Monday, May 20, 2024

ad

Homeഅഭിമുഖംസാമ്രാജ്യത്വപ്രചാരണവും പാശ്ചാത്യ ഇടതു ബുദ്ധിജീവികളുടെ പ്രത്യയശാസ്ത്രവും: 1

സാമ്രാജ്യത്വപ്രചാരണവും പാശ്ചാത്യ ഇടതു ബുദ്ധിജീവികളുടെ പ്രത്യയശാസ്ത്രവും: 1

പരിഭാഷ: പി എസ്‌ പൂഴനാട്‌

കമ്യൂണിസ്റ്റ് വിരുദ്ധതയും സ്വത്വരാഷ്ട്രീയവും മുതൽ ജനാധിപത്യമിഥ്യകളും ഫാസിസവും വരെ

ചൈനീസ് അക്കാഡമി ഓഫ് സോഷ്യൽ സയൻസസിലെ ഗവേഷകനും വേൾഡ് സോഷ്യലിസം സ്റ്റഡീസിന്റെ എഡിറ്ററുമായ ഷാവോ ഡിങ്കിയുമായുള്ള ഈ അഭിമുഖത്തിൽ, ഫ്രഞ്ച് തത്വചിന്തകനും കമ്യൂണിസ്റ്റ് ആക്ടിവിസ്റ്റുമായ ഗബ്രിയേൽ റോക്ക്ഹിൽ, പാശ്ചാത്യ ഇടതുപക്ഷ ബുദ്ധിജീവികളിലൂടെയും അവരുടെ സ്ഥാപനങ്ങളിലൂടെയും എങ്ങനെയാണ് മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും പ്രത്യയശാസ്ത്രത്തെ അമേരിക്കൻ സിഐഎയും അനുബന്ധ ഏജൻസികളും പ്രചരിപ്പിച്ചതെന്ന് സൂക്ഷ്മമായി വിശദീകരിക്കുന്നു. ഈ അവസ്ഥ ബുദ്ധിജീവികൾക്കിടയിൽ ഇന്നും തുടരുകയാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.!

പ്രശസ്ത ഫ്രഞ്ച് തത്വചിന്തകരായ ഴാങ് ദെറീദയുടെയും അലൻ ബോദ്യൂവിന്റെയും ശിഷ്യനും പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലെ ഫിലോസഫി പ്രൊഫസറുമായ ഗബ്രിയേൽ റോക്ക്ഹിൽ സംസാരിക്കുന്നു..

ഷാവോ ഡിങ്കി: ശീതയുദ്ധകാലത്ത്, യുഎസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ) എങ്ങനെയാണ് “സാംസ്കാരിക ശീതയുദ്ധം” (Cultural Cold War) സംഘടിപ്പിച്ചത് ? CIA യുടെ കോൺഗ്രസ് ഫോർ കൾച്ചറൽ ഫ്രീഡം എന്ന സംഘടന എന്ത് പ്രവർത്തനങ്ങളാണ് ഏറ്റെടുത്തത് ?എന്ത് സ്വാധീനമാണ് ഇത് ഉണ്ടാക്കിയെടുത്തത് ?

