Tuesday, June 30, 2026

ad

Homeകവര്‍സ്റ്റോറിനല്ലൊരു ലോകം സാധ്യമാണ് –2

നല്ലൊരു ലോകം സാധ്യമാണ് –2

മിഗ്വേൽ ഡയസ് കാനൽ

ക്യൂബയെ തൊടരുത്
(2026 മെയ് 2ന് ഹവാനയിൽ ചേർന്ന സാർവദേശീയ 
ഐക്യദാർഢ്യ സമ്മേളനത്തിൽ നടത്തിയ പ്രസംഗം)

നയം കേവലം ഭരണമാറ്റം മാത്രമല്ല ഉദ്ദേശിക്കുന്നത്, മറിച്ച് ക്യൂബയുമായി ബന്ധം പുലർത്തിക്കൊണ്ട് അമേരിക്കൻ കമ്പോളത്തിലേക്കും ഫിനാൻഷ്യൽ സംവിധാനത്തിലേക്കുമുള്ള പ്രവേശനം അസാധ്യമാണെന്ന കാഴ്ചപ്പാട്- അന്താരാഷ്ട്ര സമൂഹത്തിലേക്ക് നിർബന്ധിതമായി എത്തിക്കുക വഴി മേഖലാതല അസ്ഥിരീകരണ പ്രക്രിയയും അത് ലക്ഷ്യമിടുന്നു. ലോകം ഒന്നുകിൽ അമേരിക്കൻ ഫിനാൻഷ്യൽ ഇക്കണോമിക് സിസ്റ്റത്തിൽ പങ്കു ചേരണം അല്ലെങ്കിൽ ക്യൂബയുമായി കൂട്ടുകൂടണം എന്ന സ്ഥിതിവന്നിരിക്കുന്നു. ഞാൻ ചോദിക്കട്ടെ: ഈ ചൂഷണം ലോകം എത്രകാലം സഹിച്ചുനിൽക്കും? ഗാസയിലെ പോലെ, ലെബനനിലെപ്പോലെ, ഇറാനിലെപോലെ നിഷ്-കളങ്കരായ കുഞ്ഞുങ്ങളും നിഷ്-കളങ്കരായ മനുഷ്യരും കൊല്ലപ്പെടുമ്പോൾ ലോകം ഇനിയുമെത്ര കാലം ഇങ്ങനെ കണ്ടുനിൽക്കും? ധീരരായ ക്യൂബൻ ജനതയ്ക്കെതിരായി അമേരിക്ക അങ്ങേയറ്റം സമ്മർദം ചെലുത്തുന്ന നയം നടപ്പാക്കുമ്പോൾ ഇനിയുമെത്ര കാലം ലോകം അത് കണ്ടുനിൽക്കും? ക്യൂബയ്ക്കെതിരായി പലസ്തീനെതിരായി, ഇറാനെതിരായി അമേരിക്ക എന്താണോ ചെയ്തത്? അത് തങ്ങളിലാർക്കുമെതിരെ നാളെയൊരു കാലത്ത് ചെയ്യുമെന്ന് ലോകത്തിന് ബോധ്യമുണ്ടാകും.

അതുകൊണ്ടാണ് എല്ലാവിധ ഉത്തരവാദിത്തത്തോടും കൂടി നമ്മൾ പറയുന്നത്, ഈ നിമിഷത്തിൽ ക്യൂബയോടൊപ്പം നിൽക്കുന്ന ഏവരും എല്ലായ്-പ്പോഴും ക്യൂബയോടൊപ്പം ഉണ്ടായിരിക്കും; കാരണം ക്യൂബയിൽ ജനങ്ങളുടെ അന്തസ്സ് സംരക്ഷിക്കപ്പെടുന്നു. ക്യൂബയിൽ, ജനങ്ങളുടെ പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടുന്നു. ക്യൂബയിൽ, ജനങ്ങളുടെ സ്വയംനിർണയാവകാശം സംരക്ഷിക്കപ്പെടുന്നു. വീരോചിതമായൊരു ജനത നീതിയുക്തമായൊരു ലക്ഷ്യത്തിനുവേണ്ടി നടത്തുന്ന ചെറുത്തുനിൽപ്പിനെ കെെവെടിയാനാകില്ല എന്നതുകൊണ്ടുതന്നെ ദൃഢവിശ്വാസത്തെ ക്യൂബ ചേർത്തുപിടിക്കുന്നു. അതുകൊണ്ടുതന്നെ ക്യൂബ കീഴടങ്ങുമെന്ന് ആരുംതന്നെ വിചാരിക്കണ്ട! ഞങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കുന്ന ഇപ്പറഞ്ഞ സാന്ദർഭികമായ എല്ലാ ഘടകങ്ങളും, യാതൊരു സംശയവും വേണ്ട, ഞങ്ങളുടെ അവസ്ഥയെ സങ്കീർണമാക്കിയിട്ടുണ്ട്. നിങ്ങൾ നേരിട്ടറിഞ്ഞതുപോലെ, ക്യൂബൻ ജനങ്ങളുമായി നിങ്ങൾ പങ്കുവച്ചതുപോലെ തന്നെ, ഞങ്ങൾ നേരത്തേമുതൽ ചുമക്കുന്നതിനേക്കാൾ കൂടുതൽ അധിക ഭാരമാണ് ഇപ്പോൾ ഞങ്ങൾ ചുമക്കുന്നത്. ഇന്ധനലഭ്യത നിഷേധിക്കപ്പെടുന്ന ഒരു രാജ്യത്തിന് എങ്ങനെ അതിന്റെ സമ്പദ്-വ്യവസ്ഥ മുന്നോട്ടുകൊണ്ടു പോകാനാകുമെന്നും എങ്ങനെ അതിന്റെ സേവനങ്ങൾ നിലനിർത്താനാകുമെന്നും ആരും ചോദിക്കാം.

