം”.
റിപ്പോര്‍ട്ടര്‍: “പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോദിക്ക് വഴിയൊരുക്കുന്നതായിരുന്നു ഈ വിധി; യാത്രാവിലക്കുകള്‍ നീക്കം ചെയ്യപ്പെട്ടു; പാശ്ചാത്യ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധങ്ങള്‍ പുനഃസ്ഥാപിക്കപ്പെട്ടു”.
(സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വിജയാഹ്ലാദപ്രകടനം സ്ക്രീനില്‍)
നിലഞ്ജന്‍ മുഖോപാധ്യായ: “മോദി അടുത്ത പ്രധാനമന്ത്രിയാകാന്‍ പോകുകയാണെന്നുള്ള കാര്യത്തില്‍ എനിക്കൊരു സംശയവുമില്ല”.
റിപ്പോര്‍ട്ടര്‍ : തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയംനേടി പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കാന്‍ മോദിയുടെ ഡല്‍ഹിയിലേക്കുള്ള യാത്ര. ഇന്ത്യക്കിനി നല്ല ദിവസങ്ങളാണെന്നുള്ള അദ്ദേഹത്തിന്‍റെ വാഗ്ദാനം (ദൃശ്യം സ്ക്രീനില്‍)
എബിപി ന്യൂസ് വാര്‍ത്ത സ്ക്രീനില്‍. മുന്‍ ഗുജറാത്ത് പൊലീസുദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് ജാംനഗര്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
അവതാരക: “സഞ്ജീവ് ഭട്ടിനെ മുപ്പതുവര്‍ഷത്തേക്ക് തുറുങ്കിലടച്ചു. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ അദ്ദേഹം നിരപരാധിയാണെന്ന് ആവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്‍റെ വിചാരണ നീതിപൂര്‍വകമായിരുന്നില്ലായെന്ന് പലരും അഭിപ്രായപ്പെടുന്നു”.
അദ്ദേഹത്തിന്‍റെ മകള്‍ ആകാശി ഭട്ട് പിതാവിന്‍റെ ചിത്രം നോക്കി കണ്ണീരോടെ നില്‍ക്കുന്ന ദൃശ്യം സ്ക്രീനില്‍.
ആകാശി ഭട്ട് പറയുന്നു: “എന്‍റെ പിതാവിന്‍റെ ശബ്ദം കേള്‍ക്കാതിരിക്കാന്‍ ഗവണ്‍മെന്‍റ് ഏതറ്റം വരെയും പോകും. 2002ലെ വംശഹത്യയില്‍ നരേന്ദ്ര മോദിയുടെ പങ്ക് കൃത്യമായി പറയാന്‍ കഴിയുന്ന ഒരേയൊരു സാക്ഷി അദ്ദേഹമാണ്”.
അവതാരക: അതേസമയം ദാവൂദ് കുടുംബത്തെ കൂട്ടക്കൊല ചെയ്തവരില്‍ ആരും ശിക്ഷിക്കപ്പെട്ടില്ല”.
സ്ക്രീനില്‍ ഇമ്രാന്‍ ദാവൂദ്. അദ്ദേഹം വേദനയോടെ സംസാരിക്കുന്നു:
“ഇപ്പോഴും രോഷത്തിലാണ്, നിരാശയിലുമാണ്. ഈ രാജ്യത്ത് നീതി നടക്കില്ല എന്നും തോന്നുന്നു”.
ഇഹ്സാന്‍ ജാഫ്രിയുടെയും ആര്‍ ബി ശ്രീകുമാറിന്‍റെയും സഞ്ജീവ് ഭട്ടിന്‍റെയും ചിത്രം സ്ക്രീനില്‍.
