Friday, May 3, 2024

ad

Homeകവര്‍സ്റ്റോറിലക്ഷ്യം തെക്ക് –വടക്ക് വിഭജനമല്ല 
 ഫെഡറലിസത്തിന്റെ സംരക്ഷണം

ലക്ഷ്യം തെക്ക് –വടക്ക് വിഭജനമല്ല 
 ഫെഡറലിസത്തിന്റെ സംരക്ഷണം

പിണറായി വിജയൻ

പ്രിയ സുഹൃത്തുക്കളേ, സഖാക്കളേ, നിങ്ങൾക്കെല്ലാവർക്കും നമസ്കാരം.
ഇന്ന് നമ്മൾ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഒരു ചരിത്രനിമിഷത്തിലാണ്. ‘യൂണിയൻ ഓഫ് സ്റ്റേറ്റ്സ്’ ആയി വിഭാവനം ചെയ്യപ്പെട്ട ഒരു ജനാധിപത്യം, ജനാധിപത്യവിരുദ്ധമായി അതിനെ ‘യൂണിയൻ ഓവർ സ്റ്റേറ്റ്സ്’ (സംസ്ഥാനങ്ങൾക്കുമേൽ ആധിപത്യം സ്ഥാപിക്കുന്ന യൂണിയൻ)ആയി സാവധാനം മാറ്റിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തുടനീളം, പ്രത്യേകിച്ച് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അതിന്റെ ഉദാഹരണങ്ങൾ നാം കാണുന്നു.

ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനും ഇന്ത്യയുടെ ഫെഡറൽ ഘടന സംരക്ഷിക്കാനുമാണ് നാമെല്ലാവരും ഒത്തുചേർന്നിരിക്കുന്നത്. സംസ്ഥാനങ്ങളോട് നീതിപൂർവമായ പെരുമാറ്റം ഉറപ്പാക്കുന്നതിനായുള്ള പോരാട്ടത്തിന് ഇന്ന് നാം തുടക്കമിടുകയാണ്. കേന്ദ്ര-, സംസ്ഥാന ബന്ധങ്ങളിൽ സന്തുലിതാവസ്ഥ നിലനിർത്താനും കൂടിയാണ് ഈ പോരാട്ടം.അതിനാൽ, 2024 ഫെബ്രുവരി 8, ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ചരിത്രത്തിൽ ഒരു ചുവന്ന ദിനമായി മാറുകയാണ്.

ആദ്യംതന്നെ, വിവിധ സംസ്ഥാന സർക്കാരുകളെയും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെയും പ്രതിനിധീകരിച്ച് ഇവിടെ ഒത്തുകൂടിയ എല്ലാവരെയും ഞാൻ ഊഷ്മളമായി സ്വാഗതം ചെയ്യുകയും ആശംസകൾ അറിയിക്കുകയും ചെയ്യട്ടെ.ഫെഡറലിസത്തിന്റെ മുഖമുദ്രയായി ഇന്ത്യ ഒരു പരമാധികാര മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ഈ പോരാട്ടം വളരെക്കാലം നീണ്ടുനിൽക്കുന്ന ഒന്നായിരിക്കും.ഈ സമരത്തോടുള്ള നമ്മുടെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കാനുള്ള അവസരമാകട്ടെ ഇത്.

വർഷങ്ങളായി, ഭരണഘടനയിലെ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ക്രമസമാധാനം പോലുള്ളവയിൽ പോലും, പല മേഖലകളിലും സംസ്ഥാനങ്ങളുടെ അധികാരങ്ങളും ചുമതലകളും കവർന്നെടുക്കുന്ന നിയമങ്ങൾ കേന്ദ്ര സർക്കാർ ഉണ്ടാക്കുന്നു.കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, സഹകരണം തുടങ്ങിയ മേഖലകളിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്ന നിയമങ്ങൾ കേന്ദ്ര സർക്കാർ ഉണ്ടാക്കിയിട്ടുണ്ട്.സഹകരണ മന്ത്രാലയം പോലും മോദി ദർക്കാർ രൂപീകരിച്ചു. സംസ്ഥാനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ, സംസ്ഥാനങ്ങളുടെ അഭിപ്രായം തേടാതെ, അവരുടെ സമ്മതം പോലും വാങ്ങാതെയാണ് ബഹുരാഷ്ട്ര കരാറുകളിൽ ഏർപ്പെടുന്നത്.സംസ്ഥാനങ്ങളുടെ അവകാശങ്ങൾ എങ്ങനെ ചവിട്ടിമെതിക്കപ്പെടുന്നുവെന്നതിന്റെയും ഇന്ത്യയെ ജനാധിപത്യവിരുദ്ധമായ ‘യൂണിയൻ ഓവർ സ്റ്റേറ്റ്സ്’ ആയി മാറ്റുന്നതിന്റെയും ഉദാഹരണങ്ങളാണ് ഇവയെല്ലാം.

സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്രോതസ്സുകൾ കേന്ദ്ര സർക്കാർ വെട്ടിക്കുറക്കുന്നതാണ് ഇന്ത്യയുടെ ഫെഡറൽ ഘടനയ്ക്ക് തിരിച്ചടിയാകുന്നത്.കോ-ഓപ്പറേറ്റീവ് ഫെഡറലിസത്തെക്കുറിച്ച് വാചാലരായ അതേ ആളുകൾ തന്നെ ധനകാര്യ കമ്മീഷൻ സംസ്ഥാനങ്ങൾക്ക് അനുവദിക്കേണ്ട വിഭവങ്ങൾ വെട്ടിക്കുറയ്ക്കാൻ ശ്രമിച്ചുവെന്ന ആക്ഷേപവുമുണ്ട്.അതിലുപരിയായി, സംസ്ഥാനങ്ങൾ കൂടുതൽ കൂടുതൽ സംഭാവന ചെയ്യാൻ നിർബന്ധിതരാകുമ്പോൾ, അവരുടെ സ്വന്തം പദ്ധതികൾക്കുള്ള കേന്ദ്ര വിഹിതം വർഷം തോറും കുറയുന്നത് നാം കാണുന്നു.

