Tuesday, May 7, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്ചേരികൾ സൃഷ്ടിക്കപ്പെടുന്നത്

ചേരികൾ സൃഷ്ടിക്കപ്പെടുന്നത്

കെ എസ് രഞ്ജിത്ത്

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌ ‐ 28

സമത്വം കൊടികുത്തിവാഴുന്ന ഈ ലോകത്ത് ദരിദ്ര ജനവിഭാഗങ്ങൾ അധികമായി പാർക്കുന്ന ഇടങ്ങളേത് എന്ന ചോദ്യത്തിന് ഇന്നും നമ്മുടെ നാവിൻതുമ്പിൽ പൊടുന്നനെ വരുന്ന ഉത്തരം നാട്ടിൻപുറങ്ങൾ എന്നാവും. എന്നാൽ ലഭ്യമായ കണക്കുകൾവെച്ച് പറയാൻ കഴിയുന്ന കാര്യം, 2035 ആകുമ്പോഴേക്കും ഈ സ്ഥാനം നഗരങ്ങളിലെ പാവപ്പെട്ട ജനത അധിവസിക്കുന്ന ചേരികൾക്കാവും എന്നാണ്. 2030 ആകുമ്പോഴേക്കും 200 കോടി ജനങ്ങളായിരിക്കും നഗരങ്ങളിലെ ചേരിപ്രദേശങ്ങളിൽ പാർക്കുക. യുഎൻ കണക്കനുസരിച്ച് ലോകത്താകമാനമുള്ള നഗരങ്ങളിലെ ദരിദ്രരിൽ പകുതിയും ചേരി നിവാസികളായിരിക്കും. 1980 കളിലാരംഭിച്ച നിയോലിബറൽ പരിഷ്കാരങ്ങൾ രൂക്ഷമാക്കിയ അസമത്വം, ചേരികളുടെ വ്യാപനത്തിനും അവിടെ അധിവസിക്കുന്ന ജനങ്ങളുടെ അംഗസംഖ്യ ശതഗുണീഭവിക്കുന്നതിനും ആക്കം കൂട്ടി.

നഗരകേന്ദ്രീകൃതമായ, വിശേഷിച്ചും മെഗാസിറ്റികൾ കേന്ദ്രീകരിച്ചുള്ള വികസനമാതൃകയാണ് ആധുനിക മുതലാളിത്തം മുന്നോട്ടുവെച്ചത്. അതിന്റെ ഏറ്റവും തീക്ഷ്‌ണമായ രൂപമാണ് നിയോലിബറലിസം നിർദേശിക്കുന്ന വികസന മാതൃക. നാട്ടിൻപുറങ്ങളിലെ സാധാരണക്കാരനും പട്ടിണിപ്പാവങ്ങളും നഗരങ്ങളിലേക്ക്‌ ജോലിതേടി പെട്ടിയും കിടക്കയുമെടുത്ത് വണ്ടികേറുന്ന കാഴ്ച ഇന്ന് എല്ലാ രാജ്യങ്ങളിലും സർവസാധാരണമാണ്. വികസനം നാട്ടിൻപുറങ്ങളിൽ അരിച്ചരിച്ചെത്തുമ്പോഴേക്കും നഗരങ്ങളുടെ വളർച്ച കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ്. 10 ലക്ഷത്തിലധികം ജനങ്ങൾ അധിവസിക്കുന്ന 86 നഗരങ്ങളാണ് 1950ൽ ഉണ്ടായിരുന്നതെങ്കിൽ 2015 ആയപ്പോഴേക്കും അത് 550 ആയി ഉയർന്നു. 1950നു ശേഷമുണ്ടായ ജനസംഖ്യാവളർച്ചയിൽ മൂന്നിൽ രണ്ടും നഗരങ്ങളിലാണ്. നഗരങ്ങളിലെ ജനസംഖ്യാവളർച്ചയും അഭൂതപൂർവമായ വേഗതയിലാണ്. ഏതാണ്ട് 10 ലക്ഷം പേരാണ് ഓരോ ആഴ്ചയിലും നഗരങ്ങളിൽ ജനിക്കുന്നത്. നഗരങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണവും ഏതാണ്ട് ഇതുതന്നെയാണ്. നഗരങ്ങളിലെ തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ മൂന്ന് ദശകങ്ങൾക്കിടയിൽ ഇരട്ടിയായിട്ടുണ്ട്. 1910ലെ ലണ്ടൻ നഗരം 1800 ൽ ഉണ്ടായിരുന്നതിന്റെ ഏഴുമടങ്ങ് വലുതായിരുന്നെങ്കിൽ ധാക്കാ നഗരം 1950ൽ ഉണ്ടായിരുന്നതിന്റെ 40 മടങ്ങ് വലുതാണിന്ന്.

