Monday, May 20, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്അധിനിവേശ കുടിയേറ്റങ്ങൾ

അധിനിവേശ കുടിയേറ്റങ്ങൾ

കെ എസ്‌ രഞ്‌ജിത്ത്‌

ട്ടകത്തിനിടംകൊടുത്തതുപോലെ എന്ന ചൊല്ലിനെ അക്ഷരാർത്ഥത്തിൽ അന്വർഥമാക്കുന്നതാണ് ആധുനിക ലോക ചരിത്രത്തിലെ അധിനിവേശ കുടിയേറ്റങ്ങൾ (settler colonialism). സാമ്പത്തികമായും സാങ്കേതികമായും ഉയർന്ന ജീവിതാവസ്ഥയിലുള്ള ഒരു ജനവിഭാഗം മറ്റൊരു പ്രദേശത്തെ ജനതയുടെ ജീവിതത്തിലേക്ക് കടന്നുചെല്ലുകയും ക്രമേണ അവരുടെ മേൽ ആധിപത്യം സ്ഥാപിക്കുകയും ചെയുന്ന പ്രതിഭാസമാണ് അധിനിവേശ കുടിയേറ്റം. വടക്കേ അമേരിക്ക, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളൊക്കെ അധിനിവേശ കുടിയേറ്റത്തിന്റെ സൃഷ്ടികളാണ്. ഇതാകട്ടെ ഇന്ന് നമ്മുടെ മനസ്സിന്റെ കോണുകളിൽ കൂടി കടന്നുവരാത്ത വസ്തുതയാണ്. അപ്പാർത്തീഡ് കാലത്തെ സൗത്ത് ആഫ്രിക്കയും, വർത്തമാനകാലത്തെ ഏറ്റവും വലിയ ദുരന്ത ഭൂമിയായ പലസ്തീനും അധിനിവേശ കുടിയേറ്റത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളാണ്. പല വേഷങ്ങളിൽ കടന്നുചെന്ന് , തദ്ദേശവാസികളുടെമേൽ ക്രമേണ രാഷ്ട്രീയവും സാംസ്കാരികവുമായ ആധിപത്യം സ്ഥാപിക്കുകയാണ് അധിനിവേശ കുടിയേറ്റക്കാർ ചെയ്യുന്നത്. പലപ്പോഴും അത് ഉന്മൂലനത്തിൽതന്നെ ചെന്ന് കലാശിക്കുന്നു. ഇന്ന് ജനാധിപത്യത്തിന്റെ വക്താക്കളായി ചമഞ്ഞു നിൽക്കുന്നവർ പലരും ആ ചോരക്കറകളൊക്കെ കഴുകിക്കളഞ്ഞു നിൽക്കുന്ന അധിനിവേശ കുടിയേറ്റക്കാരാണ്. ഗാസയിലും വെസ്റ്റ് ബാങ്കിലും അവശേഷിക്കുന്ന പലസ്തീൻകാരെ ഉൻമൂലനം ചെയ്തുകൊണ്ടിരിക്കുന്ന ഇസ്രയേലും നാളെ ഈ നിലയിലേക്ക് കരുതപ്പെട്ടാൽ അതിലത്ഭുതപ്പെടേണ്ടതില്ല എന്ന് ചരിത്രം നമ്മോട് പറയുന്നു.

പഴയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ മൂലധന താല്പര്യങ്ങളുടെ നിർമിതികളാണ് ഈ കുടിയേറ്റ അധിനിവേശങ്ങളെന്ന് കാണാൻ ഏറെ ബുദ്ധിമുട്ടേണ്ടതില്ല. പുതിയ കമ്പോളങ്ങളും മൂലധനത്തിന്റെ മേച്ചിൽപ്പുറങ്ങളും തേടിയുള്ള യാത്രയാണ് കൊളോണിയലിസത്തിലും അധിനിവേശ കുടിയേറ്റങ്ങളിലും ചെന്ന് കലാശിച്ചത്. അധിനിവേശ കുടിയേറ്റങ്ങളുടെ സൃഷ്ടിയാണ് ആധുനിക ലോക ക്രമമെന്ന് കരുതിയാൽപോലും തെറ്റില്ല. പരമ്പരാഗത അർത്ഥത്തിലുള്ള കൊളോണിയലിസത്തിൽനിന്നും നിയോകൊളോണിയലിസത്തിൽനിന്നും അധിനിവേശ കുടിയേറ്റം (settler colonialism) പല രീതിയിലും വേറിട്ടു നിൽക്കുന്നു. ബ്രിട്ടീഷുകാരുടെ ഇന്ത്യയിലെ അധിനിവേശം പരമ്പരാഗത കൊളോണിയലിസത്തിന്റെ നല്ല ഉദാഹരണമാണ്. ഇന്ത്യയിൽ സ്ഥിര വാസമുറപ്പിക്കാൻ ബ്രിട്ടീഷുകാർ ഉദ്ദേശിച്ചിരുന്നില്ല. ഇവിടെ ആധിപത്യമുറപ്പിക്കുകയും കഴിയുന്നത്ര ചൂഷണം നടത്തി തങ്ങളുടെ മൂലധന സഞ്ചയത്തിനാക്കം കൂട്ടുകയും ചെയ്യുക എന്നതാണ് അവർ ലക്ഷ്യമിട്ടിരുന്നതും നടപ്പിലാക്കിയതും. ഇതിന് സൈനിക ശേഷിയും സാംസ്കാരിക മേൽക്കോയ്മയും അവരുപയോഗിച്ചു. ഇന്ത്യക്കാരുടെ കച്ചവടവും ഉല്പാദനപ്രവർത്തനങ്ങളും തകർക്കാൻ പറ്റുന്ന നയങ്ങൾ ഇതിനായി ആവിഷ്‌കരിച്ചു നടപ്പിലാക്കി. ഒരു മെട്രോപോളിറ്റൻ രാഷ്ട്രത്തിന്റെ താല്പര്യങ്ങൾ പ്രാന്തപ്രദേശത്തുള്ള തങ്ങളുടെ കോളനി രാജ്യങ്ങളുടെമേൽ ബലപ്രയോഗത്തിലൂടെ നടപ്പിലാക്കുക എന്ന രീതിയാണിത്. ഇത്തരമൊരവസ്ഥ തുടരുക അസാധ്യമായ ഘട്ടത്തിലാണ് പരമ്പരാഗത കൊളോണിയലിസം തകരുന്നത്.

പ്രത്യക്ഷമായ ആധിപത്യത്തിന്റെ സ്ഥാനത്ത് പരോക്ഷമായി സാമ്പത്തികവും രാഷ്ട്രീയവുമായ ആധിപത്യം ഉറപ്പിക്കുകയാണ് നവ കൊളോണിയൽ രീതി. അന്താരാഷ്ട്ര വ്യാപാര ഉടമ്പടികളിലൂടെയും സൈനിക കരാറുകളിലൂടെയും രാജ്യാന്തര മൂലധന നിക്ഷേപങ്ങളിലൂടെയുമൊക്കെയാണ് ഇത് സാധ്യമാകുന്നത് . ഇന്നത്തെ ഭൗമ രാഷ്ട്രീയം ഇതിന് സഹായകമാണ്. അധിനിവേശ കുടിയേറ്റം ഇതിൽ നിന്നൊക്കെ വിഭിന്നമാണ്.

