Friday, November 22, 2024

ad

Homeസമകാലികംകേരളം 2022 മതനിരപേക്ഷതയും ജനാധിപത്യവും ഉയര്‍ത്തിപ്പിടിച്ച് വികസനക്കുതിപ്പിലേക്ക്

കേരളം 2022 മതനിരപേക്ഷതയും ജനാധിപത്യവും ഉയര്‍ത്തിപ്പിടിച്ച് വികസനക്കുതിപ്പിലേക്ക്

എം വി ഗോവിന്ദന്‍

എല്‍ഡിഎഫിന്  തുടര്‍ഭരണം ലഭിച്ചതോടെ കേരളത്തിന്‍റെ രാഷ്ട്രീയത്തില്‍ പുരോഗമനപരമായ പല മാറ്റങ്ങളും രൂപപ്പെട്ടുവരികയാണെന്ന് കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ അനുഭവം തെളിയിക്കുന്നു. അതില്‍ എറ്റവും പ്രധാനം മതനിരപേക്ഷ ജനാധിപത്യം ശക്തിപ്പെടുത്താനുള്ള നടപടികളാണ്. വര്‍ഗീയ ശക്തികള്‍ക്ക് മുമ്പില്‍ കീഴടങ്ങില്ല എന്ന വ്യക്തമായ സന്ദേശമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ നല്‍കിയത്. അതോടൊപ്പം വികസനകാര്യത്തില്‍  വിട്ടുവീഴ്ച്ചക്കില്ലെന്ന് സര്‍ക്കാറും എല്‍ഡിഎഫും അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. ഭരണം സുതാര്യമാക്കാനും അഴിമതി തുടച്ചുനീക്കാനുമുള്ള ധീരമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു.

ബദല്‍ നയങ്ങള്‍
എല്‍ഡിഎഫിന്‍റെ അടിത്തറ
വിപുലപ്പെടുത്തുന്നു

സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ക്ഷേമനടപടികളില്‍ നിന്നും പിന്നോട്ടുപോകില്ലെന്ന സമീപനവും പിണറായി സര്‍ക്കാര്‍ സ്വീകരിച്ചു. യൂണിയന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ബദല്‍ ഉയര്‍ത്തിക്കൊണ്ട് കേരളത്തിലെ സര്‍ക്കാര്‍ മുന്നോട്ടുവെച്ച ജനപക്ഷ ബദല്‍ നയങ്ങള്‍ എല്‍ഡിഎഫിന്‍റെ അടിത്തറ വിപുലപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ നല്‍കിയ 900 വാഗ്ദാനങ്ങളില്‍ 720 എണ്ണം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ഇതിനകം തന്നെ സ്വീകരിച്ചിട്ടുണ്ട്. ഒന്നാം  പിണറായി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ കാണിച്ച കണിശത രണ്ടാം പിണറായി സര്‍ക്കാരും തുടരുകയാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതെല്ലാം തന്നെ യൂണിയന്‍ ഭരിക്കുന്ന ബിജെപിക്കെതിരെയുള്ള ബദല്‍നയങ്ങള്‍ക്കുള്ള പോരാട്ടത്തിന് വഴികാട്ടുന്നുവെന്നു മാത്രമല്ല മതനിരപേക്ഷ ശക്തികളുടെ ഇടപെടലുകള്‍ക്ക് കൂടുതല്‍ ശക്തി പകരുകയും ചെയ്യുന്നു. ഇതിനാലാണ് ബിജെപിയും യുഡിഎഫും വലതുപക്ഷ ശക്തികളും അവരുടെ സഖ്യകക്ഷിയായി മാറിയ മുഖ്യധാരാമാധ്യമങ്ങളും ഒരുപോലെ  രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ യോജിച്ച് നീങ്ങുന്നത്.  എകെജി സെന്‍റര്‍ ആക്രമിക്കാനും മുഖ്യമന്ത്രിയെ വിമാനത്തില്‍ കയറി അപായപ്പെടുത്താനും വരെ ശ്രമങ്ങളുണ്ടായതില്‍ നിന്നും അധികാരം നഷ്ടപ്പെട്ട കോണ്‍ഗ്രസിന്‍റെ വെപ്രാളം മനസ്സിലാക്കാവുന്നതാണ്. വിഴിഞ്ഞം സമരവേളയിലും ഗവര്‍ണര്‍ വിഷയത്തിലും  മറ്റും നാം കണ്ടത് ഈ അവിശുദ്ധ കൂട്ടുകെട്ടാണ്. പിണറായി വിജയന്‍ സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുന്നതിനു പിന്നില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞ വലതുപക്ഷ ശക്തികള്‍ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന എല്ലാ വികസനപ്രവര്‍ത്തനങ്ങളെയും തടസ്സപ്പെടുത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്. കിഫ്ബിക്കെതിരെയും സില്‍വര്‍ ലൈന്‍, വിഴിഞ്ഞം പദ്ധതികള്‍ക്കെതിരെയും മറ്റും കാണുന്നതും ഈ വികസനവിരുദ്ധ കൂട്ടായ്മയാണ്. 140 ദിവസത്തോളം നീണ്ടുനിന്ന വിഴിഞ്ഞം സമരം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലൂടെയാണ് ഒത്തുതീര്‍പ്പായത്. വിപുലമായ വികസനസാധ്യതകള്‍ തുറന്നിടുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമത്തെയാണ് ഇതുവഴി തടുക്കാനായത്. യുഡിഎഫിന്‍റെ ഒത്താശയോടെ നടന്ന ഈ സമരത്തിലൂടെ കടലോരമേഖലയില്‍ കലാപം സൃഷ്ടിക്കാന്‍ നടത്തിയ നീക്കത്തെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്.

