വിപ്ലവപാതയിലെ ആദ്യപഥികർ‐ 34
സമര‐സംഘടനാരംഗങ്ങളിലെ ഏറ്റവും പ്രതിഭാശാലിയായ നേതാവായിരുന്നു സി.എച്ച്.കണാരൻ. മരിക്കുമ്പോൾ കേവലം 61 വയസ്സ്. അതിനകം ആ ആജാനബാഹുവായ മനുഷ്യൻ നീന്തിക്കടന്നത് സമരങ്ങളുടെ എത്രയെത്ര സമുദ്രങ്ങൾ. സംഘടനാരംഗത്തെ അതികായൻ എന്നത് വെറുമൊരു വിശേഷണമല്ല. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ സി.എച്ച് വഹിച്ച നിസ്തുലമായ പങ്ക് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. ആളുകളെ വശത്താക്കുന്ന സവിശേഷമായ ആകർഷകത്വം അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് രേഖപ്പെടുത്തിയവർ ഏറെ.
മാഹിക്കപ്പുറത്ത് അഴിയൂരിലെ ഒരു ചെറിയ കച്ചവടക്കാരനായ അനന്തന്റെയും തലശ്ശേരി പുന്നോലിലെ ചീക്കോളി കാരായി നാരായണിയുടെയും മകനായി 1911 ജൂലായ് 19‐നാണ് കണാരൻ ജനിച്ചത്. 1925ൽ തലശ്ശേരി ബി.ഇ.എം.പി. ഹൈസ്കൂളിൽ പഠിക്കാനെത്തിയതോടെയാണ് കണാരന്റെ ബോധമണ്ഡലത്തിൽ വലിയ മാറ്റം വരുന്നത്. കെ.കേളപ്പനും മൊയാരത്ത് ശങ്കരനും എ.കെ.ജി.യുമടക്കമുള്ളവർ പഠിച്ച സ്കൂൾ. യുക്തിബോധത്തിന്റെ പുതിയ ലോകത്താണ് കണാരൻ പ്രവേശിച്ചത്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ രോഷം ആ മനസ്സിൽ തിടംവെച്ചുവന്നു. സ്കൂളിലും പുറത്തും വാദപ്രതിവാദസദസ്സുകളിൽ ഹീറോയായി കണാരൻ മുന്നേറി. മെട്രിക്കുലേഷൻ പരീക്ഷയിൽ ഏറ്റവും പ്രശസ്തമായ നിലയിലാണ് സി.എച്ച്.കണാരൻ ജയിച്ചത്. കണക്കിൽ നൂറിൽ 99 മാർക്ക്. പിൽക്കാലത്ത് സമര‐സംഘടനാരംഗത്തെ അദ്ദേഹത്തിന്റെ കൃത്യത ഏറെ പ്രശംസിക്കപ്പെട്ടതാണ്.
സ്കൂൾ വിട്ടശേഷം യുക്തിവാദപ്രചാരണത്തിൽ മാത്രം ഒതുങ്ങിനിൽക്കാതെ ദേശീയസ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ മുഴുവൻസമയ പ്രവർത്തകനാവുകയായിരുന്നു. അന്ന് രൂക്ഷമായ ജാതീയ ഉച്ചനീചത്വം, മതവിദ്വേഷം എന്നിവയ്‌ക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കുക, ഉല്പതിഷ്ണുത്വത്തിന്റെ ആശയപ്രചാരണം നടത്തുകയും രാഷ്ട്രീയത്തെ അതുമായി കൂട്ടിയിണക്കുകയും ചെയ്യുകയെന്ന സവിശേഷ ശൈലിയാണ് സി.എച്ച്. സ്വീകരിച്ചത്. ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് വിദേശവസ്ത്രബഹിഷ്കരണസമരം തൊള്ളായിരത്തിമുപ്പതുകളുടെ തുടക്കത്തിൽ തലശ്ശേരിയിൽ സജീവമായിരുന്നു. പി.എ.ചെട്ട്യാർ ആൻഡ് സൺസ്, കെ.രാമൻ കമ്പനി എന്നിവരുടെ വസ്ത്രക്കടകൾക്കു മുമ്പിൽ നടന്ന സത്യാഗ്രഹത്തിൽ സി.എച്ച്. നേതൃത്വപരമായ പങ്കുവഹിച്ചു.
1932ൽ രണ്ടാം നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്തുകൊണ്ടാണ് സി.എച്ച്. ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടത്. 13 മാസക്കാലമാണ് അന്ന് ശിക്ഷിക്കപ്പെട്ടത്. കണ്ണൂർ സെൻട്രൽ ജയിലിൽ കെ.പി.ഗോപാലനും കേരളീയനും ഭാരതീയനുമടക്കമുള്ള നേതാക്കളോടൊപ്പമാണ് സി.എച്ചും തടവിൽ കഴിഞ്ഞത്. ബംഗാളിലെ അനുശീലൻസമിതിയടക്കമുള്ള തീവ്രവാദി ഗ്രൂപ്പുകളുടെ പ്രതിനിധികളും മീററ്റ് ഗൂഢാലോചനാകേസിലെ ചില പ്രതികളും അന്ന് കണ്ണൂർ ജയിലിലുണ്ടായിരുന്നു. അവരുമായുള്ള സഹവാസം സി.എച്ചിലെ വിപ്ലവകാരിയെ ഉണർത്തി.