അതുപോലെ, രാജ്യത്തിന്റെ പ്രധാന ചെലവുകളുടെ ഭാരം സംസ്ഥാനങ്ങൾ വഹിക്കേണ്ട സ്ഥിതിയാണ്. റിസർവ് ബാങ്കിന്റെ റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തിന്റെ മൊത്തം ചെലവിന്റെ ഗണ്യമായ ഭാഗവും, 65 ശതമാനംവരെ, സംസ്ഥാനങ്ങളാണ് വഹിക്കുന്നത്, യൂണിയന്റെ സംഭാവന 35 ശതമാനം മാത്രമാണ്.എന്നാൽ വരുമാനം പങ്കിടുമ്പോൾ അതിനുനേരെ വിപരീതമായാണ് സംഭവിക്കുന്നത്. കേന്ദ്രസർക്കാരിന് 65 ശതമാനവും സംസ്ഥാനങ്ങൾക്ക് 35 ശതമാനവും മാത്രമാണുള്ളത്. വരുമാനത്തിന്റെ 35 ശതമാനം മാത്രമുള്ള സംസ്ഥാനങ്ങൾ ചെലവിന്റെ 65 ശതമാനവും വഹിക്കണം.കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ട ഇടക്കാല ബജറ്റിൽ പോലും, മൂലധനച്ചെലവുകൾക്കായി നൽകിയ വായ്പകൾ കുറച്ചതിനാൽ സംസ്ഥാനങ്ങൾ കൂടുതൽ ഞെരുങ്ങുകയാണ്.

പല കേന്ദ്ര സ്‌കീമുകളിലും സംസ്ഥാനങ്ങളെ അപേക്ഷിച്ച് യൂണിയൻ ഗവൺമെന്റിന് വിഹിതം കുറവാണെങ്കിലും, അവ തങ്ങളുടേതാണെന്നു മുദ്രകുത്താൻ അവർ താൽപ്പര്യപ്പെടുന്നു. ബ്രാൻഡിംഗ് ഇല്ലെങ്കിൽ ഫണ്ട് നൽകില്ല എന്നു വരെ അവർ പറയുന്നു. ബ്രാൻഡിംഗ് അടിസ്ഥാനപരമായി ലേബലിംഗാണ്.അങ്ങനെ ചെയ്യുന്നതിലൂടെ ഇത്തരം പദ്ധതികളുടെ ഗുണഭോക്താക്കളുടെ സ്വാശ്രയത്വം ചോദ്യം ചെയ്യപ്പെടുകയാണ്.വികസനവും ക്ഷേമവും ജനങ്ങളുടെ യഥാർത്ഥ അവകാശങ്ങളായി കാണുന്ന ഉത്തരവാദപ്പെട്ട ഒരു സർക്കാരിനും സ്വന്തം പൗരരെ അവഹേളിക്കാൻ കഴിയില്ല.

കേരളത്തിന്റെ ലൈഫ് മിഷന്റെ ഉദാഹരണങ്ങൾ എടുക്കാം. ഇതിനുകീഴിൽ ഇതുവരെ 3,74,508 വീടുകൾ നിർമ്മിച്ചു.മൊത്തം രൂപ 17,104.87 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.അതിൽ യൂണിയന്റെ വിഹിതം കേവലം 2,081.69 കോടി രൂപ മാത്രമാണ്, തുച്ഛമായ 12.17 ശതമാനം.അതിന്റെ 87.83 ശതമാനം കേരള സർക്കാരും കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വഹിച്ചിട്ടുണ്ട്. ഈ പദ്ധതിയിലും യൂണിയൻ ഗവൺമെന്റിന്റെ പേരിടണമെന്ന നിലപാടിൽ അവർ ഉറച്ചുനിൽക്കുകയാണ്. ഇല്ലെങ്കിൽ തങ്ങളുടെ ചെറിയ വിഹിതം പോലും തടഞ്ഞുവെക്കുമെന്നും അവർ പറയുന്നു. കേന്ദ്രസർക്കാരിന്റെ പേര് വയ്ക്കണമെന്ന് അവർ നിർബന്ധിക്കുന്നു എന്നതുകൊണ്ട് ഇത് അവരുടെ ദയാദാക്ഷിണ്യംമൂലം നടപ്പായ പദ്ധതിയാണ് എന്ന് ആരും തെറ്റിദ്ധരിക്കേണ്ട.

ഒരു പാവപ്പെട്ടവന്റെ വീട് മറ്റാരുടെയോ സമ്മാനമാണെന്ന് അടയാളപ്പെടുത്തുന്ന ദയനീയമായ രംഗം സങ്കൽപ്പിച്ചു നോക്കൂ.അത്തരമൊരു അടയാളം ഇടുന്നത് ബന്ധപ്പെട്ട കുടുംബത്തിന്റെ ആത്മാഭിമാനത്തെ അപമാനിക്കുന്നതിന് തുല്യമാണ്. എന്നു മാത്രമല്ല തലമുറകൾ കഴിഞ്ഞാലും ഈ അപമാനഭാരത്താൽ അവർ കഷ്ടപ്പെടേണ്ടിവരും.അത് ഒരു തരത്തിലും സംഭവിക്കാൻ കേരള സംസ്ഥാനം അനുവദിക്കില്ലെന്ന് ഞങ്ങൾ വളരെ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു.

സെസ്, സർചാർജ് എന്നിവയിലൂടെ കേന്ദ്രത്തിന്റെ വരുമാനത്തിൽ ദ്രുതഗതിയിലുള്ള വർദ്ധന ഞങ്ങൾ കാണുന്നു.വിഭജിക്കാവുന്ന വരുമാനത്തിന്റെ പരിധിയിൽ വരാത്തതിനാൽ അവ സംസ്ഥാനങ്ങളുമായി പങ്കിടേണ്ടതില്ല. 2017-–18 നും 2022-–23 നും ഇടയിൽ വിവിധ ഉൽപ്പന്നങ്ങൾക്ക് കേന്ദ്ര സർക്കാർ ചുമത്തിയ പ്രധാന സെസും സർചാർജും 133 ശതമാനം വർധിച്ചു. ഈ അഞ്ചുവർഷ കാലയളവിൽ അത് 2,18,553 കോടി രൂപയിൽ നിന്നും ഉയർന്ന് 5,10,549 കോടി രൂപയിൽ എത്തിനിൽക്കുന്നു.ഇത്രയും വരുമാനം സമാഹരിച്ചിട്ടും അതിൽ നിന്ന് ഒരു പൈസ പോലും സംസ്ഥാനങ്ങളുമായി കേന്ദ്ര സർക്കാർ പങ്കിടുന്നില്ല.

ജിഎസ്ടി നഷ്ടപരിഹാരത്തിന് എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം.ഇത് പതിവായി വൈകുകയായിരുന്നു, നമ്മളിൽ പല സംസ്ഥാന സർക്കാരുകളും ഒരുമിച്ച് ബഹുമാനപ്പെട്ട സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചപ്പോഴാണ് കേന്ദ്ര സർക്കാർ കുടിശ്ശിക വിതരണം ചെയ്തത്. ജിഎസ്ടി നിലവിൽ വരുമ്പോൾ പ്രവചിച്ചിരുന്ന റവന്യൂ ന്യൂട്രൽ നിരക്ക് ഇനിയും കൈവരിക്കാനായിട്ടില്ല. എന്നിട്ടും ജിഎസ്ടി നഷ്ടപരിഹാരം ഒഴിവാക്കി.

