വിനോദ് കൃഷ്ണ എഴുതിയ 9mm ബെരേറ്റ എന്ന നോവലിൽ നിന്ന് |
നാഥുറാം ഗോഡ്സെയും ദിഗംബർ ബഡ്‌ഗേയും ശങ്കർ കിസ്തയ്യയും അന്നേദിവസം ഉറക്കമുണർന്നത് ബോംബെയിലാണ്. പൂനയിൽനിന്ന് ഗോഡ്സെ ആണ് ആദ്യം എത്തിയത്. വണ്ടി ദാദറിൽ എത്തിയതും കിസ്‌തയ്യയോട് ഇറങ്ങാനായി ബഡ്‌ഗേ ആവശ്യപ്പെട്ടു.
“‘നേരെ ഹിന്ദുമഹാസഭയിലേക്ക് പൊയ്ക്കോളൂ. ഞാൻ അവിടേക്ക് വന്നോളാം’’.”ഇരുവരുടെയും സാധനങ്ങൾ എടുത്ത് കിസ്‌തയ്യ പ്ലാറ്റ്ഫോ മിലേക്ക് ഇറങ്ങി. ഇറങ്ങുന്നവരെക്കാൾ കൂടുതൽ പേർ വണ്ടിയിൽ കയറാനുണ്ടായിരുന്നു. ദാദർ മുതൽ വിക്ടോറിയ ടെർമിനസ് വരെ ബഡ്ഗേ ഒട്ടും ഉറങ്ങാതിരുന്നു. രണ്ട് സ്റ്റേഷൻ പിന്നിട്ടതും കമ്പാർട്ട്മെന്റിൽ യാത്രികർ കുറഞ്ഞു. ആളുകളുടെ ശബ്ദവും തുറിച്ചുനോട്ടവും കുറഞ്ഞുകിട്ടിയതിൽ ബഡ്‌ഗേയ്ക്ക് ആശ്വാസം തോന്നി. ആയുധം പേറുന്നവന്റെ ആധികൾ ആളുകൾക്കറിയാമോ?
ഒരു കൊച്ചു ഭാരതം ആയിരുന്നു വിക്ടോറിയ ടെർമിനസ് സ്റ്റേഷൻ. പതിനെട്ടാമത്തെ ട്രാക്കിൽ വന്നുനിന്ന വണ്ടിയിൽനിന്ന് ബഡ്‌ഗേ മനസ്സ മാധാനത്തോടെ ഇറങ്ങി. ഇറ്റാലിയൻ ഗോഥിക് ശൈലിയിൽ, കഴിഞ്ഞ 60 വർഷമായി തലയെടുപ്പോടെ നിൽക്കുന്ന സ്റ്റേഷൻ. അതിന്റെ കവാടത്തിലെ അഞ്ചാം തൂണിനരികെ നാഥുറാം വിനായക് ഗോഡ്‌സെയും നാരായൺ ആപ്‌തെയും നിൽക്കുന്നത് ബഡ്‌ഗേ ദൂരെനിന്നേ കണ്ടു. കഴിയുന്നതും ആൾക്കൂട്ടത്തെ മുട്ടിയുരുമ്മാതെ ബഡ്‌ഗേ അവർക്കരികിലേക്ക് നീങ്ങി. ഉയരക്കൂടുതൽ ഉള്ളതിനാൽ നാരായൺ ആപ്‌തെയാണ് അയാളെ ആദ്യം കണ്ടത്.
“‘വരുന്നുണ്ട്’’. ഗോഡ്‌സെയും പുഞ്ചിരിച്ചു. അടുത്തെത്തിയതും ആരും ചിരിക്കുകയോ അഭിവാദ്യം ചെയ്യുകയോ ഉണ്ടായില്ല.
‘”സാധനം കിട്ടിയോ?’’ ഗോഡ്‌സെ തോളിൽ കൈയിട്ടുകൊണ്ട് ആൾക്കൂട്ടത്തിൽനിന്ന് അയാളെ മാറ്റിനിർത്തി ചോദിച്ചു. ബഡ്‌ഗേ അരയിൽ തപ്പി.
“കിട്ടി, ആവശ്യത്തിലധികം തിരകളും ഉണ്ട്’’.
“‘പതുക്കെ പറ’’. അടക്കം പറഞ്ഞുകൊണ്ട് ആപ്‌തെ ടാക്സി വിളിക്കാനായി മുന്നിൽ നടന്നു. തുറന്നുവിട്ട പുഴജലം പോലെ ആളുകൾ സ്റ്റേഷനു പുറത്തേക്ക് ഒഴുകുകയായിരുന്നു. നാഥുറാം ഗോഡ്സെയും ബഡ്‌ഗേയും ചിരകാല സുഹൃത്തുക്കളെപ്പോലെ ആൾക്കൂട്ടത്തിനിടയിലൂടെ മുട്ടിയുരുമ്മി നാരായൺ ആപതെയെ അനുഗമിച്ചു. പ്രഭാതരതി പോലെ മനോഹരമായ ഒരു അനുഭവം മനസ്സിൽ ആസ്വദിക്കുകയായിരുന്നു ആപ്‌തെയപ്പോൾ.
‘‘പിസ്റ്റളിന് പകരം ഹാൻഡ്ഗൺ. ഇത്തവണ അയാൾ രക്ഷപ്പെടുകയില്ല’’.
******
രാവിലെ 8.30. മനു ബഹനും ആഭ ബഹനും ഗാന്ധിയെ താങ്ങിപ്പിടിച്ചു ശുചിമുറിയിലേക്ക് കൊണ്ടുപോയി. മസാജിന് ശേഷമുള്ള കുളി അദ്ദേഹത്തിനു പതിവുള്ളതാണ്. നേരിയ ചൂടുവെള്ളമുള്ള ബാത്ത്‌ടബ്ബിൽ കിടക്കുമ്പോൾ ശരീരത്തിന് വല്ലാത്ത ഉന്മേഷം തോന്നുന്നതായി അദ്ദേഹം സെക്രട്ടറി പ്യാരിലാലിനോട് പറഞ്ഞു. ബാത്ത്‌ടബ്ബിൽ കിടന്നുകൊണ്ടു തന്നെ അദ്ദേഹം താൻ പറയുന്നത് കുറിച്ചെടുക്കാൻ പ്യാരിലാലിനോട് ആവശ്യപ്പെട്ടു. സെക്രട്ടറി പേനയും നോട്ടുമായി അദ്ദേഹത്തിന്റെ അരികിൽ സ്റ്റൂൾ ഇട്ടിരുന്നു. ഭാരത സർക്കാർ 55 കോടി പാകിസ്ഥാന് നൽകിയതി നെപ്പറ്റിയുള്ള ഗാന്ധിയുടെ പ്രസ്‌താവന അവധാനപൂർവ്വം പ്യാരിലാൽ കുറിച്ചെടുത്തു. ഗാന്ധിയുടെ ശബ്ദമിടറി. പക്ഷേ, അർത്ഥശങ്കയ്ക്കിടയി ല്ലാത്ത വിധം ആ വാക്കുകൾ പ്യാരിലാലിന് തെളിഞ്ഞുകിട്ടി.
