പലസ്തീൻ വിഭജനവും ജൂതരാഷ്ട്രമെന്ന നിലയിൽ ഇസ്രയേൽ രൂപീകരണവും യാഥാർഥ്യമായതോടെയാണ് ഇസ്രയേൽ രാഷ്ട്രത്തിനുള്ളിൽ പ്രവർത്തിച്ചിരുന്ന കമ്യൂണിസ്റ്റുകാർ ഇസ്രയേൽ കമ്യൂണിസ്റ്റ് പാർട്ടി(ഹിബ്രു ഭാഷയിൽ മക്കി) എന്ന പേരിൽ പുനഃസംഘടിപ്പിക്കപ്പെട്ടത്. പ്രത്യേക രാഷ്ട്രമായി ഇസ്രയേൽ രൂപീകരിച്ചതിനെതിരെ പലസ്തീൻ അറബ് ദേശീയവാദികളും ഈജിപ്ത്, സിറിയ, ഇറാഖ്, ലബനൺ തുടങ്ങിയ അറബ് രാഷ്ട്രങ്ങളും ചേർന്ന് നടത്തിയ 1948ലെ യുദ്ധത്തിന്റെ പക്ഷത്തായിരുന്നില്ല പലസ്തീനിലെയും (ഇസ്രയേൽ ഉൾപ്പെടെയുള്ള) മറ്റ് അറബ് രാജ്യങ്ങളിലെയും കമ്യൂണിസ്റ്റ് പാർട്ടികൾ. ഈ നയം വ്യക്തമാക്കിക്കൊണ്ട് ഇറാഖി – സിറിയൻ – ലബനൺ കമ്യൂണിസ്റ്റ് പാർട്ടികൾ പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയിൽ പലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടിയും ഒപ്പുവെച്ചിരുന്നു.
1948 ഒക്ടോബറിൽ ഇസ്രയേൽ കമ്യൂണിസ്റ്റ് പാർട്ടി (മക്കി) ‘‘ഐക്യസമ്മേളനം’’ വിളിച്ചുചേർത്തു. പലസ്തീനിലും ഇസ്രയേലിലും സാർവദേശീയത ഉയർത്തിപ്പിടിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികൾ നിലവിൽ വരണമെന്ന പ്രമേയം അംഗീകരിച്ചു. ഇസ്രയേലിനൊപ്പം പലസ്തീൻ രാഷ്ട്രവും നിലവിൽ വരണമെന്ന തത്വത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. ഈ യോഗത്തിൽ സംസാരിച്ച ഇസ്രയേൽ കമ്യൂണിസ്റ്റ് നേതാവ് ഷുവേൽ മിക്കുനിസിന്റെ വാക്കുകൾ ഇങ്ങനെ: ‘‘കാര്യങ്ങൾ ഇപ്പോഴത്തേതുപോലെ തുടരുകയാണെങ്കിൽ, ഇസ്രയേൽ രാഷ്ട്രത്തിന്റെ മോചനത്തിനായുള്ള യുദ്ധം ജനാധിപത്യവിരുദ്ധമായ ആക്രമണ യുദ്ധമായി മാറിയേക്കും’’. അത്തരമൊരവസ്ഥയെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇസ്രയേൽ ശക്തമായി എതിർത്തു; എന്നാൽ അത് തടയാനുള്ള കരുത്ത് പാർട്ടിക്ക് ഉണ്ടായിരുന്നില്ല.
