Sunday, May 19, 2024

ad

Homeരാജ്യങ്ങളിലൂടെകോംഗോയിൽ നിന്നുള്ള കൂട്ടപ്പലായനം

കോംഗോയിൽ നിന്നുള്ള കൂട്ടപ്പലായനം

ആര്യ ജിനദേവൻ

ഭൂമിശാസ്ത്രപരമായി നോക്കിയാൽ ആഫ്രിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് കോംഗോ. ജനസംഖ്യയുടെ കാര്യത്തിലായാലും പ്രകൃതിസമ്പത്തിന്റെ കാര്യത്തിലായാലും സമ്പുഷ്ടമായ ഈ രാജ്യം ഏറ്റവും വലിയ വെല്ലുവിളിയാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ജനാധിപത്യ കോംഗോ റിപ്പബ്ലിക് (Democratic Republic of Congo -DRC) എന്നറിയപ്പെടുന്ന ഈ ഈ രാജ്യം തുടർച്ചയായി സമാധാനമില്ലാത്ത, അസ്വസ്ഥതകൾ നിറഞ്ഞ ഒരു മേഖലയായി മാറിയിട്ട് ദശകങ്ങളായി. അയൽരാജ്യമായ റുവാണ്ടയുടെ ഒത്താശയിൽ കോംഗോ പിടിച്ചടക്കുന്നതിനുവേണ്ടി രൂപീകരിക്കപ്പെട്ട വിമത സംഘടനയായ എം23 (M23) രാജ്യത്ത് തുടർച്ചയായി ഉണ്ടാക്കുന്ന കലാപങ്ങളും അക്രമവുംമൂലം സ്ഥിരമായി അസ്വസ്ഥതകൾ നിറഞ്ഞ, ജനജീവിതം അസാധ്യമായ പ്രദേശങ്ങളിലൊന്നായി കോംഗോ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ലക്ഷക്കണക്കിന് ആളുകളാണ് രാജ്യംവിട്ട് പുറംനാടുകളിലേക്ക് കൂട്ട പലായനം ചെയ്യുന്നത്. നിലവിൽ കോംഗോയിലെ പട്ടാളവും(FARDC) എം 23 എന്ന വിമത വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തിപ്പെട്ട സാഹചര്യത്തിൽ ഫെബ്രുവരി രണ്ടു മുതലിങ്ങോട്ട് ഒരാഴ്ചകൊണ്ട് ഒരു ലക്ഷത്തി അമ്പതിനായിരത്തോളം ആളുകളാണ് കോങ്കോയുടെ കിഴക്കൻ പ്രവിശ്യകളിൽ നിന്നും കൂട്ടപലായനം ചെയ്തത്. സേവ് ദ ചിൽഡ്രന്റെ കണക്കുപ്രകാരം സ്വന്തം നാടുവിട്ടോടാൻ നിർബന്ധിതരായ ഈ ജനങ്ങളുടെ കൂട്ടത്തിൽ കുറഞ്ഞത് 78000 കുട്ടികളെങ്കിലും ഉണ്ട്.