പ്രസ്‌താവന കുറിച്ചെടുത്തശേഷം പ്യാരിലാൽ അത് ടൈപ്പ് ചെയ്യാനായി പുറത്തേക്കിറങ്ങി. സ്നാനത്തിന് സമയമായിരിക്കുന്നു. കടുകെണ്ണയുമായി മനു വിശാലമായ കുളിമുറിയിലേക്ക് വന്നു. ആഭയുടെ കൈയിൽ നാരങ്ങാനീരുള്ള ഒരു ചെറിയ പാത്രം ഉണ്ടായിരുന്നു. ഇരുവരെയും കണ്ടപ്പോൾ ഗാന്ധി ടബ്ബിൽ നിവർന്നിരിക്കാൻ ശ്രമിച്ചു. “‘രാവിലെ നല്ല ശോധന ഉണ്ടായിരുന്നോ സഹോദരികളേ?’’ അദ്ദേഹം ചോദിച്ചു.
ഇരുവരും ചോദ്യത്തിന് തലയാട്ടിയും മൂളിയും ഉത്തരം നൽകി. അവർ ഗാന്ധിയെ ബാത്ത് ടബ്ബിൽനിന്ന് താങ്ങിയെടുത്തു. ഇരുവരുടെയും തോളിൽ ആ നനഞ്ഞ ശരീരം തൂങ്ങിനിന്നു. കാൽ നിലത്തു കുത്തു മ്പോൾ അദ്ദേഹത്തിന് നല്ല വേദന തോന്നി. കുരിശിൽനിന്നെടുത്ത ക്രിസ്‌തുവിനെപ്പോലെ ഗാന്ധി ഇരുവരുടെയും തോളിൽ ഭാരം ചാരി. ആഭ മഹാത്മാവിന്റെ അടിയുടുപ്പ് അഴിച്ചു. നനഞ്ഞ ശരീരം കൂടുതൽ ദുർബലമായതുപോലെ ഇരുവർക്കും തോന്നി. ആഭ ടവ്വൽകൊണ്ട് ശരീരം ഒപ്പിയെടുത്തു. ഗാന്ധി കണ്ണടച്ചു. കഠിനമായ നടുവേദനയുണ്ട്. നനു ഇളം ചൂടുള്ള കടുകെണ്ണ എടുത്ത് അദ്ദേഹത്തിന്റെ ദേഹത്ത് പുരട്ടാൻ തുടങ്ങി. കഴുത്തിലും കക്ഷങ്ങളിലും നടുവിലും കാൽ ഇടു ക്കിലും വിരലുകൾക്കിടയിലും പാദങ്ങളിലും മടമ്പിലും നന്നായി എണ്ണ തേച്ചു.
“വേദനയ്ക്ക് കുറവുണ്ടോ?’
നടുവിനു നന്നായി മസാജ് ചെയ്യുന്നതിനിടയിൽ മനു ചോദിച്ചു. അപാരധ്യാനത്തിലായിരുന്നതിനാൽ അദ്ദേഹം ഒന്നും മിണ്ടിയില്ല. ബാക്കി വന്ന എണ്ണ മനു അദ്ദേഹത്തിന്റെ വലിയ ചെവികളിൽ നന്നായി പുരട്ടി ക്കൊടുത്തു. ഈ നേരമത്രയും അദ്ദേഹത്തിന്റെ ശരീരഭാരം ആഭ ഒറ്റയ്ക്ക് താങ്ങി. സത്യാഗ്രഹം കിടക്കുന്നതിനാൽ ആത്മാവിന്റെ ഭാരം മാത്രമേ ആ ശരീരത്തിൽ ഉണ്ടായിരുന്നുള്ളൂ.
എണ്ണ നന്നായി പിടിക്കാൻ ഉള്ള സമയമായിരുന്നില്ല. ‘കുളിക്കാം’ ഗാന്ധി അക്ഷമനായി. ചുളിവുകൾ വീണ ശരീരത്തിൽ ആഭ നാരങ്ങാനീര് പുരട്ടാൻ തുടങ്ങി. നനവുണങ്ങാത്ത കളിമൺശിൽപ്പത്തിൽ തൊടുന്ന തുപോലെയാണ് അവർക്കു തോന്നിയത്. ഒരു രാജ്യത്തിന്റെ കരുത്തും കാമനകളും പേറുന്ന മഹത്തായ ശരീരം ഒട്ടും മാംസളമല്ലായിരുന്നു. ബാക്കി വന്ന നാരങ്ങാനീര് അവൾ അദ്ദേഹത്തിന്റെ ജരാനരകൾ ബാധിച്ച നെഞ്ചിൽ പുരട്ടിത്തീർത്തു. അദ്ദേഹം ചുമച്ചപ്പോൾ നെഞ്ചിൻ കൂടിൽ കഫക്കെട്ടുള്ളതുപോലെ തോന്നി. ഇരുവരുടെയും സഹായത്തോടെ ഗാന്ധി ബാത്ത് ടബ്ബിൽ ഇറങ്ങി. കണ്ണടച്ച് അദ്ദേഹം കഴുത്തറ്റം മുങ്ങിക്കിടന്നു. മനു കുറച്ചുകൂടി ചൂടുവെള്ളം ടബ്ബിലേക്ക് ഒഴിച്ചു. കുളിമുറിയിൽ അത്ഭുതകരമാംവിധം നീരാവി നിറഞ്ഞു. ഒരു നിമിഷം ആർക്കും പരസ്‌പരം കാണാനായില്ല. ദീർഘസ്നാനം കഴിഞ്ഞിറങ്ങുമ്പോൾ ഗാന്ധിജിയുടെ ചെയിൻ വാച്ചിൽ സമയം പത്ത് കഴിഞ്ഞിരുന്നു.