ഒരു രാജ്യമെന്ന നിലയിൽ, ഒരു ജനതയെതന്നെ നിലയിൽ ഞങ്ങളിപ്പോൾ നേരിടുന്നത്, ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തിൽനിന്നുള്ള ബഹുമുഖ കടന്നാക്രമണമാണ്. ഇവിടെ പ്രശ്നം അത് ഉത്തരോത്തരം വർധിക്കുന്നതിന്റേതാണ്; കാരണം ക്യൂബയുടെ ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് ചർച്ചകളും വിലയിരുത്തലുകളും നടത്തപ്പെട്ടിട്ടുണ്ട്. ക്യൂബയുടെ പ്രശ്നം പെട്ടെന്ന് ഒരു ദിനം കൊണ്ട് ഉണ്ടായതല്ല; ആ പ്രശ്നം 60 വർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന അമേരിക്കൻ ഉപരോധത്തിൽനിന്നും 2019നുശേഷം ആ ഉപരോധം തീവ്രമാക്കിയതിൽനിന്നും കോവിഡ് –19ന്റെ അനന്തരഫലങ്ങളിൽനിന്നും ഇപ്പോൾ ഈ രണ്ട് എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ ഉപരോധം പിന്നെയും കൂടുതൽ തീക്ഷ്-ണമാക്കിയതിൽനിന്നുമെല്ലാമുണ്ടായ പ്രതിസന്ധികളുടെ ആകത്തുകയാണ്; ഇവിടെയൊരു സാമൂഹിക ലഹളയുണ്ടാക്കുന്നതിനും ഭരണമാറ്റമുണ്ടാക്കുന്നതിനും വേണ്ടി ഞങ്ങൾക്കുമേൽ ചുമത്തണമെന്ന് അവർ ആഗ്രഹിക്കുന്ന ഒരു കൂട്ടം ശിക്ഷയും ശ്വാസംമുട്ടിക്കലുമാണിത്. പക്ഷേ, ഞങ്ങൾ നിഷ്-ക്രിയരായി വെറുതേ നോക്കിയിരിക്കുകയല്ല ചെയ്യുന്നത്. തിരഞ്ഞെടുപ്പിൽ ട്രംപ് ജയിക്കുമെന്നും അദ്ദേഹത്തിന്റെ ഭരണം ചിട്ടപ്പെടുത്തുന്നവരോടൊപ്പം അദ്ദേഹം കൂട്ടുചേരുമെന്നും ക്യൂബൻ നേതൃത്വം വിലയിരുത്തിയപ്പോൾ മുതൽ തന്നെ, ക്യൂബയ്ക്കുമേൽ കൂടുതൽ വലിയ ഭീഷണി തെളിഞ്ഞുകാണുന്നുവെന്ന് ഞങ്ങൾക്കറിയാമായിരുന്നു; കൂടുതൽ അടിയന്തരപ്രാധാന്യത്തോടുകൂടി ഞങ്ങൾ ഒരുകൂട്ടം ആശയങ്ങളും പദ്ധതികളും പരിപാടികളും മുന്നോട്ടുവയ്ക്കുകയും അംഗീകാരം നേടുകയും കൂടുതൽ തെളിമയുള്ളതാക്കി മാറ്റുകയും പുതുക്കുകയും ചെയ്തു; ഇപ്പോഴും അത് വികസിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

ബഹുമുഖ കടന്നാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഞങ്ങൾ മൗലികമായ മൂന്ന് മുൻഗണനകൾ തയ്യാറാക്കി; അതേക്കുറിച്ച് നിങ്ങളോട് ഇവിടെ പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്; കാരണം ക്യൂബ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് നിങ്ങൾ അറിയേണ്ടിയിരിക്കുന്നു. ഒന്നാമതായി, ഞങ്ങൾ ആഗ്രഹിക്കുന്നില്ലായെങ്കിൽ പോലും സെെനികമായൊരു കടന്നാക്രമണം ആസന്നമാണ്. ക്യൂബ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്; സമാധാനത്തെ മുറുകെപ്പിടിക്കുന്ന രാജ്യമാണ്. പക്ഷേ, അമേരിക്കൻ ഗവൺമെന്റ് എല്ലാ ദിവസവും യുദ്ധത്തെക്കുറിച്ചും ഭീഷണിയെക്കുറിച്ചും സംസാരിക്കുകയും ക്യൂബയ്ക്കു നേരെയുള്ള ഭീഷണി പ്രയോഗങ്ങൾ അനുദിനം ഉയർത്തുകയും ചെയ്യുന്നു. എന്നാൽ, ക്യൂബൻ ജനതയ്ക്കു ഭയമില്ല. എന്തുകൊണ്ടാണവർക്കു ഭയമില്ലാത്തത് എന്നു നിങ്ങൾക്കറിയുമോ? ന്യായമായൊരു ലക്ഷ്യത്തിനുവേണ്ടി സ്വന്തം ജീവൻ തന്നെ നൽകാൻ ഒരാൾ തയ്യാറാകുമ്പോൾ– ഇവിടെയത് ഞങ്ങളുടെ വിപ്ലവത്തിനുവേണ്ടി അവസാനം ശ്വാസംവരെ പൊരുതുവാൻ തയ്യാറാകലാണ്– ഈ രാജ്യത്ത് നിരവധി പേർ അതിനു സന്നദ്ധമായി നിൽക്കുമ്പോൾ, അവിടെ ഭയമുണ്ടാവില്ല. അവസാനശ്വാസംവരെ പൊരുതുവാനുള്ള തീരുമാനം നിങ്ങൾ എടുത്തുകഴിഞ്ഞു, അപ്പോൾ ഭയമില്ലാതായി. കഴിഞ്ഞ ദിവസം സ്വന്തം കയ്യൊപ്പുകൾ രേഖപ്പെടുത്തിക്കൊണ്ട് ഇവിടെ പങ്കെടുത്ത ജനങ്ങൾ അതാണ് കാണിച്ചുതരുന്നത്.

