Sunday, May 19, 2024

ad

Homeആമുഖംഇന്ത്യൻ ജനാധിപത്യം 
ഭീതിയുടെ തടവറയിൽ

ഇന്ത്യൻ ജനാധിപത്യം 
ഭീതിയുടെ തടവറയിൽ

2014ൽ നരേന്ദ്രമോദി അധികാരത്തിലെത്താൻ പശ്ചാത്തലമായത് രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തെ അഴിമതികളും ആർഎസ്-എസ് 2013ലും 2014ലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സംഘടിതമായി നടത്തിയ വർഗീയപ്രചാരണങ്ങളും തുടർന്ന് അവർ തന്നെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ വർഗീയ സംഘട്ടനങ്ങളുമാണ്. അങ്ങനെ വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് ഇന്ത്യൻ സമൂഹത്തിന്റെ മാറുപിളർന്ന് അതിൽ നിന്ന് ചോരയൂറ്റിക്കുടിച്ചാണ് മോദി അധികാരക്കസേരയിൽ അള്ളിപ്പിടിച്ചു കയറിയത്.

വാഗ്ദാന ലംഘനങ്ങളുടെയും കോർപറേറ്റ് കൊള്ളകൾക്ക് കുടപിടിച്ചുനിൽക്കുന്നതിന്റെയും കാലമായിരുന്നു മോദി വാഴ-്-ച. അതിനെതിരെ തൊഴിലാളികളുടെയും കർഷകരുടെയും യുവജനങ്ങളുടെയും വിദ്യാർഥികളുടെയുമെല്ലാം പ്രതിഷേധങ്ങൾ പ്രക്ഷോഭങ്ങളായി തിളച്ചു മറിഞ്ഞു. ബിജെപിക്ക്, മോദിക്ക് രണ്ടാമൂഴം അസാധ്യമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തവെയാണ് പൊടുന്നനെ പുൽവാമ പൊട്ടിവീണത്. തുടർന്ന് ബാലാക്കോട്ടിൽ ‘‘സർജിക്കൽ സ്ട്രൈക്’’ പ്രഹസനം അരങ്ങേറപ്പെട്ടത്. അണപൊട്ടിയൊഴുക്കപ്പെട്ട തീവ്രദേശീയതയുടെയും സങ്കുചിത ദേശസ്നേഹത്തിന്റെയും തേരിലേറിയാണ് മോദി രണ്ടാമൂഴം ഉറപ്പിച്ചത്.

2024ൽ, മൂന്നാമതും അധികാരത്തിൽ എത്താനാവുമെന്ന് സംഘപരിവാറിനും സർക്കാരിനും തന്നെ ആശങ്കയുണ്ട്. രാമക്ഷേത്രം വേണ്ടത്ര ക്ലച്ചു പിടിച്ചില്ല, അതുകൊണ്ടാണ് പിന്നാലെ സിഎഎ റൂൾസ് കൊണ്ടുവന്നത്. അതും വലുതായിട്ടൊന്നും ക്ലച്ചു പിടിച്ചില്ല. മാധ്യമങ്ങളെ വിലയ്ക്കെടുത്ത് 400 സീറ്റെന്ന് ഉറക്കെ പറയിക്കുമ്പോഴും കടന്നുകൂടാൻ തന്നെ പ്രയാസമാണെന്ന അങ്കലാപ്പിൽ മോദിയും ബിജെപിയും നെഞ്ചിൽ നെരിപ്പോടുമായിരിക്കുകയാണ്. അതിനിടയിലാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയുടെ കഥ പുറത്തു കൊണ്ടുവരാൻ സുപ്രീംകോടതി വഴിയൊരുക്കിയത്. ഇലക്ടറൽ ബോണ്ട് നിയമവിരുദ്ധമാണ്, ഭരണഘടനാ വിരുദ്ധമാണ് എന്നു പ്രഖ്യാപിച്ച ഉന്നതനീതി പീഠം 2019 ഏപ്രിൽ മുതൽ 2024 ജനുവരി വരെയുള്ള കാലത്ത് ആരെല്ലാം, ആർക്കെല്ലാം ബോണ്ട് വാങ്ങിക്കൊടുത്തുവെന്ന് വെളിപ്പെടുത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ നിർബന്ധിതമാക്കി.

അതോടെ സ്ഥതി പരിതാപകരമാണെന്നുകണ്ട മോദിയും കൂട്ടരും ഈ തിരഞ്ഞെടുപ്പിൽ ബിജെപിയെ ചെറുക്കാൻ രൂപംകൊണ്ട ഇന്ത്യ കൂട്ടായ്മയിലെ നേതാക്കളിലൊരാളായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്-രിവാളിനെ ഇഡിയെ ഉപയോഗിച്ച് അഴിമതിക്കേസിൽക്കുടുക്കി അനാവശ്യമായി അർധരാത്രിയിൽ അറസ്റ്റു ചെയ്തത്. തങ്ങൾക്കെതിരെ ഉയരുന്ന ചോദ്യങ്ങളെ മറച്ചുപിടിക്കാനാണ്.

അഴിമതി തടയാനുള്ള നടപടിയായി കേജ്-രിവാളിന്റെ അറസ്റ്റിനെ ചിത്രീകരിക്കുന്നവർ കാണേണ്ടത് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയുടെ പുറത്താണ് ബിജെപി നിൽക്കുന്നതെന്ന വസ്തുതയാണ്. ഇഡി ബിജെപിക്കായി ഒരേ സമയം പ്രതിപക്ഷം ഭരിക്കുന്ന സർക്കാരുകളെ അട്ടിമറിക്കാനും കള്ളപ്പണക്കാരെയും കരാറുകാരെയും വിരട്ടി ബിജെപിക്ക് ധനസമാഹാരണത്തിനുമുള്ള ആയുധമായാണ് പ്രവർത്തിക്കുന്നത്. യഥാർഥത്തിൽ ജനാധിപത്യത്തെ കൽത്തുറുങ്കിലാക്കാനുള്ള മോദിയുടെ നീക്കം അപകടകരമായ സൂചനകളാണ് നൽകുന്നത്. ഈ വിഷയത്തിനൊപ്പം ഈ ലക്കത്തിൽ കേരള സംസ്ഥാനത്തെ ക്ഷേമ–വികസന നടപടികളിലേക്കും വിരൽചൂണ്ടുന്നു.

ചിന്ത പ്രവർത്തകർ

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × 5 =

Most Popular