Wednesday, October 7, 2026

ad

Homeകവര്‍സ്റ്റോറിപാർട്ടിയെ തകർക്കാൻ ഗൂഢനീക്കം

പാർട്ടിയെ തകർക്കാൻ ഗൂഢനീക്കം

പി എം മനോജ്

കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലും സാധാരണക്കാരന്റെ ആശ്രയവുമായ സഹകരണ മേഖലയെ തകർക്കാനും, ഇടതുപക്ഷ പ്രസ്ഥാനത്തെ രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാനും ലക്ഷ്യമിട്ട് കേന്ദ്ര ഭരണകൂടം പയറ്റിയ ഏറ്റവും അപകടകരമായ പരീക്ഷണശാലയായിരുന്നു കരുവന്നൂർ സർവീസ് സഹകരണ ബാങ്ക്. അതിനുമുമ്പ് നോട്ടുനിരോധന കാലത്തു തന്നെ സഹകരണപ്രസ്ഥാനത്തിനെതിരായ ബിജെപിയുടെ വെല്ലുവിളികളും ആക്രോശങ്ങളും ഉയർന്നിരുന്നു. കേരളത്തിലെ സഹകരണ മേഖലയുടെ ഏറ്റവും ശക്തമായ സാന്നിധ്യം ഇടതുപക്ഷത്തിന്റേതാണ്, വിശേഷിച്ചും സിപിഐഎമ്മിന്റേതാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള ആക്രമണമാണ് ഉണ്ടായത്.

പ്രാദേശികമായ ഒരു സൊസൈറ്റിയിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ കേരള പൊലീസിനും സംസ്ഥാന സഹകരണ വകുപ്പിനും പൂർണ അധികാരവും നിയമസംവിധാനങ്ങളുമുണ്ടെന്നിരിക്കെയാണ്, കരുവന്നൂർ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഫെഡറൽ അധികാരങ്ങളെ ചവിട്ടിമെതിച്ചുകൊണ്ട് എൻഫോഴ്സ്-മെന്റ് ഡയറക്ടറേറ്റ് ഇരച്ചുകയറിയത്.

വ്യക്തിഗത നേതാക്കൾക്കെതിരെയുള്ള അന്വേഷണം എന്ന പതിവുരീതി വിട്ട്, സിപിഐ എം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെത്തന്നെ പ്രതിക്കൂട്ടിൽ നിർത്താനും പാർട്ടിയുടെ ജില്ലാ-, ഏരിയ കമ്മിറ്റികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും ലോക്കൽ കമ്മിറ്റി ഓഫീസുകൾ അറ്റാച്ച് ചെയ്യാനും തുനിഞ്ഞതിലൂടെ അതുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ വേട്ടയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.

സാധാരണക്കാരായ പാർട്ടി അംഗങ്ങളുടെ ലെവിയും പാർട്ടി ഫണ്ടുകളും അടങ്ങുന്ന പണത്തെ “രഹസ്യ അക്കൗണ്ട്’ എന്ന് മുദ്രകുത്തി രാഷ്ട്രീയ പാർട്ടികളുടെ ദൈനംദിന സംഘടനാ പ്രവർത്തനങ്ങളെയും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെയും സാമ്പത്തികമായി ശ്വാസംമുട്ടിക്കുക എന്നതായിരുന്നു ഇതിന്റെ യഥാർത്ഥ ലക്ഷ്യം. കോർപ്പറേറ്റ് നിയമങ്ങളുടെ ദുർവ്യാഖ്യാനത്തിലൂടെ ദേശീയ തലത്തിൽ ആസൂത്രണം ചെയ്ത കടന്നാക്രമണങ്ങളുടെ ഒരു ഭാഗമായിരുന്നു അത്.

കരുവന്നൂരിൽ സിപിഐ എമ്മി-നെതിരെയും, ഡൽഹി മദ്യനയ കേസിൽ ആം ആദ്മി പാർട്ടിക്കെതിരെയും പ്രയോഗിച്ചത് ഒരേ ആയുധമാണ്. ഷെൽ കമ്പനികളെയും കോർപ്പറേറ്റ് തട്ടിപ്പുകാരെയും പൂട്ടാൻ കൊണ്ടുവന്ന കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (PMLA) സെക്ഷൻ 70 രാഷ്ട്രീയ പാർട്ടികൾക്കെതിരായി പ്രയോഗിക്കുകയായിരുന്നു.