അവതാരക: “ഇഹ്സാന്‍ ജാഫ്രിയുടെ വിധവ എസ്ഐടിയുടെ കണ്ടെത്തലുകളെ കോടതിയില്‍ ചോദ്യം ചെയ്തു. 2022 ജൂണില്‍ ഇന്ത്യയുടെ സുപ്രീംകോടതി ഗൂഢാലോചനയൊന്നും നടന്നിട്ടില്ലായെന്ന എസ്ഐടി കണ്ടെത്തല്‍ ശരിയാണെന്ന് വിധിച്ചു. സഞ്ജീവ് ഭട്ടിന്‍റെയും ആര്‍ ബി ശ്രീകുമാറിന്‍റെയും സാക്ഷിമൊഴികള്‍ അബദ്ധങ്ങള്‍ നിറഞ്ഞതാണെന്ന് കോടതി വിധിച്ചു. നിയമപ്രക്രിയയെ ദുരുപയോഗം ചെയ്യുന്നവരെയെല്ലാം നിയമനടപടിക്ക് വിധേയമാക്കണമെന്നും കോടതി വിധിച്ചു. ഈ വിധി പുറത്തുവന്ന ഉടന്‍തന്നെ മോദിയുടെ അടുത്ത രാഷ്ട്രീയ സുഹൃത്ത് അമിത്ഷാ കേസിനെ സംബന്ധിച്ച് പത്രങ്ങളോട് സംസാരിച്ചു”.
അമിത് ഷായുമായി ഒരു മാധ്യമപ്രവര്‍ത്തക നടത്തുന്ന അഭിമുഖം.
അമിത്ഷായുടെ വാക്കുകള്‍: “കലാപം തടയുന്നതിന് സാധ്യമായതെല്ലാം ഗവണ്‍മെന്‍റ് ചെയ്തുവെന്ന് ഇന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നു. ഈ നീണ്ട പോരാട്ടം ക്ഷമയോടുകൂടിയാണ് മോദി നടത്തിയത്. എല്ലാ വേദനയും കടിച്ചമര്‍ത്തി അദ്ദേഹം പൊരുതി. ഇന്ന് ഉദിച്ചുയരുന്ന സൂര്യനെപ്പോലെ സത്യം തെളിഞ്ഞിരിക്കുന്നു. മോദി വിജയം വരിച്ച് മുന്നോട്ടുവന്നിരിക്കുന്നു”.
അവതാരക: “പൊലീസ് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായ ആര്‍ ബി ശ്രീകുമാറിനെ അറസ്റ്റുചെയ്തു. അദ്ദേഹമാണ് സാക്കിയ ജാഫ്രിയെ കേസ് നടത്താന്‍ സഹായിച്ചത്. സഞ്ജീവ് ഭട്ട് അതിനകംതന്നെ ജയിലിലാണ്. ഇവര്‍ മൂന്നുപേരും ആണ് കൃത്രിമ തെളിവുണ്ടാക്കി എന്ന കേസിലെ പ്രതികള്‍. ഗുജറാത്ത് കലാപം കഴിഞ്ഞ് 20 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഇപ്പോഴും അതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല”.
ബിബിസി റിപ്പോര്‍ട്ടര്‍ : “ഈ അറസ്റ്റ് ചെയ്യപ്പെട്ടവരൊന്നുമല്ല ഈ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വേണ്ട വിവരങ്ങള്‍ ഞങ്ങള്‍ക്കു നല്‍കിയത്. ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയത് 2002ലെ ഗുജറാത്ത് കലാപത്തില്‍ 2000 പേരെങ്കിലും കൊല്ലപ്പെട്ടു എന്നാണ്. വളരെ ആസൂത്രിതമായി സംഘടിപ്പിക്കപ്പെട്ടതാണ് ആ കലാപം എന്നതും വസ്തുതയാണ്. ഇപ്പോള്‍ മോദി അധികാരത്തിലാണ്. ചരിത്രം തിരുത്തിയെഴുതപ്പെടുകയാണ് എന്നാണെനിക്ക് തോന്നുന്നത്”.
സ്ക്രീനില്‍ സൊപന്‍ ദാസ് ഗുപ്ത: “സുപ്രീംകോടതി വിധിന്യായം നല്‍കിക്കഴിഞ്ഞു. അതോടെ പ്രശ്നം അവസാനിച്ചു. പ്രശ്നം അവസാനിപ്പിക്കേണ്ടതും ആവശ്യമാണ്”. $
(കടപ്പാട് – ബിബിസി)