Sunday, May 19, 2024

ad

Homeവിശകലനംഇങ്ങനെയോ ബാങ്ക് തട്ടിപ്പിന് അന്ത്യം കുറിക്കുന്നത്?

ഇങ്ങനെയോ ബാങ്ക് തട്ടിപ്പിന് അന്ത്യം കുറിക്കുന്നത്?

എസ് എസ് അനിൽ

ൻകിട കുത്തക മുതലാളിമാർ എടുത്ത ബാങ്ക് വായ്പകളും അവരുടെ കിട്ടാക്കടങ്ങളും എഴുതിത്തള്ളലുകളുമെല്ലാം പലകുറി ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. റിസർവ്വ് ബാങ്ക് തന്നെ പുറത്തു വിട്ട കണക്ക് പ്രകാരം നരേന്ദ്ര മോദി അധികാരമേറ്റ 2014 ന് ശേഷം 2023 മാർച്ച് 31 വരെ എഴുതിത്തള്ളിയ ബാങ്ക് വായ്പ 14,56,226 കോടി രൂപയാണ്. ഇതിൽ എൺപത് ശതമാനത്തിലേറെയും അഞ്ച് കോടി രൂപക്ക് മുകളിലാണ്. വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകൾ പ്രകാരം ഇങ്ങനെ എഴുതിത്തള്ളിയ വായ്പകളിൽ വലിയ കുത്തക കമ്പനികളുടേത് മാത്രം 7,40,968 കോടി രൂപയാണ്. അതായത് ആകെ എഴുതി ത്തള്ളിയതിന്റെ 51% വും വൻകിട കുത്തക മുതലാളിമാരുടെ കമ്പനികളുടേത്. നിർമ്മല സീതാരാമൻ ധനകാര്യ മന്ത്രിയായ 2019 ന് ശേഷം എഴുതിത്തള്ളിയ വായ്പകളുടെ കണക്ക് താഴെപ്പറയും പ്രകാരമാണ്.

2019-–20 – 2,34,170 കോടി രൂപ
2020-–21 – 2,02,781 കോടി രൂപ
2021 –-22 – 1,74,966 കോടി രൂപ
2022– -23 – 2,09,144 കോടി രൂപ

എഴുതിത്തള്ളലിൽ നിന്നും ‘മുടി വെട്ടിലേക്ക്’
ഇതൊക്കെ ബാങ്കുകൾ, എഴുതിത്തള്ളിയ (Write off) വായ്പകളാണ്. അഥവാ ഇത്തരം എഴുതിത്തള്ളലുകളിൽ വളരെ വളരെ ചെറിയ ശതമാനം സാധാരണക്കാരനും ലഭ്യമാകാം. എന്നാൽ 2016 മെയ് മാസം 28 ന് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വൻകിടക്കാർക്ക് മാത്രമായ ഒരു ഒഴിവാക്കൽ പദ്ധതി ആരംഭിച്ചിരുന്നു. ഐ.ബി.സി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇൻസോൾവൻസി ആൻഡ് ബാങ്ക് റപ്റ്റ്സി കോഡ് എന്നതാണ് പ്രസ്തുത നിയമം. ഇതു പ്രകാരം ഒഴിവാക്കുന്ന വായ്പ, എഴുതിത്തള്ളൽ എന്നല്ല അറിയപ്പെടുക. അതിന് ഹെയർ കട്ട് അഥവാ മുടിവെട്ട് എന്നാണ് പുതിയ പേര്. സ്മോൾ ഹെയർകെട്ട് മുതൽ ഡീപ് ഹെയർ കട്ട് വരെയുണ്ട് ഈ മുടി വെട്ടൽ പ്രക്രിയയിൽ. മോദിയുടെ കാലത്ത് നടത്തിയ ചില സുവർണ മുടി വെട്ടലുകളിലൂടെ നടന്ന വൻകിട കൊള്ളയുടെ ചിത്രം പട്ടികയിൽ കാണാം.