യുഎൻ വിഭജന പദ്ധതി പ്രകാരമുള്ള അതിർത്തിക്കുള്ളിൽ ഇസ്രയേൽ രാഷ്ട്രത്തെ അംഗീകരിക്കുകയെന്നതായിരുന്നു കമ്യൂണിസ്റ്റ് പാർട്ടിയുടെ (മക്കി) നയം. എന്നാൽ പാർട്ടി നേതൃത്വത്തിൽ ഭൂരിപക്ഷം ക്രമേണ ഈ നയത്തിൽനിന്ന് പിന്നോട്ടുപോകാൻ തുടങ്ങി. ജനാധിപത്യാവകാശങ്ങൾക്കായി സിയോണിസത്തിനെതിരെ പൊരുതുകയെന്നതിൽനിന്ന് ക്രമേണ പലസ്തീൻ അറബ് പൗരർക്ക് ജനാധിപത്യവും സാമൂഹ്യനീതിയും തുല്യാവകാശങ്ങളും ഒപ്പം ജൂത – അറബ് തൊഴിലാളികളുടെ അവകാശങ്ങളുമെല്ലാം ഇസ്രയേൽ ഭരണകൂടം അനുവദിക്കുക എന്ന നിലയിലേക്ക്, വലതുപക്ഷ വ്യതിയാനത്തിലേക്ക് മക്കി പാർട്ടി മാറി. എങ്കിലും ഇസ്രയേലിലെ മറ്റേതൊരു രാഷ്ട്രീയ പാർട്ടിയെക്കാളും ഉപരിയായി തുല്യതയ്ക്കും അറബി – ജൂത സംയുക്ത രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കും വേണ്ടി മക്കി പ്രതിബദ്ധതയോടെ ഉറച്ചുനിന്നിരുന്നു. 1949 – 1966 കാലത്ത് ഇസ്രയേലിലെ പലസ്തീൻ പൗരർക്കുമേൽ ഗവൺമെന്റ് അടിച്ചേൽപ്പിച്ച മർദ്ദന നടപടികളെ പാർട്ടി ശക്തമായി എതിർത്തു.
നെസറ്റിലെ (ഇസ്രയേൽ പാർലമെന്റ്) മക്കി പ്രതിനിധികളായ തൗഫിക് തുബിയുടെയും മീർ വിൽനറുടെയുമ ശക്തമായ ഇടപെടലുകൾ നടത്തി. കുഫ്ര് ഖാസിം കൂട്ടക്കൊലയെ തുറന്നു കാണിക്കുന്ന ഇവരുടെ കുറിക്കുകൊള്ളുന്ന പ്രസംഗങ്ങൾ സെൻസറിങ്ങിനു വിധേയമാക്കാൻ പോലും സിയോണിസ്റ്റ് ഭരണാധികാരികൾ മടിച്ചില്ല. (1956 ഒക്ടോബർ 29ന് ഇസ്രയേൽ – വെസ്റ്റ് ബാങ്ക് അതിർത്തിയിലെ അറബ് ഗ്രാമമായ കുഫ്ര് ഖാസിമിൽ ഇസ്രയേൽ അതിർത്തി പൊലീസ് നടത്തിയ കൂട്ടക്കൊലയിൽ 19 പുരുഷന്മാരും ആറ് സ്ത്രീകളും 23 കുട്ടികളുമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഒരു പൂർണ ഗർഭിണിയുമുണ്ടായിരുന്നു. ആ ഗർഭസ്ഥ ശിശുവിനെയും ചേർത്ത് കൂട്ടക്കൊലക്കിരയാക്കപ്പെട്ടത് 49 പേരാണ്. ഇസ്രയേലിലെ സിയോണിസ്റ്റ് ഭീകരഭരണം നടത്തിയിരുന്നതും നടത്തിക്കൊണ്ടിരിക്കുന്നതുമായ ഇത്തരം കൊടുംക്രൂരതകൾക്കെതിരെ ആ രാജ്യത്ത് പ്രതികരിച്ചത് അവിടത്തെയും ലോകത്താകെയുമുള്ള കമ്യൂണിസ്റ്റുകാരാണ്. മുഖ്യധാരാ മാധ്യമങ്ങൾ ഒരുകാലത്തും ഇത്തരം സംഭവങ്ങൾ റിപ്പോർട്ടു ചെയ്യാറുമില്ല).
