തിരഞ്ഞെടുപ്പ് ഫലം വന്നാൽ മന്ത്രിസഭ രൂപീകരിക്കാൻ തങ്ങൾക്ക് മണിക്കൂറുകൾക്കുള്ളിൽ സാധിക്കും എന്നായിരുന്നു കോൺഗ്രസ് ഹെെക്കമാൻഡും സംസ്ഥാനത്തെ മുതിർന്ന നേതാക്കളും അവകാശപ്പെട്ടത്. തമിഴ് നാട്ടില്‍ തൂക്കു നിയമസഭയായിരുന്നിട്ടും ഗവര്‍ണര്‍ ഇടങ്കോലിട്ടിട്ടും മെയ് 10 ന് അവിടെ മന്ത്രിസഭ രൂപീകരിക്കാന്‍ സാധിച്ചു. എന്നാൽ രണ്ടാഴ്ചക്കാലം തികഞ്ഞ അനിശ്ചിതത്വത്തിലായിരുന്നു കേരള രാഷ്ട്രീയം. വി ഡി സതീശൻ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശവാദവുമായി രംഗത്തുവന്നു. എംഎൽഎമാരിൽ മഹാഭൂരിപക്ഷവും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും കെസിക്ക് അനുകൂലമായിരുന്നു. ഹെെക്കമാൻഡും കെസിയെ ആണ് പിന്തുണച്ചത്.
അതിനിടയിൽ വി ഡി സതീശന്റെ മംഗലാപുരം യാത്ര വിവാദമാകുന്നു. അദാനിയുടെ സ്വകാര്യവിമാനത്തിൽ അദാനി കമ്പനിയുടെ പ്രമുഖരുമായി സതീശൻ രഹസ്യ കൂടിക്കാഴ്ച നടത്തുന്നു. ദുരൂഹമായ ആ കൂടിക്കാഴ്ച മുഖ്യമന്ത്രിസ്ഥാനം ഉറപ്പാക്കാനും മറ്റു പല ഡീലുകള്‍ക്കും സതീശനെ തുണച്ചു എന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ വിശ്വസിക്കുന്നുണ്ട്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് സതീശന്റെ ചില നീക്കങ്ങള്‍ ഈ സംശയം ബലപ്പെടുത്തുന്നുണ്ട്.
മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയുൾപ്പെടെയുള്ള വർഗീയ ശക്തികളും സതീശനനുകൂലമായ നിലപാട് സ്വീകരിച്ചു. അതോടെ ഹെെക്കമാൻഡ് മുൾമുനയിലായി. വയനാട്ടിൽ നിന്നുള്ള എംപിയാണല്ലോ പ്രിയങ്കഗാന്ധി. ലീഗിനെയും ജമാ അത്തെ ഇസ്ലാമിയെയും സതീശനാദികളെയും പിണക്കിയാൽ അടുത്ത ലോക്-സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിക്കും എന്ന ഭീഷണിക്കുമുമ്പിൽ ഹെെക്കമാൻഡ് മുട്ടുകുത്തി. അതോടെ ഹെെക്കമാൻഡ് കെസിയെ കെെവിട്ടു.
21 പേരുള്ള മന്ത്രിസഭയിൽ കോൺഗ്രസുകാർ 12 പേരാണുള്ളത്. അതിൽ കെ മുരളീധരൻ മാത്രമേ വി ഡി സതീശനെ അനുകൂലിക്കുന്നതായുള്ളൂ. അൻവർ സാദത്തിനും ഐ സി ബാലകൃഷ്ണനും വേണ്ടി ചെന്നിത്തല പോരാടിയെങ്കിലും ഫലം കണ്ടില്ല. അവസാനം തന്റെ കൂടെ നിന്നവരെ തഴയുന്നതിന് കൂട്ടുനിന്ന് ആഭ്യന്തര മന്ത്രിസ്ഥാനം കൊണ്ട് ചെന്നിത്തലയ്ക്ക് തൃപ്തിപ്പെടേണ്ടി വന്നു. മന്ത്രിമാരിൽ 7 പേർ പ്രകടമായും കെ സി വേണുഗോപാലിനെ അനുകൂലിക്കുന്നവരാണ്. ചാണ്ടി ഉമ്മന് പ്രതീക്ഷ നൽകിയിട്ട് അവസാനനിമിഷം ഒഴിവാക്കി. എം വിൻസന്റിനെ മന്ത്രിയാക്കാത്തതിൽ ലത്തീൻ അതിരൂപത പരസ്യമായി രംഗത്തു വന്നു. അനൂപ് ജേക്കബിനും മാണി സി കാപ്പനും രണ്ടര വർഷംവീതമാണ് മന്ത്രിസ്ഥാനം നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. അതിൽ ഇരുവരും കടുത്ത നിരാശയിലും പരിഭവത്തിലുമാണ്.
