Saturday, October 24, 2026

ad

Homeകവര്‍സ്റ്റോറിതുടലഴിഞ്ഞ ഇ ഡി

തുടലഴിഞ്ഞ ഇ ഡി

ഇ ഡി എല്ലാ പരിധിയും ലംഘിക്കുകയാണ്’’. ഈ വിമർശനം നടത്തിയത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബഞ്ചാണ്. തമിഴ്നാട് സർക്കാരിന്റെ മദ്യവിതരണ കോർപറേഷനായ ടാസ്മാക്കുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഇ ഡിയ്ക്കെതിരെ തുറന്നടിച്ചത്. കേസിൽ ഇ ഡിയുടെ അന്വേഷണ നടപടികൾ സ്റ്റേ ചെയ്ത സുപ്രീം കോടതി, സത്യവാങ്മൂലം ഫയൽ ചെയ്യാനും ഇ ഡിയോട് നിർദ്ദേശിച്ചു. എന്നാൽ ഇതുവരെ ഇ ഡി അതു ചെയ്തിട്ടില്ല.

ഇ ഡിയുടെ അധികാരങ്ങൾ പുനപ്പരിശോധിക്കാൻ സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന് രൂപംനൽകിയെന്ന വാർത്ത വന്നതിന് തൊട്ടുപിന്നാലെയാണ് ചീഫ് ജസ്റ്റിസ് തന്നെ ഇ ഡിയ്ക്കെതിരെ പരസ്യവിമർശനം നടത്തിയത്. സാമാന്യബുദ്ധിയ്ക്കു നിരക്കാത്ത ഇടപെടലുകളാണ് ടാസ്മാക്കിൽ ഇ ഡി നടത്തിയത്.

2014 മുതൽ 2025 വരെ ടാസ്മാക്കിൽ നടന്ന ക്രമക്കേടുകൾ തമിഴ്നാട് സർക്കാർതന്നെ അന്വേഷിച്ചുവരികയായിരുന്നു. 41 എഫ്ഐആറുകൾ കേസിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. 2025ലാണ് ഇ ഡിയുടെ കടന്നുകയറ്റം. പൊടുന്നനെ കേസിൽ പ്രത്യക്ഷപ്പെട്ട ഇ ഡി ഉദ്യോഗസ്ഥർ ഹെഡ്ഓഫീസടക്കമുള്ള ടാസ്മാക് ഓഫീസുകൾ റെയിഡ് ചെയ്തു. ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു; ക്ലോൺ ചെയ്തു. സ്വകാര്യ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു. നിയമപരമായ യാതൊരു മാനദണ്ഡവും പാലിക്കാതെ. കോർപറേഷനെതിരെ അഴിമതിക്ക് കേസെടുക്കുന്ന തരത്തിലേയ്ക്ക് കാര്യങ്ങൾ മാറി. ഈ അതിക്രമം ടാസ്മാക്കിന്റെ അഭിഭാഷകർ സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ്, ചീഫ് ജസ്റ്റിസിന്റെ ആ ചോദ്യമുയർന്നത്. ‘വ്യക്തികൾക്കെതിരെ കേസെടുക്കുന്നത് മനസിലാക്കാം. ഒരു കോർപറേഷനെതിരെ നിങ്ങൾക്കെങ്ങനെയാണ് കുറ്റം ചുമത്താൻ കഴിയുക? രാജ്യത്തിന്റെ ഫെഡറൽ ഘടനയെ നിങ്ങൾ പൂർണമായും ലംഘിക്കുകയാണ്’. സഹികെട്ടാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഇങ്ങനെ തുറന്നടിച്ചതെന്ന് വ്യക്തം. ടാസ്മാക്കിൽ ഇ ഡി കാണിച്ച അതിക്രമത്തിന്റെ കാരണം തേടി പാഴൂർ പടിവരെ പോകേണ്ടതുമില്ല. തമിഴ്നാട് സർക്കാർ ബിജെപിയുടെ കണ്ണിലെ കരടാണ്. ടാസ്മാക് അഴിമതിയെ തമിഴ്നാട് സർക്കാരിലെ ആരെങ്കിലുമായും ബന്ധിപ്പിക്കാനുള്ള വഴിതേടുകയാണ് ഇ ഡി. അതിനാണ് പിടിച്ചെടുത്ത മൊബൈലുകൾ ക്ലോൺ ചെയ്തത്.

