Saturday, May 4, 2024

ad

Homeസിനിമമതം എന്ന സീരിയൽ കില്ലർ

മതം എന്ന സീരിയൽ കില്ലർ

ഡോ. സംഗീത ചേനംപുല്ലി

രോ കൊലയും സമൂഹത്തിന്റെ നേർരേഖാ പാതയിൽ വീഴുന്ന വിള്ളലുകളാണ്. കൊല നടക്കുന്ന സാഹചര്യം ഏതായാലും നിലനിൽക്കുന്ന സാമൂഹ്യവ്യവസ്ഥിതിയോടുള്ള വെല്ലുവിളികൂടി ഓരോ കൊലപാതകത്തിലും അടങ്ങിയിരിക്കുന്നു. സിനിമയുടെ തുടക്കകാലം തൊട്ടുതന്നെ ഭീതി അതിന് പ്രിയപ്പെട്ട വിഷയമാണ്. സിനിമയുടെ പ്രാഗ്‌രൂപങ്ങൾ എന്ന് പറയാവുന്ന കാമറ ഒബ്സ്ക്യൂറ, മാജിക് ലാന്റെൺ പ്രദർശനങ്ങളുടെ കാലം മുതൽക്കുതന്നെ ഭയത്തെ വിനോദത്തിനായി ഉപയോഗിക്കുന്ന പ്രവണത കാണാം. ഫാന്റസ്മാഗോറിയ പ്രദർശനങ്ങൾ ആദ്യകാല ഹൊറർ സിനിമയ്ക്ക് ഉദാഹരണമായെടുക്കാം. തങ്ങൾക്കിടയിൽത്തന്നെ ജീവിക്കുന്ന ഒരാൾ കൊലപാതകം ചെയ്യാൻ കഴിവുള്ളയാളാണ് എന്നത് മനുഷ്യരെ ഒരേസമയം ഭീതിപ്പെടുത്തുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന ഒരു തിരിച്ചറിവാണ്. മാത്രമല്ല, അവനവന്റെതന്നെ ഉള്ളിലുള്ള ഇരുട്ടിനെ സ്ക്രീനിൽ കണ്ട് അതിനോട് താദാത്മ്യം പ്രാപിക്കുകയോ, തള്ളിക്കളയുകയോ ചെയ്യാനുള്ള സാധ്യതകളും കൊലപാതക കഥകൾ നല്കുന്നു. പുതിയകാല ലോകവും ആധുനിക വിദ്യാഭ്യാസവും അതീന്ദ്രിയ ശക്തികളോടുള്ള ഭയത്തെ ഏറെക്കുറെ അസാധ്യമാക്കിയിരിക്കുന്നു. ആ സ്ഥാനത്തേക്ക് സഹജീവികളോടുള്ള ഭയത്തെ പ്രതിഷ്ഠിക്കുകയാണ് സൈക്കോ കില്ലർ സിനിമകൾ ചെയ്യുന്നത്. മാത്രമല്ല സുരക്ഷിതമായ, അപകടരഹിതമായ ജീവിതം എന്നത് ഒരു മിത്താണെന്നും ഇവ കാട്ടിത്തരുന്നു. ഇരുട്ടിൽ നിന്നോ വെളിച്ചത്തുനിന്ന് തന്നെയോ ഏതുനിമിഷവും ചാടിവീഴാവുന്ന ഒരക്രമി നമ്മുടെ ചിന്തയിൽ ഒരു സാധ്യതയായി പ്രതിഷ്ഠിക്കപ്പെടുന്നു.

