പത്തുവർഷം ഇടതുപക്ഷം ഭരിച്ചു. ഇനിയും തുടർഭരണം ഉണ്ടാകുന്നത് നാടിന് നല്ലതല്ല. അതുകൊണ്ട് ഭരണമാറ്റം ഉണ്ടാകണം. ഇതായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണവേളയിൽ ഉയർത്തപ്പെട്ട ആഖ്യാനം.
എന്നാൽ ഈ ആഖ്യാനത്തിനെതിരെ അപ്പോൾ തന്നെ എതിർവാദം ഉന്നയിക്കപ്പെട്ടിരുന്നു. അതായത്, പത്ത് വർഷം ശുദ്ധജലം കുടിച്ചു; അതുകൊണ്ട് ഇനികുറേക്കാലം ഓട വെള്ളം കുടിക്കണമെന്നാണോ മാറ്റം വേണമെന്നു പറയുന്നവർ വാദിക്കുന്നത്?
എന്തായാലും, പത്തുവർഷത്തെ എൽഡിഎഫ് ഭരണം മാറി. യുഡിഎഫ് അധികാരത്തിലേറിയിട്ട് ഇപ്പോൾ മൂന്നു മാസം പിന്നിട്ടിരിക്കുന്നു.
എന്നിട്ടോ, തുടക്കം തന്നെ പാളി. മുഖ്യമന്ത്രിയെ കണ്ടെത്താൻ തന്നെ രണ്ടാഴ്ചയെടുത്തു. അത്രയ്ക്കുണ്ടായിരുന്നു കൂട്ടയടി. മന്ത്രിമാരെ കണ്ടെത്താനും വകുപ്പുകൾ വിഭജിക്കാനും പിന്നെയും കാത്തിരിപ്പ്.
ഒടുവിൽ മന്ത്രിസഭ വന്നിട്ടോ? തുടക്കം തന്നെ ഡീലുകൾ ഉറപ്പിച്ചുകൊണ്ട് –ആർഎസ്-എസുമായി ഡീൽ, അദാനിയുമായി ഡീൽ… ഭരണചക്രം ശരിക്കും ലോക്-ഭവനിൽ നിക്ഷിപ്തമാക്കപ്പെട്ടു. സത്യപ്രതിജ്ഞ മുതൽ ഓണാഘോഷം വരെ സർക്കാർ പരിപാടികളിൽ ഇന്നേവരെയില്ലാത്ത വിധം വന്ദേമാതരം മുഴങ്ങി. അതും ഭരണഘടനാ നിർമാതാക്കൾ പാടില്ലെന്നു പറഞ്ഞ വരികൾ ഉൾപ്പെടെ പൂർണരൂപത്തിൽ.
കേരളം പത്തുവർഷത്തിനുശേഷം വീണ്ടും ഇരുട്ടിലാകുന്നു. ക്ഷേമത്തിന്റെ സ്ഥാനത്ത് ക്ഷാമം. പൊലീസ് തേർവാഴ്ച അറുതിയില്ലാതെ എത്തുന്നു. നുണകളുടെ കോട്ടകെട്ടി അതിനുള്ളിലിരുന്നു സർക്കാർ ജനങ്ങളെ പരിഹസിക്കുന്നു; വെല്ലുവിളിക്കുന്നു.
മാധ്യമ സ്വാതന്ത്ര്യം ശിങ്കിടികൾക്ക് സെലക്ടീവായി മാത്രം. സോഷ്യൽ മീഡിയക്ക് കട്ട് കടുപ്പിക്കുന്നു.
ഒാണക്കാലം വറുതിയുടെ കാലമായി. തൊട്ടാൽ പൊള്ളുന്ന വിലയിൽ ജനം വലയുന്നു. തമ്മിൽ തല്ലുന്ന മന്ത്രിമാർ ജനങ്ങളുടെ ദുരിതങ്ങൾക്കുനേരെ കണ്ണടച്ചിരുട്ടാക്കുന്നു. പിഎസ്-സിയെ നോക്കുകുത്തിയാക്കിയാലെന്താ? ബന്ധുനിയമനം പൊടിപൊടിക്കുന്നുണ്ടല്ലോ.
ജീവനക്കാർക്ക് കൂട്ടസ്ഥലം മാറ്റം, ഓണത്തിനു മുൻകൂർ ശമ്പളവും പെൻഷനും നൽകിയില്ല. ശമ്പള പരിഷ്കരണം കട്ടപ്പുറത്ത്. വികസനപ്രവർത്തനങ്ങൾ വാചകമേളകളിൽ മാത്രം ഒതുങ്ങുന്നു. വെട്ടിപ്പിനും കൊള്ളയ്ക്കും മാത്രം ഒരു കുറവുമില്ല. ഇവയിലേക്കെല്ലാം വെളിച്ചം വീശുന്നു ഈ ലക്കം കവർസ്റ്റോറി. വി ശിവൻകുട്ടി, കെ ജെ ജേക്കബ്, കെ ടി ജലീൽ, ഡോ. എം ജി സുരേഷ് കുമാർ, ഗിരീഷ് ചേനപ്പാടി, കെ ആർ മായ, രഘുനാഥൻ എം എന്നിവർ എഴുതുന്നു.
ഡോ. ടി എം തോമസ് ഐസക്



