യുദ്ധം ഒഴിവാക്കാനും സമാധാനം പുനഃസ്ഥാപിക്കുവാനുമുള്ള പ്രസ്ഥാനം ലോകത്ത് ആരംഭിച്ചിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. ഒന്നാംലോക യുദ്ധത്തിന്‍റെ അതിഭീകരമായ കെടുതികളാണ് അന്ന് ലോകസമാധാന പ്രസ്ഥാനത്തിന് രൂപംനല്‍കിയത്. സാര്‍വദേശിയമായി ഇപ്പോഴും ഒരു വലിയ യുദ്ധഭീതി നിലനില്‍ക്കുന്ന ഒരു സ്ഥിതിവിശേഷമാണ് ലോകത്തുള്ളത്. നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഈ രാജ്യത്തിന്‍റെ ഭരണഘടനയുടെ അടിത്തറയായ മതേതരത്വം തച്ചുതകര്‍ക്കപ്പെടുകയും, രാജ്യം തന്നെ അര്‍ദ്ധഫാസിസ്റ്റ് ഭീകരവാഴ്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷവുമാണ് ഉള്ളത്.
ആഗോളവല്‍ക്കരണവും, പുത്തന്‍സാമ്പത്തിക നയങ്ങളും വന്‍കിട മുതലാളിത്ത-സാമ്രാജ്യത്വ രാജ്യങ്ങളെപ്പോലും വലിയ പ്രതിസന്ധിയില്‍ കൊണ്ടുചെന്നെത്തിച്ചിട്ടുണ്ട്. ഇതില്‍ നിന്നും രക്ഷനേടാന്‍ സ്വഭാവികമായും യുദ്ധത്തെ പ്രയോജനപ്പെടുത്തണമെന്നുള്ളത് സാമ്രാജ്യത്വ കാഴ്ചപ്പാടാണ്. എന്നാല്‍ ഇന്നുള്ള ലോകസാഹചര്യം അതിന് അനുകൂലമായ സ്ഥിതിയല്ല ഇവിടെ ഉണ്ടാക്കിയിട്ടുള്ളത്. എങ്കിലും നേരിട്ടല്ലെങ്കിലും പരോക്ഷമായി വലിയ യുദ്ധമയമായ അന്തരീക്ഷം ഉണ്ടാക്കാനുള്ള കരുതിക്കൂട്ടിയുള്ള നീക്കങ്ങളും സാമ്രാജ്യത്വ ശക്തികള്‍ നടത്തുന്നുണ്ടെന്നുള്ളത് വിസ്മരിച്ചിട്ട് കാര്യമില്ല. യുക്രൈന്‍ -റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിനുപകരം റഷ്യക്ക് എതിരായി ആയുധങ്ങളും വന്‍ സാമ്പത്തിക സഹായവും യുക്രൈനു നല്‍കി പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കുവാനാണ് സാമ്രാജ്യത്വ ശക്തികളുടെ പുറപ്പാട്. റഷ്യ- യുക്രൈന്‍ യുദ്ധത്തിന് ഉഭയകക്ഷി ചര്‍ച്ചകളില്‍ കൂടി പരിഹാരം കാണണമെന്ന് ലോകത്തിലെ വന്‍ശക്തികളില്‍ ഒന്നായ ചൈനയും മറ്റ് ചില രാജ്യങ്ങളും ഇപ്പോള്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ആ നിലയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിയാല്‍ ഒരു മഹാവിപത്തില്‍ നിന്നും ലോകത്തെ രക്ഷപ്പെടുത്താന്‍ സാധിച്ചേക്കും.
ലോകയുദ്ധങ്ങള്‍ ഇപ്പോള്‍ വിരളമാണെങ്കിലും വിവിധ രാജ്യങ്ങളിലെ അഭ്യന്തര പ്രശ്നങ്ങള്‍ അവിടങ്ങളില്‍ വലിയ സംഘര്‍ഷങ്ങളിലേക്ക് വഴിവച്ചിട്ടുണ്ട്. ഇറാനെപോലുള്ള പല രാജ്യങ്ങളിലും ജനകീയ പ്രശ്നങ്ങള്‍ പോലീസ് ആക്ഷനിലേക്കും വെടിവെയ്പ്പുകളിലേക്കും കൊലപാതകങ്ങളിലേക്കും, ഈ രാജ്യങ്ങളെ നയിക്കുകയും ചെയ്യുന്നുണ്ട്. പല രാജ്യങ്ങളിലും ജനാധിപത്യ കീഴ്വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ട് ഭരണാധികാരി വര്‍ഗം പട്ടാളത്തെയും പോലീസിനെയും നിര്‍ലജം ഉപയോഗിച്ചു വരുകയാണ്.നിരപരാധികളാണ് പലപ്പോഴും ഇവിടെ കൊലചെയ്യപ്പെടുന്നത്.
