ഇന്ത്യയിൽ യുപി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പാർലമെന്റ് അംഗങ്ങളുള്ള സംസ്ഥാനമാണ് ബിഹാർ. കഴിഞ്ഞ 40തിലേറെ വർഷമായി അപൂർവമായേ അവിടെ ഏതെങ്കിലും കക്ഷിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കാറുള്ളൂ. ഭരണകക്ഷിയെന്ന നിലയിൽ കോൺഗ്രസിനുണ്ടായിരുന്ന സ്ഥാനം നഷ്ടപ്പെട്ടതോടെ തൽസ്ഥാനത്ത് അധികാരത്തിലെത്തിയത് പിന്നോക്ക വിഭാഗങ്ങളുടെ വിപുലമായ പിന്തുണയാർജിച്ചിരുന്ന സോഷ്യലിസ്റ്റ് നേതാവ് കർപ്പുരി താക്കൂറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന പാർട്ടിയാണ്. അദ്ദേഹത്തിന്റെ പ്രധാന ശിഷ്യരായിരുന്നു പിന്നീട് ജെഡിയുവിന്റെ നേതാവായി മാറിയ നിതീഷ് കുമാറും ആർജെഡി നേതാവ് ലാലു പ്രസാദ് യാദവും. കഴിഞ്ഞ രണ്ടു മൂന്നു ദശകങ്ങൾക്കിടയിൽ നിതീഷ് കുമാറും അദ്ദേഹത്തിന്റെ പാർട്ടിയും ചേരിമാറിയതിനു കയ്യുംകണക്കുമില്ല. എന്തുചെയ്തും തനിക്ക് അധികാരസ്ഥാനം ലഭിക്കണമെന്നല്ലാതെ അദ്ദേഹം എന്തെങ്കിലും തത്വദീക്ഷ പുലർത്തുന്നതായി കാണാനാവില്ല.
അടുത്ത രണ്ടോ മൂന്നോ മാസങ്ങൾക്കുള്ളിൽ ലോക്-സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. ഏതാണ്ട് അതേ കാലത്തുതന്നെ നിതീഷ് കുമാറിന് ബിഹാർ മുഖ്യമന്ത്രി സ്ഥാനം മുന്നണിയിലെ കരാർ പ്രകാരം, ആർജെഡി നേതാവ് തേജസ്വി യാദവിന് ഒഴിഞ്ഞു കൊടുക്കേണ്ടതായും വരും. നിലവിൽ ലോക്-സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഒരുവശത്തും മറുവശത്ത് ബിജെപി ഇതരർ ‘ഇന്ത്യ’ ചേരിയായുമാണ് മത്സരിക്കുന്നതിനുള്ള തയ്യാറെടുപ്പ് നടക്കുന്നത്. ‘ഇന്ത്യ’ ചേരിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ തൽപ്പരരായി നിൽക്കുന്നവരിൽ ഒരാളാണ് നിതീഷ് കുമാർ എന്നും അതിന്റെ ഭാഗമായി ഈ ചേരിയുടെ ചെയർമാനാകുമെന്നും കരുതപ്പെട്ടിരുന്നു. അതിനുള്ള സാധ്യത തെളിയുന്നില്ല എന്നുകണ്ടാണ് ഇപ്പോൾ ‘ഇന്ത്യ’ ചേരി വിട്ട് വീണ്ടും തന്റെ പഴയകൂട്ടുകെട്ടിലേക്ക്– ബിജെപി മുന്നണിയിലേക്ക് – ചേക്കേറിയിരിക്കുന്നത്.