ജിഎസ്ടി നിലവിൽ വന്നപ്പോൾ, വരുമാനം നിഷ്പക്ഷമാകണമെങ്കിൽ ശരാശരി ജിഎസ്ടി നിരക്ക് 17 ശതമാനമെങ്കിലും ആയിരിക്കണം എന്ന് വിഭാവനം ചെയ്ത ചില കണക്കുകൂട്ടലുകൾ ധനമന്ത്രാലയത്തിന് ഉണ്ടായിരുന്നു. സംസ്ഥാനങ്ങൾ ആ നിർദ്ദിഷ്ട മാനദണ്ഡം കൈവരിക്കുന്നതുവരെ ജിഎസ്ടി നഷ്ടപരിഹാരം തുടരാൻ കേന്ദ്രസർക്കാരിന് ബാധ്യതയുണ്ട്.നിലവിലെ ശരാശരി നിരക്ക് 11.4 ശതമാനം മാത്രമാണ്.ജിഎസ്ടി കൊണ്ടുവരാൻ സംസ്ഥാനങ്ങൾക്ക് ഗണ്യമായ സാമ്പത്തിക അവകാശങ്ങൾ ഉപേക്ഷിക്കേണ്ടിവന്നു.ഇപ്പോൾ, യഥാർത്ഥത്തിൽ സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ടതൊന്നും നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ നമ്മൾ ഒരുമിച്ച് നിൽക്കണം.

കേരളത്തെ സംബന്ധിച്ചിടത്തോളം മൂന്ന് തരത്തിലുള്ള കുറവുകളാണ് ഉണ്ടാകുന്നത്. ഒന്നാമത്തേത്, രാജ്യത്തിന്റെ ആകെ വരുമാനത്തില്‍ സംസ്ഥാനത്തിനുള്ള ഓഹരി തുടര്‍ച്ചയായി പരിമിതപ്പെടുത്തുന്നതു കൊണ്ട് ഉണ്ടാകുന്ന കുറവാണ്. യൂണിയന്‍ സര്‍ക്കാര്‍ ഏകപക്ഷീയമായാണ് ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിക്കുന്നത്. സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അവയില്‍ ഉള്‍പ്പെടുത്താറില്ല. ഓരോ ധനക്കമ്മീഷനും കഴിയുമ്പോള്‍ കേരളത്തിനുള്ള നികുതി വിഹിതം കുത്തനെ ഇടിയുകയാണ്. ആരോഗ്യം, വിദ്യാഭ്യാസം എന്നിവ ഉള്‍പ്പെടെ പല മേഖലകളിലും കേരളം കൈവരിക്കുന്ന വലിയ നേട്ടങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പലപ്പോഴും കുറവു വരുത്തലിനെ ന്യായീകരിക്കുന്നത്.

ജനസംഖ്യാ നിയന്ത്രണത്തില്‍ നേട്ടം കൈവരിച്ച സംസ്ഥാനത്തിന് ആ നേട്ടം തന്നെ ശിക്ഷയാകുന്നു. നേട്ടത്തിന്റെ പേരില്‍ വിഹിതം കുറയ്ക്കുന്നു. നേട്ടങ്ങള്‍ പരിരക്ഷിക്കണമെങ്കില്‍ പണം വേണ്ടേ? പുതുതലമുറ പ്രശ്‌നങ്ങളെ നേരിടണമെങ്കില്‍ അതിനു പണം വേണ്ടേ? അത് തരുന്നില്ല. നേട്ടത്തിനു ശിക്ഷ, ഇത് ലോകത്തു മറ്റൊരിടത്തും കാണാന്‍ കഴിയാത്ത പ്രതിഭാസമാണ്.

കേന്ദ്ര സർക്കാരിന്റെ അവഗണനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻെറ നേതൃത്വത്തിൽ ഡൽഹി കേരള ഹൗസിൽ നിന്നും പ്രകടനമായി ജന്തർ മന്തറിലേക്ക്‌ നീങ്ങുന്നു. സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, തമിഴ്‌നാട്‌ ഐ ടി മന്ത്രി പളനിവേൽ ത്യഗരാജൻ എന്നിവർ മുൻ നിരയിൽ

രണ്ടാമത്തേത്, കേരളത്തിന് യൂണിയൻ ഗവൺമെന്റിൽ നിന്നു വിവിധ ഇനങ്ങളില്‍ ലഭിക്കേണ്ട തുകകള്‍ വൈകിക്കുന്നതുമൂലമുണ്ടാകുന്ന കുറവാണ്. ഇന്നത്തെ നിലയ്ക്ക് യൂണിയൻ ഗവൺമെന്റില്‍ നിന്നു കേരളത്തിനു ലഭിക്കാനുള്ള തുകകള്‍ ഇപ്രകാരമാണ്: യു ജി സി ശമ്പള പരിഷ്‌കരണം – 750 കോടി രൂപ. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വികസന ഗ്രാന്റ് – 1,921 കോടി രൂപ. നെല്ല് സംഭരണം ഉള്‍പ്പെടെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ടത് – 1,100 കോടി രൂപ. വിവിധ ദുരിതാശ്വാസങ്ങള്‍ക്കുള്ളത് – 139 കോടി രൂപ. സ്റ്റേറ്റ് ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ ഫണ്ട് – 69 കോടി രൂപ. ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് സ്‌പെഷ്യല്‍ അസിസ്റ്റന്‍സ് (കാപെക്‌സ്) – 3,000 കോടി രൂപ. ആകെ 7,490 കോടി രൂപ.

യു ജി സി ഫണ്ടിന്റെ കാര്യത്തില്‍ കേരളം നേരിട്ട ഒരു വൈഷമ്യം വിശദീകരിക്കാം. യു ജി സി ശമ്പളപരിഷ്‌കരണം നടപ്പിലാക്കിയതും ശമ്പളം വിതരണം ചെയ്തതും കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ചാണ്. എന്നാല്‍ ആ തുക പോലും നിഷേധിക്കുകയാണ് മോദി സർക്കാർ ചെയ്തത്. യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് വൈകിയതു കൊണ്ട് ചെലവാക്കിയ തുക തരില്ല എന്ന ന്യായമാണ് കേന്ദ്രം പറയുന്നത്. സര്‍ട്ടിഫിക്കറ്റ് വൈകിയാല്‍ തുക തരുന്നത് വൈകാം. അത് കാരണം പറഞ്ഞ് തുക തന്നെ നിഷേധിച്ചാലോ? ഇങ്ങനെ ഒരു രീതി ലോകത്തെവിടെയും ഉണ്ടാകില്ല. കേരളത്തിന് ഇങ്ങനെ നഷ്ടപ്പെട്ടത് 750 കോടി രൂപയാണ്. സമാനമായ വിധത്തിലാണ് മറ്റു പല കാര്യങ്ങളും.

