ബ്രിട്ടീഷ് ഭരണ കാലത്ത് നിലനിന്നതും ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിൽ പറഞ്ഞിട്ടുള്ളതുമായ ഒരു പദവിയാണ്. ഈ നിയമപ്രകാരം സർവ്വാധികാരിയായ ബ്രിട്ടീഷ് രാജാവിന്റെ ഇന്ത്യയിലെ പ്രതിനിധിയാണ് ഗവർണർ ജനറൽ; സംസ്ഥാനങ്ങളിലെ അദ്ദേഹത്തിന്റെ പ്രതിനിധിയാണ് ഗവർണർ.
നമ്മുടെ ഭരണഘടനയിലും ഗവർണറെക്കുറിച്ചു പറയുമ്പോൾ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിലെ അതേ വാചകങ്ങൾ ഉപയോഗിച്ചിരിക്കുന്നു എന്നത് ഒരു വൈരുധ്യമാണ്. സംസ്ഥാനങ്ങളുടെ എക്സിക്യൂട്ടിവ് അധികാരം ഗവർണറിലാണ് ഭരണഘടനയും നിക്ഷിപ്തമാക്കിയിരിക്കുന്നത്; ഗവർണറെ ഉപദേശിക്കുക എന്നതാണ് ഭരണഘടന പ്രകാരം മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാന മന്ത്രിസഭയുടെ ചുമതല. ജനങ്ങൾ വോട്ടുചെയ്തു തിരഞ്ഞെടുത്ത നിയമസഭയോട് കൂട്ടുത്തരവാദിത്തമുള്ള മന്ത്രിസഭയുടെ ജോലി കേവലം ഉപദേശിക്കുക മാത്രമാണോ എന്ന് നമുക്ക് അമ്പരക്കാവുന്നതേയുള്ളൂ. അതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ അധ്യക്ഷനായ ഡോ ബി ആർ അംബേദ്കർ നൽകിയ മറുപടി തൃപ്തികരമായി ഈ ലേഖകന് ഒരിക്കലും തോന്നിയിട്ടില്ല. ഗവർണർക്ക് യാതൊരു തരത്തിലുള്ള എക്സിക്യൂട്ടീവ് അധികാരങ്ങളുമില്ല എന്നദ്ദേഹം ആവർത്തിച്ചു പറഞ്ഞു; മന്ത്രിസഭയുടെ ഉപദേശമനുസരിച്ചുമാത്രം പ്രവർത്തിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു. വിശാലാർത്ഥത്തിൽ അധികാരം ഒരു സ്ഥാപനത്തിലും കേന്ദ്രീകരിക്കാതിരിക്കാനാണ് ഇത്തരമൊരു സംവിധാനമെന്നും അദ്ദേഹം പറയുന്നുണ്ട്. അപ്പോഴും ഉപയോഗിച്ച വാചകങ്ങൾ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിലെ അതേ വാചകങ്ങൾ തന്നെയാണ് എന്നതാണ് കൂടുതൽ കുഴപ്പിക്കുന്ന വസ്തുത. ആ വ്യവസ്ഥ അധികാരത്തിന്റെ ദുർവിനിയോഗത്തിനു കാരണമാകുമെന്ന് മുൻകൂട്ടി കാണാൻ ഭരണഘടനാനിർമാണസഭയ്ക്ക് കഴിഞ്ഞില്ല എന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമായ കാര്യമാണ്.
സത്യത്തിൽ കോടതികളാണ് ഇക്കാര്യത്തിൽ സ്പഷ്ടത വരുത്തിയതും ഗവർണർ പദവിയെ ആലങ്കാരികമായ ഒന്നാക്കി ചുരുക്കിയതും. മന്ത്രിസഭയുടെ തീരുമാനങ്ങളനുസരിച്ചു പ്രവർത്തിക്കുക മാത്രമാണ് ഗവർണറുടെ ഉത്തരവാദിത്തമെന്നും അദ്ദേഹത്തിന് വിവേചനാധികാരം പ്രയോഗിക്കാവുന്നത് അത്യധികം ദുർലഭമായ അവസരങ്ങളിലാണെന്നും വിവിധ ഹൈക്കോടതികളും സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യ ഭരണാധികാരികൾക്കും ജനങ്ങൾക്കുമിടയിൽ ഇത്തരമൊരു സംവിധാനം ആവശ്യമില്ലാത്തതാണ് എന്നൊരു വാദം എന്നുമുണ്ടായിരുന്നു; എന്നാൽ ജനാധിപത്യ രീതി പിച്ചവച്ചുതുടങ്ങുന്ന ഒരു നാട്ടിൽ പലതരം നിയന്ത്രണങ്ങൾ ആശാസ്യമാണ് എന്ന് പൊതുവെ അംഗീകരിക്കപ്പെട്ടതുകൊണ്ടുമാത്രമാണ് ആ പദവി ഭരണഘടനയിൽ നിലനിൽക്കുന്നത്.