മൊബൈൽ ഫോണുകൾ ക്ലോൺ ചെയ്യാനും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കാനും അനിയന്ത്രിതമായ അധികാരമുള്ള അന്വേഷണ ഏജൻസിയല്ല എൻഫോഴ്സ്-മെന്റ് ഡയറക്ടറേറ്റ്. അവർക്കെന്നല്ല, ആർക്കും അന്വേഷണത്തിന്റെ പേരിൽ വ്യക്തിയുടെ സ്വകാര്യതയിലേയ്ക്ക് തന്നിഷ്ടത്തോടെ അതിക്രമിച്ചു കയറാനാവില്ല.

ഒരാളെ അറസ്റ്റുചെയ്യുന്നതിന് വാറണ്ട് വേണം എന്നതുപോലെതന്നെ, ഒരാളുടെ കൈവശമുള്ള ഡാറ്റയോ ഇലക്ട്രോണിക് ഉപകരണങ്ങളോ കസ്റ്റഡിയിലെടുക്കാനും അനുമതി തേടണം. ആർട്ടിക്കിൾ 21ന്റെ പരിധിയിൽപ്പെടുത്തി സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ച 2017ലെ സുപ്രീം കോടതി വിധിയിലും വ്യക്തിയുടെ കൈവശമുള്ള ഡിജിറ്റൽ ഉപകരണങ്ങളും വിവരങ്ങളും കസ്റ്റഡിയിലെടുക്കുന്നത് നിയമപ്രകാരമായിരിക്കണമെന്ന് ഊന്നിപ്പറഞ്ഞിട്ടുണ്ട്.

ഇതൊന്നും പക്ഷേ, മോദിയുടെ ഇ ഡിയ്ക്ക് ബാധകമല്ല. തുടലഴിഞ്ഞ വേട്ടനായ കണ്ണിൽകാണുന്ന ഇരകളെ കടിച്ചുകീറുന്നത് മാനദണ്ഡങ്ങളും മാർഗനിർദ്ദേശങ്ങളും അനുസരിച്ചല്ല. ആ മനോഭാവത്തോടെ സ്വതന്ത്ര ഇന്ത്യയിൽ ഒരന്വേഷണ ഏജൻസി കുരച്ചുചാടുകയാണ്. എല്ലായിടത്തുമില്ല, പ്രതിപക്ഷ പാർടികൾക്ക് ഭരണമുള്ള സംസ്ഥാനങ്ങളിൽമാത്രം. കേന്ദ്രസർക്കാരിനെയും കേന്ദ്രമന്ത്രിമാരെയും കേന്ദ്രം ഭരിക്കുന്ന പാർടിയെയും വിമർശിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മുന്നിൽ. അത് കുരച്ചുചാടുകതന്നെയാണ്. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയപാർട്ടി അന്വേഷണ ഏജൻസികളെ തങ്ങളുടെ പോഷകസംഘടനയായി നിയമിച്ചിരിക്കുന്നു. രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുരുക്കുകയാണ് ഏൽപ്പിച്ചിരിക്കുന്ന ദൗത്യം. ഉത്തരവു കൈപ്പറ്റിയ നാൾ മുതൽ ഓവർടൈം പണിയെടുത്ത് കൂറു തെളിയിച്ചു കൊണ്ടിരിക്കുകയാണ് പുതിയ മോർച്ചയിലെ കാര്യവാഹക സംഘം.

