Sunday, May 19, 2024

ad

Homeആമുഖംസ‍്ത്രീവിരുദ്ധതയുടെ മോദിക്കാലം

സ‍്ത്രീവിരുദ്ധതയുടെ മോദിക്കാലം

ശ്ചിമബംഗാളിലെ സന്ദേശ് ഖാലി മോദി വാഴ്ചയിലെ ഇന്ത്യയുടെ ഒരു നേർക്കാഴ്ച തന്നെയാണ്. തൃണമൂൽ കോൺഗ്രസ്സാണ് സംസ്ഥാനത്ത് ഭരണത്തിൽ എന്നതുകൊണ്ട് ബംഗാളിൽ ഭരണകൂടത്തിന്റെ സർവവിധ ഒത്താശയോടും കൂടി സ്ത്രീകൾക്കെതിരെ നടക്കുന്ന ഭീകരമായ ആക്രമണത്തിന് മോദി ഭരണവും ബിജെപി/ആർഎസ്എസ്സും എന്തിന് പിഴ മൂളണം എന്ന ഒരു ചോദ്യം ഉയർന്നേക്കാം. കഴിഞ്ഞ ഒരു ദശകക്കാലത്തെ, ഏറെക്കുറെ കഴിഞ്ഞ രണ്ട്– മൂന്ന് ദശകക്കാലത്തുതന്നെ നമ്മുടെ രാജ്യത്ത് നടമാടുന്ന ഭരണവർഗ പ്രത്യയശാസ്ത്രത്തിന്റെ സ്ത്രീ വിരുദ്ധമുഖങ്ങളിലൊന്നാണ് സന്ദേശ് ഖാലി.
ഇന്ന് അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ, ഇന്ത്യൻ ഭരണവർഗത്തെ നയിക്കുന്ന പ്രത്യയശാസ്ത്ര നിലപാട് കോർപറേറ്റ് മുതലാളിത്തം ഉയർത്തിപ്പിടിക്കുന്ന നവലിബറലിസമാണ്. നവലിബറലിസത്തിന്റെ കൂടപ്പിറപ്പായി ഒപ്പമുണ്ടാവുന്നതാണ് വർഗീയതയും വംശീയതയും. ‘നഃസ്ത്രീ സ്വാതന്ത്ര്യമർഹതി’ എന്ന് പ്രഖ്യാപിക്കുന്ന മനുസ്-മൃതിയുടെ തത്വശാസ്ത്രം നെഞ്ചേറ്റുന്ന, ഒപ്പം കോർപറേറ്റുകൾക്കായി ചരടുവലി നടത്തുന്ന ആർഎസ്എസ്/ബിജെപിക്ക് അധികാരത്തിലെത്താനാവുന്ന പ്രത്യയശാസ്ത്ര പരിസരമാണ് സ്ത്രീകൾക്കെതിരെ ഭരണകൂട പിന്തുണയോടെ നടക്കുന്ന ആക്രമണങ്ങളുടെയും പശ്ചാത്തലം.

ബിജെപിയടെ അധികാരാരോഹണത്തിലേക്കും കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ പതനത്തിലേക്കും നയിച്ച പ്രധാന പ്രക്ഷോഭങ്ങളിലൊന്നാണല്ലോ നിർഭയകേസിനെ തുടർന്നു ഡൽഹിയിൽ ഉയർന്നുവന്ന ജനകീയ മുന്നേറ്റം. ആ പ്രക്ഷോഭകാലത്തുപോലും ആക്രമിക്കപ്പെടുന്ന പെൺകുട്ടികൾക്കെതിരെ വിവിധ കോണുകളിൽ നിന്നുയർന്ന അഭിപ്രായ പ്രകടനങ്ങൾ ശ്രദ്ധിച്ചാൽ തന്നെ അറിയാം വർധിച്ചുവരുന്ന സ്ത്രീ വിരുദ്ധതയുടെ ഉറവിടം എവിടെയെന്ന്.

ആർഎസ്എസിന്റെ അകത്തളങ്ങളിൽനിന്നും ഒപ്പം മറ്റു മതയാഥാസ്ഥിതികകേന്ദ്രങ്ങളിൽനിന്നും തീവ്ര വലതുപക്ഷ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും സ്ത്രീകൾ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നതിനെക്കുറിച്ചും അവരുടെ വസ്ത്രധാരണത്തെ കുറിച്ചുമുൾപ്പെടെ ഉയർന്നുവന്ന വികലമായ അഭിപ്രായപ്രകടനങ്ങൾ അതിന്റെ ചൂണ്ടുപലക തന്നെയാണ്. വർധിച്ചുവരുന്ന സ്ത്രീധന പീഡനങ്ങളും കൊലപാതകങ്ങളും ദുരഭിമാനക്കൊലകളും ഇതിന്റെ മറ്റൊരു വശം തന്നെ.

