Saturday, November 23, 2024

ad

Homeചിത്രകലചിത്രകലയിലൂടെ വളർന്ന വാസ്‌തുശിൽപകല

ചിത്രകലയിലൂടെ വളർന്ന വാസ്‌തുശിൽപകല

കാരയ്ക്കാമണ്ഡപം വിജയകുമാർ

പ്രകൃതിയുടെ ചുറ്റുപാടുകൾക്കും ഭൂസ്ഥിതികൾക്കും കാലാവസ്ഥയ്ക്കും മനുഷ്യന്റെ നിത്യജീവിതരീതികൾക്കും അനുഗുണമായിട്ടായിരിക്കണം വാസ്തുശില്പകലയുടെ പൂർണതയോടെ വാസഗൃഹങ്ങൾ തയ്യാറാക്കപ്പെടുക. നമ്മുടെ വാസ്തു‌വിദ്യയുടെ പാരമ്പര്യം പരിശോധിക്കുമ്പോൾ തന്നെ അതു വ്യക്തമാവുകയും ചെയ്യുന്നു. ഗ്രാമീണശില്പികളുടെ കരവിരുതിനും സൗന്ദര്യബോധത്തിനും ഉദാഹരണങ്ങളായാണ് ഒരു ദേശത്തിന്റെ സാംസ്കാരിക പൈതൃകങ്ങളുടെ സാക്ഷാത്കാരം കൂടിയായ വാസഗൃഹങ്ങൾ രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്.

ചെലവ് കുറഞ്ഞ വീട് എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലോകപ്രശസ്തനായ വാസ്തുശില്പിയായിരുന്നു ലാറി ബക്കർ. വീട് വെയ്പിന് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്ന പ്രധാന റാമെറ്റീരിയൽ ചുടുകട്ടയായിരുന്നു. സിമന്റ്, കോൺക്രീറ്റ്, ഉരുക്ക് എന്നിവയ്ക്ക് പകരം ചുണ്ണാമ്പ് മിശ്രിതമാണ് ഉപയോഗിച്ചിരുന്നത്. സമുദ്രതീരത്തു നിന്നും കക്ക ശേഖരിച്ച് വലിയ ചൂളയിൽ ചൂടാക്കി ചുണ്ണാമ്പ് നിർമ്മിക്കുകയായിരുന്നു. ചുടുകട്ട അടുക്കിയുള്ള വീട് നിർമ്മാണ രീതിയിൽ ചുടുകട്ടയുടെ സ്വാഭാവിക നിറം നിലനിർത്തുകയും ചെയ്തിരുന്നു. ജനാലയ്ക്ക് കട്ടിളകൾ ഒഴിവാക്കി വായുവും വെളിച്ചവും കടക്കുന്ന തരത്തിൽലുള്ള രൂപ നിർമ്മിതിയാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. വീട് നിർമ്മിക്കുന്ന സ്ഥലത്തെക്കുറിച്ച് മണ്ണിനെക്കുറിച്ചും, ചുറ്റുപാടുകൾ, പ്രകൃതി ഇവയെക്കുറിച്ച് പഠിച്ചുകൊണ്ട് ആഡംബരം കുറഞ്ഞ വീടുകൾ അദ്ദേഹം നിർമ്മിച്ചിരുന്നു. ലാളിത്യം ജീവിതശൈലിയാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. ചെലവ് കുറഞ്ഞ കെട്ടിട നിർമ്മാണത്തിനും പ്രചാരണത്തിനും പ്രാധാന്യം നൽകുന്ന കോസ്റ്റ്ഫോർഡ് എന്ന സ്ഥാപനം സംസ്ഥാന സർക്കാർ ആരംഭിക്കുമ്പോൾ അതിന്റെ മേധാവിയായി നിയമിച്ചത് ലാറി ബക്കറെയായിരുന്നു.

നമ്മുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും സൗന്ദര്യശാസ്ത്രം വാസ്തുവിദ്യയിലേക്ക് സന്നിവേശിപ്പിച്ചുകൊണ്ട് നമ്മുടെ കൂട്ടത്തിലൊരാളായി ജീവിച്ചയാളാണ്‌ ലാറി ബേക്കർ എന്ന ലണ്ടനിലെ പെർമിംഗ് എന്ന സ്ഥലത്ത് ജനിച്ച ലോറൻസ് വിൽഫ്രഡ് ബേക്കർ.

