Sunday, May 19, 2024

ad

Homeആമുഖംപൊറുതിമുട്ടിക്കുന്ന വിലക്കയറ്റം വാങ്ങാൻ പണമില്ല, തൊഴിലുമില്ല

പൊറുതിമുട്ടിക്കുന്ന വിലക്കയറ്റം വാങ്ങാൻ പണമില്ല, തൊഴിലുമില്ല

വലിബറൽ കാലത്തിന്റെ സവിശേഷത അത് സമ്പന്നരെ അതിസമ്പന്നരാക്കുകയും സമ്പത്താകെ ചുരുക്കം ചില കെെകളിൽ കേന്ദ്രീകരിക്കുകയും മഹാഭൂരിപക്ഷത്തെയും പരമ ദരിദ്രരാക്കുകയും ചെയ്യുമെന്നതാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ ഇന്ത്യയുടെ അനുഭവം അതുതന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്.

ജിഡിപി വളർച്ചയെക്കുറിച്ച് ഈ കാലയളവിലെ ഇന്ത്യൻ ഭരണാധികാരികൾ, അത് കോൺഗ്രസായാലും ബിജെപിയായാലും, ഊറ്റംകൊള്ളുമ്പോൾ അതിന്റെ ഗുണഫലം അതിസമ്പന്നരായ ചെറിയൊരു വിഭാഗത്തിനു മാത്രമാണ് ലഭിച്ചത്; ലഭിക്കുന്നതും. വളർന്നത് ഒരു പിടി കുത്തകകൾ മാത്രം! അംബാനിമാരിലേക്കും ടാറ്റാമാരിലേക്കും അദാനിമാരിലേക്കും പൂനാവാലമാരിലേക്കും മറ്റും രാജ്യത്തിന്റെയാകെ സ്വത്തു കുമിഞ്ഞുകൂടുമ്പോൾ ഒരു നേരത്തെ ആഹാരം ലഭിക്കാതെ വലയുന്ന സാധാരണ മനുഷ്യരുടെ എണ്ണം പെരുകുന്നതായാണ് നാം കാണുന്നത്. വിലക്കയറ്റവും തൊഴിലില്ലായ്മയും വേതനം മരവിപ്പിക്കലുമെല്ലാമാണ് ഈ കാലഘട്ടത്തിന്റെ മുഖമുദ്ര.

ഇന്ത്യൻ ഭരണവർഗത്തിന്റെ പൊതുവായ ഈ നയം ഏറ്റവുമധികം ആക്രമണാത്മകമായ വിധം, കൂടുതൽ മാരകമായി, അടിച്ചേൽപിച്ച കാലഘട്ടമാണ് മോദിയുടെ ഭരണകാലം. ഒരു ദശകക്കാലത്തെ മോദി വാഴ്ച സാധാരണ ജനതയുടെ ജീവിതങ്ങൾക്കുമേൽ കനത്ത ആഘാതമാണ് സൃഷ്ടിച്ചത്.

എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വിലകൾ കുത്തനെ കുതിച്ചുയരുന്നുവെന്നതാണ് ഈ ദശകത്തിൽ നാം കാണുന്നത്. സാധനങ്ങളുടെ ദൗർലഭ്യം കൊണ്ടോ ഉപഭോഗം ക്രമാതീതമായി വർധിച്ചതുകൊണ്ടോ ഉണ്ടായതല്ല ഈ വിലക്കയറ്റം. മോദി ഗവൺമെന്റിന്റെ നയങ്ങളും നടപടികളുംമൂലം സൃഷ്ടിക്കപ്പെട്ടതാണിത്. ആഗോളവിപണിയിൽ വിലകൾ ഇടിഞ്ഞുകൊണ്ടിരിക്കുന്ന അതേ കാലത്താണ് ഇന്ത്യയിൽ ഭീമമായ വിലക്കയറ്റം ഉണ്ടായിരിക്കുന്നത്.