ലിംഗപരമായ തുല്യതയെയും സമത്വത്തെയും അന്യമായി വീക്ഷിക്കുന്ന പ്രത്യയശാസ്ത്ര നിലപാടിന്റെ സ്വാധീനം എത്ര ആഴത്തിലുള്ളതാണെന്ന് വ്യക്തമാക്കുന്നതാണ് നിയമനിർമാണ സഭകളിലേക്കുള്ള സ്ത്രീ പ്രാതിനിധ്യത്തെ സംബന്ധിച്ച നിയമനിർമാണത്തിന്റെ അവസ്ഥ. മോദി ഗവൺമെന്റ് സ്ത്രീകളുടെ വോട്ടുതട്ടാനുള്ള മുതലക്കണ്ണീരൊഴുക്കലിനപ്പുറം അത് യാഥാർഥ്യമാക്കാൻ ചെറുവിരലനക്കില്ലെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. സ്ത്രീ സംവരണം നിയമമാക്കപ്പെട്ടിട്ടും 2024ൽ എന്നല്ല 2029ൽ പോലും അത് നടപ്പാക്കുമെന്നതിന് യാതൊരുറപ്പുമില്ല. അത്തരമൊരുറപ്പു വരുത്തുന്നതല്ല ആ നിയമം എന്നതാണ് യാഥാർഥ്യം. ഇക്കാര്യത്തിൽ വ്യത്യസ്തത പുലർത്തുന്നത് സിപിഐ എം ഉൾപ്പെടെ ഇടതുപക്ഷം മാത്രമാണെന്ന് വ്യക്-തമാക്കുന്നതാണ് ഇന്ത്യയിൽ ആദ്യമായി തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്ക് സ്ത്രീ സംവരണം ഉറപ്പാക്കുന്ന നിയമനിർമാണം നടത്തി നടപ്പാക്കിയത് കേരളത്തിലും ബംഗാളിലും ഇടതുപക്ഷ നേതൃത്വത്തിലുള്ള ഭരണകാലത്താണെന്ന വസ്തുത.

ജോലിയുടെയും കൂലിയുടെയും കാര്യത്തിൽ, സ്ത്രീകളുടെ സാമ്പത്തികമായ ശാക്തീകരണത്തിൽ എല്ലാം നവലിബറൽ കാലത്ത് പൊതുവിലും ബിജെപി/ആർഎസ്എസ് വാഴ്ചക്കാലത്ത് പ്രത്യേകിച്ചും വലിയ ആക്രമണമാണ് നടക്കുന്നത്.

മോദി ഭരണത്തിന്റെ പത്തുവർഷം തെളിയിക്കുന്നത് മോദിയുടെ ഗ്യാരന്റി സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതല്ല, മറിച്ച് ആക്രമണകാരികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതാണെന്നാണ്. കത്വവയിലെ പിഞ്ചുബാലിക പിച്ചിച്ചീന്തപ്പെട്ടപ്പോൾ കുറ്റവാളികളുടെ സംരക്ഷണത്തിന് തെരുവിലിറങ്ങിയത് മന്ത്രിമാരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ള ബിജെപി നേതാക്കളാണ‍്. ഉന്നാവൊയിലും ഹാഫ്റാസിലും ബിജെപി ഒരു മറയുമില്ലാതെ കുറ്റവാളികളുടെ സംരക്ഷണത്തിന് അണിനിരന്നതും നാം കണ്ടതാണ്. സ്ത്രീവിരുദ്ധതയുടെയും സ്ത്രീകൾക്കെതിരായ ആക്രമണങ്ങളുടെയും ഇരുണ്ടകാലമായ മോദിക്കാലത്തിന് അറുതിവരുത്താനുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അതിന്റെയാകെ ഒരു ഓർമപ്പെടുത്തൽ ആവശ്യമാണ്. അതാണ് ഞങ്ങൾ ഈ ലക്കം ചിന്ത വാരികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

– ചിന്ത പ്രവർത്തകർ

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − fifteen =

Most Popular