Saturday, May 4, 2024

ad

Homeലേഖനങ്ങൾസാമ്രാജ്യത്വം വിവിധ ഘട്ടങ്ങളിൽ

സാമ്രാജ്യത്വം വിവിധ ഘട്ടങ്ങളിൽ

കെ എ വേണുഗോപാലൻ

മുതലാളിത്ത വ്യവസ്ഥ സ്വതന്ത്ര മുതലാളിത്തത്തിൽ നിന്ന് കുത്തക മുതലാളിത്തത്തിലേക്കും അതിന്റെ ഉയർന്ന രൂപമായ സാമ്രാജ്യത്വത്തിലേക്കും വളരുന്നു എന്നാണ് ലെനിൻ സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം എന്ന പുസ്തകത്തിൽ വ്യക്തമാക്കിയത്. സാമ്രാജ്യത്വത്തെ ലെനിൻ കണ്ടത് കുത്തകമുതലാളിത്തത്തിന്റെ വളർച്ചയുടെ ഒരു ഘട്ടമായിട്ടാണ്. അന്ന്‌ വ്യവസായരംഗത്തും ബാങ്കുകളിലും കുത്തകകൾ വളർന്നുവരുന്ന സമയമായിരുന്നു. ഈ വളർച്ചയുടെ ഭാഗമായി ബാങ്കിംഗ് മൂലധനവും വ്യവസായ മൂലധനവും തമ്മിൽ ലയിച്ചു ചേരുന്ന സ്ഥിതിവിശേഷം രൂപപ്പെട്ടു. അങ്ങനെ രൂപപ്പെട്ട മൂലധനത്തെയാണ് ധനമൂലധനം അല്ലെങ്കിൽ ഫിനാൻസ് ക്യാപിറ്റൽ എന്ന് ലെനിൻ വിളിച്ചത്. ഓരോ വികസിത മുതലാളിത്ത രാജ്യങ്ങളിലും ഇതിനെയും അതുവഴി ഭരണകൂടത്തെയും നിയന്ത്രിച്ചിരുന്നത് ഒരുപിടി ധന മൂലധന പ്രഭുക്കളായിരുന്നു. അന്ന് ലോകത്തെ മുഴുവൻ ഇത്തരത്തിലുള്ള സാമ്രാജ്യത്വ ശക്തികൾ വെട്ടിപ്പിടിച്ചിരുന്നു. ഭൂപരമായി അങ്ങനെ രാജ്യങ്ങളെ കീഴ്പ്പെടുത്തുന്ന അവസ്ഥാവിശേഷത്തെ കൊളോണിയലിസം എന്നാണ് പറഞ്ഞിരുന്നത്. വ്യത്യസ്ത രാജ്യങ്ങളിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ള ധനമൂലധന ശക്തികൾ രാജ്യങ്ങളെ കീഴ്പ്പെടുത്തിയിരുന്നത് ആ ഭൂപ്രദേശങ്ങളിൽ നിന്ന് സാമ്പത്തികമായ നേട്ടങ്ങൾ ഉണ്ടാക്കുന്നതിന് വേണ്ടി മാത്രമല്ല ശത്രു രാജ്യങ്ങളെ ഒഴിവാക്കി കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ വേണ്ടി കൂടെയായിരുന്നു. ഇങ്ങനെ രാജ്യങ്ങൾ വെട്ടിപ്പിടിക്കാൻ വേണ്ടി സാമ്രാജ്യത്വ ശക്തികൾ അന്ന് യുദ്ധത്തെ ഒരു ഉപകരണമായി ഉപയോഗിച്ചിരുന്നു. ഇങ്ങനെ വെട്ടിപ്പിടിച്ച് രാജ്യങ്ങളെ കോളനിയാക്കി വയ്ക്കുന്ന സാമ്രാജ്യത്വ രാജ്യങ്ങളിലെ തൊഴിലാളി വർഗത്തിന് മുമ്പിൽ രണ്ട് മാർഗങ്ങളാണ് അവശേഷിച്ചിരുന്നത്. ഒന്നുകിൽ കോളനി രാജ്യങ്ങളിലെ സ്വന്തം സഹോദരരായ തൊഴിലാളി വർഗ്ഗത്തിനെ കൊന്നൊടുക്കുന്നതിന് കൂട്ടുനിൽക്കാം. അല്ലെങ്കിൽ ഇങ്ങനെ വെട്ടിപ്പിടുത്തം നടത്തുന്ന സ്വന്തം രാജ്യത്തിലെ ഭരണകൂടത്തെ തകർത്ത്‌ അവിടെ സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുക്കാൻ വേണ്ടി ശ്രമിക്കാം.

