Sunday, May 19, 2024

ad

Homeആമുഖംമറക്കില്ല, പൊറുക്കില്ല കർഷകരെ പട്ടിണിക്കിട്ട പത്തുവർഷം

മറക്കില്ല, പൊറുക്കില്ല കർഷകരെ പട്ടിണിക്കിട്ട പത്തുവർഷം

ന്ത്യയിലെ നാനാവിഭാഗം ജനങ്ങൾക്കു നൽകിയ ഏതെങ്കിലുമൊരു വാഗ്ദാനം മോദിയോ ബിജെപി സർക്കാരോ പാലിച്ചിട്ടുണ്ടോ? വാഗ്ദാന ലംഘനങ്ങളുടെ ഘോഷയാത്രയാണ് പത്തുവർഷത്തെ മോദി വാഴ്ച. എന്നിട്ടിപ്പോൾ മോദിയുടെ ഗ്യാരന്റിയും കൊണ്ട് ജനമധ്യത്തിലേക്കിറങ്ങുമ്പോൾ പരിഹാസത്തോടെ മാത്രമേ അതിനെ കാണാനാവൂ.

മിനിമം താങ്ങുവില – സ്വാമിനാഥൻ കമ്മീഷൻ ശുപാർശ പ്രകാരം, കർഷകരുടെ വരുമാനം ഇരട്ടിയാക്കൽ, കർഷകരെ കടബാധ്യതയിൽനിന്ന് കരകയറ്റി കർഷക ആത്മഹത്യകൾ ഇല്ലാതാക്കൽ, കാർഷികമേഖലയിൽ കൂടുതൽ നിക്ഷേപം, കർഷകർക്കുള്ള പൊതുവായ്പാ സൗകര്യങ്ങൾ വർധിപ്പിക്കൽ ഇങ്ങനെ എത്രയെത്ര ഗ്യാരന്റികളാണ് നരേന്ദ്രമോദി നമ്മുടെ ‘അന്നദാതാക്കളാ’യ കർഷകർക്കുമുന്നിൽ മാത്രം അവതരിപ്പിച്ചിട്ടുള്ളത്. ഇതിലൊന്നുപോലും നിറവേറ്റിയില്ലെന്നു മാത്രമല്ല, കോർപറേറ്റുകളുടെ, അദാനിമാരുടെയും അംബാനിമാരുടെയും താൽപ്പര്യസംരക്ഷണത്തിനായി രാജ്യത്തെ കർഷകജനസാമാന്യത്തിനു നേരെ കടുത്ത കടന്നാക്രമണം അഴിച്ചുവിടുന്നതിനും നാം സാക്ഷ്യം വഹിച്ചു.

കാർഷിക പ്രതിസന്ധിയിൽപ്പെട്ട് ഇന്ത്യൻ കർഷകർ ചക്രശ്വാസം വലിച്ചുകൊണ്ടിരിക്കുമ്പോൾ കേന്ദ്ര കൃഷി മന്ത്രാലയം കാർഷികമേഖലയിലെ ഇടപെടലുകൾക്കായി ബജറ്റിൽ വകയിരുത്തിയ തുക ചെലവഴിക്കാതെ അഞ്ചുവർഷത്തിനിടയിൽ ഒരു ലക്ഷം കോടിയിലധികം രൂപ സറണ്ടർ ചെയ്ത ചരിത്രമുള്ള സർക്കാരാണിത്. ആ തുക ആരുടെ പോക്കറ്റുകളിലേക്കാണ് തള്ളിക്കൊടുക്കുന്നത്? അദാനിമാരുടെ, അംബാനിമാരുടെ, ടാറ്റാമാരുടെ പൂനേവാലമാരുടെയെല്ലാം പോക്കറ്റുകളിലേക്കാണ് കുത്തിനിറച്ചത്.

ഹിന്ദുവിന്റെ പേരിൽ അഭിമാനവിജ്രംഭിതരാകുന്ന ഈ സംഘപരിവാർ വാഴ്ചയിൽ സാധാരണക്കാരനായ, ദരിദ്രനായ ഏതെങ്കിലുമൊരു ഹിന്ദുവിന് കാൽക്കാശിന്റെ നേട്ടം ഉണ്ടായിട്ടുണ്ടോ? ഇല്ലയെന്നു മാത്രമല്ല, മോദി വാഴ്ചയുടെ അജൻഡയിൽപോലും അതൊന്നുമില്ല.