സ്‌നാനത്തിനുശേഷം ബാക്കി കത്തുകൾകൂടി ഗാന്ധിക്ക് ആഭ വായിച്ചു കൊടുത്തു. കറാച്ചിയിൽനിന്നുവന്ന ഒരു ടെലഗ്രാം സന്ദേശമാണ് ഗാന്ധിയെ ഏറെ ആഹ്ളാദിപ്പിച്ചത്. മുസ്‌ലിം അഭയാർഥികളുടെ സന്ദേ ശമായിരുന്നു അത്.
“‘തിരിച്ചുവന്നാൽ ഞങ്ങളുടെ വീട് തിരികെ കിട്ടുമോ? അവിടെ വന്നു താമസിക്കാൻ ഞങ്ങൾക്ക് അതിയായ ആഗ്രഹമുണ്ട്’’.
യഥാർത്ഥ ഇന്ത്യയുടെ സ്വപ്‌നമായിരുന്നു അത്. ഏവരും സാഹോദര്യത്തോടെ വാഴുന്ന ഇന്ത്യയുടെ ഭൂപടം. ബഹുഭൂരിപക്ഷത്തിന്റെയും സ്വപ്നമാണത്.
“ഇതൊരു പരീക്ഷണമാണ്’.
ടെലഗ്രാം ഒന്നുകൂടി വായിച്ച ശേഷം ഗാന്ധി പറഞ്ഞു. അധികം വൈകാതെ ടെലഗ്രാമിന്റെ പകർപ്പുകൾ ഹിന്ദുക്കളുടെയും സിഖുകാരുടെയും അഭയാർത്ഥിക്യാമ്പുകളിൽ വിതരണം ചെയ്യപ്പെട്ടു. ഗാന്ധിജിയുടെ നിരാഹാരം അവസാനിപ്പിക്കാൻ ജനങ്ങൾ എന്തു നിലപാട് സ്വീകരിക്കും? ബിർളാ ഹൗസിൽ ഉണ്ടായിരുന്ന അനുയായികൾക്ക് ശുഭപ്രതീക്ഷ ഉണ്ടായി. ആ ടെലഗ്രാം സന്ദേശം നഗരത്തെത്തന്നെ സജീവമാക്കി നിർത്തി.
*******
സമയം കളയാതെ ഗരീബ പരിചയക്കാരനായ ജുമ്മയുടെ കുതിര വണ്ടി ഏർപ്പാടാക്കിക്കൊടുത്തു.
“പാർച്ചുറെ വാഡയിൽ വിട്ടാൽ മതി.” അവർ യാത്ര തുടർന്നു. “ഡോക്ടർ വിൽക്കുന്നത് വീട്ടിലുണ്ടാക്കുന്ന മരുന്നാണ്. രക്തം ശുദ്ധീകരിക്കാനും ശ്വസനസംബന്ധമായ അസുഖങ്ങൾക്കുള്ളതുമായ മരുന്നാണ് അധികവും നിർമിക്കുന്നത്’. ജുമ്മ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. സമയം പോകാൻ ഇയാളെപ്പോലുള്ളവർ നല്ലതാണെന്നു ഗോഡ്സെ ആശ്വസിച്ചു.
“നിങ്ങൾ എവിടുന്നു വരുന്നു?’
“ഹൈദ്രബാദ്’’. ഗോഡ്‌സെ ഒട്ടും താത്‌പര്യമില്ലാതെ പറഞ്ഞു. ഒരു ഫർലോങ് സഞ്ചരിച്ചശേഷം അവർ പാർച്ചുറെ വാഡയുടെ മുന്നിലെത്തി. അവിടെ വെളിച്ചം കെട്ടിരുന്നില്ല. ആപ് വാച്ചിലേക്ക് നോക്കി. സമയം 11.30. ഗോഡ്‌സെ ഗേറ്റിനു മുന്നിൽ ചെന്ന് അകത്തേ ക്ക് എത്തിനോക്കി മണിയടിച്ചു. ഒരു ചെറുപ്പക്കാരൻ അവരുടെ അടുത്തേക്ക് വന്നു. ഡോക്ടറുടെ മകൻ നിൽകന്ത്.
“ആരാണ്, എന്തുവേണം?’ നീൽകന്ത് ചോദിച്ചു.
“ഞങ്ങൾ ഡോക്ടറെ കാണാൻ വന്നതാണ്…’
ഗോഡ്സെ സ്വയം പരിചയപ്പെടുത്തി. നീൽകന്ത് ഒന്ന് സംശയിച്ചു നിന്നശേഷം പറഞ്ഞു: “അൽപ്പനേരം നിൽക്കൂ. ഞാൻ ഇപ്പോൾ വരാം’. നീൽകന്ത് അകത്തേക്ക് കയറിപ്പോയി.
ആപ്‌തെ ക്ഷമയോടെ നിന്നു. ഗോഡ്‌സെ അസ്വസ്ഥനായി. അത് ആപ്‌തെ ആസ്വദിക്കുന്നതായി തോന്നി.
ഡോ. പാർച്ചുറെ ഏതാനും നിമിഷം മുമ്പ് കിടക്കാനായി ക്വാർട്ടേഴ്‌സിലേക്ക് പോയതേ ഉണ്ടായിരുന്നുള്ളൂ. നീൽകന്ത് അച്ഛനെ കണ്ടു കാര്യം പറഞ്ഞു.
“ഒരറിയിപ്പും കൂടാതെ അവർ വന്നതെന്തിനാണ്?” ഡോക്ടർ നീരസം പ്രകടിപ്പിച്ചു. അൽപ്പസമയത്തിനകം ഡോ. പാർച്ചുറെ പുറത്തേക്കിറങ്ങി വന്ന് അവരെ അകത്തേക്ക് ക്ഷണിച്ചു.
“നിങ്ങൾ ഈ അസമയത്തു വന്നതെന്തിനാണ്?’
“ഞങ്ങൾക്ക് ഡോക്ടറിൽ പരിപൂർണ വിശ്വാസമാണ്. അതുകൊണ്ടാണ് നേരവും കാലവും നോക്കാതെ ഇങ്ങോട്ടു പോന്നത്.’
“വരവിന്റെ ഉദ്ദേശ്യം എന്താണ്?’
“ഫെബ്രുവരി രണ്ടിന് മുമ്പ് പ്രധാനപ്പെട്ട ഒരു ദൗത്യം നിർവഹിക്കാനുണ്ട്.’
“എന്താണത്?’
“ഞങ്ങൾ ഗാന്ധിയെ കൊല്ലാൻ പോകുന്നു!’
ഡോക്ടർ പാർച്ചുറെ തല ഉഴിഞ്ഞുകൊണ്ട് അല്പം നേരം മിണ്ടാതെ നിന്നു. അയാളുടെ മുടി കാറ്റിൽ പാറി. കട്ടിച്ചില്ലുള്ള കണ്ണട നേരെയാക്കിയ ശേഷം അദ്ദേഹം ഒരടി മുന്നോട്ടു വെച്ചു.