കന്പനി കന്പനി ലഭിച്ച തുക
(കോടിയിൽ) മുടിവെട്ട് ഏറ്റെടുത്ത കമ്പനി
ഡെക്കാൻ ക്രോണിക്കിൾ 8180 357 95% എസ്.ആർ.ഇ.ഐ.
വീഡിയോകോൺ 59,132 2884 95% വേദാന്ത
സിനർജി ദൂരെ 972 54 94% ബിനാനി
ഉഷ് ദേവ് ഇന്റർനാഷണൽ 3292 197 94% തഗുഡ സിംഗപ്പൂർ
ശിവാ ഇൻഡസ്ട്രീസ് 4,863 323 93% വല്ലാൽ
അലോക് ഇൻഡസ്ട്രീസ് 29,253 5,052 83% റിലയൻസ്
അംടേക് ഓട്ടോ 12,641 2,614 79% UK ലിബർട്ടി ഹൗസ്
ഡി.എച്ച്.എഫ്.എൽ 87,000 32,700 63% പിരമൾ ഗ്രൂപ്പ്
റിലയൻസ് ഹോം ഫിനാൻസ് 11,200 2887 60% ഔതം ഇൻഫ്ര

2023ൽ മാത്രം ഏറ്റെടുത്ത കമ്പനികളുടെയും വായ്പ എടുത്ത കമ്പനികളുടെയും ഉടമസ്ഥരെ സംബന്ധിച്ച് പരിശോധിച്ചാൽ പലതും ഉന്നതരുടെ ബന്ധുക്കളുടെ കമ്പനികളുടേതാണ് എന്ന് മനസ്സിലാക്കാനാകും. ഏറ്റവും ഒടുവിൽ നടന്ന ജ്യേഷ്ഠാനുജൻമാരായ അംബാനി മുതലാളിമാരുടെ ഒരു വൻ മുടിവെട്ട് കൂടി പരിശോധിച്ചാൽ മോദി സർക്കാരിന്റെ യഥാർത്ഥ ചങ്ങാത്തം ആരോട് എന്നതിന്റെയും നിർമ്മല സീതാരാമൻ മേഡത്തിന്റെ വൻകിട കിട്ടാക്കടക്കാരുടെ തട്ടിപ്പ് അവസാനിപ്പിക്കണമെന്ന പൊതുമേഖലാ ബാങ്ക് മേധാവികളോടുള്ള ആവശ്യപ്പെടലിന്റെയും ആത്മാർത്ഥതയുടെ ഒരു കൃത്യമായ ചിത്രം വൃക്തമാകും.

അനുജന്റെ ‘മുടി വെട്ടാൻ’ 
ജ്യേഷ്ഠൻ
2023 ഡിസംബർ 21 നാണ് അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാടെൽ കമ്പനിയെ അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ഏറ്റെടുത്ത പ്രക്രിയക്ക് നാഷണൽ കമ്പനി ലോട്രിബ്യൂണലിന്റെ അന്തിമ അനുമതി ലഭിച്ചത്. 2004 ൽ സ്ഥാപിതമായ റിലയൻസ് ഇൻഫ്രാടെല്ലും അവരുടെ മൊബൈൽ കമ്പനിയും അന്ന് നാട്ടുകാർക്കിടയിൽ ഒരു വലിയ ഹരമായിരുന്നു. അനിൽ അംബാനി നൽകുന്ന മൊബൈൽ സേവനങ്ങളെ സംബന്ധിച്ച് നമ്മുടെ മാധ്യമങ്ങളിൽ എല്ലാ ദിവസവും പുതിയ പുതിയ നിറം പിടിപ്പിച്ച കഥകൾ നിറഞ്ഞു. ബി.എസ്.എൻ.എൽ എന്ന പൊതുമേഖലാ സ്ഥാപനത്തെ ഇകഴ്ത്താനും റിലയൻസ് മൊബൈലിനെ പുകഴ്ത്താനും ഒരു പാട് പേജുകൾ മാറ്റി വക്കപ്പെട്ടു. പൊതുമുതൽ ധൂർത്ത് നടത്തുന്ന ബി.എസ്.എൻ.എൽ എന്തിന് ഇത്തരത്തിൽ തുടരണം എന്നത് പോലും ചർച്ച ചെയ്യപ്പെട്ടു. എന്നാൽ അനിയൻ അംബാനി എങ്ങനെയാണ് ഈ മൊബൈൽ സാമ്രാജ്യം പടുത്തുയർത്തിയത് എന്നത് ആരും അറിഞ്ഞില്ല, അഥവാ അറിയിച്ചില്ല. ഇന്നും അതിനെക്കുറിച്ച് ഒരു ചർച്ചയും സംഘടിപ്പിക്കാൻ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ പോലും തയ്യാറാകുന്നതുമില്ല.