1916ലാണ് ലെനിൻ ഈ പുസ്തകം എഴുതിയത്. 1917ൽ പ്രസിദ്ധീകരിക്കപ്പെട്ടു. അതായത് ലെനിന്റെ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ഈ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ സാമ്രാജ്യത്വത്തിന്റെ സ്വഭാവത്തിൽ ഒട്ടേറെ മാറ്റങ്ങൾ വന്നിട്ടുണ്ട്‌. സാമ്രാജ്യത്വം ലെനിനുശേഷവും വളരുകയും വികസിക്കുകയും ചെയ്തിട്ടുണ്ട്. ചില വ്യത്യസ്ത ദശകളിലൂടെ അത് കടന്നു പോയിട്ടുമുണ്ട്. അത് ഏതൊക്കെയെന്ന് നോക്കാം.

അതിൽ ആദ്യത്തേത് രണ്ടാം ലോകയുദ്ധത്തോടെ അവസാനിച്ചു. ലെനിന്റെ വിശകലനവുമായി 100 ശതമാനവും യോജിച്ചുപോകുന്ന നിലയിലാണ് അതുവരെ സാമ്രാജ്യത്വ വളർച്ച ഉണ്ടായത്. വ്യത്യസ്ത രാജ്യങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന ധനമൂലധശക്തികൾ തമ്മിലുള്ള ശത്രുത, വെട്ടിപ്പിടിക്കപ്പെട്ടത് മൂലം സാമ്രാജ്യത്വ ശക്തികളുടെ അധീശത്വത്തിൻ കീഴിൽ കഴിയുന്ന രാജ്യങ്ങൾക്കുമേൽ യുദ്ധം അടിച്ചേൽപ്പിച്ചു. ഒന്നാം ലോകയുദ്ധത്തിന് ശേഷം ഒരു സോഷ്യലിസ്റ്റ് രാജ്യമാണ് പിറന്നുവീണതെങ്കിൽ രണ്ടാം ലോകയുദ്ധത്തോടെ ഒരു സോഷ്യലിസ്റ്റ് ചേരിതന്നെ രൂപപ്പെട്ടു. ലോക മുതലാളിത്തത്തെ ബാധിച്ച രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ഈ രണ്ടാം ലോകയുദ്ധത്തിന് കാരണമായിട്ടുണ്ട്. ഫാസിസം വളരുന്നത് ഈ സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതം എന്ന നിലയിലാണ്. ” ധനമൂലധന ശക്തികളിൽ സങ്കുചിതദേശീയ വാദികളായ വിഭാഗങ്ങളുടെ ഭീകര സ്വേഛാധിപത്യം ” എന്നാണ് ഫാസിസത്തിനെ ദിമിത്രോവ് വിശേഷിപ്പിച്ചത്.