1956ൽ ഫ്രാൻസിനും ബ്രിട്ടനും ഒപ്പം ചേർന്ന് ഇസ്രയേൽ, ഈജിപ്തിനെതിരെ നടത്തിയ സൂയസ് കനാൽ യുദ്ധത്തെ മക്കി ശക്തിയായി എതിർത്തു – ഈജിപ്തിനെതിരായ സാമ്രാജ്യത്വ കടന്നാക്രമണം എന്നു തന്നെയായിരുന്നു ഇതു സംബന്ധിച്ച പാർട്ടിയുടെ വിലയിരുത്തൽ. ഈ നിലയിലെല്ലാം ഇസ്രയേലിലെ പലസ്തീൻകാരുടെ അവകാശങ്ങൾക്കായി പൊരുതുന്ന രാഷ്ട്രീയ പ്രസ്ഥാനമെന്ന പ്രശസ്തി മക്കി (കമ്യൂണിസ്റ്റ് ) പാർട്ടിക്ക് കൈവന്നു. മാത്രമല്ല, ഇറാഖിൽ നിന്ന് ഇസ്രയേലിലേക്ക് കുടിയേറിയ സാഹിത്യ – സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരായ പലരും (ഷിമേൺ ബല്ലാസ്, ഡേവിഡ് സെമാക് തുടങ്ങിയവർ ഉൾപ്പെടെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇറാഖിലെ അംഗങ്ങളോ അനുഭാവികളോ ആയിരുന്നു .അവർ ഇസ്രയേലിൽ വന്നതിനെ തുടർന്ന് മക്കി പാർട്ടിയിൽ ചേരുകയും പാർട്ടി മുഖപത്രമായ അൽ – ഇത്തിഹാദിൽ സ്ഥിരമായി എഴുതുകയും ചെയ്തു.
സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം കോൺഗ്രസിൽ സ്റ്റാലിനെ തള്ളിപ്പറഞ്ഞത് ഉൾപ്പെടെ നികിത ക്രൂവ്ചേവ് കൊണ്ടുവന്ന നയങ്ങളെത്തുടർന്ന് ലോകത്തെ പല കമ്യൂണിസ്റ്റ് പാർട്ടികളും പലതരം സമീപനങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി. ഈ പശ്ചാത്തലത്തിൽ ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടി നേതാവ് പാൽമിറോ തോഗ്ലിയാത്തി പുതിയൊരു സിദ്ധാന്തം പുതിയ രൂപ ഭാവങ്ങളിൽ മുന്നോട്ടുവച്ചു. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഏതെങ്കിലുമൊരു പ്രത്യേക കേന്ദ്രത്തിന്റെ ആവശ്യമില്ലെന്നതും (ബഹു കേന്ദ്രിത പ്രസ്ഥാനം) ഓരോ രാജ്യത്തിനും സോഷ്യലിസത്തിലേക്ക് അതാതിന്റേതായ പാതയുണ്ടെന്നതുമായിരുന്നു തോഗ്ലിയാത്തി മുന്നോട്ടുവച്ച സിദ്ധാന്തം. തോഗ്ലിയാത്തി മുന്നോട്ടുവെച്ച നയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഇസ്രയേലി കമ്യൂണിസ്റ്റ് പാർട്ടി (മക്കി) സോഷ്യലിസത്തിലേക്കുള്ള ഇസ്രയേലി പാതയെ കുറിച്ച് ആലോചന തുടങ്ങി. ഇതിന്റെ ഭാഗമായി ജൂത ദേശീയ സംസ്കാരവുമായി ചേർന്നുനിൽക്കാനും ഇടതുപക്ഷ – സിയോണിസ്റ്റുകളുമായി കൂട്ടുകെട്ടുണ്ടാക്കാനും തുടങ്ങി.
മക്കിയിലെ അറബികളായ മിക്കവാറും എല്ലാ അംഗങ്ങളും ഈ സമീപനത്തോട് ശക്തമായി വിയോജിച്ചു. സൂയസ് യുദ്ധത്തിൽ ഇസ്രയേലിന്റെ സഖ്യകക്ഷിയായ ഫ്രാൻസ് സ്വാതന്ത്ര്യത്തിനായുള്ള അൾജീരിയൻ ജനതയുടെ പോരാട്ടത്തെ ഭീകരമായി അടിച്ചമർത്തിയതിലൂടെ പുറത്തുവന്നത് ഫ്രാൻസിന്റെ സാമ്രാജ്യത്വ നിലപാട് മാത്രമല്ല, ഇസ്രയേലും ആ ചേരിയിലാണെന്ന കാഴ്ചപ്പാടായിരിക്കണം ഇസ്രയേലി കമ്യൂണിസ്റ്റുകാർക്കുണ്ടാവേണ്ടത് എന്ന സമീപനമായിരുന്നു ഈ വിഭാഗം ഉയർത്തിയത്.
