Sunday, May 19, 2024

ad

Homeവിശകലനംആർഎസ്എസിന്റെ സംവരണവിരുദ്ധ അജൻഡയ്ക്കു പിന്നിൽ

ആർഎസ്എസിന്റെ സംവരണവിരുദ്ധ അജൻഡയ്ക്കു പിന്നിൽ

കെ എ വേണുഗോപാലൻ

ജാതി അടിസ്ഥാനത്തിലുള്ള സംവരണം ഏർപ്പെടുത്തുന്നതിനെ എതിർത്തുകൊണ്ട് സംസാരിക്കുന്ന മോഹൻ ഭാഗവതിന്റെ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. എന്നാൽ അത് വ്യാജ വീഡിയോ ആണെന്നും ആർഎസ്എസ് എക്കാലത്തും സംവരണത്തെ അനുകൂലിക്കുന്ന സമീപനമാണ് എടുത്തിട്ടുള്ളത് എന്നും മോഹൻ ഭാഗവത് ഈയിടെ പ്രസ്താവിക്കുകയുണ്ടായി. ഭരണഘടന വാഗ്ദാനം ചെയ്യുന്ന എല്ലാതരത്തിലുള്ള സംവരണ വ്യവസ്ഥകളെയും അംഗീകരിക്കുന്ന സംഘടനയാണ് ആർഎസ്എസ് എന്നാണ് അദ്ദേഹത്തിന്റെ വാദം. സമൂഹത്തിൽ അസമത്വം നിലനിൽക്കുന്നിടത്തോളം കാലം സംവരണം ആവശ്യമാണ് എന്നും അദ്ദേഹം ഏപ്രിൽ 29ന് നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കി.ഈ പ്രസ്താവന ആർഎസ്എസിന്റെ ചരിത്രവുമായി ബന്ധപ്പെടുത്തി പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

സംവരണം, സാമൂഹ്യനീതി എന്നീ സങ്കൽപ്പനങ്ങളെ ഹിന്ദുത്വ ദേശീയവാദികൾ എക്കാലത്തും ബ്രാഹ്മണ മേധാവിത്വപരമായ സമീപനത്തോടെയാണ് നോക്കിക്കണ്ടിട്ടുള്ളത് എന്ന് ചരിത്രം പരിശോധിച്ചാൽ കണ്ടെത്താനാവും. ആർഎസ്എസിന്റെ ആശയ സംഹിതയുടെ അടിത്തറപാകിയ ആര്യസമാജ് മനുസ്മൃതിയുടെ ആശയങ്ങളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട ഒന്നായിരുന്നു.

ആർഎസ്എസിന്റെ രൂപീകരണ ചരിത്രം പരിശോധിച്ചാലും അതിന്റെ പിന്നിൽ ദളിത് വിരുദ്ധത ഉണ്ടായിരുന്നു എന്ന് കാണാനാവും. 1920കളിൽ തന്നെ ആർഎസ്എസിന്റെ രൂപീകരണ കേന്ദ്രം എന്ന് വിശേഷിപ്പിക്കാവുന്ന മഹാരാഷ്ട്രയിൽ ദളിതർ സംഘടിക്കാൻ ആരംഭിച്ചിരുന്നു. മഹാത്മ ഫൂലെയുടെയും അംബേദ്കറുടേയുമൊക്കെ നേതൃത്വത്തിൽ ദൃഢനിശ്ചയത്തോടെയുള്ള ദളിത് ശാക്തീകരണത്തിനെതിരെ പ്രതികരിക്കാനാവശ്യമായ പരിശീലനം ആർഎസ്എസ് ശാഖകളിൽ നൽകിവന്നിരുന്നു. ഒപ്പം സംസ്കൃതവൽക്കരണത്തിലൂടെ ദളിത് ജന വിഭാഗത്തെ കൂടെനിർത്താനും അവർ പരിശ്രമിച്ചു. അംബേദ്കറുടെ ജാതി നിർമ്മൂലനം എന്ന മുദ്രാവാക്യത്തോട് യോജിക്കാൻ ഒരുകാലത്തും ആർഎസ്എസിന് കഴിഞ്ഞിട്ടില്ല. ജാതി വ്യവസ്ഥ നിലനിർത്തിക്കൊണ്ടുതന്നെ യോജിച്ച പ്രവർത്തനത്തിലൂടെ ഹൈന്ദവ ഐക്യം സംരക്ഷിക്കുക എന്നതാണ് ആർഎസ്എസിന്റെ നിലപാട്. ജാതീയമായ സംവരണം ജാതീയമായ സംഘാടനത്തിന് ആക്കംകൂട്ടുമെന്നും അത് ഹൈന്ദവ ഐക്യത്തിന് വിഘാതമാവുമെന്നും ഉള്ള സമീപനമാണ് ആർഎസ്എസ് എടുത്തിരുന്നത്.