സീരിയൽ കില്ലർ സിനിമകൾ ഒരുപടി കൂടി കടന്ന് മനുഷ്യനിലെ ഇരുണ്ട വികാരങ്ങളുടെ ആവിഷ്കരണമായി മാറുന്നു. സാധാരണ മനുഷ്യനെക്കൊണ്ട് അസാധ്യമായ വയലൻസിന്റെ മൂർത്തീകരണമാണ് ഓരോ പരമ്പര കൊലയാളിയും. കൊലയെ ആനന്ദത്തിനുള്ള ഉപാധിയാക്കി മാറ്റിത്തീർക്കുന്ന ക്രൂരരായ മനുഷ്യർ! എന്താണ് ഈ മനുഷ്യരുടെ ക്രൂരതയ്ക്കുപിന്നിൽ എന്ന അന്വേഷണവും, വെളിപ്പെടുത്തലും ഇത്തരം സിനിമകളുടെ ഒരു പ്രധാന ഭാഗമാവാറുണ്ട്. തകർന്ന കുടുംബം, സമൂഹത്തിന്റെ അവഗണനയും അനീതിയും, ബാല്യകാലത്ത് നേരിട്ട പീഡനങ്ങൾ, പ്രതികാരവാഞ്ഛ എന്നിവയൊക്കെ പരമ്പര കൊലയാളികളെ സൃഷ്ടിക്കുന്നതായി സിനിമയിൽ കാണാം. ഇവയിൽനിന്നെല്ലാം വ്യത്യസ്തമായി മതം എങ്ങനെയാണ് ഒരു സീരിയൽ കില്ലറെ സൃഷ്ടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് എന്നാണ് ഇറാനിയൻ ചലച്ചിത്രമായ “Holy Spider” അഥവാ വിശുദ്ധ ചിലന്തി പറയുന്നത്.

ഇറാനിൽ നിന്നുള്ള സീരിയൽ കില്ലർ സിനിമയാണ് “Holy Spider”. അലി അബ്ബാസി സംവിധാനം ചെയ്ത ഈ ചിത്രം 2000- 2001 കാലത്ത് ഇറാനിലെ മഷാദ് പട്ടണത്തിലുണ്ടായ യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. 2000 ആഗസ്റ്റിനും 2001 ജൂലൈക്കുമിടയിലുള്ള ഏതാണ്ട് ഒരു വർഷക്കാലയളവിൽ ഇറാനിലെ മഷാദ് പട്ടണത്തിൽ വേശ്യാവൃത്തി തൊഴിലാക്കിയ 16 സ്ത്രീകൾ കൊല്ലപ്പെട്ടു. ഇവരിൽ ഏറെപ്പേരും ലഹരിക്ക് അടിമകളുമായിരുന്നു. ഈ കൊലപാതകങ്ങൾക്കെല്ലാം പൊതുവായ സാദൃശ്യങ്ങൾ ഉണ്ടായിരുന്നു. രാത്രിയിൽ ഇടപാടുകാരെ കാത്തിരിക്കുന്ന സ്ത്രീകളെ മോട്ടോർസൈക്കിളിൽ കയറ്റിക്കൊണ്ടു പോയി കഴുത്ത് മുറുക്കി കൊലപ്പെടുത്തി ഒഴിഞ്ഞ സ്ഥലങ്ങളിലോ ചവറ് കൂമ്പാരങ്ങളിലോ ഉപേക്ഷിക്കുകയാണ്‌. ഒരു ചിലന്തിയെപ്പോലെ വലകെട്ടി കാത്തിരുന്ന് വലയിൽ മുറുക്കി കൊലപ്പെടുത്തുന്നതുകൊണ്ടാണ് കൊലയാളിക്ക് ചിലന്തി എന്ന വിശേഷണം ലഭിച്ചത്. ഇറാൻ-‐ഇറാഖ് യുദ്ധത്തിൽ പങ്കെടുത്ത സൈനികനും, നിർമ്മാണത്തൊഴിലാളിയുമായ സയീദ് ഹാനായ് ആയിരുന്നു കൊലകൾക്ക് പിന്നിൽ. തികഞ്ഞ മതവിശ്വാസിയായ അയാൾ, എട്ടാമത്തെ ഷിയാ ഇമാമായ ഇമാം റേസയുടെ നഗരത്തിൽനിന്ന് വേശ്യാവൃത്തിയും ദുർനടപ്പും തുടച്ചുനീക്കുന്ന വിശുദ്ധ കർമ്മമാണ് ഈ കൊലപാതകങ്ങൾ എന്ന് അവകാശപ്പെടുന്നു. ഈ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് മതവിശ്വാസവും, സാംസ്കാരികമായ പുരുഷമേധാവിത്തവും സ്ത്രീകളെ ഇരയാക്കുന്നതെങ്ങനെ എന്നാണ് സിനിമ പറയുന്നത്.

