Saturday, May 18, 2024

ad

Homeമുഖപ്രസംഗംശാസ്ത്രത്തിന്റെ വിജയം

ശാസ്ത്രത്തിന്റെ വിജയം

ന്ദ്രയാൻ മൂന്നിനെ ആഗസ്ത് 23ന് വൈകുന്നേരം 6.04 ന് ചന്ദ്രോപരിതലത്തിൽ വിജയകരമായി മൃദുപതനം ചെയ്യിക്കാൻ കഴിഞ്ഞത് ഇന്ത്യയുടെ ശാസ്ത്ര – സാങ്കേതികവിദ്യാരംഗത്തെ എടുത്തുപറയത്തക്ക വിജയമാണ്. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ ബഹിരാകാശ നേട്ടത്തോടൊപ്പം എത്തിയിരിക്കുന്നു ഇന്ത്യയും. ബഹിരാകാശ ഗവേഷണത്തിലും അതുപയോഗിച്ചുള്ള മുന്നേറ്റത്തിലും ഇന്ത്യ മുന്നണിയിൽ തന്നെയുണ്ട് എന്ന് അത് വിളിച്ചോതുന്നു. ആ പ്രവർത്തനത്തിന്റെ വിവിധ തലങ്ങളിലും ദശകളിലും ഏർപ്പെട്ടിരുന്നവരും ഏർപ്പെട്ടുകൊണ്ടിരിക്കുന്നവരുമായ വിക്രം സാരാഭായിയും സതീഷ് ധവാനും മുതൽ ഇപ്പോഴത്തെ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് വരെയുള്ള ശാസ്ത്ര–സാങ്കേതിക വിദഗ്ധർ അഭിനന്ദനം അർഹിക്കുന്നു.

നാലുവർഷം മുമ്പ് 2019 ജൂലൈയിലാണ് ചന്ദ്രയാൻ –2 വിക്ഷേപിക്കപ്പെട്ടത്. അത് വിജയകരമായി ചന്ദ്രന്റെ അന്തരീക്ഷത്തിൽ എത്തി. ആ സമയത്ത് അതിന്റെ വേഗം സെക്കന്റിൽ 1.68 കിലോമീറ്റർ ആയിരുന്നു. അതായത് 1,680 മീറ്റർ. ഈ വേഗം 20 മിനിറ്റിനുള്ളിൽ കുത്തനെ കുറയ്ക്കണം. എന്നാലേ മൃദുപതനം സാധ്യമാകൂ. അതേസമയം കൃത്യത പാലിക്കുകയും വേണം. അത് വിജയിക്കണമെങ്കിൽ ഈ കുറഞ്ഞ സമയത്തിനുള്ളിൽ സെക്കൻഡിൽ 1,680 മീറ്റർ എന്ന വേഗത്തെ 1–2 മീറ്ററായി കുറയ്ക്കണം. ഇക്കാര്യത്തിലാണ്, അവസാനത്തെ 20 മിനിറ്റിനുള്ളിൽ വേഗത സെക്കൻഡിൽ 1,680 മീറ്ററിൽ നിന്ന് 1 – 2 മീറ്ററായി കുറയ്ക്കുന്നതിലാണ്, ചന്ദ്രയാൻ രണ്ടിന്റെ പറക്കലിനു പരാജയം നേരിട്ടത്. കപ്പിനും ചുണ്ടിനും ഇടയിൽ എന്ന പോലെ.

അതിലാണ് ചന്ദ്രയാൻ – 3 വിജയിച്ചത്. ചന്ദ്രയാൻ രണ്ടിൽ ഉണ്ടായത് സോഫ്റ്റ്‌വെയർ തകരാറാണ്. അവസാനഘട്ടത്തിൽ ചന്ദ്രയാൻ രണ്ട് ചന്ദ്രോപരിതലത്തിൽ എത്തി അതിന്റെ വേഗം സെക്കൻഡിൽ 1,680 മീറ്ററിൽ നിന്ന് 2 മീറ്ററായി കുറയ്ക്കുന്നതിനിടയിൽ ആണ് തകരാറുണ്ടായത്. തൽഫലമായി ഉദ്ദേശിക്കപ്പെട്ടിരുന്നതിനേക്കാൾ വേഗത്തിൽ അത് ചന്ദ്രോപരിതലത്തിൽ വീണു. ആ വീഴ്ചയിൽ ചന്ദ്രയാൻ എന്ന വാഹനത്തിനുള്ളിൽ സുരക്ഷിതമായി വെച്ചിരുന്ന റോവറിനും അതിൽ ഉറപ്പിച്ച നിരീക്ഷണ സംവിധാനത്തിനും തകരാറു പറ്റി. ഇത് എങ്ങനെ സംഭവിച്ചു എന്ന് ഐഎസ്ആർഒയിലെ ശാസ്ത്ര – സാങ്കേതിക വിദഗ്ധർ ചന്ദ്രയാൻ രണ്ടിൽ നിന്നു ലഭിച്ച വിവരം വിശകലനം ചെയ്തു കണ്ടെത്തിയിരുന്നു. അവസാന സെക്കൻഡുവരെ ചന്ദ്രയാന്റെ ചലനം നിയന്ത്രിക്കപ്പെടുന്നു എന്ന് അവർ ഉറപ്പാക്കി. അതിന്റെ അടിസ്ഥാനത്തിലാണ് നാലു വർഷങ്ങൾക്കുശേഷം ചന്ദ്രയാൻ മൂന്ന് വിക്ഷേപിക്കപ്പെട്ടതും അത് വിജയകരമായി ലക്ഷ്യം കണ്ടതും.