ജനപ്രാതിനിധ്യ നിയമപ്രകാരം ജനങ്ങൾക്കായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഒരു വാണിജ്യ കമ്പനിയെപ്പോലെ കണ്ട് ക്രിമിനൽ കേസിൽ പ്രതികളാക്കുന്ന ഈ ശൈലി സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്.

കോൺഗ്രസ് ഭരണകാലത്ത് രാഷ്ട്രീയ എതിരാളികളെ വരുതിയിലാക്കാൻ സിബിഐ എന്ന “കൂട്ടിലടച്ച തത്ത’യെയാണ് ഉപയോഗിച്ചിരുന്നതെങ്കിൽ, 2014-ന് ശേഷം ഇ ഡിയെ ഉപയോഗിച്ച് പ്രതിപക്ഷപാർട്ടികളുടെ സാമ്പത്തിക അടിത്തറതന്നെ തകർക്കുന്ന ക്രൂരമായ ഘടനാപരമായ വേട്ടയാടലുകളാണ് നടത്തിയത്. 2024 ലെ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് മരവിപ്പിച്ചതും ഇതേ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായിരുന്നു. അന്ന് അതിനെ ശക്തിയുക്തം എതിർത്ത കോൺഗ്രസ് കരുവന്നൂരിൽ എത്തിയപ്പോൾ അത്തരം നടപടികളെ കൈയയച്ച് പ്രോത്സാഹിപ്പിക്കുന്നതാണ് നാം കണ്ടത്.

പ്രതിപക്ഷത്തിന്റെ സാന്നിധ്യമാണ് പാർലമെന്ററി ജനാധിപത്യത്തിന്റെ കാവൽക്കണ്ണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷപാർട്ടികൾക്കുനേരെ നടത്തുന്ന ഈ കടന്നാക്രമണം ജനാധിപത്യത്തിന്റെ ഓരോ നെടുംതൂണിനെയും തകർക്കാൻ ലക്ഷ്യമിടുന്നതാണ്.

തുല്യമായ മത്സരരംഗം എന്ന ജനാധിപത്യ സങ്കൽപ്പത്തെ ഇത് റദ്ദുചെയ്യുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഭരണകക്ഷിക്ക് അളവറ്റ സാമ്പത്തിക-–അധികാര പ്രിവിലേജുകൾ ലഭിക്കുന്നതാണ് ഇതിന്റെ ഒരു വശം. പ്രതിപക്ഷ പാർട്ടികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചും നേതാക്കളെ വിചാരണയില്ലാതെ തടവറകളിൽ അടച്ചും കോടതി വരാന്തകളിൽ കുടുക്കിയിട്ടും ശക്തിചോർന്നവരാക്കി മാറ്റുന്നു എന്നതാണ് മറുവശം. വികലമായ മത്സരമാണ് ഇതോടെ അരങ്ങേറുക. സംഘപരിവാർ നയിക്കുന്ന കേന്ദ്രസർക്കാർ ഇത്തരമൊരു വന്യമായ ലക്ഷ്യത്തോടെയാണ് ഇഡിയെ കളത്തിലിറക്കിയത്. തൃശ്ശൂരിൽ അതിന്റെ ഫലം എങ്ങനെ അവർ അനുഭവിച്ചു എന്നത് പിന്നീട് തെളിഞ്ഞ കാര്യമാണ്.

ഭരണഘടനാപരമായി പൂർണമായും സംസ്ഥാന പട്ടികയിലുള്ള സഹകരണ മേഖലയിലേക്ക് ഇ ഡി കടന്നുകയറിയത് സംസ്ഥാനങ്ങളുടെ സ്വയംഭരണാധികാരത്തിനുമേലുള്ള കടന്നുകയറ്റമായിരുന്നു. കേരളത്തിന്റെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിച്ചുനിർത്തുന്ന സഹകരണ സ്ഥാപനങ്ങളെ അവഹേളിക്കാനാണ് ഇതിലൂടെ ശ്രമിച്ചത്.