മൂന്നാമത്തേത്, ഭരണഘടനയെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് വായ്പ എടുക്കല്‍ പരിമിതപ്പെടുത്തുന്നതു കൊണ്ടുണ്ടാകുന്ന കുറവാണ്. കിഫ്ബിയും കെ എസ് എസ് പി എല്ലും രൂപീകരിക്കപ്പെട്ടത് സംസ്ഥാനത്തിന്റെ വികസന – – ക്ഷേമ ഇടപെടലുകള്‍ കാര്യക്ഷമമാക്കാനാണ്. ബജറ്റിന് പുറത്തുള്ളതാണ് ഈ സ്ഥാപനങ്ങൾ എടുക്കുന്ന കടങ്ങള്‍. എന്നാല്‍ അവയെ സംസ്ഥാനത്തിന്റെ പൊതുകടത്തിന്റെ ഭാഗമായി കണക്കാക്കുകയാണ്. ഇതിന് മുന്‍കാല പ്രാബല്യം വരുത്തിക്കൊണ്ട് 2016–-17 മുതല്‍ 2023–-24 വരെയുള്ള ഏഴ് സാമ്പത്തിക വര്‍ഷങ്ങളില്‍ 1,07,513 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിനുണ്ടായിരിക്കുന്നത്.

15-–ാം ധനകാര്യ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് പ്രസിഡന്റിന്റെ അംഗീകാരം ലഭിക്കുകയും യൂണിയന്‍ സര്‍ക്കാര്‍ തന്നെ അവ പാര്‍ലമെന്റിനെ അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്കു കടകവിരുദ്ധമായാണ് മുന്‍കാല പ്രാബല്യത്തോടെ കേരളത്തിന്റെ വായ്പാ പരിധി പരിമിതപ്പെടുത്തിയിരിക്കുന്നത്. ചുരുക്കത്തില്‍ യൂണിയന്‍ സര്‍ക്കാര്‍ പാര്‍ലമെന്റിനു നല്‍കിയിട്ടുള്ള ഉറപ്പിനെത്തന്നെ ലംഘിക്കുകയാണ്.

ഒട്ടുമിക്ക മേഖലകളിലും കേരളം മികച്ച പ്രകടനം കാഴ്ചവെക്കുന്നതു കൊണ്ടാണ് കേരളത്തിനെതിരെ ഇത്തരമൊരു സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യൂണിയന്‍ സര്‍ക്കാര്‍ പിന്തുടരുന്ന രാഷ്ട്രീയ, സാമ്പത്തിക നയങ്ങള്‍ കേരളം പിന്തുടരാത്തതുകൊണ്ടാണ് കേരളത്തെ ഇത്തരത്തില്‍ അവഗണിക്കുന്നത് എന്നാണ് ബഹുജനങ്ങൾ കണക്കാക്കുന്നത്. തീര്‍ത്തും ജനാധിപത്യവിരുദ്ധമായ സമീപനമാണ് ഇത്.

സംസ്ഥാനത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞ, ജനങ്ങളാല്‍ തിരസ്‌കരിക്കപ്പെട്ട നയങ്ങളെത്തന്നെ സംസ്ഥാനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് യൂണിയന്‍ സര്‍ക്കാര്‍. സംസ്ഥാനങ്ങളില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് യൂണിയന്‍ സര്‍ക്കാര്‍. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് ഒട്ടും അംഗീകരിക്കാന്‍ കഴിയുകയില്ല. കാരണം, അവര്‍ പിന്തുടരുന്ന രാഷ്ട്രീയ,- സാമ്പത്തിക നയങ്ങളിൽ ഞങ്ങള്‍ക്ക് യോജിപ്പില്ല. ഞങ്ങള്‍ വിശ്വസിക്കുന്നതും ജനങ്ങള്‍ ജനാധിപത്യ വിധിയിലൂടെ അംഗീകരിച്ചതുമായ നയങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കില്ലായെങ്കില്‍ അത് ജനാധിപത്യത്തെ തന്നെ കശാപ്പുചെയ്യലാണ്. ഭരണഘടനാധ്വംസനവുമാണത്.

യൂണിയന്‍ സര്‍ക്കാരിന്റെ ഇത്തരം വിവേചനങ്ങള്‍ കേരള സമ്പദ്ഘടനയ്ക്കും സമൂഹത്തിനും മേല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. കേരളത്തിന്റെ ഇപ്പോഴത്തെ ജി എസ് ഡി പി ഏതാണ്ട് 11 ലക്ഷം കോടി രൂപയാണ്. വായ്പ പരിമിതപ്പെടുത്തിയതു കൊണ്ടുമാത്രം ഇതിന്റെ ഏകദേശം 10 ശതമാനമാണ് കേരളത്തിന് നഷ്ടപ്പെടുന്നത്. ഇത്തരത്തില്‍ യുക്തിരഹിതമായി പൊടുന്നനെ വരുത്തുന്ന വെട്ടിക്കുറവുകള്‍ നമ്മുടെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ക്യാപിറ്റല്‍ എക്‌സ്‌പെന്‍ഡിച്ചര്‍ മള്‍ട്ടിപ്ലയര്‍ ഇഫക്ട് കണക്കുകൂട്ടിയാല്‍ അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഏതാണ്ട് 2 മുതല്‍ 3 ലക്ഷം കോടി രൂപയുടെ വരെ നഷ്ടം കേരളത്തിനുണ്ടാകും. അതായത്, അക്കാലയളവു കൊണ്ട് കേരളത്തിന്റെ സമ്പദ്ഘടന 20 മുതല്‍ 30 ശതമാനം വരെ ചുരുങ്ങും.

2018 ലെ പ്രളയത്തിന്റെ ഘട്ടത്തിലും കേരളത്തോട് ഇത്തരത്തില്‍ യൂണിയൻ സർക്കാർ വിവേചനം കാട്ടിയിരുന്നു. പ്രളയത്തെ അതിജീവിക്കാനുള്ള പാക്കേജ് ഒന്നും കേരളത്തിനു പ്രത്യേകമായി ഏര്‍പ്പെടുത്തിയില്ല. പ്രളയഘട്ടത്തില്‍ നടത്തപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധപൂര്‍വ്വം പണം ഈടാക്കി. ആ ഘട്ടത്തില്‍ ലഭ്യമാക്കിയ ഭക്ഷ്യധാന്യങ്ങള്‍ക്കു വരെ പണം പിടിച്ചുപറിച്ചു. ഇത്തരം ദുരന്തങ്ങള്‍ അടിക്കടിയുണ്ടാകുന്നതു കൊണ്ടാണ് കേരളത്തിലൊരു കാലാവസ്ഥാ ഗവേഷണ കേന്ദ്രം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ അതും മോദി സർക്കാർ നിഷേധിച്ചു.