“അതിനു ഞാനെന്തു വേണം?’
“ഞങ്ങൾക്ക് ഒരുഗ്രൻ തോക്ക് സംഘടിപ്പിച്ചു തരണം.’
ഡോക്ടർ ഗോഡ്സെയുടെ തോളിൽ കൈയിട്ടു വീടിനകത്തേക്ക് കൊണ്ടുപോയി.
“ഇന്ന് രാത്രി രണ്ടാളും സമാധാനമായി ഇവിടെ കിടന്നോളൂ. നാളെ ദാവിലെ സംസാരിക്കാം’.
**********
ഗോഡ്സെ കത്തെഴുതിത്തുടങ്ങി. ജീവിതം പൂർത്തിയായിക്കഴിഞ്ഞാലും ഒരു വ്യക്തിയുടെ കത്തുകൾ അവശേഷിക്കും. ഹൃദയത്തിന്റെ നാവാണ് കത്തുകൾ. ആത്മഭാഷണങ്ങളുടെയും വികാരങ്ങളുടെയും അവശിഷ്ടം!
30/01/1948
പ്രിയപ്പെട്ട ആപ്തേ,
ഞാൻ ഡൽഹിയിലാണ്. ഇന്ന് വൈകിട്ട് ഞാൻ മോഹൻദാസ് കരംചന്ദ് ഗാന്ധിയെ വധിക്കും. ഇവിടെ കാലാവസ്ഥ അനുകൂലമാണ്. നിനക്കവിടെ സുഖമെന്ന് കരുതുന്നു. ഒന്നിച്ചിരുന്നു കാപ്പികുടിക്കാൻ ഇനിയും ആഗ്രഹമുണ്ട്. പക്ഷേ, ഇനി കാണുകയെന്നൊന്നുണ്ടാവില്ല.
സ്നേഹപൂർവ്വം,
നാഥുറാം വിനായക് ഗോഡ്സെ.
ആദ്യ കത്ത് പൂനയിലുള്ള ഹിന്ദുരാഷ്ട്രയുടെ ഓഫീസിലേക്കും രണ്ടാമത്തെ കത്ത് ആപ്‌തെയുടെ വീട്ടിലെ വിലാസത്തിലേക്കും മൂന്നാമത്തേത് വിഷ്ണു കാർക്കറെയുടെ പേരിൽ അഹമ്മദ്‌നഗറിലേക്കും അയക്കാ നുള്ളതായിരുന്നു. കവറിൽ വിലാസമെഴുതിക്കഴിഞ്ഞതും അയാൾക്ക് പറഞ്ഞറിയിക്കാനാവാത്ത നിർവൃതിയുണ്ടായി.
കത്തുകൾ മടക്കി കവറിൽ ഇടുന്നതിനൊപ്പം തലേന്ന് എടുത്ത തന്റെ ഫോട്ടോയും അതിൽ അടക്കംചെയ്‌തു. ചിത്രങ്ങളുടെ പിറകിൽ സ്റ്റുഡിയോയുടെ സീൽ ഉണ്ടായിരുന്നു. സകല കുറ്റങ്ങളും ഏറ്റെടുക്കുന്ന സ്നേ ഹിതനെ നോക്കി കാർക്കറെയുടെ കണ്ണ് നനഞ്ഞു. എന്തെങ്കിലും പറയാൻ അയാൾക്കായില്ല. ബീഡി ഇല്ലെന്ന് അറിയാമായിരുന്നെങ്കിലും അയാൾ ആശയോടെ പോക്കറ്റിൽ തപ്പി.
നാരായൺ ആപ്‌തെ എഴുന്നേറ്റു ചെന്ന് വാതിൽ നന്നായി കുറ്റിയിട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തി.
“ഇനിയെന്താണ് പ്ലാൻ?’ അയാൾ ചോദിച്ചു.
“ഇരുപതാം തീയതിയിലെ സംഭവത്തിനുശേഷം ബിർളാ ഹൗസിൽ പൊലീസ് കാവൽ ശക്തമാക്കിക്കാണും. കൂടുതൽ പൊലീസുകാരും സി ഐ ഡികളും ഉണ്ടാവും.’
“സാധാരണക്കാരുടെ വേഷത്തിലാവും അവർ പ്രാർത്ഥനാസ്ഥലത്തുണ്ടാവുക.’
“പൂനയിൽനിന്നുള്ള പൊലീസുകാർ ആരെങ്കിലും ആ കൂട്ടത്തിൽ ഉണ്ടെങ്കിലാണ് അപകടം. അവർക്കു നമ്മളെ പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞേക്കും.’’
‘‘ആ വെയ്‌റ്ററെപ്പോലെ ഏതെങ്കിലും ഒരുത്തനുണ്ടായാൽ മതി, എല്ലാം പൊളിയും.’’
“എങ്കിൽ വേഷം മാറി ചെല്ലുന്നതാണ് ഉചിതം.” കാർക്കറെ പറഞ്ഞു.
‘”ഒരു ഫോട്ടോഗ്രാഫർ എന്ന വ്യാജേന അകത്തുകടക്കാൻ എളുപ്പമായിരിക്കും. അധികമാരും സംശയിക്കുകയുമില്ല. ക്യാമറ ട്രൈപോഡിനൊപ്പം തോക്കു കടത്താനും സൗകര്യമുണ്ടാകും.’’ ആപ്തെ പറഞ്ഞു.
“ഏയ്… അത് വേണ്ട. ക്യാമറയും തൂക്കിപ്പിടിച്ചു ഗാന്ധിയുടെ തൊട്ടടുത്ത് ചെല്ലാൻ അനുവദിക്കുകയില്ല.’’ ഗോഡ്സെയ്ക്ക് ആ ഉപായം തീരെ പിടിച്ചില്ല.
“അകലെനിന്ന് വെടിയുതിർക്കാനുള്ള മിടുക്ക് ഗോഡ്സെയ്ക്കില്ല, അതിനാൽ ആ രീതി ഉപേക്ഷിക്കുന്നതാണ് നല്ലത്.” കാർക്കറെ പറഞ്ഞു.
“ശരിയാണ് അവൻ ഷാർപ് ഷൂട്ടറല്ല.’’
“വേറെ എന്താണ് വഴി.’’