അപസർപ്പക നോവലിനെ വെല്ലുന്ന അനുജൻ അംബാനിയുടെ 
തട്ടിപ്പ് കഥ
റിലയൻസ് ഇൻഫ്രാടെൽ പണം സ്വരൂപിച്ചതും ആസ്തികൾ വാരിക്കൂട്ടിയതും പിന്നീട് പ്രവർത്തനം മരവിപ്പിച്ചതുമെല്ലാം ഒരു അപസർപ്പക നോവലിനെ വെല്ലുന്ന രീതിയിലായിരുന്നു. ദേശീയ ബാങ്കുകളിൽ നിന്ന് മാത്രമല്ല, അന്തർദേശീയ ധന സ്ഥാപനങ്ങളിൽ നിന്നു പോലും അനിൽ അംബാനിയുടെ റിലയൻസിന് വായ്പകൾ വാരിക്കൂട്ടി. രാജ്യത്തെ ഭരണാധികാരികളിലുള്ള അനിലിന്റെ സ്വാധീനം അത്രമാത്രം വലുതായിരുന്നു. ഏറ്റവും കൂടുതൽ വായ്പ നൽകിയത് പതിവുപോലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയായിരുന്നു. 3,628.68 കോടി രൂപ. 1832.91 കോടി ഇന്ത്യൻ രൂപയ്-ക്ക് സമാനമായി വായ്‌പ നൽകിയ ഇൻഡസ്ട്രിയൽ ആൻഡ് കമേഴ്സ്യൽ ബാങ്ക് ഓഫ് ചൈനയാണ് രണ്ടാം സ്ഥാനത്ത്. സിന്റിക്കേറ്റ് ബാങ്ക് (ഇപ്പോൾ കനറാ ബാങ്ക്), ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ശുഭ്ഹോൾഡിംഗ്, എസ് സി ലോവി അസറ്റ് മാനേജ്മെന്റ്, ദോഹ ബാങ്ക്, സ്റ്റാന്റേർഡ് ചാർട്ടേർഡ് ബാങ്ക്, എമിറേറ്റ്സ് ബാങ്ക്, ചൈന ഡെവലപ്മെന്റ് ബാങ്ക്, എക്സ്പോർട്ട് ആൻഡ് ഇംപോർട്ട് ബാങ്ക് ഓഫ് ചൈന…… ഇന്ത്യയിലെയും വിദേശത്തെയുമായ ധനകാര്യ സ്ഥാപനങ്ങളുടെ പട്ടിക നീളുകയാണ്. ഇപ്പറഞ്ഞ സ്ഥാപനങ്ങളെയെല്ലാം വിഡ്-ഢികളാക്കിയ അനിൽ അംബാനിയെന്ന കുത്തക ഭീമൻ നമ്മുടെ രാജ്യത്തെ ബാങ്കുകളിൽ നിന്നു മാത്രം കൈവശപ്പെടുത്തിയ സാധാരണക്കാരുടെ നിക്ഷേപ പണം 47,251 കോടി രൂപയാണ്. ഈ തുകയാണ് 2020 ൽ ബാങ്കുകൾ കിട്ടാക്കടമായി പ്രഖ്യാപിച്ചത്. മാത്രമല്ല അംബാനിയുടെ വഴിവിട്ട ഇടപാടുകൾ കണ്ടെത്തി 2020 നവംബർ 20 ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവരുടെ റെക്കോർഡുകളിൽ കമ്പനിയെ തട്ടിപ്പ് കമ്പനി അക്കൗണ്ട് (Fraud Account) എന്ന തരത്തിലേക്ക് മാറ്റുകയും ചെയ്തു.