ഗബ്രിയേൽ റോക്ക്ഹിൽ: കമ്മ്യൂണിസത്തിന്റെ സ്വാധീനത്തെ ചെറുക്കുന്നതിനും തടയുന്നതിനും അതിലൂടെ ആത്യന്തികമായി കമ്യൂണിസത്തെത്തന്നെ തകർക്കുന്നതിനും നശിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള ബഹുമുഖമായ ഒരു സാംസ്കാരിക ശീതയുദ്ധമായിരുന്നു മുതലാളിത്ത രാജ്യങ്ങളിലെ ഭരണകൂട ഏജൻസികളുടെയും വിവിധ ഫൗണ്ടേഷനുകളുടെയും സഹായസഹകരണങ്ങളോടെ സിഐഎ നടപ്പിൽവരുത്തിയത്. ഈ പ്രചാരണയുദ്ധമാകട്ടെ അന്തർദേശീയമായ വ്യാപ്തിയുള്ള ഒന്നായിരുന്നു. അതിന് വ്യത്യസ്തങ്ങളായ നിരവധി മാനങ്ങളും ഉണ്ടായിരുന്നു. അവയിൽ ചിലത് മാത്രം സൂചിപ്പിക്കാനാണ് ഞാനിവിടെ ശ്രമിക്കുന്നത്. തുടക്കത്തിൽ തന്നെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് പ്രധാനമാണെന്ന് തോന്നുന്നു. ഈ പ്രാചാരണയുദ്ധത്തിന് അതിവിപുലമായ വ്യാപനവും വലിയതരത്തിലുള്ള വിഭവങ്ങളും സന്നിവേശിപ്പിക്കപ്പെട്ടെങ്കിലും അതിന് പലയിടങ്ങളിൽ നിന്നും വലിയ തിരിച്ചടിയും പരാജയങ്ങളും ഏറ്റുവാങ്ങേണ്ടിവന്നു എന്ന വസ്തുതയാണത്. ഈയൊരു പ്രചാരണയുദ്ധത്തിന്റെ സംഘർഷാവസ്ഥ ഇന്നും എങ്ങനെയാണ് തുടരുന്നതെന്ന് വ്യക്തമാക്കുന്നതിനായി ഒരു സമീപകാല ഉദാഹരണം പരിശോധിക്കുന്നത് നന്നായിയിരിക്കും. റൗൾ അന്റോണിയോ കപോട്ട് എന്നയാൾ തന്റെ 2015ലെ പുസ്തകത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തുന്നുണ്ട്. ബുദ്ധിജീവികളെയും എഴുത്തുകാരെയും കലാകാരന്മാരെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട് ക്യൂബയിൽ വർഷങ്ങളോളം സിഐഎ നടത്തിയ അസ്ഥിരീകരണ പ്രചാരവേലകളിൽ താൻ പ്രവർത്തിച്ചിരുന്നതായാണ് റൗൾ അന്റോണിയോ കപോട്ട്‌ പുസ്തകത്തിലൂടെ വെളിപ്പെടുത്തിയത്.

സിഐഎ അതിന്റെ വിവിധ വിജയങ്ങൾക്കിടയിലും, ആത്യന്തികമായി വിജയിക്കാൻ പ്രയാസമുള്ള ഒരു യുദ്ധത്തിലാണ് ഏർപ്പെട്ടിരിക്കുന്നത് എന്നതിന്റെ ഒരു അടയാളം മാത്രമാണിത്.അത് ലോകജനസംഖ്യയുടെ മഹാഭൂരിപക്ഷത്തിനും വിരുദ്ധമായ ഒരു ലോകക്രമത്തെ അടിച്ചേൽപ്പിക്കാനാണ് കിണഞ്ഞുശ്രമിച്ചുകൊണ്ടിരിക്കുന്നത്.