രണ്ടാം ലോകയുദ്ധം ധന മൂലധന പ്രഭുക്കളുടെ സ്ഥിതി ദുർബലപ്പെടുത്തി. വികസിത മുതലാളിത്ത രാജ്യങ്ങളിലെ തൊഴിലാളി വർഗ്ഗത്തിന്‌ യുദ്ധകാലത്ത് നിരവധി ത്യാഗങ്ങൾ അനുഭവിക്കേണ്ടിവന്നു. അതിന്റെ ഭാഗമായി അവർ കൂടുതൽ ശക്തരായി. പഴയ മുതലാളിത്തത്തിലേക്ക് തിരിച്ചു പോകാൻ അവർ തയ്യാറായിരുന്നില്ല. ഇംഗ്ലണ്ടിൽ യുദ്ധാനന്തരം ചർച്ചിലിന്റെ ടോറി പാർട്ടിക്ക് ഉണ്ടായ പരാജയവും ഇറ്റലിയിലെയും ഫ്രാൻസിലെയും കമ്മ്യൂണിസ്റ്റ് പാർട്ടികൾ ശക്തിപ്പെട്ടതും ഒക്കെ ഇതിന്റെ ഫലങ്ങളായിരുന്നു. ചൈനീസ് വിപ്ലവത്തോടെ സോഷ്യലിസ്റ്റ് ചേരി ഒന്നുകൂടി ശക്തിപ്പെട്ടു. നിലനിൽപ്പിനുവേണ്ടി സാമ്രാജ്യത്വ ശക്തികൾക്ക് ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവന്നു. അവർ കോളനി രാജ്യങ്ങളിലെ ജനതയ്ക്ക് ദേശീയ സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കാൻ നിർബന്ധിതമായതായിരുന്നു ഒന്നാമത്തെ കാര്യം. എന്നാൽ പല കോളനി രാജ്യങ്ങളിലും സാമ്പത്തികരംഗത്ത് തങ്ങളുടെ നിയന്ത്രണം നിലനിർത്താൻ വേണ്ട ശ്രമങ്ങൾ അവർ നടത്തി. ഇറാനിലും ഈജിപ്തിലും ഒക്കെ ഉണ്ടായ ആക്രമണങ്ങൾ അതിന്റെ ഭാഗമായിരുന്നു. ചോദന നിയന്ത്രണത്തിൽ ഭരണകൂടത്തിന്റെ ഇടപെടൽ ശക്തിപ്പെടുത്തിയതായിരുന്നു രണ്ടാമത്തേത്. ഉയർന്ന തോതിൽ തൊഴിൽ നിലവാരം ഉണ്ടാക്കുന്നതിനായിരുന്നു ഇതുകൊണ്ട് ഉദ്ദേശിച്ചിരുന്നത്. മുമ്പ് മുതലാളിത്ത വ്യവസ്ഥയ്ക്ക് ഇത് അന്യമായിരുന്നു. ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് മൂലധനം കൊണ്ടുപോകുന്നതും ചരക്കുകൾ കടത്തിക്കൊണ്ടു പോകുന്നതും ഒക്കെ നിയന്ത്രിക്കപ്പെട്ടു. അമേരിക്കയുടെ നാണയമായ ഡോളർ സ്വർണത്തിന് തുല്യമാണ് എന്ന പ്രഖ്യാപനവും ഉണ്ടായി. ഒരു ഔൺസ് സ്വർണം സമം 35 ഡോളർ എന്നായിരുന്നു പ്രഖ്യാപനം. അതുവരെ സാമ്രാജ്യത്വ ശക്തികളുടെ നേതാവ് ബ്രിട്ടൻ ആയിരുന്നു എങ്കിൽ അത്തരമൊരു സ്ഥാനം ബ്രിട്ടന് നഷ്ടപ്പെടുകയും യുദ്ധത്തിന്റെ തുടക്കത്തിൽ നേരിട്ട്‌ പങ്കാളിത്തം വഹിക്കാതെ, അവസാനഘട്ടത്തിൽ മാത്രം ഇടപെടുകയും ചെയ്‌തു. അമേരിക്ക സാമ്രാജ്യത്വ ശക്തികളുടെ മേധാവിയായി മാറുകയും ചെയ്തു. സ്വാഭാവികമായും സാമ്രാജ്യത്വ ശക്തികൾ തമ്മിൽ തമ്മിലുള്ള ശത്രുത നിശബ്ദമാക്കപ്പെടുകയും ചെയ്തു. ഇതാണ് സാമ്രാജ്യത്വത്തിന് രണ്ടാംലോക യുദ്ധാനന്തരം വന്ന മാറ്റം. ലെനിന്റെ കാലത്തേതിൽ നിന്ന് വന്ന പ്രധാന മാറ്റം സാമ്രാജ്യത്വ ശക്തികൾ തമ്മിലുള്ള ശത്രുത തൽക്കാലത്തേക്ക് നിശബ്ദമാക്കപ്പെട്ടു എന്നതാണ്.