2014നു ശേഷം ഇ ഡി ഉദ്യോഗസ്ഥർക്ക് ഊണും ഉറക്കവുമില്ല. കേസുകൾ കുതിച്ചുയരുകയാണ്. മോദി അധികാരമേറ്റശേഷം രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട 121 രാഷ്ട്രീയ നേതാക്കൾക്കെതിരെയാണ് ഇ ഡി കേസെടുത്തത്. അതിൽ 115 പേരും പ്രതിപക്ഷ കക്ഷി നേതാക്കൾ. 2004 മുതൽ 2014 വരെയുള്ള ഒരു ദശാബ്ദത്തിൽ ഇ ഡി കേസെടുത്തത് 26 രാഷ്ട്രീയ നേതാക്കൾക്കെതിരെ മാത്രമാണ്. ആ കണക്കാണ് ഇപ്പോൾ കുതിച്ചുയരുന്നത്. സിബിഐയുടെ മൂന്നിലൊന്നുപോലും സ്റ്റാഫില്ലെങ്കിലെന്ത്? ഓവർടൈം പണിയെടുത്ത് ക്വാട്ട പൂർത്തിയാക്കുന്നുണ്ട് ഇ ഡി.

കേസിൽപ്പെട്ടവർക്ക് ഇളവുണ്ട്. ബിജെപിയിൽ ചേർന്നാൽപ്പിന്നെ കേസുമില്ല കുറ്റപത്രവുമില്ല. എല്ലാ നടപടിയും ഇഴയും. മിക്കവാറും നിലയ്ക്കും. ഉദാഹരണത്തിന്, ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അദ്ദേഹം കോൺഗ്രസിലായിരുന്നപ്പോൾ യുപിഎ സർക്കാരിന്റെ കാലത്ത് ശാരദ ചിട്ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായിരുന്നു. ഇ ഡിയും സിബിഐയും അദ്ദേഹത്തിനെതിരെ കേസെടുത്തു. യുപിഎ കേന്ദ്രം ഭരിക്കുമ്പോൾ കോൺഗ്രസ് നേതാവായിരുന്ന ഹിമന്തയുടെ വീടും ഓഫീസും സിബിഐ റെയിഡു ചെയ്തു. പക്ഷേ, അദ്ദേഹം ബിജെപിയിൽ ചേർന്നപ്പോൾ രണ്ട് അന്വേഷണ ഏജൻസികളുടെയും ആവേശം നിലച്ചു. ഇപ്പോൾ ഒന്നും കേൾക്കാനില്ല.

തൃണമൂൽ നേതാക്കളായിരുന്നു സുവേന്ദു അധികാരിയും മുകുൾ റോയിയും. നാരദാ ഒളിക്യാമറ ഓപ്പറേഷനുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരെ ഇ ഡിയും സിബിഐയും കേസെടുത്തു. പിന്നീടവർ ബിജെപിയിൽ ചേർന്നു. സ്വാഭാവികമായും കേസ് നടപടികൾക്ക് ബ്രേക്ക് വീണു. കോൺഗ്രസ് ഭരണകാലത്ത് രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ നിയോഗിക്കപ്പെട്ടത് സിബിഐയാണ്. ബിജെപി ആ ചുമതല ഇ ഡിയെ ഏൽപ്പിച്ചു.

കള്ളപ്പരാതിയും ഊമക്കത്തും കിട്ടിയാലും ചാടിവീഴുന്നവരാണ് ഇ ഡി. പക്ഷേ, എല്ലായിടത്തുമില്ല. എല്ലാവർക്കുമെതിരെയുമില്ല. കൊടകര കുഴൽപ്പണക്കേസ് ഉദാഹരണം. കൊടകര കുഴല്‍പ്പണക്കേസില്‍ ഹവാലാ പണമിടപാടും അതില്‍ ബിജെപി നേതാക്കളുടെ ബന്ധം ഉറപ്പിച്ച രേഖകളും സഹിതമായിരുന്നു കേരള പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം. എന്നാല്‍, ഇ ഡിയുടെ അന്വേഷണത്തില്‍ ഇക്കാര്യങ്ങളൊന്നുമില്ല.