അരീസൂ റഹീമി (സർ അമീർ എബ്രാഹിമി) എന്ന ജേണലിസ്റ്റ് കൊലപാതകങ്ങളെക്കുറിച്ച് നടത്തുന്ന അന്വേഷണത്തിലൂടെയാണ് കഥയുടെ ചുരുൾ നിവരുന്നത്. ഒറ്റയ്ക്ക്, മോഡേൺ വസ്ത്രങ്ങൾ ധരിച്ച് അന്വേഷണത്തിനെത്തുന്ന റഹീമിക്ക് നേരെ തുടക്കം മുതൽ തന്നെ വിവേചനങ്ങൾ ഉണ്ടാകുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീക്ക് മുറി നല്കാൻ ഹോട്ടലുകൾ തയ്യാറാകുന്നില്ല. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ അവരോട് ഇടപെടുന്ന പൊലീസും ഭരണാധികാരികളുമൊക്കെ വിവേചനം കാണിക്കുകയോ കടന്നാക്രമണത്തിന് തുനിയുകയോ ചെയ്യുന്നു. ആധുനികയായ സ്ത്രീയും, മതബോധത്താൽ അന്ധനായ പുരുഷനും തമ്മിലുള്ള സംഘർഷമാണ് ചിത്രം ആവിഷ്കരിക്കുന്നത്. സാധാരണ സീരിയൽ കില്ലർ സിനിമകളിൽ കൊലപാതകി ആര് എന്ന് കണ്ടെത്തുന്നതിനും, എന്താണ് അതിന് കാരണം എന്ന് മനസ്സിലാക്കുന്നതിനുമാണ് പ്രാധാന്യം നല്കാറുള്ളത്. ഭീതിയും ആകാംക്ഷയും ഉളവാക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും നിറങ്ങളും പശ്ചാത്തല സംഗീതവുമെല്ലാമാണ് അത്തരം സിനിമകളിൽ ഉപയോഗിക്കാറുള്ളത്‌. എന്നാൽ, ഈ സിനിമയിൽ കൊലയാളി ആരെന്ന് കാഴ്ചക്കാരന് തുടക്കം മുതലേ അറിയാം. അയാൾ സാധാരണക്കാരിൽനിന്ന് വലിയ വ്യത്യാസങ്ങളില്ലാത്ത, ചുറ്റുമുള്ളവരോട് സൗഹൃദത്തോടെ ഇടപെടുന്ന, സ്നേഹമുള്ള കുടുംബനാഥനാണ്. കൊലപാതകങ്ങളുടെ വിശദാംശങ്ങൾക്കോ, കൊലപാതകിയുടെ പ്രവർത്തനരീതിക്കോ കാര്യമായ പ്രാധാന്യം നല്കുന്നില്ല. മറിച്ച്, സമൂഹം അംഗീകരിക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകളുടെ കൊലപാതകങ്ങളോട് സമൂഹം പ്രതികരിക്കുന്നതെങ്ങനെ എന്നതിലാണ് സിനിമ ഊന്നുന്നത്.