വാസ്തുശില്പകലയുടെ ഗുരു എന്ന അവകാശപ്പെടാവുന്ന അദ്ദേഹത്തിന്റെ വാസ്തുവിദ്യയുടെ രസതന്ത്രത്തെക്കുറിച്ചല്ല ഇവിടെ പ്രധാനമായി പരാമർശിക്കുന്നത്, മറിച്ച് വാസ്തുവിദ്യയോടൊപ്പം അദ്ദേഹം കയ്യാളിയിരുന്ന ചിത്രകലയെക്കുറിച്ചും അദ്ദേഹം രചിച്ച ചിത്രങ്ങളെ കുറിച്ചുമാണ് ഇവിടെ പരാമർശിക്കുന്നത്. ചിത്രകലയുടെ അടിസ്ഥാനസങ്കേതങ്ങളിലൂടെയാണ് ലാറി ബേക്കർ വസ്തു ശില്പകലയെ സമീപിച്ചതെന്ന് വ്യക്തം. പ്രൊഫ. ആർ വി ജി മേനോൻ അനർട്ട് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്ന കാലത്തു നടന്ന ഒരു ദേശീയ പ്രദർശന പബ്ലി നിർമ്മാണവുമായി ബന്ധപ്പെട്ട് ഈ ലേഖകന് ബേക്കറുമായി ചെറിയൊരു സൗഹൃദത്തിന് അവസരമുണ്ടായി. അനർട്ടിനുവേണ്ടി തയ്യാറാക്കേണ്ട പവലിയന്റെ രൂപരേഖ സ്കെച്ച് പെൻ കൊണ്ട് അദ്ദേഹം തയ്യാറാക്കിയതും, വേണ്ട നിർദ്ദേശങ്ങൾ തന്നതും മറക്കാനാവുന്നില്ല. വളരെ പെട്ടെന്ന് തയ്യാറാക്കുന്ന സ്കെച്ചുകളിൽ പവലിയന്റെ രൂപരേഖയോടൊപ്പം പവലിയന്റെ പശ്ചാത്തല ക്രമീകരണങ്ങളും രേഖകളിലൂടെ പ്രകൃതിദൃശ്യത്തിന്റെ യഥാതഥമായ അവതരണവും മികച്ച ചിത്രകാരനുമാത്രം നിർവഹിക്കാനാവും വിധമായിരുന്നു അദ്ദേഹം വരച്ചു ചേർത്തത്.

ലാറി ബേക്കർ വിട പറഞ്ഞിട്ട് 17 വർഷം പൂർത്തിയാവുകയാണ്.

ലാറി ബേക്കറിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹം രചിച്ച പെയിന്റിങ്ങുകളുടെ പ്രദർശനം തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരുന്നു കോസ്റ്റ്ഫോർഡും, അലയൻസ് ഫ്രാൻസെസും,ചില സുഹൃത്തുക്കളും ചേർന്ന് സംഘടിപ്പിച്ച ഈ പ്രദർശനം ലാറി ബേക്കറിലെ ചിത്രകാരനെ അടുത്തറിയാത്തവർക്ക് ഒരു അവസരം കൂടിയായിരുന്നു. ഇങ്ക് ഡ്രോയിങ്ങുകളും, അക്രലിക്ക്,എണ്ണച്ചായം എന്നീ മാധ്യമങ്ങളിലുള്ള പെയിന്റിംങുകളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഓർഗൺ വായനയിൽ താല്പര്യമുള്ള ലാറി ബേക്കറിന്റെ സംഗീത സാന്ദ്രമാകുന്ന നിറച്ചേരുവകളും നാട്ടിൻപുറത്തെ ഗ്രാമീണ ഭാവവും ലാളിത്യമാർന്ന നാട്ടുവഴികളും രേഖകളിലൂടെയും രൂപങ്ങളിലൂടെയും നിറങ്ങളിലൂടെയും പകർത്തുന്നതിൽ പുതിയൊരു ശൈലീസങ്കേതം സ്വരൂപിക്കാനും ഈ അതുല്യപ്രതിഭയ്ക്ക് കഴിഞ്ഞിരുന്നു തന്റെ ചിത്രങ്ങളിലൂടെ. വാസ്തു ശില്പകലയിൽ നിന്ന് ചിത്രകലയിലേക്കുള്ള ദൈർഘ്യം കുറവായിട്ടാണ് ഈ കലാകാരനു മുന്നിൽ അനുഭവപ്പെടുന്നതെന്ന് അദ്ദേഹം രചിച്ചിട്ടുള്ള ചിത്രങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. പ്രകൃതിദൃശ്യങ്ങൾക്കും വാസ്തുശില്പകലയ്ക്കും പ്രാധാന്യംനൽകുന്ന കെട്ടിടങ്ങൾ ഉൾപ്പെടുന്ന ദൃശ്യങ്ങളും അദ്ദേഹം കൂടുതലായി വരച്ചുകാട്ടി. കേരളത്തിന്റെ ഗ്രാമീണഭംഗിക്കണങ്ങുന്ന പ്രകൃതിയുമായി ഇഴചേർന്നു നിൽക്കുന്ന വാസ്തുശൈലി അദ്ദേഹം സ്വരൂപിക്കുന്നതിന് പിൻബലമായി വർത്തിച്ചത് തന്റെ മുന്നിലെ പ്രകൃതിയുടെ അനന്തമായ കാഴ്ചകളാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധവും രേഖാചിത്രങ്ങളിൽ തെളിയുന്ന രേഖകളുടെ ലാളിത്യവും കൊണ്ടും പൂർണത പകരുന്ന ഇരുളും, വെളിച്ചത്തിന്റെയും അവതരണങ്ങളാലും ശ്രദ്ധേയങ്ങളായിരിക്കുന്നു.