‘”ഒരു കാര്യം ചെയ്യാം, ഗോഡ്‌സെ ബുർഖ അണിഞ്ഞുകൊണ്ട് കൃത്യം നിർവഹിക്കട്ടെ. ഇസ്ലാംമത വിശ്വാസിയാണെന്ന് ആൾക്കാർ തെറ്റിദ്ധരിക്കുകയും ചെയ്യും.’’ ആപ്തെ നിർദേശിച്ചു.
“അത് ഗംഭീരചിന്തയാണ്. അക്രമി മുസ്‌ലിം ആണെന്ന് പ്രചാരണം വന്നാൽ അത് മറ്റൊരു കലാപത്തിന് വഴിയൊരുക്കുകയും ചെയ്യും. ഒരു വെടിക്കു രണ്ടു പക്ഷിയെ കിട്ടും.’’ ഗോഡ്സെയ്ക്ക് ആവേശമായി.
‘”എങ്കിൽ നമുക്ക് ചാന്ദിനി ചൗക്കിൽനിന്ന് ബുർഖ വാങ്ങിയിട്ട് വരാം.” കാർക്കറെ പറഞ്ഞു.
കൂട്ടുകാരനെ വിശ്രമിക്കാൻ വിട്ടു മുറിയിൽനിന്നവർ പുറത്തിറങ്ങി. ഗോഡ്സെയ്ക്ക് കുറച്ചു നേരമേ ഏകാന്തതയുടെ തടവുകാരനായിരിക്കാൻ സാധിച്ചുള്ളൂ. അയാൾക്ക് ഇരയെ കാണാൻ തോന്നി. അവിടെ ചെന്നാൽ പിടിക്കപ്പെടുമോ എന്ന ചിന്തയൊന്നും ഉണ്ടായില്ല. തോക്കെടുത്തു തലോടിയ ശേഷം കിടക്കയുടെ അടിയിൽ ഒളിപ്പിച്ചുവെച്ചു. വയറ്റിൽ നിന്ന് ഒരു കാളൽ ഉണ്ടായി. എരിവ് ചങ്കിലേക്കു കയറുന്നതുപോലെ. കക്കൂസിൽ പോയി അൽപ്പനേരം ഇരുന്നതും ശമനമുണ്ടായി. കൂട്ടാളികളോട് ആലോചിക്കാതെ അയാൾ ബിർളാ ഹൗസിലേക്ക് ടോങ്ക പിടിച്ചു. പോണ വഴിക്ക് അയാൾ കത്ത് പോസ്റ്റ് ചെയ്‌തു.
പാറാവുകാരോ പോലീസുകാരോ അയാൾക്കു തടസ്സമായില്ല. ബിർളാ ഹൗസിനുള്ളിൽ കടന്നതും സാഹചര്യം തനിക്കനുകൂലമാണെന്നയാൾക്കു തോന്നി. ഗാന്ധിയുടെ പരിവാരങ്ങളും പല പണികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അകത്തെ മുറിയിൽ അയാൾ മനുവിനെ കണ്ടു. മനുവിന് ഗോഡ്‌സെയെയോ അയാൾക്ക് മനുവിനെയോ മനസ്സിലായില്ല. ഗാന്ധിദർശനത്തിന് ഒരുപാടുപേർ വരുന്നതാണ്. അങ്ങനെയുള്ള ഒരാൾ ആണെന്നേ മനുവിനും തോന്നിയുള്ളൂ.
‘”ബാപ്പു എവിടെയാണ് കിടന്നുറങ്ങുന്നത്?
എവിടെയിരുന്നാണ് ജോലിചെയുക?
എപ്പോഴാണ് ഭക്ഷണം കഴിക്കുക?’’
ഗോഡ്‌സെ മനുവിനോട് കാര്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. ഒരു ഗാന്ധിഭക്തന്റെ ജിജ്ഞാസയായിരുന്നില്ല അത്. പക്ഷേ, മനുവിന് യാതൊരു സംശയവും തോന്നിയില്ല. ബാപ്പുവിന്റെ ജീവിതം കാണാൻ ഒരുപാടുപേർ വരാറുണ്ട്. അവർക്കെല്ലാം ഇതുപോലുള്ള സംശയങ്ങൾ ഉണ്ടാവും. ദൈവം ഭൂമിയിൽ വേഷം മാറി വന്നതാണ് ഗാന്ധി എന്ന് വിശ്വസിക്കുന്നവരാണ് അധികവും.
വെയിൽ കായാനായി കട്ടിൽ പുൽത്തകിടിയിൽ എടുത്തിട്ടിരുന്നു. മരത്തിന്റെ ചോല പരന്നപ്പോൾ ഗാന്ധി അവിടെത്തന്നെ കിടന്നുറങ്ങി. ആരും അദ്ദേഹത്തിന്റെ നിദ്രയെ തടസ്സപ്പെടുത്താനെത്തിയില്ല. മരണം പരീക്ഷിക്കാൻ വരുന്നതുപോലെ ഒരു നിഴൽ കട്ടിലിനരികിൽ എത്തി. അതീവശാന്തനായുറങ്ങുന്ന ഗാന്ധിയെ കണ്ടു ഗോഡ്‌സെയ്ക്ക് ചെറുതായി ശ്വാസം മുട്ടി. കാലം വാർദ്ധക്യം സമ്മാനിച്ച കാൽപ്പാദങ്ങളിൽ ആണ് ഗോഡ്സെയുടെ കണ്ണാദ്യം ഉടക്കിയത്.
കാൽപ്പാദങ്ങളിൽ നെയ്യ് പുരട്ടിയിരുന്നു. ഉറങ്ങും മുമ്പ് പരിചാരകർ കാൽ തിരുമ്മിക്കൊടുത്തുകാണും. കൊല്ലും മുമ്പ് വണങ്ങണമെന്ന് അയാൾക്ക് തോന്നി. ഗാന്ധിയുടെ ഹൃദയമിടുപ്പു മാത്രം അപ്പോൾ ഗോഡ്സെ കൃത്യമായി കാതോർത്തു.
എഴുപത്തെട്ടു വർഷവും മൂന്ന് മാസവും ഇരുപത്തെട്ടു ദിവസവും ഈ ഭൂമിയെ ചലിപ്പിച്ച കാലുകൾ! ആ ചലനം നിലയ്ക്കാൻ പോകുകയാണ്. അടുത്ത് കാണുമ്പോൾ ശത്രുവിനുപോലും ബഹുമാനം തോന്നുന്ന ശരീരം. പ്രാണനെടുക്കാൻ വന്നവൻ പ്രാർത്ഥിച്ചുകൊണ്ട് സമ്മതം വാങ്ങി. ഗോഡ്സെ ഒന്ന് പതറി. ഇനിയും നിന്നാൽ തല കറങ്ങി വീഴുമെന്ന് അയാൾ ഭയന്നു.