കൊലപാതകി കൊല്ലാനായി തിരഞ്ഞെടുക്കുന്നത് ശരീരം വിറ്റ് ഉപജീവനം തേടുന്ന ദരിദ്രരായ സ്ത്രീകളെയാണ്. ഇവരെ ഇടപാടുകാരൻ എന്ന വ്യാജേന മോട്ടോർ സൈക്കിളിൽ സ്വന്തം വീട്ടിലെത്തിച്ചാണ് കൊല നടത്തുന്നത്. കുടുംബം വീട്ടിലില്ലാത്ത ദിവസങ്ങളാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. ഇറാഖ് യുദ്ധത്തിൽ ദൈവത്തിനായി രക്തസാക്ഷിയാകാൻ കഴിയാത്തതിൽ ദുഖിതനാണ് സയീദ് ഹാനായ്. ആ സ്ത്രീകളെ കൊന്നൊടുക്കുന്നതിലൂടെ താൻ നിർവ്വഹിക്കുന്നത് ഒരു സാമൂഹിക ശുദ്ധീകരണ പ്രക്രിയയാണ് എന്നയാൾ ആത്മാർഥമായി വിശ്വസിക്കുന്നു. ചുറ്റുപാടും നിറഞ്ഞുനിൽക്കുന്ന സ്ത്രീവിരുദ്ധ മനോഭാവമാണ് അയാൾക്ക് ഇന്ധനമാകുന്നത്. ഭരണകൂടവും തുടക്കത്തിൽ കൊലപാതകങ്ങളോട് മൃദുസമീപനം സ്വീകരിക്കാൻ കാരണം ഈ മതബോധവും, പുരുഷമേധാവിത്വ മനോഭാവവുമാണ്‌. മാനസികമായ വിഭ്രാന്തിയാണ് കൊലയ്ക്കുകാരണം എന്ന് വക്കീൽ പറയുമ്പോൾ, അത് നിഷേധിക്കാൻപോലും തയ്യാറാകുംവിധം ശക്തമാണ് പ്രതിയുടെ മതബോധം.

മതകേന്ദ്രീകൃതമായ ഒരു സമൂഹത്തിൽ കൊലപാതകത്തെപ്പോലും മതപരമായ കാരണങ്ങൾ കൊണ്ട് ന്യായീകരിക്കാൻ ആളുകൾ തയ്യാറാകും എന്ന വാസ്തവവും ചലച്ചിത്രം കാണിച്ചു തരുന്നുണ്ട്. നഗരത്തിലെ ഭൂരിപക്ഷം സാധാരണക്കാരും കൊലപാതകിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും അയാളെ വിട്ടയക്കാനായി പ്രകടനങ്ങൾ നടത്തുകയും ചെയ്യുന്നു. ഹാനായ് ചെയ്തത് സമൂഹത്തിനായുള്ള ഒരു വീരകൃത്യമായിക്കണ്ട് അയാളുടെ കുടുംബത്തെ ഭക്ഷണവും പണവും കൊടുത്ത് പുലർത്താൻപോലും ചുറ്റുമുള്ളവർ തയ്യാറാകുന്നു. കൊലയ്ക്ക് തൊട്ടുമുന്പുവരേയും താൻ തൂക്കിലേറ്റപ്പെടില്ല എന്ന് സയീദിനെ ചുറ്റുമുള്ളവർ വിശ്വസിപ്പിക്കുന്നു. ആ വിശ്വാസത്തിന്റെ തകർച്ചയോടെയാണ് അയാൾ മരണമടയുന്നത്.