നിറങ്ങൾ ഉപയോഗിക്കുന്നതിൽ മികച്ച ചിത്രകാരന്റെ രചനാ കൗശലം പ്രകടമാക്കുന്നവയാണവ. സുതാര്യമായ നിറങ്ങളിലൂടെ ജലച്ചായ രചന നടത്തുമ്പോഴും ഒപ്പേക്കായ അക്രലിക്ക്, എണ്ണച്ചായ രചന നടത്തുമ്പോഴും ശ്രദ്ധിക്കേണ്ട വെളിച്ചത്തിന്റെ സ്രോതസ്സും അപ്പോൾ ചിത്രതലത്തിൽ ദൃശ്യമാകുന്ന നിറങ്ങളുടെ വൈവിധ്യവും ഏറെ സൗന്ദര്യാത്മകമായി പ്രകൃതിദൃശ്യങ്ങളിൽ ഇദ്ദേഹം ആവിഷ്കരിച്ചിരിക്കുന്നു. ബേർഡ്‌ റോക്ക്‌ പെയിന്റിങ്ങിലും ബേക്കർ ശൈലി കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചിരുന്നു, അതിൽ അദ്ദേഹം വിജയിച്ചിട്ടുമുണ്ട്. ചിത്രതലത്തിലുള്ള രൂപ നിർമ്മിതിയിൽ നിഴലും വെളിച്ചവും സൂക്ഷ്മമായി ഉപയോഗിച്ചിരിക്കുന്നതു പോലെ പേഴ്സ്പെക്റ്റീവ് സിദ്ധാന്തവും ചിത്രങ്ങൾക്ക് അനുസൃതമായി ഉപയോഗിച്ചു കാണുന്നുണ്ട്. ഒരു മികച്ച വാസ്തു ശില്പിയുടെ മനസ്സ് ഇവിടെ തെളിഞ്ഞുകാണാം. പൊതുവേ ചിത്രകലയുടെ പ്രായോഗിക പഠന പദ്ധതി പൂർണമായി സ്വീകരിച്ചു കൊണ്ട് ആധുനികമായ കാഴ്ചപ്പാടോടുകൂടിയാണ് ഓരോ ചിത്രവും അദ്ദേഹം രചിച്ചിട്ടുള്ളത്. കേരളത്തിലെയും ഭാരതത്തിലെയും പ്രധാന സ്ഥലങ്ങളൊക്കെ (ഹിമാലയസാനുക്കളുൾപ്പെടെ) അദ്ദേഹം തന്റെ ചിത്രരചനയ്ക്ക് മോഡലായി സ്വീകരിച്ചിട്ടുണ്ട്. നിരവധിയായ കൊളാഷ് ചിത്രങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.

വാസ്തുശില്പകലയിൽ ഉൾപ്പെടുന്ന എല്ലാ ജോലികളിലും അദ്ദേഹം താൽപര്യം കാണിക്കുകയും അത്തരം പ്രവൃർത്തികൾ യാതൊരു മടിയുമില്ലാതെ തൊഴിലാളികൾക്ക് ഒപ്പം നിന്ന് നിർവഹിക്കുകയും ചെയ്യുമായിരുന്നു. നല്ലൊരു മരപ്പണിക്കാരനും മെയ്സനും ആയിരുന്നു അദ്ദേഹം. ചോക്ക് കൊണ്ട് ചിത്രങ്ങൾ വരച്ചുകാട്ടിയും അണിഞ്ഞുകാട്ടിയും ‘ബേക്കർജി’ പണിക്കാർക്കിടയിൽ അതുല്യ നിധിയായി മാറി.

1917ൽ ലണ്ടനിലെ ബിർമിംഗ്ഹാം എന്ന സ്ഥലത്ത് ജനിച്ച ലാറി ബേക്കർ 1938ൽ ആർക്കിടെക്റ്റിൽ ബിരുദം നേടി. 1945ലാണ് ഇന്ത്യയിൽ എത്തുന്നതും തുടർന്ന് കേരളത്തിന്റെ മണ്ണിൽ സ്ഥിരതാമസമാക്കുന്നതും. പത്മശ്രീ അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. നോബൽ പ്രൈസിനും പരിഗണിക്കപ്പെട്ട വാസ്തുശില്പകലാചാര്യനായിരുന്നു ലാറി ബേക്കർ.

അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ലാറി ബേക്കർ സെന്റർ ഫോർ ഹബിറ്റാറ്റ് സ്റ്റഡീസ് എന്ന പേരിലുള്ള സ്ഥാപനം തിരുവനന്തപുരം വിളപ്പിൽശാലയിൽ സജീവമായി പ്രവർത്തിച്ചുവരുന്നുണ്ട്.വാസ്തു ശില്പകലയിലെ പുതിയ പരീക്ഷണങ്ങളും പുതിയ കാലത്ത് വാസ്തു ശില്പകല എങ്ങനെയാണ് മനുഷ്യ ജീവിതവുമായി ചേർന്നുനിൽക്കേണ്ടതെന്നുമുള്ള പഠനങ്ങളും ഇവിടെ നടന്നുവരുന്നു. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 − 12 =

Most Popular