നഗരങ്ങൾ തമ്മിലുള്ള അസമത്വങ്ങളും അതിവേഗം വളരുകയാണ്. വികസിത രാജ്യങ്ങളിലെ മഹാനഗരങ്ങൾ, വികസ്വരരാജ്യങ്ങളിലെ മെട്രോകളും ചെറിയ നഗരങ്ങളും ഇവ തമ്മിലുള്ള അന്തരങ്ങളും അതിവേഗം വർധിക്കുകയാണ്. യാതൊരു തരത്തിലുള്ള ആസൂത്രണങ്ങളുമില്ലാതെ വളരുന്ന സെക്കന്റ് ടയർ നഗരങ്ങളുടെ പ്രാന്തങ്ങളിലാണ് ദരിദ്രജനസാമാന്യം അധികമായും വന്നടിയുന്നത്. തൊഴിൽ തേടി ഇവിടെ വന്നടിയുന്ന കൂലിവേലക്കാർ തലചായ്ക്കാൻ ഇടം കണ്ടെത്തുന്നത് ശുദ്ധജലമോ, വായുസഞ്ചാരമുള്ള പാർപ്പിടസൗകര്യങ്ങളോ, മര്യാദയ്‌ക്കുള്ള ശുചിമുറികളോ ഒന്നുമില്ലാത്ത ചേരികളിലാണ്. അല്പംകൂടി വരുമാന സ്ഥിരതയുള്ളവർ കുറച്ചുകൂടി ഭേദപ്പെട്ട ഇടങ്ങൾ തേടും എന്നുമാത്രം. ആസൂത്രണത്തിന്റെ ചുമതലയിൽനിന്നും വികസ്വര രാഷ്ട്രങ്ങളിലെ സർക്കാരുകൾ പിൻവാങ്ങുന്ന ഇന്നത്തെ കാലത്ത് ഏറ്റവും ദയനീയ പരിതസ്ഥിതിയിലാണ് ദരിദ്രജനതയുടെ ആവാസ കേന്ദ്രങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. ലോകത്തിലെതന്നെ ഏറ്റവും വലിയ ചേരികളിലൊന്നായ മഹാരാഷ്ട്രയിലെ ധാരാവിയിൽ 2.39 ചതുരശ്ര കിലോമീറ്ററിനുള്ളിൽ 10 ലക്ഷത്തിലധികം ജനങ്ങളാണ് പാർക്കുന്നത്. ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിന് 2.77 ലക്ഷമാണിവിടെ.

1884ൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്താണ് ധാരാവി രൂപപ്പെടുന്നത്. അക്കാലത്ത് ബോംബെയിൽ സ്ഥാപിതമായ നെയ്ത്തുശാലകളിലും തുകൽ ഫാക്ടറികളിലും മറ്റ് വ്യവസായങ്ങളിലും പണിയെടുക്കുവാൻ എത്തിച്ചേർന്ന തൊഴിലാളികൾ ഏറ്റവും കുറഞ്ഞ ചിലവിൽ താമസിക്കാൻ ഇടം കണ്ടെത്തിയത് ധാരാവിയിലായിരുന്നു. അതുപോലെ തുകൽ, തുണി വ്യവസായങ്ങളിൽ ഏറ്റവുമധികം പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പ്രക്രിയകൾ ചെയ്യുന്നതും ധാരാവിയിലായി. മറ്റ് ചേരികളുടെ കഥകളും ഏതാണ്ട് സമാനമാണ്.