വിഴിഞ്ഞം പദ്ധതിയെ പിന്നോട്ടടിപ്പിക്കാനുള്ള നീക്കം പൊളിഞ്ഞ വേളയിലാണ് ബഫര്‍സോണ്‍ വിഷയം ഉയര്‍ത്തി സര്‍ക്കാരിനെതിരെ മലയോരമേഖലയിലെ ജനങ്ങളെ ഇളക്കിവിടാനുള്ള ശ്രമം നടന്നത്. എന്നാല്‍ മുഖ്യമന്ത്രിയും സര്‍ക്കാരും മിന്നല്‍വേഗത്തില്‍ ഈ പ്രശ്നത്തില്‍ ഇടപെടുകയും ജനങ്ങളുടെ ആശങ്കയകറ്റാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തതോടെ യുഡിഎഫിന്‍റെ തന്ത്രം പാളി.  12 കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയാക്കണമെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ജനവാസമേഖലകളെ പൂര്‍ണമായി ഒഴിവാക്കി പുതിയ റിപ്പോര്‍ട്ട് നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഇത് മറച്ചുവച്ച് രാഷ്ട്രീയ മുതലെടുപ്പിനായി നുണപ്രചരണം നടത്തുകയാണ് കോണ്‍ഗ്രസ്.  വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും ഉള്‍പ്പെടുന്ന സംരക്ഷിത പ്രദേശങ്ങള്‍ക്കുചുറ്റും ഒരു കിലോ മീറ്റര്‍ പരിസ്ഥിതിലോല മേഖല  ആക്കണമെന്ന വിധി കേരളത്തില്‍ പ്രായോഗികമല്ലെന്ന് സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്.