ഞങ്ങൾ ഇവിടെ, നിങ്ങളുടെ വീട്ടിൽ, പാർപ്പുറപ്പിക്കാൻ പോകുന്നുവെന്ന് അധിനിവേശ കുടിയേറ്റക്കാർ ആദ്യംതന്നെ പ്രഖ്യാപിക്കുന്നു. ഇത് അനുനയത്തിന്റെ ഭാഷയിലോ, ബലം പ്രയോഗിച്ചോ, സാംസ്കാരികമായ മേൽകൈ ഉപയോഗിച്ചോ ഒക്കെയാകാം. കടന്നുവരുന്ന പ്രദേശത്ത് സ്ഥിരമായി പാർപ്പുറപ്പിക്കാനും അവിടെ ആധിപത്യം സ്ഥാപിക്കാനും ഉദ്ദേശിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത .അത് കഴിഞ്ഞാൽ ആ പ്രദേശത്തെ അധികാര ഘടനയെയാകെ മാറ്റിമറിക്കുക എന്നതാണ് അധിനിവേശ കുടിയേറ്റക്കാരൻ ചെയ്യുന്നത്. പ്രാദേശികമായി അതുവരെ തുടർന്നുപോന്നിരുന്ന നീതിയും നിയമങ്ങളും റദ്ദാക്കപ്പെടുകയും കുടിയേറ്റക്കാരന്റെ നീതിന്യായ സങ്കൽപ്പങ്ങൾ അടിച്ചേല്പിക്കപ്പെടുകയും ചെയ്യുന്നു.

ഭൂമിയുടെമേലുള്ള നിയന്ത്രണം തദ്ദേശവാസികളിൽ നിന്നും ബലം പ്രയോഗിച്ച് ഏറ്റെടുക്കുക എന്നതാണ് ആദ്യഘട്ടം. 1948 മുതൽ ഇന്നുവരെയുള്ള കാലയളവിൽ ഇസ്രയേൽ കൈവശപ്പെടുത്തിയ പലസ്തീൻകാരുടെ ഭൂമിയുടെ കണക്ക് നോക്കുക. അധിനിവേശത്തെ ശാശ്വതീകരിക്കാനുള്ള നടപടികളാണ് ഒന്നൊന്നായി പിന്നീട് നടപ്പിലാക്കുന്നത്. തങ്ങളുടെ മാതൃരാജ്യവുമായുള്ള ബന്ധം ഒരു വേള വിച്ഛേദിക്കപ്പെട്ടു കഴിഞ്ഞാലും അധിനിവേശ കുടിയേറ്റം തുടർന്നുകൊണ്ടേയിരിക്കും. അധിനിവേശാനന്തരം (Post Colonial) എന്നൊരവസ്ഥ ഇവിടെ ഉണ്ടാകില്ല. പ്രാദേശിക ജനതയെ ഒന്നുകിൽ ഉന്മൂലനം ചെയ്യുക, അല്ലെങ്കിൽ അവരുടെ മേലുള്ള രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ ആധിപത്യം പുലർത്തുക, ഇതിനായി തങ്ങളുടെ അധിനിവേശത്തെ ന്യായീകരിക്കാനുള്ള ആഖ്യാനങ്ങളുടെ കെട്ടഴിച്ചുവിടുക എന്നിവയാണ് അടുത്ത നടപടി. വാഗ്ദത്ത ഭൂമിയിലേക്കുള്ള മടക്കമെന്ന മതപരമായ മിത്ത് എത്ര അനായാസമായാണ് പലസ്തീനിലെ ജൂത കുടിയേറ്റത്തിനു സാധൂകരണമായി ഇന്ന് നിലനിൽക്കുന്നത്. പലസ്തീൻ ഒരു വിജന ഭൂപ്രദേശമായിരുന്നുവെന്നും അവിടെ തങ്ങളാണ് എല്ലാ വികസനവും കൊണ്ടുവന്നതെന്നുമുള്ള കപട ആഖ്യാനവും വെള്ളം ചേർക്കാതെ വിഴുങ്ങാൻ നമ്മുടെ നാട്ടിൽപോലും ഇന്ന് ആളുണ്ട്. തദ്ദേശ്ശീയരുടെ ഭൂമി പിടിച്ചുപറിച്ചു സ്വന്തമാക്കിയതിന്റെ ഏറ്റവും വലിയ ന്യായീകരണമാണിത്. വംശീയ മേൽക്കോയ്മാ സിദ്ധാന്തങ്ങളുടെ വ്യാപനമാണ് മറ്റൊന്ന്. വെള്ളക്കാരന്റെ ഉന്നതമായ ഗുണഗണങ്ങൾ, സാംസ്കാരികമായ ഉന്നതി, ജൂതരുടെ അനന്തമായ പ്രതിഭാശേഷി, കടന്നുകയറ്റക്കാരുടെ മതത്തിന്റെ മേൽക്കോയ്മകൾ എന്നിങ്ങനെയുള്ള ആഖ്യാനങ്ങൾ ഈ ഗണത്തിൽ പെട്ടതാണ്. മേൽക്കോയ്മയെ സാധൂകരിക്കാനായുള്ള അപരത്വ നിർമാണമാണ് അടുത്ത നടപടി. കറുത്തവന്റെ അക്രമവാസന, ബുദ്ധിപരമായി കാര്യങ്ങൾ ‘ചെയ്യാനുള്ള’ ശേഷിക്കുറവ്, അമിതമായ ലൈംഗിക വാഞ്ഛയുള്ള കോളനികളിലെ സ്ത്രീ പ്രജകൾ എന്നിങ്ങനെ അപരത്വ നിർമാണം മുറയ്ക്ക് നടക്കും. ഇപ്പുറത്താകട്ടെ സമാധാനപ്രിയരും, സാഹസികരും, കച്ചവട വ്യാവസായിക ആഭിമുഖ്യമുള്ളവർ. ഒരു കൂട്ടർ ലോകത്തെ മുന്നോട്ടു നയിക്കാൻ പ്രാപ്തരായവർ. മറു വശത്തുള്ളവർക്കാകട്ടെ മുന്നിലുള്ള ഏറ്റവും നല്ല പോംവഴി ഇവർക്ക് വിധേയരായി നിൽക്കുക മാത്രവും.