2026 ജനുവരിയിൽ വെന-സേ-്വലയിൽ മരിച്ചുവീണ 32 ക്യൂബൻ പോരാളികൾ നമ്മുടെ കാലഘട്ടത്തിൽ വീരോചിതമായ ധീരത സ്വന്തം പ്രവൃത്തിയിലൂടെ കാണിച്ചുതന്നവരാണ്. സാങ്കേതികവിദ്യകൊണ്ടും എണ്ണംകൊണ്ടും തങ്ങളേക്കാൾ ഒരുപാട് ഉയരത്തിൽനിൽക്കുന്ന അമേരിക്കൻ സെെന്യത്തിലെ ഉന്നത ശക്തികളോട് (Clite forces) പൊരുതിയവരാണ് ആ ക്യൂബൻ പോരാളികൾ. വെനസേ-്വലയുടെ പ്രസിഡന്റിനെ മിനുറ്റുകൾക്കുള്ളിൽ തട്ടിക്കൊണ്ടുപാകുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്തുവന്ന അമേരിക്കൻ ഗവൺമെന്റിനും സെെന്യത്തിനും പക്ഷേ, സർവ്വസന്നാഹങ്ങളോടുംകൂടിയ അമേരിക്കൻ സേനയോട് ധീരരായ നമ്മുടെ പോരാളികൾ 45 മിനുട്ടിലേറെ പൊരുതിനിന്നപ്പോൾ അവരുടെ ലക്ഷ്യം കൂടുതൽ സങ്കീർണമാക്കി.

അത്തരത്തിലുള്ളൊരു സെെനികാക്രമണം ക്യൂബയ്ക്കു നേരെയാണ് എന്നു കരുതുക.എന്തു സംഭവിക്കും? ആ 32 പേർ ദശലക്ഷക്കണക്കിന് ക്യൂബക്കാരായി മാറും. ഞങ്ങളിങ്ങനെ പറയുന്നത് ഞങ്ങൾ യുദ്ധം ആഗ്രഹിക്കുന്നതുകൊണ്ടല്ല; എല്ലാ ഉത്തരവാദിത്വത്തോടുംകൂടി ഞങ്ങൾ ഉറച്ചുപറയും: ഞങ്ങൾക്ക് യുദ്ധം വേണ്ടേ വേണ്ട ! അമേരിക്കൻ ഗവൺമെന്റുമായുള്ള ഉഭയകക്ഷി തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാമെന്ന നിലപാടാണ് ഞങ്ങൾ എക്കാലത്തും എടുത്തിട്ടുള്ളത്; പക്ഷേ അതിന്, പരസ്പരം മനസ്സിലാക്കുന്നതിനും ഏറ്റുമുട്ടലിൽ നിന്ന് അകന്നുനിൽക്കുന്നതിനും ഉതകുന്ന സഹകരണത്തിന്റേതായ മേഖലകൾ കണ്ടെത്തുവാനുള്ള ഗൗരവതരമായ പ്രതിബദ്ധതയുണ്ടാകണം; മനസ്സുണ്ടാകണം. അതില്ലാത്ത അവസരത്തിൽ, നമ്മൾ പറയാറുള്ളതുതന്നെ ഞാനിവിടെ ആവർത്തിച്ചുപറയുന്നു; നമ്മൾ യുദ്ധത്തെ ഭയക്കുന്നില്ല. ഒരിക്കലും ആശ്ചര്യപ്പെടുകയോ തോറ്റുകൊടുക്കുകയോ ചെയ്യുകയുമില്ല!