കേരളം എന്തു നേട്ടങ്ങള്‍ കൈവരിച്ചാലും അതിനെ ജനങ്ങളില്‍ നിന്നും മറച്ചുപിടിക്കാനും നേട്ടങ്ങളെ ഇക്കഴ്ത്തിക്കാണിക്കാനും വലതുപക്ഷ മാധ്യമങ്ങള്‍ കാട്ടുന്ന താല്‍പര്യവും ഇതിനോടു ചേര്‍ത്തുവായിക്കണം. എറണാകുളത്ത് ചേര്‍ന്ന സിപിഐ എമ്മിന്‍റെ സംസ്ഥാന സമ്മേളനം മുന്നോട്ടുവെച്ച നവകേരള കാഴ്ചപ്പാട് കേരളത്തെ ഒരു വൈജ്ഞാനിക സമൂഹമാക്കി വളര്‍ത്താനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകോത്തരമായി ഉയര്‍ത്താനുള്ള ഇടപെടലുകളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്താന്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ എങ്ങനെയും ഈ രംഗത്തുള്ള മുന്നേറ്റം തടയാനും ബിജെപിയും കോണ്‍ഗ്രസും മാധ്യമങ്ങളും കൈകോര്‍ത്തു.  അതിന്‍റെ ഭാഗമായാണ് ഉന്നത വിദ്യാഭ്യാസ രംഗമാകെ കുഴപ്പമാണെന്ന പ്രചാരവേല നടന്നത്. ഗവര്‍ണറെ മുന്‍നിര്‍ത്തി ഈ പ്രചാരവേലയ്ക്ക് കൊഴുപ്പുകൂട്ടുകയാണിവര്‍. ഫെഡറലിസത്തിന്‍റെ എല്ലാ മാനദണ്ഡങ്ങളെയും കാറ്റില്‍പറത്തി ഗവര്‍ണര്‍ നടത്തിയ ഇടപെടലുകളെ പിന്തുണയ്ക്കുന്ന സമീപനം യുഡിഎഫ് ഒളിഞ്ഞും തെളിഞ്ഞും ബിജെപി പരസ്യമായും സ്വീകരിക്കുന്നതും പോയ വര്‍ഷം കേരളം കണ്ടു. എന്നാല്‍ ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കുന്ന സുപ്രധാന നിയമം പാസ്സാക്കിയാണ് കേരളം അതിന് മറുപടി നല്‍കിയത്.

കോണ്‍ഗ്രസ്-ബിജെപി ഐക്യം
സിപിഐ എം വിരുദ്ധ സമരത്തിലുള്ള കോണ്‍ഗ്രസ് – ബിജെപി ഐക്യത്തിനിടയിലാണ് കെപിസിസി പ്രസിഡന്‍റ്  ബിജെപിയുമായി രാഷ്ട്രീയ ബന്ധം സ്ഥാപിക്കുന്നതിനെ പരസ്യമായി ന്യായീകരിക്കുന്ന സമീപനം ഉണ്ടായത്. ബിജെപിയുമായി താന്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ആഎസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നുവെന്നും വെളിപ്പെടുത്തിയ കെപിസിസി അധ്യക്ഷന്‍ ജവഹര്‍ലാല്‍ നെഹ്റുവും സംഘപരിവാറുമായി സന്ധിചെയ്തിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തന്‍റെ പ്രവര്‍ത്തനത്തെ ന്യായീകരിച്ചത്. രാഷ്ട്രീയമായി കോണ്‍ഗ്രസ് കേരളത്തില്‍ സ്വീകരിക്കാന്‍ പോകുന്ന നയത്തിന്‍റെ വ്യക്തമായ സൂചനയായി മാത്രമേ ഈ നീക്കത്തെ വായിച്ചെടുക്കാന്‍ കഴിയൂ. കോണ്‍ഗ്രസ്സിന്‍റെ ഈ ബിജെപി അനുകൂല നിലപാട് മതനിരപേക്ഷവാദികളിലും ന്യൂനപക്ഷങ്ങളിലും വലിയ ആശങ്കയും അസംതൃപ്തിയും സൃഷ്ടിച്ചിട്ടുണ്ട്.