സാമ്രാജ്യത്വത്തിന്റെ ഇപ്പോഴത്തെ ദശ അന്താരാഷ്ട്ര ധനമൂലധനത്തിന്റേതാണ്. ഇതിന് മുമ്പത്തെ ദശയിൽ തന്നെ ഒരുക്കപ്പെട്ട അമേരിക്കൻ നാണയമായ ഡോളറിന്റെ “സ്വർണ്ണ തുല്യത’യാണ് ഈ അവസ്ഥയിലേക്ക് നയിച്ചത്. ഡോളറിന് ഈ അന്താരാഷ്ട്ര അംഗീകാരം ലഭിച്ചതോടെ അമേരിക്കയ്ക്ക് തുറന്നുകിട്ടിയത് അതിരുകളില്ലാത്ത ഒരു സ്വർണ്ണഖനിയാണ്. ലോകത്തിനു മുഴുവൻ വേണ്ടി ഡോളറടിക്കാനുള്ള അവകാശമാണ് അമേരിക്കയ്ക്ക് ലഭ്യമായത്. ലോകം മുഴുവൻ സൈനികത്താവളങ്ങൾ കെട്ടിപ്പൊക്കുന്നതിന് വേണ്ടി അവർ ഈ അവസരം ഉപയോഗപ്പെടുത്തി. സോഷ്യലിസ്റ്റ് രാജ്യങ്ങളായ സോവിയറ്റ്‌ യൂണിയനെയും ചൈനയെയും അവർ വളഞ്ഞുവച്ചു. വിവിധരാജ്യങ്ങൾക്ക് കടംകൊടുക്കാനാരംഭിച്ചിരുന്ന യൂറോപ്പ്യൻ ബാങ്കുകൾ ഡോളർ കൊണ്ട് നിറഞ്ഞു കവിഞ്ഞു. വിയറ്റ്നാം യുദ്ധത്തിൽ നേട്ടമുണ്ടാക്കുന്നതിനുവേണ്ടി അവർ അച്ചടിച്ചു വിട്ട ഡോളറുകൾക്ക് കൈയും കണക്കുമില്ല. മൂലധനക്കയറ്റുമതിക്കുമേൽ വിവിധ രാജ്യങ്ങൾ ഉയർത്തിയിരുന്ന നിയന്ത്രണങ്ങൾ അവർക്ക് തടസ്സമായി തീരുകയും അത് മാറ്റുന്നതിന് വേണ്ടി അവർ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. കയറ്റുമതി -ഇറക്കുമതി നിയന്ത്രണങ്ങൾ ഇല്ലാതായി. പൊതുമേഖല സ്വകാര്യവൽക്കരിക്കപ്പെട്ടു. ധനമൂലധനത്തിന്റെ സുഗമ സഞ്ചാരം ഉറപ്പാക്കപ്പെട്ടു. ഇതിനിടയിൽ ഡോളറും സ്വർണ്ണവും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടെങ്കിലും ഡോളറിന്റെ മേധാവിത്വത്തിന് ഒരു കുറവും സംഭവിച്ചില്ല.