ജൂതരാഷ്ട്രം സ്ഥാപിക്കപ്പെടുന്നത് പശ്ചിമേഷ്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്വ മോഹങ്ങൾക്ക് സംഭവിക്കുന്ന കനത്ത അടിയായിരിക്കും എന്നായിരുന്നു 1947 –49 കാലത്ത് സോവിയറ്റ് യൂണിയൻ കരുതിയത്. എന്നാൽ 1956ലെ സൂയസ് യുദ്ധത്തെത്തുടർന്ന് ആ മേഖലയിലെ യഥാർഥ സാമ്രാജ്യത്വവിരുദ്ധ ശക്തികൾ ഈജിപ്ഷ്യൻ പ്രസിഡന്റ് ഗമാൽ അബ്ദുൽ നാസറിന്റെ നേതൃത്വത്തിലുള്ള അറബ് ദേശീയ പ്രസ്ഥാനമാണെന്ന് അവർ കണ്ടു. അതിന്റെ അടിസ്ഥാനത്തിൽ സോവിയറ്റ് പിന്തുണ ആ ചേരിക്കായി. ഇസ്രയേലിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടിന്റെ വിമർശകർക്ക്, അന്നത്തെ പാർട്ടിക്കുള്ളിൽ ന്യൂനപക്ഷത്തിന് ഈ സംഭവവികാസം കരുത്തു നൽകി. മാത്രമല്ല പലസ്തീൻകാർക്കിടയിലും ഇത് നാസറിനനുകൂലമായ വികാരം ശക്തിപ്പെടുന്നതിന് ഇടയാക്കി.
സാർവദേശീയ രംഗത്തുണ്ടായ ഈ മാറ്റം മക്കിയുടെ തിരഞ്ഞെടുപ്പ് സാധ്യതകളിലും പ്രതിഫലിച്ചു. 1955 ജൂലൈയിൽ നടന്ന തിരഞ്ഞെടുപ്പിലായിരുന്നു മക്കി മികച്ച വിജയം കരസ്ഥമാക്കിയത് – 4.5 ശതമാനം വോട്ടും നെസെറ്റിൽ ആറ് സീറ്റും; ആ സമയത്ത് പാർട്ടിക്ക് പ്രധാനമായും ജൂതരിൽ നിന്നായിരുന്നു കൂടുതൽ വോട്ട് ലഭിച്ചിരുന്നത്. ഈജിപ്തിൽ 1959ൽ കമ്യൂണിസ്റ്റുകാർക്കെതിരെ നാസർ കനത്ത ആക്രമണം അഴിച്ചുവിട്ടു. പലസ്തീൻകാർക്കിടയിൽ നാസറിനുണ്ടായിരുന്ന സ്വീകാര്യതമൂലം പലസ്തീൻ അറബികളിൽനിന്ന് കമ്യൂണിസ്റ്റുകാർക്ക് ലഭിച്ചിരുന്ന വോട്ടിൽ ഇടിവുണ്ടാവുകയും അതേസമയം തന്നെ ഈജിപ്തിന് സോവിയറ്റ് പിന്തുണ വർദ്ധിച്ചത് ജൂതർക്കിടയിലെ കമ്യൂണിസ്റ്റ് സ്വാധീനം കുറയ്ക്കുകയും ചെയ്തതോടെ 1959 നവംബറിൽ നടന്ന ഇസ്രയേലി തിരഞ്ഞെടുപ്പിൽ മക്കിക്ക് 2.8 ശതമാനം വോട്ടും 3 സീറ്റുമായി കുറയുന്ന സ്ഥിതിയുണ്ടാക്കി.