എന്നാൽ, ഇതിനെ, പെട്ടെന്നൊരുനാൾ അധികാരമോഹം മൂത്ത ജെഡിയു നേതാവ് നിതീഷ് കുമാറിന്റെ മറുകണ്ടം ചാടലായി മാത്രം കാണാനാവില്ല. മൂന്നാം തവണയും അധികാരത്തിലെത്താനുള്ള മോദിയുടെ മോഹത്തിന് ഭംഗം വരാനുള്ള സാധ്യത കണ്ട് ചാക്കിട്ടുപിടുത്തത്തിന് ബിജെപിയും, ആ പാർട്ടിയെയും മോദിയെയും അധികാരത്തിൽ നിലനിർത്താൻ കച്ചകെട്ടി ഇറങ്ങിയിട്ടുള്ള കോർപറേറ്റുകളും തയാറായിരിക്കുന്നുവെന്നതിന്റെ തെളിവാണിത്. ആയാറാം ഗയാറാമായി ചാടിക്കളിക്കുന്ന നിതീഷ് കുമാറിന്റെ ജെഡിയുവിനെ ചാക്കിട്ടുപിടിച്ച് കൂടെച്ചേർത്തതിനു പുറമെ ബിഹാറിൽനിന്ന് കോൺഗ്രസ് നിയമസഭാംഗങ്ങളെ കോടികൾ കൊടുത്ത് കൂറുമാറ്റിക്കാനും നീക്കം നടക്കുന്നുണ്ടല്ലോ. അവിടെയും അവസാനിക്കുന്നില്ല മോദി നടത്തുന്ന ജനാധിപത്യകശാപ്പു പരമ്പര. പഞ്ചാബിൽ എഎപിയുടെ എംഎൽഎമാരെ വിലയ്ക്കെടുക്കാനുള്ള വിലപേശൽ നടക്കുന്നതായാണ് ഒടുവിലത്തെ വാർത്ത.
കേന്ദ്ര അനേ-്വഷണ ഏജൻസികളെ ഉപയോഗിച്ചുള്ള വിരട്ടലുകളും തകൃതിയായി നടക്കുന്നുണ്ട്. മോദിയുടെ തീട്ടൂരത്തിനു നിന്നുകൊടുത്തില്ലെങ്കിൽ ജയിലഴികൾക്കുള്ളിൽ ഉണ്ട തിന്നു കഴിയാമെന്ന സന്ദേശമാണ് ഭീഷണിക്ക് വഴങ്ങാത്ത ഝാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ദ് സോറനെ അറസ്റ്റ് ചെയ്തതിലൂടെ നൽകുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്-രിവാളിന്റെ തലയ്ക്കു മുകളിലും ഇഡിയുടെ ഡെമോക്ലിസിന്റെ വാൾ തൂങ്ങിനിൽക്കുകയാണ്. പ്രതിപക്ഷത്തെയും എതിർശബ്ദങ്ങളെയും ഇല്ലാതാക്കി സേ-്വച്ഛാധിപത്യവാഴ്ചയാണ് മോദിയും ആർഎസ്എസും ബിജെപിയും സ്വപ്നം കാണുന്നതെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് അനുദിനം നമുക്കുമുന്നിൽ അനാവരണം ചെയ്യപ്പെടുന്നത്.
കോർപ്പറേറ്റ് മാധ്യമങ്ങൾ മോദിക്ക് മൂന്നാം തവണയും വിജയം സുനിശ്ചിതം എന്ന് കൊണ്ടുപിടിച്ചു പ്രചാരണം നടത്തുമ്പോഴും സംഗതികൾ അത്ര പന്തിയല്ലാതെയാണ് നീങ്ങുന്നത് എന്ന ആശങ്കയിലാണ് മോദിയും ബിജെപി കേന്ദ്രങ്ങളും. മതവിശ്വാസത്തെ വിറ്റ് വോട്ടാക്കാനും ഒപ്പം വർഗീയ ചേരിതിരിവുണ്ടാക്കാനുമുള്ള നീക്കങ്ങൾ തകൃതിയായി നടക്കുന്നത് അതിന്റെ ലക്ഷണമാണ്. ലോക്-സഭയുടെ അവസാന സമ്മേളനത്തിന്റെ തുടക്കം തന്നെ മതാത്മകതയുടെയും രാജവാഴ്ചയുടെയും പ്രതീതി സൃഷ്ടിച്ചുകൊണ്ടാണ്. പ്രസിഡന്റിനെ പാർലമെന്റിലേക്ക് സ്വീകരിക്കാൻ പ്രധാനമന്ത്രി മോദിയെത്തിയത് രാജവാഴ്ചയുടെ പ്രതീകമായ ചെങ്കോലുമായാണ്.