കൊലപാതകിയായ സയീദിനെ അയാളുടെ കുടുംബം തള്ളിപ്പറയുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. അയാളുടെ മകൻ അയാളെ ഒരു വീരപുരുഷനായിക്കണ്ട് ആരാധിക്കുന്നു. ചുറ്റുമുള്ള സമൂഹത്തിൽനിന്ന് ലഭിക്കുന്ന ആശയങ്ങൾ അവന്റെ മനസ്സിലും മതാന്ധതയും സ്ത്രീവിരുദ്ധതയുമായി ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് കാണിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്. സയീദ് കൊലചെയ്ത സ്ത്രീകളുടെ കുടുംബങ്ങളിൽ ഏറെയും ആ സ്ത്രീകളെ തള്ളിപ്പറയുകയും കേസിൽ കക്ഷിചേരാൻ വിസമ്മതിക്കുകയും ചെയ്യുന്നുണ്ട്. തങ്ങളെക്കൂടി പോറ്റാനാണ് അവർ ലൈംഗിക തൊഴിലാളികളായി മാറിയത് എന്നത്‌ കുടുംബാംഗങ്ങൾ വിസ്മരിക്കുന്നു. അവരുടെ മരണത്തെ വീണ്ടും സമൂഹ ശ്രദ്ധയിൽ കൊണ്ടുവരികവഴി തങ്ങൾ വീണ്ടും അപമാനിക്കപ്പെടുമെന്ന ഭയമാണ് അവരെ നയിക്കുന്നത്. ലൈംഗിക തൊഴിലിനെ സംബന്ധിച്ച് സമൂഹത്തിനുള്ള മനോഭാവവും മതപരമായ കാഴ്ചപ്പാടുമാണ് ആ സ്ത്രീകളുടെ കൊലയ്ക്ക് കാരണമാകുന്നത്.

സ്ത്രീവിരുദ്ധതയ്ക്ക് മതപരവും സാംസ്കാരികവുമായ വേരുകളുണ്ട്. ഇറാൻപോലെ മതത്തെ ആധാരമാക്കിയുള്ള സാമൂഹിക സംവിധാനങ്ങളും ഭരണവ്യവസ്ഥകളും നിലവിലുള്ള രാജ്യങ്ങളിൽ അത് പ്രധാനമായും പ്രവർത്തിക്കുന്നത് സ്ത്രീകളെ ഇരകളാക്കിക്കൊണ്ടാണ്. സ്ത്രീകളുടെ വസ്ത്രധാരണ സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം, സ്വതന്ത്ര ജീവിതചര്യകൾ എന്നിവയെ വിലക്കുന്നത് ഇത്തരം സമൂഹങ്ങളുടെ പൊതുസ്വഭാവമാണ്. അവിടെ ധീരരായി നിലകൊള്ളുന്ന സ്ത്രീകളുടെ പോരാട്ടത്തിന്റെ പ്രതീകമാണ് സിനിമയിലെ ജേണലിസ്റ്റായ മിസ് റഹീമി. ഈവ് സിനിമയ്ക്ക് ഇറാനിൽ ചിത്രീകരണ, പ്രദർശന അനുമതികൾ നിഷേധിക്കാനും, ഇതുമായി ബന്ധപ്പെട്ട ഇറാനിയൻ പൗരരെ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്താനും ഭരണകൂടം തയ്യാറായി. ഏതൊരു കൊലപാതകിയെയും നിർമ്മിക്കുന്നത് സമൂഹമാണ്. ഇരകളാക്കപ്പെടുന്ന സ്ത്രീകളെയും നിർമ്മിക്കുന്നത് സമൂഹമാണ് എന്ന തിരിച്ചറിവ് ഉണ്ടാക്കാൻ ഈ സിനിമ ശ്രമിക്കുന്നുണ്ട്.

ചിത്രം 2022ലെ കാൻ ചലച്ചിത്ര മേളയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. മിസ് റഹീമിയെ അവതരിപ്പിച്ച സർ അമീർ എബ്രാഹിമി മികച്ച നടിക്കുള്ള പുരസ്കാരവും നേടി. ഇറാനും തുർക്കിയും ചിത്രീകരണത്തിന് അനുമതി നൽകാത്തതിനാൽ ജോർദാനിലാണ് സിനിമ ചിത്രീകരിച്ചത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × four =

Most Popular