സാംസ്കാരിക ശീതയുദ്ധത്തിന്റെ കേന്ദ്രസ്ഥാനങ്ങളിലൊന്നായി പ്രവർത്തിച്ചുകൊണ്ടിരുന്ന സ്ഥാപനമാണ് കോൺഗ്രസ് ഫോർ കൾച്ചറൽ ഫ്രീഡം (CCF ). സി ഐ എയുടെ ഒരു സഹോദരസ്ഥാപനമാണ് ഇതെന്ന് 1966-ൽ തെളിയിക്കപ്പെട്ടു. ഈ വിഷയത്തെക്കുറിച്ച് അതിവിപുലമായ ഗവേഷണം നടത്തിയ ഹ്യൂ വിൽഫോർഡ് സൂചിപ്പിക്കുന്നത്, കലയുടെയും സംസ്‌കാരത്തിന്റെയും ലോകചരിത്രത്തിലെതന്നെ ഏറ്റവും വലിയ രക്ഷാധികാരികളെന്ന നിലയിലാണ് സിസിഎഫ് പ്രവർത്തിച്ചുകൊണ്ടിരുന്നത് എന്നാണ്. 1950-ലായിരുന്നു ഈ സ്ഥാപനം രൂപീകരിക്കപ്പെടുന്നത്. ഈ സ്ഥാപനത്തോടൊപ്പം ബന്ധപ്പെട്ടുനിന്ന റെയ്മണ്ട് അരോൺ, ഹന്ന ആറന്റ് തുടങ്ങിയവരുടെ മാർക്സിസ്റ്റു വിരുദ്ധമായ ആശയലോകത്തെ ലോകവ്യാപകമാക്കുന്നത് ഈ സ്ഥാപനമാണ്.മാർക്സിസ്റ്റുകളായ ജീൻ പോൾ സാർത്രും സിമോൺ ഡി ബൊബ്ബാറും ഉൾപ്പെടെയുള്ളവരെ എതിർത്തുകൊണ്ടെഴുതിയിരുന്ന അക്കാദമിക്കുകളായിരുന്നു റെയ്മണ്ട് അരോൺ, ഹന്ന ആറന്റ് തുടങ്ങിയവർ.ഇവരുടെ എഴുത്തിനെയും പ്രവർത്തനങ്ങളെയും സിസിഎഫ് അന്താരാഷ്ട്രതലത്തിൽ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. മുപ്പത്തിയഞ്ച് രാജ്യങ്ങളിൽ സിസിഎഫിന് ഓഫീസുകളുണ്ടായിരുന്നു. ഏകദേശം 280 ജീവനക്കാരുടെ ഒരു സൈന്യത്തെ അവർ അണിനിരത്തി. ലോകമെമ്പാടുമുള്ള അമ്പതോളം പ്രശസ്ത ജേണലുകൾ അവരാൽ പ്രസിദ്ധീകരിക്കപ്പെടുകയോ പിന്തുണയ്ക്കപ്പെടുകയോ ചെയ്തു, കൂടാതെ നിരവധി കലാസാംസ്കാരിക പ്രദർശനങ്ങളും അന്താരാഷ്ട്ര കച്ചേരികളും സാംസ്കാരിക ഉത്സവങ്ങളും അവർ സംഘടിപ്പിച്ചു. 135- ഓളം അന്താരാഷ്ട്ര കോൺഫറൻസുകളും സെമിനാറുകളും അവർ ആസൂത്രണം ചെയ്യുകയോ സ്പോൺസർ ചെയ്യുകയോ ചെയ്തു, കുറഞ്ഞത് 38 സ്ഥാപനങ്ങളുമായിട്ടെങ്കിലും അവർ ചേർന്നുപ്രവർത്തിച്ചു. 170-ലധികം പുസ്തകങ്ങൾ അവർ പ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രസ് സർവീസ്/ഫോറം സർവ്വീസ് ഉൾപെടെയുള്ള വാർത്താ അറിയിപ്പുകളെല്ലാം സൗജന്യമായിട്ടായിരുന്നു ലോകത്താകമാനം അവർ വിതറിയിരുന്നത്.പന്ത്രണ്ട് ഭാഷകളിലായി അവരുടെ തല്പര ബുദ്ധിജീവികൾ വിവിധയിടങ്ങളിൽ നിന്നും വാർത്തകൾ ഉൽപ്പാദിപ്പിക്കുകയും അറുന്നൂറിലധികം വിവിധ പത്രങ്ങളിലൂടെ ലോകത്തുള്ള അഞ്ച് ദശലക്ഷത്തോളം വായനക്കാരിലേയ്ക്ക് ആ വാർത്താറിപ്പോർട്ടുകളെ അവർ എത്തിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ഈ വിശാലമായ ആഗോള ശൃംഖലയെ അതിന്റെ ഡയറക്ടറായ മൈക്കൽ ജോസൽസൺ വിശേഷിപ്പിച്ചിരുന്നത് ഇതാണ് “ഞങ്ങളുടെ വലിയ കുടുംബം” എന്നായിരുന്നു. യഥാർത്ഥത്തിൽ അതിനെ കുടുംബമെന്നല്ല മാഫിയാ ശ്യംഖല എന്നാണ് വിളിക്കേണ്ടത്. എന്തായാലും പാരീസ് ആസ്ഥാനത്തു നിന്നുമായിരുന്നു സിസിഎഫിന് അതിന്റെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ബുദ്ധിജീവികളുടെയും കലാകാരരുടെയും എഴുത്തുകാരുടെയും ശബ്ദം കൂടുതൽ ഉച്ചത്തിൽ കേൾപ്പിക്കുന്നതിനാവശ്യമായ ഒരു അന്താരാഷ്ട്ര എക്കോ ചേംബർ കൂടുതൽ അനുയോജ്യമായ നിലയിൽ രൂപപ്പെടുത്തിയെടുക്കാൻ കഴിഞ്ഞത്. 1966-ൽ അതിന്റെ ബജറ്റ് 2,070,500 ഡോളർ ആയിരുന്നു, ഇത് 2023-ലെ 195 ലക്ഷം ഡോളർ ആയി.