പ്രളയഘട്ടത്തില്‍ കേരളത്തിനു സഹായം ലഭ്യമാക്കാനായി പല വിദേശരാജ്യങ്ങളും സ്വമേധയാ മുന്നോട്ടുവന്നിരുന്നു. പക്ഷേ, അവ സ്വീകരിക്കുന്നതില്‍ നിന്ന് കേന്ദ്രം കേരളത്തെ വിലക്കി. നമ്മുടെ സഹോദരങ്ങളായ പ്രവാസികളുടെ അടുക്കല്‍നിന്ന് സംഭാവന സ്വീകരിക്കാം എന്നു ചിന്തിച്ചു. അവരെ പോയി കാണുന്നതില്‍ നിന്നു കേരളത്തിലെ മന്ത്രിമാരെ യൂണിയന്‍ സര്‍ക്കാര്‍ വിലക്കി. എത്ര മനുഷ്യത്വരഹിതമായ സമീപനമാണിത്.

ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട ഇടക്കാല ബജറ്റിലും കേരളത്തോടുള്ള വിവേചനവും അനീതിയും പ്രകടമാണ്. കേരളത്തിന്റെ ആവശ്യങ്ങളൊന്നും തന്നെ അംഗീകരിക്കപ്പെട്ടിട്ടില്ല. എയിംസ്, കെ-–റെയില്‍, ശബരിപാത, കോച്ച് ഫാക്ടറി, മെമു ഷെഡ് തുടങ്ങിയ ആവശ്യങ്ങളൊന്നും കേട്ടതായിപ്പോലും നടിച്ചിട്ടില്ല. സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതിച്ചുങ്കം വര്‍ദ്ധിപ്പിക്കുമെന്ന പ്രഖ്യാപനമുണ്ടായിട്ടില്ല. റബ്ബര്‍ വിലസ്ഥിരത ഉറപ്പുവരുത്താനായി ഒരു കേന്ദ്ര ഫണ്ടും സ്ഥാപിച്ചിട്ടില്ല. തീരദേശ സംരക്ഷണത്തിനായി ഒരു പാക്കേജും പ്രഖ്യാപിച്ചിട്ടില്ല.

സാമൂഹിക, സാമ്പത്തിക മേഖലകളിലെ നേട്ടങ്ങളുടെയും രാഷ്ട്രീയപരവും പ്രത്യയശാസ്ത്രപരവുമായ വ്യത്യാസങ്ങളുടെയും പേരില്‍ ഇന്ന് കേരളത്തെ ശിക്ഷിക്കുകയാണ് മോദി സർക്കാർ. ഇതേ അനുഭവം എന്‍ഡിഎ ഇതര സംസ്ഥാന സര്‍ക്കാരുകളെല്ലാം നേരിടുകയാണ്. ഇതിനെ അതിജീവിക്കണമെങ്കില്‍ നമ്മള്‍ ഒരുമിച്ചു നിന്നേ മതിയാകൂ. നമ്മുടെ ഒരുമയെ അസ്ഥിരതപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങള്‍ ശക്തിപ്പെടുമ്പോള്‍ അവയ്‌ക്കെതിരെ കൂടുതല്‍ യോജിപ്പോടെ നമ്മള്‍ പ്രവര്‍ത്തിക്കണം. അങ്ങനെ ഫെഡറലിസത്തെയും സഹകരണാത്മക ഫെഡറലിസത്തെയും ശക്തിപ്പെടുത്തണം.

ഇടക്കാല ബജറ്റിലുള്‍പ്പെടെ രാജ്യത്തെ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി തങ്ങള്‍ ഒന്നും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് യൂണിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ജനങ്ങളുടെ സുഖവും ക്ഷേമവും ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധതയുള്ളവര്‍ എന്ന നിലയ്ക്ക് നമുക്ക്, സംസ്ഥാന സര്‍ക്കാരുകള്‍ക്ക്, ഇത്തരമൊരു മനുഷ്യത്വവിരുദ്ധ സമീപനം കൈക്കൊള്ളാന്‍ കഴിയില്ല. നമുക്ക് അര്‍ഹതപ്പെട്ടത് നേടിയെടുക്കാനായി പോരാടുന്നതിനോടൊപ്പം തന്നെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള നൂതന മാര്‍ഗ്ഗങ്ങള്‍ ആരായുകയും വേണം.

സംസ്ഥാനത്ത് സാമ്പത്തിക വൈഷമ്യമുള്ളത് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ടാണെന്ന് ചിലര്‍ ആക്ഷേപിക്കുന്നുണ്ട്. പൂര്‍ണ്ണമായും സത്യവിരുദ്ധമാണിത്. വൈഷമ്യങ്ങള്‍ക്കിടയിലും ട്രഷറി സമ്പൂര്‍ണ്ണമായും കേരളത്തിൽ പ്രവര്‍ത്തനസജ്ജമാണ്. തനത് വരുമാനം വളരെ ശ്രദ്ധേയമാംവിധം ഉയര്‍ന്ന ഘട്ടവുമാണിത്.

സംസ്ഥാനത്തിന്റെ മൊത്തം ചെലവ് 2020–-21 ല്‍ 1,31,884 കോടി രൂപയായിരുന്നത് 2022-–23 ല്‍ 1,58,738 കോടി രൂപയായി ഉയര്‍ന്നു. വര്‍ഷാവസാനം 1,68,407 കോടി രൂപയായി ഉയരും. സംസ്ഥാനത്തിന്റെ സാമ്പത്തിക സജീവതയെയാണ് ഇതു കാണിക്കുന്നത്.

തനത് വരുമാനത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടാക്കിക്കൊണ്ടു തന്നെയാണ് കൂടുതല്‍ തുക ചെലവിട്ടത്. ഒരു വര്‍ഷം കൊണ്ട് തനത് നികുതി വരുമാനം 2020-–21 ല്‍ 47,661 കോടി രൂപയായിരുന്നത് 2021–-22 ല്‍ 58,341 കോടി രൂപയായും 2022-–23 ല്‍ 71,968 കോടി രൂപയായും സംസ്ഥാനം ഉയര്‍ത്തി. വര്‍ഷാവസാനം 78,000 കോടി രൂപയാവും. കേന്ദ്രത്തിന്റെ ദ്രോഹനടപടി എല്ലാം ഉണ്ടായിട്ടും കേരളത്തില്‍ സാമ്പത്തിക നിശ്ചലതയുണ്ടായിട്ടില്ല എന്നതാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്. ഇങ്ങനെ തനത് വരുമാനം ഉയര്‍ത്തിയെടുത്തതാണോ സാമ്പത്തിക കെടുകാര്യസ്ഥത?