13 മാസത്തെ ജയിൽവാസം കഴിഞ്ഞ് തിരിച്ചെത്തിയ സി.എച്ച്. കോടിയേരി എലമെന്ററി സ്കൂളിലും തുടർന്ന് കല്ലായി തലോറ സ്കൂളിലും അധ്യാപകനായി പ്രവർത്തിച്ചു. തലശ്ശേരി‐കോടിയേരി‐പുന്നോൽ, മയ്യഴി മേഖലകളിലെ ജനങ്ങളുമായി അടുത്തിടപഴകി ബന്ധം സ്ഥാപിക്കാനാണ് ഇക്കാലത്ത് പ്രധാനമായും സമയം ഉപയോഗപ്പെടുത്തിയത്. നിരീശ്വരവാദപ്രചാരണവും അഭംഗുരം തുടർന്നു. വാഗ്ഭടാനന്ദന്റെ തത്വങ്ങളിൽ ആകൃഷ്ടനായെങ്കിലും അദ്ദേഹത്തിന്റെ പരിമിതികളെക്കുറിച്ച് സി.എച്ച്. ബോധവാനായിരുന്നു. വാഗ്ഭടാനന്ദനുമായിത്തന്നെ നേരിട്ട് സംവാദം നടത്തുമായിരുന്നു സി.എച്ച്. ഏറ്റവും ബഹുമാനത്തോടെ, എന്നാൽ നിലപാടുകളിൽ കടുകിട വിട്ടുവീഴ്ചചെയ്യാതെ. കോട്ടയം താലൂക്ക്് സ്വതന്ത്ര ചിന്താസമാജം എന്ന ഒരു സംഘനയ്‌ക്ക് സി.എച്ച്. രൂപംനൽകിയതിക്കാലത്താണ്. യുക്തിവാദവും സ്വതന്ത്രചിന്തയും വളർത്തുന്നതിനായി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ സാഹിത്യസമ്മേളനങ്ങൾ നടത്തി പ്രഭാഷണവും ചർച്ചയും സംഘടിപ്പിക്കുകയായിരുന്നു.
കോട്ടയം കുറുമ്പ്രനാട് താലൂക്കുകളിലെ കോൺഗ്രസ്സിന്റെ പ്രധാനസംഘാടകനായി മാറിയതോടെ സി.എച്ച്. അധ്യാപകജോലി ഉപേക്ഷിച്ചു.
സാഹിത്യസാംസ്കാരികകാര്യങ്ങളിൽ അതീവ തല്പരനായ സി.എച്ച്. 1935 മെയ് 10ന് തലശ്ശേരിയിൽ നടന്ന യുവജനസാഹിത്യ സമ്മേളനത്തിന്റെ മുഖ്യ സംഘാടകരിലൊരാളായിരുന്നു. സമസ്ത കേരളസാഹിത്യപരിഷത്തിന്റെ സമ്മേളനം മെയ് 11, 12 തീയ്യതികളിൽ തലശ്ശേരിയിൽ നടക്കുകയാണ്. പരിഷത്തിന്റെ യാഥാസ്ഥിതിക നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ടാണ് തലശ്ശേരി ബി.ഇ.എം.പി. സ്കൂളിൽ യുവജനസാഹിത്യസമ്മേളനം നടക്കുന്നത്. അഭിഭാഷക പ്രമുഖനും സാമ്പത്തികമായും സാമുദായികമായും പ്രമാണിയുമായ കെ.ടി.ചന്തുനമ്പ്യാരാണ് യുവജനസാഹിത്യസമ്മേളനത്തിന്റെ പ്രധാന നായകൻ. സാഹിത്യപ്പറയൻ എന്നും കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് എന്നും സ്വയം വിശേഷിപ്പിച്ച പി.കേശവദേവ് ആ സമ്മേളനത്തിൽ നടത്തിയ പ്രസംഗം വലിയ കോളിളക്കം സൃഷ്ടിച്ചുവല്ലോ. രാമായണവും മഹാഭാരതവും തുപ്പൽ കോളാമ്പികളാണ്, അവ ചുട്ടെരിക്കണം എന്നാണ് കേശവദേവ് പ്രസംഗിച്ചത്. ഇന്നാണെങ്കിൽ നാട് കത്താൻ അതുമതി. പക്ഷേ അക്കാലത്ത് അഭിപ്രായങ്ങൾ പറയാമായിരുന്നു…മഹാകവി വള്ളത്തോളും ജി.ശങ്കരക്കുറുപ്പുമെല്ലാം പങ്കെടുത്ത യുവജന സാഹിത്യസമ്മേളനം മലയാളത്തിലെ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന് വലിയൊരു പ്രചോദനമായി. ഈ സമ്മേളനത്തിന് ശേഷം ഒരു വർഷം കഴിഞ്ഞാണ് ജീവൽസാഹിത്യപ്രസ്ഥാനം ആരംഭിക്കുന്നത്. യുവജനസാഹിത്യസമ്മേളനത്തിലെ വള്ളത്തോളിന്റെ പ്രസംഗം, പ്രമേയങ്ങൾ എന്നിവ സംബന്ധിച്ച് കേസരി എ ബാലകൃഷ്ണപിള്ള തന്റെ കേസരി വാരികയിൽ ഒന്നിലേറെ മുഖപ്രസംഗങ്ങൾ എഴുതുകയുണ്ടായി.