പൂരങ്ങൾക്കും ഉത്സവങ്ങൾക്കും വിവിധ ദേശക്കാർ മത്സരിച്ച് അമിട്ടും വാണവും മറ്റും കത്തിച്ചുവിടുന്നതുപോലെയല്ല ഈ ബഹിരാകാശ ഗവേഷണ പ്രവർത്തനം. കഴിഞ്ഞ നൂറ്റാണ്ടിൽ ശാസ്ത്രജ്ഞർ ഭൗതിക ശാസ്ത്ര രംഗത്ത് നേടിയ രണ്ടു പ്രധാന ലക്ഷ്യങ്ങളായിരുന്നു അണുഭേദനവും ബഹിരാകാശ യാത്രയും. അണുഭേദനത്തിലൂടെ ഉണ്ടായതാണ് അണുബോംബും ആണവ റിയാക്ടറും, അണുശക്തികൊണ്ട് പ്രവർത്തിക്കുന്ന വൈദ്യുതി നിലയങ്ങളും അണുശക്തിയുടെ സമാധാനപരമായ മറ്റുപയോഗങ്ങളും. അത് സൂക്ഷ്മ ഗവേഷണത്തിന്റെ ഒരു മേഖലയാണ്. സ്ഥൂല ഗവേഷണമാണ് പ്രപഞ്ചത്തെക്കുറിച്ചുള്ള പഠന മേഖല. പ്രപഞ്ചത്തിന്റെ ഉത്ഭവ പരിണാമങ്ങളെക്കുറിച്ച് പുതിയ അറിവുകൾ ദിവസേന എന്നോണം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ബഹിരാകാശത്ത് സ്ഥാപിച്ചവ ഉൾപ്പെടെ വിവിധ ദൂരദർശിനികൾ ഹബ്ബ് , ജെയിംസ് വെബ്ബ് മുതലായ പേരുകളിൽ അറിയപ്പെടുന്ന ദൂരദർശിനികൾ. അവയിൽ പ്രധാനപ്പെട്ടവയാണ്. അതുവഴി പ്രപഞ്ചത്തെയും അതിന്റെ വികാസ പരിണാമങ്ങളെയുംകുറിച്ചുള്ള പുതിയ അറിവുകൾ നിത്യേന ലഭിച്ചു വരികയാണ്. ആ മേഖലയിലെ അന്വേഷണം സൗരയൂഥത്തിനും ക്ഷീരപഥത്തിനുള്ളിലും പുറത്തുമായുള്ള അറിയപ്പെടാത്ത വിവരം തേടിയാണ്. അതായത് ബഹിരാകാശത്തിലെ നമ്മുടെ അയൽപക്കം.