ഇതിന്‍റെ പ്രതിഫലനം കുടിയാണ് വിഴിഞ്ഞം പ്രശ്നത്തിലും ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും മാറ്റുന്ന കാര്യത്തിലും കോണ്‍ഗ്രസ് എടുത്ത സമീപനത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ സമീപനം മുസ്ലീം ലീഗ് സ്വീകരിക്കാന്‍ കാരണമായത്. രാജ്യസഭയില്‍ കിരോരിലാല്‍ മീണ ഏകീകൃത സിവില്‍കോഡ് രാജ്യമെമ്പാടും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബില്‍ കൊണ്ടുവന്നപ്പോള്‍ അതിനെ സഭയില്‍ ശക്തമായി എതിര്‍ക്കേണ്ട കോണ്‍ഗ്രസ് അതിന് തയ്യാറായില്ല. ഇതില്‍ രാജ്യസഭയിലുള്ള മുസ്ലീംലീഗിന്‍റെ അംഗം തന്നെ ശക്തമായ പ്രതിഷേധമുയര്‍ത്തുന്ന സ്ഥിതിപോലും സംജാതമായി. ഇതെല്ലാം കാണിക്കുന്നത് ബിജെപിക്ക് വഴങ്ങുന്ന കോണ്‍ഗ്രസിന്‍റെ സമീപനം ന്യൂനപക്ഷ ജനങ്ങളില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട് എന്നാണ്. ഈ അരക്ഷിതാവസ്ഥ മുതലാക്കാന്‍ വര്‍ഗീയ തീവ്രവാദ പ്രസ്ഥാനങ്ങള്‍ തയ്യാറാകുന്നത് തടയാനുള്ള ജാഗ്രത ഇടതുപക്ഷപ്രസ്ഥാനം കാണിക്കേണ്ടതുണ്ട്.

പുതുവര്‍ഷത്തിലെ ഇടതുപക്ഷത്തിന്‍റെ ഉത്തരവാദിത്വം
പുതുവര്‍ഷത്തില്‍ ഇടതുപക്ഷത്തിന്‍റെ ഉത്തരവാദിത്വം വര്‍ധിക്കുകയാണെന്നു സാരം. ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഇടതുപക്ഷത്തിന് സ്വീകാര്യത വര്‍ധിക്കുമോ എന്ന ഭയവും യുഡിഎഫിനെ ഇന്ന് വേട്ടയാടുന്നുണ്ട്. അതിനാലാണ് വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടുള്ള അസത്യപ്രചാരണങ്ങള്‍ നാള്‍ക്കുനാള്‍ ശക്തിപ്പെടുത്തുന്നത്. ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രവൃത്തി സമയം മാറ്റണമെന്ന ശുപാര്‍ശയും ഡ്രസ് കോഡിന്‍റെ കാര്യവും മറ്റും ഉയര്‍ത്തിയാണ് ഈ പ്രചാരവേല കൊഴുപ്പിക്കുന്നത്. സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും ന്യൂനപക്ഷ ജനവിഭാഗങ്ങളെ സര്‍ക്കാരിനെതിരാക്കാനാണ് നീക്കം. കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബിജെപി ശക്തിപ്പെടുമെന്ന പ്രചാരണം നടത്തി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ടത് ന്യൂനപക്ഷത്തിന്‍റെ ബാധ്യതയാണെന്ന പ്രചാരണവും നടക്കുന്നുണ്ട്.ഈ വാദത്തിലെ പൊള്ളത്തരം തുറന്നുകാട്ടാന്‍ നമുക്ക് കഴിയണം. ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പരാജയം മാത്രമല്ല ഹിന്ദുത്വരാഷ്ട്രീയത്തിന്‍റെ പരീക്ഷണശാലയായ ഗുജറാത്തിലൂടെ ഭാരത് ജോഡോ യാത്ര പോകാതിരുന്നതും വിളിച്ചോതുന്നുണ്ട്. അതിനാല്‍ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കുമെന്നും വികസനം മുന്നോട്ടുകൊണ്ടുപോകുമെന്നുമുള്ള ഉറപ്പാണ് കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരും എല്‍ഡിഎഫും നല്‍കുന്നത്. അതിനായുള്ള പോരാട്ടം പുതുവര്‍ഷത്തിലും ശക്തമായി തുടരും•

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × 2 =

Most Popular