തലശ്ശേരിയിലെ യുവജനസാഹിത്യസമ്മേളനം കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുശേഷം മട്ടന്നൂരിൽ മറ്റൊരു യുവജനസാഹിത്യസമ്മേളനം നടന്നു. തലശ്ശേരിയിലെ സമ്മേളനത്തിൽ കമ്യൂണിസ്റ്റ് നുഴഞ്ഞുകയറ്റം നടന്നുവെന്നാരോപിച്ചാണ് മട്ടന്നൂരിൽ മധുസൂദനൻ തങ്ങളുടെ നേതൃത്വത്തിൽ അഖിലകേരള യുവജനസാഹിത്യ സമ്മേളനം നടത്തിയത്. മട്ടന്നൂരിലെ ആ ബദൽ യുവസാഹിത്യസമ്മേളനത്തിൽ സി.എച്ച്. കണാരനും സുഹൃത്തുക്കളും പങ്കെടുത്തുവെന്ന് മാത്രമല്ല അവിടുത്തെ സംഘാടകരുടെ ലക്ഷ്യം പരാജയപ്പെടുത്തുന്നതിനാവശ്യമായ വഴിമരുന്നിടുകയുംചെയ്തു. ഫ്യൂഡൽ പ്രഭുവായ മധുസൂദനൻ തങ്ങൾക്ക് ചില കാര്യങ്ങളിൽ ഉല്പതിഷ്ണുത്വമുണ്ടായിരുന്നുവെന്നത് അംഗീകരിക്കാത്തയാളല്ല സി.എച്ച്. പക്ഷേ നാട്ടിൽ ഉണർന്നുവരുന്ന കർഷക‐തൊഴിലാളി രാഷ്ട്രീയത്തെ മുൻകൂട്ടിക്കണ്ട്് തടയിടാൻ ശ്രമിക്കുന്ന ഫ്യൂഡൽരാഷ്ട്രീയത്തിന്റെ പ്രതിനിധിയായിരുന്നു തങ്ങൾ. സി.എച്ച്. മധുസൂദനൻതങ്ങളുടെ ബദൽ യുവജനസാഹിത്യസമ്മേളന വേദിയിൽ കയറി ചർച്ചയിൽ പങ്കെടുത്തു. നിങ്ങളുടെ ഫ്യൂഡൽ മാടമ്പി രാഷ്ട്രീയവും സ്വേഛാധിപത്യവുമൊന്നും സാഹിത്യത്തിൽ നടക്കില്ല, ഈ സാഹിത്യസമ്മേളനത്തിലും നടക്കില്ലെന്ന് സി.എച്ച്. ചോരത്തിളപ്പോടെ പ്രഖ്യാപിച്ചു. മധുസൂദനൻ തങ്ങളുടെ ആ സാമ്രാജ്യത്തിൽനിന്ന്് ഒരു പോറൽപോലുമേൽക്കാതെ ഒരു കൂവൽപോലും കേൾക്കാതെ സി.എച്ചും സുഹൃത്തുക്കളും തലശ്ശേരിയിൽ തിരിച്ചെത്തി‐ അക്കാലത്ത് അതുതന്നെ ഒരദ്ഭുതമായിരുന്നു.. പക്ഷേ സി.എച്ചിന്റെ കാര്യത്തിൽ അതിൽ അദ്ഭുതമില്ല. കാരണം അത്രയും കരുത്തനും സുസജ്ജനുമായിരുന്നു സഖാവ് സി.എച്ച്.