എന്നാൽ പലസ്തീൻകാരുടെ ഭൂമി ഇസ്രയേൽ ഭരണകൂടം പിടിച്ചെടുക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്തത് അറബ് സമൂഹത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം ക്രമേണ വർദ്ധിക്കുന്നതിനിടയാക്കി. 1960ൽ ഇസ്രയേൽ ഗവൺമെന്റ് രൂപീകരിച്ച ഇസ്രയേൽ ലാൻഡ് അതോറിറ്റി ഇസ്രയേലിലെ ഭൂമിയിൽ 92 ശതമാനത്തിലും അറബികൾക്ക് കൈമാറ്റാവകാശം നിഷേധിച്ചു. ആ വർഷം തന്നെ ഇസ്രയേലി കൃഷിമന്ത്രിയായിരുന്ന മോഷെ ദയാൻ വർണ്ണവിവേചന സ്വഭാവമുള്ള Consolidation of land law പാർലമെന്റിൽ കൊണ്ടുവന്നു. എന്നാൽ മക്കി വിജയകരമായി നടത്തിയ ജനകീയ പോരാട്ടത്തിലൂടെ ആ നിയമനിർമ്മാണത്തെ തടഞ്ഞു. ഇത് 1961 ആഗസ്തിൽ നടന്ന തിരഞ്ഞെടുപ്പിൽ മക്കിയുടെ വോട്ടും സീറ്റും വർധിപ്പിച്ചു. 4.2 ശതമാനം വോട്ടും നെസറ്റിൽ അഞ്ച് സീറ്റും തിരഞ്ഞെടുപ്പിലുണ്ടാക്കാൻ കഴിഞ്ഞ ഈ നേട്ടം കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ ശക്തിപ്പെട്ടുവന്നിരുന്ന ചേരിതിരിവിനെ താൽക്കാലികമായെങ്കിലും മയപ്പെടുത്തി. എന്നാൽ ഈ ജനവിധിക്ക് കാരണമായത് മക്കിയുടെ പലസ്തീൻ വോട്ടർമാരുടെ എണ്ണം ഇരട്ടിയായതാണ്; ഇങ്ങനെ പുതുതായിവന്നവരിൽ ഏറെയും പാർട്ടി അംഗങ്ങളോ അൽ– ഇത്തിഹാദിന്റെ വായനക്കാരോ ആയിരുന്നു.
എന്നാൽ പാർട്ടിക്കുള്ളിൽ അഭിപ്രായ ഭിന്നതയിൽ അയവുണ്ടായത് അധികകാലം നിലനിന്നില്ല. 1965ൽ പാർട്ടി രണ്ട് ചേരിയായി പിരിഞ്ഞു. ഒരു വിഭാഗം ഷൂമേൽ മിക്കുനുസി (Shmuel Mikunis )ന്റെയും മോഷേ സ്നേഹ (Moses Sneha ) യുടെയും നേതൃത്വത്തിൽ ജൂത വിഭാഗവും തൗഫീക് തോബി (Tawfiq tubil) യുടെയും മീർ വിൽനറു(Meir Vilner) ടെയും നേതൃത്വത്തിൽ പ്രധാനമായും അറബികൾ ഉൾപ്പെടുന്ന രക്ക ( ന്യൂ കമ്മ്യൂണിസ്റ്റ് ലിസ്റ്റ് ) വിഭാഗവും ആയി വഴിപിരിഞ്ഞു. ഇതിൽ മിക്കിനുസിന്റെയും സ്നേഹയുടെയും പക്ഷത്തിനാണ് മക്കി എന്ന പേര് ലഭിച്ചത്. കോടതിവിധിയിലൂടെയാണ് അവർ ആ പേര് നിലനിർത്തിയത്. എന്നാൽ സോവിയറ്റ് യൂണിയന്റെ പിന്തുണ രക്ക വിഭാഗത്തിനായിരുന്നു – ശരിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയായി സോവിയറ്റ് യൂണിയൻ അംഗീകരിച്ചത് രക്ക (Rakah ) വിഭാഗത്തെയായിരുന്നു. 