കാർഷികമേഖലയിലെ ഉദാരവൽക്കരണനയങ്ങൾ നഗരങ്ങളിലേക്കുള്ള കുടിയേറ്റത്തെ തീവ്രമാക്കി. സബ്സിഡികൾ ഒന്നൊന്നായി എടുത്തുകളഞ്ഞതും വിലനിയന്ത്രണങ്ങൾ കമ്പോള ശക്തികൾക്ക് വിട്ടുകൊടുത്തതും കാർഷികമേഖലയിലെ മുരടിപ്പിന് ഇടയാക്കി. ഇറക്കുമതി നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞത് പല കാർഷിക ഉല്പന്നങ്ങൾക്കും വലിയ തിരിച്ചടിയായി. ഗ്രാമീണ മേഖലകളിലെ തൊഴിൽസാധ്യതകളെ ഇത് ഗണ്യമായി കുറച്ചു. ജീവിക്കാനായി ‘നഗരങ്ങളിലേക്ക് ചേക്കേറുക’ അനിവാര്യമായി. കാർഷികമേഖലയെ സംബന്ധിച്ച് പഠനങ്ങൾ നടത്തുന്ന ബ്രൈസസോൺ ഇത് സംബന്ധിച്ച് ഇപ്രകാരമെഴുതുന്നു.

‘കടത്തിൽ മുങ്ങിയ ദേശീയ സർക്കാരുകൾ ഒന്നൊന്നായി ഐഎംഎഫിന്റെ നിർദേശങ്ങൾക്കനുസൃതമായി ഘടനാപരമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ നിർബന്ധിതരായി. കാർഷികമേഖലയ്ക്ക് നൽകി വന്നിരുന്ന പിന്തുണയും ഗ്രാമീണമേഖലയിലെ പശ്ചാത്തല വികസന സഹായപദ്ധതികളും വികസ്വര രാഷ്ട്രങ്ങളിലെ സർക്കാരുകൾ ഗണ്യമായി വെട്ടിക്കുറച്ചു. ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും കർഷകരെ ആധുനികവൽക്കരിക്കാനുള്ള പദ്ധതികൾ ഉപേക്ഷിക്കപ്പെട്ടു. അന്താരാഷ്ട്ര കമ്പോളത്തിന്റെ നിയന്ത്രണങ്ങളിലേക്ക് കാർഷിക ഉൽപ്പന്നങ്ങൾ എടുത്തെറിയപ്പെട്ടത് ദരിദ്രകർഷകർക്ക് താങ്ങാവുന്നതിലും അപ്പുറമായി. അപകാർഷികവൽക്കരണവും അപ കർഷകത്തൊഴിലാളിവൽക്കരണവും പുതിയ നയങ്ങളായി മാറി’.

പ്രാദേശികമായ എല്ലാ സുരക്ഷകളും റദ്ദുചെയ്യപ്പെട്ടതോടെ വരൾച്ചയും വെള്ളപ്പൊക്കവും വിലയിലെ ഏറ്റക്കുറച്ചിലുകളുമെല്ലാം ഏറ്റുവാങ്ങുന്നവരായി ദരിദ്ര കർഷകർ മാറി. ചികിത്സാ കടങ്ങൾ വീട്ടാൻ വേണ്ടിയാണ് കംബോഡിയയിലെ 60 ശതമാനം ചെറുകിട കർഷകരും തങ്ങളുടെ ഭൂമി വിറ്റ് നഗരങ്ങളിലേക്ക് ചേക്കേറാൻ നിർബന്ധിതരായത്. കാർഷിക പ്രതിസന്ധിയും അത് സൃഷ്ടിച്ച സാമ്പത്തികത്തകർച്ചയും ആഫ്രിക്കയിൽ പലയിടത്തും ആഭ്യന്തര യുദ്ധങ്ങളിലേക്കും കാർഷികമേഖലയുടെ സമ്പൂർണ നാശത്തിലേക്കും വഴിതെളിച്ചു. ഇങ്ങനെ സൃഷ്ടിക്കപ്പെട്ട കൊടിയ ദാരിദ്ര്യമാണ് പല ചേരിപ്രദേശങ്ങളുടെയും സൃഷ്ടിക്കു പിന്നിൽ. വ്യവസായവൽക്കരണത്തിന്റെ ഉപ ഉത്പന്നങ്ങളായിട്ടാണ് പത്തൊൻപതാം നൂറ്റാണ്ടിലെ ചേരിപ്രദേശങ്ങളെ ക്ലാസ്സിക്കൽ സോഷ്യോളജിസ്റ്റുകൾ കണ്ടിരുന്നതെങ്കിൽ ദാരിദ്ര്യത്തിന്റെയും കാർഷികമേഖലയുടെ തകർച്ചയുടെയും ഉല്പന്നമാണ് വികസ്വര രാജ്യങ്ങളിലെ ഇന്നത്തെ ചേരികളുടെ സൃഷ്ടിയും വളർച്ചയും.