യൂണിയൻ ഗവൺമെന്റിന്റെ വിപരീത നിലപാടുകളൊക്കെ ഉണ്ടായിട്ടും ക്ഷേമ,- സേവന, – വികസന മേഖലകളില്‍ ഒരു കുറവും വരുത്തിയില്ല, കാര്യമായ വര്‍ദ്ധനവുണ്ടാക്കി താനും. 65 രൂപ സംസ്ഥാനം പിരിച്ചെടുത്താല്‍ 35 രൂപ കേന്ദ്രം തരുമെന്നാണ് വെയ്പ്. കേരളം തനത് നികുതി വരുമാനമായി 79 രൂപ പിരിച്ചെടുക്കുമ്പോള്‍ കേന്ദ്രം തരുന്നത് 21 രൂപയാണ്. ഉത്തര്‍പ്രദേശിന് 100 ല്‍ 46 ഉം ബീഹാറിന് 100 ല്‍ 70 ഉം നല്‍കുമ്പോഴാണ് കേരളത്തിന് 100 ല്‍ 21 തരുന്നത്. ഇതിനെ വിവേചനം എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്?

സംസ്ഥാനങ്ങള്‍ക്കായി വിഭജിക്കുന്ന നികുതിയിലെ കേരളത്തിന്റെ വിഹിതം 10-–ാം ധനകാര്യ കമ്മീഷന്റെ കാലത്ത് 3.87 ശതമാനമായിരുന്നു. ഇത് 14-–ാം ധനകാര്യ കമ്മീഷനില്‍ 2.5 ശതമാനമായും 15-–ാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശയില്‍ 1.9 ശതമാനമായും കുറഞ്ഞു. ഇതിന്റെ ഫലമായി 18,000 കോടി രൂപയുടെ നഷ്ടം കേരളത്തിനുണ്ടായി എന്നത് കേന്ദ്രത്തിന് അറിയാത്തതല്ല.

സംസ്ഥാനത്തിനു ലഭിക്കേണ്ട കേന്ദ്ര വിഹിതത്തില്‍ 57,400 കോടി രൂപയുടെ വെട്ടിക്കുറവ് വരുത്തിയതിന്റെ വിശദാംശങ്ങള്‍ ഞാന്‍ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. ജി എസ് ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് 12,000 കോടി രൂപ, റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ഇനത്തില്‍ 8,400 കോടി രൂപ, കിഫ്ബിയുടെയും പെന്‍ഷന്‍ കമ്പനിയുടെയും വായ്പകളെ പൊതുകടമായി കണക്കാക്കിയതിലൂടെ കടപരിധിയില്‍ വെട്ടിക്കുറവ് വരുത്തിയതിന്റെ ഭാഗമായി 7,000 കോടി രൂപ, പബ്ലിക് അക്കൗണ്ടുകളിലുള്ള പണം പൊതുകടത്തിലേക്ക് ഉള്‍പ്പെടുത്തിയതിലൂടെ 12,000 കോടി രൂപ. ഇതാണ് കേരളത്തിന്റെ നഷ്ടങ്ങളുടെ മറ്റൊരു പട്ടിക.

കേന്ദ്രത്തിന്റെ സംസ്ഥാനവിരുദ്ധമായ നടപടികളുടെ തുടര്‍ പരമ്പര ഉണ്ടായത് ഏത് ഘട്ടത്തിലാണെന്നതു കൂടി ഓര്‍ക്കണം. അഭൂതപൂര്‍വ്വമായ ഒരു പ്രളയം, നിപ്പ, കോവിഡ് തുടങ്ങിയ മഹാമാരികള്‍കൊണ്ട് കേരളം വല്ലാതെ ദുരന്തത്തിലായ ഒരു ഘട്ടം. വല്ല വിധേനയും അതില്‍ നിന്നു കരകയറി ഒന്നു പച്ചപിടിക്കാന്‍ കേരളം തീവ്രശ്രമം നടത്തുമ്പോള്‍ പ്രത്യേക സഹായത്തിലൂടെ പിന്തുണയ്ക്കുകയായിരുന്നു സാധാരണ നിലയിൽ കേന്ദ്രം ചെയ്യേണ്ടത്. എന്നാലതേ ഘട്ടത്തില്‍ തന്നെയാണ് ഈ ദ്രോഹ നടപടികളുടെ തുടര്‍ച്ച സംസ്ഥാനത്തിനെതിരെ ഉണ്ടായത്. എത്ര ക്രൂരമാണിത്. ഇതു ചൂണ്ടിക്കാട്ടുമ്പോള്‍ രാഷ്ട്രീയ പ്രേരിതം എന്നു പറയുന്നത് മനുഷ്യത്വമില്ലായ്മ അല്ലാതെ മറ്റൊന്നുമല്ല.

പ്രതിസന്ധികളുടെ ഘട്ടത്തിലും രാജ്യത്തിനു തന്നെ അഭിമാനകരമായ അനവധി നേട്ടങ്ങള്‍ കേരളം സ്വന്തമാക്കി. നിതി ആയോഗിന്റെ ദേശീയ മള്‍ട്ടി ഡയമെന്‍ഷണല്‍ ദാരിദ്ര്യ സൂചികയില്‍ കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനം, നിതി ആയോഗ് തയ്യാറാക്കിയ സുസ്ഥിര വികസന സൂചികകള്‍ പ്രകാരം രാജ്യത്തൊന്നാമത്തെ സംസ്ഥാനം, 2021 ലെ പബ്ലിക് അഫയേര്‍സ് ഇന്‍ഡെക്‌സില്‍ ഒന്നാം സ്ഥാനം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മികവിന്റെ സൂചികയില്‍ ഒന്നാം സ്ഥാനം, നിതി ആയോഗിന്റെ ആരോഗ്യ സൂചികയില്‍ ഒന്നാം സ്ഥാനം, ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന്‍ പുരസ്‌കാരം, ഇന്ത്യ ടുഡേ നടത്തിയ ഹാപ്പിനെസ്സ് ഇന്‍ഡക്‌സ് സര്‍വേയില്‍ ഒന്നാം സ്ഥാനം തുടങ്ങി അസഖ്യം നേട്ടങ്ങള്‍ കേരളം കഴിഞ്ഞ 8 വര്‍ഷക്കാലയളവില്‍ സ്വന്തമാക്കി. കൂടുതല്‍ മികവിലേക്കു പോകാന്‍ കേരളത്തെ പിന്തുണയ്ക്കുന്നതിനു പകരം ആ മുന്നേറ്റത്തിനു തടസ്സങ്ങള്‍ സൃഷ്ടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഞങ്ങൾ എല്ലാ മാര്‍ഗ്ഗങ്ങളും നോക്കി പരാജയപ്പെട്ടപ്പോഴാണ് ഇത്തരമൊരു പ്രതിഷേധ സമര രംഗത്തേക്ക് എത്താൻ നിർബന്ധിതരായത്. നഷ്ടങ്ങളും വിവേചനങ്ങളും ചൂണ്ടിക്കാട്ടി കേന്ദ്രത്തിനു കത്തയച്ചു. നേരിട്ടു പോയി സംസാരിച്ചു. സമഗ്രമായ ചിത്രം കേന്ദ്ര ധനമന്ത്രിയെ അടക്കം ധരിപ്പിച്ചു. പ്രധാനമന്ത്രിയെ അടക്കം രേഖാമൂലം ബോധ്യപ്പെടുത്തി. ഒരു വര്‍ഷത്തിലേറെയായി നിരന്തരം എല്ലാ വഴിക്കും ശ്രമിച്ചിട്ടും കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് ഒരു പ്രതികരണവുമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ മറ്റൊരു വഴിയുമില്ലാതെയാണ് ഞങ്ങൾ സമര രംഗത്തേക്കു വന്നത്.

സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്കുമേല്‍ നടത്തപ്പെടുന്ന കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളെയാകെ പൊതുവായി ബാധിക്കുന്ന ചില കാര്യങ്ങള്‍ നാം ഒന്നിച്ചു നിന്ന് കൈകാര്യം ചെയ്യണം.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലുടനീളമുള്ള ഗവർണർമാർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിൽ ‘യൂണിയൻ ഓവർ സ്റ്റേറ്റ്സ്’ എന്ന മാനസികാവസ്ഥ പ്രതിഫലിപ്പിക്കുന്നു.ഭരണഘടനാപരമായി, ഗവർണർമാർ അവരുടെ ചുമതലകൾ നിർവഹിക്കേണ്ടത് സംസ്ഥാന മന്ത്രിസഭകളുടെ ഉപദേശപ്രകാരമാണ്. എന്നിരുന്നാലും, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവർണർമാർ തങ്ങളെ നിയമിച്ച അധികാരികളുടെ, അതായത് കേന്ദ്രസർക്കാരിന്റെ ഇച്ഛയ്ക്ക് അനുസരിച്ച് പ്രവർത്തിക്കുന്നതായാണ് നാം കാണുന്നത്.

സംസ്ഥാന സർക്കാരിന്റെ അധികാരങ്ങളിൽ കേന്ദ്രസർക്കാർ വ്യാപകമായി കടന്നുകയറിയ ഡൽഹിയിലാണ് നമ്മൾ ഒത്തുകൂടിയിരിക്കുന്നത്. ഇത് സുപ്രീം കോടതിയുടെ കടുത്ത വിമർശനത്തിന് വിധേയമായിട്ടുണ്ട് എന്ന് നിങ്ങൾക്കറിയാം. ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ ഡൽഹി സംസ്ഥാന സർക്കാർ ഫയൽ ചെയ്ത കേസും ഭരണഘടനാ ബെഞ്ചിന്റെ വിധിയും നമുക്കെല്ലാം സുപരിചിതമാണ്. എന്നിരുന്നാലും, ‘ഭരണഘടനാപരമായി വേരൂന്നിയതും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടതുമായ ഒരു സർക്കാരിന് അതിന്റെ ഭരണത്തിന്റെ നിയന്ത്രണം ആവശ്യമാണ്’ എന്ന് ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ട ആ സുപ്രധാന വിധിവന്ന് ദിവസങ്ങൾക്കുള്ളിൽ, കേന്ദ്രസർക്കാർ ഒരു ഓർഡിനൻസ് അവതരിപ്പിക്കുകയും തുടർന്ന് പാർലമെന്റിൽ ഒരു ബിൽ പാസാക്കുകയും ചെയ്തു. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാനുള്ള തങ്ങളുടെ ഏകാധിപത്യ പ്രവണതകളുമായി കേന്ദ്രസർക്കാർ ഏതറ്റം വരെയും മുന്നോട്ടുപോകുമെന്ന് ഇത് തെളിയിക്കുന്നു.

പഞ്ചാബ്, പശ്ചിമ ബംഗാൾ, ഒഡീഷ, തെലങ്കാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഗവർണർമാരുടെ അധികാര പ്രയോഗം അതിരുകടന്നതായി നാം കണ്ടിട്ടുണ്ട്. കേരളമുൾപ്പെടെ പല സംസ്ഥാനങ്ങളിലും, നിയമനിർമ്മാണ സഭയുടെ സ്വയംഭരണാധികാരത്തിൽ ഇടപെട്ട് ഗവർണർമാർ സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരത്തിൽ കൈകടത്താൻ ശ്രമിക്കുന്നത് നാം കണ്ടു.നിയമസഭകൾ പാസാക്കിയ ബില്ലുകളുടെ അംഗീകാരം അനിശ്ചിതമായി വൈകിപ്പിക്കുകയാണ് ഗവർണർമാർ. ഈ സാഹചര്യത്തിലാണ് ഗവർണർമാർ തീകൊണ്ട് കളിക്കുകയാണെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയത്.എന്നിട്ടും ഗവർണർമാർ അവരുടെ രാഷ്ട്രീയക്കളികൾ തുടരുകയാണ്. ഇത്തരം ജനാധിപത്യ വിരുദ്ധമായ കൈയേറ്റത്തിനെതിരെ ഒന്നിലധികം സംസ്ഥാന സർക്കാരുകൾക്ക് ജുഡീഷ്യറിയെ സമീപിക്കേണ്ടി വന്നിട്ടുണ്ട്.

കേരളത്തിലെ ഗവർണർക്ക് കേരളത്തിൽ ചെലവഴിക്കാൻ സമയമില്ല. മിക്കവാറും അദ്ദേഹം പുറത്താണ്. കേരളത്തിൽ വന്നാൽ നിയമസഭയിൽ ഗവർണറുടെ പ്രസംഗം മുഴുവൻ വായിക്കാൻ സമയമില്ല. പക്ഷേ, റോഡിലിരുന്ന് നാടകം കളിക്കാൻ സമയമുണ്ട്.

പ്രതിപക്ഷം ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും, സർവകലാശാലകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചാൻസലർമാർ അവരുടെ രാഷ്ട്രീയ യജമാനന്മാരുടെ ഇംഗിതത്തിന് അനുസൃതമായി പ്രവർത്തിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.സംസ്ഥാനങ്ങളുടെ താൽപര്യങ്ങളും ചട്ടങ്ങളും ഇക്കാര്യത്തിൽ ഒഴിവാക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെയുള്ള സർവകലാശാലകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പോലും സംസ്ഥാന സർക്കാരുകളോട് ആലോചിക്കുന്നതിനുപകരം ഗവർണർമാർ ചാൻസലർമാരായി രാഷ്ട്രീയ ഇടപെടലുകൾ നടത്തി.കേരളത്തിലും അതുതന്നെയാണ് സംഭവിക്കുന്നത്.ചാൻസലർ തന്റെ അധികാരങ്ങൾ ദുരുപയോഗം ചെയ്തുകൊണ്ട്, സർവ്വകലാശാലകളുടെ ഭരണം കവർന്നെടുക്കാനും അതുവഴി നമ്മുടെ സർവ്വകലാശാലകളുടെ അക്കാദമിക് സ്വയംഭരണാധികാരം പോലും നശിപ്പിക്കാനുമുള്ള ശ്രമത്തിൽ സ്വന്തം ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ച് സെനറ്റ് അംഗങ്ങളെ നിയമിക്കുകയാണ്.