നിരവധി തർക്കങ്ങൾക്കും തെരുവിലെയും സെെബർ ഇടങ്ങളിലെയും വെല്ലുവിളികൾക്കും ശേഷമാണ് ലീഗിലെ മന്ത്രിമാരെ തീരുമാനിക്കാൻ കഴിഞ്ഞത്. പി കെ ബഷീറും വി ഇ അബ്ദുൾ ഗഫൂറുമൊക്കെ കടുത്ത പോരാട്ടത്തിനൊടുവിലാണ് മന്ത്രിമാരായത്. പാണക്കാട്ടു തങ്ങളുടെ തീർപ്പുകൾക്കൊന്നും അണികളെ അടക്കിനിർത്താനായില്ല.
കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് ആദ്യം മുതലേ തങ്ങൾക്ക് രണ്ടു മന്ത്രിസ്ഥാനം വേണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ ഒരു മന്ത്രിക്കു പുറമേ ചീഫ് വിപ്പ് സ്ഥാനം നൽകാനേ കോൺഗ്രസ് തയ്യാറായുള്ളൂ. പി ജെ ജോസഫിന്റെ മകൻ അപു ജോൺ ജോസഫിനെ ചീഫ് വിപ്പാക്കിയതിൽ തോമസ് ഉണ്ണിയാടൻ കടുത്ത പ്രതിഷേധത്തിലാണ്.
വകുപ്പു വിഭജനത്തിന്റെ കാര്യത്തിലും പാർട്ടികളും പാർട്ടിക്കുള്ളിൽ മന്ത്രിമാരും തമ്മിൽ കടുത്ത ഭിന്നതയും തർക്കവുമുണ്ടായി. ഫിഷറീസ്, ഉന്നതവിദ്യാഭ്യാസം, രജിസ്ട്രേഷൻ, പൊതുമരാമത്ത് എന്നീ വകുപ്പുകളെ സംബന്ധിച്ചായിരുന്നു കടുത്ത അഭിപ്രായ വ്യത്യാസം ഉണ്ടായത്. ഉന്നത വിദ്യാഭ്യാസം കോൺഗ്രസ് കരസ്ഥമാക്കിയതിൽ ലീഗിന് കുറച്ചൊന്നുമല്ല അമർഷമുണ്ടായത്. അതിനുപകരം ഫിഷറീസ് തങ്ങൾക്കു കിട്ടണമെന്ന കടുംപിടിത്തത്തിലായിരുന്നു ലീഗ്. പൊതുമരാമത്ത് വകുപ്പിനു വേണ്ടി പി കെ ബഷീറും അബ്ദുൾ ഗഫൂറും തമ്മിൽ പൊരിഞ്ഞ പോരാട്ടത്തിലായിരുന്നു.
ധനകാര്യം, തുറമുഖം എന്നീ വകുപ്പുകൾ കൂടി വി ഡി സതീശൻ കെെവശംവയ്ക്കുന്നതിൽ കോൺഗ്രസിനുള്ളിൽ കടുത്ത അമർഷം പുകയുന്നുണ്ട്. എന്നുമാത്രമല്ല കോണ്‍ഗ്രസ്സ് മന്ത്രിമാരുടെ വകുപ്പുകളില്‍ മുഖ്യമന്ത്രി അനാവശ്യ കൈകടത്തലുകള്‍നടത്തുന്നതിലും മന്ത്രിമാര്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ട്. l