അന്താരാഷ്ട്ര ധന മൂലധന ശക്തികളുടെ മേധാവിത്വം ആണ് ആഗോളവൽക്കരണ പ്രക്രിയ ശക്തിപ്പെടുത്തിയത്. സമ്പദ് വ്യവസ്ഥയ്ക്ക് മേൽ പ്രാദേശിക ഗവൺമെന്റുകൾക്കുണ്ടായിരുന്ന നിയന്ത്രണം പടിപടിയായി ഇല്ലാതാവുകയും സമ്പദ്‌വ്യവസ്ഥയിൽ നിയന്ത്രണപ്പെടുത്തിയിരുന്ന സാമ്പത്തികനയം അപ്രത്യക്ഷമാവുകയും ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ആസൂത്രണം ഇല്ലാതാവുകയും ചെയ്തു. ദേശരാഷ്ട്രാധിഷ്ഠിതമായി പ്രവർത്തിച്ചുവന്നിരുന്ന അന്താരാഷ്ട്ര തലത്തിലേക്ക് വളർന്നു അല്ലെങ്കിൽ താല്കാലികമായി ഐക്യപ്പെട്ടു എന്നതാണ് മാറ്റം.

സാമ്രാജ്യത്വത്തിന്റെ തുടക്കകാലത്ത് വ്യവസായവൽക്കരണത്തിനായിരുന്നു മുൻതൂക്കം എങ്കിൽ അന്താരാഷ്ട്ര ധന മൂലധനം ശക്തിപ്പെട്ടതോടെ ധനവൽക്കരണ പ്രക്രിയക്ക് തീവ്രത വർദ്ധിച്ചു. ശാസ്ത്ര സാങ്കേതിക രംഗത്തും വാർത്താവിനിമയരംഗത്തും ഒക്കെ ഉണ്ടായ മുന്നേറ്റങ്ങൾ ഇതിന് സഹായകമായി.

സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടമെന്ന പുസ്തകത്തിൽ ബാങ്കിംഗ് മൂലധനവും വ്യവസായ മൂലധനവും തമ്മിൽ ലയിച്ചു വരുന്നതിന്റെ ഭാഗമായി ബാങ്കുകളാൽ നിയന്ത്രിക്കപ്പെടുന്ന മൂലധനം വ്യവസായത്തിൽ ഉപയോഗപ്പെടുത്തുക എന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ തങ്ങൾ ഭരിക്കുന്ന സാമ്പത്തിക ഭൂവിഭാഗത്തിന്റെ വികാസം അതിന്റെ വ്യാവസായ സാമ്രാജ്യം വളർത്തുന്നതിന് അത്യന്താപേക്ഷിതമായിരുന്നു. പക്ഷേ ഇന്നത്തെ ആഗോള ധന മൂലധനം ഏതെങ്കിലും പ്രത്യേക അർത്ഥത്തിൽ വ്യവസായവുമായി നേരിട്ട് ബന്ധപ്പെടുന്നില്ല. അത് കറങ്ങിക്കൊണ്ടിരിക്കുന്നത് അതിവേഗത്തിലും ഊഹാധിഷ്ഠിതമായും ഒക്കെ നടത്തുന്ന ഇടപെടലുകളുടെ ഭാഗമായി നേട്ടം ഉണ്ടാക്കുന്നതിനാണ്. അതിന് വ്യവസായം എന്നോ മറ്റേതെങ്കിലും തരത്തിലോ ഉള്ള സവിശേഷതകൾ ഒന്നുമില്ല. ആഗോള ധന മൂലധനം വ്യവസായത്തെ പ്രത്യേകമായി കാണുന്നില്ല. ലാഭം കിട്ടുമെങ്കിൽ വ്യവസായത്തിൽ നിക്ഷേപിക്കുന്നതിനും അത് തയ്യാറാണ്. ഊഹാധിഷ്ഠിത നേട്ടങ്ങൾ സംഭരിക്കുന്നതിലാണ് അതിന്റെ ഊന്നൽ. ഉൽപാദനം നടത്തുന്നതിലല്ല. ഇതാണ് ധനവത്കരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ധനപരമായ മേഖലകളിൽ മൂലധനം നിക്ഷേപിച്ചും പിൻവലിച്ചുമൊക്കെ ഊഹക്കച്ചവടത്തിലൂടെ അതിവേഗത്തിൽ നേട്ടമുണ്ടാക്കാനാണ് ആഗോള ധന മൂലധന ശക്തികൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇത് ലെനിന്റെ കാലത്തേതിൽ നിന്ന് വന്ന ഒരു വ്യത്യാസമാണ്.