അതുകൊണ്ടുതന്നെയാണ് നമ്മുടെ ഏറ്റവും അടിയന്തരമായ മുൻഗണനയായി, രാജ്യത്തെ ജനങ്ങൾക്ക് ഒരു യുദ്ധത്തിന്റെ ഘട്ടത്തിൽ ചെറുത്തുനിൽക്കുന്നതിനുള്ള ജാഗ്രതയും സന്നദ്ധതയും പ്രദാനം ചെയ്യുന്നതിനുള്ള പദ്ധതി ഏതാനും മാസങ്ങളായി നമ്മൾ വികസിപ്പിക്കുന്നത്. ഞങ്ങളുടെ ചെറുത്തുനിൽപ്പ് തന്ത്രം പരിപൂർണമായും ആത്മരക്ഷാപരമാണ്; അത് ആരെയും ആക്രമിക്കുവാനുദ്ദേശിച്ചുള്ളതല്ല. അത് ഉദയം കൊള്ളുന്നത് ഈ രാജ്യത്തെ ഗറില്ലാ അനുഭവങ്ങളിൽനിന്നാണ്; ഞങ്ങളുടെ പോരാട്ടങ്ങളിൽനിന്നാണ്– മാംബിസുകളുടെ (ക്യൂബയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി സ്പെയിനോട് പൊരുതിയ കർഷകരും അടിമകളുമടക്കമുള്ള തദ്ദേശീയ ജനത) പോരാട്ടത്തിൽനിന്ന് സെയ്റ മയ്-സ്ട്രയിൽ നമ്മുടെ വിപ്ലവകാരികൾ നടത്തിയ പോരാട്ടത്തിൽനിന്ന്, ആഫ്രിക്കൻ രാജ്യങ്ങളുടെ വിമോചനത്തിനുവേണ്ടിയും ദക്ഷിണാഫ്രിക്കയിൽ വർണ്ണവിവേചനം തുടച്ചുനീക്കുന്നതിനുവേണ്ടിയും കയ്യടക്കത്തോടുകൂടി ഇടപെടുന്നതിന് ആഫ്രിക്കയിലേക്കു പോയപ്പോൾ നമുക്കുണ്ടായ പോരാട്ടനിർഭരമായ അനുഭവങ്ങളിൽനിന്ന് നാം പുതിയ പോരാട്ടങ്ങൾക്കുള്ള വഴിതുറക്കുന്നു. പൊരുതുകയെന്നത് നമ്മുടെ ഉറച്ച ബോധ്യത്തിൽനിന്ന് ഉദയം കൊള്ളുന്നതാണ്.

ഫിദൽ വികസിപ്പിച്ച ഒരു സിദ്ധാന്തമാണത്; ഇതുപോലെ സങ്കീർണമായ മറ്റൊരു സമയത്ത്, അതായത് അന്നത്തെ അമേരിക്കൻ ഭരണകൂടം ക്യൂബയ്ക്കെതിരായ നേരിട്ടുള്ള ആക്രമണത്തിന്റെ സാധ്യത ഉയർത്തിയ ഘട്ടത്തിൽ ആർമി ജനറൽ അഭിവൃദ്ധിപ്പെടുത്തിയ ഒരു സിദ്ധാന്തമാണത്. ആ ചെറുത്തുനിൽപ്പ് സിദ്ധാന്തത്തിൽ, ക്യൂബയിലെ ഒാരോ സ്ത്രീയുടെയും പുരുഷന്റെയും കെെവശം ഒരു റൈഫിൾ ഉണ്ടാകും; ഓരോ സ്ത്രീക്കും പുരുഷനും രാജ്യത്തിന്റെ സ്വയം പ്രതിരോധത്തിൽ ഒരു സ്ഥാനമുണ്ടാകും; ജന്മനാടിന്റെയും വിപ്ലവത്തിന്റെയും സോഷ്യലിസത്തിന്റെയും സംരക്ഷണത്തിൽ തങ്ങളുടേതായ ഒരു ദൗത്യം നിർവഹിക്കാനുണ്ടാകും.

ഞങ്ങളെ ശ്വാസംമുട്ടിക്കുകയെന്നത് അമേരിക്കൻ ഗവൺമെന്റിന്റെ ലക്ഷ്യമാണ് എന്ന വസ്തുത മുൻനിർത്തി ചെയ്യാനുള്ള ചില കാര്യങ്ങൾക്കാണ് രണ്ടാമത് മുൻഗണന നൽകിയത്; അതെ, സാമ്പത്തികമായി ഞങ്ങളെ ശ്വാസംമുട്ടിക്കുകയെന്നത് അമേരിക്കൻ ഗവൺമെന്റിന്റെ ലക്ഷ്യമാണ്. കഴിഞ്ഞ വർഷം അവസാനം ഡിസംബറിലും ഈ വർഷം ജനുവരി ആദ്യത്തെ ആഴ്ചകളിലും, ഞങ്ങൾ ഈ വിഷയം ചർച്ച ചെയ്തിരുന്നു; ഒരുമിച്ച്, തൃണമൂലതലത്തിൽ, ഈയൊരു സാഹചര്യത്തിനകത്തുനിന്നുകൊണ്ടുതന്നെ സാമ്പത്തിക സാമൂഹിക വികസനം സാധ്യമാക്കുന്നതിനു വേണ്ടിയുള്ള ഒരു ഗവൺമെന്റ്- പരിപാടി സംബന്ധിച്ച് ഞങ്ങൾ ചർച്ച ചെയ്തു. ഈ രാജ്യത്തെ ജനങ്ങളാകെ അവരുടെ അഭിപ്രായങ്ങൾ പറയുകയും വിമർശനങ്ങൾ ഉന്നയിക്കുകയും നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്തു; ഈ ജനകീയ കൂടിയാലോചനാ പ്രക്രിയയുടെ പര്യവസാനം, സാമ്പത്തിക സാമൂഹിക വികസനം സാധ്യമാക്കുന്നതിനു വേണ്ടിയുള്ള കൂടുതൽ സമ്പുഷ്ടമായ ഒരു പരിപാടി ഞങ്ങൾക്ക് ലഭിച്ചു; തീർച്ചയായും ജനകീയ പങ്കാളിത്തംകൊണ്ട് സമ്പന്നമായതുകൊണ്ടു തന്നെയാണ് അത്തരത്തിൽ ഒരു പരിപാടി രൂപപ്പെടുത്താനായത്. നമ്മുടെ സാമ്പത്തിക സാമൂഹിക മാതൃകയിൽ നിർബന്ധമായും നടപ്പാക്കേണ്ട ഒരുകൂട്ടം മാറ്റങ്ങളാണ് അതിൽ അടങ്ങിയിരിക്കുന്നത്. അങ്ങേയറ്റം ചടുലതയോടെ, ഉദ്യോഗസ്ഥമേധാവിത്വമില്ലാതെ, സാധ്യമായത്രയും ചുറുചുറുക്കോടെ നാം അത് നടപ്പാക്കേണ്ടതുണ്ട്.