കർഷകർക്കും സാധാരണക്കാരായ ഇതര ജനവിഭാഗങ്ങൾക്കും എതിരായ നടപടികൾ മാത്രമാണ് ഒന്നിനു പിറകെ ഒന്നായി മോദി സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വെെദ്യുതിമേഖലയെ സമ്പൂർണമായും സ്വകാര്യവൽക്കരിച്ചുകൊണ്ടും കർഷകന്റെ നട്ടെല്ലൊടിക്കുന്ന ‘സ്മാർട്ട് മീറ്ററുകൾ’ നടപ്പാക്കിക്കൊണ്ടും മോദി കർഷകരെ അനുദിനം കടന്നാക്രമിച്ചുകൊണ്ടിരിക്കുക തന്നെയാണ്.

തങ്ങളുടെ കോർപറേറ്റ് ശിങ്കിടികളെ സന്തോഷിപ്പിക്കൽ മാത്രമാണ് മോദി സർക്കാരിന്റെ ലക്ഷ്യം. കേന്ദ്ര സർക്കാരിന്റെ 2023–24ലെ ഇടക്കാല ബജറ്റിൽ പോലും കർഷകവിരുദ്ധമായ നയങ്ങൾക്കാണ് മേൽക്കെെയുള്ളത്. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ, അതിനുതൊട്ടുമുന്നിൽ നിൽക്കുമ്പോൾപോലും കർഷകരോട് കരുണകാണിക്കാത്ത മോദി സർക്കാർ ഈ തിരഞ്ഞെടുപ്പ് പാലം കടന്നുകിട്ടിയാൽ പിന്നെ തിരിഞ്ഞുനോക്കിയില്ല. പത്തുവർഷത്തെ കയ്പുള്ള അനുഭവത്തിൽനിന്ന് മറിച്ചുള്ള ഒന്ന് പതിനൊന്നാം വർഷം പ്രതീക്ഷിക്കാനാവില്ലല്ലോ.

2022–23ലെ ബജറ്റുമായി താരതമ്യം ചെയ്താൽ 2024–25 ലെ ബജറ്റിൽ കാർഷികമേഖലയ്ക്ക് 81,000 കോടി രൂപയാണ് വെട്ടിക്കുറച്ചത്. 2022–23 ലെ യഥാർഥ ചെലവിനെക്കാൾ 22.3 ശതമാനവും 2023–24 ലേതിനെക്കാൾ 6 ശതമാനവുമാണ് ഈ വർഷം വെട്ടിക്കുറച്ചത്. ഈ തുകകളെല്ലാം കോർപറേറ്റുകളുടെ കീശയിലേക്കാണ് പോകുന്നത്.

കർഷകർക്ക് ഇനിയും പ്രതീക്ഷിക്കാനുള്ളത് അവകാശ നിഷേധങ്ങളും അടിച്ചമർത്തലുകളും മാത്രമാണ്.

2020ൽ കർഷകരുടെ ഡൽഹി മാർച്ചിനെ മോദി സർക്കാർ നേരിട്ടത് ദേശീയപാതയിൽ കിടങ്ങ് കുഴിച്ചും ജലപീരങ്കികളും ടിയർ ഗ്യാസും പ്രയോഗിച്ചും കോൺക്രീറ്റ് ബാരിക്കേഡുകൾ നിരത്തിയും വെെദ്യുതിയും കുടിവെള്ളവും ഇന്റർനെറ്റുമെല്ലാം വിച്ഛേദിച്ചുമാണ്. 750 ലധികം കർഷകരാണ് രക്തസാക്ഷിത്വം വരിച്ചത്. ശത്രു സെെന്യത്തെ നേരിടുംപോലെയാണ് കർഷകസമരത്തെ മോദി സർക്കാർ നേരിട്ടത്. ഇതൊന്നും തന്നെ കർഷക ജനസാമാന്യത്തിനു മറക്കാനും പൊറുക്കാനുമാവില്ല. പത്തുവർഷത്തെ ആ കെട്ടകാലത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് ഞങ്ങൾ ഈ ലക്കത്തിൽ നടത്തുന്നത്.

‐ ചിന്ത പ്രവർത്തകർ

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five + 16 =

Most Popular