രണ്ടാമത്തെ കാര്യം ലെനിന്റെ കാലത്ത് ധനമൂലധനം ദേശരാഷ്ട്രാധിഷ്ഠിതമായി അതായത് ഒരു രാഷ്ട്രത്തിന്റെ സാമ്പത്തിക അതിർത്തിക്കുള്ളിൽ നിന്നുകൊണ്ടാണ് അതിന്റെ അന്തർദേശീയ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. എന്നാൽ ഇന്നത്തെ ധന മൂലധനം ദേശരാഷ്ട്ര അധിഷ്ഠിതമായിട്ടാണ് അതിന്റെ ഉത്ഭവം എങ്കിലും അത് ആ ദേശരാഷ്ട്രത്തിന്റെ താല്പര്യാനുസരണം പ്രവർത്തിച്ചു കൊള്ളണമെന്നില്ല. അത് ആഗോളതലത്തിൽ ചുറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. മറ്റേതെങ്കിലും ദേശരാഷ്ട്രത്തിൽ ഉത്ഭവിച്ച ധനമൂലധനവുമായി അതിന്റെ താൽപര്യങ്ങളിൽ വ്യത്യസ്തതയില്ല. അതുകൊണ്ടുതന്നെ ഇന്നത്തെ ധന മൂലധന ശക്തികൾ തമ്മിൽ ഏതെങ്കിലും തരത്തിലുള്ള വേർതിരിവുകൾ നിലവിലില്ല. അതായത് അതിന് സ്വന്തം ലാഭമല്ലാതെ ദേശ താൽപര്യങ്ങളില്ല. അതിന്റെ പ്രവർത്തന പരിധി ലോകമൊട്ടാകെയാണ്. അത് വ്യവസായത്തിൽ ഊന്നി മാത്രമല്ല പ്രവർത്തിക്കുന്നത്. ഇതും ലെനിന്റെ കാലത്തേതിൽനിന്ന് ധനമൂലധനത്തിന് വന്ന മാറ്റമാണ്.

മൂന്നാമതായി തടസ്സങ്ങൾ ഇല്ലാത്ത ആഗോളതലത്തിലുള്ള പ്രവർത്തനത്തിന് ലോകം രോഗം പ്രത്യേക ബ്ലോക്കുകളായോ സാമ്പത്തികമായ രാജ്യാതിർത്തികൾ ആയോ തിരിയാതിരിക്കേണ്ടത് അവരുടെ ആവശ്യമാണ്. അതുകൊണ്ടുതന്നെ സാമ്രാജ്യത്വ ശക്തികൾ തമ്മിലുള്ള ശത്രുത ആഗോളധന മൂലധന ശക്തികളുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാണ്. സാമ്രാജ്യത്വ ശക്തികൾ തമ്മിൽത്തമ്മിലുള്ള ശത്രുത നിശബ്ദമാക്കപ്പെടുന്ന പ്രക്രിയയിൽ രണ്ടാം ലോകമഹായുദ്ധാനന്തരം ഉയർന്നുവന്ന അമേരിക്കയുടെ സാമ്പത്തികവും യുദ്ധതന്ത്രപരവുമായ ശക്തി വലിയ പങ്കുവഹിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ധന മൂലധനം രൂപപ്പെടുത്തുന്നതിൽ അമേരിക്കയുടെ ഈ സ്ഥാനം വഹിച്ചുള്ള പങ്ക് ചെറുതല്ല.