ജോസൽസൺ “വലിയ കുടുംബം’ എന്ന് സിസിഎഫിനെ അഭിസംബോധന ചെയ്തിരുന്നെങ്കിലും യഥാർത്ഥത്തിൽ അത് സിഐഎയുടെ ഫ്രാങ്ക് വിസ്നർ അദ്ദേഹത്തിന്റെ “ശക്തമായ വുർലിറ്റ്സർ” എന്ന് വിളിച്ച വമ്പൻ സാംസ്കാരിക ശൃംഖലയുടെ ചെറിയൊരു ഭാഗം മാത്രമായിരുന്നു. കമ്പനി നിയന്ത്രിക്കുന്ന മാധ്യമങ്ങളുടെയും സാംസ്കാരിക പരിപാടികളുടെയും ഭീമൻ അന്താരാഷ്ട്ര സമുച്ചയത്തിന്റെ ചെറിയൊരു ഭാഗം. 1952-നും 1977-നും ഇടയിൽ പ്രചാരണ യുദ്ധത്തിനുവേണ്ടി സിഐഎക്കുവേണ്ടി നാനൂറോളം യുഎസ് മാധ്യമപ്രവർത്തകരെങ്കിലും രഹസ്യമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് കാൾ ബെർൺസ്റ്റൈൻ വേണ്ടത്ര തെളിവുകൾ നിരത്തി സ്ഥാപിക്കുന്നുണ്ട്. ഈയൊരു വെളിപ്പെടുത്തലിനെത്തുടർന്ന് ന്യൂയോർക്ക് ടൈംസ് മൂന്ന് മാസം നീണ്ടുനിന്ന ഒരു അന്വേഷണം നടത്തുകയുണ്ടായി. പ്രസ്തുത അന്വേഷണത്തിൽ, സിഐഎ ” എണ്ണൂറിലധികം വാർത്താ വിതരണ/ഇൻഫർമേഷൻ സംഘടനകളെയും വ്യക്തികളെയും സ്വാധീനിച്ചിരുന്നതായി “കണ്ടെതപ്പെട്ടു. തങ്ങൾ അന്വേഷണത്തിന് വിധേയമാക്കിയ അതേ നെറ്റ്‌വർക്കിനുള്ളിൽ ഉൾപ്പെട്ടുപോയ പത്രപ്രവർത്തകർകുടി ഉൾച്ചേർന്നുകൊണ്ടാണ് ഈ രണ്ട് വെളിപ്പെടുത്തലുകളും പത്രസ്ഥാപനവേദികളിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതിനാൽ ഈ എണ്ണങ്ങളിൽ അത്ര കൃത്യത ഉണ്ടാവണമെന്നില്ല.