1935‐ഓടെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ മുഴുവൻസമയ പ്രവർത്തകനാവുകയായിരുന്നു സി.എച്ച്. കൃഷ്ണപിള്ളയും മൊയാരത്ത് ശങ്കരനും ഉൾപ്പെടെയുള്ള നേതാക്കളുടെ അടുത്ത സഹപ്രവർത്തകൻ. തലശ്ശേരിയിൽ ബീഡിത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനത്തിലാണ് സി.എച്ച്്. അക്കാലത്ത് പ്രധാനമായും ശ്രദ്ധിച്ചത്. തലശ്ശേരിയിൽ മുപ്പതുകളുടെ തുടക്കത്തിൽ പ്രവർത്തനമാരംഭിച്ച ബീഡിത്തൊഴിലാളി യൂണിയനെ ഏറ്റവും കരുത്തുറ്റ വർഗസംഘടനയായി മാറ്റിയെടുക്കുകയായിരുന്നു സി.എച്ച്.ശ്രീനാരായണ പ്രസ്ഥാനത്തിന് വേരോട്ടമുള്ള സ്ഥലമെന്നനിലയിൽ ശ്രീനാരായണ ബീഡിത്തൊഴിലാളി സംഘടനയെന്ന പേരിലാണ് ആദ്യം തൊഴിലാളികൾ സംഘടിച്ചത്. ഒരു സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തിന്റെ രൂപത്തിലാണത് നിലവിൽവന്നത്. എന്നാൽ തലശ്ശേരിയിലെ ചർക്കാ ബീഡി കമ്പനിയിലെ തൊഴിലാളികൾ കൂലിക്കൂടുതലിനു വേണ്ടി 1936ൽ പണിമുടക്കി. സമരം വേഗത്തിലൊന്നും ഒത്തുതീർപ്പായില്ല. പിരിച്ചുവിടപ്പെട്ട തൊഴിലാളികൾ തൊഴിലാളി ബീഡി എന്ന പേരിൽ ഒരു കമ്പനി തുടങ്ങിയെങ്കിലും വിജയിച്ചില്ല. ഈ ഘട്ടത്തിലാണ് കൃഷ്ണപിള്ളയും എ.കെ.ജി.യും തലശ്ശേരിയിലെത്തി സമരത്തിന്റെ കാര്യങ്ങൾ മനസ്സിലാക്കുന്നത്. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സമുന്നതനേതാാവയ സർദാർ ചന്ദ്രോത്തിനെ സമരത്തിന്റെ ചുമതലയേൽപ്പിക്കുകയാണ് കൃഷ്ണപിള്ള. സർദാറിന്റെ സഹപ്രവർത്തകനായി സി.എച്ച്. ഈ സമരം തീർന്ന് അധികം കഴിയുന്നതിനു മുമ്പാണ് തലശ്ശേരിയിലെതന്നെ ന്യൂ ദർബാർ ബീഡിക്കമ്പനിയിൽ സമരം പൊട്ടിപ്പുറപ്പെടുന്നത്. യൂണിയൻ പ്രവർത്തനത്തിന്റെ പേരിൽ രണ്ടു തൊഴിലാളികളെ പിരിച്ചുവിട്ടതിനെതിരെയായിരുന്നു സമരം.സമരത്തിന്റെ നേതൃത്വം സി.എച്ച്. കണാരൻ. ഒപ്പം പി.കെ.മാധവനും പി.വി.കുട്ടിയുമടക്കമുള്ള നേതാക്കളും. കൃഷ്ണപിള്ളയടക്കമുള്ള നേതാക്കളെത്തി ചർച്ച നടത്തിയിട്ടും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാൻ ഉടമകൾ തയ്യാറായില്ല. 1937 നവമ്പറിലാണ് അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്. കോൺഗ്രസ്സിന്റെ ജില്ലാ പ്രസിഡന്റായ മൊയാരത്ത് ശങ്കരൻ ഉൾപ്പെടെയുള്ളവർ ഉടമയുമായി ചർച്ച നടത്തിയതും വിജയിച്ചില്ല. ഒടുവിൽ കളക്ടർ ഇടപെട്ട് അനുരഞ്ജന ചർച്ച നടത്തി. സി.എച്ചും എച്ച്. മഞ്ചുനാഥറാവുവുമാണ് യൂണിയനെ പ്രതിനിധീകരിച്ചത്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനും വെട്ടിക്കുറച്ച വേതനം പുനഃസ്ഥാപിക്കാനും മാനേജ്മെന്റ് സമ്മതിച്ചതിനെ തുടർന്ന് സമരം ഒത്തുതീർപ്പായി. എന്നാൽ ഉടമകൾ കരാർ ലംഘനം നടത്തിയതിനാൽ വൈകാതെ വീണ്ടും സമരമാരംഭിച്ചു. പിക്കറ്റിങ്ങ് സമരം. സി.എച്ചിനെയും എസ്.നന്ദഷേണായിയെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