നിരവധി വശങ്ങളുണ്ടെങ്കിലും, നാമതിനെ മൂന്ന് നെടുംതൂണുകളായി പട്ടികപ്പെടുത്തണമെന്നാണ് ഞാൻ പറയുന്നത്: അതിൽ ആദ്യത്തേത് സാമ്പത്തിക പരിവർത്തനമാണ്; എങ്ങനെയാണ് നമ്മൾ സ്ഥൂലസാമ്പത്തിക സ്ഥിരത കൈവരിക്കുക, എങ്ങനെയാണ് നമ്മൾ ആഭ്യന്തര ഉൽപാദനം പുഷ്ടിപ്പെടുത്തുക, എങ്ങനെയാണ് നമ്മൾ കൂടുതൽ കയറ്റുമതി സാധ്യമാക്കുക എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം ഇത് നടപ്പാക്കേണ്ടത്.

മറ്റൊരു നെടുംതൂണെന്നു പറയുന്നത് പരമാധികാരവും സുസ്ഥിരതയുമാണ്; ഇവിടെ നമ്മൾ രണ്ട് അടിസ്ഥാന പരിപാടികളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്: രാജ്യത്ത് ഭക്ഷ്യ പരമാധികാരം സാധ്യമാക്കുന്നതിനുവേണ്ടിയുള്ള ഭക്ഷ്യോത്പാദന പരിപാടിയാണ് അതിൽ ആദ്യത്തേത്; അതിന് ഇറക്കുമതി ചെയ്യുന്ന ഭക്ഷണങ്ങൾ നമ്മൾ കഴിക്കില്ല, ഈ രാജ്യത്തിനകത്ത് ഉല്പാദിപ്പിക്കുവാൻ കഴിയുന്നത് എന്താണോ അതേ കഴിക്കുകയുള്ളൂ എന്ന ബോധ്യം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്.

‘ആകെയുള്ളത് വളരെ കുറച്ചു മാത്രം ഇന്ധനവും കുറച്ചു മാത്രം വിഭവങ്ങളും, അതുവച്ച് എങ്ങനെയാണ് ഭക്ഷ്യപരമാധികാരം കൈവരിക്കുന്നത്, നിങ്ങളുടെ തലയ്ക്കെന്താ ഭ്രാന്തുണ്ടോ’ എന്ന് നിങ്ങൾ എന്നോട് ചോദിച്ചേക്കാം. ക്യൂബൻ ജനതയുടെ കഴിവും പരിശ്രമവും ഉപയോഗിച്ചുകൊണ്ട്, എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചുകൊണ്ട്, ഞങ്ങൾക്ക് ഉത്പാദിപ്പിക്കുവാൻ കഴിയുന്നതേ ഞങ്ങൾ കഴിക്കൂ എന്ന് ബോധ്യംകൊണ്ട്, കാർഷികഇക്കോളജി (agroecology) പ്രയോഗത്തിൽ വരുത്തിക്കൊണ്ട് ഞങ്ങൾ അത് നേടിയെടുക്കുകതന്നെ ചെയ്യും. മാത്രമല്ല, ഉൽപ്പന്നങ്ങളുടെയും വളത്തിന്റെയും ക്ഷാമം നേരിടുന്ന ഘട്ടത്തിൽ, ഞങ്ങൾ കാർഷിക ഇക്കോളജി പ്രയോഗിക്കുകയും കൂടുതൽ പരിസ്ഥിതി സൗഹാർദ്ദപരവും ഞങ്ങളുടെ സാഹചര്യങ്ങളിൽ നിലനിൽക്കുന്നതുമായ കാർഷിക – ഭക്ഷ്യ ഉത്പാദന പരിപാടി വികസിപ്പിക്കുകയുമാണ്.