ഇങ്ങനെ പുതിയ വിവരം നേടിക്കൊണ്ടിരിക്കയാണ് മാനവരാശി, അണുവിനുള്ളിൽ മുതൽ നമുക്ക് പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് എത്തിപ്പെടാൻ കഴിയുന്നിടങ്ങൾ വരെ. അതിൽ വിവിധ രാജ്യങ്ങൾ തമ്മിൽ മത്സരമുണ്ട്. പുതിയ അറിവുകൾ പുതിയ സമ്പത്തിലേക്ക് നയിക്കുമെന്നു മാനവരാശി കഴിഞ്ഞകാലത്തെ അനുഭവത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ബഹിരാകാശ ഗവേഷണത്തിന് വിവിധ രാജ്യങ്ങൾ വർദ്ധിച്ചതോതിൽ ഊർജവും സമ്പത്തും അധ്വാനവുമൊക്കെ ചെലവഴിക്കുന്നത്. ഏത് അറിവിന്റെ അങ്ങേതലയ്ക്കലും പുതിയ എന്തൊക്കെയോ ഉണ്ടാകാം എന്ന തിരിച്ചറിവ് സഹസ്രാബ്ദങ്ങളായുള്ള മനുഷ്യന്റെ അന്വേഷണ യാത്രയ്ക്കുള്ളിൽ ഉണ്ടായിട്ടുണ്ട്. അതാണ് ഇപ്പോൾ ഇന്ത്യയെ മറ്റു രാജ്യങ്ങൾക്കൊപ്പം ചന്ദ്രയാനം നടത്താൻ പ്രേരിപ്പിക്കുന്നത്.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്താനാണ് ഇന്ത്യ ആദ്യം മുതൽക്കേ ശ്രമിക്കുന്നത്. സൂര്യരശ്മികൾ അധികം പതിക്കാത്ത മേഖലയാണത്. അവിടെ വെള്ളം ഉണ്ട് എന്നാണ് അഭ്യൂഹം. ചന്ദ്രനിൽ കുടിയേറാനാണെങ്കിലും, ബഹിരാകാശ യാത്രയ്ക്ക് ഇടത്താവളമായി ചന്ദ്രനെ ഉപയോഗിക്കാനാണെങ്കിലും, അവിടെ എത്തിപ്പെടുന്നവർക്ക് വെള്ളം വേണം. മനുഷ്യന്റെ ശരീരത്തിന്റെ ഏതാണ്ട് 60 ശതമാനം വെള്ളമാണെന്നു കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ മനുഷ്യൻ പോകുന്നിടത്തൊക്കെ സമൃദ്ധമായ തോതിൽ ജലസ്രോതസ്സ് കണ്ടെത്തേണ്ടത് ആവശ്യമാണ്. അതുകൊണ്ടാണ് ചന്ദ്രയാൻ രണ്ട് പരാജയപ്പെട്ടിട്ടും അടുത്ത ശ്രമവും അങ്ങോട്ടേക്കു തന്നെ ഐഎസ്ആർഒ ലക്ഷ്യമാക്കിയത്. വെള്ളം മാത്രമല്ല, മനുഷ്യന്റെ നിലനിൽപ്പിന് അത്യാവശ്യമായ മറ്റ് എന്തെല്ലാം വിഭവങ്ങൾ ചന്ദ്രനിൽ ലഭ്യമാണെന്നു കണ്ടെത്തണം. ചന്ദ്രന്റെ ഗുരുത്വാകർഷണം ഭൂമിയുടേതിന്റെ ചെറിയ അംശമേ വരൂ. അത് ചില കാര്യങ്ങളിൽ അനുഗ്രഹമാണ്. മറ്റു ചിലതിൽ വലിയ ബാധ്യതയും. ഭൂമിയിൽനിന്ന് അന്യമായ ആകാശഗോളങ്ങളിൽ ഇത്തരം സ്ഥിതിയുണ്ടാകാം.

നക്ഷത്രങ്ങളൊക്കെ സൂര്യനെപ്പോലെയാണ്. നിരന്തരം അണുസ്ഫോടനം നടക്കുന്ന അഗ്നികുണ്ഡങ്ങൾ. അവയ്ക്കു ചുറ്റും കറങ്ങുന്ന ചില ഗ്രഹങ്ങളിൽ മാത്രമാണ് ഭൂമിയുടേതിനു സമാനമായ അന്തരീക്ഷവും ഉപരിതല സ്ഥിതിഗതിയും ഉള്ളത് എന്ന് ഇതിനകം നമ്മുടെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ആദ്യം സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളെക്കുറിച്ച് ഇവിടെയിരുന്നു കണ്ടെത്താവുന്നത്ര വിവരം ശേഖരിക്കാനുള്ള ശ്രമത്തിലാണ് മനുഷ്യൻ പതിറ്റാണ്ടുകളായി. മുമ്പ് ഊഹിച്ചിരുന്ന പലതും വിശദാന്വേഷണത്തിൽ തെറ്റാണെന്നു മനസ്സിലായി. ഉപഗ്രഹങ്ങളെ ചന്ദ്രനിലേക്കു മാത്രമല്ല, ബുധൻ, ശുക്രൻ, ചൊവ്വ മുതലായ ഗ്രഹങ്ങളിലേക്കും തൊടുത്തുവിട്ടതിന്റെ ഫലമായി നാം ഇതിനകം പല വിവരങ്ങളും നേടിയിട്ടുണ്ട്. ആദ്യം ഊഹിക്കപ്പെട്ടതോ ലഭിച്ചതോ ആയ വിവരത്തിൽ ചിലതെങ്കിലും തെറ്റോ അപൂർണമോ ആണെന്നു കൂടുതൽ അന്വേഷണത്തിൽ വ്യക്തമായി.