ബീഡിത്തൊഴിലാളി യൂണിയന്റെ പ്രവർത്തനം ഇതര തൊഴിൽമേഖലകളിലും വലിയ ചലനം സൃഷ്ടിച്ചു. നെയ്ത്തുതൊഴിലാളികളും ചൂഷണത്തിനെതിരെ സംഘടിച്ച് സമരശക്തിയാവുകയായിരുന്നു. സി.എച്ച്.കണാരനാണ് തലശ്ശേരി താലൂക്കിലെ നെയ്‌ത്തുതൊഴിലാളികളെ സംഘടിപ്പിക്കാൻ നേതൃത്വം നൽകിയത്. 1937 ജനുവരി 28നാണ് തിരുവങ്ങാട് ക്ഷേത്രത്തിനടുത്തുള്ള വയലിൽ നെയ്ത്തുതൊഴിലാളികൾ സമ്മേളിച്ചത്. പി.കൃഷ്ണപിള്ളയും സി.എച്ചുമാണ് പ്രസംഗിച്ചത്. കൃഷ്ണപിള്ള പ്രസിഡണ്ടും സി.എച്ച്. കണാരൻ, കെ.കുഞ്ഞിരാമൻ എന്നിവർ സെക്രട്ടറിമാരുമായി സംഘടന. രണ്ടുമാസത്തിനകം നാനൂറിലേറെ തൊഴിലളികൾ യൂണിയനിൽ അംഗങ്ങളായി. കൂലിക്കൂടുതലടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് അതേവർഷം ജൂണിൽ ആരംഭിച്ച പണിമുടക്ക് 17 ദിവസം നീണ്ടുനിന്നു. കെ.കേളപ്പനും കെ.പി.ആറുമടക്കമുള്ള നേതാക്കളാണ് ഒത്തുതീർപ്പിനായി രംഗത്തിറങ്ങിയത്.
ഇത്തരത്തിൽ തലശ്ശേരി താലൂക്കിൽ (കോട്ടയം) വിവിധ തൊഴിലാളിയൂണിയനുകൾ സംഘടിപ്പിച്ചുകൊണ്ട് സി.എച്ച്. നാട്ടിലെ ജനങ്ങളുടെ പ്രിയനേതാവായി. കർഷകരെ സംഘടിപ്പിക്കാൻ കോട്ടയം, കുറുമ്പ്രനാട് താലൂക്കുകളിലെ എല്ലാ ഭാഗത്തും സി.എച്ച് എത്തി. 1939ൽ തലശ്ശേരിയിൽ ബീഡിത്തൊഴിലാളികൾ വീണ്ടും നടത്തിയ സമരവുമായി ബന്ധപ്പെട്ടും സി.എച്ചിനെ അറസ്റ്റുചെയ്ത് ജയിലിലടച്ചു. 1936‐37‐ൽ കുറ്റ്യാടിയിൽ പുനം കൃഷിക്കാർ എം.കെ.കേളുഏട്ടന്റെ നേതൃത്വത്തിൽ നടത്തിയ സമരത്തെ സഹായിക്കാൻ തലശ്ശേരിയിൽനിന്ന് ബീഡിത്തൊഴിലാളി വോളന്റിയർമാരുടെ ഒരു ജാഥ സി.എച്ചിന്റെ നേതൃത്വത്തിൽ അങ്ങോട്ടുപോവുകയുണ്ടായി. സമരത്തിൽ പങ്കെടുക്കുന്നവർക്ക് നൽകാൻ ഭക്ഷ്യോല്പന്നങ്ങളുമായി നടത്തിയ ആ പദയാത്ര ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സമുന്നതനേതാവായിത്തീർന്ന സി.എച്ച്. തിരുവിതാംകൂറിലും ഉത്തരവാദഭരണ പ്രക്ഷോഭത്തിലും പങ്കാളിയായി. 1938 അവസാനം എ.കെ.ജി.യുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഉത്തരവാദഭരണപ്രക്ഷോഭ ജാഥയിൽ സി.എച്ചും അംഗമായിരുന്നു. ജാഥ ആലുവയിൽവെച്ച് തടഞ്ഞെങ്കിലും സി.എച്ച് അടക്കമുള്ളവർ തിരുവിതാംകൂറിലേക്ക് കടന്നു. ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞുകൊണ്ട്് ഉത്തരവാദഭരണപ്രക്ഷോഭത്തിൽ പങ്കാളിയായി.