ഇതിനർത്ഥം ഇന്ന് നിലനിൽക്കുന്ന സാമ്രാജ്യത്വ രാജ്യങ്ങൾ തമ്മിൽത്തമ്മിലുള്ള വൈരുദ്ധ്യങ്ങൾ എന്നെന്നേക്കുമായി അവസാനിച്ചു എന്നല്ല. ലോക വ്യാപാര രംഗത്ത് അവ തമ്മിൽ ശക്തമായ മത്സരം നടക്കുന്നുണ്ട്. കറൻസി യുദ്ധങ്ങൾ എന്ന പേരിൽ സ്വന്തം അയൽവാസിയെ തെണ്ടിയാക്കുന്നതിന് വേണ്ടി നടക്കുന്ന ശ്രമങ്ങൾ ഇതാണ് പ്രകടമാക്കുന്നത്. എന്നാൽ ആഗോള ധന മൂലധനശക്തികളുടെ താൽപര്യങ്ങൾക്ക് വഴങ്ങി അവ പ്രത്യക്ഷത്തിൽ ഏറ്റുമുട്ടലിലേക്ക് എത്തിച്ചേരുന്നില്ല.

ഈ സ്ഥിതിവിശേഷത്തെ കാൾ കൗട്സ്കി പറഞ്ഞ അതിസാമ്രാജ്യത്വം എന്ന സങ്കൽപ്പനം ശരിവെക്കുകയാണ് ചെയ്യുന്നതെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നുണ്ട്. കൗട്സ്കി പറഞ്ഞത് അന്തർദേശീയ തലത്തിൽ സംയോജിക്കപ്പെട്ട ധനമൂലധനത്തിന്റെ ചൂഷണം എന്നാണ്. എന്നാൽ ഇന്നത്തെ ആഗോള മൂലധനം അങ്ങനെയല്ല. ഏതെങ്കിലും രാജ്യങ്ങളിലെ ധന മൂലധന ശക്തികൾ പരസ്പരം കൂടിയാലോചിച്ച് ഐക്യപ്പെട്ട് രൂപപ്പെടുന്ന ഒരു അന്താരാഷ്ട്ര ധനമൂലധന ശക്തിയെ കുറിച്ചാണ് കൗട്സ്കി പറഞ്ഞത്. എന്നാൽ ഇത് അങ്ങനെ ഒരു ഐക്യപ്പെടലിന്റെ ഭാഗമായി രൂപപ്പെട്ടതല്ല മറിച്ച് ഒരു ഏകീകൃത പ്രതിഭാസമായി സ്വയം വളർന്നുവന്നതാണ്. ഈ അന്താരാഷ്ട്ര മൂലധനം ഏതെങ്കിലും സാമ്രാജ്യത്വ ശക്തികളുടെ യോജിപ്പിന്റെ ഫലമായി ഉയർന്നു വന്നതല്ല. ഏത് രാജ്യത്തെയും ,മൂന്നാം ലോകത്തിലെ പോലും ധനമൂലധനത്തിന് ഇതിന്റെ ഭാഗഭാക്കായി മാറാൻ കഴിയും. അതിന് ഏതെങ്കിലും ദേശീയ മൂലധനത്തിന്റെ സവിശേഷ താൽപര്യങ്ങൾ സംരക്ഷിക്കേണ്ടതില്ല. മാത്രവുമല്ല ഈ അന്താരാഷ്ട്ര ധന മൂലധനത്തിന്റെ രൂപീകരണം സാമ്രാജ്യത്വ ശക്തികൾ തമ്മിലുള്ള ലോകയുദ്ധത്തിന്റെ സാധ്യത ചക്രവാളത്തിൽ നിന്ന് ഒഴിവാക്കിയിട്ടുമില്ല. ഇറാഖ് യുദ്ധവും അഫ്ഘാൻ യുദ്ധവും ബാൾക്കൻ യുദ്ധവുമൊക്കെ ഇതിന്റെ പ്രകടിത രൂപങ്ങളാണ്. റഷ്യ‐ ഉക്രൈൻ യുദ്ധത്തിൽ ഒരു ഭാഗത്ത് അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യമാണ്.