തെക്കേ അമേരിക്കയിലും വടക്കേ അമേരിക്കയിലും ദക്ഷിണാഫ്രിക്കയിലും ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലും യൂറോപ്യന്മാർ നടപ്പിലാക്കിയ അധിനിവേശ കുടിയേറ്റത്തിന്റെ മറ്റൊരു പകർപ്പാണ് സയണിസവുമെന്ന് ഐലാൻ പെപ്പേ വിശദമാക്കുന്നുണ്ട്. അധിനിവേശ കുടിയേറ്റം മൂന്ന് കാര്യങ്ങൾകൊണ്ട് ക്ലാസ്സിക്കൽ കൊളോണിയലിസത്തിൽനിന്നും വിഭിന്നമാണ് എന്നാണ് പെപ്പെയുടെ നിരീക്ഷണം. ഒന്ന്, ആദ്യഘട്ടത്തിൽ മാത്രമാണ് മാതൃ സാമ്രാജ്യത്വ രാജ്യത്തെ അധിനിവേശ കുടിയേറ്റം ആശ്രയിക്കുന്നത്. പലസ്തീനിലും ദക്ഷിണാഫ്രിക്കയിലും സംഭവിച്ചതുപോലെ ആദ്യകാലത്ത് പിന്തുണയ്ക്കുന്ന സാമ്രാജ്യത്വ ശക്തിയുടെ അതേ രാജ്യത്തുനിന്ന് വന്നവരായിരിക്കില്ല കുടിയേറ്റക്കാർ. മാതൃ സാമ്രാജ്യത്വ രാജ്യവുമായി ഒരു ഘട്ടത്തിൽ സംഘർഷത്തിലേർപ്പെടാൻ പോലും അവർ തയ്യാറായെന്നു വരും. രണ്ട്, പുതിയ രാജ്യത്തെ ഭൂമി കൈപ്പിടിയിലാക്കുക എന്നതാണ് അധിനിവേശ കുടിയേറ്റക്കാർ ലക്ഷ്യമിടുന്നതെങ്കിൽ തങ്ങൾ കീഴ്പ്പെടുത്തിയ പുതിയ ‘രാജ്യത്തെ പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കുകയാണ് ക്ലാസ്സിക്കൽ കൊളോണിയലിസ്റ്റുകൾ ചെയ്യുന്നത്. മൂന്ന്, സാമ്രാജ്യത്വത്തിന്റെ, അല്ലെങ്കിൽ മാതൃ രാജ്യത്തിന്റെ താല്പര്യങ്ങളുടെ ഭാഗമാണ് പരമ്പരാഗത കോളനിവൽക്കരണ പദ്ധതികൾ എങ്കിൽ പുതിയൊരു രാജ്യംതന്നെ സ്ഥാപിക്കുകയാണ് അധിനിവേശ കുടിയേറ്റക്കാർ.