രണ്ടാമത്തെ പ്രധാന പരിപാടിയെന്നത് രാജ്യത്തെ ഊർജ്ജസുസ്ഥിരതയ്ക്ക് നിർണായകമായ, ഊർജ്ജ പരിപാടിയാണ്; രാജ്യത്തിന്റെ ഊർജ്ജ മിശ്രിതത്തിൽ ഉണ്ടാക്കിയിട്ടുള്ള മൗലികമായ മാറ്റത്തിന്റെ പുറത്താണ് അത് കെട്ടിപ്പടുത്തിട്ടുള്ളത്; അത് കഴിഞ്ഞവർഷം ഞങ്ങൾ തുടങ്ങിവച്ച ഒരു പ്രക്രിയയാണ്. കഴിഞ്ഞവർഷം, സൗരോർജ പാടങ്ങളിൽ ആയിരം മെഗാവാട്ടിനു മുകളിൽ നിക്ഷേപിക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞു; ഇതുവഴി ഒറ്റ വർഷം കൊണ്ട്, വൈദ്യുതോൽപാദനത്തിന്റെ കാര്യത്തിൽ പുനരുപയോഗിക്കാവുന്ന ഊർജ്ജ ഉറവിടങ്ങളിലേക്കുള്ള പ്രവേശനം മൂന്നു ശതമാനത്തിൽ നിന്ന് 10% ത്തിലേക്ക് ഉയർത്തുവാൻ ഞങ്ങൾക്ക് കഴിഞ്ഞു. മറ്റു വാക്കുകളിൽ പറഞ്ഞാൽ ആ കൊല്ലം ഞങ്ങൾ ഏഴ് ശതമാനം കണ്ട് വളർച്ച രേഖപ്പെടുത്തി. ഞങ്ങളുടേതായ വിഭവങ്ങൾ ഉപയോഗിച്ചുകൊണ്ട് 2050 ഓടുകൂടി ഊർജ്ജ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യംവെച്ചുകൊണ്ടുള്ള പരിപാടിയുടെ ഭാഗമായി ഈ വർഷവും സമാനമായ വളർച്ച സാധ്യമാക്കുന്നതിനുവേണ്ടി ദുരിതങ്ങളെയെല്ലാം മറികടന്ന് ഞങ്ങൾ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ സൂര്യനെ മറയ്ക്കാൻ അവർക്കാവില്ല; ഞങ്ങളുടെ കാറ്റിനെ തടയാൻ അവർക്കാവില്ല; ഞങ്ങളുടെ സമുദ്രജലപ്രവാഹത്തെ തടഞ്ഞു നിർത്താൻ അവർക്കാവില്ല; ഞങ്ങളുടെ നദികളെ തടയാൻ അവർക്കാവില്ല. ഞങ്ങളിപ്പോൾ ബയോഗ്യാസ് ഉപയോഗിക്കുകയും ബയോഗ്യാസിന്റെയും ബയോമാസിന്റെയും ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയുമാണ്.

ജൈവ ഇന്ധനങ്ങളുടെ വിഷയത്തിൽ പര്യവേക്ഷണം നടത്താൻ ഞങ്ങളുടെ ബ്രസീലിയൻ സുഹൃത്തുക്കൾ ഞങ്ങളോട് ശക്തമായി പറയാറുണ്ട്; ഞങ്ങൾ അതിനെക്കുറിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുകയുമാണ്. നിങ്ങൾക്കെല്ലാം അറിയാവുന്നതുപോലെ തന്നെ ക്യൂബൻ ക്രൂഡോയിൽ സംസ്കരിക്കാനാവില്ല എന്ന് വ്യാപകമായ ഒരു വിശ്വാസം ഉണ്ടായിരുന്നല്ലോ. ആ വിശ്വാസം നിലനിൽക്കെത്തന്നെ ഞങ്ങളുടെ ശാസ്ത്രജ്ഞർ അതിനുള്ള പരിഹാരം കണ്ടെത്തുകയും ക്യൂബയിലെ ക്രൂഡോയിൽ സംസ്കരിക്കുവാനും അവശ്യം വേണ്ട ഉപോൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുവാനുമുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇനി എന്താണ് നമുക്ക് വേണ്ടത്? ആ ആഭ്യന്തര ക്രൂഡോയിലിന്റെ ഉൽപാദനം വർദ്ധിപ്പിക്കുകയാണ് ഇനി ചെയ്യാനുള്ളത്. അങ്ങനെയെങ്കിൽ വൈദ്യുതോല്പാദനത്തിന് മാത്രമല്ല നമ്മുടെ സമ്പദ്ഘടനയിൽ ഇന്ധനത്തിനും മറ്റ് ഉപോൽപ്പന്നങ്ങൾക്കുള്ള ആവശ്യങ്ങൾക്കുവേണ്ടിയും നമുക്ക് നമ്മുടെതന്നെ ക്രൂഡോയിൽ ഉണ്ടാകും. തീർച്ചയായും, ഈ പ്രക്രിയകളെല്ലാം നടപ്പാക്കാൻ നീണ്ട സമയമെടുക്കും. കാരണം ഈ പ്രതികൂല സാഹചര്യങ്ങൾക്കും അനുദിനം വർദ്ധിച്ചുവരുന്ന കടുത്ത ബലപ്രയോഗ നടപടികൾക്കുമിടയിൽ ഇതെല്ലാം ഇരുട്ടി വെളുക്കുമ്പോഴേക്കും നടപ്പാക്കാനാവില്ല.