“നിങ്ങൾ അവിടെ നിൽപ്പാണോ? ബാപ്പു ഉറങ്ങിക്കോട്ടെ, ശല്യം ചെയ്യാതെ.’’ മനു അടുത്തേക്ക് വന്നു. രണ്ടടി പിന്നോട്ടു വെച്ചശേഷം ഗോഡ്സെ തിരിഞ്ഞു നടന്നു. അപ്പോൾ അയാളുടെ കണ്ണുകളിലെ വെപ്രാളം മനു ശരിക്കും കണ്ടു. ബിർളാ ഹൗസിന്റെ പ്രധാന കവാടം തുറന്നിട്ടിരുന്നു. ഗോഡ്സെ അങ്ങോട്ട് വച്ചുപിടിച്ചു. ഭാഗ്യത്തിനാണ് താൻ രക്ഷപ്പെട്ടത്. ആരെങ്കിലും തിരിച്ചറിഞ്ഞിരുന്നെങ്കിലോ? മുറിയിലെത്തിയിട്ടും ഗോഡ്സെ വിയർക്കാൻ തുടങ്ങി.
അൽപ്പം കഴിഞ്ഞപ്പോഴേക്കും ആപ്‌തെയും കാർക്കറെയും വന്നു.
“‘ബുർഖ കിട്ടി, ഇനിയൊന്ന് അണിഞ്ഞു നോക്കൂ.’’
“‘എത്ര കൊടുത്തു?’’
‘‘അമ്പതു രൂപ.’’
ഗോഡ്സെ ബുർഖയെടുത്തു കുടഞ്ഞു. പുതുവസ്ത്രത്തിന്റെ മണം പരന്നു. സാവധാനം, മുമ്പ് ഉടുത്തു ശീലം ഉള്ളതുപോലെ അണിഞ്ഞു. വീണ്ടും പെണ്ണിന്റെ കുപ്പായം! കുട്ടിക്കാലം അപമാനഭാരത്തോടെ ഉള്ളിൽ നിറഞ്ഞു. മുഖം വിളറി. കിടക്കയുടെ അടിയിൽനിന്ന് തോക്കെടുത്ത് അയാൾ ബുർഖയുടെ കീശയിൽ തിരുകി. ആണത്തം തിരിച്ചുപിടിച്ചു. തപ്പിത്തടഞ്ഞാണെങ്കിലും മുറിയിലൂടെ നടന്നുനോക്കി. കുഴപ്പമില്ല. രക്ഷാകവചംപോലുള്ള കുപ്പായം. ഘാതകനെ തിരിച്ചറിയാൻ ലോകത്തിന് എളുപ്പം സാധിക്കുകയില്ല. ഇതു മതിയാവും. പക്ഷേ, ആ തോന്നലിന് അൽപ്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. കീശയിൽനിന്ന് തോക്കെടുക്കാൻ നോക്കിയപ്പോൾ, എളുപ്പത്തിൽ സാധിക്കുന്നില്ല. അയാളുടെ പിടിവിട്ടു. സമ്മർദ്ദം കാരണം പൊട്ടിത്തെറിക്കാൻ ഒരു കാരണം നോക്കി നടക്കുകയായിരുന്നു ഗോഡ്‌സെ.
“എല്ലാം നശിപ്പിച്ചു. ഈ ബുർഖ ശരിയല്ല. വെറുതെ അമ്പതു രൂപയും കളഞ്ഞു. അതുണ്ടായിരുന്നെങ്കിൽ രണ്ടു നേരത്തെ ആഹാരം കഴിക്കാമായിരുന്നു. വകതിരിവില്ലാത്ത പണിയായിപ്പോയി.’’
കാർക്കറെ തലതാഴ്-ത്തി. ഗോഡ്‌സെ ബുർഖയൂരി ഇരുവർക്കുമിടയിലേക്കു വലിച്ചെറിഞ്ഞു.
“നിങ്ങൾ എന്റെ കൂടെ വന്നതിൽ പിന്നെ ബുദ്ധിപരമായ വല്ല നിർദേശവും തന്നിട്ടുണ്ടോ? ഇതിൽനിന്ന് തോക്കു വലിച്ചെടുക്കുമ്പോഴേക്കും നാട്ടുകാർ എന്നെ വളയും. നശിച്ച ബുദ്ധി ഇനിയാരും ഉപദേശിക്കേണ്ട.’
“ഘാതകന് ആത്മസംയമനം വേണം. ഇരയുടെ മഹത്ത്വം ഭാരമാകുമ്പോഴാണ് കൊലയാളി പതറുക. ഇയാൾക്ക് മരണം ക്ഷണിക്കാൻ പോകുന്നവന്റെ ധ്യാനമില്ല’.ആപ്‌തെ കൂട്ടുകാരന്റെ മനോബലമില്ലായ്‌മയ്ക്കു മാപ്പു കൊടുത്തു. ബുർഖ അയാൾ മടക്കിവെച്ചു.
“ഇനി എന്താണ് പോംവഴി?’’ കാർക്കറെ ചോദിച്ചു. “വേഷംകെട്ടൊന്നും വേണ്ട, ഞാനായിത്തന്നെ അയാളെ വകവരുത്തും.’’
കാലം 1944, ഗാന്ധി സേവാഗ്രാം ആശ്രമത്തിൽ കഴിയുന്ന സമയം. മുഹമ്മദ് അലി ജിന്നയുമായി സന്ധിസംഭാഷണത്തിന് ബോംബെയിൽ പോകാൻ ഗാന്ധി തയ്യാറെടുത്തു. ഇരുവരും തമ്മിലുള്ള മീറ്റിങ് ഹിന്ദു മഹാസഭയും ആർ എസ് എസ്സും ആഗ്രഹിച്ചില്ല. ഗാന്ധിയെ തടയാൻ ഗോഡ്‌സെ തീരുമാനിച്ചു. എൽ ജി തട്ടേയും കൂടെ നിന്നു. ഇരുവരുടെയും നേതൃത്വത്തിൽ സേവാഗ്രാമിലേക്കു മാർച്ച് നടത്തി. ഗോഡ്സെയുടെ പോക്കറ്റിൽ നാടൻ കഠാര ഉണ്ടായിരുന്നു. മുദ്രാവാക്യം മുഴക്കി അവർ സേവാഗ്രാം വളഞ്ഞു. വീരശൂരപരാക്രമം കാണിച്ച ഗോഡ്‌സെയെ ആശ്രമത്തിലെ അന്തേവാസികൾ തടഞ്ഞു. കുതറിമാറി ഗാന്ധിയുടെ അടുത്തേക്ക് അലറിച്ചെന്ന ഗോഡ്സെയെ എല്ലാവരും പാടുപെട്ടാണ് പിടിച്ചുമാറ്റിയത്. പോലീസെത്തി. കഠാര അവർ പിടിച്ചെ ടുത്തു. ആയുസ്സിന്റെ ബലംകൊണ്ടാണ് ഗാന്ധി രക്ഷപ്പെട്ടത്.