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപവൽക്കരിക്കുകയെന്ന ലക്ഷ്യത്തോടെ സി.എസ്.പി. സെക്രട്ടറി കൃഷ്ണപിള്ള രഹസ്യമായ നീക്കങ്ങൾ 1936‐ലേതന്നെ തുടങ്ങിയിരുന്നുവല്ലോ. ഓരോ താലൂക്കിലും ഓരോ കോ‐ഓഡിനേറ്ററെ നിയോഗിച്ചത് അതിന്റെ ഭാഗമാണ്. കാസർകോട് മേഖലയിൽ കെ.മാധവൻ, ചിറക്കലിൽ കേരളീയൻ, കോട്ടയം‐കുറുമ്പ്രനാട് മേഖലയിൽ സി.എച്ച്. കണാരൻ എന്നിങ്ങനെ. പിണറായി പാറപ്രം സമ്മേളനത്തിന് മുമ്പുതന്നെ മേൽപറഞ്ഞ സംഘാടകർ കേഡർമാരെ കണ്ടെത്തി ഉറപ്പിക്കുന്ന രഹസ്യപ്രവർത്തനം വിജയകരമായി നടത്തി. മുൻ അധ്യായങ്ങളിൽ പാറപ്രം സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങളും പശ്ചാത്തലവും വിവരിക്കപ്പെട്ടതിനാൽ ഇവിടെ ഒഴിവാക്കുന്നു. പാർട്ടി രൂപവൽക്കരിക്കപ്പെട്ടശേഷം കുറുമ്പ്രനാട് താലൂക്ക് സെക്രട്ടറിയായി നിയോഗിക്കപ്പെട്ടതും സി.എച്ച്. തന്നെ. പഴയ തലശ്ശേരി, വടകര താലൂക്കുകളിൽ പാർട്ടിയും വർഗബഹുജനസംഘനകളും കെട്ടിപ്പടുത്ത് സമരരംഗത്ത് അണിനിരത്തുന്ന പ്രവർത്തനത്തിന് ത്യാഗപൂർവം നേതൃത്വം നൽകുകയായിരുന്നു സി.എച്ച്. തലശ്ശേരിയിലെ ബീഡിത്തൊഴിലാളി സംഘടനാ ഓഫീസ് കേന്ദ്രീകരിച്ചാണ് അക്കാലത്ത് പാർട്ടി‐ബഹുജനസംഘടനാ പ്രവർത്തനം മുന്നോട്ടുനീക്കിയത്. സി.എച്ചും എൻ.ഇ.ബാലറാമും ആ ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്. ആ ഓഫീസിലെ ബെഞ്ചിൽ കൊതുകുകടി സഹിച്ച് കിടന്നുറങ്ങിയ കാലത്തെക്കുറിച്ച് എൻ.ഇ.ബാലറാം സി.എച്ചിനെക്കുറിച്ചുള്ള അനുസ്മരണത്തിൽ വിവരിച്ചിട്ടുണ്ട്. പലരാത്രികളിലും ചോറുണ്ണാൻ മാർഗമില്ലാത്തതിനാൽ മുറുമുറെ പട്ടിണി കിടന്നതിനെപ്പറ്റിയും. യുക്തിവാദംപോലെതന്നെ സി.എച്ചിന് ഫുട്ബോൾ കമ്പവും കലശലായിരുന്നു. തലശ്ശേരിയിലെ ഏറ്റവും പ്രമുഖ വക്കീലായ രാമയ്യരുടെ മകൻ, അന്നേതന്നെ ഏറ്റവും പ്രമുഖ വക്കീലായ വി.ആർ.കൃഷ്ണയ്യർ ഇടതുപക്ഷത്തോടും കമ്മ്യൂണിസ്റ്റ് പാർട്ടിയോടും അടുക്കുന്നത് സി.എച്ച്.കണാരന്റെയും ബാലറാമിന്റെയും സ്വാധീനത്തിലാണ്. അത്രയും ആകർഷകവ്യക്തിത്വങ്ങളായിരുന്നു ഇരുവരുമെന്ന് കൃഷ്ണയ്യർ അനുസ്മരിക്കുകയുണ്ടായെന്ന് എൻ.ഇ.ബാലറാമിന്റെ സഹോദരീപുത്രനും എഴുത്തുകാരനുമായ എൻ. ഇ.സുധീർ രേഖപ്പെടുത്തിയിട്ടുണ്ട്. പാർട്ടി രൂപീകരണത്തിന് ശേഷം കുറച്ചുകാലം തമിഴ്നാട്ടിന്റെ വിവിധ ഭാഗങ്ങളിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിലും സി.എച്ച്. മുഴുകി.