മൂന്നാമത്തെ തന്ത്രപരമായ നെടുംതൂണ് എന്നത് നമ്മൾ ചെയ്യുന്നതെന്താണോ അതെല്ലാംതന്നെ യാതൊരുവിധ സമ്മർദ്ദ നയങ്ങളും കൂടാതെ നടപ്പാക്കണം എന്നതാണ്. കാരണം ഈ നടപടികൾ സാമൂഹ്യനീതിയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. പ്രതികൂലമായ ഈ സാഹചര്യത്തെ മറികടക്കുന്നതിനുവേണ്ടി നമ്മൾ നടപ്പാക്കുന്ന ഓരോ നടപടിയിലും ആദ്യം പരിഗണിക്കേണ്ടത് അത് ആരെയൊക്കെയാണ് ഹാനികരമായി ബാധിക്കുക എന്നുള്ളതായിരിക്കണം; അസമത്വങ്ങൾ വളരുന്നത് തടയാൻ അത് അനിവാര്യമാണ്. ദുർബലമായ സാഹചര്യത്തിൽ കഴിയുന്ന ഓരോ വ്യക്തിക്കും കുടുംബത്തിനും ഓരോ സമൂഹത്തിനും വേണ്ടി, അവരുടെ ആ പ്രശ്നം പരിഹരിക്കുന്നത് അടിയന്തരമായ ഇടപെടൽ ഉണ്ടാകുമെന്ന് ഉറപ്പു നൽകിക്കൊണ്ട് അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം. അങ്ങനെ ചെയ്യുന്നതാണ് യഥാർത്ഥ സാമൂഹ്യനീതി, അതാണ് സോഷ്യലിസം; ക്യൂബയിൽ നമ്മൾ ഉയർത്തിപ്പിടിക്കുന്നതും അതാണ്.

അപ്പോൾ, ഞാനും നമ്മളെല്ലാവരും വിശ്വസിക്കുകയും പ്രത്യാശിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്നു; കാരണം, ക്യൂബയിൽ വർഷങ്ങളായി ചുമത്തപ്പെട്ടിട്ടുള്ള ഉപരോധവും അങ്ങേയറ്റം സമ്മർദം ചെലുത്തുവാൻ ഉറച്ചുള്ള നയവുംമൂലം-–ഇതിനിടയിലും നടന്നിട്ടുള്ള വിപ്ലവ പ്രവർത്തനം എത്രത്തോളം വലുതാണ് എന്ന് നാം കാണേണ്ടിയിരിക്കുന്നു- നമ്മൾക്കു നമ്മുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാൻ കഴിഞ്ഞിട്ടില്ല; ഇനിയും സാക്ഷാത്കരിക്കപ്പെട്ടിട്ടില്ലാത്ത സ്വപ്നങ്ങളുണ്ട് നമുക്ക്, സാക്ഷാത്കരിക്കപ്പെട്ടിട്ടില്ലാത്ത പദ്ധതികളുമുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിനു വേണ്ടിയുള്ള ചില പരിപാടികളും അവയുടെ സാമൂഹിക സ്വാധീനവും ഇനിയും സാധ്യമാക്കാനാവാതെ കിടക്കുകയാണ്. എങ്കിൽപോലും നമ്മൾ സ്വപ്നം കാണുന്നത് തുടരുകയും പ്രവർത്തിക്കുന്നത് തുടരുകയും ചെയ്യും; നമ്മൾ പോരാടുന്നത് തുടരും; അത്യന്തം വിഷമകരമായ ഈ സാഹചര്യങ്ങൾക്കു കീഴിലും നമ്മൾ നേട്ടങ്ങൾ കൈവരിക്കുന്നത് തുടരുകതന്നെ ചെയ്യും.

പൈശാചികമായ മാധ്യമ ഉപരോധത്തിന്റെയും കെട്ടുകഥകളുടെയും നുണകളുടെയും സാമ്പത്തിക ബലപ്രയോഗത്തിന്റെയും സൈനിക കടന്നാക്രമണ ഭീഷണിയുടെയും ഘട്ടത്തിൽ ക്യൂബയെക്കുറിച്ചുള്ള സത്യങ്ങൾ ലോകത്തിലെ ആകെ ബോധ്യപ്പെടുത്തുകയും ലോകത്തെയാകെ അത് വ്യാപിപ്പിക്കുകയും ചെയ്യുന്നതിന് നിങ്ങൾക്ക് കഴിയും. അതുകൊണ്ടുതന്നെ ഐക്യദാർഢ്യത്തിന് നിർവഹിക്കാനാകുന്ന, നിങ്ങൾക്കു നിർവഹിക്കാനാകുന്ന മൗലികമായ പങ്കുകളിലൊന്ന് ഇത്തരമൊരു സാഹചര്യത്തിൽ ക്യൂബയ്ക്കനുകൂലമായ പൊതുഅഭിപ്രായം ഏകോപിപ്പിക്കുക എന്നുള്ളതാണ് എന്നു ഞാൻ വിശ്വസിക്കുന്നു.