അന്ന് താത്യാറാവ് പകർന്നുകൊടുത്ത അതേ ധീരതയാണിന്നു വൈകുന്നേരവും ഗോഡ്സെയെ നയിക്കുന്നതെന്ന് നാരായൺ ആപ്‌തെയ്ക്ക് ഉറപ്പായി.
‘‘ഇവിടെ നിർത്തിയാൽ മതി.’’ കാർക്കറെ കുതിരവണ്ടിക്കാരനോട് പറഞ്ഞു. ബിർളാ ഹൗസിന്റെ നൂറു വാര അകലെയാണ് അവർ വണ്ടിയിറങ്ങിയത്. അകത്തു കടക്കുമ്പോൾ, പ്രാർത്ഥനായോഗത്തിനുള്ള ജനം തിങ്ങിയിരുന്നു. കാർക്കറെ ആത്മവിശ്വാസത്തോടെ ആപ്തെയ്ക്കു പിറകേ ആൾക്കൂട്ടത്തിലേക്കിറങ്ങി. പ്രാർത്ഥനാവേദിക്കു കുറച്ചകലെയായി ഗോഡ്സെ നിലയുറപ്പിച്ചത് അവർ കണ്ടു. ഇരുവരും അങ്ങോട്ട് നടന്നു. അപരിചിതരെപ്പോലെ അടുത്തടുത്തു നിന്നു. കൊലയാളിക്ക് ആത്മധൈര്യം കിട്ടി. മൂവരും യുഗപുരുഷനെ കാത്തുനിന്നു. സമയം അഞ്ചുമണിയോടടുത്തിരുന്നു. ഗാന്ധി, സർദാർ പട്ടേലുമായി ചർച്ച തുടരുകയാണ്. മനുവിന് വെപ്രാളമായി. അഞ്ചുമണിക്കാണ് പ്രാർത്ഥനായോഗം തുടങ്ങേണ്ടത്. ബാപ്പുവിന്റെ ശ്രദ്ധ ആകർഷിക്കാനെന്നോണം മനു ഭക്ഷണം മുന്നിൽകൊണ്ട് വെച്ചു. അദ്ദേഹം അത് കണ്ടില്ല. ഗൗരവമായ ചർച്ച തടസ്സപ്പെടുത്തി എങ്ങനെ കാര്യം അവതരിപ്പിക്കും എന്ന വിഷമവൃത്തത്തിലായിരുന്നു മനു. അവർ പട്ടേലിന്റെ കൂടെ വന്ന മകളോടും കാര്യം പറഞ്ഞു. ഭാഗ്യത്തിന് അവർ ഇടപെടും മുമ്പേ ചർച്ച അവസാനിച്ചു. സമയം വൈകിയതറിഞ്ഞു ഗാന്ധി അസ്വസ്ഥനായി വേഗം കാലും മുഖവും കഴുകി ചെരുപ്പെടുത്തണിഞ്ഞു.
“‘നിങ്ങളാണെന്റെ സമയത്തിന്റെ കാവൽക്കാർ. എന്തുകൊണ്ടെന്നെ ഓർമ്മപ്പെടുത്തിയില്ല?’’ ബാപ്പു മനുവിനോടും ആഭയോടും ചോദിച്ചു. അദ്ദേഹം ഇടുങ്ങിയ വാതിലിലൂടെ പുറത്തേക്കിറങ്ങി. മനുവും ആഭയും ഊന്നുവടികളായി. അദ്ദേഹം തണുപ്പകറ്റാൻ പുതച്ചിരുന്ന ഷാൾ നേരെയാക്കി. ആഭ ഇടതും മനു വലതും അദ്ദേഹത്തെ താങ്ങി. പതിവുപോലെ മനുവിന്റെ കൈയിൽ ഗാന്ധിയുടെ കണ്ണടക്കവറും തുപ്പൽപാത്രവും ജപമാലയും നോട്ട്ബുക്കും ഉണ്ടായിരുന്നു.
ഗാന്ധിക്ക് പിറകിലായി ബ്രജ് കൃഷ്‌ണയും ബിർളാ ഹൗസിലെ കുടുംബാംഗങ്ങളിൽ ചിലരും കാത്യവാർഡിൽനിന്നു ഗാന്ധിയെ കാണാൻ വന്ന നേതാക്കളും നടന്നു. മറ്റൊരു വാതിലിലൂടെ പുറത്തേക്കിറങ്ങിയ തിനാൽ, ഗാന്ധിക്ക് വഴിയൊരുക്കിക്കൊടുത്തിരുന്ന ഗർഭജൻ സിങ്ങിന് അവരുടെ മുന്നിലെത്താനായില്ല.
സമയം 5.15 ആയിട്ടും ഗാന്ധിയെ കാണാഞ്ഞു ഗോഡ്സെ അക്ഷമനായി. അയാൾ മാത്രമല്ല യോഗത്തിൽ പങ്കുകൊള്ളാൻ വന്നവരെല്ലാം ആകാംക്ഷയിലായിരുന്നു. ഗാന്ധി ഒരിക്കലും സമയം തെറ്റിക്കാറില്ല. എല്ലാദിവസവും കൃത്യം അഞ്ചുമണിക്ക് യോഗം ആരംഭിക്കാറുള്ളതാണ്. ഇന്ന് എന്തുപറ്റി? ജനം ശ്വാസം അടക്കിപ്പിടിച്ചിരുന്നു. നേർത്ത കാറ്റ് വീശി. പൊടുന്നനെ ജനങ്ങൾക്കിടയിൽനിന്നു ഹർഷാരവങ്ങൾ ഉണ്ടായി. ബാപ്പു വരുന്നു.