വായ്പ ദുരുപയോഗവും ക്രിമിനൽ വിശ്വാസ ലംഘനവും, വ്യാജ ഉപകരണങ്ങൾ വഴിയുള്ള തട്ടിപ്പ്, പുസ്തകങ്ങളിൽ അക്കൗണ്ടുകളിൽ വരുത്തുന്ന തട്ടിപ്പ്, അനധികൃത ക്രെഡിറ്റ് സൗകര്യങ്ങൾ, പണക്ഷാമം, വ്യാജരേഖ നിർമ്മിക്കൽ, വിദേശനാണ്യം ഉൾപ്പെടുന്ന വഞ്ചനാപരമായ ഇടപാടുകൾ എന്നിവയാണ് ഒരു വായ്പ, തട്ടിപ്പ് വായ്പയായി മാറ്റുന്നതിനുവേണ്ടി റിസർവ്വ് ബാങ്ക് പുറപ്പെടുവിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ. അന്ന് നിലവിലുണ്ടായിരുന്ന റിസർവ്വ് ബാങ്ക് നിയമപ്രകാരം, തട്ടിപ്പ് അക്കൗണ്ടുകൾ എഴുതിത്തള്ളാനോ ഐ.ബി.സി. നിയമ പ്രകാരം മുടിവെട്ട് (Hair Cut) നടത്താനോ സാധ്യമല്ല. അങ്ങനെ തട്ടിപ്പ് നടത്തിയതായി 2020 നവംബർ 10 ന് എസ്.ബി.ഐ. ഉൾപ്പടെയുള്ള സർക്കാർ ബാങ്കുകൾ കണ്ടെത്തിയ അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാടെല്ലിനെ, കേവലം 24 ദിവസങ്ങൾ കഴിഞ്ഞപ്പോൾ, 2020 ഡിസംബർ 5 ന്, അതേ സർക്കാർ ബാങ്കുകൾ തന്നെ പൊടുന്നനെ തട്ടിപ്പ് അക്കൗണ്ട് എന്ന ടാഗ് നീക്കം ചെയ്യുന്നു. ഒരു അക്കൗണ്ട് തട്ടിപ്പായി പ്രഖ്യാപിക്കപ്പെട്ടാൽ അതുടൻ തന്നെ ‘ക്രിലിക്’ [Central Repository of Information on Large Credits (CRILC)] നെ അറിയിക്കണം എന്ന ചട്ടം പാലിക്കപ്പെട്ടില്ല. തട്ടിപ്പ് പട്ടം ഒഴിവാക്കിയതോടെ വായ്പ ഐ.ബി.സി.പ്രകാരം ലേലം ചെയ്യപ്പെടുന്നു. ലേലത്തിലൂടെ പിടിച്ചെടുക്കാൻ അനിൽ അംബാനിയുടെ ജ്യേഷ്ഠൻ മുകേഷ് അംബാനിയുടെ ജിയോ ഇൻഫ്രാസ്ട്രക്ചർ എത്തുന്നു. 47,251 കോടിയുടെ കിട്ടാക്കടമുള്ള സ്ഥാപനത്തെ കേവലം 455.9 കോടിക്ക് ജിയോ ഏറ്റെടുക്കാൻ തയ്യാറാകുന്നു. ഇത്രയും പ്രക്രിയ കഴിഞ്ഞപ്പോൾ 2021 ജനുവരി 6 ന്, ജനങ്ങളുടെ കണ്ണിൽ പൊടിയിടാനെന്നോണം എസ്.ബി.ഐ യുടെ വക ഒരു പരാതി കേന്ദ്ര സർക്കാർ ഏജൻസിയായ സി.ബി.ഐ.ക്ക്! ഇതിനെതിരെ അനിൽ അംബാനി ഹൈ ക്കോടതിയിൽ, ഉടനെ ഹൈക്കോടതി വക എസ്.ബി.ഐ.യുടെ നടപടിക്ക് സ്റ്റേ. ഹൈക്കോടതി തുടർന്ന് ഈ കേസ് അനിൽ അംബാനിക്ക് അനുകൂലമായ വിധി പ്രസ്താവിച്ചു. മാത്രമല്ല തട്ടിപ്പ് അക്കൗണ്ട് പട്ടം മാറ്റിയത് ചൂണ്ടിക്കാണിച്ച് എസ്.ബി.ഐ.യോട് ഒരു സമ്മതപത്രം കോടതിയിൽ നൽകാനും ആവശ്യപ്പെട്ടു. വിഷയത്തിൽ സെബിയും (SEBl) ഇടപെട്ടു. ജ്യേഷ്ഠനോടും അനുജനോടും, ഇത്തരം അനധികൃത ഇടപെടലുകളിലേർപ്പെട്ടതിന് 25 കോടി രൂപ പിഴയിനത്തിൽ നൽകാനാണ് അവർ ഉത്തരവിട്ടത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eight − 1 =

Most Popular