പി എം എൽ എ നിയമത്തിലെ ജാമ്യം നിഷേധിക്കുന്ന കടുത്ത വ്യവസ്ഥകൾ ദുരുപയോഗം ചെയ്ത് ജനപ്രതിനിധികളെയും നേതാക്കളെയും മാസങ്ങളോളം തടവിലിടുന്നു. ഒടുവിൽ കോടതികൾ ജാമ്യമോ വിടുതലോ നൽകുമ്പോഴേക്കും രാഷ്ട്രീയമായ നാശനഷ്ടങ്ങൾ സംഭവിച്ചുകഴിഞ്ഞിരിക്കും. ഇത് നേരത്തെ കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിലുണ്ടായിരുന്നപ്പോൾ സിബിഐയെ ഉപയോഗിച്ച് മറ്റൊരു തരത്തിൽ പയറ്റിയ അതേ തന്ത്രമാണ്. 2006 ൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസമാണ് എസ്എൻസി ലാവ-്-ലിൻ കേസ് ഉമ്മൻചാണ്ടി സർക്കാർ സി ബി ഐ അന്വേഷണത്തിന് വിട്ടത് എന്നത് ഓർമയിൽ ഉണ്ടാകേണ്ടതാണ്.

ബിജെപി ഇപ്പോൾ ഉയർത്തുന്ന അഴിമതിക്കെതിരായ പോരാട്ടം എന്ന വ്യാജ ആഖ്യാനത്തിനുപിന്നിൽ ഒളിഞ്ഞിരിക്കുന്നത് ഭയാനകമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണ്. അത് കേവലം സിപിഐ എമ്മിനെ മാത്രം ലക്ഷ്യമിട്ടുള്ളതല്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തങ്ങൾക്ക് ബദലില്ലാത്ത അവസ്ഥയുണ്ടാക്കുക; അതിനായി പ്രാദേശിക- ഇടതുപക്ഷ- മതനിരപേക്ഷ പാർട്ടികളുടെ സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കുക, നേതാക്കളുടെ ആത്മവീര്യം കെടുത്തുക എന്നിവയാണ് യഥാർത്ഥ ലക്ഷ്യം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കോൺഗ്രസ് ഇതേ അവസ്ഥ നേരിടുന്നുണ്ട്. എന്നാൽ തീർത്തും അവസരവാദപരവും വഞ്ചനാപരവുമായ സമീപനമാണ് ആ പാർട്ടി സ്വീകരിക്കുന്നത്.

കടുത്ത ഏജൻസി സമ്മർദ്ദത്തിലൂടെ നേതാക്കളെ ഭയപ്പെടുത്തി ബിജെപി പാളയത്തിലെത്തിക്കുക എന്ന തന്ത്രത്തിൽ ഏറ്റവും വലിയ നഷ്ടം സംഭവിച്ച പാർട്ടിയാണ് കോൺഗ്രസ്. മറുകണ്ടം ചാടിയാൽ കേസുകൾ മരവിപ്പിക്കപ്പെടുകയോ റദ്ദാക്കപ്പെടുകയോ ചെയ്യുന്നു എന്നത് ഭരണകൂടത്തിന്റെ രാഷ്ട്രീയ അജൻഡയെ പൂർണമായും തുറന്നുകാട്ടുന്നു.

കേരളത്തിന്റെ പശ്ചാത്തലത്തിൽ ഗൗരവമായി കാണേണ്ട മറ്റൊരു വശമുണ്ട്. കരുവന്നൂർ വിഷയത്തിൽ സിപിഐ എമ്മി-നെ രാഷ്ട്രീയമായി തകർക്കാൻ ബിജെപിയും കേന്ദ്ര ഏജൻസികളും ചമച്ച കള്ളക്കഥകൾക്കൊപ്പം കണ്ണടച്ച് കൈകോർത്ത കോൺഗ്രസ് നേതൃത്വം തൃശൂരിലടക്കം ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള മണ്ണൊരുക്കിക്കൊടുക്കുകയായിരുന്നു. സ്വന്തം പാർട്ടിയുടെ ദേശീയ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്ര ഏജൻസികൾ മരവിപ്പിച്ചപ്പോൾ മാത്രമാണ് അവർ ഈ ഏജൻസി രാജിന്റെ അപകടം തിരിച്ചറിഞ്ഞത്.

ഇന്ന് കേരളത്തിലെ സഹകരണ മേഖലയെയും ഇടതുപക്ഷത്തെയും ഇല്ലാതാക്കാൻ പ്രയോഗിക്കുന്ന അതേ അന്യായമായ ആയുധം നാളെ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനുനേരെയും തിരിയും. കേന്ദ്ര ഏജൻസികളെ മുൻനിർത്തിയുള്ള രാഷ്ട്രീയ വേട്ട വെറുമൊരു കക്ഷിരാഷ്ട്രീയ തർക്കമല്ല. അത് നമ്മുടെ ഭരണഘടനയ്ക്കും ഫെഡറൽ റിപ്പബ്ലിക്കിന്റെ നിലനിൽപ്പിനും നേരെയുള്ള തുറന്ന യുദ്ധമാണ്. ഇതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത ജനകീയ ജാഗ്രതയും ശക്തമായ പ്രതിരോധവും ഉയർന്നുവന്നേ തീരൂ. യഥാർത്ഥത്തിൽ അത്തരം പ്രതിരോധം ഉയർന്നത് കേരളത്തിൽ തന്നെയാണ്.