UN-Habitat കണക്കുകൾപ്രകാരം നഗര ജനസംഖ്യയിൽ ഏറ്റവുമധികം ചേരിനിവാസികളുള്ള രാജ്യം എത്യോപ്യ ആണ് (നഗരവാസികളിൽ 99.4 ശതമാനം). ചാഡ് (99.4 ശതമാനം), അഫ്ഗാനിസ്ഥാൻ (92 ശതമാനം), ബോംബെ (12 ലക്ഷം ജനങ്ങൾ), ധാക്ക (10 ലക്ഷം), മെക്സിക്കോ (10 ലക്ഷം ), ലാഗോസ്, കെയ്റോ, കറാച്ചി, ഡൽഹി (6 മുതൽ 8 ലക്ഷം വരെ). പഴയ സോവിയറ്റ് യൂണിയനിൽപെട്ട വിവിധ പ്രദേശങ്ങളിലും റഷ്യയിലും ചേരികൾ അതിവേഗം രൂപപ്പെട്ടുവരികയാണ്. ഇന്ന് ലോകത്താകെ ഏതാണ്ട് 2 ലക്ഷം ചേരികൾ നിലവിലുണ്ട്. ഇതിൽ 1000ത്തിൽ താഴെ മാത്രം ജനങ്ങളുള്ളതു മുതൽ 10 ലക്ഷത്തിലേറെ ജനങ്ങൾ അധിവസിക്കുന്നത് വരെയുണ്ട്. പട്ടിണിയുടെ കേന്ദ്രമായ തെക്കൻ ഏഷ്യൻ രാജ്യങ്ങളിൽമാത്രം ഏതാണ്ട് 20000ത്തോളം ചേരികളുണ്ട്.

ബ്രിട്ടീഷ് സാമ്രാജ്യത്വമാണ് എക്കാലത്തെയും ഏറ്റവും വലിയ ചേരിനിർമാതാക്കൾ. കൊളോണിയൽ രാജ്യങ്ങളിലെ സമ്പദ്‌വ്യയവസ്ഥകളെ അവർ തകർത്തെറിഞ്ഞതിൽ നിന്നാണ് പല ചേരികളും രൂപംകൊണ്ടത്. കാർഷിക സമ്പദ്‌വ്യവസ്ഥകളെ തകർത്തതും വലിയതോതിലുള്ള നികുതിനിരക്കുകൾ അടിച്ചേൽപ്പിച്ചതും കൊളോണിയൽ രാജ്യങ്ങളിലെ നാട്ടുമ്പുറങ്ങളിലെ ജീവിതം ദുസ്സഹമാക്കി. ആഫ്രിക്ക പോലുള്ള രാജ്യങ്ങളിൽ അടിച്ചേൽപ്പിച്ച വർണവെറിയൻ നയങ്ങൾ തദ്ദേശവാസികളിൽ പലരെയും ചേരികളിലേക്ക് ഒതുക്കി. സാമാന്യജനത്തിനുവേണ്ട പ്രാഥമിക ജീവിതസൗകര്യങ്ങൾ‐ കുടിവെള്ളവും ശുചിത്വസംവിധാനങ്ങളും മറ്റും‐ – സൃഷ്ടിക്കാൻ കാണിച്ച വിമുഖത പകർച്ചവ്യാധികൾ പെറ്റുപെരുകുന്നതിലേക്ക് നയിച്ചു. ഓരോ പകർച്ചവ്യാധിയും കൂടുതൽ കൂടുതൽ’ചേരികളെ സൃഷ്ടിച്ചു.