‘നിഷ്കാസനത്തിന്റെ യുക്തി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രതിഭാസമാണ് അധിനിവേശ കുടിയേറ്റത്തിന്റേതെന്ന് പാട്രിക് വൊൾഫ് വാദിക്കുന്നു. ഇതിനാവശ്യമായ ധാർമിക ന്യായീകരണങ്ങളും ഉപകരണങ്ങളും അധിനിവേശ കുടിയേറ്റക്കാർ വികസിപ്പിച്ചെടുക്കുന്നു. നിഷ്കാസനത്തിന്റെ യുക്തിക്കൊപ്പം അപമാനവീകരണത്തിന്റെ യുക്തിയും ഈ പ്രക്രിയയിൽ പങ്കു ചേരുന്നുവെന്ന് ഐലാൻ പെപ്പേ പറയുന്നു.

ഈ ഇരട്ട യുക്തികളുടെ ഫലമായി അമേരിക്കയിലെ അധിനിവേശ കുടിയേറ്റക്കാർ അവിടത്തെ ആദിമനിവാസികളെയും അവരുടെ സംസ്കാരത്തെയും ഒന്നാകെ തുടച്ചു നീക്കി. തദ്ദേശീയ അമേരിക്കക്കാർ കൂട്ടക്കൊല ചെയ്യപ്പെടുകയും ക്രിസ്തുമതത്തിലേക്ക് ബലമായി പരിവർത്തനം ചെയ്യപ്പെടുകയുമുണ്ടായി. അവരുടെ അവശേഷിക്കുന്ന കേന്ദ്രങ്ങൾ ഒറ്റപ്പെട്ട തുരുത്തുകളായി മാറ്റപ്പെടുകയും ചെയ്തു. ഓസ്ട്രേലിയയിലെ ആദിമനിവാസികൾക്കും ന്യൂസിലൻഡിലെ മൗറീസുകൾക്കും ഇതേ വിധി തന്നെയാണുണ്ടായത്. ദക്ഷിണാഫ്രിക്കയിലെ തദ്ദേശീയ ജനതയാകട്ടെ വർണവെറിക്ക് ഇരയാവുകയും ചെയ്തു. 19‐ാം നൂറ്റാണ്ടു മുതൽ ഫ്രഞ്ച് കോളനിയായിരുന്ന അൾജീരിയയിൽ 1954ൽ ഏതാണ്ട് ഒരു ദശലക്ഷം യൂറോപ്യന്മാരാണ് പൗരരായി ഉണ്ടായിരുന്നത്. ഇവരുടെ അടിച്ചമർത്തലിലായിരുന്നു തദ്ദേശീയരായ അറബ് മുസ്ലിം ജനസമൂഹം. കാനഡയിലും ഓസ്ട്രേലിയയിലും നടന്ന അധിനിവേശ കുടിയേറ്റത്തിന്റെ ഇരകളാണ് ഇന്നും അവിടെയുള്ള ആദിമ ജനസമൂഹം. കനേഡിയൻ ജനസംഖ്യയുടെ 4 ശതമാനം വരുന്ന ഇവിടത്തെ ആദിമ വാസികളാണ് ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ജയിലുകളിൽ അടയ്ക്കപ്പെട്ടിരിക്കുന്നവരിൽ 25 ശതമാനവും. ഓസ്ട്രേലിയയിൽ ഇത് യഥാക്രമം 3 ശതമാനവും 27 ശതമാനവുമാണ് .