2012ൽ അക്രമപരമ്പരകളിലൂടെ വടക്കൻ തലസ്ഥാനമായ ഗോമ പിടിച്ചടക്കിയ എം23 എന്ന വിമത വിഭാഗം പിന്നീട് കുറച്ചുകാലത്തേക്ക് നിർജീവമാവുകയും ശേഷം 2022 മാർചിൽ അയൽരാജ്യമായ റുവാണ്ടയുടെ സഹായത്തോടെ നവീകരിക്കപ്പെടുകയും ചെയ്തു. അതിനുശേഷമിങ്ങോട്ട് എം23 നടത്തുന്നത് നിഷ്ഠൂരമായ അക്രമവും കലാപവും കുടിയൊഴിപ്പിക്കലുമാണ്. കിഴക്കൻ കോംഗോയിലെ നോർത്ത് കിവു, സൗത്ത് കിവു, ഇത്തൂരി തുടങ്ങിയ പ്രവിശ്യകളിൽ എം23യും സമാനമായ സായുധ വിമത വിഭാഗങ്ങളും വളരെ ശക്തമാണ്. ഈ മേഖലയിലെ ധാതുസമ്പത്ത് പിടിച്ചടക്കുകയാണ് ഈ വിഭാഗങ്ങളുടെ ലക്ഷ്യം. കൊബാൾട്ട്, കോൾട്ടൻ, സ്വർണ്ണം, ഡയമണ്ട് തുടങ്ങിയ വിലയേറിയ ധാതു സമ്പത്താണ് കോംഗോയുടെ മണ്ണിളുള്ളത്. ഇവയെല്ലാം കൊള്ളയടിക്കപ്പെടുകയും കയറ്റുമതി ചെയ്യപ്പെടുകയും ചെയ്യുന്നു. അയൽ രാജ്യങ്ങളായ റുവാണ്ടയുടെയും ഉഗാണ്ടയുടെയും പ്രത്യക്ഷവും പരോക്ഷവുമായ നിരവധി കടന്നാക്രമണങ്ങളും നിഴൽ യുദ്ധങ്ങളും ഈ പ്രദേശത്തെ ദശകങ്ങളായി കലാപകലുഷിതമായ ഒന്നാക്കി മാറ്റിയിരിക്കുന്നു. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനുവേണ്ടി അങ്കോളയുടെ നേതൃത്വത്തിൽ നിലവിൽ വന്ന ലുവാണ്ട സമാധാന കരാർ നടപ്പാക്കുവാനോ അനുസരിക്കുവാനോ എം 23 തയ്യാറായില്ല. പകരം അതിന്റെ അക്രമ പരമ്പരകൾ തുടരുകയും വടക്കൻ കിവുവിലെ നിർണായക പ്രദേശങ്ങളായ രുഷുരു, മസീസി, യിരാഗോങ്കോ തുടങ്ങിയ പ്രദേശങ്ങൾ കയ്യടക്കുകയും ചെയ്തു. പ്രദേശത്ത് വിമതവിഭാഗങ്ങളെ തുടച്ചുനീക്കി സമാധാനം പുനഃസ്ഥാപിക്കുന്നതിന് കോംഗോ ഭരണകൂടവും ഈസ്റ്റ് ആഫ്രിക്കൻ കമ്മ്യൂണിറ്റിയും ഐക്യരാഷ്ട്രസഭയും സേനകളെ വിന്യസിച്ചുവെങ്കിലും എല്ലാം വൃഥാവിലായി.

ഇതുവരെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോങ്കോയിൽ ഏഴു ദശലക്ഷം ജനങ്ങൾ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നാണ് അന്താരാഷ്ട്ര കുടിയേറ്റ സംഘടന (International Organisation for Migration) പ്രസ്താവിച്ചിട്ടുള്ളത്. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന സംഖ്യയാണ്. കലാപ മേഖലയിൽ നിന്നും പിൻവലിയണമെന്നും അക്രമം അവസാനിപ്പിക്കണമെന്നും യുഎൻ അണ്ടർ- സെക്രട്ടറി ജനറൽ ഫോർ പീസ് ഓപ്പറേഷൻസ് പറയുകയും വേണ്ട സമാധാന പ്രക്രിയ അംഗീകരിക്കുവാൻ തയ്യാറാവണം എന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. കോംഗോയുടെ അന്തരീക്ഷം ഇത്രമേൽ അപകടകരവും കലാപകലുഷിതവും ആക്കിയതിൽ അമേരിക്ക അടക്കമുള്ള സാമ്രാജ്യത്വ ശക്തികളുടെ പങ്ക് ഒഴിവാക്കാൻ ആവുന്നതല്ല. കോംഗോയിൽ റുവാണ്ടയുടെ പിന്തുണയോടെ നടക്കുന്ന, യഥാർത്ഥത്തിൽ സാമ്പത്തിക ലക്ഷ്യങ്ങൾക്കു വേണ്ടിയുള്ള ഈ കടന്നാക്രമണങ്ങളെ അമേരിക്കയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ പിന്തുണയ്ക്കുകയും വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്. കൊബൾട്ടും മറ്റ് അസംസ്കൃത വസ്തുക്കളും യൂറോപ്പിന് ആവശ്യമുണ്ട്. അതുകൊണ്ടുതന്നെ ഭരണസംവിധാനം ദുർബലമാക്കുവാൻ യൂറോപ്യൻ രാജ്യങ്ങൾ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതെല്ലാംതന്നെ ഒരു ജനതയുടെ സമാധാനപരവും സുസ്ഥിരവുമായ ജീവിതത്തെ, അവരുടെ നിലനിൽപ്പിനെ അങ്ങേയറ്റം ദുർഗതിയിലാക്കുകയാണ് ചെയ്യുന്നത്. സാമ്രാജ്യത്വ രാജ്യങ്ങളുടെ കൊള്ളലാഭകൊതിക്കും താല്പര്യങ്ങൾക്കും വേണ്ടി ലോകത്താകെ നടത്തുന്ന കടന്നാക്രമണങ്ങളുടെ മറ്റൊരു രൂപമാണ് ഫലത്തിൽ കോംഗോയിൽ അയൽ രാജ്യങ്ങളായ റുവാണ്ടയുടെയും ഉഗാണ്ടയുടെയും ഒക്കെ പിന്തുണയോടുകൂടി നടത്തുന്ന നഗ്നമായ കൊള്ളയും അക്രമ പരമ്പരകളും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − 8 =

Most Popular