1935 മുതൽ 1961 വരെ ന്യൂയോർക്ക് ടൈംസിന്റെ ഡയറക്ടറായി പ്രവർത്തിച്ചത് ആർതർ ഹെയ്സ് സുൾസ്ബെർജറായിരുന്നു. അദ്ദേഹമാകട്ടെ സിഐഎയുമായി ഏറ്റവും അടുത്ത ബന്ധമുള്ള ആളുമായിരുന്നു.പരസ്പര സഹകരണത്തിന്റെ ഏറ്റവും ഉയർന്ന തലമെന്ന നിലയിൽ സിഐഎയുമായി ഒരു രഹസ്യാത്മക കരാറും അദ്ദേഹം ഒപ്പിട്ടിരുന്നു. വില്യം എസ്. പാലിയുടെ കൊളംബിയ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റമാകട്ടെ (CBS) ഓഡിയോവിഷ്വൽ പ്രക്ഷേപണമേഖലയിൽ, ഒരു സംശയത്തിനും ഇടനൽകാത്തവിധത്തിൽ, സിഐഎയുടെ ഏറ്റവും വലിയ സമ്പത്തായിരുന്നു. സിഐഎയുമായി ഏറ്റവും അടുത്ത ബന്ധമായിരുന്നു കൊളംബിയ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റത്തിനുണ്ടായിരുന്നത്. കൊളംബിയ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റത്തിന്റെ ഓഫീസിൽ നിന്നും നേരിട്ടുള്ള ഒരു ഫോൺലൈൻ ബന്ധവും സിഐഎയുടെ ഹെഡ്ക്വാർട്ടേഴ്സിലേയ്ക്ക് ഉണ്ടായിരുന്നു. ഹെൻറി ലൂസിന്റെ ടൈം ഇൻക് ആയിരുന്നു ആഴ്ചപ്പതിപ്പിന്റെയും മാസികയുടെയും മേഖലയിലെ സിഐഎയുടെ ഏറ്റവും ശക്തനായ സഹകാരി. സിഐഎയുടെ പ്രവർത്തകരെ പത്രപ്രവർത്തകരായി ടൈമിൽ നിയമിച്ചിരുന്നതായി ലൂസ് സമ്മതിച്ചിട്ടുമുണ്ട്. ഇത് വളരെ സാധാരണമായ ഒരു പ്രക്രിയയായിരുന്നു. 1991-ൽ സിഐഎ ഡയറക്ടർ റോബർട്ട് ഗേറ്റ്‌സ് വിളിച്ചുകൂട്ടിയ ടാസ്‌ക് ഫോഴ്‌സ് ഓൺ ഗ്രേറ്റർ സിഐഎ ഓപ്പൺനെസിൽ നിന്ന് നമുക്കറിയാവുന്നതുപോലെ, മുകളിൽ സൂചിപ്പിച്ച നിരവധി വെളിപ്പെടുത്തലുകൾക്ക് ശേഷവും ഇത്തരത്തിലുള്ള രീതികൾ ഒരു തടസ്സമില്ലാതെ തുടരുകയാണെന്ന് വ്യക്തമാണ് : ” സിഐ എയുടെ പബ്ലിക് അഫയേഴ്സ് ഓഫീസിന് ഇപ്പോഴും രാജ്യത്തെ എല്ലാ പ്രധാനപ്പെട്ട വയർ സർവീസിലെയും പത്രങ്ങളിലെയും വാർത്താ വാരികകളുടെയും ടെലിവിഷൻ ശൃംഖലകളുടെയും റിപ്പോർട്ടർമാരുമായി വളരെ അടുത്ത ബന്ധമുണ്ട്…പല ഘട്ടങ്ങളിലും വാർത്തകളെ മാറ്റിവയ്‌പിക്കാനും പിടിച്ചുവയ്ക്കാനും അതിൽ മാറ്റങ്ങൾ വരുത്താനും അവയെ വികൃതമാക്കാനും റിപ്പോർട്ടർമാരെ ഞങ്ങൾ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്’.

അമേരിക്കൻ ന്യൂസ്‌പേപ്പർ ഗിൽഡിന്റെ നിയന്ത്രണവും സിഐഎ സ്വന്തമാക്കി. പ്രസ്സ് സേവനങ്ങൾ, മാസികകൾ, പത്രങ്ങൾ എന്നിവയുടെയെല്ലാം നിയന്ത്രണം സിഐഎയുടെ കൈകളിലെത്തിച്ചേർന്നു. ലാറ്റിൻ, റോയിട്ടേഴ്‌സ്, അസോസിയേറ്റഡ് പ്രസ്സ്, യുണൈറ്റഡ് പ്രസ്സ് ഇന്റർനാഷണൽ തുടങ്ങിയ മറ്റ് പ്രസ് സേവനങ്ങളിൽ സിഐഎയുടെ ഉദ്യോഗസ്ഥരെയും വിന്യസിച്ചു. ലോകമെമ്പാടുമുള്ള 2,500-ഓളം മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ സിഐഎ ഉണ്ടെന്ന് സർക്കാർ വിവരശേഖരണത്തിൽ വിദഗ്ധനായ വില്യം ഷാപ്പ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. കൂടാതെ, എല്ലാ പ്രമുഖ മാധ്യമസ്ഥാപനങ്ങളിലും സ്ട്രിംഗർമാർ മുതൽ വളരെ ദൃശ്യരായ പത്രപ്രവർത്തകരും എഡിറ്റർമാരും വരെ സിഐഎയുടെ ആളുകളായുണ്ടെന്ന വസ്തുതയും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു. “ഞങ്ങൾക്ക് ഏത് സമയത്തും എല്ലാ വിദേശ തലസ്ഥാനങ്ങളിലും കുറഞ്ഞത് ഒരു പത്രമെങ്കിലും ഉണ്ടായിരുന്നു’. ഇത് ഒരു സിഐഎ ഉദ്യോഗസ്ഥൻ പത്രപ്രവർത്തകനായ ജോൺ ക്രൂഡ്‌സനോട് പറഞ്ഞതാണ്.കൂടാതെ, “ഏജൻസിയുടെ ഉടമസ്ഥതയില്ലാത്തിടങ്ങളിലും വൻതോതിൽ സബ്‌സിഡി നൽകാത്തിടങ്ങളിലും, ഏജൻസിക്ക് ഉപയോഗപ്രദമായ സ്റ്റോറികൾ അച്ചടിക്കാൻ ശേഷിയുള്ളവരെയും ഹാനികരമായ വാർത്തകളെ നീക്കം ചെയ്യാൻ കഴിവുള്ളവരെയും പെയ്ഡ് ഏജന്റുമാരുമാരായോ സ്റ്റാഫ് ഓഫീസർമാരായോ അത്തരം പത്രസ്ഥാപനങ്ങളിലേയ്ക്ക് ഏജൻസി നുഴഞ്ഞുകയറ്റിക്കും’.