ആർ എസ് എസ് നിയന്ത്രിക്കുന്ന, ജനാധിപത്യത്തെയും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെയാകെയും തിരസ്‌കരിക്കുന്ന മോദി –-ഷാ ഭരണത്തെ തിരിച്ചറിഞ്ഞുകൊണ്ടുള്ള ചെറുത്തുനിൽപ്പും ജനമുന്നേറ്റവും ബോധവൽക്കരണവും ഇനിയും ശക്തമാകേണ്ടതുണ്ട് എന്ന ആഹ്വാനമാണ് ഈ അനുഭവങ്ങൾ നൽകുന്നത്. l

എമ്പ്രാനൽപ്പം കട്ടു ഭുജിച്ചാൽ…

‘‘എമ്പ്രാനൽപ്പം കട്ടു ഭുജിച്ചാൽ അമ്പലവാസികളൊക്കെ കക്കും’’ എന്ന കവി വാക്യത്തെ സാർഥകമാക്കുന്നതാണ് ബിജെപിക്കുവേണ്ടിയുള്ള ഇഡിയുടെ ഗുണ്ടാപ്പിരിവ്. നാട് ഭരിക്കുന്ന ബിജെപിക്ക് പണമുണ്ടാക്കാൻ ഗുണ്ടാപ്പിരിവ് നടത്തുന്ന ഏജൻസിയായി ഇഡി മാറുമ്പോൾ അതിലെ ഉദ്യോഗസ്ഥർ സ്വന്തം കീശനിറയ്ക്കാനായും ഇതിനെ ഉപയോഗിക്കുന്നു. ഇത്തരം ചില ഉദ്യോഗസ്ഥർ മറ്റ് അനേ-്വഷണ ഏജൻസികളുടെ പിടിയിലായതിനെ തുടർന്നാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

ഒരു ബിസിനസ്സുകാരനെ വിരട്ടി കെെക്കൂലിയുടെ ഒന്നാം ഗഡുവായി 20 ലക്ഷം രൂപ വാങ്ങുന്നതിനിടയിൽ ഭുവനേശ്വറിൽ ഇഡി ഡെപ്യൂട്ടി ഡയറക്ടർ രഘുവംശി മറ്റൊരു അനേ-്വഷണ ഏജൻസിയായ സിബിഐയുടെ പിടിയിൽപ്പെട്ടു. തമിഴ്നാട്ടിൽ വേറൊരു ഉന്നത ഇഡി ഉദ്യോഗസ്ഥനെ ഒരു സർക്കാർ ഉദേ-്യാഗസ്ഥനിൽനിന്ന് വൻതുക കെെക്കൂലി വാങ്ങുന്നതിനിടയിൽ തമിഴ്നാട് പൊലീസ് അറസ്റ്റു ചെയ്തു. കേരളത്തിൽ 2020ൽ സ്വർണക്കടത്ത് കേസനേ-്വഷണത്തിന് നേതൃത്വം കൊടുക്കുകയും കള്ളക്കഥകൾ ചമച്ച് അറസ്റ്റിലായവരുടെ മൊഴികളെന്ന പേരിൽ മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തുകൊണ്ടിരുന്ന ഒരുന്നതനെ നിരവധി പരാതികളുയർന്നതിനെതുടർന്ന് കാശ്മീരിലേക്ക് പറഞ്ഞുവിടുകയും പിന്നീട് അയാളെ നിർബന്ധിത വിരമിക്കൽ നൽകി പുറത്താക്കുകയും ചെയ്തു. ഇപ്പോഴും ഇത്തരക്കാരാണ് ഇഡിക്ക്, പ്രതികൾ നൽകിയ മൊഴികൾ എന്ന പേരിൽ മാധ്യമങ്ങൾക്ക് കഥയെഴുതാൻ വേണ്ട വിഭവങ്ങൾ നൽകുന്നതും. വിരട്ടിയും മർദനമുറകളിലൂടെയും കള്ളമൊഴികൾ വാങ്ങി കേസിന് തെളിവുണ്ടാക്കുന്നതും ഇവരുടെ പണിയാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × 4 =

Most Popular