Wednesday, January 29, 2025

ad

Homeആമുഖംആക്രമിക്കപ്പെടുന്ന ഇന്ത്യൻ റിപ്പബ്ലിക്

ആക്രമിക്കപ്പെടുന്ന ഇന്ത്യൻ റിപ്പബ്ലിക്

75–ാം വർഷത്തിലേക്ക് കടക്കുന്ന ഇന്ത്യൻ ജനാധിപത്യ റിപ്പബ്ലിക്കിന്റെ നിലനിൽപ്പുതന്നെ അപകടത്തിലേക്ക് നീങ്ങുകയാണ്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആധാരശിലയായ ഭരണഘടനാ മൂല്യങ്ങളിൽ പലതും തകർക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആർഎസ്എസ്സിന്റെ നിയന്ത്രണത്തിലും പ്രത്യയശാസ്ത്രപരമായ നേതൃത്വത്തിലുമുള്ള ബിജെപിയുടെ, നരേന്ദ്രമോദി – അമിത്ഷാ കൂട്ടുകെട്ടിന്റെ വാഴ്ചയിൻകീഴിൽ ഭരണഘടനാ സംവിധാനങ്ങളാകെ തകർതക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

അടിസ്ഥാനപരമായിതന്നെ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ഫെഡറലിസത്തിലുമൊന്നും വിശ്വസിക്കാത്ത, ആഗോളമൂലധനത്തിന്റെ, സാമ്രാജ്യത്വത്തിന്റെ ശിങ്കിടിയായ സംഘപരിവാർ കോർപ്പറേറ്റ് മുതലാളിത്തത്തിന്റെ സംരക്ഷകരാണ്. കോർപ്പറേറ്റ് മുതലാളിത്തത്തിനും സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയത്തിനും വേണ്ടത് നഗ്നമായ സേ-്വച്ഛാധിപത്യത്തെ ആധാരമാക്കിയ ഭരണസംവിധാനമാണ്.

ഭരണഘടനയെത്തന്നെ ഹിന്ദുത്വ കോർപ്പറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കത്തക്കവിധത്തിലുള്ള ഒന്നായി പൊളിച്ചെഴുതാനുള്ള നീക്കങ്ങളാണ് അണിയറയിൽ തകൃതിയായി നടക്കുന്നത്. എന്നാൽ അതിനവസരം കിട്ടുന്നതുവരെ, ഇന്ത്യൻ ജനതയുടെ പിന്തുണ നേടുന്നതുവരെ കാത്തിരിക്കാനൊന്നും സംഘപരിവാറോ കോർപ്പറേറ്റുകളോ തയ്യാറല്ല.

അതാണ് മോദി വാഴ്ചയെ ‘‘തിരഞ്ഞെടുക്കപ്പെട്ട സേ-്വച്ഛാധിപത്യം’’ എന്ന് ലോകം വിശേഷിപ്പിക്കുന്നത്. ‘‘പ്രഖ്യാപിക്കപ്പെടാത്ത അടിയന്തരാവസ്ഥ’’ എന്ന വിശേഷണവും ഈ ഭരണത്തിനുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെങ്കിൽ ഒരു ഭരണഘടന വേണമല്ലോ! എന്നാൽ മോദി വാഴ്ചയിൽ ഭരണഘടനതന്നെ, തകർക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. മനുസ്മൃതിക്കപ്പുറം ഒരു ഭരണഘടനയും വേണ്ടെന്ന് ഭരണഘടനയുടെ നിർമിതിയുടെ ഘട്ടത്തിൽ വാദിച്ചിരുന്ന സംഘപരിവാർ ഇന്ന് നമ്മുടെ മതനിരപേക്ഷ – ജനാധിപത്യ റിപ്പബ്ലിക്കൻ ഭരണഘടനയെ നിഷ്-ക്രിയമാക്കി നിർത്തി തങ്ങളുടെ അജൻഡ നടപ്പാക്കുകയാണ്.

ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാർലമെന്റിനെത്തന്നെ മോദിയും കൂട്ടരും നോക്കുകുത്തിയാക്കിയിരിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളായ, ഇന്ത്യൻ ജനാധിപത്യത്തിന്റെ കാവലാളായ ജുഡീഷ്യറിയെതന്നെ തങ്ങളുടെ ചൊൽപ്പടിക്കാക്കാനുള്ള നീക്കമാണ് മോദി വാഴ്ചയിൽ നിരന്തരം നടന്നുകൊണ്ടിരിക്കുന്നത്. ഒരേസമയം പ്രലോഭനങ്ങളും ഭീഷണികളും അതിനായി പ്രയോഗിക്കുന്നു. നീതിപീഠങ്ങളിൽനിന്നും വിരമിച്ചശേഷം കേന്ദ്ര ഭരണാധികാരികളുടെ സൗജന്യങ്ങൾ പറ്റുന്ന ജഡ്ജിമാരാണ്- ഒരു വശത്തെങ്കിൽ, മറുവശത്ത് ജസ്റ്റിസ് ലോയയുടെ മുഖം നമ്മുടെ മുന്നിലുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷൻ, സിഎജി, കേന്ദ്ര അനേ-്വഷണ ഏജൻസികൾ എന്നിങ്ങനെ ഭരണഘടനാ സ്ഥാപനങ്ങളെയാകെ മോദി വാഴ്ച വരുതിയിലാക്കിക്കഴിഞ്ഞു. ഇന്ത്യയുടെ ഫെഡറൽ സംവിധാനംതന്നെ തകർക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സംസ്ഥാന സർക്കാരുകളെ അസ്ഥിരീകരിക്കാനായി ഗവർണർ പദവിയെ ഉപയോഗിക്കുമ്പോൾ മറുവശത്ത് സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കിക്കൊണ്ടിരിക്കുകയുമാണ് മോദി സർക്കാർ.

ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 74–ാം വാർഷിക വേളയിൽ പ്രസിദ്ധീകരിക്കുന്ന ഈ ലക്കത്തിൽ ഇന്ത്യൻ റിപ്പബ്ലിക് നേരിടുന്ന വെല്ലുവിളികളിലേക്ക് വെളിച്ചം വീശുന്ന ലേഖനങ്ങളും കുറിപ്പുകളുമാണ് ഞങ്ങൾ നൽകുന്നത‍്. മുഖ്യമന്ത്രി പിണറായി വിജയൻ,സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ഡോ. സെബാസ്റ്റ്യൻ പോൾ എന്നിവരാണ് ഈ വിഷയത്തിൽ ലേഖനങ്ങൾ എഴുതിയിട്ടുള്ളത്. കുറിപ്പുകൾ തയ്യാറാക്കാൻ പത്രാധിപ സമിതിക്കൊപ്പം അഡ്വ. കെ എസ് അരുൺകുമാറും ചേർന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇതിലെ ഉള്ളടക്കത്തെ വായനക്കാർ ഗൗരവപൂർവം ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
– ചിന്ത പ്രവർത്തകർ

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eleven + seventeen =

Most Popular