1967ലെ ആറുദിന യുദ്ധവും തുടർന്ന് അറബ് ഭൂപ്രദേശങ്ങൾ ഇസ്രയേൽ പിടിച്ചടക്കിയതും ഈ രണ്ടു വിഭാഗങ്ങളും തമ്മിലുള്ള ഭിന്നത വർദ്ധിപ്പിച്ചു. മക്കി പാർട്ടി ഇടതുപക്ഷ സീയോണിസ്റ്റ് പ്രവണത മാത്രമായി മാറി. 1975 ആയപ്പോൾ അതിന്റെ പ്രവർത്തനം പൂർണമായും അസ്തമിച്ചു. അതേസമയം യുദ്ധം സംബന്ധിച്ച സോവിയറ്റ് ലൈൻ പിന്തുടർന്ന രക്കയ്ക്ക് ജൂതർക്കിടയിലുണ്ടായിരുന്ന പിന്തുണ ഏറെക്കുറെ അത് മൂലം ഇല്ലാതാക്കി. അതേസമയം അറബികൾക്കിടയിൽ നിന്ന് ഈ വിഭാഗത്തിന് കൂടുതൽ പിന്തുണ ലഭിച്ചു.
1975ൽ നടന്ന നസ്രേത്ത് (Nazareth) മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ് അറബികൾക്കിടയിൽ രക്കയ്ക്ക് ശക്തമായ പിന്തുണയുണ്ടെന്ന് ഉറപ്പാക്കി. രണ്ട് ദശകക്കാലമായി ശക്തമായ കമ്മ്യൂണിസ്റ്റ് സാന്നിധ്യമുണ്ടായിരുന്ന ആ നഗരത്തിൽ ആ തിരഞ്ഞെടുപ്പിൽ രക്ക വിഭാഗത്തിന് കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താൻ കഴിഞ്ഞു. അങ്ങനെ തൗഫീഖ് സിയാദ് (Tawfiq Ziad) ഇസ്രയേലിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മേയറായി; ഒരുപക്ഷേ മിഡിൽ ഈസ്റ്റ് പ്രദേശത്തുതന്നെ ഇതാദ്യമായിരിക്കാം. ഈ തിരഞ്ഞെടുപ്പ് വിജയത്തിലൂടെ കൈവരിച്ച ആത്മവിശ്വാസം മൂലം രക്ക പാർട്ടി, നാഷണൽ കമ്മിറ്റി ടു ഡിഫൻസ് ലാൻഡ് രൂപീകരണത്തിന് നേതൃത്വം നൽകി. 1976 മാർച്ച് 30ന് ഭൂദിന (land day) പൊതുപണിമുടക്കിന് ഈ കമ്മറ്റി ആഹ്വാനം നൽകി. അന്ന് നടന്ന പ്രകടനത്തിൽ പങ്കെടുത്ത ആറു അറബികളെ ഇസ്രായേൽ സേന വെടിവെച്ചു കൊലപ്പെടുത്തി. ഈ ദിനം പിന്നീട് എല്ലാവർഷവും പലസ്തീൻ അറബികൾ പ്രതിഷേധ ദിനമായി ആചരിച്ച് രക്തസാക്ഷികളുടെ ഓർമ്മ പുതുക്കി വരുന്നു.