ആപ്‌തെ അദ്ദേഹത്തെ ദൂരെനിന്നു കണ്ടു. അയാൾ ഗോഡ്‌സെയ്ക്ക് സൂചന നൽകി. മാർഗം തടസപ്പെടുത്താൻ എളുപ്പമുള്ള ഒരിടത്തേക്ക് നാഥുറാം വിനായക് ഗോഡ്‌സെ സ്ഥാനം പിടിച്ചു. ആളുകൾ തിക്കിത്തി രക്കി. വിഷ്ണു കാർക്കറെ ശ്വാസം അടക്കി ദൈവത്തെ വിളിച്ചു. അയാളുടെ അടിവസ്ത്രം ഒരു തുള്ളി മൂത്രംകൊണ്ടു നനഞ്ഞു.
ഗാന്ധി നടന്നടുത്തുകൊണ്ടിരുന്നു. ആൾക്കൂട്ടം അദ്ദേഹത്തെ കാണാനും തൊടാനും വെമ്പൽ കൊണ്ടു. വഴിയൊരുക്കാനായി ഗർഭജൻ സിങ് ആളുകൾക്കിടയിലൂടെ മുന്നോട്ടുവരാൻ പാടുപെട്ടു. ജനം അച്ച ടക്കം ശീലിച്ചവരായിരുന്നു. കടൽ വഴിമാറുന്നതുപോലെ അവർ ഗാന്ധിക്ക് പോകാൻ ഇടമൊരുക്കിക്കൊടുത്തു.
ഗാന്ധി ആൾക്കൂട്ടത്തിന്റെ ആഹ്ളാദാരവങ്ങളിൽ സന്തോഷവാനായി. അദ്ദേഹം മനുവിന്റെയും ആഭയുടെയും തോളിൽനിന്നും കൈയെടുത്തു. പോക്കുവെയിൽ ഇടയ്ക്ക് മങ്ങി. ഗാന്ധി എല്ലാവരോടും കൈകൂപ്പി. വേദിയിലേക്ക് ഇനി ഏതാനും കാലടികൾ വെച്ചാൽ മതി. ആരാധനാ പുരുഷനെ ജീവനോടെ കണ്ട ജനങ്ങളുടെ നെടുവീർപ്പുകൾ അന്തരീക്ഷത്തിനു ഭക്തിയുടെ നിറവുനൽകി.
നാഥുറാം വിനായക് ഗോഡ്‌സെയുടെ കാലുകൾ ചലിച്ചു. വലതു വശത്തു നിന്ന് അയാൾ ഗാന്ധിയുടെ വഴിമുടക്കി. മനുവിന് ആ മുഖം പിടികിട്ടി. രാവിലെ ബാപ്പുവിനെ കാണാൻ വന്ന മനുഷ്യൻ!
‘”നമസ്തേ ബാപ്പു.’’ നാഥുറാം വിനായക് ഗോഡ്‌സെ കൈകൂപ്പി. ഗാന്ധി അയാളുടെ കണ്ണിൽ തന്റെ മരണം കണ്ടു.
‘”സഹോദരാ. ബാപ്പുജി ഇപ്പോൾതന്നെ വൈകി. വഴിമുടക്കാതെ മാറി…’’ മനുവിന് വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഗോഡ്‌സെ മനുവിനെ തട്ടിമാറ്റി. മനു നിലത്ത് വീണു. ജപമാലയും തുപ്പൽപാത്രവും നോട്ട്ബുക്കും തെറിച്ചുപോയി.
ഞൊടിയിടയിൽ ഗോഡ്‌സെ കീശയിൽനിന്ന് 9 mm ബെരേറ്റ പുറത്തെടുത്തു. ഗാന്ധിക്ക് നേരെ ചൂണ്ടി. വെളിച്ചം കെട്ടു. ദ്യക്‌സാക്ഷികളുടെ കണ്ണിൽ ഇരുട്ടു കയറി.
ഒന്നിന് പിറകെ ഒന്നായി മൂന്ന് വെടി പൊട്ടി… ആദ്യ തിര അടിവയർ തുളച്ചു പുറത്തുകടന്നു. രണ്ടാമത്തേത് വയറിന്റെ മധ്യഭാഗത്ത്. ഉണ്ട വസ്ത്രത്തിന്റെ ചുളുവിൽ പറ്റിക്കിടന്നു. മൂന്നാമത്തെ ഉണ്ട നെഞ്ചിന്റെ ഇടതു ഭാഗത്തു തുളഞ്ഞു കയറി. ഗാന്ധി നിലംപൊത്തി വീണു. അദ്ദേഹത്തിന്റെ കണ്ണടയും ചെരുപ്പും തെറിച്ചു പോയി. മനുവിന്റെയും ആഭയുടെയും മടിയിൽ അദ്ദേഹം ചോരവാർന്ന് കിടന്നു. എങ്ങും ഏങ്ങലടികൾ ഉയർന്നു. തോക്കിൻകുഴലിൽനിന്നു പുക പരന്നപ്പോൾ കൂടിനിന്നവരുടെ കണ്ണിൽ ഇരുട്ടുകയറി.
“‘ഒരു മുസ്‌ലിം ബാപ്പുവിനെ കൊന്നു.’’
നാരായൺ ആപ്‌തെ ആൾക്കൂട്ടത്തിൽ നിന്നു വിളിച്ചുകൂവി. അയാൾ നിലത്തൊന്നുമായിരുന്നില്ല. ആപ്തെയുടെ ജീവിതത്തിലെ അവസാനത്തെ ഉന്മാദം.
‘”ഒരു മുസ്‌ലിം ബാപ്പുവിനെ കൊന്നു.’’ വിഷ്ണു കാർക്കറെയും ആവേശത്തോടെ ഏറ്റുവിളിച്ചു.
ജനം ഇളകി. കേട്ടവർ കേട്ടവർ ഏറ്റുവിളിച്ചു.
“‘ബാപ്പുവിനെ കൊന്ന മുസ്‌ലിമിനെ വെറുതെ വിടരുത്’’ ആൾക്കൂട്ടം ആർത്തിരമ്പി.
ഗാന്ധിയുടെ ചോര വീണ മണ്ണ് ഒരുപിടി വാരിയെടുത്ത ഒരു പയ്യൻ, പോലീസിനെക്കണ്ട് ഓടിമറഞ്ഞു. കാർക്കറെയും ആപ്‌തെയും ഗേറ്റ് കടന്ന് ഓടി.
ഓട്ടത്തിനിടയിൽ കിതച്ചുകൊണ്ട് വിഷ്‌ണു കാർക്കറെ ചോദിച്ചു:
“ജനം ഗോഡ്സെയെ തമർത്തിക്കാണുമോ?’
ആപ്‌തെ കിതച്ചുകൊണ്ട് പറഞ്ഞു:
“ഇല്ല, അഹിംസയുടെ സന്തതികൾ അവനെ രക്ഷിക്കും.’ ♦