ഡൽഹിയിലെ ഈ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ചവരുണ്ട്. യഥാർത്ഥത്തിൽ ആ ആരോപണം രാഷ്ട്രീയ പ്രേരിതമാണ്.നമ്മുടെ അവകാശം നിഷേധിക്കുന്നതിനെതിരെയാണ് ഈ പ്രതിഷേധം. നമ്മുടെ വായ്പകൾ പരിമിതമായതും ഗ്രാന്റുകൾ നിഷേധിക്കപ്പെട്ടതും ഒരു വസ്തുതയല്ലേ? അത് ചൂണ്ടിക്കാണിക്കുന്നത് എങ്ങനെയാണ് രാഷ്ട്രീയ പ്രേരിതമാകുന്നത്?

സംസ്ഥാനങ്ങളോടുള്ള രാഷ്ട്രീയ വിവേചനത്തിനെതിരെ കേരളം മാത്രമല്ല പ്രതിഷേധിക്കുന്നത്. കർണാടകവും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.അവർ പറയുന്നത് തങ്ങളുടെ നഷ്ടം 1,87,000 കോടി രൂപയോളമാണെന്നാണ്. കേരളത്തിന്റേതിന് തുല്യമാണിത്. കർണാടകത്തിൽ അധികാരത്തിലുള്ള പാർട്ടിയും കേരളത്തിൽ ഭരണത്തിലുള്ള പാർട്ടിയും ഒന്നല്ല.വ്യത്യസ്ത രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന സംസ്ഥാന സർക്കാരുകൾ ഒരേ വിഷയങ്ങളിൽ പ്രതിഷേധിക്കേണ്ടിവരുന്നത് അവർ വിവേചനം നേരിടുന്നു എന്നത് കൊണ്ടല്ലേ? ഇത് രാഷ്ട്രീയ പ്രേരിതമാണോ?

ഇന്നലത്തെ (ഫെബ്രുവരി 8) ‘ദ ഹിന്ദു’ പത്രത്തിൽ രണ്ട് സ്വതന്ത്ര സാമ്പത്തിക വിദഗ്ധർ എഴുതിയ ഒരു ലേഖനങ്ങളുണ്ട്. അവർ കേരളത്തിൽ നിന്നുള്ളവരല്ല, തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. സാമ്പത്തിക ഫെഡറലിസത്തെക്കുറിച്ചുള്ള അവരുടെ ലേഖനത്തിൽ, സംസ്ഥാനങ്ങളുടെ വിഹിതം കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുമ്പോൾ, കേന്ദ്രത്തിന്റെ വരുമാനം കുതിച്ചുയരുകയാണെന്ന് ആധികാരിക ഡാറ്റയുടെ പിന്തുണയോടെ തെളിയിക്കുന്നു.രാജ്യത്തെ സംസ്ഥാനങ്ങളുടെ മൊത്തത്തിലുള്ള അവസ്ഥ അവർ വിവരിക്കുമ്പോൾ, അത് രാഷ്ട്രീയ പ്രേരിതമാണോ?

ഫെഡറലിസം ഇല്ലാതാകുമ്പോൾ അത് എല്ലാ സംസ്ഥാനങ്ങൾക്കും നഷ്ടമുണ്ടാക്കും.അതിലുപരിയായി ബിജെപി ഇതര സംസ്ഥാനങ്ങൾക്കെതിരെയുള്ള രാഷ്ട്രീയ പ്രേരിത നടപടികളും.സംസ്ഥാനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങൾ വടക്കു തെക്ക് വിഭജനത്തിന്റെ പ്രശ്നമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ ചില വിഭാഗങ്ങൾ തുടരുകയാണ്. ഇത് തികച്ചും അസത്യവും അടിസ്ഥാനരഹിതവുമാണ്.

ഫെഡറൽ ഘടനയെ ഇല്ലാതാക്കുന്നതിനെതിരെയും വടക്കു തെക്ക് പരിഗണനകളില്ലാതെ സംസ്ഥാനങ്ങളോട് കാണിക്കുന്ന വിവേചനത്തിനെതിരെയും ഉള്ള ജനാധിപത്യ പ്രതിഷേധമാണ് നമ്മുടേത്. എന്നിരുന്നാലും, നമ്മുടെ ജനങ്ങളുടെയും നമ്മുടെ സംസ്ഥാനങ്ങളുടെയും താൽപ്പര്യങ്ങൾ കണക്കിലെടുത്ത് നമുക്ക് നിശബ്ദരാകാൻ കഴിയില്ല.

ഫെഡറലിസവും സഹകരണ ഫെഡറലിസവും ശക്തിപ്പെടുത്താനുള്ള ഞങ്ങളുടെ ശ്രമങ്ങളിൽ, ഈ പ്രശ്നങ്ങളെല്ലാം അഭിസംബോധന ചെയ്യേണ്ടത് ഇന്ത്യ ഒരു ഏകാധിപത്യ ‘യൂണിയൻ ഓവർ സ്റ്റേറ്റ്’ ആയി മാറുന്നതിനു പകരം ഒരു ‘യൂണിയൻ ഓഫ് സ്റ്റേറ്റ്സ് ആയി വിരാജിക്കുന്ന തരത്തിലാണ്.നമ്മുടെ സംസ്ഥാനങ്ങളെയും അതുവഴി നമ്മുടെ രാജ്യത്തെയും ശക്തിപ്പെടുത്താനുള്ള നമ്മുടെ ദൃഢനിശ്ചയം ഊട്ടിയുറപ്പിക്കുന്നതിലേക്ക് ഇന്നത്തെ ഒത്തുചേരൽ വളരെയധികം സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ ജനാധിപത്യ സമരത്തിൽ കൂടുതൽ സംസ്ഥാനങ്ങളും പ്രതിപക്ഷ പാർട്ടികളും കൈകോർക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

നിങ്ങളുടെ സാന്നിധ്യത്തിന് എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടും ഒരിക്കൽ കൂടി നിങ്ങൾക്കെല്ലാവർക്കും ആശംസകൾ നേർന്നുകൊണ്ടും ഞാൻ ഉപസംഹരിക്കുന്നു. നന്ദി.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

7 + 20 =

Most Popular