1942 ജൂലൈ 22‐നാണല്ലോ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്കുമേലുള്ള നിരോധനം പിൻവലിച്ചത്. എന്നാൽ നേതാക്കളിലും പ്രവർത്തകരിലും ഭൂരിപക്ഷവും അപ്പോഴും ജയിലിലായിരുന്നു. രണ്ടാം ലോകയുദ്ധത്തിൽ ജപ്പാൻ അച്ചുതണ്ടുശക്തികളോടൊപ്പം ചേരുകയും അനാക്രമണസന്ധി തൃണവൽഗണിച്ച് ഹിറ്റ്ലർ സോവിയറ്റുയൂണിയനെ ആക്രമിക്കുകയും ചെയ്തതോടെ രൂപപ്പെട്ട പുതിയ യുദ്ധ പശ്ചാത്തലം. കോൺഗ്രസ്സും കോൺഗ്രസ്സിലെ സോഷ്യലിസ്റ്റുകളും പ്രഖ്യാപിച്ച ആഗസ്ത് വിപ്ലവം എന്നറിയപ്പെട്ട ക്വിറ്റ് ഇന്ത്യാസമരത്തെ പാർട്ടി തള്ളിപ്പറയുകയായിരുന്നു. ആഗോളവ്യാപകമായി ഫാസിസം പിടിമുറുക്കാൻ ശ്രമിക്കുമ്പോൾ അതിന് പരാജയപ്പെടുത്താൻ എല്ലാ ശക്തികളും ഉപയോഗിക്കുക, ഫാസിസത്തിന്റെ പരാജയത്തോടെ കോളനിരാജ്യങ്ങളുടെ മോചനം‐ ഇതാണ് പാർട്ടി വിശദീകരിച്ചത്. രണ്ടാംലോകയുദ്ധം ജനകീയയുദ്ധമായി മാറിയെന്ന കാഴ്ചപ്പാടുയർത്തിയ പാർട്ടി യുദ്ധത്തിൽ സഖ്യശക്തികളുടെ വിജയത്തിനായി പട്ടാളത്തിൽ ചേരാൻ പാർട്ടി പ്രവർത്തകരെ പ്രേരിപ്പിക്കുകയുംചെയ്തു. എന്നാൽ ഈ പുതിയ നയത്തിൽ പാർട്ടിക്കകത്ത് വലിയതോതിൽ എതിർപ്പുളവായി. കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് വരേണ്ടിയിരുന്ന സോഷ്യലിസ്റ്റുകാരിൽ വലിയവിഭാഗം പാർട്ടിയിലേക്ക് വരാതെ കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധരായി സോഷ്യലിസ്റ്റുകളായിത്തന്നെ നിൽക്കുകയോ വലതുപക്ഷ കോൺഗ്രസ്സിലേക്ക് മാറുകയോ ചെയ്തു. പാർട്ടി നേതൃത്വത്തിനകത്തും അഭിപ്രായവ്യത്യാസം രൂക്ഷമായിരുന്നു.പുതിയ നയം ചർച്ചചെയ്യുന്നതിനായി 1942 സെപ്റ്റംബർ 15 മുതൽ ഒമ്പത് ദിവസം നീണ്ടുനിന്ന അഖിലേന്ത്യാ പ്ലീനം ബോംബെയിൽ നടന്നു. കേരളസംസ്ഥാന ഘടകത്തെ പ്രതിനിധീകരിച്ച് കൃഷ്ണപിള്ളയും സി.എച്ചുമാണ് പങ്കെടുത്തത്. പ്ലീനത്തിന്റെ തീരുമാനം പാർട്ടി അണികൾക്ക് വിശദീകരിച്ചുകൊടുക്കുന്നതിൽ സി.എച്ചും തനതായ പങ്കുവഹിച്ചു. എന്നാൽ ജനകീയയുദ്ധസിദ്ധാന്തത്തിന് പൂർണമായും എതിരായിരുന്നു സി.എച്ചും. ടി.കെ.രാജുവും. ജയിലിൽ കഴിയുകയായിരുന്ന കെ.ദാമോദരൻ, സർദാർ ചന്ദ്രോത്ത് തുടങ്ങിയവരും ഒളിവിൽ പ്രവർത്തിക്കുകയായിരുന്ന ഇ.കെ.നായനാർ, പി.ആർ. നമ്പ്യാർ തുടങ്ങിയവരും സി.എച്ചിന്റെയും ടി.കെ.രാജുവിന്റെയും നിലപാടിനൊപ്പമായിരുന്നു. ഈ തർക്കം അതിരൂക്ഷമായതോടെ സംസ്ഥാന കമ്മിറ്റിയുടെ സുഗമപ്രവർത്തനം അസാധ്യമായെന്ന നിഗമനത്തിൽ പി.കൃഷ്ണപിള്ള സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. സംഘടനപാരമായി അങ്ങേയറ്റം തെറ്റായ നടപടിയാണ് സംസ്ഥാനസെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് കേന്ദ്രനേതൃത്വം വിലയിരുത്തുകയും പ്രശ്നപരിഹാരത്തിന് കേന്ദ്ര കമ്മിറ്റി അംഗമായ ഇ.എം.എസ്സിനെ നിയോഗിക്കുകയുംചെയ്തു. കൃഷ്ണപിള്ളയുടെ നടപടി പൂർണമായും റദ്ദാക്കാതെ കമ്മിറ്റി പുനഃസംഘടിപ്പിക്കുകയാണ് പിന്നീട് ചെയ്തത്. എന്നാൽ സി.എച്ചിനെയും ടി.കെ.രാജുവിനെയും കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തില്ല. ഫലത്തിൽ അവരിരുവരുടെയും പേരിൽ നടപടിയെടുക്കുകയാണ് ചെയ്തത്.