ഏഴാം സാക്ഷിയായ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അറിവോടെയാണ് ധര്‍മരാജന്‍ പാര്‍ട്ടി പ്രചാരണത്തിനായി കര്‍ണാടകയില്‍നിന്ന് പണമെത്തിച്ചത് എന്നാണ് കേരള പൊലീസിന്റെ കുറ്റപത്രം. ബിജെപിയുടെ സംസ്ഥാന കോഡിനേറ്റിങ് സെക്രട്ടറിയും എട്ടാം സാക്ഷിയുമായ എം. ഗണേശ്, സ്റ്റേറ്റ് ഓഫീസ് സെക്രട്ടറിയും ഒന്‍പതാം സാക്ഷിയുമായ ഗിരീശന്‍ നായര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് ധര്‍മരാജന്‍ ബംഗളൂരുവില്‍നിന്ന് ഹവാലാ പണം എത്തിച്ചത് എന്നാണ് കേരള പൊലീസിന്റെ കുറ്റപത്രം. കോഴിക്കോട്ടുള്ള ഹവാലാ ഏജന്റുമാര്‍ മുഖേന 23 കോടിരൂപയാണ് എത്തിയത്.

ധര്‍മരാജന്റെ ഫോണ്‍വിളികളുടെ പട്ടികയും ഇതോടൊപ്പം കേരള പൊലീസ് നൽകി. ധർമ്മരാജൻ കെ. സുരേന്ദ്രന്റെ മകന്‍ കെ.എസ്. ഹരികൃഷ്ണനുമായി പത്തുതവണയായി സംസാരിച്ചത് 512 സെക്കന്‍ഡ്. ഗിരീശന്‍ നായരുമായി രണ്ടുതവണ എട്ടു സെക്കന്‍ഡ്. തൃശ്ശൂര്‍ ജില്ലാ ട്രഷററായ സുജയ് സേനനുമായി 15 തവണ 485 സെക്കന്‍ഡ് ഫോണില്‍ സംസാരം നീണ്ടു. ആലപ്പുഴ ജില്ലാ സെക്രട്ടറിയായ ഗോപാലകൃഷ്ണന്‍ കര്‍ത്തയെ ധർമ്മരാജൻ ഒന്‍പതുതവണ വിളിച്ചു. സംസാരിച്ചത് 356 സെക്കന്‍ഡ്.

ധര്‍മരാജൻ മറ്റൊരു ഫോണില്‍നിന്ന് കെ. സുരേന്ദ്രന്റെ ഡ്രൈവര്‍ ലിബീഷുമായി ആറു കോളുകളിലായി 361 സെക്കന്‍ഡ് സംസാരിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം കാണിച്ചാണ് കേരള പോലീസ് ഇ ഡിക്ക് റിപ്പോര്‍ട്ട് നല്‍കിയതെങ്കിലും ഇ ഡി കണ്ടഭാവം നടിച്ചില്ല.

കർണാടകത്തിലെ ബിജെപി എംഎൽഎ മദൻ വിരൂപാക്ഷയുടെയും മകന്റെയും പക്കൽനിന്ന് കർണാടക പൊലീസ് 8 കോടി രൂപയാണ് പിടിച്ചെടുത്തത്. പക്ഷേ, ഇ ഡി അത് കണ്ടഭാവം നടിച്ചില്ല. ബിജെപി നിയന്ത്രണത്തിലുള്ള സഹകരണബാങ്കുകളിൽ നിന്ന് കോടാനുകോടികളുടെ തട്ടിപ്പിന്റെ കണക്കും വാർത്തയും പുറത്തുവരുന്നു. ഒരു സ്ഥലത്തും ഇ ഡി അന്വേഷണമില്ല.

കേസന്വേഷണത്തിന്റെ മറവിൽ എന്തും ചെയ്യാൻ അധികാരമുള്ള ഏജൻസിയാണ് എൻഫോഴ്സ്-മെന്റ് ഡയറക്ടറേറ്റ്. രാഷ്ട്രീയകൽപന ശിരസാവഹിക്കാൻ അവർ ഏതറ്റം വരെയും പോകും. എന്തു കുതന്ത്രവും പ്രയോഗിക്കും. കോടതികൾ പോലും പലപ്പോഴും നിസഹായമായിപ്പോകും. നീതിയും ന്യായവുമൊക്കെ ചവിട്ടിയരയ്ക്കുന്നത് നിർവികാരമായി കണ്ടുനിൽക്കേണ്ടി വരും.