ദുഷ്കരമായ ഈയൊരു സമയത്ത് ഈ രീതിയിൽ പ്രവർത്തിക്കുമ്പോൾ എങ്ങനെയായിരിക്കും ക്യൂബയുടെ ഭാവിയെ ലോകം നോക്കിക്കാണുക? സ്വന്തം രാജ്യത്തു തന്നെ ഊർജ്ജവിഭവങ്ങളാൽ പ്രകാശിതമാകുന്ന ഒരു ഭാവി നമുക്കുണ്ടാകും. കൂടുതൽ ഉൽപാദനക്ഷമമായ, ഫലപ്രദമായി പ്രവർത്തിക്കുന്ന ഒരു ക്യൂബ നമുക്കുണ്ടാകും. നീതിയുക്തമായ, എല്ലാവർക്കും അവസരങ്ങളും സാധ്യതകളും ലഭിക്കുന്ന ഒരു ക്യൂബ നമുക്കുണ്ടാകും. നമ്മൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത് ഇനിയും തുടരും; ലോകത്താകെയുള്ള ന്യായമായ വിഷയങ്ങളെയെല്ലാം പിന്തുണയ്ക്കുന്നത് നാം തുടരുക തന്നെ ചെയ്യും. പലസ്തീനിലെയും ലബനനിലെയും ജനങ്ങളെ പിന്തുണയ്ക്കുന്നത് നാം തുടരും; ബൊളിവേറിയൻ വിപ്ലവത്തെ പിന്തുണയ്ക്കുകയും പ്രസിഡന്റ് മധുദുറോയെയും അദ്ദേഹത്തിന്റെ ജീവിതപങ്കാളിയെയും വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്നതും നാം തുടരും; സഹ്രവി ജനതയെ, പ്യൂർട്ടോറിക്കോയെ, ഇറാനിയൻ ജനതയെ പിന്തുണയ്ക്കുന്നത് നമ്മൾ തുടരുകതന്നെ ചെയ്യും. മാനുഷികവും ഐക്യദാർഢ്യപരവുമായ സഹായ കപ്പലുകൾ അയച്ച് ക്യൂബയെ പിന്തുണച്ച ഗാസയിലെ ജനങ്ങളുടെ അതിജീവനത്തെ നമ്മൾ പിന്തുണയ്ക്കും. തിയാഗോയെ വിട്ടയക്കുന്നതിനുവേണ്ടി നിങ്ങളോടൊപ്പം ചേർന്ന് ഞങ്ങൾ പൊരുതും; മറ്റേതൊരു ഉശിരൻ സഖാവിനെയും പോരാളിയെയും അന്യായമായി തടങ്കലിൽ വെക്കുന്നതിനെതിരെ ശബ്ദമുയർത്തും.
ഒരു രാജ്യത്തിന്റെ യഥാർത്ഥ കരുത്ത് അടങ്ങിയിരിക്കുന്നത് അവിടുത്തെ ജനങ്ങളിലാണ്, അവിടുത്തെ പൗരരിലാണ്, അന്തസ്സുറ്റൊരു ഭാവി കെട്ടിപ്പടുക്കുന്ന തൊഴിലാളികളിലാണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇന്ന് ഞങ്ങളുടെ രാജ്യത്ത് ആ കരുത്ത് ശക്തിപ്പെടുകയാണ്. ആഗോള സ്വാർത്ഥതയ്ക്കെതിരായ ഏറ്റവും ശക്തമായ ആയുധം സാർവദേശീയ ഐക്യദാർഢ്യം ആണെന്ന് തെളിയിച്ചതിന് നിങ്ങൾക്കേവർക്കും നന്ദി. ക്യൂബൻ ജനതയുടെ ധീരതയും ചെറുത്തുനിൽപ്പും സർഗാത്മകതയും അന്തസ്സും ചരിത്രവും അതോടൊപ്പം നിങ്ങളും നിങ്ങളുടെ ഐക്യദാർഢ്യവും ചേരുമ്പോൾ ഞങ്ങൾക്ക് വിജയം വരിക്കാനാകുമെന്ന് ഉറപ്പാണ്. അക്കാര്യത്തിൽ ഞങ്ങൾക്ക് സംശയമില്ല!

ഞങ്ങൾക്ക് ഇങ്ങനെയൊരു ഐക്യദാർഢ്യം നിങ്ങൾ ഉറപ്പുനൽകുമ്പോൾ നിങ്ങൾ വലിയൊരു ഉത്തരവാദിത്വംകൂടിയാണ് നിങ്ങൾ ഞങ്ങൾക്ക് നൽകുന്നത്, കാരണം നിങ്ങളെ നിരാശരാക്കുവാൻ ഞങ്ങൾക്ക് കഴിയില്ല. കരീബിയൻ മേഖലയെ മെച്ചപ്പെട്ട ഒരു ഇടമാക്കാൻ ആഗ്രഹിക്കുന്ന ലോകത്തെല്ലായിടത്തുമുള്ളവർക്ക് പ്രതീക്ഷയുടെ ഒരു ദീപനാളമായി തുടരാൻ ക്യൂബൻ ജനത പ്രതിജ്ഞാബദ്ധരാണ്. ഞങ്ങൾ നിങ്ങളെ പരാജയപ്പെടുത്തുകയില്ല, കാരണം നിങ്ങളെ പരാജയപ്പെടുത്തുകയെന്നാൽ ഈ ഭൂഗോളത്തിലെ എളിയ ജനങ്ങളുടെയാകെ പ്രതീക്ഷയെ പരാജയപ്പെടുത്തുന്നതിന് തുല്യമായിരിക്കും.

സമാധാനം നീണാൾ വാഴട്ടെ!
യുദ്ധം വേണ്ടേ വേണ്ട!
ഉപരോധം അവസാനിപ്പിക്കുക! സാർവദേശീയ ഐക്യം നീണാൾ വാഴട്ടെ!
ലോകത്താകെയുള്ള തൊഴിലാളികൾ നീണാൾ വാഴട്ടെ! l
(അവസാനിച്ചു)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × four =

Most Popular