മാത്രമല്ല, നയപ്രഖ്യാപന പ്രസംഗത്തിൽ മോദി സർക്കാരിന്റെ 5 വർഷത്തെ നേട്ടങ്ങളായി പറയുന്നത് രാമക്ഷേത്ര നിർമാണവും ഭരണഘടനയുടെ 370–ാം വകുപ്പ് അനുസരിച്ച് ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി റദ്ദു ചെയ്തതും മറ്റുമായിരിക്കെ ജനങ്ങളുടെ പ്രശ്നങ്ങൾക്കൊന്നും പരിഹാരം കാണാൻ കഴിഞ്ഞില്ലയെന്ന കുറ്റസമ്മതം കൂടിയാണത്. അതുകൊണ്ട് ജനകീയ പ്രശ്നങ്ങളുടെ പേരിൽ, വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന തൊഴിലിന്റെയോ സാമ്പത്തികരംഗത്തെ വമ്പൻ വളർച്ചയുടെയോ പേരിലൊന്നും മാത്രമല്ല, സ്വച്ഛഭാരതത്തിന്റെ പേരിൽ പോലും വോട്ടു ചോദിക്കാൻ ആവാത്ത അവസ്ഥയിലാണ് മോദി സർക്കാർ എത്തിയിരിക്കുന്നത് എന്ന് വ്യക്തമാകുന്നു.
അതിനും പുറമെയാണ് സിഎഎയുടെ പേരിലും കാശി – മഥുര മോസ്-ക്കുകൾ പൊളിക്കുന്നതിന്റെ പേരിലുമെല്ലാം വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങൾ കേന്ദ്ര മന്ത്രിമാർ തന്നെ രംഗത്തിറങ്ങി നടത്തുന്നത്. ഭരണം പിടിക്കാനുള്ള വ്യഗ്രതയിൽ മോദിയും കൂട്ടരും രാജ്യത്തെ അപകടകരമായ അവസ്ഥയിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്.
ഇന്ത്യയിലെ മാധ്യമങ്ങൾ ഈ അവസ്ഥയിലേക്ക് ശ്രദ്ധ തിരിക്കുന്നില്ലെങ്കിലും ലോകത്തെ പല പ്രമുഖ മാധ്യമങ്ങളും ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുവെന്നതാണ് വസ്തുത. ആഗോള ധനമൂലധനത്തിന്റെ വക്താവായി അറിയപ്പെടുന്ന ദി ഇക്കണോമിസ്റ്റ് വാരികയുടെ പുതിയ ലക്കത്തിലെ മുഖ്യ മുഖപ്രസംഗം (ഒന്നാം ലീഡർ) തന്നെ ഇതാണ് സൂചിപ്പിക്കുന്നത്. അതിന്റെ തലക്കെട്ടുതന്നെ ‘‘മോദിയുടെ സംഹാരശക്തി’’ എന്ന അർഥം വ്യക്തമാക്കുന്നതാണ്. മോദിയുടെ നേതൃത്വത്തിൽ ഇന്ത്യാ ഗവൺമെന്റും അതിനെ നയിക്കുന്ന ബിജെപിയും പിന്തുടരുന്ന തീവ്ര വർഗീയതയും നഗ്നമായ സേ-്വച്ഛാധിപത്യ നടപടികളും സാമ്രാജ്യത്വശക്തികളെ പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര മാധ്യമങ്ങൾക്കുപോലും അംഗീകരിക്കാനാവാത്ത നിലയിൽ എത്തിയിരിക്കുകയാണെന്നാണ് ഇത് കാണിക്കുന്നത്.
ബിജെപി ഇതര പ്രതിപക്ഷ കക്ഷികൾ പരമാവധി ഒരുമിച്ച് നീങ്ങിയാൽ മൂന്നാമൂഴം എന്ന മോദിയുടെയും ബിജെപിയുടെയും സ്വപ്നത്തെ വെറും മലർപ്പൊടിക്കാരന്റെ സ്വപ്നമായി മാറ്റാനാകുമെന്നാണ് ഈ സ്ഥിതി കാണിക്കുന്നത്. ഇന്ത്യയിലെ ജനങ്ങളും മതനിരപേക്ഷ – ജനാധിപത്യ രാഷ്ട്രീയ കക്ഷികളും കൂടുതൽ ജാഗ്രതയോടെ നീങ്ങേണ്ട സാഹചര്യമാണ് ഇന്നുള്ളത്. ♦