ആഭ്യന്തരകലാപങ്ങള്‍ ലോകത്തെ വിവിധ ഭൂഖണ്ഡങ്ങളിലെ പല രാജ്യങ്ങളിലും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യാവകാശങ്ങളും രാജ്യത്തെ പൗരന്‍മാര്‍ക്ക് ലഭ്യമാക്കേണ്ട മൗലികമായ പൗരാവകാശങ്ങളും ഇവിടെ നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഫലത്തില്‍ യുദ്ധസമാനസ്ഥിതിയാണ് ഈ രാജ്യങ്ങളിലെല്ലാം ഉള്ളത്. രാജ്യത്തിനകത്തെ ഈ കലാപങ്ങള്‍ അവസാനിപ്പിച്ചാലേ അവിടെ സമാധാനം പുന:സ്ഥാപിക്കാന്‍ കഴിയുകയുള്ളു. കലാപക്കാരും സര്‍ക്കാരും ഒരു മേശക്കു ചുറ്റും ഇരുന്ന് ഈ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നടപടികളാണ് ഈ രാജ്യങ്ങളില്‍ ഉണ്ടാകേണ്ടത്.
വിവിധ വിഭാഗം ജനങ്ങളുടെ പരമപ്രധാനവും, മൗലികവുമായ അവകാശങ്ങള്‍ സാമ്രാജ്യത്വ രാജ്യങ്ങളില്‍ അടക്കം ഇപ്പോള്‍ നിക്ഷേധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. റെയില്‍വേ തൊഴിലാളികളും, വന്‍കിട വ്യവസായ തൊഴിലാളികളും മുതലാളിത്ത-സാമ്രാജ്യത്വ രാജ്യങ്ങളില്‍ അവകാശങ്ങള്‍ നേടിയെടുക്കാന്‍ വന്‍ പണിമുടക്കിലുമാണ്.
നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം പൗരവകാശ ഭേദഗതി നിയമം അടക്കമുള്ള അനേകം കരിനിയമങ്ങള്‍ രാജ്യത്തെ ന്യൂനപക്ഷം അടക്കമുള്ള ബഹുഭൂരിപക്ഷത്തിന്‍റെയും മൗലിക അവകാശങ്ങള്‍ പോലും കവര്‍ന്നെടുക്കുന്നതാണ്. ഇത്തരം അവകാശ നിക്ഷേധങ്ങള്‍ക്കെതിരായി രാജ്യവ്യാപകമായി വലിയ പ്രക്ഷോഭങ്ങള്‍ ഇവിടെ നടക്കുകയുണ്ടായി. ഇപ്പോഴും ഈ പ്രക്ഷോഭങ്ങള്‍ തുടരുകയുമാണ്. ഇവിടെ നടന്ന ന്യൂനപക്ഷങ്ങളുടെ കൂട്ടകൊലപോലുള്ള സംഭവങ്ങള്‍ക്കെതിരായി സാര്‍വ്വദേശീയ മാധ്യമങ്ങള്‍ തന്നെ ഇന്ന് രംഗത്തെത്തിയിട്ടുള്ള സ്ഥിതിയുമുണ്ട്. ഈ മാധ്യമങ്ങളില്‍ ഒന്നായ ബി.ബി.സി യുടെ പേരില്‍ കടുത്ത നടപടി കൈകൊള്ളാന്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ തയ്യാറാകുകയും ചെയ്തു.
പതിനായിരങ്ങളെ കൊന്നൊടുക്കാന്‍ കഴിയുന്ന മാരകമായ ജൈവ – ആണവായുധങ്ങള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്ന് മറ്റ് രാജ്യങ്ങളെ ഭീക്ഷണിപ്പെടുത്തുന്ന ചില രാജ്യങ്ങളും ഇന്ന് ലോകത്തുണ്ട്. എന്തായാലും ലോകത്തൊട്ടാകെ സമാധാനപരമായ ഒരു അന്തരീക്ഷമല്ല ഇപ്പോള്‍ ഉള്ളതെന്നത് പകല്‍പോലെ വ്യക്തവുമാണ്.
സാമ്രാജ്യത്വ രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങളുടെമേല്‍ വലിയ കടന്നാക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ലാറ്റിന്‍ അമേരിക്കയിലെ വെനസ്വേല, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ ഇടതു ഭരണകൂടങ്ങള്‍ക്കെതിരായി അമേരിക്കയുടെയും സാമ്രാജ്യത്വ ശക്തികളുടെയും ഭീഷണികള്‍ക്ക് യാതൊരു കുറവും ഉണ്ടായിട്ടുമില്ല.
അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഢ്യ സമിതി (ഐപ്സോ) ലോകസമാധാന സംഘടന എന്ന അന്തര്‍ദേശീയ സമാധാന പ്രസ്ഥാനത്തിന്‍റെ ഇന്ത്യന്‍ ഘടകമാണ്. ഇന്ത്യയില്‍ ഈ സംഘടന രൂപമെടുത്ത കാലംമുതല്‍ ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളില്‍ അടിയുറച്ച് നിന്ന് കൊണ്ട് സാമ്രാജ്യത്വത്തിനെതിരെയുള്ള സന്ധിയില്ലാത്ത പോരാട്ടത്തിനോടും ലോക സമാധാനം എന്ന ഉദാത്ത ലക്ഷ്യത്തിനോടും പ്രതിബദ്ധത പുലര്‍ത്തുന്നവരുടെ കൂട്ടായ്മ എന്ന നിലയിലാണ് ഐപ്സോ തിരിച്ചറിയപ്പെടുന്നത്.
1951 ലാണ് അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഢ്യ സമിതി രൂപീകരിക്കപ്പെട്ടത്.
1948-ല്‍ രൂപമെടുത്ത ലോകസമാധാന സംഘടനയുടെ (World Peace Council) സ്ഥാപകന്‍ ഫെഡറിക് ജൂലിയേറ്റ് ക്യൂറിയാണ്. ലോക സമാധാന സംഘടനയുടെ ആദ്യകാല സമ്മേളനങ്ങള്‍ വിയന്ന, ബെര്‍ലിന്‍, ഹെല്‍സിങ്കി, സ്റ്റോക്ക്ഹോം എന്നിവിടങ്ങളില്‍ വച്ചായിരുന്നു. ആദ്യകാല ആസ്ഥാനങ്ങളില്‍ പാരീസും വിയന്നയും ഉള്‍പ്പെടുന്നു. ലോകസമാധാന സംഘടനയുടെ ഇപ്പോഴത്തെ ആസ്ഥാനം ഗ്രീസിലെ ഏതന്‍സിലാണ്.
സമാധാനം ഒരോരുത്തരുടെയും വിഷയമാണ് എന്ന യാഥാര്‍ഥ്യം ഐപ്സോയുടെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യന്‍ ജനത തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. ‘യുദ്ധം മരണമാണ്, സമാധാനമാണ് ജീവിതം’ എന്നതാണ് ഇതുവരെയുള്ള മനുഷ്യ ജീവിത ചരിത്രം നമുക്ക് പകര്‍ന്നു നല്‍കുന്ന പാഠം.
ലോകസമാധാന സംഘടനയെപ്പോലെ അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഢ്യ സമിതിയുടെയും സാരഥ്യം വഹിച്ചവരില്‍ ഏറെയും വിവിധ മേഖലകളില്‍ ശ്രദ്ധേയമായ വ്യക്തിമുദ്രകള്‍ പതിപ്പിച്ചവരാണ്. ഡോ. സെയ്ഫുദീന്‍ കിച്ചുലു, മഹാത്മാഗാന്ധിയുടെ ശിഷ്യനായിരുന്ന പണ്ഡിറ്റ് ചിന്തര്‍ ലാല്‍, ഡോ. എം.എം അടല്‍ , സ്വതന്ത്ര സമര സേനാനികളും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ നേതാക്കളുമായിരുന്ന എ.കെ ഗോപാലന്‍, അജയഘോഷ്, റ്റി.ബി. കുന്ഹാ പ്രശസ്ത ചരിത്രകാരന്‍ ഡി.ഡി. കൊസാംമ്പി, സിനിമാ താരങ്ങളായ പൃഥിരാജ് കപൂര്‍, ബെല്‍രാജ് സഹാനി, എഴുത്തുകാരനായ കിഷന്‍ ചന്ദര്‍, രാജേന്ദ്ര സിംഗ് ബേദി, കവികളായിരുന്ന വള്ളത്തോള്‍ നാരായണമേനോന്‍, ഗുരുബക്ഷ്സിംഗ്, മുന്‍ മുഖ്യമന്ത്രി സി. അച്ചുതമേനോന്‍ തുടങ്ങിയ അനേകം പേര്‍ ഐപ്സോയുടെ ചാലകശക്തിയില്‍പ്പെടുന്നു.