സ്വാഭിപ്രായത്തിൽ ഉറച്ചുനിന്നതിന്റെ പേരിൽ നടപടിക്കുവിധേയനായെങ്കിലും സി.എച്ച്. പ്രവർത്തനത്തിൽ കടുകിട പുറകോട്ടുപോയില്ല. എന്നുമാത്രമല്ല, താൻ എതിർത്തുകൊണ്ടിരുന്ന നയത്തെ പാർട്ടിക്കകത്തും പുറത്തും വിശദീകരിച്ച് അച്ചടക്കം പാലിക്കുകയുംചെയ്തു. സംസ്ഥാനനേതൃത്വത്തിന്റെ ഭാഗമല്ലാതായപ്പോഴും സി.എച്ച്. കോട്ടയം, കുറുമ്പ്രനാട് താലൂക്കുകളിൽ കർഷകപ്രസ്ഥാനവും പാർട്ടിയും കെട്ടിപ്പടുക്കാൻ അഹോരാത്രം പ്രവർത്തിച്ചുപോന്നു. സമരങ്ങൾ സംഘടിപ്പിച്ചു.
1946ൽ തലശ്ശേരിയിൽ സി.എച്ചിന്റെ നേതൃത്വത്തിൽ സവിശേഷമായ ഒരു സമരംനടന്നു. മദിരാശി മുഖ്യമന്ത്രിയായി അധികാരമേറ്റ ടി.പ്രകാശം തലശ്ശേരിയിൽ ഒരു സന്ദർശനത്തിന് വന്നപ്പോൾ സി.എച്ച്. ഇരുന്നൂറോളം പ്രവർത്തകരുമായിച്ചേർന്ന് മുഖ്യമന്ത്രിയുടെ താമസസ്ഥലത്തേക്ക് പുറപ്പെട്ടു. നിവേദനംനൽകുകയെന്ന ലക്ഷ്യത്തോടെയായിരുന്നിട്ടും പോലീസ് തടസ്സം സൃഷ്ടിച്ചു. സന്ദർശനം വിലക്കിയതിനെ തുടർന്ന് ജാഥ പിരിച്ചുവിടുകയല്ല സി.എച്ച്. ചെയ്തത്. ജാഥ നേരെ തിരുവങ്ങാട്ടമ്പലത്തിലേക്ക് തിരിച്ചുവിട്ടു. അവർണർക്ക് ക്ഷേത്രപ്രവേശനം അനുവദനീയമല്ലായിരുന്നു അക്കാലത്ത്. തിരുവങ്ങാട് ശ്രീരാമക്ഷേത്രത്തിൽ അതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുമുണ്ടാകാറുണ്ട്്. സി.എച്ചും. സഖാക്കളും ക്ഷേത്രത്തിൽ പ്രവേശിച്ചു. ജാഥാംഗങ്ങളിൽ പലരും ക്ഷേത്രക്കുളത്തിൽ നീന്തിക്കുളിച്ചു. പലരും ക്ഷേത്രത്തിൽ കയറി പ്രസാദം വാങ്ങി. വലിയ ചലനം സൃഷ്ടിച്ച സംഭവമായിരുന്നു അത്. വടക്കേ മലബാറിലെ ഉല്പതിഷ്ണുക്കളിൽ വലിയ ആവേശം സൃഷ്ടിച്ച സംഭവം.
1946ൽ മദിരാശി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചു. കണ്ണൂരിൽ (ചിറക്കൽ) കെ.പി.ഗോപാലനും കോട്ടയം‐വയനാട് മണ്ഡലത്തിൽ സി.എച്ച്.കണാരനും കോഴിക്കോട്ട് എ.കെ.ജി.യും മലപ്പുറം ദ്വയാംഗമണ്ഡലത്തിൽ ഇ.എം.എസ്, ഇ.കണ്ണൻ എന്നിവരും സ്ഥാനാർഥികൾ. മലബാറിൽ മൊത്തമായി 27 ശതമാനം വോട്ടുനേടി കരുത്തുതെളിയിച്ചെങ്കിലും എവിടെയും ജയിക്കാനായില്ല. ഫലപ്രഖ്യാപനം കഴിഞ്ഞ ഉടൻ സി.എച്ച്. ചെയ്തത് അവിടെക്കൂടിയ ജനങ്ങളെ സംഘടിപ്പിച്ച് വലിയ ജാഥയും റാലിയും നടത്തുകയാണ്. സ്വാതന്ത്ര്യാനന്തരം നടന്ന ആദ്യനിയമസഭാ തിരഞ്ഞെടുപ്പിൽ സി.എച്ച്. മദിരാശി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുംചെയ്തു. 1948‐ൽ കൊൽക്കത്താ തീസിസിനെ തുടർന്നുള്ള നിരോധനകാലത്ത് സി.എച്ച്. പൂർണമായും ഒളിവിൽ കഴിഞ്ഞുകൊണ്ടാണ് പ്രവർത്തിച്ചത്.