ഭരണഘടനാ വ്യവസ്ഥകൾ മൊത്തമായെടുത്താൽ തെളിഞ്ഞുവരുന്ന കാര്യം, മന്ത്രിസഭയുടെയോ നിയമസഭയുടെയോ തീരുമാനം ആവശ്യമായി വരികയാണെങ്കിൽ ഒന്നുകൂടി പരിശോധിക്കപ്പെടുന്നു എന്നുറപ്പുവരുത്താനുള്ള സംവിധാനമാണ് ഗവർണറുടേത് എന്നാണ്. നിയമസഭയിൽ ഭൂരിപക്ഷമുണ്ടെന്നു കരുതി ഏതുതരത്തിലുള്ള തീരുമാനവും ഏതു ബില്ലും പാസാക്കാം എന്നൊരവസ്ഥ ഭൂഷണമല്ല; സർക്കാർ സംവിധാനത്തിൽത്തന്നെ അതിനൊരു തടയിടേണ്ടതുണ്ട്. എന്നാൽ പുനരവലോകനത്തിനുശേഷവും മന്ത്രിസഭയോ നിയമസഭയോ എടുക്കുന്ന തീരുമാനമാകട്ടെ അന്തിമമായിരിക്കും; അവിടെ ഗവർണർക്കു റോളൊന്നുമില്ല. പിന്നെ അതിനെ നിയമപരമായി ചോദ്യംചെയ്യാമെന്ന് മാത്രം. ഡോ. അംബേദ്കർ പറഞ്ഞ നാമമാത്ര ഉപദേശത്തിന്റെ അവസരം നിലനിർത്തിക്കൊണ്ടുതന്നെ തീരുമാനങ്ങളെടുക്കാനുള്ള പൂർണ അവകാശം നിയമസഭയ്ക്കും മന്ത്രിസഭയ്ക്കുമായാണ് ഭരണഘടന ഉറപ്പിച്ചുവച്ചിട്ടുള്ളത്. അക്കാര്യത്തിൽ മറിച്ചുള്ള ഒരു വ്യാഖ്യാനത്തിനും യാതൊരു സാംഗത്യവുമില്ല.
നിർഭാഗ്യവശാൽ അടുത്തകാലത്തു കാണുന്ന ഒരു പ്രവണത ഗവർണർമാർ തങ്ങൾക്കില്ലാത്ത അധികാരം പ്രയോഗിക്കുകയും തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെയും അതിനോടുത്തരവാദിത്തമുള്ള മന്ത്രിസഭയുടെയും തീരുമാനങ്ങളെ പല വിധത്തിൽ അട്ടിമറിക്കുകയും ചെയ്യുന്നു എന്നതാണ്. നേരിട്ട് ഇടപെടാൻ ഭരണഘടന അനുവദിക്കാത്തതിനാൽ ഒന്നുകിൽ നിയമവ്യവസ്ഥയെ ദുർവ്യാഖ്യാനിച്ചും ദുരുപയോഗം ചെയ്തും തീരുമാനങ്ങൾ അലങ്കോലപ്പെടുത്തുക, അല്ലെങ്കിൽ തീരുമാനങ്ങൾ വച്ചുതാമസിപ്പിക്കുക; ദുർബലമായ മന്ത്രിസഭകളുള്ള സംസ്ഥാനങ്ങളിൽ ഭരണത്തിൽ നേരിട്ടിടപെടുക എന്നിവയൊക്കെയാണ് പല ഗവർണർമാരും ചെയ്യുന്നത്.
നമ്മുടെ രാജ്യത്തെ എക്സിക്യൂട്ടിവിന്റെ എല്ലാ പദവികളും സ്ഥാനങ്ങളും ഒന്നുകിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടതോ അല്ലെങ്കിൽ സുതാര്യവും വ്യവസ്ഥാപിതവും തുറന്നതുമായ ഒരു തിരഞ്ഞെടുപ്പുവഴി നിയമനം നടത്തപ്പെട്ടതോ ആണ്. ഇന്ത്യൻ പ്രസിഡന്റ് മുതൽ പഞ്ചായത്ത് വാർഡ് മെമ്പർമാർ വരെയുള്ളവർ തിരഞ്ഞെടുക്കപ്പെട്ടവരാണ്; ക്യാബിനറ്റ് സെക്രട്ടറി മുതൽ പഞ്ചായത്താപ്പീസിലെ പ്യൂൺ വരെ മുൻപറഞ്ഞ പ്രക്രിയയിലൂടെ നിയമിക്കപ്പെട്ടവരാണ്. ഇവയിൽ ഏതു പദവിയും ലഭിക്കാൻ ആർക്കും ശ്രമിക്കാം. എന്നാൽ സംസ്ഥാനങ്ങളുടെ എക്സിക്യൂട്ടീവ് അധികാരം നിക്ഷിപ്തമാക്കപ്പെട്ടിരിക്കുന്ന ഗവർണർ പദവിയിൽ ഒരാൾ എത്തുന്നത് തിരഞ്ഞെടുപ്പിലൂടെയോ സുതാര്യമായ നിയമനപ്രക്രിയയിലൂടെയോ അല്ല. കേന്ദ്രസർക്കാരിന്റെ ഉപദേശപ്രകാരം യാതൊരു മാനദണ്ഡവുമില്ലാതെ രാഷ്ട്രപതിയുടെ ഒരുത്തരവിലൂടെ നിയമിക്കപ്പെടുന്നവരാണിവർ. അവരുടെ നിയമന പ്രക്രിയയിൽ കേന്ദ്രസർക്കാരിനല്ലാതെ മറ്റാർക്കും റോളില്ല. നമ്മുടെ ജനാധിപത്യ സമ്പ്രദായത്തെ ഗവർണർമാർക്ക് ദുർബലപ്പെടുത്താൻ സാധിക്കുന്നതിന്റെ ഏറ്റവും പ്രധാന കാരണമായി ഈ ലേഖകന് തോന്നുന്നത് ജനാധിപത്യപരമല്ലാത്ത അവരുടെ നിയമനപ്രക്രിയ തന്നെയാണ്. l