ഇ ഡി കുറ്റം ആരോപിച്ച് കുറ്റപത്രം നൽകിയാൽ, തീർന്നു എന്നാണ് സ്ഥിതി. കുറ്റാരോപിതന് സ്വന്തം ഭാഗം അവതരിപ്പിക്കാനുള്ള അവസരമില്ല. മുംബെെ സ്പെഷ്യൽ കോടതി ജഡ്ജി എം ജി ദേശ്പാണ്ഡെ 2022 ആഗസ്റ്റ് 24ന് പുറപ്പെടുവിച്ച ഒരു സുപ്രധാനവിധിയിൽ പരിധികൾ ലംഘിക്കുന്ന ഇ ഡിയെ നിശിതമായി വിമർശിക്കുന്നുണ്ട്: ‘There has to be an effective check against unscrupulous exercise of power by the ED in seeking casual extensions of judicial custody’. ജുഡീഷ്യൽ കസ്റ്റഡി നീട്ടിക്കിട്ടാൻ ഇ ഡി നടത്തുന്ന മനഃസാക്ഷിക്കുത്തില്ലാത്ത അധികാരപ്രയോഗത്തെ ഫലപ്രദമായി നിയന്ത്രിക്കണമെന്നാണ് കോടതി നിരീക്ഷിച്ചത്. ഇ ഡി ഉദ്യോഗസ്ഥരുടെ മുഖത്തടിക്കുംവിധം അതേ വിധിന്യായത്തിൽ കോടതി ഇങ്ങനെകൂടി പറഞ്ഞു. ‘This court strongly feels that it cannot join hands with vengeful complainant like ED to humiliate accused persons by continuing their judicial custody that too, in utter disregard to the recent law of the land’. നാട്ടിലെ നിയമവ്യവസ്ഥയ്ക്ക് പുല്ലുവില നൽകിക്കൊണ്ട് കുറ്റാരോപിതരുടെ കസ്റ്റഡി നീട്ടി അവരെ അവഹേളിക്കുന്ന ഇ ഡിയെപ്പോലെ പ്രതികാരദാഹിയായ ഒരു വാദിയോട് കൈകോർക്കാൻ കോടതിയ്ക്ക് കഴിയില്ലെന്ന് പരിഭാഷ. ഇ ഡിയുടെ കുറ്റപത്രം പരിശോധിച്ച ഒരു ന്യായാധിപന്റെ നിരീക്ഷണമാണിത്. ഇന്ത്യയിലെ പരമോന്നത അന്വേഷണ ഏജൻസിയുടെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം ചാർത്തിക്കൊടുത്ത വിശേഷണങ്ങൾ നോക്കൂ. unscrupulous exercise of power – എന്തും ചെയ്യാൻ മടിക്കാത്ത അധികാരപ്രയോഗം. vengeful complainant – പ്രതികാരദാഹിയായ വാദി. utter disregard to the law of the land – നാട്ടിലെ നിയമവ്യവസ്ഥയ്ക്ക് പുല്ലുവില.