മുതലാളിത്തം ആയാലും സാമ്രാജ്യത്വം ആയാലും അതിനെ കമ്യൂണിസ്റ്റുകാർ എതിർക്കുന്നത് ചൂഷണാധിഷ്ഠിത വ്യവസ്ഥ ആയതുകൊണ്ടാണ്. സാധാരണ മുതലാളിത്തത്തിന്റെ പതിന്മടങ്ങ് ശക്തിയിലാണ് സാമ്രാജ്യത്വം ചൂഷണം നടത്തിയിരുന്നത്. സാമ്രാജ്യത്വത്തിന്റെ ആധുനിക ദശയാണ് ആഗോളവൽക്കരണം അല്ലെങ്കിൽ നവ ലിബറലിസം. ഇതിലും ചൂഷണം വർദ്ധിച്ചിരിക്കുകയാണ്. സൈനിക മേധാവിത്വവും നാണയ വിനിമയ രംഗത്തെ ഡോളർ മേധാവിത്വവും ഉപയോഗിച്ച് അമേരിക്ക തന്നെയാണ് ഇന്ന് സാമ്രാജ്യത്വത്തിന്റെ മേധാവിയായി പ്രവർത്തിച്ചു വരുന്നത്.

സാമ്രാജ്യത്വം ഇല്ലാതാവുകയല്ല അതിന്റെ സ്വഭാവത്തിൽ മാറ്റം വരിക മാത്രമാണ് ഉണ്ടായത്. ഇതോടെ സാമ്രാജ്യത്വം തന്നെ ഇല്ലാതായി എന്ന് പ്രചരിപ്പിക്കുന്നത് സാമ്രാജ്യത്വശക്തികളുടെ താൽപര്യ സംരക്ഷണാർത്ഥമാണ്. രാജ്യാതിർത്തി കയ്യടക്കി രാജ്യം കീഴടക്കുന്ന പഴയകാല കൊളോണിയലിസം മാത്രമാണ് സാമ്രാജ്യത്വം എന്ന് ചുരുക്കിക്കാണുക വഴി അമേരിക്ക ഇന്ന് നടത്തിക്കൊണ്ടിരിക്കുന്ന സാമ്രാജ്യത്വ ചൂഷണത്തെ ജനങ്ങളിൽ നിന്ന് മറച്ചുവെക്കാനും അമേരിക്കൻ സാമ്രാജ്യത്വ താല്പര്യങ്ങളെ സംരക്ഷിക്കാനുമാണ്. എന്നാൽ തങ്ങളുടെ വരുതിയിൽ നിൽക്കാനും വശംവദരാകാനും തയ്യാറാകാത്ത രാജ്യങ്ങളുടെ ഭരണാധികാരികളെ ഇറാനിലും ഗ്വാട്ടിമാലയിലും എന്നപോലെ അട്ടിമറിയിലൂടെ പുറത്താക്കാനും അഫ്‌ഗാനിലും ഇറാഖിലും ലിബിയയിലുമെന്നപോലെ പരസ്യമായ കടന്നാക്രമണത്തിലൂടെയും മാറ്റുന്നത്‌ ഇവർ കാണുന്നില്ല. ഇന്ന് സാമ്രാജ്യത്വമില്ല; സാമ്രാജ്യം മാത്രമേയുള്ളൂ; അതിന് ഒരു കേന്ദ്രം ഇല്ല എന്നൊക്കെ ഈ ബുദ്ധിജീവികൾ പ്രചരിപ്പിച്ചിരുന്നത്. ലോകത്തിലെ നിരവധി പ്രമുഖരായ മാർക്സിസ്റ്റ് ബുദ്ധിജീവികൾ ഇക്കാര്യം തുറന്നു കാണിച്ചിട്ടുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

17 − 15 =

Most Popular