പലസ്തീൻ ഭൂസമരത്തിൽ രക്ക വഹിച്ച നേതൃത്വപരമായ പങ്കിനെതുടർന്ന് അവർ 1976ൽ സമാധാനത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള ജനാധിപത്യമുന്നണിക്ക് (ഹദാഷ്–Democratic Front for peace and Equality) രൂപം നൽകി. ഇസ്രയേലിലെ വിവിധ ഇടതുപക്ഷ ഗ്രൂപ്പുകളെ ചേർത്തുണ്ടാക്കിയ ഒരു കൂട്ടുകെട്ടാണിത്. ഇതിലെ പ്രധാന ഘടകം രക്കയായിരുന്നെങ്കിലും തങ്ങളുടെ സ്വതന്ത്രനിലപാട് അവർ നിലനിർത്തി. അറബികളെ മാത്രമല്ല ജൂതരെയും ഇതിൽ അണിനിരത്താൻ രക്ക പാർട്ടിക്ക് കഴിഞ്ഞു. 1977ലെ നെസെറ്റ് തിരഞ്ഞെടുപ്പിൽ ഹദാഷിന് വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. 4.6 ശതമാനം വോട്ട്. 1965നുമുൻപ് അവിഭക്ത മക്കിയ്ക്ക് ലഭിച്ചിരുന്നതിനെക്കാൾ വലിയ നേട്ടമായിരുന്നു ഇത്. ജൂതരെയും അറബികളെയും ഒരുമിച്ച് അണിനിരത്തിയുള്ള രാഷ്ടീയ പ്രക്ഷോഭങ്ങൾക്കാണ് രക്കയും ഹദാഷും നേതൃത്വം നൽകിയത്.
1988ൽ രൂപീകരിക്കപ്പെട്ട അറബ് ഡമോക്രാറ്റിക് പാർട്ടി (ഹിബ്രുവിൽ മദ–Mada) ഇസ്രയേലിലെ അറബികൾ മാത്രമുള്ള ഒരു പാർട്ടിയാണ്. പിന്നീട് നാഷണൽ ഡമോക്രാറ്റിക് അലയൻസ് (ബലാദ് –Balad), അറബ് മൂവ്മെന്റ് ഫോർ റിന്യൂവൽ (താൾ–Ta’al), യുണെെറ്റഡ് അറബ് ലിസ്റ്റ് (റാം–Ra’am) എന്നിവയും രൂപീകരിക്കപ്പെട്ടു.
1989ൽ മക്കിയെന്ന പേരിൽ രക്ക വീണ്ടും പ്രവർത്തനം ആരംഭിച്ചു; സോവിയറ്റ് യൂണിയന്റെ പതനത്തിന്റെ തുടക്കത്തിലാണ് ന്യൂ കമ്യൂണിസ്റ്റ് ലിസ്റ്റ് (രക്ക) എന്ന പാർട്ടി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇസ്രയേൽ (മക്കി) എന്ന പേര് വീണ്ടെടുത്ത് പ്രവർത്തനം ശക്തിപ്പെടുത്താൻ തുടങ്ങിയത് എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. കോൾ ഹ അം (Kol Ha Am) എന്ന പേരിൽ ഹിബ്രുവിലും അൽ ഇത്തിഹാദ് (Al–Ittihad) എന്ന പേരിൽ അറബിയിലും മുഖപത്രങ്ങൾ പ്രസിദ്ധീകരിക്കാനും തുടങ്ങി.
2015ലെ തിരഞ്ഞെടുപ്പ് മുതൽ ഇസ്രയേലിലെ വലതുപക്ഷത്തിന് അറബ് പാർട്ടികളുടെയും അവയ്ക്കൊപ്പമുള്ള കമ്യൂണിസ്റ്റുകാരുടെയും പാർലമെന്ററി സാന്നിധ്യം ഇല്ലാതാക്കാനും അവയെ പാടെ തുടച്ചുനീക്കാനുമുള്ള നീക്കത്തിൽ ഒരുപരിധിവരെ വിജയം വരിച്ചതായി കാണാം. ജനാധിപത്യവിരുദ്ധമായ ഈ കടന്നാക്രമണത്തെ നേരിടാൻ കമ്യൂണിസ്റ്റു പാർട്ടി സംയുക്ത ലിസ്റ്റിന് (വിശാലമായ ഇടതുപക്ഷ –ജനാധിപത്യകൂട്ടുകെട്ട്) രൂപം നൽകി. 