1990 ആഗസ്ത് ഏഴിന് അന്നത്തെ പ്രധാനമന്ത്രി വി പി സിങ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ചപ്പോൾ അതിനെ എതിർത്ത പ്രസ്ഥാനമാണ് ആർഎസ്എസ്. മറ്റ് പിന്നാക്ക ജാതിക്കാർക്ക് സർക്കാർ സർവീസിൽ 27 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്ന ഒന്നാണ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്. ആർഎസ്എസിന്റെ മുഖപത്രമായ ദി ഓർഗനൈസർ വി പി സിങ്ങിന്റെ ഈ തീരുമാനത്തെ കടന്നാക്രമിക്കുകയാണ് അന്ന് ചെയ്തത്. വോട്ട് ബാങ്ക് സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നീക്കമായാണ് അന്ന് മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെ ആർഎസ്എസ് വിശേഷിപ്പിച്ചത്. ജാതീയമായ വിഭജനത്തെ ശക്തിപ്പെടുത്താനുള്ള നീക്കം ആണിത് എന്നും അന്ന് ഓർഗനൈസർ വിശേഷിപ്പിച്ചു. 1994ൽ അന്നത്തെ ആർഎസ്എസ് സംഘചാലക് ആയിരുന്ന രാജേന്ദ്ര സിങ്, പട്ടികജാതിക്കാർക്കടക്കമുള്ള സംവരണം പടിപടിയായി വെട്ടിക്കുറയ്ക്കണം എന്ന് പരസ്യമായി തന്നെ ആവശ്യപ്പെട്ടു. ജാതീയ സംവരണമല്ല സാമ്പത്തിക സംവരണമാണ് വേണ്ടത് എന്ന നിലപാടാണ് ബിജെപിയും എടുത്തത്.

മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കിയാൽ ഉണ്ടാകുന്ന രാഷ്ട്രീയമായ നഷ്ടം മറികടക്കുന്നതിനാണ് അദ്വാനിയുടെ നേതൃത്വത്തിൽ രഥയാത്ര ആരംഭിച്ചതും തുടർന്ന് ബാബറി മസ്ജിദ് പൊളിച്ചു മാറ്റിയതും. ഇതാണ് സംവരണം സംബന്ധിച്ച മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനോടുള്ള ആർഎസ്എസിന്റെ നിലപാട് എങ്കിൽ പിന്നീടും ആർഎസ്എസിന്റെ നേതാക്കളിൽ പലരും പരസ്യമായി ജാതി സംവരണത്തെ എതിർത്തിട്ടുള്ളതായി കാണാൻ കഴിയും.

ആർഎസ്എസിന്റെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു മൻമോഹൻ വൈദ്യ. ആർഎസ്എസിന്റെ പ്രചാരണ രംഗത്തിന് നേതൃത്വം കൊടുത്തിരുന്നത് അദ്ദേഹമായിരുന്നു. സംവരണം ഏർപ്പെടുത്തിയത് “വ്യത്യസ്തമായ ഒരു പാശ്ചാത്തലത്തിൽ’ ആയിരുന്നു എന്നും അതിന് സമയപരിമിതി നിശ്ചയിക്കേണ്ടതുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അംബേദ്കർ പോലും സംവരണത്തിന് സമയപരിധി നിശ്ചയിക്കണമെന്ന അഭിപ്രായക്കാരനായിരുന്നുവത്രെ. ആർഎസ്എസിന്റെ താത്വികാചാര്യന്മാരിൽ പ്രമുഖനായ എം.ജി വൈദ്യ 2015 ൽ ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ജാതി അടിസ്ഥാനത്തിലുള്ള സംവരണം ഇപ്പോൾ ആവശ്യമില്ല എന്നായിരുന്നു. കാരണം ഒരു ജാതിക്കാരും ഇപ്പോൾ പിന്നാക്കക്കാരല്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പട്ടികജാതി പട്ടികവർഗ്ഗക്കാർക്കുപോലും 2025 വരെ മാത്രമേ സംവരണം നൽകേണ്ടതുള്ളൂ എന്ന അഭിപ്രായവും അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി. അതിനുശേഷം ജാതി അടിസ്ഥാനത്തിലുള്ള സംവരണം പൂർണമായി ഇല്ലാതാക്കണം എന്നും അദ്ദേഹം വ്യക്തമാക്കി.ജാതി സംവരണം ജാതീയമായ ഭിന്നിപ്പ് വർദ്ധിപ്പിക്കുകയാണ് ചെയ്തത് എന്നാണ് അദ്ദേഹത്തിന്റെ ‘കണ്ടെത്തൽ’.

കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമനായി അറിയപ്പെടുന്ന വ്യക്തിയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ. ജാതി സംവരണം അവസാനിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം പ്രസംഗിക്കുന്നതിന്റെ വീഡിയോ ക്ലിപ്പുകൾ ഇന്ന് സുലഭമാണ്. ഇതൊക്കെ വ്യക്തമാക്കുന്നത് ജാതി സംവരണം സംബന്ധിച്ച് ആർഎസ്എസിന് വ്യക്തമായ ഒരു നിലപാടുണ്ട് എന്നാണ്. അവർക്ക് ആവശ്യം ഒരു മനുവാദി രാജ്യമാക്കി ഇന്ത്യയെ മാറ്റുക എന്നതാണ്. അത് സവർണാധിപത്യത്തിന്റെ വാഴ്ചയാണ്. എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ബഹുഭൂരിപക്ഷം വരുന്ന അവർണ്ണരുടെ വോട്ട് ബിജെപിക്ക് ആവശ്യമാണ്. അതുകൊണ്ട് തിരഞ്ഞെടുപ്പു കാലത്ത് ജാതി സംവരണാനുകൂലികളും ഭരണം കിട്ടിയാൽ മനുവാദികളുമായി പ്രവർത്തിക്കുക എന്നതാണ് ആർഎസ്എസിന്റെ നിലപാട്. സാമൂഹ്യനീതി ഉറപ്പാക്കണം എന്ന് ആഗ്രഹിക്കുന്ന ജനങ്ങളാകെ ഇതിനെതിരായി അണിനിരക്കണം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

10 + 16 =

Most Popular