സ്ഥാപിത താൽപര്യത്തോടെയും ഗൂഢലക്ഷ്യത്തോടെയും ഇ ഡി കള്ളത്തെളിവും മൊഴിയുമുണ്ടാക്കിയാൽ കുറ്റാരോപിതന് സത്യം തെളിയിക്കുക എളുപ്പമല്ല. മറ്റേത് ഏജൻസിയുടെ കാര്യത്തിലായാലും കുറ്റവും ആരോപണവും തെളിയിക്കേണ്ടത്, അന്വേഷണ ഏജൻസിയുടെ ഉത്തരവാദിത്തമാണ്. എന്നാൽ ഇ ഡിയുടെ കാര്യത്തിൽ അങ്ങനെയല്ല. നിരപരാധിത്വം തെളിയിക്കൽ കുറ്റാരോപിതന്റെ ഉത്തരവാദിത്തമാണ്. മറ്റ് അന്വേഷണ ഏജൻസികളുടെ കാര്യത്തിൽ മൊഴികൾ തെളിവല്ല. മൊഴികളെ സാധൂകരിക്കുന്ന തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ വേറെതന്നെ ഹാജരാക്കണം. എന്നാൽ ഇ ഡിയുടെ കാര്യത്തിൽ നൽകുന്ന മൊഴി തെളിവാണ്. പൊലീസ് കേസിൽ എഫ്ഐആറിന്റെ പകർപ്പ് ലഭിക്കാൻ കുറ്റാരോപിതന് അവകാശമുണ്ട്.. ഇ ഡി കേസിൽ എഫ്ഐആറിന് സമമാണ് ECIR (Enforcement Case Information Report). ആ രേഖയുടെ പകർപ്പ് കുറ്റാരോപിതന് അവകാശപ്പെടാനാവില്ല. ലഭിക്കുകയുമില്ല. ഒരു സുതാര്യതയുമില്ലാത്ത അന്വേഷണം. പരാതികളും വിമർശനങ്ങളും രൂക്ഷമാകുമ്പോൾ സുപ്രീം കോടതി തന്നെ വീണ്ടുവിചാരത്തിലാണെന്നാണ് വാർത്തകൾ. തങ്ങൾ ഒരിക്കൽ വകവെച്ചുകൊടുത്ത ഈ അമിതാധികാരങ്ങൾക്ക് പരിധി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാൻ സുപ്രീം കോടതി മൂന്നംഗ ബെഞ്ചിനെ ചുമതലപ്പെടുത്തിയെന്നാണ് വാർത്തകൾ.

ഇന്ത്യയിലാകമാനം ഓടിനടന്ന് കേസെടുക്കുകയാണ് ഇ ഡി. 2014നു ശേഷം കേസുകൾ കുതിച്ചുയരുകയാണ്. പക്ഷേ, അതുകൊണ്ടെന്തു കാര്യം? 2005നു ശേഷം രജിസ്റ്റർ ചെയ്ത 5906 കേസുകളിൽ വിചാരണ പൂർത്തിയായത് വെറും 25 എണ്ണം മാത്രം. കേസെടുക്കാൻ കാണിക്കുന്ന ഉത്സാഹം മറ്റുനടപടികളിൽ കാണാനില്ലെന്ന് ജസ്റ്റിസ് ദേശ്പാണ്ഡെ ചൂണ്ടിക്കാണിക്കുന്നു. മുംബെെ സ്പെഷ്യൽ കോടതിയിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ ചാർജ് ചെയ്ത കേസുകളിൽ ഒരെണ്ണംപോലും വിചാരണ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നാണ് ന്യായാധിപന്റെ വിമർശനം. ജാമ്യാപേക്ഷകൾക്കുപോലും മറുപടി നൽകാൻ നാലും അഞ്ചും ആഴ്ചകൾ വേണ്ടിവരുന്നു.

രാജ്യത്തിന്റെ ഫെഡറൽ ഘടനയ്ക്ക് ഭീഷണിയാണ് ഇ ഡിയെന്ന് തുറന്ന കോടതിയിൽ നിരീക്ഷിക്കേണ്ടി വന്നത് ഇന്ത്യയുടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനാണ്. അതീവഗുരുതരമായ ഭീഷണിയാണ് നമ്മുടെ നിയമവ്യവസ്ഥ നേരിടുന്നത്. തുടലഴിഞ്ഞൊരു വേട്ടനായ രാജ്യത്തിന്റെ ഫെഡറൽ ഘടനയെയും നിയമവ്യവസ്ഥയെയും കോമ്പല്ലിൽ കൊരുത്തിട്ടിരിക്കുകയാണ്, രക്തദാഹിയായ തന്റെ യജമാനനുവേണ്ടി. സുപ്രീം കോടതിയ്ക്ക് കാര്യം പിടികിട്ടിയിരിക്കുന്നത് തീർച്ചയായും ശുഭകരമായ സൂചനയാണ്. പക്ഷേ… l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seven − 3 =

Most Popular