തീർച്ചയായും ഈ ഡിജിറ്റൽ യുഗത്തിലും ഈ പ്രക്രിയ തുടരുകയാണ്. യാഷാ ലെവിൻ, അലൻ മക്ലിയോഡ് തുടങ്ങിയ മാധ്യമ പണ്ഡിതന്മാരും പത്രപ്രവർത്തകരും, വൻ സാങ്കേതിക മേഖലയിലും സോഷ്യൽ മീഡിയ മേഖലകളിലും അമേരിക്കൻ ദേശീയ സുരക്ഷാ ഭരണകൂടത്തിന്റെ വിപുലമായ ഇടപെടലിനെപ്പറ്റി വിശദമായി വിവരിച്ചിട്ടുണ്ട്. അമേരിക്കയിലെ പ്രധാന ഇന്റലിജൻസ് ഓപ്പറേറ്റർമാർ Facebook, X (Twitter), TikTok, Reddit, Google എന്നിവയിൽ പ്രധാന സ്ഥാനങ്ങൾ വഹിക്കുന്നതിനെക്കുറിച്ചും അവർ വിശദീകരിക്കുന്നുണ്ട്.

പ്രൊഫഷണൽ ബുദ്ധിജീവികളിലേക്കും സിഐഎ ആഴത്തിൽ നുഴഞ്ഞുകയറിയിട്ടുണ്ട്. യു.എസ്. രഹസ്യാന്വേഷണ സമൂഹത്തെക്കുറിച്ച് 1975-ൽ ചർച്ച് കമ്മിറ്റി അതിന്റെ റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ, “നൂറുകണക്കിന്’ സ്ഥാപനങ്ങളിലെ “അനേകായിരം’ അക്കാദമിക് വിദഗ്ധരുമായി തങ്ങൾക്ക് ബന്ധമുണ്ടെന്ന് ഏജൻസി സമ്മതിച്ചു. (അതിനുശേഷവും ഒരു പരിഷ്കാരവും സിഐഎക്ക് അതിന്റെ രീതികൾ പിന്തുടരുന്നതിനോ വിപുലീകരിക്കുന്നതിനോ തടസ്സമായില്ല. 1991-ലെ ഗേറ്റ്സ് മെമ്മോയും ഇക്കാര്യം സ്ഥിരീകരിക്കുണ്ട്). “സ്റ്റാൻഫോർഡിലെ ഹൂവർ ഇൻസ്റ്റിറ്റ്യൂട്ട്, എംഐടിയിലെ ഇന്റർനാഷണൽ സ്റ്റഡീസ് സെന്റർ എന്നിവപോലെ, ഹാർവാർഡിലെയും കൊളംബിയയിലെയും റഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടുകളും സിഐഎയുടെ നേരിട്ടുള്ള പിന്തുണയോടും മേൽനോട്ടത്തോടും കൂടി വികസിപ്പിച്ചതാണ്. സിഐഎയുടെ ഏറ്റവും ഹീനമായ MKULTRA പ്രോജക്റ്റിനെ കുറഞ്ഞത് നാൽപ്പത്തിനാലോളം കോളേജുകളിലും സർവ്വകലാശാലകളിലും ഗവേഷണത്തിൽ ഉൾപ്പെടുത്തിയിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന ഒരു കൂട്ടം രേഖകളെ ന്യൂ സ്‌കൂൾ ഫോർ സോഷ്യൽ റിസർച്ചിലെ ഒരു ഗവേഷകൻ ഈയിടെ എന്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. കുപ്രസിദ്ധമായ ഓപ്പറേഷൻ പേപ്പർക്ലിപ്പിലൂടെ, ഏകദേശം 1,600 -ഓളം നാസി ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും സാങ്കേതിക വിദഗ്ധരെയും അമേരിക്കയിലേക്ക് കൊണ്ടുവന്ന കാര്യവും മറക്കരുത്. വൈദ്യുതാഘാതം, ഹിപ്നോസിസ്, സെൻസറി ഡിപ്രിവേഷൻ എന്നിവയ്‌ക്കൊപ്പം ഉയർന്ന അളവിലുള്ള സൈക്കോ ആക്റ്റീവ് മരുന്നുകളും മറ്റ് രാസവസ്തുക്കളും അടിച്ചേൽപ്പിച്ചുകൊണ്ടുള്ള വിനാശകരമായ ബ്രെയിൻ വാഷിംഗും പീഡന പരീക്ഷണങ്ങളും നടത്തിയിരുന്ന സിഐഎയുടെ പ്രോഗ്രാമുകളിലൊന്നാണ് MKULTRA. വാക്കാലുള്ളതും ലൈംഗികവുമായ ദുരുപയോഗവും എല്ലാ തരത്തിലുള്ള മാനസിക ശാരീരിക പീഡനങ്ങളും ഈ പ്രോഗ്രാമിന്റെ ഭാഗമായിരുന്നു.