ഇക്കാര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടായത് കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടയ്ക്കാണ്. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയിട്ട് 54 വർഷമേ ആയിട്ടുള്ളൂ. നീൽ ആംസ്ട്രോങ്ങിനെ അമേരിക്ക ചന്ദ്രനിൽ എത്തിച്ചതുപോലെ മറ്റൊരു രാജ്യവും അതിനായി ശ്രമിച്ചിട്ടില്ല. ആദ്യം സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിലൊരു മത്സരമായിരുന്നു, ബഹിരാകാശ ഗവേഷണത്തിൽ സോഷ്യലിസവും മുതലാളിത്തവും തമ്മിലുള്ള മത്സരം. ആ മത്സരം മൂന്നു പതിറ്റാണ്ടുമുമ്പ് സോവിയറ്റ് യൂണിയൻ തകർന്നതോടെ അവസാനിച്ചു. അമേരിക്കയും ആദ്യം കാണിച്ചിരുന്ന മത്സരബുദ്ധി പിന്നീട് കാണിക്കാതായി. എന്നാൽ ചൈന ഈ രംഗത്തേക്ക് കടന്നതോടെ ആ മത്സരത്തിനു പുതിയ താൽപര്യമോ ഊക്കോ ലഭിച്ചിട്ടുണ്ട്.

ഇന്ത്യ ലോകരാജ്യങ്ങളിൽ ശാസ്ത്ര വളർച്ചയുടെയും ശാസ്ത്രജ്ഞരുടെയും കാര്യത്തിൽ മോശമല്ലാത്ത പുരോഗതി കൈവരിച്ചിട്ടുണ്ട്. ബഹിരാകാശ ഗവേഷണം കോടിക്കണക്കിനു ദരിദ്രരുള്ള ഒരു രാജ്യത്തിന് അഭികാമ്യമാണോ, അഭിലഷണീയമാണോ എന്നെല്ലാമുള്ള ചോദ്യങ്ങൾ പലപ്പോഴും ഉന്നയിക്കപ്പെടുന്നുണ്ട്. ഇത് കേവലമായ അറിവിനുവേണ്ടിയുള്ള പാഴ്-വേലയല്ല. ഏത് അറിവും മറ്റ് അറിവുകളെ പോഷിപ്പിക്കുന്നതും സമ്പന്നമാക്കുന്നതുമാണ് എന്ന് അനുഭവത്തിലൂടെ കണ്ടെത്തപ്പെട്ടിട്ടുണ്ട്. അങ്ങനെയാണ്, ചൈനയും താരതമേ-്യന ദരിദ്ര രാജ്യങ്ങളായ ഇന്ത്യയും വിജ്ഞാന വികസനത്തിന്റെ സകല മേഖലകളിലേക്കും തങ്ങളുടെ അന്വേഷണം വ്യാപരിപ്പിച്ചിട്ടുള്ളത്. അന്തരീക്ഷത്തെക്കുറിച്ചുള്ള അറിവ് നമുക്ക് കൃഷി, മഴ തുടങ്ങി ദൈനംദിന ജീവിതത്തെ ബാധിക്കുന്ന നാനാ കാര്യങ്ങളിൽ പ്രധാനമാണ് എന്ന തിരിച്ചറിവ‍് ഇന്ന് ഉണ്ടായിട്ടുണ്ട്. അത് വളർത്തുന്നതിനാണ് മാറിമാറി വന്ന സർക്കാരുകൾ ശ്രമിച്ചിട്ടുള്ളത്. രാമന്റെയും കൃഷ്ണന്റെയും കാലത്തെ ഇന്ത്യ ഇതൊക്കെ കണ്ടുപിടിച്ചിരുന്നു എന്ന് തോറ്റം പാട്ടുപാടുന്ന മോദി സർക്കാരിനും ശാസ്ത്ര ഗവേഷണത്തെ തടയാൻ കഴിഞ്ഞിട്ടില്ല. അതിന്റെ തെളിവാണ് ചന്ദ്രയാൻ മൂന്നിന്റെ വിജയം. അത് ശാസ്ത്രത്തിന്റെ വിജയം കൂടിയാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

7 + sixteen =

Most Popular