കാനഡയിൽ ജയിലിൽ അടയ്‌ക്കപ്പെട്ടിരിക്കുന്ന സ്ത്രീകളിൽ മൂന്നിലൊന്നും ആദിമവാസികളാണ്. ശിശുക്ഷേമപദ്ധതികളിലൂടെ ജീവിച്ചുപോരുന്ന കുട്ടികളിൽ പകുതിയിലധികവും ആദിമവാസികളാണ്. ഇവരുടെ സാമ്പത്തിക സ്ഥിതിയിലേക്ക് വിരൽ ചൂണ്ടുന്ന വസ്തുതയാണിത്. നിർബന്ധിതമായി കുട്ടികളെ മാതാപിതാക്കളുടെ അടുത്തുനിന്നും അടർത്തിമാറ്റി മറ്റു ജീവിതാവസ്ഥകളിലേക്ക് പറിച്ചുനടുന്നതിനും ഇരകളാകുന്നത് ആദിമവാസികളാണ്. വീട്ടുജോലിക്കും മറ്റുമായാണ് ഇത് പലപ്പോഴും ചെയ്യുന്നത്. 1800നും 1970നുമിടയിൽ ഇത്തരത്തിൽ കാണാതായത് 10500 കുട്ടികളെയാണ്. (സമീപകാലത്തെ സൂപ്പർഹിറ്റ് സിനിമകളിലൊന്നായ ആർ ആർ ആറിലെ പ്രമേയം വികസിക്കുന്നത് ഇത്തരത്തിൽ വെള്ളക്കാർ ആദിമവാസികളിൽപെട്ട ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിൽ നിന്നുമാണ്). ഇതേ കാലയളവിൽ 150000 കുട്ടികളെയാണ് നിർബന്ധിതമായി റസിഡൻഷ്യൽ സ്കൂളുകളിലേക്ക് മാറ്റിയിരിക്കുന്നത്.

നരവംശശാസ്ത്രം, സോഷ്യോളജി, രാഷ്ട്രമീമാംസ എന്നിങ്ങനെയുള്ള വിവിധ ശാസ്ത്ര ശാഖകളിലേക്ക് അധിനിവേശ കുടിയേറ്റ പഠനങ്ങൾ വ്യാപിക്കുന്നത് സമീപ ദശകങ്ങളിലാണ്. ഒരടിസ്ഥാന പ്രശ്നം പലപ്പോഴും ഉയരുന്നത് കാണാം. അധിനിവേശക്കാരായി ആരെയൊക്കെ കണക്കാക്കാം എന്ന ചോദ്യമാണത്. ദേശരാഷ്ട്രങ്ങളുടെ അതിർത്തികൾ കടന്ന് ഇന്ന് നടക്കുന്ന അധീശ കുടിയേറ്റങ്ങളെ അടയാളപ്പെടുത്താൻ എളുപ്പമാണ്. പക്ഷേ ഒരു രാഷ്ട്രത്തിനകത്ത്, ദുർബല വിഭാഗങ്ങളുടെമേൽ വരേണ്യരും സമ്പന്നരും നടത്തുന്ന അധീശത്വ ശ്രമങ്ങളെ തിരിച്ചറിയാനും അടയാളപ്പെടുത്തുവാനും പല കാരണങ്ങളാലും ബുദ്ധിമുട്ടുണ്ടാകും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 + 8 =

Most Popular