കലാരംഗത്തും സിഐഎ ആഴത്തിൽ ഇടപെട്ടിട്ടുണ്ട്. ഉദാഹരണത്തിന് സോഷ്യലിസ്റ്റ് റിയലിസത്തിനെതിരായി അമേരിക്കൻ കലയെ, പ്രത്യേകിച്ച് അബ്‌സ്‌ട്രാക്റ്റ് എക്‌സ്‌പ്രഷനിസത്തെയും ന്യൂയോർക്ക് കലാരംഗത്തെയും അത് പ്രോത്സാഹിപ്പിച്ചു. കലാപ്രദർശനങ്ങളും സംഗീത നാടക അവതരണങ്ങളും അന്താരാഷ്ട്ര കലോത്സവങ്ങളും സംഘടിപ്പിക്കുന്നതിന് വമ്പൻ ഫണ്ടാണ് സിഐഎ ഒഴുക്കിയത്. സോഷ്യലിസ്റ്റ് റിയലിസത്തിനെതിരെ പാശ്ചാത്യലോകത്തിന്റെ സ്വതന്ത്രകലയെ മുന്നണിയിൽ എത്തിക്കുകയായിരുന്നു ഇതിനു പിന്നിലുളള ലക്ഷ്യം. ഈയൊരു ലക്ഷ്യത്തിനുവേണ്ടി ലോകത്തുള്ള എല്ലാ പ്രധാനപ്പെട്ട കലാസ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് സിഐഎ പ്രവർത്തിക്കുന്നുണ്ട്. ഒരു ഉദാഹരണം പരിശോധിക്കാം. സാംസ്കാരിക ശീതയുദ്ധത്തിന് നേതൃത്വം കൊടുത്ത സിഐഎയുടെ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു തോമസ് ഡബ്ല്യൂ ബാർഡൻ. അദ്ദേഹമാകട്ടെ സിഐഎയിൽ ചേരുന്നതിനുമുമ്പ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട്സിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയായിരുന്നു മ്യൂസിയം ഓഫ് മോഡേൺ ആർട്ട്സിന്റെ പ്രസിഡന്റായിരുന്നവരിൽ നെൽസൺ റോക്ക്ഫെല്ലറും ഉൾപ്പെടുന്നു. ഈ നെൽസൺ റോക്ക്ഫെല്ലറാണ് സിഐഎക്കുവേണ്ടി നിരവധി രഹസ്യ അട്ടിമറികൾ സംഘടിപ്പിക്കുന്നതിന് നേതൃത്വം കൊടുത്തത്.
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen − 9 =

Most Popular