2015ലും 2019ലും 2020ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ഈ സംയുക്ത ലിസ്റ്റിന് 20,000ത്തിലധികം ജൂതവോട്ടുകൾ നേടാൻ കഴിഞ്ഞുവെന്നാണ് വിവിധ തിരഞ്ഞെടുപ്പ് വിശകലനങ്ങൾ വെളിപ്പെടുത്തുന്നത്. എന്നാൽ 2021ലെയും 2022ലെയും തിരഞ്ഞെടുപ്പുകളിൽ ആ സഖ്യത്തിൽ വിള്ളലുകൾ ഉണ്ടായതുമൂലം ജനവിധിയിൽ നേട്ടമുണ്ടാക്കാനായില്ല. 2020ൽ 4 നെസെറ്റ് സീറ്റ് ലഭിച്ച മക്കി പാർട്ടിക്ക് 2021ൽ 2 സീറ്റായി കുറഞ്ഞു. 2022ൽ അത് മൂന്ന് സീറ്റായി ഉയർന്നു. എങ്കിലും കടുത്ത ഭരണകൂട ആക്രമണങ്ങൾ നേരിടുമ്പോഴും, അതിതീവ്ര സിയോണിസ്റ്റ് പ്രത്യയശാസ്ത്ര സ്വാധീനം വർധിച്ചുവരുമ്പോഴും വർഗ നിലപാടിൽ ഉറച്ചുനിൽക്കുന്ന ഇസ്രയേൽ കമ്യൂണിസ്റ്റു പാർട്ടിയുടെ ശക്തമായ സാന്നിധ്യം അടയാളപ്പെടുത്താനാകുന്നുണ്ട്.
നെതന്യാഹു സർക്കാരിന്റെ ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നയങ്ങൾക്കും നടപടികൾക്കുമെതിരെ സമീപകാലത്ത് നടന്ന സമരങ്ങളിലെല്ലാം പ്രധാന പങ്കു വഹിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു പലസ്തീൻ ജനതയ്ക്കുനേരെ, പ്രതേ-്യകിച്ചും ഗാസയിലെ ജനങ്ങൾക്കെതിരെ ഇസ്രയേലിലെ വംശീയവാദികളായ ഫാസിസ്റ്റ് ഭരണാധികാരികൾ നടത്തുന്ന കടന്നാക്രമണത്തിനും കൂട്ടക്കൊലകൾക്കുമെതിരെ ശക്തമായ നിലപാട് പ്രഖ്യാപിച്ച് മുന്നോട്ടുവരുവാൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞുവെന്നത‍് ശ്രദ്ധേയമാണ്. പാർട്ടി പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു –
‘‘അധിനിവേശം അനന്തമായി തുടരുകയെന്ന ഫാസിസ്റ്റ് വലതുപക്ഷ സർക്കാർ പിന്തുടരുന്ന ക്രിമിനൽ കുറ്റമാണ് ഇപ്പോൾ ഒരു മേഖലയെയാകെ ബാധിക്കുന്ന യുദ്ധത്തിനിടയാക്കിയിരിക്കുന്നത്. ആ യുദ്ധം ഉടൻ അവസാനിപ്പിക്കണം. ഇതുപോലെയുള്ള പ്രയാസപൂർണമായ നാളുകളിൽ പോലും നിരപരാധികളായ പൗരരെ ഏതെങ്കിലും വിധത്തിൽ ദ്രോഹിക്കുന്ന ഏതു നടപടിയെയും, ഞങ്ങൾ കലവറയില്ലാതെ അപലപിക്കും, ഞങ്ങൾ വീണ്ടും വീണ്ടും ശബ്ദമുയർത്തും; രക്തച്ചൊരിച്ചിൽ ഒഴിവാക്കണമെന്ന് അഭ്യർഥിക്കുന്നു. അധിനിവേശത്തിന്റെ ഇരകളാക്കപ്പെട്ടവരുടെയാകെ ജൂതരും അറബികളും ഉൾപ്പെടെയുള്ളവരുടെ കുടുംബങ്ങളോടു ഞങ്ങൾ അനുശോചനം അറിയിക്കുന്നു….
നെതന്യാഹുവിന്റെ ഫാസിസ്റ്റ് ഗവൺമെന്റ് മാത്രമാണ് അപകടകരമായ ഈ അവസ്ഥയുടെ പൂർണ ഉത്തരവാദി’’. ♦