നഗരവൽക്കരണത്തിന്റെ നിർബന്ധിത അനുബന്ധമാണോ ചേരികൾ. അല്ല എന്നതിന്റെ ഉദാഹരണങ്ങളും ഉണ്ട്. വിപ്ലവാനന്തര ക്യൂബ ഇതിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തമാണ്. വിപ്ലവപൂർവ ഘട്ടത്തിൽ നിലനിന്നിരുന്ന ചേരികളിൽ താമസിച്ചിരുന്നവരെ ഫിദൽ കാസ്ട്രോയുടെ കമ്മ്യൂണിസ്റ്റ് ഭരണകൂടം താരതമ്യേന മെച്ചപ്പെട്ട പാർപ്പിടങ്ങൾ നിർമിച്ച് താമസിപ്പിച്ചു. അവർക്ക് മിനിമം ജീവിത സൗകര്യങ്ങൾ ഉറപ്പുവരുത്തി. നഗരങ്ങളിലേക്കുള്ള കുടിയേറ്റം ഏറ്റവും വലിയതോതിൽ നടന്ന ചൈന അതിനെ കൈകാര്യം ചെയ്ത രീതികളും ഏറെ വ്യത്യസ്തമാണ്; നഗരകുടിയേറ്റത്തെ ആവശ്യമായ തോതിൽമാത്രം നിലനിർത്തുകയും കുടിയേറ്റക്കാർക്ക് ആവശ്യമായ പാർപ്പിട സൗകര്യങ്ങളും ശുചിത്വ സംവിധാനങ്ങളും ഒരുക്കുകയും ചെയ്തു. 1950കളിലും 60കളിലും പല രാജ്യങ്ങളിലെയും ജനകീയ സർക്കാരുകളും ഇതേ വഴിക്കു നീങ്ങാൻ ആഗ്രഹിക്കുകയോ അതിനുള്ള ശ്രമങ്ങൾ നടത്തുകയോ ചെയ്തു. പക്ഷേ ഭരണവർഗ താല്പര്യങ്ങൾ പലയിടത്തും അതിന് തടയിട്ടു. സോഷ്യലിസം ഒരു ലക്ഷ്യമായി ഭരണഘടനയിലെങ്കിലും എഴുതിച്ചേർത്ത രാജ്യങ്ങൾ ഈ കാലഘട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ 1980കളോടെ സ്ഥിതിഗതികൾ പാടെ മാറി. സാന്പത്തികവളർച്ചമാത്രം ലക്ഷ്യമാക്കുന്ന നിയോ ലിബറൽ നയങ്ങളിൽ ഒട്ടുമിക്ക വികസ്വര രാജ്യങ്ങളും അകപ്പെട്ടു. അതോടെ ദാരിദ്ര്യ നിർമാർജ്ജനവും ചേരി നിർമാർജ്ജനവും പൊതുജനാരോഗ്യവും പൊതുവിദ്യാഭ്യാസവുമൊക്കെ അജൻഡയിൽനിന്നും മാറി. രൂക്ഷമായ അസമത്വത്തിന്റെയും ഭരണകൂട നിസ്സംഗതയുടെയും യുഗമാരംഭിച്ചു. പൗരന് വെള്ളവും വെളിച്ചവും വിദ്യാഭ്യാസവും ശുചിത്വ സംവിധാനങ്ങളും പാർപ്പിടവുമെല്ലാം ഉറപ്പുതരുന്ന ഭരണകൂടത്തിന് മാത്രമേ ചേരികളിലെ ദുരിതപൂർണ ജീവിതത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാനാവൂ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × five =

Most Popular