സി.പി.ഐ.(എം) ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ, ബിനോയ് വിശ്വം, പല്ലബ്സെന്‍, നീലോല്‍പ്പല്‍ ബസൂ, സി.പി.നാരായണന്‍ തുടങ്ങിയ ദേശീയ നേതാക്കള്‍ ഐപ്സോയുടെ നേതൃത്വ നിരയിലുണ്ട്. കോണ്‍ഗ്രസ്സ് നേതാവ് യാദവ് റെഡ്ഡി തുടങ്ങിയ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ ദേശീയ നേതാക്കളും ഐപ്സോയുടെ നേതൃനിരയില്‍ ഇപ്പോഴും ഉണ്ട്.
അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഢ്യ സമിതി (ഐപ്സോ) ദേശീയസമ്മേളനം വളരെ വിപുലമായ പരിപാടികളോടുകൂടി പഞ്ചാബിലെ ചാണ്ഡീഗറില്‍ കഴിഞ്ഞ ദിവസം സമാപിച്ചു. സാര്‍വ്വദേശീയമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവിധ രാജ്യങ്ങളിലെ സമാധാനത്തിന് ഭംഗം സൃഷ്ടിക്കുന്ന യുദ്ധസാഹചര്യങ്ങളും വന്‍കലാപങ്ങളും കൊലപാതകങ്ങളും ഉക്രൈന്‍ – റഷ്യ യുദ്ധവും, വിവിധ സ്വേച്ഛാധിപത്യ രാജ്യങ്ങളിലെ ഹീനമായ മനുഷ്യക്കുരുതികളുമെല്ലാം ഈ സമാധാന സമ്മേളനം വിശദമായി ചര്‍ച്ചചെയ്തു.
രണ്ടാംലോക യുദ്ധത്തിനു ശേഷം വീണ്ടും വലിയ സംഘര്‍ഷമാണ് ലോകത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും ഇതിനെതിരെ ലോക മനസ്സാക്ഷി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും സമാധാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ലോക സമാധാന കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ശ്രീ. ഇറക്ലിസ് പറഞ്ഞു. റഷ്യ-ഉക്രൈന്‍ യുദ്ധം ലോകസമാധാനത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുകയാണെന്നും ഉക്രൈനെ ആയുധവല്‍ക്കരിച്ച് യുദ്ധം നീട്ടിക്കൊണ്ടുപോകാനും, വ്യാപിപ്പിക്കുവാനുമാണ് അമേരിക്കയും നാറ്റോ ശക്തികളും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സമാധാന കൗണ്‍സില്‍ പോലുള്ള സംഘടനകള്‍ക്ക് ഇന്നത്തെ സാഹചര്യത്തില്‍ സമൂഹത്തെ ശക്തമായി സ്വാധീനിക്കാന്‍ കഴിയണമെന്നും ഇറക്ലിസ് പറഞ്ഞു.
യുദ്ധങ്ങളും കൂട്ടക്കൊലക്ക് ഇടയാക്കുന്ന സംഘര്‍ഷങ്ങളും അവസാനിപ്പിക്കണമെന്നും, എല്ലാ രാജ്യങ്ങളിലും പൂര്‍ണമായും സമാധാനം നിലനിന്ന് കാണണമെന്നുമാണ് ലോകജനത ആഗ്രഹിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഇപ്പോഴും യുദ്ധത്തിന്‍റെയും കടുത്ത സംഘര്‍ഷങ്ങളുടെയും സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ടു തന്നെ ഇതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ എല്ലാ രാജ്യങ്ങളിലെയും ജനതക്ക് കഴിയേണ്ടതായിട്ടുണ്ട്. ലോകസമാധാന സഘടന ഇതിനായുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചു വരുന്നത്. നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള വളരെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ രാജ്യവ്യാപകമായിത്തന്നെ സംഘടിപ്പിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഢ്യ സമിതിക്ക് ഇക്കാര്യത്തില്‍ വളരെ ഭാരിച്ച ചുമതലയാണ് ഇപ്പോള്‍ ഏറ്റെടുക്കാനുള്ളത്. ചാണ്ഡീഗറില്‍ സമാപിച്ച സമാധാന കൗണ്‍സിലിന്‍റെ ദേശീയ സമ്മേളനം ഈ ഭാരിച്ച ചുമതലകള്‍ ഏറ്റെടുക്കാന്‍ പര്യാപ്തമായ തീരുമാനങ്ങളാണ് കൈക്കൊണ്ടിരിക്കുന്നത്. നമ്മുടെ രാജ്യത്തെയും, ലോകത്തെയും സമാധാനം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ഇതിന്‍റെ ഗൗരവം മനസ്സിലാക്കിക്കൊണ്ടുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനാണ് ഈ ദേശീയ സമ്മേളനം തീരുമാനിച്ചിട്ടുള്ളതും♦