ക്രൂഡ് ഓയിലിന്റെ ആഗോളവിപണി വില പറ്റെ താണുകൊണ്ടിരുന്നപ്പോഴും ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലകൾ ഉയർന്നത് മോദി സർക്കാർ അവയുടെ എക്സെെസ് ഡ്യൂട്ടി തുടർച്ചയായി വർധിപ്പിച്ചതുമൂലമാണ്. കോർപ്പറേറ്റ് നികുതി കുത്തനെ കുറച്ചതും അതിസമ്പന്നർക്കു നൽകിയ നികുതി ഇളവുകളുമെല്ലാം മൂലം ഖജനാവിനുണ്ടായ കനത്ത നഷ്ടം നികത്തുന്നതിനാണ് സാധാരണക്കാരുടെ ജീവിതം നരകതുല്യമാക്കുന്ന വിലക്കയറ്റത്തിനിടയാക്കിയ വിധത്തിൽ എണ്ണയ്ക്കുമേലുള്ള എക്സെെസ് ഡ്യൂട്ടി നിരന്തരം വർധിപ്പിച്ചുകൊണ്ടിരുന്നത്. ഇതാണ് മോദി സർക്കാർ ഇന്ത്യൻ ജനതയോടു കാണിച്ച കൊടും ക്രൂരത.

2014ൽ പെട്രോൾ വില 60 രൂപയായിരുന്നപ്പോൾ താൻ അധികാരത്തിൽ വന്നാൽ 40 രൂപയായി കുറയ്ക്കുമെന്ന മോദിയുടെ ഗ്യാരന്റിക്ക് അത് നൂറു രൂപയ്ക്കുമേലായപ്പോൾ മിണ്ടാട്ടമില്ലാതായി. പാചകവാതക വിലയുടെ കാര്യത്തിലെ ഗ്യാരന്റിയും വെള്ളത്തിൽ വരച്ച വരയായി മാറി. പാചകവാതകത്തിന് നൽകിയിരുന്ന സബ്സിഡി തന്നെ കോവിഡ് കാലത്ത് ഒരറിയിപ്പു പോലുമില്ലാതെ നിർത്തലാക്കുകയായിരുന്നു മോദി സർക്കാർ. സാധാരണക്കാരനു നൽകിയിരുന്ന സബ്സിഡികൾ സർവതും ഇല്ലാതാക്കി. അങ്ങനെ സർവവിധത്തിലും മോദി വാഴ്ച വിലക്കയറ്റത്തിന് ആക്കംകൂട്ടുകയായിരുന്നു പിന്നിട്ട പതിറ്റാണ്ടുകാലത്ത്.

വിലക്കയറ്റത്തെ നേരിടാൻ സാധാരണക്കാരന്റെ വരുമാനത്തിൽ വർധനവുണ്ടായോ? അതുമില്ല. തൊഴിലുള്ളവന്റെ കൂലി പൊതുവെ സ്തംഭനാവസ്ഥയിലാണെങ്കിൽ തൊഴിൽ നഷ്ടപ്പെടുന്നതും തൊഴിലില്ലായ‍്മ പെരുകുന്നതും ഈ കാലത്തിന്റെ സവിശേഷതയാണ്. 2014ൽ മോദിയുടെ ഗ്യാരന്റി, പ്രതിവർഷം 2 കോടി തൊഴിൽ പുതുതായി സൃഷ്ടിക്കുമെന്നതായിരുന്നു. അതുണ്ടായില്ലെന്നു മാത്രമല്ല, ഉള്ള തൊഴിലവസരങ്ങൾകൂടി ഇല്ലാതാക്കുകയായിരുന്നു മോദി വാഴ്ചയിൽ.

നോട്ടു നിരോധനവും ജിഎസ്ടിയും കോവിഡ് ലോക്-ഡൗണും ഇന്ത്യൻ ജനതയുടെ ജീവിതത്തെ പാടെ തകർത്ത മോദി വാഴ്ചയുടെ സംഭാവനകളാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനതയുടെ വേലയും കൂലിയും കൂടി നഷ്ടപ്പെടുത്തിയ മോദിക്കാലത്തിന് അറുതി വരുത്താനുള്ള അവസരമാണ് 2024ലെ ലോക്-സഭാ തിരഞ്ഞെടുപ്പ്. ഈ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ രണ്ടു പ്രധാന വിഷയങ്ങളാണ് വിലക്കയറ്റവും തൊഴിലില്ലായ്മയും.ആ വിഷയങ്ങളാണ് ഈ ലക്കം ചിന്തയിൽ ഞങ്ങൾ അവതരിപ്പിക്കുന്നത്.

– ചിന്ത പ്രവർത്തകർ

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen − 5 =

Most Popular